വിജയ് ബാബുവെന്ന നിർമ്മാതാവ്, നടൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ നടത്തിയ പ്രകടനം, ഷോ ഓഫ്, നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സ്ത്രീകളോടുള്ള പരമപുച്ഛമാണ്. സമ്പത്തും അധികാരവുമുള്ള ഒരു മെയിൽ ഷോവനിസ്റ്റിന്റെ എന്തിനും പോന്ന അഹംബോധമാണ്.
അയാളുടെ body language ലുണ്ട് അയാളിലെ ആണ്. ആ ആണ്, സെക്സിന് വിസമ്മതിക്കുന്ന പെണ്ണിന്റെ മുഖത്ത് കഫം തുപ്പും. വയറ്റിൽ ചവിട്ടും. മുടിയിൽ കുത്തിപ്പിടിക്കും, ചെകിട്ടത്തടിക്കും, വായിൽ തുണി തിരുകും, യോനിയിൽ കമ്പിപ്പാര കയറ്റും, മുഖത്ത് ആസിഡൊഴിക്കും, ഓടുന്ന കാറിലിട്ട് ദൃശ്യങ്ങൾ പകർത്തിക്കൊണ്ട് ലൈംഗികമായി ആക്രമിക്കും, കഴുത്തുഞെരിക്കും, ചിലപ്പോൾ കൊല്ലും. ഓരോ ലൈംഗികാക്രമണവും റേപ്പും പെണ്ണിനോടുള്ള ആണിന്റെ പ്രതികാരങ്ങളാണ്.
അത് സെക്സ് നിഷേധിക്കുന്ന പെണ്ണിനോട് മാത്രമല്ല, നേർക്കുനേർ നിന്ന് സംസാരിക്കുന്ന ഓരോ പെണ്ണിനോടും, ആണിനേക്കാൾ ഏത് അർത്ഥത്തിലും മേലെയാണ് എന്ന് ആണിന് തോന്നുന്ന ഒരോ പെണ്ണിനോടും അവസരം കിട്ടിയാൽ പ്രയോഗിക്കാൻ ഓരോ ആൺബോധവും കാത്തിരിക്കുന്നുണ്ട്.
ആണ് എന്നത് ഒരു മനോഭാവമാണ്. ആ ആണിനെ സംബന്ധിച്ച് പെണ്ണ് എന്നത് ശരീരമാണ്. ആ ശരീരം ആണിന്റെ ആവാസവ്യവസ്ഥയെ പരിചരിക്കാനും ആനന്ദിപ്പിക്കാനും സഹായിക്കാനും മാത്രമായി നിർമിക്കപ്പെട്ടിരിക്കുന്നതാണ്.
ഒരാണ് മറ്റൊരാണിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു പോലെ ആണത്തത്തിൽ അഭിമാനിക്കുന്ന ഒരാണും ഒരു പെണ്ണിനെ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുമെന്ന് ആരും തെറ്റിദ്ധരിക്കരുത്. അതിനുള്ള ബുദ്ധിയോ ശേഷിയോ ഔന്നത്യമോ ഒന്നും ആൺബോധത്തിനില്ല.
നേർക്കുനേർ നിന്ന് സംസാരിക്കുന്ന, ചോദ്യങ്ങൾ ചോദിക്കുന്ന, അഭിപ്രായങ്ങൾ പറയുന്ന, ഉറക്കെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന, നൃത്തം ചെയ്യുന്ന, പാടുന്ന, അഭിനയിക്കുന്ന, എഴുതുന്ന, ബുദ്ധിയുള്ള സ്ത്രീകളെ അംഗീകരിക്കാൻ ആണാണെന്ന് അഭിമാനിക്കുന്നവരുടെ ആൺബോധത്തിന് കഴിയാറില്ല. ജനിതകമായിത്തന്നെ, കായികമായും ബുദ്ധിപരമായും പെണ്ണിനേക്കാൾ മുകളിലാണ് ആണെന്ന ആൺബോധത്തിൽ അധിഷ്ഠിതമാണ് ആൺബോധം പേറുന്ന ഓരോ മനുഷ്യന്റെയും തലച്ചോറും ചിന്തയും പെരുമാറ്റവും. പ്രണയത്തിലും കാമത്തിലും പോലും ആ ആൺബോധം അസൂയയും പകയും വെറുപ്പും ചുമക്കും.
വിജയ് ബാബുവിനെതിരെ അതിജീവിതയായ പെൺകുട്ടി നൽകിയ പരാതി സൂക്ഷ്മമായി വായിച്ചാൽ അതിലൊരു ഗെയിം പ്ലാനിന്റെ പാറ്റേൺ ഉണ്ടെന്ന് മനസ്സിലാവും. അത് വിജയ് ബാബുവെന്ന മീശ പിരിയന്റെ സ്വന്തം പ്ലാനാണ് എന്ന് തെറ്റിദ്ധരിക്കരുത്. പിരിക്കാൻ മീശയില്ലാത്തവരുടേയും പ്ലാനാണത്. ഒരു കോമൺ മിനിമം മെയിൽ പ്രോഗ്രാം. അതിങ്ങനെയാണ്: പ്രണയത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും രക്ഷാകർതൃത്വത്തിന്റെയും സത്യസന്ധമല്ലാത്ത പ്രകടനങ്ങളിലൂടെയാണ് ഓരോ ആൺബോധവും താൻ സ്കെച്ച് ചെയ്ത പെണ്ണിന്റെ വിശ്വാസത്തെ നേടിയെടുക്കുന്നത്. സ്ത്രീകൾ വൈകാരികമായി ദുർബലമായിരിക്കുന്ന സന്ദർഭങ്ങളെ കൃത്യമായി കണ്ടെടുത്ത്, അവിടെ സൗഹൃദമോ സ്നേഹമോ പ്രണയമോ രക്ഷാകർതൃത്വമോ തരാതരം പോലെയെടുത്ത് വീശി, വ്യക്തിയ്ക്കുമേൽ വൈകാരികമായ മേൽക്കൈ സ്ഥാപിച്ച് പതിയെ സെക്സിലേക്ക് നയിക്കുന്ന മാസ്റ്റർ പ്ലാനാണത്. ലക്ഷ്യം സെക്ഷ്വൽ പ്ലഷർ മാത്രമാണ്. ഒരു തവണയെങ്കിൽ ഒരു തവണ എന്ന പ്ലാൻ എയിൽ നിന്ന് പറ്റാവുന്നത്രയും തവണയെന്ന പ്ലാൻ ബിയിലേക്കും ആണിന്റെ കൗതുകം തീരും വരെ മാത്രവും, ആണിന് പെണ്ണിനെ മടുക്കുന്നതു വരെ മാത്രവും എന്ന പ്ലാൻ സി യിലേക്കും ഒഴുകുന്ന ആനന്ദ രാഷ്ട്രീയം.
അതിന്റെ പൂർത്തീകരണത്തിലേക്കുള്ള വഴിയിൽ വിജയ് ബാബുമാർ സ്വയം മാർപ്പാപ്പയായി, കുമ്പസാരക്കൂട്ടിലെ കർത്താവായി പെണ്ണിന്റെ പാപബോധങ്ങളെയെല്ലാം അറിഞ്ഞ് വെച്ച്, പാപമോചിതയാക്കിയെന്ന് വിശ്വസിപ്പിക്കും. എന്റെ പ്രണയം നിന്നോട് മാത്രമെന്ന്, സ്കെച്ച് ചെയ്തിട്ടുള്ള എല്ലാ പെണ്ണുങ്ങളോടും ഒരേ മോഡുലേഷനിൽ ഡയലോഗ് ഡെലിവറി നടത്തും. ഭാര്യയുള്ള വിജയ് ബാബുമാർ, സങ്കൽപ്പത്തിലെ ഭാര്യ നീയാണെന്നും യാഥാർത്ഥ്യത്തിലെ ഭാര്യയോടെനിക്ക് വെറുപ്പാണെന്നോ സ്നേഹമാണെന്നോ സിറ്റുവേഷനനുസരിച്ച് പറയും. ആദ്യം കൂട്ടെന്നും അവിടെ സെറ്റായില്ലെങ്കിൽ കുടുംബമെന്നും/ കല്യാണമെന്നും പറഞ്ഞ് നോക്കും. എന്നിട്ടും സെറ്റായില്ലെങ്കിൽ ജീവിതകാലം മുഴുവനുമുള്ള ബാധ്യതയില്ലാത്ത സ്നേഹമെന്ന് വിങ്ങിപ്പൊട്ടും, ചിലപ്പോൾ നിലവിളിക്കും, ചിലപ്പോൾ ഹോ എനിക്കാരുമില്ലെങ്കിലെന്ത് എന്ന് നിരാശനാവും. പ്രൊഡ്യൂസറായ വിജയ് ബാബുവിന് ആർടിസ്റ്റായ അതിജീവിതയുടെ മേൽ പ്രയോഗിക്കാൻ അധികാരത്തിന്റെ, നിയന്ത്രണത്തിന്റെ ഒരു അധിക ലെയർ കൂടി പയറ്റാനുണ്ടായിരുന്നു.
മാനിപ്പുലേറ്റഡ് കൺസെൻറ് എന്താണെന്ന് സത്യത്തിൽ സ്ത്രീകൾ വൈകി മാത്രം തിരിച്ചറിയുന്ന ഒന്നാണ്. മാനിപ്പുലേറ്റർ എന്ന ആണ് തന്ത്രപരമായി നേടിയെടുക്കുന്ന ഒന്നാണത്. അതിൽ വൈകാരികമായ മാനിപ്പുലേഷൻ മാത്രമല്ല ഉള്ളത്. ലഹരി വസ്തുക്കളുപയോഗിച്ചുള്ള മാനിപ്പുലേഷനുമുണ്ട്.
വിജയ് ബാബുവിനെതിരെ അതിജീവിത നൽകിയ പരാതി ഈ മാസ്റ്റർ പ്ലാനിന്റെ വ്യക്തതയാർന്ന ഉദാഹരണമാണ്. അവിടെയയാൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല, ആ പെൺകുട്ടി അയാൾക്കെതിരെ പരാതിപ്പെടുമെന്ന്. തന്നേപ്പോലൊരാൾക്കെതിരെ പരാതിപ്പെട്ടാൽ നഷ്ടപ്പെടാൻ പോകുന്ന കരിയറിനെക്കുറിച്ച് അവൾക്ക് ബോധ്യമുണ്ടെന്ന് അയാൾക്കറിയാം. ഒരിക്കലവൾ ഏതെങ്കിലും തരത്തിൽ പരാതിപ്പെടാനോ ചോദ്യം ചോദിക്കാനോ തയ്യാറായാൽ അവൾക്കെതിരെ പ്രയോഗിക്കാൻ അയാൾ ഡിജിറ്റൽ തെളിവുകൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്. നഗ്നമായ സ്ത്രീ ശരീരത്തിന്റെ ചിത്രം പുറത്തു വിട്ടാൽ ചുരുങ്ങി ഒതുങ്ങിപ്പോകാനുള്ളതേയുള്ളൂ പെണ്ണ് എന്നാണല്ലോ മീശ പിരിക്കുന്ന ആ ലിംഗ യന്ത്രത്തിന്റെ ഒറ്റ ബുദ്ധിയിൽ നാളിതുവരെ തോന്നിയിട്ടുള്ളൂ.
അത്തരം യന്ത്രങ്ങൾ ധാരാളമുള്ള നാടാണിത്. വിജയ് ബാബുവിന് ലഭിക്കുന്ന പിന്തുണ അതാണ് തെളിയിക്കുന്നത്. പരാതിക്കാരിയുടെ പേര് പുറത്തു വിടരുതെന്ന നിയമം അറിഞ്ഞുതന്നെയാണയാൾ അത് ലംഘിക്കുന്നത്. അത് പുറത്തു വിടുന്നതോടെ ആ പെൺകുട്ടിയ്ക്കെതിരെ പാഞ്ഞടുത്ത് തെറി വിളിക്കുന്ന ആൺബോധക്കൂട്ടത്തെക്കുറിച്ച് വിജയ് ബാബുവിന് നന്നായറിയാം. നിയമത്തെ വരുതിയിൽ നിർത്താനും മാത്രമുള്ള സമ്പത്ത് സ്വന്തം കയ്യിലുണ്ട് എന്ന അഹങ്കാരവും അയാളുടെ ഭാഷയിൽ പ്രകടമായിരുന്നു. നടിയെ ആക്രമിച്ച പ്രമാദമായ കേസിൽ ദിലീപ് എന്ന സമ്പന്നനും പ്രശസ്തനുമായ നടൻ നീതിന്യായ വ്യവസ്ഥയിൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ലാളനകൾ വിജയ് ബാബുവിന് ആ വ്യവസ്ഥയെ വെല്ലുവിളിക്കാനുള്ള പ്രേരണയാണ് എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. സർക്കാർ സംവിധാനങ്ങൾ പുറത്തു വിടാതെ സംരക്ഷിച്ചു നിർത്തിയിരിക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ടും വിജയ് ബാബു മാരുടെ രക്ഷാകവചം തന്നെയാണ്.
നിലവിലെ നീതിന്യായ വ്യവസ്ഥയെ മാത്രം വിശ്വസിച്ച് ഒരു പരാതി നൽകാൻ പോലും കഴിയില്ല എന്നതുകൊണ്ടാണല്ലോ വിമെൻ എഗെൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്ന ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെ ആ പെൺകുട്ടിയ്ക്ക് പരാതി പുറത്തുവിടേണ്ടി വന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമേയല്ല. തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതി ഒരു സ്ത്രീ തന്റെ സ്വകാര്യതയെപ്പോലും മറന്നു കൊണ്ട് ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറയാൻ തയ്യാറായിയെങ്കിൽ അതിനെ ധൈര്യമായി മാത്രം കണ്ടാൽ മതിയാവില്ല. അതൊരു സ്ത്രീയുടെ ഗതികേട് കൂടിയാണ്, അതാ സ്ത്രീയ്ക്ക് തന്റെ ഭരണ നേതൃത്വത്തോടുള്ള അവിശ്വാസമാണ്, നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥയോടുള്ള ഭയവുമാണ്.
വിജയ് ബാബുമാരും ദിലീപ്മാരും സിനിമാരംഗത്തെ മാത്രം അപൂർവ്വപ്രതിഭാസങ്ങളൊന്നുമല്ല. വിജയ് ബാബുമാരുടെ മാസ്റ്റർപ്ലാൻ മിയ്ക്കവാറും എല്ലാ തൊഴിൽ മേഖലകളിലും തൊഴിലല്ലാത്ത മേഖലകളിലും അൽപ പ്രശസ്തരും അപ്രശസ്തരും പ്രയോഗിക്കുന്നുണ്ട്.
ഗതികേടുകൊണ്ടാണെങ്കിലും ധൈര്യം കൊണ്ടാണെങ്കിലും സ്ത്രീകൾ തുറന്ന് പറയാൻ തുടങ്ങി എന്നത് പുരോഗമനപരമാണ്. വിമോചനമൂല്യമുള്ള വ്യക്തി സമരങ്ങൾ എന്ന് ഉറപ്പായും വ്യാഖ്യാക്കാൻ കഴിയുന്നത്. സമ്മതം എന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള സൈദ്ധാന്തിക ചർച്ചകളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അതും പുരാഗമനപരം തന്നെ. ഇനി വേണ്ടത് ഭരണ നേതൃത്വവും പൊലീസ് സംവിധാനവും നീതിന്യായ വ്യവസ്ഥയും പരാതികളെ സെൻസിറ്റീവായി കേൾക്കാനുള്ള പക്വതയാർജ്ജിക്കുക എന്നതാണ്. അതിന് നേരത്തെ പറഞ്ഞ ആൺബോധത്തെ അത്തരം സിസ്റ്റങ്ങളിൽ നിന്ന് ഷേവ് ചെയ്ത് കളയാൻ പറ്റണം. മിനിമം വിജയ് ബാബുമാരുടെ ആൺമീശ വടിച്ച് കളയാനുള്ള ഫെമിനൈൻ ബോധമെങ്കിലും കൈവരിക്കണം.