ഇരകൾ വീണ്ടും ഇരകളാക്കപ്പെടുന്നു, വിതുര കേസ് അതുറപ്പിക്കുന്നു

രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലകളിലുള്ളവർ പ്രതി ചേർക്കപ്പെട്ടതോടെയാണ് വിതുര പീഡനകേസ് വിവാദമായത്. പെൺകുട്ടി നേരിട്ട നടുക്കുന്ന അനുഭവങ്ങളെക്കുറിച്ചും ഇപ്പോഴും തീരാത്ത ആശങ്കകളെക്കുറിച്ചും അവരുടെ അഭിഭാഷകയായിരുന്ന അഡ്വ. സുബ്ബലക്ഷ്മി എച്ച്., സനിത മനോഹറുമായി സംസാരിച്ചപ്പോൾ. ‘ട്രൂകോപ്പി തിങ്ക്’ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്ന്.

News Desk

ലൈംഗികാക്രമണത്തിനിരയാകുന്ന സ്ത്രീകൾ നിർഭയം നീതിന്യായസംവിധാനങ്ങളെ സമീപിക്കണമെന്ന വാദം നിരന്തരം ഉയരുമ്പോഴും പൊലീസിനെയും കോടതികളെയും വിശ്വസിച്ച് പരാതി പറയാനെത്തുന്ന സ്ത്രീകളെ ഈ സംവിധാനങ്ങൾ എങ്ങനെയാണ് വീണ്ടും ഇരകളാക്കുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ് വിതുര ലൈംഗിക്രാമണക്കേസ്.

'എനിക്ക് എന്റെ ശബ്ദത്തിലൂടെ തന്നെ സമൂഹത്തോട് സംസാരിക്കണമെന്നുണ്ട്' എന്ന് ആ പെൺകുട്ടി പറഞ്ഞതായി, സനിത ​മനോഹർ, അഡ്വ. സുബ്ബലക്ഷ്മിയുമായുള്ള അഭിമുഖത്തിനിടയിൽ പറയുന്നുണ്ട്. അവർ നേരിട്ട നടുക്കുന്ന അനുഭവങ്ങളെക്കുറിച്ചുള്ള ഓർമകൾ പോലും, അവരുടെ അഭിഭാഷകയായിരുന്ന അഡ്വ. എച്ച്. സുബ്ബലക്ഷ്മിയെ സംബന്ധിച്ച് ഇന്നും ഉറക്കം കൊടുത്തുന്ന ഒന്നാണ്.

കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക രംഗത്ത് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു വിതുര പീഡനക്കേസ്. സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥരും ​ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സിനിമയിലെ പ്രമുഖരുമെല്ലാം ആക്രമണകാരികളായ കേസ്. എന്നാൽ, സത്യസന്ധമായി അന്വേഷണ സംഘത്തിന്റെ കൂടെ നിന്ന പെൺകുട്ടിയോട് നിരന്തരം കോടതി പറഞ്ഞത് നിന്റെ സമ്മതത്തോടെയാണ് ഇതെല്ലാം നടന്നത് എന്നാണ്. പെൺകുട്ടിക്ക് പതിനെട്ട് വയസായിട്ടില്ല എന്നത് പോലും അവർ മറന്നു. ഞെട്ടിപ്പിക്കുന്ന നീതിനിഷേധങ്ങൾ നേരിട്ട ഈ കേസ് 27 വർഷമായിട്ടും തുടരുകയാണ്.

ടി.പി.​ സെൻകുമാർ
ടി.പി.​ സെൻകുമാർ

മറ്റ് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടരുതെന്ന് മനസിലാക്കി വിതുരയിലെ പെൺകുട്ടി മുന്നോട്ട് വന്നതോടെ സമൂഹത്തിലെ പല പ്രമുഖരുടെയും മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു. സിംഗപൂരിൽ നിന്നടക്കം വന്ന് കുട്ടിയെ പീഡിപ്പിച്ച് പോകുന്ന അവസ്ഥ ഉണ്ടായി. രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലകളിലുള്ളവർ പ്രതി ചേർക്കപ്പെട്ടതോടെയാണ് കേസ് വിവാദമായത്. പിന്നീട് കുട്ടിക്ക് പ്രതികളെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണ് ഇവരെയെല്ലാം കോടതി വെറുതെ വിട്ടത്. കേസ് നടക്കുന്ന കാലത്ത് തന്നെ സംഭവം ഓർത്തെടുക്കുമ്പോൾ, പെണ്‍കുട്ടി അത്യന്തം അസ്വസ്ഥതയിലേക്ക് വീണുപോകുമായിരുന്നുവെന്ന് അഡ്വ. സുബ്ബലക്ഷ്മി ഓർക്കുന്നു.

ഞെട്ടിപ്പിക്കുന്ന നീതിനിഷേധങ്ങൾ നേരിട്ട് കേസ് ഇന്നും എങ്ങുമെത്താതെ തുടരുമ്പോൾ തനിക്ക് തന്റെ ശബ്ദത്തിലൂടെ തന്നെ സമൂഹത്തിനോട് സംസാരിക്കണമെന്നുതന്നെയാണ് ആ പെൺകുട്ടി ഇപ്പോഴും പറയുന്നത്. കേസ് നടക്കുന്ന കാലത്ത് തന്നെ പീഡിപ്പിച്ചവരെ കുറിച്ച് സംസാരിക്കുമ്പോൾ പെണ്‍കുട്ടി അഗ്രസീവാകുമായിരുന്നുവെന്ന് അഡ്വ. സുബ്ബലക്ഷ്മി ഓർക്കുന്നു.

1995 നവംബർ 21 മുതൽ 1996 ജൂലൈ 10 വരെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ശരീരദാഹികളായ പുരുഷൻമാരുടെ ഇടയിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കേരളത്തിനകത്തും പുറത്തും പലർക്കായി കൈമാറി പീഡനത്തിന് വിധേയമാക്കി എന്നാണ് കേസ്. എട്ട് മാസം മുമ്പ് കാണാതായ മകളെ പ്രോസ്റ്റിറ്റ്യൂഷൻ കേസിൽ പിടിച്ചതറിഞ്ഞാണ് മാതാപിതാക്കൾ പെൺകുട്ടികളെ തേടി എത്തിയത്. പ്രോസ്റ്റിറ്റ്യൂഷൻ കേസിൽ പ്രായപൂർത്തിയാകാത്തവരെ പിടികൂടുകയാണെങ്കിൽ രക്ഷിതാക്കളെ വിവരമറിയിക്കണമെന്ന, കേസിന്റെ മേൽനോട്ടം വഹിച്ചിരുന്ന ടി.പി.​ സെൻകുമാറിന്റെ ഉറച്ച നിലപാടാണ് എട്ട് മാസം മുമ്പ് കാണാതായ മകളെ കുറിച്ച് മാതാപിതാക്കൾക്ക് വിവരം ലഭിക്കാൻ കാരണം. പ്രതികൾ ഭീഷണിപ്പെടുത്തിയതിനെതുട​ർന്ന് മാതാപിതാക്കളുടെ പേരു പോലും പെൺകുട്ടി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നില്ല. പൊലീസിനോട് പറഞ്ഞാൽ, മാതാപിതാക്കളെ കൊല്ലും എന്നായിരുന്നു ഭീഷണി. വ്യാജ മാതാപിതാക്കളെ പോലും​ പ്രതികൾ കോടതിയിൽ ഹാജരാക്കാൻ സജ്ജമാക്കിയിരുന്നു. എന്നാൽ,​ സെൻകുമാർ പെൺകുട്ടിയിൽനിന്ന് നിർബന്ധപൂർവം മാതാപിതാക്കളുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ വിവരമറിയിക്കുകയുമായിരുന്നു. അവർക്ക് തുടക്കത്തിൽ കേസിനെ കുറിച്ചോ പ്രതികളുടെ സ്വാധീനത്തെക്കുറിച്ചോ വേണ്ടത്ര അറിവില്ലായിരുന്നു. അത്തരമൊരവസ്ഥയിലാണ് അവർ സുബ്ബലക്ഷ്മിയെന്ന അഭിഭാഷകയിലേക്കെത്തുന്നത്. പെൺകുട്ടിയെ ജാമ്യത്തിലിറക്കാൻ രക്ഷിതാക്കളെന്ന് പറഞ്ഞ് മറ്റ് രണ്ട് പേരും അവിടെ എത്തിയിരുന്നു. റാക്കറ്റിലെ കണ്ണികളായ രണ്ട് പേർ അച്ഛനും അമ്മയുമാണെന്ന് വാദിച്ച് എത്തിയതോടെ അവർ മാഫിയയാണെന്നും തന്റെ കൂടെയുള്ളതാണ് ശരിയായ രക്ഷിതാക്കളെന്നും അഡ്വ. സുബ്ബലക്ഷമി കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു.

വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ലക്ഷ്മിക്കുട്ടി എന്ന പോലീസ് ഉദ്യോഗസ്ഥ മുഖത്ത് തുണിയിട്ടതും അവിടെ നിന്നും അങ്ങോട്ട് ഓരോ യാത്രയിലും മുഖത്ത് തുണിയിട്ടതും ആ പെൺകുട്ടി ഓർക്കുന്നുണ്ട്. തന്നെ എന്തിനാണ് ഇങ്ങനെ മുഖത്ത് തുണിയിട്ട് കൊണ്ടുനടക്കുന്നതെന്ന് ആ പെൺകുട്ടി ചോദിച്ചിരുന്നതായും അഡ്വ. സുബ്ബലക്ഷ്മി പറയുന്നു.

അഡ്വ.സുബ്ബലക്ഷ്മി
അഡ്വ.സുബ്ബലക്ഷ്മി

“എല്ലാവരും വേട്ടയാടാൻ നിൽക്കുകയാണ്. ഒന്ന് മുഖം കിട്ടികഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടാണ്. പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല. തിരിച്ചറിഞ്ഞതിന്റെ പേരിൽ സൂര്യനെല്ലി പെൺകുട്ടി ഇപ്പോഴും വളരെ കഷ്ടപ്പെടുന്നുണ്ട്. സമൂഹം ഇപ്പോഴും റെഡിയല്ല, ആ ഒരു കാഴ്ചപ്പാടിൽനിന്ന് സമൂഹം മാറിയിട്ടില്ല. സ്ത്രീയെ ശരീരമായി മാത്രമാണ് സമൂഹം ഇന്നും കാണുന്നത്. അത് ഉള്ള കാലത്തോളം ഈ പെൺകുട്ടികളുടെ മുഖം പുറത്തുകാണിക്കാനാകില്ല. പ്രതികൾ സമൂഹത്തിലെ എല്ലാ മേഖലകളിലും സ്വതന്ത്രമായി നടക്കുമ്പോഴാണ് ഈ പെൺകുട്ടികളുടെ സമൂഹത്തിലെ സ്‌പേസ് കുറയുന്നത്. ഈ കേസിലാണ് ഇന്ത്യയിൽ ആദ്യമായി വിമൺ കമ്മീഷൻ നിരീക്ഷകയെ കൂടി അന്വേഷണ സംഘത്തിൽ അംഗമായി നിയോഗിക്കുന്നത്.” അഡ്വ.സുബ്ബലക്ഷ്മി പറഞ്ഞു.

മാറി മാറി വരുന്ന സർക്കാരുകൾക്ക് ഈ പെൺകുട്ടിയും കേസും പരിഗണനാ വിഷയമാകുന്നില്ലെന്നും സുബ്ബലക്ഷ്മി പറയുന്നുണ്ട്.

“നമുക്ക് ഈ പെൺകുട്ടികളോട് ബലിയാടാകാനും ബലിക്കോഴി ആകാനും പറയാനാകുമോ. എന്താ പറയേണ്ടത്. നമുക്ക് അവളെ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്. പത്ത് കൊല്ലം തന്നെ വലിയ ഒരു കാലമാണ്. പതിനേഴ് കൊല്ലമായി ഒരു കാര്യം തന്നെ ആലോചിച്ചിട്ട് അവളുടെ സ്വസ്തത നഷ്ടപ്പെടുകയാണ്. ഇപ്പോഴും ഈ കേസ് തീരാത്തതിൽ അവൾക്ക് വേവലാതിയുണ്ട്. ഉള്ളിൽ ബുദ്ധിമുട്ടുണ്ട്. എത്രകാലം അവൾ ഇതുകൊണ്ട് നടക്കണം? നമ്മൾ കാണുകയാണ് അവളുടെ വിഷമം. നമ്മൾ അവളുടെ കൂടെ ജീവിക്കുകയാണ്. കുഞ്ഞായിട്ടുള്ള, സ്വപ്‌നം കാണുന്ന കാലത്തിൽ കരിച്ചു കളഞ്ഞതാണ് അവളുടെ ജീവിതം. വേട്ടപ്പട്ടികൾക്ക് പച്ചമാംസം കിട്ടിയത് പോലെ അവളുടെ ജീവിതം ഇല്ലാതാക്കി കളഞ്ഞതാണെന്നും അവർ പറഞ്ഞു.”

Comments