സമീപകാലത്ത് ഏറെ രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെട്ട ഹിജാബ്, അമ്പതിലേറെക്കൊല്ലമായി ചർച്ചചെയ്യുന്ന ഏറെക്കുറെ പൊതുവായിത്തീർന്ന സ്ത്രീ വസ്ത്രമായ സാരി - ഇവ രണ്ടും നോക്കുമ്പോഴേ മനസ്സിലാകുന്നത്, വസ്ത്രത്തിന്റെ മറയ്ക്കലും വെളിപ്പെടുത്തലുമുൾപ്പെടുന്ന സാംസ്‌കാരിക ചർച്ചകൾ ഉന്നം വെയ്ക്കുന്നത് ദുർബല വിഭാഗങ്ങളെയാണ് എന്നതാണ്. ജനാധിപത്യവാദികളെ സംബന്ധിച്ച് ദുർബല വിഭാഗങ്ങളുടെ സാമൂഹികനീതി ഉറപ്പാക്കലാണ് പ്രധാനം. സാമൂഹിക നീതിയുടെയും നടപ്പു ദൈനംദിനങ്ങളുടെയും അപ്പുറത്ത് വസ്ത്രത്തിന്റെ കാമനാപരമായ ഇച്ഛാധികാരം എന്നത് നിൽക്കുന്നുണ്ട്. നടി റിമയുടെ പാവാടയിറക്കം വരെ എത്തി നിൽക്കുന്ന സദാചാരച്ചർച്ചകളിലും എല്ലാം അവഗണിക്കപ്പെടുന്നത് സ്ത്രീയുടെ സ്വശരീരത്തിൻ മേലുള്ള ഇച്ഛാധികാരമാണ്- ട്രൂ കോപ്പി വെബ്‌സീനിൽ ജി. ഉഷാകുമാരി എഴുതുന്നു.
ശരീരത്തിനും ചര്യകൾക്കുമേലുമുള്ള സ്വന്തമായ നിർവാഹകശേഷി എന്നത് എല്ലാവർക്കുമില്ല, ചില കല്പിത സ്വത്വങ്ങൾക്കു മാത്രമാണെന്നു വരുന്നു! ഇതു കൃത്യമായും നിലനിൽക്കുന്ന ലിംഗാധികാരത്തിന്റെ സാധൂകരണമാണ്. മുസ്ലിം സ്ത്രീക്ക് അവരുടെ വസ്ത്രം തിരഞ്ഞെടുക്കാൻ ഏജൻസി അനുവദിക്കാത്ത ‘പുരോഗമനകാരി' പുരുഷൻ, പാന്റും ഷർട്ടും ധരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരുടെ ഏജൻസിയെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. അതിലെ പാശ്ചാത്യ സ്വാധീനമോ വരേണ്യബോധമോ എടുത്തു പറയപ്പെടാറില്ല തന്നെ.
സ്ത്രീയുടെ ശരീരത്തിന്റെ രൂപസംവിധാനം ശരീരത്തിന്റെ ഉടമയിൽ നിന്ന് അടർത്തിമാറ്റി പൂർണമായും മൂല്യബദ്ധമാക്കി സാമാന്യവൽക്കരിച്ചും സത്താവൽക്കരിച്ചുമാണ് പുരുഷാധിപത്യം നിരന്തരമായി അതിന്റെ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നത്. എത്രത്തോളം മറയ്ക്കാം, എത്രയ്ക്കു വെളിപ്പെടാം എന്നതിന്റെ യുക്തി എപ്പോഴും ഈ മൗലികവാദവിധിക്കു വിധേയമാണ്.
നഗ്‌നമാകുന്ന, വെളിപ്പെടുത്തുന്ന സ്ത്രീശരീരം | ജി. ഉഷാകുമാരി
ജി. ഉഷാകുമാരി എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 72