ഹേമ കമ്മിറ്റി റിപ്പോട്ടുമായി ബന്ധപ്പെട്ട് മന്ത്രി പി.രാജീവുമായി നടത്തിയ യോഗത്തിൽ മന്ത്രിക്ക് സമർപ്പിച്ച കത്ത് പുറത്തുവിട്ട് വിമൻ ഇൻ സിനിമ കളക്ടീവ്. ഹേമ കമ്മിറ്റി റിപ്പോട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടെന്ന മന്ത്രി പി.രാജീവിൻറെ പ്രസ്താവന ദീദി ദാമോദരൻ തള്ളിയതിന് പിന്നാലെയാണ് കത്തിൻറെ പൂർണ രൂപം ഡബ്ല്യൂ.സി.സി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കഴിഞ്ഞ രണ്ടുവർഷമായിട്ടും നടപടി ഉണ്ടാകാത്തതിൽ ആശങ്കാകുലരാണെന്നും റിപ്പോർട്ടിൻറെ സംക്ഷിപ്തരൂപവും നിർദേശങ്ങളും പുറത്ത് കൊണ്ടുവരണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.
ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം.
ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിൽ
(21-01-2022) സമർപ്പിച്ച കത്തിന്റെ പൂർണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെൻറ് നിശ്ശബ്ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര.
അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവൺമെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടത് അതിപ്രധാനമാണ്.
നാലാം തീയതി ഗവൺമെൻറ് ക്ഷണിച്ച മീറ്റിങ്ങിൽ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ പങ്കെടുക്കുന്നത്.
കത്തിലെ ഉള്ളടക്കം
സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യർഹമായ വിധം ഇടപെട്ട് പിണറായി സർക്കാർ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ പഠന റിപ്പോർട്ടിന്മേൽ കഴിഞ്ഞ രണ്ടു വർഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നതും ഞങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചിലവിട്ട് രണ്ടു വർഷമെടുത്തു പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവെച്ച (?) നിർദ്ദേശങ്ങൾ പുറത്തു കൊണ്ടുവരികയും വേണ്ട ചർച്ചകൾ നടത്തി പ്രായോഗിക നടപടികൾ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. കേരളമടക്കം തെലുങ്ക്, കന്നട, തമിഴ് സിനിമ രംഗത്തെ തൊഴിലിടത്തെ പ്രശ്നങ്ങൾ WCC യുടെ നേതൃത്വത്തിൽ പഠിക്കുകയും ക്രിയാത്മക നിർദ്ദേശങ്ങളോടെ ഒരു പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തത്. ഇതിനൊപ്പം താങ്കളുടെ ശ്രദ്ധയിലേക്കായി സമർപ്പിക്കുന്നു.
സ്ത്രീയ്ക്ക് നീതി ഉറപ്പു വരുത്തുന്ന സംവിധാനത്തിന് മാത്രമേ സ്ത്രീപക്ഷ കേരളം വാർത്തെടുക്കാനാവൂ. ഒരു നൂറ്റാണ്ടിനോടുക്കുന്ന മലയാള സിനിമയിൽ ചരിത്ര പ്രധാനമായ ഈ തിരുത്തലിന് ആവശ്യമായ തൊഴിൽ നിയമങ്ങൾ താങ്കളുടെ നേതൃത്വത്തിൽ നടപ്പിലാക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
വിശ്വസ്തതയോടെ, വിമൻ ഇൻ സിനിമാ കലക്ടീവ്.