ഭാവന; പ്രതിരോധത്തിന്റെ പുതിയ പേര്

പൊതുഇടങ്ങളിലെയും തൊഴിലിടങ്ങളിലെയും സ്ത്രീ അനുഭവങ്ങളുടെ സങ്കീർണതകൾക്കെതിരായ, തുല്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഉജ്വലമായ സ്ത്രീ മുന്നേറ്റങ്ങൾക്കൊപ്പം ഇടംപിടിക്കുന്ന ഭാവനയുടെ പ്രതിരോധത്തെ അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളോട് കൂടി അടയാളപ്പെടുത്തുകയാണ് വ്യത്യസ്തമേഖലകളിൽ നിന്നുള്ള സ്ത്രീകൾ.

Think

ചലച്ചിത്രതാരം ഭാവന ആക്രമിക്കപ്പെട്ടത് നമ്മുടെ സിനിമാ ചരിത്രത്തിലെ തന്നെ ഏറെ അനീതി നിറഞ്ഞ ഒരു സംഭവമാണ്. ആക്രമണങ്ങൾക്കിരയായ ശേഷം നീണ്ട അഞ്ച് വർഷത്തോളം അവർ മലയാള സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കേണ്ടി വന്ന സാഹചര്യങ്ങളുമുണ്ടായി. അക്രമം അനുഭവിക്കേണ്ടി വന്ന ആൾ തന്നെ തൊഴിലിടത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു എന്നത് ക്രൂരമായ ഒരു യാഥാർത്ഥ്യമാണ്. സിനിമാ മേഖലയിൽ നിലനിൽക്കുന്ന ലിംഗ വിവേചനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും പ്രതിരോധങ്ങളും ഉയർന്നുവരാൻ ഈ സംഭവം കാരണമായി. വ്യവസ്ഥാപിതമാക്കപ്പെട്ട തരത്തിലുള്ള അനീതികളാണ് ചലച്ചിത്ര രംഗത്ത് നിലനിൽക്കുന്നതെന്ന് ധാരാളം പേർ തങ്ങളുടെ അനുഭവങ്ങളെ മുൻനിർത്തി പറയാറുണ്ടെങ്കിലും അവയെ പ്രതിരോധിക്കാൻ പലർക്കും സാധിക്കാറില്ല. എന്നാൽ ഭാവന അതിൽ നിന്ന് വ്യത്യസ്തമായി, മാതൃകാപരമായ രീതിയിൽ മുന്നോട്ടു നീങ്ങി. വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടം നടത്തി. തന്റെ പേര് 'ആക്രമിക്കപ്പെട്ട നടി' എന്നല്ല എന്ന് തുറന്നുപറഞ്ഞു. ഒടുവിൽ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. പൊതുഇടങ്ങളിലെയും തൊഴിലിടങ്ങളിലെയും സ്ത്രീ അനുഭവങ്ങളുടെ സങ്കീർണതകൾക്കെതിരായ, തുല്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഉജ്വലമായ സ്ത്രീ മുന്നേറ്റങ്ങൾക്കൊപ്പം ഇടംപിടിക്കുന്ന ഭാവനയുടെ പ്രതിരോധത്തെ അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളോട് കൂടി അടയാളപ്പെടുത്തുകയാണ് വ്യത്യസ്തമേഖലകളിൽ നിന്നുള്ള സ്ത്രീകൾ.

""ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു'' എന്ന സിനിമയുടെ റിലീസ്, വെറുമൊരു സിനിമാ റിലീസല്ലെന്നും ഭാവനയുടേത് വെറുമൊരു തിരിച്ചുവരവല്ലെന്നും അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണെന്നാണ് രാഷ്ട്രീയ പ്രവർത്തകയും നിയമസഭാ അംഗവുമായ കെ.കെ രമ പറയുന്നു

   കെ.കെ രമ
കെ.കെ രമ

""അഞ്ചു വർഷത്തെ ഇടവേളക്കുശേഷം ഭാവന മലയാളത്തിൽ പുതിയൊരു സിനിമയുമായി തിരികെ വരികയാണ്. എന്തെല്ലാം വെല്ലുവിളികളുണ്ടായാലും ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായി നിശ്ശബ്ദം ഇരുട്ടിൽ കഴിയേണ്ടിവരുന്ന ആയിരക്കണക്കായ സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ. ഇരയെന്ന നിലയിൽ നിന്ന്​അതിജീവിത എന്ന മനോനിലയിലേക്ക് അവരെ കൈ പിടിച്ചു നടത്തിയാലേ, പിൽക്കാല ജീവിതം സ്വാഭാവിക നിലയിൽ അവർക്ക് മുന്നോട്ട് നയിക്കാനാവൂ. അതുകൊണ്ട് താൻ ലൈംഗികാതിക്രമം നേരിട്ടു എന്നും ഇപ്പോൾ അതിന്റെ മാനസിക/ ശാരീരിക ആഘാതങ്ങൾ അതിജീവിച്ചു വരികയാണെന്നും ഒരു സ്ത്രീ തുറന്നുപറയുമ്പോൾ അത് മേല്പറഞ്ഞ അനേകായിരങ്ങൾക്ക് ആശ്വാസം പകരുന്ന മാതൃകാ നിലപാടാണ്. മാധ്യമ പ്രവർത്തക ബർഖ ദത്ത് കഴിഞ്ഞ വനിതാദിനത്തിൽ ഭാവനയുമായി നടത്തിയ ഭാഷണം അതുകൊണ്ടുതന്നെയാണ് ചരിത്രമായത്. എല്ലാം തീർന്നുവെന്ന് കരുതിയ ഇടത്തുനിന്ന്​ ഘട്ടംഘട്ടമായി എങ്ങനെ ഈ നിലയിലും നിലപാടിലുമെത്തി എന്ന് ഭാവന അതിൽ വിശദീകരിക്കുന്നുണ്ട്. രാത്രിസഞ്ചാരവും ഈ കരിയർ തെരഞ്ഞെടുത്തതുമൊക്കെ കുറ്റകൃത്യമാക്കി അവതരിപ്പിച്ചത് സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമായിരുന്നില്ല. തലേന്നാൾ വരെ തനിക്കൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകരുടെ പോലും ഭാഗത്തുനിന്നുള്ള ഒറ്റപ്പെടുത്തലുകളും അതിജീവിച്ചാണ് ഭാവന ഇവിടംവരെ എത്തിയത്. സിനിമാമേഖലയിൽ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടുത്തലും മറ്റ് വെല്ലുവിളികളും ഭയക്കാതെ ഭാവനയ്‌ക്കൊപ്പം പ്രവർത്തിക്കാനൊരുങ്ങിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന സിനിമയുടെ അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു.''

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമ മറ്റൊരു പുതിയ പടം മാത്രമല്ലെന്നും മറിച്ച്; അക്ഷരാർഥത്തിൽ പൊള്ളുന്ന ജീവിതക്കനലിലൂടെ സ്ലോമോഷനിൽ ഭാവന നടന്നെത്തുന്ന എൻട്രിയാണെന്നും നാടകപ്രവർത്തകയും സിനിമാനടിയുമായ സജിതാ മഠത്തിൽ അഭിപ്രായപ്പെടുന്നത്.

     സജിതാ മഠത്തിൽ
സജിതാ മഠത്തിൽ

""എന്റെ പേര് ഭാവന എന്നാണെന്നും അതിജീവിത എന്ന വാക്കിനുപുറകിൽ ഒളിച്ചിരിക്കേണ്ട ആവശ്യമില്ലെന്നും ഏകദേശം ഒരു വർഷം മുമ്പ് അവൾ പ്രഖ്യാപിച്ചു. റോഡരികിലെ കൂറ്റൻ പോസ്റ്ററുകളിലേക്ക് അവളിതാ കയറിനിന്നുകഴിഞ്ഞു. . മലയാള സിനിമാലോകം ഇതുവരെ മുന്നോട്ടുവച്ച നായകകഥാപാത്രങ്ങളുടെ എൻട്രി സീനിനേക്കാൾ പതിന്മടങ്ങ് ശക്തിയും ഭംഗിയുമുള്ളതാണത്. അതിജീവിത എന്ന വാക്കിനെ അക്ഷരാർഥത്തിൽ അവൾ അർഥപൂർണമാക്കിയിരിക്കുകയാണ്. ഒരു ശക്തമായ പെൺമനസ്സിന്റെ മുന്നോട്ടുള്ള യാത്ര. എനിക്കിത് ‘അവൾക്കൊപ്പം' എന്ന ഹാഷ്​ടാഗിൽനിന്ന് അവൾ നടത്തിയ ഒരു ഹൈജമ്പാണ്. ‘ഈ സിനിമാലോകത്ത് ഞാനുണ്ട്’ എന്നവൾ കേരള സമൂഹത്തോട് പറയുകയാണ്.

വളരെ പ്രൊഫഷനലായി ജോലി ചെയ്യുന്ന ഒരാളാണ്​ ഭാവനയെന്നും അതിനുള്ള റസ്‌പെക്​ടും സ്പെയ്സും​ ഇനി വരുന്ന ഏതു പെൺകുട്ടിക്കും പ്രചോദനമാകുന്ന തരത്തിൽ അവൾക്ക് ഈ സിനിമയിലൂടെ തിരിച്ച് അച്ചീവ് ചെയ്യാൻ പറ്റിയെന്നും ഭാവനയുടെ അടുത്ത സുഹൃത്തും സിനിമാനടിയുമായ ശിൽപ്പാബാല പറയുന്നു

   ശിൽപ്പാബാല
ശിൽപ്പാബാല

"ൻിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്​’ എന്ന സിനിമ റിലീസ് ചെയ്യുന്ന സമയത്ത്, മറ്റേതൊരു സിനിമയെയും പോലെ, സാധാരണ ഗതിയിൽ എല്ലാവർക്കും എക്‌സൈറ്റുമെന്റുണ്ടാകും- ആദ്യ പ്രതികരണം എന്താണെന്നറിയാനും അതിനെക്കുറിച്ചുള്ള റിവ്യൂസിനെയും ചർച്ചകളെയും കുറിച്ച്​ മനസ്സിലാക്കാനും. ഇത് സാധാരണഗതിയിൽ നടക്കുന്ന ഒരു കാര്യമാണ്​. ഇതിൽനിന്ന്​ വ്യത്യസ്​തമായി, ഈ പടത്തിന്റെ റിലീസ് ഞങ്ങളെ സംബന്ധിച്ച് overwhelming ആയ ഒരു കാര്യമാണ്. പ്രത്യേകിച്ച്, ഞാൻ ഇങ്ങനെയൊരവസ്​ഥയിലാണ്​. കാരണം, ഇനി മലയാളത്തിലേക്കില്ല എന്ന വലിയൊരു തീരുമാനം അഞ്ചുവർഷം മു​മ്പ്, പ്രത്യേകമായ ഒരവസ്​ഥയിൽ​ ഭാവന എടുത്തിരുന്നു. ആ സാഹചര്യത്തിൽ നമ്മളെല്ലാം അവളോടൊപ്പമുണ്ടായിരുന്നു, അവൾ അനുഭവിക്കുന്നത് നേരിട്ട് കണ്ടും മനസ്സിലാക്കിയുമൊക്കെ. എന്നാൽ, എന്ത് സപ്പോർട്ടുണ്ടായാലും, എല്ലാവരും കൂടെയുണ്ട് എന്നു പറഞ്ഞാലും ആ വേദനയും സ്ട്രഗ്‌ളും അതേ തീവ്രതയിൽ അവൾക്കുമാത്രമേ മനസ്സിലാക്കാനാകൂ. അതുകൊണ്ടുതന്നെ ഈ സിനിമ റിലീസ്​ ചെയ്യുന്ന സമയത്ത്​, ഞാൻ പ്രധാനമായി കരുതുന്ന ഒരു കാര്യം; ഈ സിനിമയുടെ വിജയം മാത്രമല്ല. കടുത്ത വേദനയിലൂടെയും സ്​ട്രഗിളുകളിലൂടെയും കടന്നുപോയി, ഒരുപാട്​ കഠിനാധ്വാനം ചെയ്​ത്​ ഭാവന നേടിയെടുത്ത ഒരു പൊസിഷനുണ്ട്​. അതായത്​, ഒരു സെക്യൂരിറ്റി, ഒരു പൊസിഷൻ, സ്വന്തമായ വാല്യു- എന്റെ സ്​ഥാനം ഇവിടെയാണ്​, ഞാനിത്​ അർഹിക്കുന്നുണ്ട്​ എന്ന ഒരു പ്രഖ്യാപനം ഈ സിനിമയിലൂടെ നടക്കുന്നുണ്ട്​.

‘ന്റിക്കാക്കായ്‌ക്കൊരു പ്രേമണ്ടാർന്ന്​' എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ഭാവന, അതിശക്തമായ ഒരു രാഷ്ട്രീയ നിലപാടാണ് പൊതുസമൂഹത്തിന് കാണിച്ചുതരുന്നെന്നാണ് ഭാവനയുടെ സുഹൃത്തും ഗായികയുമായ സയനോര അഭിപ്രായപ്പെടുന്നത്.

  സയനോര
സയനോര

"" സമൂഹത്തെ ആകമാനം അവർ ഉടച്ചുവാർത്തെടുക്കുന്ന കാഴ്ചയാണ് നാം എല്ലാവരും കഴിഞ്ഞ അഞ്ചുവർഷമായി കണ്ടത്. അവളുടെ ധൈര്യവും ആത്മവിശ്വാസവും ഒരു ദിവസം കൊണ്ടുണ്ടായതല്ല. കളിച്ചുചിരിച്ചു നടന്നിരുന്ന ആ പെൺകുട്ടി ഇന്ന് ലോകത്താകമാനമുള്ളവർക്ക് ഒരുപാട് പ്രത്യാശ നൽകുന്ന ഒരാളാണ്. ‘എന്തുകൊണ്ട്​ ​എനിക്കുമാത്രം ഇത് സംഭവിച്ചു’ എന്ന് ഒരു ദിവസം അവൾ ചോദിച്ചപ്പോൾ കൊടുത്ത ഉത്തരം എനിക്കോർമയുണ്ട്​: ‘നിനക്കുമാത്രമേ അത് മറികടന്ന് മുന്നോട്ടുപോകാൻ പറ്റൂ, അതുകൊണ്ടാണ് നിനക്കുതന്നെ ഇത് സംഭവിച്ചത്.’ അവൾ ഒരു പ്രതീകമാണ്​, ആക്രമിക്കപ്പെട്ടവർക്കും ചൂഷണത്തിന് വിധേയരാവുന്നവർക്കും നിലനിൽപ്പിനെക്കുറിച്ചോർത്ത്​ വേവലാതിപ്പെടുന്നവർക്കും. ‘എനിക്ക് ഞാൻ ഉണ്ട്, എപ്പോഴും എന്റെ നീതിക്കുവേണ്ടി ഞാൻ നിലകൊള്ളുക തന്നെ ചെയ്യും’- അതാണ് അവളുടെ മുദ്രാവാക്യം''

കേരളത്തിലെ ഷൂട്ടിംഗ് സെറ്റിലേക്ക് തിരിച്ചുവരാനുള്ള ഭാവനയുടെ തീരുമാനം, ഇക്കാര്യത്തിൽ കേരളീയ സമൂഹത്തിലെ നിരവധി പേർ എടുത്ത ശരിയായ നിലപാടിന്റെ കൂടി പ്രതിഫലനമാണെന്ന് മാധ്യമപ്രവർത്തകയായ ധന്യ രാജേന്ദ്രൻ പറയുന്നു

   ധന്യ രാജേന്ദ്രൻ
ധന്യ രാജേന്ദ്രൻ

"" ഭാവന ഒരു അഭിമുഖത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്; തുടക്കത്തിൽ സിനിമയിലുള്ളവർ ഒറ്റക്കെട്ടായി തനിക്കുപിന്നിൽ അണിനിരന്നിരുന്നുവെന്നും എന്നാൽ, പിന്നീട് പതുക്കെപ്പതുക്കെ, ആക്രമണം തുടങ്ങിയെന്നും. അപവാദം പറച്ചിലുകൾ, ചിലപ്പോൾ നേരിട്ടും ചിലപ്പോൾ പരോക്ഷമായും ഉണ്ടായി. സഹപ്രവർത്തകരിൽനിന്നുതന്നെയുണ്ടായ ആ അനുഭവത്തിന്റെ ആദ്യ ഞെട്ടൽ മാറിയപ്പോൾ അവൾ ഒരു കാര്യം തിരിച്ചറിഞ്ഞു. അവരെല്ലാവരും പരസ്യമായി ‘നടിക്കൊപ്പം ഞാനുമുണ്ട്' എന്ന് വിളിച്ചുപറയുന്നുണ്ടെങ്കിലും, അവരിൽ എല്ലാവരും തന്നെ പിന്തുണക്കാനായി ഉണ്ടാകില്ല, അവരിൽ എല്ലാവരും തനിക്ക് നീതി ലഭിക്കണം എന്നാഗ്രഹിക്കുന്നവരുമല്ല. എന്നാൽ, ആ തിരിച്ചറിവിനുപോലും ഒരു മലയാളം സ്‌ക്രിപ്റ്റിന് ‘യെസ്' എന്നു പറയാൻ അവളെ പ്രേരിപ്പിച്ചില്ല, ബംഗളൂരുവിൽ താൻ കെട്ടിപ്പടുത്ത സമാധാനപൂർണമായ ജീവിതത്തിന് അത്​ വിഘാതമാകുമെന്ന് അവൾക്ക് തോന്നിയിരിക്കണം. സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തുവന്നതോടെ 2021 ഡിസംബറിൽ ചിത്രം അപ്പാടെ മാറി. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളുടെ തലക്കെട്ടുകളായി, അത് പുതിയ പോരാട്ടമുഖം സൃഷ്ടിച്ചു. ഒരു വശത്ത്, കോടതിയിൽ പുതിയതരം യുദ്ധമുറകൾ അരങ്ങേറുമ്പോൾ, മറുവശത്ത്, നീതി അട്ടിമറിക്കാൻ ഗൗരവകരവും നിരന്തരവുമായ നീക്കം നടക്കുന്നുവെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടായി. അതോടെ, ഭാവനക്കുള്ള പിന്തുണ വിപുലവും ശക്തവുമായി, മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിന് അത് അവർക്ക് പ്രേരണയാകുകയും ചെയ്തു. മലയാള സിനിമയുടെ കാലുഷ്യങ്ങളിലേക്കുള്ള ഈ തിരിച്ചുവരവ് സാധ്യമാക്കിയതും വിധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർക്കിടയിൽ സ്വന്തമായ ഒരിടം സ്ഥാപിച്ചെടുക്കാനായതും, അവളുടെ അസാമാന്യ ധൈര്യം മൂലമാണ്. ഇപ്പോൾ, അവൾക്ക് ഇത് ചെയ്യാൻ കഴിഞ്ഞാൽ, പിന്നെ നമ്മുടെ ഊഴമാണ്. അവൾക്കുവേണ്ടി ശബ്ദമുയർത്തിക്കൊണ്ടിരിക്കുക, അവൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുക. അവൾക്കുവേണ്ടി മാത്രമല്ല, ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കുവേണ്ടിയും''

സിനിമാരംഗത്തേക്കുള്ള ഉജ്ജ്വലമായ തിരിച്ചുവരവിലൂടെ നമ്മുടെ പെൺകുട്ടികൾക്ക് പ്രത്യാശയായി മാറുകയാണ് ഭാവനയെന്നാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായ സി.എസ് സുജാത അഭിപ്രായപ്പെടുന്നത്.

  സി.എസ് സുജാത
സി.എസ് സുജാത

""സാമൂഹികവും മാനസികവുമായ ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്​താണ്​ ഈ പെൺകുട്ടി മുന്നോട്ടുവന്നിരിക്കുന്നത്. ഒട്ടും എളുപ്പമായിരുന്നില്ല ഇതിലേക്കുള്ള യാത്ര എന്ന് ഉറച്ച ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ, എക്കാലത്തും ആക്രമിക്കപ്പെടാനും ഒതുക്കപ്പെടാനും വിധിക്കപ്പെട്ടവളല്ല സ്ത്രീ എന്ന പ്രഖ്യാപനം കൂടിയായാണ് ഈ ചുവടുവെപ്പിനെ ഞാൻ കാണുന്നത്. മലയാള സിനിമയുടെ ഭൗതിക സാഹചര്യങ്ങളെ അപ്പാടെ മാറ്റിമറിച്ച ഒന്നായിരുന്നു ഭാവനക്കുനേരെ നടന്ന ആക്രമണം. തമസ്‌ക്കരിക്കപ്പെട്ട നൂറായിരം പെൺകുട്ടികളുടെ കഥ പോലെ ഇതും മണ്മറഞ്ഞു പോകാനനുവദിക്കാതെ ധീരമായി പോരാടി എന്നതുതന്നെയാണ് ഭാവനയുടെ വിജയം. നൂറ്റാണ്ടുകൾ തുടർന്നുപോകുമായിരുന്ന പല ദുഷ് നാട്ടുനടപ്പുകളെയും നിവർന്നുനിന്ന് ചോദ്യം ചെയ്യാൻ അവർ തയ്യാറായി. ഇത്തരത്തിൽ അതിക്രമം നേരിടേണ്ടി വന്ന സ്ത്രീകൾക്ക്, അവർ ഒളിച്ചിരിക്കേണ്ടവരല്ല എന്ന ബോധ്യം പകരാൻ ഭാവനക്ക് സാധിച്ചിട്ടുണ്ട്. ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്​’ എന്ന സിനിമയിലൂടെയുള്ള ഈ തിരിച്ചുവരവ് മലയാളികൾ തീർച്ചയായും ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകർ. കാരണം, ഇത് ഒരു സിനിമ എന്നതിലുപരി ഒരു അതിജീവനം കൂടിയാണ്. അഭിനയസപര്യയിൽ ഏറെ ദൂരം മുന്നോട്ട് പോകാൻ ഭാവനക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു''

ഒരു കൂട്ടം മനുഷ്യർ ഒപ്പമുണ്ടായിരുന്നപ്പോഴും, ഭാവയുടേത് ഒരു ഒറ്റയാൾ പോരാട്ടമായിരുന്നെന്നും തളർന്നുവീണിടത്ത് നിവർന്നുനിൽക്കാനും ആത്മവിശ്വാസത്തോടെ തൊഴിലെടുക്കാനും അതിലൊക്കെ ആനന്ദം കണ്ടെത്താനും ആ പോരാട്ടത്തിലൂടെ അവൾക്ക് സാധിച്ചെന്നും ഭാവനയുടെ സുഹൃത്തും സിനിമാനടിയുമായ രമ്യനമ്പീശൻ പറയുന്നു.

    രമ്യനമ്പീശൻ
രമ്യനമ്പീശൻ

"" ഭാവന വളരെ പോസീറ്റീവ് ഔട്ട്‌ലുക്കുള്ള വ്യക്തിയാണ്. ഭാവനയുടെ കൂടെയിരിക്കുമ്പോൾ എല്ലാവർക്കും അനുഭവിക്കാൻ കഴിയുന്ന ഒരു കാര്യം, അവൾ വളരെ ലവിംഗ് പേഴ്‌സണാണ്. പൊസിറ്റീവായ കാര്യം അവളിൽനിന്ന് എപ്പോഴും പ്രസരിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരെ ശ്രദ്ധിക്കാനും കേൾക്കാനും കരുതലോടെ ചേർത്തുപിടിക്കാനുമൊക്കെ മനസ്സുള്ള ഒരാളാണ്. അത്രക്കും സെൽഫ് റെസ്‌പെക്ടും സെൽഫ്‌ലെസ്‌നസും ഉള്ളതുകൊണ്ടാണ് അവൾക്ക് ഈ രീതിയിൽ ഈ പ്രശ്‌നം കൈകാര്യം ചെയ്യാൻ പറ്റിയത്. ഭാവന വളരെ യുണിക് ആയ പേഴ്‌സണാലിറ്റിയാണ്. ഇത്ര വലിയ സംഭവം നടന്നപ്പോഴും, അതിന്റേതായ മാനസിക സംഘർഷങ്ങളും ചുറ്റുപാടും നിന്ന് എല്ലാതരം പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവന്നപ്പോഴും അവളുടെ അകത്തെ തീ ഇരട്ടിയായി ജ്വലിക്കുകയാണ് ചെയ്തത്. ഈ അവസ്ഥയിൽനിന്ന് അതിജീവിക്കണം, മുന്നോട്ടുപോകണം എന്ന മട്ടിലുള്ള അവളുടെ ആത്മബലം ഓരോ ദിവസവും ഞാൻ കണ്ടുകൊണ്ടിരുന്നതാണ്. എത്ര തകർന്നാലും, ആ പോയിന്റിൽനിന്നെഴുന്നേറ്റ് മുന്നോട്ടുപോകണം എന്ന ആത്മവിശ്വാസം അവളിലുണ്ടായിരുന്നു. ഞങ്ങൾ, സുഹൃത്തുക്കൾ ഒരു മീഡിയം മാത്രമായിരുന്നു. ബാക്കിയെല്ലാം അവൾ സ്വയം ചെയ്ത കാര്യങ്ങളാണ്, ഉള്ളിലുള്ള ഫയർ കൊണ്ടും സെൽഫ് റെസ്‌പെക്റ്റ് കൊണ്ടും''

ഭാവനയുടെ തിരിച്ചുവരവിനെ, ലോകത്തിനുതന്നെ മാതൃക എന്ന നിലയിൽ കാണാനാണ് തനിക്കിഷ്ടമെന്നാണ് രാഷ്ട്രീയപ്രവർത്തകയായ ഷാനിമോൾ ഉസ്മാൻ പറയുന്നത്

    ഷാനിമോൾ ഉസ്മാൻ
ഷാനിമോൾ ഉസ്മാൻ

"" ഏതുതരം പ്രതിസന്ധിയുണ്ടായാലും അതിൽ തളർന്ന് വീണ്ടും വീട്ടിലേക്ക്, അവരവരുടെ ഇടങ്ങളിലേക്ക് ചുരുണ്ടുകൂടുന്ന പ്രവണതയാണ് പൊതുവെ സ്ത്രീകൾക്കുണ്ടായിരുന്നത്. പക്ഷേ ആ ധാരണകളെയെല്ലാം ഭാവന തിരുത്തിയെഴുതുകയാണ്. അതിക്രമത്തിനുശേഷം ഭാവനയ്ക്കും നിരവധി പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് പല ഇന്റർവ്യൂകളിലൂടെയും മറ്റും നമ്മൾ കേട്ടതും അറിഞ്ഞതുമാണ്. എന്നാൽ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്, അതിജീവിച്ച്, അതിശക്തമായി തിരിച്ചുവരുന്ന ഭാവനയെ ഇരുകൈകളും നീട്ടി ഞാൻ സ്വാഗതം ചെയ്യുകയാണ്. "അതിജീവിത' എന്നത് ചെറിയൊരു വാക്കല്ല. ഒരുപാട് സ്ത്രീകളെ പ്രചോദിപ്പിച്ചുകൊണ്ടാണ് അവർ മുന്നോട്ടു പോകുന്നത്. അതിക്രമത്തിനുശേഷം കേസിന്റെ ഭാഗമായും മറ്റും പല തിരിച്ചടികളുണ്ടായപ്പോഴും അതിലൊന്നും തളരാതെ സധൈര്യം അവർ മുന്നോട്ടുപോയി. നിരവധി പേർ ഭാവനയ്ക്ക് പ്രോത്സാഹനവും പിന്തുണയും നൽകി കൂടെ നിന്നിരുന്നു. പക്ഷേ അതിനെല്ലാം അപ്പുറം, അതിക്രമങ്ങൾക്കെതിരെ സ്വയം നമ്മൾ എങ്ങനെ പോരാടുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അവർ തന്റെ മാനസികാരോഗ്യത്തെ പിടിച്ചുനിർത്തി നീതിക്കുവേണ്ടിയുള്ള ഈ നീണ്ട പോരാട്ടത്തിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകിയിരിക്കുന്നത്​. ഇനിയും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന സ്ത്രീകൾക്ക് അവർ നൽകിയ ഈ സന്ദേശത്തെ ഞാൻ അഭിനന്ദിക്കുകയാണ്. നാട്ടുമ്പുറത്തും നഗരങ്ങളിലുമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഭാവനയുടെ അതിജീവനം പ്രചോദനവും ഉത്സാഹവുമായി മാറുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.''

ഇരയിൽ നിന്ന്​ അതിജീവിതയിലേക്കുള്ള ഭാവനയുടെ പരിവർത്തനം സമൂഹത്തിന് പാഠമാകാവുന്നതാണെന്നും ഈ വിഷയത്തിൽ, സമൂഹത്തിന്റെ മനോഭാവത്തിൽ വലിയൊരു മാറ്റം കാണാൻ കഴിയുന്നുണ്ടെന്നും ഫെമിനിസ്റ്റും സാമൂഹിക പ്രവർത്തകവുമായ ഡോ.എ.കെ ജയശ്രീ അഭിപ്രായപ്പെടുന്നു

   ഡോ.എ.കെ ജയശ്രീ
ഡോ.എ.കെ ജയശ്രീ

""സ്വന്തം ഭാവനയിലൂടെയും ചിന്തയിലൂടെയും സ്ത്രീകൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന കാലത്തിലേക്ക് നമ്മൾ കടന്നുതുടങ്ങി. ഒരു പുരുഷന്റെ സംരക്ഷണയിൽ ചുരുണ്ടുകഴിയുന്നതിൽ നിന്ന മാറി പരസ്പരം ചുമലുകൾ ചേർത്തുനിൽക്കാൻ സ്ത്രീകൾ ശീലിച്ചുവരുന്നു. സ്ത്രീകൾ കരുത്ത് നേടുമ്പോൾ മുൻധാരണകൾ വച്ച് മെനയുന്ന ആണധികാരതന്ത്രങ്ങൾ അൽപ്പാൽപ്പം പതറിപ്പോകുന്നുണ്ട്. എന്തോ നഷ്ടപ്പെടാനുണ്ടെന്ന ഭീതിയിൽ സ്ത്രീകളെ കാലങ്ങളോളം പെടുത്താൻ പാട്രിയാർക്കിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, എന്ത് നഷ്ടപ്പെടാനാണെന്ന പെണ്ണിന്റെ മറു ചിന്തയിൽ ഇക്കാലമത്രയും കെട്ടിപ്പൊക്കിയ കപട മാനബോധം ഉടഞ്ഞു പോവുകയേ ഉള്ളൂ.



അത്യപൂർവ്വമായതും മലയാളികളെ ആകെ ഉലച്ചതുമായ ലൈംഗികാതിക്രമ ക്വട്ടേഷൻ കേസും അതോടുള്ള സമൂഹത്തിന്റെ പ്രതികരണവും മാറി കൊണ്ടിരിക്കുന്ന കേരളത്തിന്റെ ലിറ്റ്മസ് ടെസ്റ്റായി എടുക്കാവുന്നതാണ്. ഈ കേസിൽ വിധേയയായ യുവതിയുടെ ഉറച്ച തീരുമാനവും നിശ്ചയദാർഢ്യത്തോടെയുള്ള, മുന്നോട്ടുപോക്കും പൊതുബോധം മാറ്റിയെഴുതുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവരോടൊപ്പം നിന്നുകൊണ്ടും, വ്യക്തിപരമായ നഷ്ടം വകവക്കാതെയും സ്ത്രീകളുടെ അഭിമാനത്തിനും അവകാശത്തിനുമായി ഒരു വിഭാഗം സ്ത്രീകൾ തയാറായത് സിനിമയിലെ അധികാര ഘടനയിൽ വിള്ളലുണ്ടാക്കി. അവർ മുന്നോട്ടു വച്ച ‘അവൾക്കൊപ്പം' എന്ന ടാഗ് ഇപ്പോൾ ദൈനംദിന വ്യവഹാരങ്ങളുടെ ഭാഗമായി. സ്ത്രീകൾക്ക് അവരുടെ അനുഭവങ്ങൾ പറയുന്നതിന് നിയമവ്യവസ്ഥയും സ്ഥാപനങ്ങളും എങ്ങനെ എല്ലാം തടസ്സമാവുന്നു എന്നും അവർ സമൂഹത്തോട് പങ്കുവച്ചിട്ടുണ്ട്. പലരും മനം മടുത്ത് നിർത്തി പോകാവുന്നിടത്ത് വിധേയയായ യുവതി ഉറച്ചുനിന്ന് പോരാടിയത് എല്ലാവർക്കും വേണ്ടിയാണ്. അവർ പങ്കെടുത്ത വേദിയിൽ മുഴുവൻ ജനങ്ങളും എഴുന്നേറ്റു ആദരവ് പ്രകടമാക്കിയത് സ്ത്രീകളുടെ മൗനഭഞ്ജനത്തിനുള്ള, ഉറച്ച ശബ്ദത്തിനുള്ള പൊതുബോധത്തിന്റെ അംഗീകാരമായി കാണാം''

ഭാവന തലയുയർത്തിതന്നെ നിൽക്കണമെന്നും കുനിയേണ്ടത് തെറ്റ് ചെയ്തവരുടെ ശിരസ്സാണെന്നും എഴുത്തുകാരിയായ പ്രിയാജോസഫ് പറയുന്നു.

  പ്രിയാജോസഫ്
പ്രിയാജോസഫ്

""2017 ഫെബ്രുവരി 18 ന് വന്ന പത്രവാർത്ത വായിച്ചപ്പോൾ മനസ്സിൽ തോന്നിയത് ഇന്നും നല്ല ഓർമയുണ്ട്, രോഷം! അടക്കാനാവാത്ത രോഷം. ഈ വാർത്ത വായിച്ചപ്പോൾ മാത്രമല്ല, സ്ത്രീയുടെ നേരെയുള്ള ഏത് ആക്രമണത്തിന്റെ വാർത്ത വായിച്ചാലും ഉള്ളിലൊരു പ്രതിഷേധക്കടൽ അതിശക്തമായി ഇരമ്പാറുണ്ട്. പിന്നീട് നടക്കാൻ സാദ്ധ്യതയുള്ള വിക്റ്റിം ഷേമിംഗും, ആക്ഷേപങ്ങളും, കുറ്റപ്പെടുത്തലുകളും ഭാവനയെ തളർത്തരുതേ എന്നൊരു നിശ്ശബ്ദ പ്രാർത്ഥന മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു. അവർക്കുചുറ്റും കോട്ട പോലെ നിന്നിരുന്ന കുടുംബാംഗങ്ങളെക്കുറിച്ചും സുഹൃത്തുക്കളെകുറിച്ചും വായിച്ചപ്പോൾ ആശ്വാസം തോന്നിയിരുന്നു. ഭാവന നടത്തിയ ഈ യാത്ര ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് നന്നായി അറിയാം. പക്ഷെ അവർ കാണിച്ച ധൈര്യം എത്ര പെൺകുട്ടികളിലേയ്ക്ക് പടർന്നിട്ടുണ്ടാവണം . ഞാൻ ഇരയല്ല, അതിജീവിതയാണ് എന്ന് ആ പെൺകുട്ടി പ്രഖ്യാപിച്ചപ്പോൾ എത്രപേർക്കാണ് അത് പ്രത്യാശ കൊടുത്തത്. അതിനുശേഷം 2023 ഫെബ്രുവരിയിലെത്തുമ്പോൾ, ‘We messed with the wrong kind of girl ' എന്ന് ആക്രമിച്ചവർക്കും ആക്രമിക്കാൻ പ്രേരണ കൊടുത്തവർക്കും തോന്നുന്നതുപോലെയാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. പുതിയ സിനിമ തീർച്ചയായും കാണും എന്ന് ഉറപ്പോടെ പറയുന്നത് ഒരു നിലപാടുകൂടിയാണ്.

കഴിഞ്ഞുപോയ അഞ്ചുവർഷങ്ങൾ അത്യപൂർവമായ സഹനത്തിന്റെയും പ്രതിരോധത്തിന്റെയും പരീക്ഷണഘട്ടം കൂടിയായിരുന്നെന്നും ഭാവനയുടെ തിരിച്ചുവരവിൽ അതീവ സന്തോഷമുണ്ടെന്നും ഭാവനയുടെ സുഹൃത്തും സിനിമാനടിയുമായ മൃദുല മുരളി പറയുന്നു

  മൃദുല മുരളി
മൃദുല മുരളി

""അഞ്ചു വർഷങ്ങൾക്കുശേഷമിതാ, മോളിവുഡിൽ അവൾ പുതിയ റിലീസിന് ഒരുങ്ങുകയാണ്. ഇതിലുമധികം എനിക്ക് ആഹ്ലാദിക്കാനാകുന്നില്ല, അഭിമാനിക്കാനാകുന്നില്ല. കഴിഞ്ഞ അഞ്ചുവർഷമായി തനിക്കുവന്ന എല്ലാ ഓഫറുകളും അവൾ നിരസിക്കുന്നതുകണ്ട് നിരാശ തോന്നിയ ഒരാളാണ് ഞാൻ. എങ്കിലും സുഹൃത്ത് എന്ന നിലയിൽ, അവൾ കടന്നുപോയിരുന്ന വൈകാരികാവസ്ഥയുടെ അതിതീവ്രമായ ആഘാതങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു. കഴിഞ്ഞുപോയ അഞ്ചുവർഷങ്ങൾ അത്യപൂർവമായ സഹനത്തിന്റെയും പ്രതിരോധത്തിന്റെയും പരീക്ഷണഘട്ടം കൂടിയായിരുന്നു, ഇപ്പോഴും അതേ. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും, താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു കാര്യം ചെയ്യുന്നതിൽനിന്ന് എന്തിന് അവൾ മാറിനിൽക്കണം? അവൾ ഒരു താരം തന്നെയാണ്, സ്‌ക്രീനിലും പുറത്തും''


Summary: പൊതുഇടങ്ങളിലെയും തൊഴിലിടങ്ങളിലെയും സ്ത്രീ അനുഭവങ്ങളുടെ സങ്കീർണതകൾക്കെതിരായ, തുല്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഉജ്വലമായ സ്ത്രീ മുന്നേറ്റങ്ങൾക്കൊപ്പം ഇടംപിടിക്കുന്ന ഭാവനയുടെ പ്രതിരോധത്തെ അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളോട് കൂടി അടയാളപ്പെടുത്തുകയാണ് വ്യത്യസ്തമേഖലകളിൽ നിന്നുള്ള സ്ത്രീകൾ.


Comments