ചാലിയാർ എന്നാൽ ഗംഭീരമായ സമരഭൂമിയെന്നാണർഥം. 1958-ൽ സ്ഥാപിതമായ മാവൂർ ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്റ്ററി വ്യവസായ വികസനത്തിൻ്റെ ബലത്തിൽ ചാലിയാറിലെ വെള്ളത്തിലേക്ക് രാസമാലിന്യങ്ങളും വായുവിലേക്ക് വിഷവാതകങ്ങളും ചൊരിഞ്ഞു കൊണ്ടേയിരുന്നു. പുഴയിലെ മീനുകൾ ചത്തുപൊങ്ങി. വാഴക്കാട് പഞ്ചായത്തിലെ മനുഷ്യരിൽ പകർച്ചവ്യാധി പോലെ കാൻസർ പടർന്നു പിടിച്ചു. 213 പേർ വാഴക്കാട് പഞ്ചായത്തിൽ മാത്രം കാൻസർ ബാധിതരായി മരിച്ചു. തൊട്ടടുത്ത സ്ഥലങ്ങളിൽ 79 പേരും.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒക്കെയായിരുന്ന കെ.എ. റഹ്മാൻ്റെ നേതൃത്വത്തിൽ കമ്പനിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടന്നു. 1960-കളിൽ തന്നെ തുടങ്ങിയ ചെറു സമരങ്ങൾ 1970-കളോടെ ശക്തമായി. 1974-ൽ രാമനിലയത്തിൽ വെച്ചു നടന്ന ഒത്തുതീർപ്പു വ്യവസ്ഥകൾ കമ്പനി ലംഘിച്ചു. ഏഴായിരത്തിലേറെ പരിസരവാസികൾ റഹ്മാൻ്റെ പിന്നിൽ അണിനിരന്നു. 1990-കളിൽ റഹ്മാൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നിരാഹാര സമരങ്ങൾ നടന്നു. 1998-ൽ ഫാക്ടറി ഭാഗികമായി പൂട്ടി. 2001-ൽ പൂർണമായും ഫാക്ടറിയുടെ പ്രവർത്തനം നിലച്ചു. പരിസ്ഥിതിയും ജീവനും അപകടത്തിലാക്കിയ ഫാക്ടറിക്കെതിരെ നടന്ന ഈ സമരം ജലമലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭമായി അടയാളപ്പെടുന്നു. സമരത്തെ വിജയിപ്പിക്കാൻ നാട്ടുകാരുടെ ഇച്ഛാശക്തിക്കു സാധിച്ചു. ബിർളയെന്ന ദേശീയ മുതലാളിത്ത ഭീമനോട് നിരായുധരും നിസ്വരുമായ ഒരു കൂട്ടം സാധാരണ ഗ്രാമീണ മനുഷ്യർക്കു സാധ്യമായി എന്നതുകൂടിയാണ് ഈ പരിസ്ഥിതി സമരത്തെ ചരിത്രപരമാക്കുന്നത്. ആദ്രേയാക്ക എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന കെ.എ. റഹ്മാൻ എന്ന സമരനായകനെയും കവർന്നെടുത്തത് കാൻസർ തന്നെയായിരുന്നു. താൻ തന്നെ വ്യവസായ മലിനീകരണത്തിൻ്റെ ഇരയെന്നടയാളപ്പെടുത്തി പോരാടിയ റഹ്മാനെ രക്തസാക്ഷിയെന്നല്ലാതെ മറ്റെന്തു വിളിക്കണം.
പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധത്തിലേക്കുണർന്നു തുടങ്ങിയ കേരളത്തിൽ ഇത്തരമൊരു സമരത്തെ വിജയിപ്പിച്ചെടുക്കുകയെന്നത് എളുപ്പമല്ല. ആ കഠിന യത്നം നാട്ടുകാർ ഏറ്റെടുത്തതും ചാലിയാറിലെ വെള്ളത്തെ വീണ്ടെടുത്തതും വായു പിന്നെയും ശുദ്ധീകരിച്ചതും അവരവർക്കു വേണ്ടി മാത്രമായിരുന്നില്ല. ഭാവി തലമുറകൾക്ക് അവിടെ "വാസം സാധ്യ"മാക്കാൻ വേണ്ടി കൂടിയായിരുന്നു.

1950-60-കളിൽ മുക്കത്ത് ചാലിയാറിൻ്റെ കൈവഴിയായ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് വെച്ചാണ് മൊയ്തീനും കാഞ്ചനമാലയും പ്രണയിതരായത്. മാവൂരിൽ സമരം കൊടുമ്പിരി കൊള്ളുമ്പോൾ ചാലിയാറിൻ്റെ മറ്റൊരു തീരത്ത് മതവിഭജനങ്ങളുടെ മതിലുകൾ തകർത്തായിരുന്നു ഇവരുടെ പ്രണയം. പ്രണയവും ചാലിയാറിൻ്റെ തീരത്ത് സമരമാകുന്നു. 1982 ജൂലൈ 5-ന് ചാലിയാറിൽ നടന്ന തോണിയപകട സ്ഥലത്തേക്ക് മൊയ്തീൻ എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിലേക്ക് എടുത്തു ചാടിയ മൊയ്തീന് പലരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും സ്വന്തം ജീവൻ ചാലിയാറിനു സമർപ്പിക്കേണ്ടി വന്നു. ചാലിയാർക്കരയിലെ ഈ പ്രണയവും ചുഴിയിലെ നഷ്ടവും പരമ്പരാഗത സങ്കല്പനങ്ങളെ അഴിച്ചുപണിഞ്ഞു കൊണ്ട് മലയാളത്തിന് "അവിവാഹിതയായ" ഒരു വിധവയെ സമ്മാനിച്ചു. കാഞ്ചനമാലയെന്ന പ്രണയിനി മൊയ്തീനെ പിന്തുടർന്ന് ജീവൻ വെടിയാൻ പലവട്ടം ശ്രമിച്ചെങ്കിലും വൈധവ്യം സ്വയം വരിച്ച് അയാളുടെ മരണാനന്തരം ഭർതൃഗൃഹത്തിലേക്കു പ്രവേശിച്ചു. മനുഷ്യ സേവനനിരതനായി അപമൃത്യുവടഞ്ഞ മൊയ്തീൻ്റെയും സാമൂഹ്യ സേവന രംഗത്ത് നിലയുറപ്പിച്ച ഇന്നും ജീവിക്കുന്ന കാഞ്ചന മാലയുടെയും അപരസ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും പേരാണ് ചാലിയാർ.
ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. അവയൊക്കെ പോസ്റ്റ്മോർട്ടം പാടുകളാണെന്ന് ഭാഷ്യം. കൈകൾ രണ്ടും മുമ്പിലേക്ക് പിണച്ചുകെട്ടി കെട്ട് ഊരിമാറ്റിയ മട്ടിലായിരുന്നു കാണപ്പെട്ടത്. ഒരു കൈ അതേമട്ടിൽ വിറങ്ങലിച്ചിരുന്നു. ചുണ്ടുകൾ ചോര വാർന്നുപോയ പോലെ വിളർത്തിരുന്നു.
തനിക്കും സഹപാഠികൾക്കുമെതിരെ നടന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ സന്നദ്ധയായതിൻ്റെ പേരിൽ രക്തസാക്ഷിയാകേണ്ടി വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരാവുകയാണ് ഇന്ന് ചാലിയാർ. 2024 ഫെബ്രുവരി 19-ന് പതിനേഴ് വയസു മാത്രം പ്രായമുള്ള അവളെ ദുരൂഹമായി മരിച്ച നിലയിൽ ചാലിയാറിലെ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ കണ്ടെത്തി. മുട്ടോളം മാത്രമുള്ള വെള്ളത്തിൽ അവൾ കമഴ്ന്നു കിടക്കുകയായിരുന്നു. അന്ന് വൈകുന്നേരം ഏകദേശം 6.30-ഓടെ വീട്ടിൽ നിന്നു കാണാതായ ആ കുഞ്ഞ് ഏഴേ മുക്കാലോടെ വെള്ളമില്ലാത്ത കടവിൽ മരിച്ചു കിടക്കുന്നു. ഏകദേശം 75 മിനിറ്റുകൊണ്ടാണ് അവൾ മരിച്ച് വെള്ളത്തിൽ പൊന്തിയത്.

അവളുടെ ജഡത്തിൽ നിന്ന് മേൽവസ്ത്രം എടുത്തു മാറ്റപ്പെട്ടിരുന്നു. എന്നാൽ അവളിട്ടിരുന്ന ക്രോക്സ് ചെരുപ്പുകൾ ഇരുകാലുകളിലുമുണ്ടായിരുന്നു. തട്ടിപ്പടച്ചപ്പോൾ ഇലാസ്റ്റിക്കുള്ള വലിയ മേൽക്കുപ്പായം ഊരിപ്പോവുകയും മുറുക്കമില്ലാത്ത ചെരുപ്പുകൾ പാദങ്ങളിൽ ഇളകാതിരിക്കുകയും ചെയ്തുവെന്നാണ് പോലീസ് ഭാഷ്യം. ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോൾ തന്നെ ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായിരുന്നതായി കുടുംബക്കാരും നാട്ടുകാരും കണ്ടിട്ടുണ്ട്. എന്നാൽ അവയൊക്കെ പോസ്റ്റ്മോർട്ടം പാടുകളാണെന്ന് ഭാഷ്യം. കൈകൾ രണ്ടും മുമ്പിലേക്ക് പിണച്ചുകെട്ടി കെട്ട് ഊരിമാറ്റിയ മട്ടിലായിരുന്നു കാണപ്പെട്ടത്. ഒരു കൈ അതേമട്ടിൽ വിറങ്ങലിച്ചിരുന്നു. ചുണ്ടുകൾ ചോര വാർന്നുപോയ പോലെ വിളർത്തിരുന്നു.
കരാട്ടേ പഠനത്തിൻ്റെ മറവിൽ ഗുരുശിഷ്യബന്ധത്തിൻ്റെ ലേബലിൽ നടന്ന ലൈംഗിക ചൂഷണം തിരിച്ചറിയാൻ അവൾക്കും, ഒപ്പമുണ്ടായിരുന്ന പല കുട്ടികൾക്കും കഴിഞ്ഞില്ല. തിരിച്ചറിഞ്ഞപ്പോൾ പലർക്കും പ്രതികരിക്കാൻ കഴിയാതെ വന്നു.
ഏറെ ദിവസങ്ങൾ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അവളുടെ കുടുംബത്തിന് കിട്ടിയത്. എന്നാൽ മരിച്ചയുടനെ, പോസ്റ്റ്മോർട്ടം നടക്കുന്നതിനു മുമ്പുതന്നെ അവൾ ആത്മഹത്യ ചെയ്തതാണെന്ന് ആഖ്യാനം പ്രചരിപ്പിക്കപ്പെട്ടു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായിരുന്ന ആ പെൺകുട്ടിയുടെ സ്വപ്നം ബഹിരാകാശ ശാസ്ത്രജ്ഞയാവുകയെന്നതായിരുന്നു. അതിനായി അവൾ ഉത്സാഹിച്ച് പഠിച്ചു. അതോടൊപ്പം ബഹിരാകാശത്തേക്കുള്ള തൻ്റെ യാത്രയെ സുഗമമാക്കുന്നതിനായി കരാട്ടേ പഠനത്തിലൂടെ ശരീരം സജ്ജമാക്കുവാനും അവൾ ശ്രമിച്ചു. കരാട്ടെ ബ്ലാക്ക് ബെൽറ്റു വരെ അവളെത്തി.

കരാട്ടേ പഠനത്തിൻ്റെ മറവിൽ ഗുരുശിഷ്യബന്ധത്തിൻ്റെ ലേബലിൽ നടന്ന ലൈംഗിക ചൂഷണം തിരിച്ചറിയാൻ അവൾക്കും, ഒപ്പമുണ്ടായിരുന്ന പല കുട്ടികൾക്കും കഴിഞ്ഞില്ല. തിരിച്ചറിഞ്ഞപ്പോൾ പലർക്കും പ്രതികരിക്കാൻ കഴിയാതെ വന്നു. കുട്ടിയും സഹോദരിയും ഇക്കാര്യം ചോദിക്കാൻ ചെന്നപ്പോൾ കരാട്ടെ അധ്യാപകൻ പരുങ്ങി. താൻ വീട്ടിൽ വന്നു മാപ്പു പറയാമെന്ന് പറഞ്ഞ് അയാൾ രക്ഷപ്പെടാൻ നോക്കി. ഏതറ്റം വരെയും പോയി അയാൾക്ക് ശിക്ഷ ഉറപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് കുട്ടിയും സഹോദരിയും കരാട്ടെ സ്ഥാപനത്തിൽ നിന്നിറങ്ങിയത്. അയാൾ നടത്തിയ പീഡനങ്ങൾ വിവരിച്ച് 14 പേജുള്ള പരാതി അവൾ സ്വന്തം കൈപ്പടയിൽ എഴുതിത്തയ്യാറാക്കി. അത് വാഴക്കാട് പോലീസ് സ്റ്റേഷനിൽ നൽകി കേസുമായി മുന്നോട്ടു പോകാനിരിക്കെയാണ് അവളെ ദുരൂഹമായി മരിച്ച നിലയിൽ കണ്ടത്. കരാട്ടേ അധ്യാപകൻ വി. സിദ്ദീഖ് അലി പോക്സോ കേസിൽ പിന്നീട് അറസ്റ്റു ചെയ്യപ്പെട്ടു.
കുട്ടികൾക്കു വേണ്ടിയുള്ള നിയമസംവിധാനങ്ങൾ ഇവിടെ എത്രമാത്രം നിഷ്ക്രിയവും ദുർബലവുമാണെന്നാണ് ഈ പെൺകുട്ടിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോധ്യപ്പെടുത്തുന്നു.
കുട്ടി കൊല ചെയ്യപ്പെട്ടതാണെന്ന് സംശയിക്കാവുന്ന സാഹചര്യങ്ങൾ നിലനിൽക്കെ, അതൊരു ആത്മഹത്യയെന്നുറപ്പിക്കാനാണ് പോലീസ് അന്വേഷണത്തിൽ ശ്രമിച്ചത്. കുടുംബക്കാർ ഇത് കൊലപാതകമാണെന്നു ബോധ്യപ്പെടുന്ന രീതിയിലുള്ള വസ്തുതകൾ അന്വേഷണ ഉദ്യോഗസ്ഥരോട് നേരിട്ട് ബോധിപ്പിച്ചെങ്കിലും ആ സംശയങ്ങളെ ദൂരീകരിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. തുടർന്നു വന്ന ക്രൈംബ്രാഞ്ച് അന്വേഷണവും ലോക്കൽ പോലീസ് ഭാഷ്യത്തെ പിൻപറ്റിക്കൊണ്ട് ആത്മഹത്യയായി ചിത്രീകരിച്ച് കുറ്റപത്രം സമർപ്പിച്ചിരിക്കയാണ്.

പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടി തനിക്കെതിരെ നടന്ന ലൈംഗിക അതിക്രമ പരാതിയുമായി മുന്നോട്ടു പോകാൻ തുടങ്ങവേ, ദുരൂഹമായി മരിക്കുക എന്നത് അത്ര നിസ്സാരമായി ‘ആത്മഹത്യാ’ വകുപ്പിലേക്ക് ഒതുക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്താവാം? അതെന്തുമാകട്ടെ, നീതിബോധമല്ലെന്നു തീർച്ച. ചുരുങ്ങിയ പക്ഷം കുടുംബത്തിൻ്റെ സംശയങ്ങളെങ്കിലും തീർത്തു കൊടുക്കാൻ അന്വേഷണങ്ങൾക്കു സാധിക്കണമായിരുന്നു.
കുട്ടികൾക്കു വേണ്ടിയുള്ള നിയമസംവിധാനങ്ങൾ ഇവിടെ എത്രമാത്രം നിഷ്ക്രിയവും ദുർബലവുമാണെന്നാണ് ഈ അന്വേഷണം ബോധ്യപ്പെടുത്തുന്നത്. അവളുമായി ബന്ധപ്പെട്ട ടാഗ് ലൈനുകൾ ഒരു ഭരണാധികാരിയുടെ ചായക്കോപ്പയെ അലങ്കരിക്കുന്നില്ല. നിസ്സഹായരും നിശബ്ദരും പരിഭ്രാന്തരുമായ അരക്ഷിതരുമായ സഹപാഠികൾക്കും നീതി ലഭിക്കാതിരിക്കാൻ വേണ്ടിക്കൂടിയാണ് അവൾ ഇല്ലാതാക്കപ്പെട്ടത്. ഈ അനീതിക്കെതിരെയുള്ള സമരായുധങ്ങൾ തപ്പിയെടുക്കേണ്ടത് ചാലിയാറിൻ്റെ മൺതരികളിൽ നിന്നു തന്നെയാണ്.
ചാലിയാർ പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹതകൾ പുറത്തുവന്ന് സത്യം വെളിപ്പെടണം. മരിച്ച പെൺകുട്ടിക്കും അവളുടെ മരിക്കാത്ത കൂട്ടുകാർക്കും നീതി ലഭ്യമാകുന്നതിനുള്ള എല്ലാ സാധ്യതകളും തെളിവുകളും വീര്യവും ചാലിയാറിലും അതിൻ്റെ തീരങ്ങളിലും തന്നെയുണ്ട്. അതു തിരിച്ചറിയുകയും പ്രയോഗിക്കാൻ ആ പ്രദേശത്തിൻ്റെ ജൈവപോരാളികൾ തയ്യാറാവുകയുമേ വേണ്ടൂ. എനിക്കുറപ്പുണ്ട്, ആ നാടിനതു സാധിക്കും.
