ലൈംഗികവൽക്കരണം, അധികാരം: 'ബ്ലൂ സാരി ടീച്ചർ'മാർ ഉണ്ടാകുന്നതെങ്ങനെ?

അധ്യാപികമാർക്ക് സാരി നിർബന്ധമാക്കരുതെന്നും ആവശ്യമുള്ളവർക്ക് ചുരിദാർ ധരിക്കാൻ അനുവാദം കൊടുക്കണമെന്നുമുള്ള കേരള സർക്കാർ ഉത്തരവുള്ളപ്പോൾ നിരവധി സർക്കാർ-എയ്ഡഡ് സ്‌കൂൾ-കോളേജുകളിൽ വനിതാ അധ്യാപകർ സാരി ധരിച്ചു വരണം എന്നുള്ളത് ഒരലിഖിത നിയമമായി തുടരുന്നു. ഓൺലൈൻ ക്ലാസുകളെടുത്ത അധ്യാപികമാരെ ലൈംഗികവത്കരിച്ച് പ്രചരണം നടത്തിയ സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ട്, അധ്യാപികമാരെ ലൈംഗികവത്കരിക്കുന്ന പ്രവണതയും സംസ്‌കാരത്തിന്റെയും ജോലിസംബന്ധമായ ലിംഗാധിഷ്ഠിത നിബന്ധനകളുടെയും പേരിൽ സ്ത്രീ ശരീരങ്ങളുടെ മേൽ നടത്തുന്ന അധീശത്വവും എങ്ങനെ സമരസപ്പെട്ടു പോകുന്നു എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ.

കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി 2020 ജൂൺ ഒന്ന് മുതൽ സംസ്ഥാന സർക്കാർ ഓൺലൈൻ അധ്യയനം ആരംഭിച്ചപ്പോൾ അതിൽ മിക്കവാറും ക്ലാസുകളും നയിച്ചത് സർക്കാർ അധ്യാപികമാരായിരുന്നു. അവർ എല്ലാവരും പ്രായഭേദമെന്യേ കേരളത്തിലെ സ്‌കൂൾ-കോളജ് അധ്യാപികമാരുടെ തനതു വേഷമായ സാരി ധരിച്ചു ക്ലാസെടുത്തപ്പോൾ അത് വാർത്തയായി. ക്ലാസുകൾ പ്രക്ഷേപണം ചെയ്തു വെറും മണിക്കൂറുകൾക്കകം നീല സാരി ഉടുത്തിരുന്ന ഒരു ടീച്ചറുടെ മീമുകളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മിനിറ്റുകൾക്കുള്ളിൽ "ബ്ലൂ സാരി ടീച്ചർ' ആരാധകരും ക്ലബ്ബുകളും പെരുകി എന്ന് മാത്രമല്ല, ആ അദ്ധ്യാപികയുടെ സ്വകാര്യത കാറ്റിൽ പറത്തിക്കൊണ്ട് അവരുടെ പേരും ഫോട്ടോയുമടക്കമുള്ള വ്യക്തിവിവരങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ടീച്ചറുടെ സൗന്ദര്യത്തിന്റെ വാഴ്ത്തുകളും പ്രണയാഭ്യർത്ഥനകളും തുടങ്ങി അവരെ വെറും ഒരു ഉപഭോഗവസ്തു മാത്രമായി ചുരുക്കുന്ന തരത്തിൽ അനേകമനേകം പോസ്റ്റുകൾ. ഈ കോലാഹലത്തിനു മാത്രം എന്ത് "പ്രത്യേകത'യാണ് പ്രസ്തുത അധ്യാപികയ്ക്കുള്ളത് എന്നറിയാനുള്ള ആകാംക്ഷയിൽ ആ ക്ലാസ് ഞാൻ യൂ ട്യൂബിൽ കണ്ടു. ഒരു വൈറ്റ് കോളർ ജീവനക്കാരി ധരിക്കുന്ന തരത്തിൽ സാരിയുടുത്തു, ഒരു പറ്റം പന്ത്രണ്ടാം ക്ലാസുകാർക്ക് വളരെ സമർത്ഥമായി ഇന്ററാക്ടീവ് ക്ലാസുകൾ എടുക്കുന്ന ഊർജസ്വലയായ ഒരു യുവതിയെയാണ് എനിക്ക് ആ ക്ലാസിൽ കാണാൻ കഴിഞ്ഞത്. ആ അധ്യാപികയുടെ പ്രകടമായ ആ സാധാരണത്വത്തിനു മുന്നിൽ വഷളൻ വർത്തമാനങ്ങളും ആൺ കാമവെറികളും എഴുന്നു നിൽക്കുന്നു.

ദോഷം പറയരുതല്ലോ, ഇതിനെതിരെ വലിയ തോതിൽ പ്രതിഷേധമുണ്ടായി. ഇത്തരം അധമമായ പോസ്റ്റുകളുടെയും സന്ദേശങ്ങളുടെയും പ്രചരണം കേരള പൊലീസ് മാതൃകാപരമായി ഇടപെട്ട് നിർത്തിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ യുവാക്കളായ പുരുഷന്മാർ പൊട്ടിത്തെറിച്ചു. ഈ രോഷപ്രകടനങ്ങൾ മിക്കതും ഇത്തരം ചെയ്തികളെ ഒരസാധാരണ സംഭവമായി, ഒരു പറ്റം വികൃത മനസ്സുകളുടെ മാത്രം സൃഷ്ടിയായി ചുരുക്കിയപ്പോൾ പുരുഷ വിദ്യാർത്ഥികളുടെ ഇടയിൽ, പ്രത്യേകിച്ച് മുതിർന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ, അധ്യാപികമാരെ ലൈംഗികവൽക്കരിക്കുന്ന വ്യാപകമായ പ്രവണതയാണ് കാണാതെ പോയത്. വളരെ കുറച്ചു പേരെ ഇത്തരം ലൈംഗികഭാവനകളെ പറ്റി തുറന്നു സംസാരിക്കാറുള്ളൂ എങ്കിലും "ബോയ്‌സ് ലോക്കർ റൂം' പോലുള്ള സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് കൗമാര പുരുഷസുഹൃദ് ഇടങ്ങളും, സ്വത്വനിർമ്മിതികളും എത്രമാത്രം സ്ത്രീ ശരീരങ്ങളെകുറിച്ചുള്ള വികൃതലൈംഗിക ഭാവനകളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ള വസ്തുതയിലേക്കാണ്.

ഈ പശ്ചാത്തലത്തിൽ അധ്യാപികമാരെ ലൈംഗികവത്കരിക്കുന്ന പ്രവണതയും, എന്നാൽ അതേ സമയം സംസ്‌കാരത്തിന്റെയും ജോലിസംബന്ധമായ ലിംഗാധിഷ്ഠിത നിബന്ധനകളുടെയും പേരിൽ സ്ത്രീ ശരീരങ്ങളുടെ മേൽ നടത്തുന്ന അധീശത്വവും എങ്ങനെ സമരസപ്പെട്ടു പോകുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് സാരി നിർബന്ധവേഷമാകുന്ന സ്ഥിതിവിശേഷം. അധ്യാപികമാർക്ക് സാരി നിർബന്ധമാക്കരുതെന്നും ആവശ്യമുള്ളവർക്ക് ചുരിദാർ ധരിക്കാൻ അനുവാദം കൊടുക്കണമെന്നുമുള്ള കേരള സർക്കാർ ഉത്തരവുള്ളപ്പോൾ നിരവധി സർക്കാർ-എയ്ഡഡ് സ്‌കൂൾ-കോളേജുകളിൽ വനിതാ അധ്യാപകർ സാരി ധരിച്ചു വരണം എന്നുള്ളത് ഒരലിഖിത നിയമമായി തുടരുന്നു.

ഇന്ത്യൻ/ മലയാള സംസ്‌കാരം, മാന്യത/ കുലീനത, അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഭേദം നിലനിർത്തേണ്ട ആവശ്യകത, അധികാരത്തിന്റെ അടയാളപ്പെടുത്തൽ തുടങ്ങി സാരി ഔദ്യോഗിക വേഷമാക്കുന്നതിനു നിരവധി കാരണങ്ങൾ നിരത്താറുണ്ട്. സാരി മാതൃ അധികാരത്തിന്റെ ചിഹ്നം ആയിരിക്കുമ്പോൾ തന്നെ പുരുഷകേന്ദ്രീകൃത രതിഭാവനകളുമായി വളരെ ഒത്തുപോകുന്ന വേഷമാണ് എന്നുള്ളത് അതിന്റെ വക്താക്കൾ അവഗണിക്കുന്നു. പുരുഷനിർമ്മിത പോർണോഗ്രഫികളിലും സിനിമകളിലും സാരിയുടുത്ത "ഹോട്ട്' ടീച്ചർ ഒരു സ്ഥിരം കല്പനയാണ് എന്നുള്ളത് ഇന്ത്യൻ പുരുഷലൈംഗിക ഭാവനയുടെ ഭൂപ്രകൃതി അല്പമെങ്കിലും പരിചയമുള്ളവർക്കറിയാം. പ്രായം, ഹോർമോണുകൾ ഇവയെ പഴിക്കാം; എന്ത് തന്നെ ധരിച്ചാലും കൗമാരക്കാർ പ്രകൃത്യാ തന്നെ സ്ത്രീശരീരങ്ങളെ ലൈംഗികമായി നോക്കിപോകും എന്ന് വേണമെങ്കിൽ വാദിക്കാം.

ഇത് ഒരു പരിധിവരെ ശരിയായിരിക്കാം. പക്ഷെ ഇന്ത്യയിൽ സ്ത്രീകൾ പൊതുവെ ധരിക്കുന്ന ഔപചാരിക വേഷങ്ങളിൽ നിന്നും സാരി വ്യത്യസ്തമാണ്. പുരുഷലൈംഗിക ഭാവനകൾക്കനുസൃതമായി സാരി രൂപപ്പെട്ടുവന്നതിനു ഒരു നീണ്ട ചരിത്രമുണ്ട്. സ്ത്രീശരീരത്തെ എടുത്തു കാണിക്കാനും, പുരുഷന്മാരിൽ രതിഭാവനകൾ ഉണർത്താനുമുള്ള അതിന്റെ കഴിവിനെ മാധ്യമങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. അതിലുപരി സാരി എന്ന നീളൻ തുണിക്കഷ്ണം ദേഹത്ത് ചുറ്റുന്നതിനും, അതിനെ തൽസ്ഥാനത്തു നിർത്തുന്നതിനും വൈദഗ്ധ്യവും പരിശീലനവും വേണ്ടതുണ്ട്. തങ്ങളുടെ മനോധർമ്മത്തിനനുസരിച്ചു സാരിയുടുക്കാനുള്ള കഴിവ് ഓരോ സ്ത്രീയെയും ആശ്രയിച്ചിരിക്കുന്നു.

സാരി അടിച്ചേൽപ്പിക്കപ്പെടുമ്പോൾ സ്ത്രീകളിൽ ഒരു വിഭാഗത്തിനെങ്കിലും ക്ലാസ് മുറികളിൽ തങ്ങളുടെ ശരീരം നേരിടുന്ന ലൈംഗികവൽക്കരണത്തെ നേരിടാനോ കൈകാര്യം ചെയ്യാനോ ഉള്ള പ്രാപ്തി നഷ്ടപ്പെട്ട്, ശരീരത്തിനുമേലുള്ള അവരുടെ നിയന്ത്രണം ഭാഗികമായി വിട്ടുകൊടുക്കാൻ നിർബന്ധിതരാവുന്നു. സാരി ധരിച്ചു പരിചയമില്ലാത്തവർ ആൺ നോട്ടങ്ങളെ പേടിച്ചു ഞൊറി നേരെയായിരിക്കുമോ, തങ്ങളുടെ ശരീരഭാഗങ്ങൾ കൃത്യമായി മറഞ്ഞിരിക്കുന്നുണ്ടോ എന്നൊക്കെ ആലോചിച്ചു സദാ അസ്വസ്ഥപ്പെടുന്നുണ്ടെങ്കിൽ അതിൽ ഒട്ടും അതിശയിക്കാനില്ല. ഇത്തരം പിരിമുറുക്കങ്ങൾ അനാവശ്യമായ നോട്ടങ്ങളെ നേരിടാനുള്ള അവളുടെ കാര്യശേഷിയെ പരിമിതപെടുത്തുകയും തന്മൂലം അവളുടെ ആത്മവിശ്വാസത്തെയും, അധ്യാപനമികവിനെ തന്നെയും അട്ടിമറിക്കുകയും ചെയ്യും.

ലൈംഗിക അക്രമങ്ങൾ നേരിടുന്ന മറ്റു മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ പോലെ തന്നെ, അധ്യാപികമാർ പുരുഷവിദ്യാർത്ഥികളുടെ നോട്ടങ്ങളെ പറ്റി പരാതിപ്പെടുമ്പോൾ പ്രലോഭനമുണ്ടാകാത്ത തരത്തിൽ അടക്ക ഒതുക്കത്തോടെ സാരി ഉടുത്തു വരാനായിരിക്കും മറുപടി. സാരിയുടെ മുകളിൽ ഒരു കോട്ടും കൂടി ധരിപ്പിച്ചാണ് ചില സ്‌കൂളുകൾ വഷളനോട്ടങ്ങൾക്ക് പരിഹാരം കണ്ടിരിക്കുന്നത്. ചുരുക്കത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് പരിഹാരമായി സ്ത്രീശരീരത്തെ കൂടുതൽ വരുതിയിൽ വരുത്തുക എന്നിടത്തേക്കു മാത്രമേ നമ്മുടെ ചിന്ത എത്തുന്നുള്ളൂ.

അതോടൊപ്പം അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിൽ ഉരുത്തിരിയാവുന്ന ശാരീരികതയെയും ശാരീരികചോദനകളെയും അദൃശ്യവൽക്കരിച്ചു അവരെ അലൈംഗികജീവികളായി മാത്രം കാണാൻ ആണ് നമ്മുടെ സാംസ്‌കാരിക വാർപ്പ് മാതൃകകൾ നമ്മെ പരിശീലിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ വിദ്യാർത്ഥികളിൽ നിന്നും നേരിടേണ്ടി വരുന്ന ലൈംഗിക അക്രമങ്ങളെ അവഗണിക്കാനോ, അവയെ പറ്റി നിശ്ശബ്ദരാകാനോ അധ്യാപികമാർ നിർബന്ധിതരാകുന്നു. പലപ്പോഴും തന്റെ ആൺ വിദ്യാർത്ഥികൾക്ക് ഒരേ സമയം പരിപാലനയുടെയും അധികാരത്തിന്റെയും ബിംബമായി നിലനിന്ന് തന്റെ ശരീരത്തിന് മേൽ വന്നു പതിക്കുന്ന അനാവശ്യ നോട്ടങ്ങളെ കരുതലോടെ, ഒച്ചയും ബഹളവുമില്ലാതെ കൈകാര്യം ചെയ്യുക എന്ന ദൗത്യമാണ് അധ്യാപികയ്ക്ക് മുമ്പിലുള്ളത്. അതിനെ ചെറുത്തു സംസാരിക്കുന്നത് പോയിട്ട് ലൈംഗിക അതിക്രമമായി കാണുന്നത് പോലും അധ്യാപികയുടെ സാമർത്ഥ്യമില്ലായ്മയായി വ്യാഖ്യാനിക്കപ്പെടും.

തങ്ങൾ ഒരു പരാജയമായി മറ്റുള്ളവർ വിലയിരുത്തുന്ന അവസ്ഥ ഒഴിവാക്കാൻ മിക്ക അധ്യാപികമാരും ഈ പ്രശ്‌നത്തെ പാടെ അവഗണിക്കുകയോ അല്ലെങ്കിൽ തങ്ങളുടെ വ്യക്തിത്വ പ്രഭാവം കൊണ്ട് അതിനെ വരുതിയിൽ വരുത്തുകയോ ചെയ്യുന്നു എന്നാണ് ഫിൻലാൻഡിലെയും ബ്രിട്ടനിലെയും സെക്കന്ററി സ്‌കൂളുകളിൽ നിന്നുള്ള പഠനങ്ങളും അനുഭവങ്ങളും സൂചിപ്പിക്കുന്നത്. സ്വകാര്യ സംഭാഷണങ്ങളിൽ ക്ലാസിലെ മുതിർന്ന ആൺ വിദ്യാർത്ഥികളിൽ നിന്നും ഉണ്ടായ മോശമായ അനുഭവങ്ങൾ വൈകാരികാഘാതം ഏൽപ്പിച്ചു, അല്ലെങ്കിൽ അവരെ ഭയപ്പെട്ടു കഴിയുന്നു എന്ന് ചില അധ്യാപികമാർ വെളിപ്പെടുത്തി. ചില അവസരങ്ങളിൽ എങ്കിലും അധ്യാപികമാർക്കു നേരെയുള്ള അതിക്രമങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. 2018ൽ ഗുരുഗ്രാമിലെ ഒരു പ്രമുഖ വിദ്യാലയത്തിൽ ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥി ഇൻസ്റ്റാഗ്രാമിൽ ടീച്ചറെയും അവരുടെ മകളെയും ബലാത്സംഗം ചെയ്യും എന്ന് മുഴക്കിയ പരസ്യ ഭീഷണി പുരുഷത്വത്തിന്റെ ഭീകര മുഖത്തിന്റെ ദൃഷ്ടാന്തം അല്ലെങ്കിൽ മറ്റെന്താണ്? അതേ സ്‌കൂളിലെ ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥി തന്റെ ടീച്ചറോട് ക്യാന്റിൽ ലൈറ്റ് ഡിന്നറിനും തുടർന്ന് ലൈംഗിക വേഴ്ചയ്ക്കും ഇമെയിൽ വഴി ക്ഷണം നടത്തി. ഈ രണ്ടു ടീച്ചർമാരും പരാതിപ്പെട്ടെങ്കിലും പ്രശ്‌നമാക്കി സ്‌കൂളിന് ചീത്തപ്പേര് ഉണ്ടാക്കരുത് എന്ന സമീപനമായിരുന്നു അധികാരികളിൽ നിന്നും ലഭിച്ചത്. പൊതുവെ നമ്മുടെ സ്‌കൂളുകളും കോളജുകളും വിദ്യാർത്ഥികളിൽ നിന്നും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളെ നേരിടാൻ താല്പര്യമോ പ്രാപ്തിയോ കാണിക്കാറില്ല.

അരൂജാ ഡെന്നി എന്ന തുടക്കത്തിൽ സൂചിപ്പിച്ച "ബ്ലൂ സാരി ടീച്ചർ' ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്കു കിട്ടിയ പുരുഷ ശ്രദ്ധയെ ഗൗരവമായി എടുക്കാൻ വൈമുഖ്യം പ്രകടിപ്പിക്കുകയും, അത്തരം പെരുമാറ്റങ്ങൾക്ക് പരിഗണന കൊടുക്കുന്നത് വില കുറഞ്ഞതും, ലജ്ജാവഹവുമായ ഒരു കാര്യമായി അഭിപ്രായപ്പെടുകയും ചെയ്തു. തന്റെ കഠിനാധ്വാനത്തിന്റെ, സർക്കാരിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ സംരംഭത്തിന്റെ മേന്മ കാഴ്ചക്കാരുടെ വികൃത മനസ്സിനെ പറ്റിയുള്ള ചർച്ചകളിൽ മുങ്ങിപ്പോകരുതെന്ന് അവർക്കു തോന്നുന്നുണ്ടെങ്കിൽ അത് സ്വാഭാവികം. അതേ സമയം കേരളത്തിലെ അധ്യാപികമാർ തങ്ങളുടെ ശരീരങ്ങൾക്ക് മേൽ അധികാരികൾ ചെലുത്തുന്ന നിയന്ത്രണം ഒരു വശത്തു നിന്നും സഹിച്ചു, മറുവശത്തു ക്ലാസ് മുറികളിൽ നേരിടുന്ന ലൈംഗികവൽക്കരണത്തെ തന്റെ ജോലിയുടെ ഭാഗമായി കാണാൻ നിർബന്ധിതരാകുന്ന ഒരു ദുർഘട അവസ്ഥയിലാണ് എന്ന സത്യം അംഗീകരിക്കാതിരിക്കാൻ കഴിയില്ല.
ഇനി ടീച്ചർമാർ സാരി ഉപേക്ഷിച്ചാൽ ലൈംഗികവൽക്കരണം അവസാനിക്കുമോ?

തീർച്ചയായും ഇല്ല. പക്ഷെ അധ്യാപികമാരുടെ വസ്ത്രധാരണത്തെപ്പറ്റിയുള്ള (അലിഖിത) നിയമാവലിയിൽ സ്വല്പം അയവു വരുത്തിയാൽ അവർക്ക് ക്ലാസ് മുറികളിൽ തന്റെ ശരീരത്തിന് മേൽ കൂടുതൽ നിയന്ത്രണം ഉണ്ടാവുകയും, ലൈംഗിക അക്രമങ്ങളെ ഫലപ്രദമായി നേരിടാൻ പ്രാപ്തരാവുകയും ചെയ്യും. "മാത്രമല്ല കൗമാരവിദ്യാർത്ഥികളുടെയിടയിൽ അദ്ധ്യാപികമാരെ ലൈംഗികവൽക്കരിക്കാനും അക്രമിക്കാനുമുള്ള പ്രവണതയെ കുറിച്ച് ഇപ്പോൾ നിലനിൽക്കുന്ന നിശ്ശബ്ദത ഭഞ്ജിക്കപ്പെടേണ്ടതുണ്ട്. അപ്പോൾ ആദരവിനെ പറ്റിയും, ശരീരത്തെ ഉപഭോഗവസ്തുവായി മാത്രം ചുരുക്കുന്ന സംസ്‌കാരത്തെ പറ്റിയും ഒക്കെയുള്ള ചർച്ചകൾ ഉണ്ടാവുകയും, ലിംഗസമത്വത്തിന്റെ പാതയിൽ അത് കേരളത്തെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യും.

ഫെമിനിസം ഇൻ ഇന്ത്യ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്ത ലേഖനം അനുമതിയോടെ പുനഃപ്രസിദ്ധീകരിക്കുന്നു. വിവർത്തനം: ഗ്രീഷ്മ ജസ്റ്റിൻ ജോൺ.**

Comments