ലൈംഗികാക്രമണം, റേപ്പ്, മീടു തുടങ്ങിയവ സംഭവങ്ങളും കേസുകളുമായും ബന്ധപ്പെട്ട്, സ്ത്രീകൾക്കെതിരായി ആരോപിക്കപ്പെടുന്ന ഒന്നാണ് കൺസെൻറ് അഥവാ സമ്മതം എന്ന കാര്യം. പൊതുസമൂഹത്തിനു മാത്രമല്ല, കോടതികൾക്കുപോലും ഈ വിഷയത്തിൽ വ്യക്തതയില്ലെന്ന് ചില സമീപകാല വിധികൾ തന്നെ തെളിയിക്കുന്നു. അതിന്റെ ഫലമായി പരാതികളുന്നയിച്ച് ധീരമായി രംഗത്തുവരുന്ന സ്ത്രീകൾ പ്രതിക്കൂട്ടിലാക്കപ്പെടുന്ന സ്ഥിതിയുണ്ടാകുന്നു. ഈ സാഹചര്യത്തിൽ, എന്താണ് റേപ്പ്? എന്താണ് സമ്മതം അഥവാ കൺസൻറ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ട്രൂ കോപ്പി തിങ്ക് സംഘടിപ്പിച്ച സംഭാഷണത്തിന്റെ ലിഖിതരൂപം.
മനില സി. മോഹൻ: ഒരു സ്ത്രീയുടെ ശരീരത്തിനുമേലുള്ള സ്വയംനിർണയാവകാശം ആ സ്ത്രീക്കു മാത്രമാണ് എന്നൊരു ബോധ്യത്തിലേക്ക് നമ്മുടെ പൊതുസമൂഹം പരുവപ്പെട്ടിട്ടില്ല. കുറച്ചുകാലമായി, സ്‌ത്രീകൾ വളരെ ധൈര്യത്തോടെ, അവരുടെ ശരീരത്തിനുമേൽ നടക്കുന്ന ലൈംഗികമായ കടന്നാക്രമണങ്ങളെക്കുറിച്ച് പുറത്തുപറയാൻ ധൈര്യപ്പെടുന്നുണ്ട്. എല്ലാവരുമല്ല, ഒരു ന്യൂനപക്ഷം. ‘മീടു മൂവ്‌മെൻറ്’ എന്ന പ്രസ്ഥാനം വളരെയധികം മുന്നിലേക്കുപോയിട്ടുണ്ട്. അത് തുടങ്ങിയ സാഹചര്യം മറ്റുപലതാണെങ്കിൽ പോലും, അത് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത് പുരോഗമനപരമായി തന്നെയാണ്. എന്താണ് റേപ്പ്? എന്താണ് സമ്മതം അഥവാ കൺസൻറ് എന്ന വിഷയമാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചുമുള്ള വ്യക്തതയില്ലായ്മ മാധ്യമങ്ങൾക്കുണ്ട്, പൊതുസമൂഹത്തിനുണ്ട്, നിയമസംവിധാനങ്ങൾക്കുണ്ട്, സമൂഹത്തിൽ ഇടപെടുന്ന, അതിനെ കുറിച്ച് സംസാരിക്കുന്ന ആളുകൾക്കൊക്കെയുണ്ട്. കേരത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാളായ ഡോ. എ.കെ. ജയശ്രീ, നിയമ വിദഗ്ധയും അഡ്വക്കേറ്റുമായ പി.എം. ആതിര എന്നിവരാണ് ഈ ചർച്ചയിൽ പങ്കെടുക്കുന്നത്.
ആദ്യം ഡോ. ജയശ്രീലേക്ക് വരാം. കഴിഞ്ഞ കുറച്ചുകാലമായി, മീടു മൂവ്മെന്റിന്റെ ഭാഗമായി, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ഒരു പ്ലാറ്റ്‌ഫോം കിട്ടിയ അവസരത്തിലൊക്കെ ഒരുപാടു സ്ത്രീകൾ, പെൺകുട്ടികൾ ലൈംഗികമായ കടന്നാക്രമണത്തെക്കുറിച്ച് പുറത്തുപറയുന്നുണ്ട്, അവരുടേതായ ഭാഷയിൽ. ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടല്ല പലപ്പോഴും ഇത് പറയുന്നത്. എന്നാൽ, മറ്റുചിലപ്പോൾ ഐഡന്റിറ്റി വെളിപ്പെടുത്തി തന്നെ പറയുന്നുമുണ്ട്. ഡോക്ടറുടെ എക്സ്പീരിയൻസ് വെച്ച്, ഒരുപാട് വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന രീതിയിൽ, എങ്ങനെയാണ് ഈയൊരു മൂവ്‌മെൻറിനെ, ഈയൊരു തുറന്നുപറച്ചിലിനെ കാണുന്നത്?
ഡോ.എ.കെ.ജയശ്രീ: സ്ത്രീകൾക്ക് ഇത് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിനുമേലുള്ള അവകാശം നമുക്കുണ്ടെന്ന കാര്യം സ്ത്രീകൾക്ക് മനസ്സിലായി തുടങ്ങി, കുറച്ച് സ്ത്രീകൾക്കെങ്കിലും. പക്ഷെ, പൊതുസമൂഹത്തിനും പുരുഷമേധാവിത്വപരമായി ചിന്തിക്കുന്ന ആളുകൾക്കും അത് മനസ്സിലാകുന്നില്ല എന്നിടത്താണ് ഈയൊരു വൈരുദ്ധ്യം നിലനിൽക്കുന്നത്. പണ്ടുകാലത്തും ബലാത്സംഗം, റേപ്പ് എന്ന കോൺസെപ്റ്റ് ഉണ്ട്. അത്, പലപ്പോഴും മാനഭംഗം എന്ന രീതിയിലും കൂടിയാണ് പറയുന്നത്.
മനില.സി.മോഹൻ: ഇപ്പോഴും അങ്ങനെ ഉപയോഗിക്കുന്ന മാധ്യമങ്ങളുണ്ട്.
ഡോ. എ.കെ. ജയശ്രീ: നമ്മുടെ ശരീരത്തിനുമുകളിലുള്ള ആക്രമണം എന്ന രീതിയിൽ ഒന്നുമല്ല ഇതിനെ കാണുന്നത്. ചരിത്രപരമായിട്ടുതന്നെ, പുരുഷന്മാരുടെ സ്വത്താണ് സ്ത്രീകൾ എന്ന രീതിയിലാണല്ലോ പരിഗണിച്ചിട്ടുള്ളത്. അപ്പോൾ നമ്മുടെ സ്ത്രീകളുടെ മാനം പോയി എന്ന് പുരുഷന്മാർ അങ്ങോട്ടുമിങ്ങോട്ടും പറയുന്ന ഒരു കാര്യമാണ്. അതുകൊണ്ടാണ്, യുദ്ധത്തിലൊക്കെ, കീഴടക്കാൻ പോകുന്ന സമയത്ത്, സ്ത്രീകളെ കൈവശപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി കാണുന്നത്. ആ രീതിയിലുള്ള വ്യവഹാരങ്ങളാണ് നടന്നിട്ടുള്ളത്.
മനില: സ്ഥലം ഏറ്റെടുക്കുന്നതു പോലെയാണ് സ്ത്രീകളെയും ഏറ്റെടുത്തിരുന്നത്.
ജയശ്രീ: അതെ, സ്ത്രീകൾക്കു മുകളിൽ അവകാശം സ്ഥാപിക്കുക. അത് വളരെ ആഴത്തിൽ കിടക്കുന്ന ഒരാശയമാണ്. അത് എത്ര മാറിയിട്ടുണ്ട് എന്നാണ് പരിശോധിക്കേണ്ടത്. റേപ്പ് എന്ന് പറയുമ്പോൾ തന്നെ, ആധുനിക നിയമത്തിൽ പുതിയ വ്യവഹാരങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ടാണ് വീണ്ടും ഭേദഗതികൾ കൊണ്ടുവന്ന് അതിന്റെ നിർവചനങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത്. പുതിയൊരു ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വന്നിട്ടുള്ളതെങ്കിലും, ഓരോരോ കേസും സംഭവങ്ങളും നടക്കുമ്പോൾ, ഓരോ സ്ത്രീകളും വന്ന് ഇത് പറയുമ്പോൾ, അത് വീണ്ടും വീണ്ടും നമ്മളെ ഓർമിപ്പിക്കുകയാണ്. ഇത് പറയുന്ന, പുറത്തു കൊണ്ടുവരുന്ന സ്ത്രീകൾക്ക് അനുഭവിക്കേണ്ടിവരുന്നത് ഒരു ചലഞ്ച് തന്നെയാണ്. The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) എന്ന നിയമം നോക്കിയാലറിയാം. ഇന്റേണൽ കംപ്ലയിൻറ്സ് കമ്മിറ്റികളെക്കുറിച്ചൊക്കെ ഒരുപാട് ചർച്ച നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് സ്ഥാപനങ്ങളിൽ ഇത് ഇല്ലാത്തത്? ഉള്ളപ്പോൾ തന്നെ എത്രപേർക്ക് ഇത് തുറന്നുപറയാൻ പറ്റുന്നുണ്ട്?
കുറ്റാരോപിതനായ പുരുഷന്മാർ ആദ്യം പറയുക, ഈ സ്ത്രീ മോശമാണ് എന്നാണ്. അത് പറയുന്നതിന് ഒരുളുപ്പുമില്ല. അത് ആവർത്തിച്ചു കൊണ്ടിരിക്കും. ഈ പെൺകുട്ടിക്ക് വേറൊരു പ്രേമമുണ്ട് എന്നൊക്കെ പറയും.
എനിക്ക് അത്തരം ഒരുപാട് അനുഭവങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിൽ, റേപ്പ് നടന്ന സംഭവത്തിൽ പോലും പാരൻറ്സ് തന്നെ വന്നുപറയും, ഇത് പരാതിയാക്കേണ്ട എന്ന്. എന്താണ് ചെയ്യണ്ടത് എന്നതിൽ കുട്ടികളും ആകെ കൺഫ്യൂസ്ഡ് ആയിരിക്കും. സൂര്യനെല്ലിയിലെ പെൺകുട്ടി മുതൽ അനുഭവിച്ചിട്ടുള്ള കാര്യങ്ങൾ വച്ച് നോക്കുമ്പോൾ, നമുക്ക് ഒന്നും പറയാനും പറ്റില്ല. സ്ത്രീ, അല്ലെങ്കിൽ പെൺകുട്ടി ഏറ്റവും അപമാനിതയായ ആളാണ്. വീണ്ടും വീണ്ടും അപമാനിതയാവുന്ന ഒരവസ്ഥയാണ്. അതാണ് ഏറ്റവും വലിയ പ്രശ്‌നം. ഞാൻ പലതവണ ഇത്തരം കംപ്ലയിൻറ്സ് കമ്മിറ്റികളിൽ ഇരുന്നിട്ടുണ്ട്. കുറ്റാരോപിതനായ പുരുഷന്മാർ ആദ്യം പറയുക, ഈ സ്ത്രീ മോശമാണ് എന്നാണ്. അത് പറയുന്നതിന് ഒരുളുപ്പുമില്ല. അത് ആവർത്തിച്ചു കൊണ്ടിരിക്കും. ഈ പെൺകുട്ടിക്ക് വേറൊരു പ്രേമമുണ്ട് എന്നൊക്കെ പറയും. വിദ്യാർഥികളാണെങ്കിൽ അവർക്ക് പ്രേമമുണ്ടെന്ന് പറയുന്നതുതന്നെ കുറ്റമാണ്. എല്ലാം സ്ത്രീയുടെ കുറ്റമായിട്ടാണ് കാണുന്നത്.
‘നല്ല സ്ത്രീ’ എന്ന് പറയുന്ന ഒന്നുണ്ടല്ലോ. അതായത്, താലി കെട്ടി ഒരു പുരുഷനെ മാത്രം സേവിച്ച് കഴിയുന്ന ഒരു സ്ത്രീ. അങ്ങനുള്ള സ്ത്രീ അല്ല എന്നുണ്ടെങ്കിൽ, അവരുടെ മുകളിൽ ആർക്കും എപ്പോൾ വേണമെങ്കിലും ആധിപത്യം സ്ഥാപിക്കാമെന്നാണ് ആളുകൾ ഉറച്ചു വിശ്വസിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നത്. നിർഭയ കേസിലാണെങ്കിലും അങ്ങനെയാണല്ലോ കുറ്റാരോപിതരായവർ തന്നെ പറഞ്ഞിരുന്നത്.
മനില : രാത്രി ഇറങ്ങിനടന്നിട്ടല്ലേ എന്ന രീതിയിൽ
ജയശ്രീ: അതെ, സ്ത്രീ അത് അർഹിക്കുന്നു എന്നുള്ളതാണ്. അത് ഏറ്റക്കുറച്ചിലോടുകൂടി നമ്മുടെയെല്ലാവരുടെയും ഉള്ളിൽ കിടക്കുന്നുണ്ട്. അത്ര പ്രൊട്ടക്ടഡ് ആയാണ് സ്ത്രീകളെ കൊണ്ടുനടക്കുന്നത്. നമ്മൾ വിചാരിക്കും, സുരക്ഷ എന്നുപറഞ്ഞാൽ ഭയങ്കര സ്‌നേഹം കൊണ്ടുള്ളതാണെന്ന്. അത് ദിവസവും നമ്മൾ ഫേസ് ചെയ്യുന്നതാണല്ലോ. പ്രത്യേകിച്ച് സ്റ്റുഡൻറ്സായപെൺകുട്ടികൾക്കൊക്കെ ഹോസ്റ്റലിലുള്ള ഒരു പ്രൊട്ടക്ഷനുണ്ട്. ‘നിങ്ങൾ അഞ്ച് മണിക്കോ ആറു മണിക്കോ കേറൂ...’ എന്നു പറയും. അത്, അവരെ "രക്ഷിക്കാനാണ്'. അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ കൂടെവരും. കേടായി പോകുന്ന ഒരു സാധനത്തിനെ കൊണ്ടുനടക്കുന്നപോലെയാണ്. നമ്മൾ എപ്പോഴും ഒരു "ചീത്ത സ്ത്രീ'യെ മുന്നിൽ വെക്കുകയാണ്. അതിലേക്ക് നീ പോകരുത് എന്ന് പറയുകയാണ്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെതന്നെ നമ്മൾ ഉൾക്കൊള്ളുന്നതാണ് ഈയൊരു ബോധം. നമ്മുടെ ശരീരത്തിന്റെ മുകളിൽ നമുക്ക് അവകാശമുണ്ട്, അല്ലെങ്കിൽ സ്ത്രീക്ക് കാമനകളുണ്ട്, സ്ത്രീയ്ക്ക് ലൈംഗികതയുണ്ട് എന്നതിനെയൊക്കെ നമ്മൾ പാടേ നിഷേധിക്കുകയാണ്. അതുകൊണ്ടുതന്നെയാണ്, സ്ത്രീകൾക്ക് ലൈംഗികത എത്രത്തോളം ആസ്വദിക്കാൻ പറ്റുമെന്നുതന്നെ പലപ്പോഴും നമുക്ക് പറയാൻ പറ്റാത്തത്. എപ്പോഴും ഇങ്ങനെ ഒരുപാട് ഭക്ഷണം കുത്തിക്കയറ്റിക്കൊണ്ടിരുന്നാൽ വിശപ്പുണ്ടാകില്ലല്ലോ. അതുപോലെയാണ്, എപ്പോഴും ലൈംഗിക വസ്തുവായി കണ്ടുകൊണ്ടിരുന്നാൽ പിന്നെ എങ്ങനെയാണ് ആസ്വദിക്കാൻ പറ്റുന്നത്? യഥാർത്ഥത്തിലുള്ള താല്പര്യം എന്താണ് എന്നുപോലും സ്ത്രീകൾക്ക് തിരിച്ചറിയാനാവില്ല. എപ്പോഴും ഭയത്തിൽ കഴിയുക മാത്രം.
മനില: ലൈംഗികത എന്നത് ആസ്വാദനത്തിനപ്പുറം ഭയമായി മാറുകയാണ്.
ജയശ്രീ: അതുകൊണ്ടാണ് എന്താണ് കൺസെൻറ്, എപ്പോഴാണ് കൺസെൻറ് കൊടുക്കുന്നത് എന്നതിലൊക്കെ സങ്കീർണത നിലനിൽക്കുന്നത്.
മനില: ആതിര, IPC യിലെ റേപ്പിന്റെ നിർവചനത്തെക്കുറിച്ച്, വിമർശനന്മകമായി പറയാറുണ്ട് പുരുഷ നോട്ടത്തിൽ എഴുതി വച്ച റേപ്പിന്റെ നിർവചനമാണ് അത് എന്ന്. നിർഭയ കേസിനൊക്കെ ശേഷമാണ്, റേപ്പിന്റെ പരിധിയിൽ എന്തൊക്കെ വരാം എന്ന വിപ്ലവാത്മകമായ ഭേദഗതി വരുന്നത്. ഇതിന്റെ ചരിത്രം ഒന്ന് പറയാമോ. എങ്ങനെയൊക്കെയാണ് ഈ കാഴ്ച ആക്ടിൽ മാറിവരുന്നത്?
അഡ്വ: പി.എം. ആതിര: ഒന്ന്, സ്ത്രീയുടെ ശരീരത്തിനുനേരെ നടക്കുന്ന അതിക്രമം എന്ന നിലക്ക്, കൂടിയ നിലക്കുള്ള അതിക്രമം എന്ന നിലക്കാണ് റേപ്പിനെ നിർവചിച്ചിരിക്കുന്നത്. IPC 375 ൽ പെനിട്രേറ്റീവ് സെക്ഷ്വൽ ഒഫൻസ് നടക്കണം എന്നാണ് കൃത്യമായി പറയുന്നത്. പിന്നീടാണ് അതു മാത്രമല്ല റേപ്പ് എന്ന നിലയിലേക്കു മാറുന്നത്. പിന്നീട് പലഘട്ടങ്ങളിലായി നടന്ന ക്രിമിനൽ നിയമ ഭേദഗതിയുടെ ഭാഗമായിട്ടാണ് "പെനിട്രേറ്റീവ് സെക്ഷ്വൽ ഒഫൻസ്' മാത്രമല്ല, ‘അൺഡ്രസിങ് ഓഫ് എ വുമൺ’ ഉൾപ്പെടെ ഇതിന്റെ ഭാഗമായി മാറും എന്നു വന്നത്. സ്വകാര്യ ഭാഗങ്ങൾ സ്പർശിക്കുന്നതും ആ രീതിയിൽ കൺസൻറ് ഇല്ലാതെ സെക്ഷ്വൽ ഇൻടെൻഷനോടുകൂടി ചെയ്യുന്നതുമൊക്കെയായ കാര്യങ്ങൾ "അറ്റംപ്റ്റ് ഓഫ് റേപ്പ്' ൽ മാത്രമായിരുന്നു മുമ്പുണ്ടായിരുന്നത്. അതും കൂടി കുറ്റകൃത്യത്തിന്റെ പരിഗണനയിലേക്ക് വരുന്നത് ഈ ക്രിമിനൽ ദേഭഗതിയുടെ ഭാഗമായിട്ടാണ്. സെക്ഷൻ 375 ന്റെ നിർവചനത്തിനകത്തുതന്നെ പറയുന്നുണ്ട്, ഒരു പുരുഷൻ ഒരു സ്ത്രീയുടെ മീതെ നടത്തുന്ന റേപ്പ് എന്താണ്? ഏതുരീതിയിലുള്ള ഇന്റർകോഴ്‌സാണ് റേപ്പ് ആയി മാറുന്നത് എന്ന്. ഒന്ന്- "എഗൈൻസ്റ്റ് ഹേർ വിൽ ' ആണ്. താല്പര്യത്തിനെതിരായി. മറ്റൊന്ന്, "വിത്ത്ഔട്ട് ഹേർ കൺസെൻറ്', സമ്മതമില്ലാതെ. മൂന്നാമത്, "വിത്ത് ഹേർ കൺസെൻറ്, ദ കൺസെൻറ് വാസ് ഒബ്‌ടെയിൻഡ് ബൈ പുട്ടിങ്ങ് ദ വിക്ടിം ഇൻ ഫിയർ'. പേടിപ്പെടുത്തി വാങ്ങുന്ന കൺസെൻറ്. അതിനകത്ത് പേടിയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. മറ്റ് തരത്തിലുള്ള പ്രലോഭനങ്ങൾ വരുന്നില്ല. പിന്നെ പറയുന്നത്, "വിത്ത് ഹേർ കൺസൻറ്, ബട്ട് വെൻ ദ വിമൺ ബിലീവ്ഡ് ദാറ്റ് ഹി വാസ് ഹേർ ഹസ്ബൻറ്, ബട്ട് ഹി വാസ് നോട്ട് '. ഭർത്താവ് ആണെന്ന ധാരണയിൽ, പക്ഷെ അയാൾ ഭർത്താവ് അല്ലെങ്കിൽ. ലിവിൻ റിലേഷൻഷിപ്പിലുള്ള കേസ് വരുമ്പോഴുള്ള പ്രയാസം എന്താണെന്നുവെച്ചാൽ, അവർക്ക് അറിയാമല്ലോ ഭർത്താവ് അല്ല എന്നത്. പക്ഷെ ഭർത്താവ് ആണെന്ന് കരുതിയിട്ടുമാണെന്ന് നമുക്ക് പറയാൻ പറ്റില്ല. കാരണം, മുതിർന്ന വ്യക്തികൾക്ക് അറിയാമല്ലോ ഞങ്ങൾ കല്ല്യാണം കഴിച്ചിട്ടില്ല എന്നത്. അയാൾ ഭർത്താവ് അല്ല എന്നറിഞ്ഞിട്ടുതന്നെയാണ് എന്നുവരുമ്പോൾ ഈ ക്ലോസിനകത്തേക്ക് കൊണ്ടുവരുന്നത് വലിയ പ്രയാസമാണ്. ‘മാര്യേജ് ലൈക്ക് റിലേഷൻഷിപ്പ്’ വന്നുകഴിഞ്ഞാലുള്ള ഒരു പ്രയാസമിതാണ്. അത് റേപ്പ് ആണെന്ന കണ്ടൻഷനിലൊന്നും പിന്നീട് പരാതിപ്പെടാൻ പറ്റുന്നില്ല. പിന്നെ കൺസെൻറ് ഒബ്‌ടെയിൻഡ്, എങ്ങനെയാണ് എന്നുള്ളത്. ലഹരിയിലോ മനസ്സിലാക്കാൻ പറ്റാത്ത അന്തരീക്ഷത്തിലോ വാങ്ങുന്ന കൺസെന്റും കൺസെന്റല്ല എന്ന് പറയുന്നുണ്ട്. പിന്നെ, 16 വയസ്സിനു താഴെ -18 വയസ്സിനുതാഴെ എന്നത് മാറ്റി - ഈ കാര്യത്തിൽ കൺസെൻറ് ഉണ്ട് എന്ന് പറഞ്ഞാലും അത് കൺസെൻറ് അല്ല.
ഈ നിർവചനങ്ങളിലൊക്കെ വരുന്ന ഒരു പ്രത്യേക വാക്ക് കൺസെൻറ് എന്ന് തന്നെയാണ്. വില്ലിങ്‌നെസ്സിനും മറ്റു കാര്യങ്ങൾക്കും അപ്പുറത്തേക്ക് കൺസൻറ് ഒരു പ്രധാന വിഷയമായി എല്ലാ റേപ്പ് കേസിലും വരുന്നുണ്ട്. 18 വയസ്സിന് താഴെയുള്ള കുട്ടിയെ സംബന്ധിച്ചു മാത്രമേ കൺസൻറ് ഒരു ഇഷ്യു അല്ലാത്ത രീതിയിൽ വരുന്നുള്ളു. ബാക്കിയെല്ലാത്തിലും ഡിഫൻസ് എടുക്കുന്ന ഒരു പിടിവള്ളി കൺസെൻറ് ആണ്. അതിങ്ങനെ കൃത്യമായി പറയുന്നുണ്ട്: "Consent means an unequivocal voluntary agreement when the woman by words, gestures or any form of verbal or non-verbal communication, communicates willingness to participate in the specific sexual act.’
ഏകപക്ഷീയമായ ഒരു അധികാരസ്ഥാനത്തിരുന്നുകൊണ്ടുള്ള ഒന്ന് ആവരുത് എന്ന് കൃത്യമായി പറയുന്നുണ്ട്. സ്വമേധയാ, താല്പര്യത്തോടുകൂടി നടത്തുന്ന ഒരു എഗ്രിമെൻറ് ആയിരിക്കണമെന്ന് പറയുന്നുണ്ട്. ആ വില്ലിങ്‌നെസ്സ് കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്ന് പറയുന്നുണ്ട്. അതൊക്കെ 375(2)വിനകത്ത് പറയുന്നുണ്ട്.
പുരുഷന്മാരെ നമ്മൾ എപ്പോഴും പ്രൊട്ടക്ട് ചെയ്യും. പുരുഷന്മാർ അങ്ങനെയാണ് എന്ന് ലാളിക്കും. സ്ത്രീകൾ സൂക്ഷിക്കേണ്ടതല്ലേ എന്നല്ലേ നമ്മൾ പഠിപ്പിച്ച് വിടുന്നത്. ഇത്തരത്തിൽ പഠിച്ച് വന്നവരാണ് ഈ അധികാര സ്ഥാനങ്ങളിലെല്ലാം.
സെക്ഷൻ 90 IPC ക്കകത്തും കൺസെൻറ് എന്താണെന്നത് കുറച്ചു കൂടി വ്യക്തമായി പറയുന്നുണ്ട്. ഇതൊക്കെയുണ്ടെങ്കിലും പലപ്പോഴും കേസുകൾ വരുന്ന സമയത്ത്, കോടതി മുറിക്കകത്ത്, കൺസെൻറ് എന്നത് വളരെ കൺഫ്യൂസ് ചെയ്യിക്കാൻ പറ്റുന്ന ഒരു സംവിധാനം തന്നെയായി നിൽക്കുകയാണ്. നിർഭയ കേസിനു മുൻപ് ഈ വിഷയം ചർച്ച ചെയ്തത് മഹാരാഷ്ട്രയിൽ നിന്ന് വന്ന ഒരു കേസിനകത്തായിരുന്നു. മധുര എന്ന പെൺകുട്ടി (അന്ന് 228 എ അത്ര കർശനമല്ലാത്തതുകൊണ്ട് പേരൊക്കെ എല്ലാവർക്കുമറിയാം. ഇപ്പോഴാണല്ലോ വിക്ടിം ഐഡന്റിറ്റി വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമം കർശനമായത്) ഒരു പ്രണയവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ പരാതിപ്പെടാൻ പോകുന്നു. പോലീസ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശ്രമിക്കുന്നു. എന്നിട്ട് ബാക്കിയുള്ളവരോട് പോവാൻ പറയുന്നു. ഈ പെൺകുട്ടിയോട് അവിടെ നിൽക്കാൻ പറയുന്നു. രണ്ട് പോലീസ് ഓഫീസർമാർ കുട്ടിയെ ക്രൂരമായി ലൈംഗികാക്രമണത്തിന് വിധേയയാക്കുന്നു. ഠാക്കൂറാമും വേറൊരു പോലീസുകാരനും ചേർന്നാണിത് ചെയ്തത്. "ഠാകൂറാം vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര' എന്ന ഈ കേസ് കീഴ്ക്കോടതി വെറുതെവിട്ടു. ഹൈക്കോടതി ശിക്ഷിച്ചു. സുപ്രീംകോടതിയിൽ പോയപ്പോൾ സുപ്രീംകോടതി ചോദിച്ചത് പഴയ സിനിമകളിലെ അതേചോദ്യം തന്നെയാണ്: ‘നോ സൈൻ ഓഫ് ഇഞ്ചുറി, നോ സ്ട്രഗിൾ, സൊ ഇറ്റ് ഈസ് എ കൺസന്റഡ് സെക്സ്. ഷി ഡിഡിൻറ് റൈസ് ആൻ അലാം.’ ഉറക്കെ നിലവിളിച്ചില്ല എന്ന പഴയ സിനിമയിലൊക്കെ പറയുന്ന അതേ ഡയലോഗാണ് സുപ്രീം കോടതി പറഞ്ഞത്.
നീതിന്യായവ്യവസ്ഥയുടെ പരിമിതി മറികടക്കാൻ സമൂഹത്തിന്റെ ഇടപെടലുകൾക്ക് സാധിക്കും എന്നതിന്റെ വലിയ ഉദാഹരണമാണ് 1983ൽ നടന്നത്. മധുര റേപ്പ് കേസിൽ സുപ്രീംകോടതി പറഞ്ഞ നിലപാടുകൾ, ഈ നിലവിളി ഇല്ലെങ്കിൽ, പരിക്കില്ലെങ്കിൽ അത് കൺസെൻറ് ആണെന്ന് പറയുന്നത് എത്രമാത്രം സ്ത്രീവിരുദ്ധവും മനുഷ്യത്വ വിരുദ്ധമാണെന്നുള്ളത് ഒരു പൊതു വിഷയമായി ഉയർന്നു വന്നു. ഇന്ത്യൻ എവിഡൻസ് ആക്ടിൽ 1983ലെ അമൻമെൻറ് കൊണ്ടുവരുന്നത് അതിനുശേഷമാണ്. അതിനകത്ത് പറയുന്നുണ്ട്, സ്ത്രീ വന്ന് കോടതി മുറിക്കകത്ത്, എനിക്ക് കൺസെൻറ് ഉണ്ടായിരുന്നില്ല എന്നുപറഞ്ഞാൽ അവിടെ കൺസെൻറ് ഉണ്ടായിരുന്നില്ല എന്നാണ് കോടതി കണക്കാക്കേണ്ടത് എന്ന്. ഇതൊക്കെ ഉണ്ടെങ്കിലും ഇന്നത്തെ കോടതി മുറിക്കകത്ത് കൺസെന്റിനെ കൃത്യമായി മനസ്സിലാക്കൽ ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അതിന് നിയമത്തിന്റെ, നീതിയുടെ ഭാഷ ഇനിയും കുറെ വളരേണ്ടതുണ്ട്. ചുരുങ്ങിയത് ബോക്‌സിൽ നിൽക്കുന്ന വിറ്റ്‌നസിന്റെ ശരീരഭാഷയിൽ നിന്ന്, പറയുന്ന വാക്കുകൾക്കപ്പുറത്തേക്ക് അവർ എന്തായിരിക്കും ആ സമയത്ത് അനുഭവിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കാൻ കഴിയും വിധം സെൻസിബിളായ ഒരു ജുഡീഷ്യറി ഉണ്ടാവുകയെന്നത് പ്രധാനം തന്നെയാണ്. ഇൻവെസ്റ്റിഗേഷൻ സ്റ്റേജിൽ ഇൻവെസറ്റിഗേഷൻ ഓഫീസർക്ക് അത് കൺസെൻഷ്വൽ അല്ല എന്ന് വരുത്തിതീർക്കാൻ ചോദിക്കേണ്ട, പെൺകുട്ടിയുടെ വായിൽ നിന്ന് പറയിപ്പിക്കണ്ട ചില കാര്യങ്ങളുണ്ട്. അത് പ്രോസിക്യൂട്ടർക്ക് വൃത്തിയായി കോടതിയിൽ പ്രസൻറ്ചെയ്യാൻ കഴിയുക എന്നത് പ്രധാനമാണ്. ജുഡീഷ്യൽ ഓഫീസർക്ക് അത് മനസ്സിലാക്കാൻ കഴിയുക എന്നത് പ്രധാനമാണ്. ഇതിലൊന്നും ഇത് വന്നിട്ടില്ലെങ്കിലും കോർട്ട് ക്വസ്റ്റ്യനായി ജുഡീഷ്യൽ ഓഫീസർ അത് ചോദിക്കുക, പെൺകുട്ടി അനുഭവിച്ചതിനകത്ത് കൺസൻറ് ഏത് രീതിലാണ് പ്രവർത്തിച്ചിട്ടുള്ളത്, അത് മാനുഫാക്‌ചേഡ് ആണോ, മാനിപുലേറ്റഡ് ആണോ, അത് ഫോഴ്‌സ്ഡ് കൺസെൻറ് ആണോ എന്ന് തിരിച്ചറിയാൻ കഴിയും വിധം സമഗ്രമാവുക എന്നത് ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമുള്ള കാര്യം തന്നെയാണ്.
നമ്മൾ വീട്ടിൽ തൊട്ട് തുടങ്ങുന്ന ഒരു പവർ റിലേഷൻ അവിടെയുണ്ട്. ടീച്ചേഴ്സ് ആണെങ്കിൽ ഉടനെ അവർ പാരൻറ്സ് ആയി ഐഡന്റിഫൈ ചെയ്യും. നമ്മുടെ പെൺകുട്ടി, അവൾ ഇങ്ങനെ ‘കേടുകൂടാതെ’ ഇരിക്കണമല്ലോ- ഇങ്ങനെയാണ് ചിന്തിക്കുക
മനില: ജുഡീഷ്യറിക്കകത്ത് നടക്കുന്ന ഇൻസെൻസിറ്റീവായ പെരുമാറ്റങ്ങളെക്കുറിച്ച് പറഞ്ഞു. ബർക്കാദത്തുമായിട്ടുള്ള ഇന്റർവ്യൂവിൽ ആക്രമിക്കപ്പെട്ട അതിജീവിതയായ നടി- അവരുടെ പേര് പറയാൻ പാടില്ലാത്തതുകൊണ്ട് പറയുന്നില്ല- പറഞ്ഞ ഒരു കാര്യമുണ്ട്. വിചാരണ നേരിട്ട 15 ദിവസത്തോളം അവർ അനുഭവിച്ച ട്രോമ. അതിനെ ജുഡീഷ്യൽ റേപ്പ് എന്നുതന്നെ വിശേഷിപ്പിക്കണം, അങ്ങനെയുള്ള ടെർമിനോളജി തന്നെ വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ജുഡീഷ്യൽ റേപ്പ് എന്നുതന്നെയാണ് പറയാറുള്ളത്. കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ, കുടുംബത്തിനകത്ത് നടക്കുന്ന മരിറ്റൽ റേപ്പ്, കൃത്യമായ ആക്രമണങ്ങൾ. ഇതിലെല്ലാം അതിനേക്കാൾ ഭീകരമായിട്ടായിരിക്കും പിന്നീട് പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ മൊഴി കൊടുക്കേണ്ടത്. കോടതിയിൽ വരുമ്പോൾ ഓരോ തവണയും ഇതേ കാര്യം റിപ്പീറ്റ് ചെയ്തു പറയേണ്ടിവരുന്ന ഒരവസ്ഥ. എന്തായിരിക്കും അവരുടെ ഒരു മാനസികാവസ്ഥ?
ജയശ്രീ: ആതിര പറഞ്ഞു, അവർ സെൻസിറ്റീവായിരിക്കണം എന്ന്. അതിനു പകരം ഇങ്ങനെ വന്നു നിൽക്കുന്ന ഒരു സ്ത്രീക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ് ചിന്തിക്കുന്നത്. നമ്മുടെ ഉള്ളിലെ ആ മനോഭാവമാണ് പ്രശ്നം. പുരുഷന്മാരെ നമ്മൾ എപ്പോഴും പ്രൊട്ടക്ട് ചെയ്യും. പുരുഷന്മാർ അങ്ങനെയാണ് എന്ന് ലാളിക്കും. സ്ത്രീകൾ സൂക്ഷിക്കേണ്ടതല്ലേ എന്നല്ലേ നമ്മൾ പഠിപ്പിച്ച് വിടുന്നത്. ഇത്തരത്തിൽ പഠിച്ച് വന്നവരാണ് ഈ അധികാര സ്ഥാനങ്ങളിലെല്ലാം. പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം, പോലീസ് ആണെങ്കിലും ജഡ്ജസ് ആണെങ്കിലും അവരുടെ ഉള്ളിലുള്ള വാല്യൂസ് ആണ് പുറത്തുവരുന്നത്. നിയമത്തിൽ നിർവചനങ്ങൾ തീർച്ചയായും മാറും. എന്നാൽ അതിന്റെ വ്യവഹാരത്തിൽ പ്രൊഫഷണലിസം കാണില്ല. അവർ വീണ്ടും കുടുംബത്തിലുള്ള കാര്യങ്ങളൊക്കെ ചിന്തിച്ചു പോവുകയാണ്.
നേരത്തേ നമ്മുടെ ഉള്ളിൽകിടക്കുന്ന ഈ വാല്യൂസ് പുറത്തുവരികയാണ്. നേരിട്ടുതന്നെ അനുഭവിക്കുകയാണ്. ക്ലാസെടുക്കുമ്പോൾ അവർ ചോദിക്കാറുണ്ട്, ഇങ്ങനെയാണെങ്കിൽ കുടുംബം തകർന്നു പോവില്ലേ എന്നൊക്കെ... പെൺകുട്ടികളൊക്കെ പുറത്തേക്ക് ഫ്രീ ആയി പോയിക്കഴിഞ്ഞാൽ പിന്നെ അവരുടെ കുടുംബത്തിന് എന്തുപറ്റും. ആ ചിന്ത ഉള്ളിൽ വച്ചാണ് പ്രവർത്തിക്കുന്നത്. പ്രൊഫഷണലിസമില്ലായ്മയാണ് അത്. അത്തരം പരിശീലനങ്ങളിൽ പങ്കെടുക്കാൻ ഉയർന്ന ലെവലിലുള്ള എത്രപേർ തയ്യാറാകും. എപ്പോഴും നമ്മളീപരിശീലനത്തിന് താഴ്ന്ന ലെവലിലുള്ളവരെ പറഞ്ഞുവിടും. ഉയർന്ന ലെവലിലുള്ള ആൾക്കാർ സ്വയം പഠിക്കുന്നില്ല, അപ്‌ഡേറ്റഡ് ആവുന്നില്ല. വലിയ മാറ്റമാണ് ഈ ജൻഡർ നിയമങ്ങളിലൊക്കെ വന്നിട്ടുള്ളത്. പക്ഷേ അത് ഇംപ്ലിമെൻറ് ചെയ്യേണ്ട ഘട്ടം വരുമ്പോൾ അവർ തന്നെ അത് ഉൾക്കൊള്ളുന്നില്ല. ഉൾക്കൊള്ളുക എന്നത് വലിയൊരു കാര്യമാണ്. ജഡ്ജി ന്യൂട്രൽ ആയിരിക്കണം. മെഡിക്കൽ ഫീൽഡിലൊക്കെ പറയുന്ന ഒരു കാര്യമുണ്ട്, നമ്മൾ അവിടെ ജഡ്ജ്‌മെന്റൽ ആകാൻ പാടില്ല. നമ്മുടെ ചില മൂല്യങ്ങൾ- അവ തെറ്റായ മൂല്യങ്ങളാവാം, പ്രസക്തിയില്ലാത്തവയായിരിക്കാം- അവ നമ്മളെ സ്വാധീനിക്കുവാൻ പാടില്ല എന്ന ഒരു പ്രൊഫഷണൽ മെന്റാലിറ്റി ഉണ്ടാകണം ആളുകൾക്ക്. അത് ജൻഡർ വിഷയത്തിൽ തീരെ ഇല്ലാതെവരികയാണ്.
നമ്മൾ വീട്ടിൽ തൊട്ട് പരിശീലിച്ചു തുടങ്ങുന്ന ഒരു പവർ റിലേഷൻ അവിടെയുണ്ട്. ടീച്ചേഴ്സ് ആണെങ്കിൽ ഉടനെ അവർ പാരൻറ്സ് ആയി ഐഡന്റിഫൈ ചെയ്യും. നമ്മുടെ പെൺകുട്ടി, അവൾ ഇങ്ങനെ ‘കേടുകൂടാതെ’ ഇരിക്കണമല്ലോ- ഇങ്ങനെയാണ് ചിന്തിക്കുക. സംരക്ഷണം എന്നു പറയുന്ന കാര്യമുണ്ടല്ലോ, അതിലാണിതിന്റെ സൂക്ഷ്മമായ പ്രവർത്തനം. ഇതിൽ നിന്ന് പുറത്തുകടക്കുന്നത്എളുപ്പമല്ല, കുറച്ച് പ്രയാസം തന്നെയാണ്. പക്ഷെ അത് കടന്നേ മതിയാവൂ.
മീടു കാമ്പയിനിൽ എപ്പോഴും പറയുന്ന കാര്യം എന്തുകൊണ്ട് അന്ന് പറഞ്ഞില്ല എന്നാണ്. ആ ഒരു ബോധ്യം ഉണ്ടാകുന്നതിനുതന്നെ ഒരുപാട് സമയമെടുക്കും. നമ്മൾ എപ്പോഴും പ്രതീക്ഷ വെക്കുകയാണ്, ഇദ്ദേഹം നാളെ നല്ലൊരു രീതിയിൽ പെരുമാറും. പിന്നെയാണ് പ്രതീക്ഷ നഷ്ടപ്പെടുന്നത്.
തന്റെ സമ്മതമില്ലാതെ ശരീരത്തെ ആക്രമിച്ചു എന്ന് ഒരു സ്ത്രീ പറയുമ്പോൾ, അവർ പറയുന്ന വാക്ക് തന്നെയാണ് അതിൽ പ്രധാനം. പിന്നെ അതിനകത്ത് പവർ റിലേഷനുമായി ബന്ധപ്പെട്ട ഒരുപാട് സൂക്ഷ്മതകളുണ്ടല്ലോ. ഇപ്പോൾ പലരും പറയുന്നത് വിവാഹ വാഗ്ദാനം നൽകി എന്നാണ്. അപ്പോൾ, ആളുകൾ ചോദിക്കുന്ന ചോദ്യം, എന്തിനാണ് വിവാഹത്തിനുമുമ്പ് അങ്ങനൊരു ബന്ധത്തിന് പോയത് എന്നാണ്. പക്ഷേ ആ സാഹചര്യം നമ്മൾ അങ്ങനെ മനസ്സിലാക്കണം. എനിക്ക് നേരിട്ടറിയാവുന്ന പല കേസുകളുമുണ്ട്. ഒരു നല്ല ഭാവി അല്ലെങ്കിൽ ഉയർന്ന പദവിയൊക്കെയാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. ആ സാഹചര്യത്തിൽ പെൺകുട്ടികൾ കുറച്ച് ഫ്രീയായാൽ, സ്വാതന്ത്ര്യം എടുക്കുന്ന കുട്ടികളാണെന്നുണ്ടെങ്കിൽ, അത് മാനിപ്പുലേറ്റ് ചെയ്യുകയാണ്. ഒരുപാട് മാനിപ്പുലേഷൻസ് നടക്കുന്നുണ്ട്. അവയെ കൺസെൻറ് ആയിട്ടൊന്നും കാണാൻ പറ്റില്ല. അവർ എന്തായാലും വിവാഹം കഴിക്കും എന്നൊരു അവസ്ഥയിലേക്ക് പോകുകയാണ്. ജസ്റ്റേഴ്‌സ് ഒക്കെ അങ്ങനെ ആയിരിക്കും, അല്ലെങ്കിൽ സംസാരങ്ങളൊക്കെ അങ്ങനെയായിരിക്കും. എന്നിട്ട് ഒരു ഘട്ടമെത്തുമ്പോഴാണ് ഇത് വിവാഹത്തിൽ എത്തില്ല എന്ന് സ്ത്രീ മനസ്സിലാക്കുന്നത്.
ഭയങ്കരമായ പവർ നിലനിൽക്കുന്ന ചില മേഖലകളിൽ, യൂണിവേഴ്‌സിറ്റികളിലും ഗവേഷണം ചെയ്യുന്ന സ്ഥലത്തും പ്രൊഫഷണലായ സ്ഥലങ്ങളിലും സിനിമാ മേഖലയിലും എല്ലായിടത്തും ഇത്തരം പ്രവണതകളുണ്ട്. എപ്പോഴാണ് ഇങ്ങനെയൊരു ട്വിസ്റ്റ് വരുന്നതെന്ന് അറിയാൻ പറ്റില്ല. കൺസന്റിന്റെ കാര്യം ലാഘവത്തോടെ പറയാൻ പറ്റാത്തത് അതുകൊണ്ടാണ്. നമുക്ക് ചായ കുടിക്കാൻ പോകാം, അങ്ങനെയായിരിക്കും തുടങ്ങുന്നത്. നമ്മുടെ ബോസ്, അല്ലെങ്കിൽ ഉയർന്ന ഒരാൾ പറയുമ്പോൾ പറ്റില്ല എന്ന് പറയാൻ കഴിയില്ല. അല്ലെങ്കിൽ അതിൽ എന്താണ് തെറ്റ് എന്നായിരിക്കും ചിന്തിക്കുക. അല്ലെങ്കിൽ വൈകുന്നേരം കുറച്ചുനേരം കൂടി വർക്കുണ്ട് എന്നു പറയും, അതിനിടയിൽ എപ്പോഴെങ്കിലുമായിരിക്കും നമുക്ക് ഇഷ്ടപ്പെടാത്ത ടച്ചോ കാര്യങ്ങളോ ഉണ്ടാകുന്നത്. അപ്പോഴും പ്രതീക്ഷിക്കുന്നതെന്താണ്? ഇതോടു കൂടി തീർന്നു. അത് പിന്നെ പല ലെവലിലേക്ക് പോകും. അപ്പോഴും എല്ലാവരും ചോദിക്കുന്ന ചോദ്യം അതാണ്, എന്തുകൊണ്ട് പറഞ്ഞില്ല.
മീടു കാമ്പയിനിൽ എപ്പോഴും പറയുന്ന കാര്യം എന്തുകൊണ്ട് അന്ന് പറഞ്ഞില്ല എന്നാണ്. ആ ഒരു ബോധ്യം ഉണ്ടാകുന്നതിനുതന്നെ ഒരുപാട് സമയമെടുക്കും. നമ്മൾ എപ്പോഴും പ്രതീക്ഷ വെക്കുകയാണ്, ഇദ്ദേഹം നാളെ നല്ലൊരു രീതിയിൽ പെരുമാറും. പിന്നെയാണ് പ്രതീക്ഷ നഷ്ടപ്പെടുന്നത്. അങ്ങനെ, ആക്രമിക്കപ്പെടുന്ന സന്ദർഭത്തിലായിരിക്കാം നമ്മുടെ ജീവിതത്തിന് അതുകൊണ്ട് യാതൊരു കാര്യവുമില്ല എന്ന് തിരിച്ചറിയുന്നത്.
മനില: നേരത്തെ കാണിച്ച സ്‌നേഹം ഫേക്ക് ആണെന്ന് തിരിച്ചറിയുന്ന ഘട്ടം അല്ലേ?
ജയശ്രീ: അതെ, നമ്മൾ എക്‌സ്‌പ്ലോയിറ്റഡായെന്ന് തിരിച്ചറിയുന്ന ഘട്ടമുണ്ട്. ആ സമയത്താണ് പുറത്തുപറയുന്നത്. കൺസെന്റിന് ഇങ്ങനെ ഒരുപാട് അടരുകളുണ്ട്.
മനില: നിർമാതാവും നടനുമായ വിജയ് ബാബു പ്രതിയായ സംഭവത്തിൽ, പെൺകുട്ടി സംഭവം തുറന്നു പറഞ്ഞതിനു ശേഷം, വിജയ് ബാബു ഒരു ലൈവ് ഷോ ഓഫ് നടത്തിയിരുന്നു. അതിൽ വരുന്ന കമൻറ്സിലും അതിനോടനുബന്ധിച്ച് നടന്ന ചർച്ചകളിലും ചോദിക്കപ്പെട്ട ഒരു ചോദ്യം, നാലു പ്രാവശ്യം കഴിഞ്ഞ് അഞ്ചാമത്തെ തവണയും ഇവരെന്തിനാണ് നിന്നത് എന്നാണ്. റേപ്പ് ആണെന്ന് മനസ്സിലായില്ലേ എന്ന ബാലിശമായൊരു ചോദ്യമുണ്ട്. ഇൻസെൻസിറ്റീവായ ഒരു ചോദ്യം. അതിന് നമുക്ക് പറയാവുന്ന ഒരു ക്ലിയർ കട്ട് ഉത്തരം എന്തായിരിക്കും.
അഡ്വ. ആതിര: ‘വൺസ് എ കൺസെൻറ് ഈസ് നോട്ട് ഓൾവേയ്‌സ് എ കൺസെൻറ്’ എന്നതാണ് ഇതിലെ പ്രധാന കാര്യം. ദാമ്പത്യ ബന്ധത്തിൽ ഉൾപ്പെടെ. ഇന്നലെ വരെ നമ്മൾക്കിടയിൽ വളരെ സുഖകരമായി ലൈംഗിക ബന്ധം സാധിച്ചിരുന്നെങ്കിലും ഇന്ന് പറ്റിക്കോളണം എന്നില്ല എന്ന് തിരിച്ചറിയുകയും പിന്നെ അവിടെ മാരിറ്റൽ റേപ്പ് നടത്താതിരിക്കുകയും ചെയ്യുക എന്നത് പ്രധാന കാര്യമാണ്. അതേത് റിലേഷൻഷിപ്പിനകത്തും പ്രധാനമാണ്. സെക്ഷ്വൽ ആക്ട് മാത്രമല്ല, മറ്റ് പല കാര്യങ്ങളിലും, ചായ കുടിക്കുന്നതിൽ വരെ. ഇന്നലെ എനിക്ക് നിങ്ങളോടൊത്ത്ചായ കുടിക്കാൻ ഇഷ്ടമായിരുന്നു. ഇന്ന് ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല. അത് മനസ്സിലാക്കാൻ ഒരു ജനാധിപത്യ ബോധം ബന്ധങ്ങളിൽ ഉണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം.
നമുക്കില്ലാത്തതും അതാണ്. സ്ത്രീയെ തുല്യമായി കണ്ടാൽ മാത്രമേ ഇത്തരമൊരു ജനാധിപത്യബോധം സാധ്യമാകൂ. എനിക്കിഷ്ടമുള്ളതുപോലെ അവർക്കും ഇഷ്ടമുണ്ട്, ഇഷ്ടമമില്ലായ്മയും താൽപ്പര്യക്കുറവും എന്റേതുപോലെ തന്നെ പ്രധാനമാണ്- അങ്ങനെയൊരു ജനാധിപത്യബോധത്തിലേക്ക് വളരുക എന്നതല്ലാതെ നിയമത്തിന് ഇടപെട്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പരിമിതമാണ്. നമ്മൾ പലപ്പോഴും നിയമത്തിൽ പരിഷ്‌കരണം വേണം എന്നു പറയും. അതേസമയം ബന്ധങ്ങളിലുണ്ടാകേണ്ട പരിഷ്‌കരണങ്ങളെക്കുറിച്ചും മാറ്റത്തെക്കുറിച്ചും അത്ര ആശങ്കയുണ്ടാകുന്നുമില്ല. പവർ റിലേഷൻഷിപ്പിലെ ഹൈറാർക്കി സൃഷ്ടിച്ചെടുക്കുന്ന കൺസൻറ് വളരെ സങ്കീർണമായ ഒന്നാണ്. വിജയ് ബാബുവിന്റെ കേസ് നോക്കൂ, പവർ ഹൈറാർക്കിയിൽ ആരാണുള്ളത്. പെൺകുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്, സൗഹൃദത്തിന്റെയും സംരക്ഷണത്തിന്റെയും പേരിലാണ് ഇതെല്ലാം സംഭവിച്ചത് എന്ന്. ആ അവസ്ഥയ്ക്കകത്ത് എങ്ങനെയാണ് കൺസൻറ് എന്നതാണ് ആലോചിക്കേണ്ടത്.
ഒരു റൊമാന്റിക് റിലേഷൻഷിപ്പിനകത്ത്, കൺസെൻറ് ഒരു ഇൻഫോം കൺസെൻറ് അല്ല. ഇതിന്റെ കോംപ്ലിക്കേഷൻ എന്താണ് എന്ന് മനസ്സിലാക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഈ കൺസെന്റിലേക്കു പോകുന്നത്. ക്ലിയർ കട്ട് ആയി പറയാൻ ഒരു റൊമാന്റിക് റിലേഷൻഷിപ്പിൽ സാധിക്കില്ല.
മെഡിക്കൽ ടെർമിനോളജിയിൽ ഇൻഫോംഡ് കൺസെന്റിനെ കുറിച്ച് പറയുന്നുണ്ടല്ലോ. സർജറിക്കുമുമ്പ്, നമ്മൾ ഒരു കൺസെന്റിൽ ഒപ്പിട്ടു കൊടുക്കുന്നതിനു മുൻപേ അതിന്റെ കോംപ്ലിക്കേഷൻ എന്താണ് എന്ന് മനസ്സിലാക്കുന്നുണ്ട്. ഒരു റൊമാന്റിക് റിലേഷൻഷിപ്പിനകത്ത്, കൺസെൻറ് ഒരു ഇൻഫോംഡ് കൺസെൻറ് അല്ല. ഇതിന്റെ കോംപ്ലിക്കേഷൻ എന്താണ് എന്ന് മനസ്സിലാക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഈ കൺസെന്റിലേക്കു പോകുന്നത്. മെഡിക്കൽ ടെർമിനോളജിയിൽ പറയുംപോലെ, ക്ലിയർ കട്ട് ആയി പറയാൻ ഒരു റൊമാന്റിക് റിലേഷൻഷിപ്പിൽ സാധിക്കില്ല. പ്രത്യേകിച്ച്, വ്യത്യസ്ഥമായ ഹൈറാർക്കിയിൽ നിൽക്കുന്ന രണ്ട് പേർക്കിടയിൽ സംഭവിക്കുമ്പോൾ. മുകളിൽ നിൽക്കുന്ന ഏതൊരു വ്യക്തിയുമായുള്ള ബന്ധത്തിലാണെങ്കിലും മാനിപ്പുലേഷനും മാനുഫാക്ചറിങ്ങും ഇസിയാണ്. നിയമ സംവിധാനത്തിന് അത് കാണാനുള്ള കണ്ണ് വികസിച്ചിട്ടില്ല. അതുകൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ കേസിലൊക്കെ അത്തരം പരാമർശങ്ങളുണ്ടാകുന്നത്.
രാത്രി 10:30ന് വസ്ത്രം ഇസ്തിരിയിട്ട് വരാൻ പറയുന്ന ഒരു ബന്ധം അവർക്കിടയിലുണ്ട്. ആ റിലേഷൻഷിപ്പിൽ പെൺകുട്ടി എത്രമാത്രം ഫ്രജെയിലാണെന്ന് കാണാതെയാണ് എന്തുകൊണ്ട് പരാതിപ്പെട്ടില്ല എന്ന ചോദ്യം വരുന്നത്. എന്തുകൊണ്ട് അന്ന് പറഞ്ഞില്ല? എന്തുകൊണ്ട് നാലു പ്രാവശ്യം പോയ നിങ്ങൾക്ക് നാലാമത്തെ തവണ മാത്രം പരാതി പറയുന്നത്? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നത്. പവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നും കൺസെൻറിന് എന്ത് സംഭവിക്കുന്നു എന്നും തിരിച്ചറിയാൻ കഴിയാത്ത ഒരു സംവിധാനം ചോദിക്കുന്ന ചോദ്യങ്ങളാണിതെല്ലാം. ആ ഇൻസെൻസിബിലിറ്റി ഈ സമൂഹത്തിനുണ്ട്, നിയമസംവിധാനത്തിനുണ്ട്.
എങ്ങനെയാണ് ഈ കോംപ്ലക്‌സ് സിറ്റുവേഷൻ ഹാൻഡിൽ ചെയ്യുന്നതെന്ന് വിദ്യാഭ്യാസം പറയുന്നുണ്ടോ? സ്ത്രീയെയും പഠിപ്പിച്ചിട്ടില്ല, സത്യം പറഞ്ഞാൽ പുരുഷനെയും പഠിപ്പിച്ചിട്ടില്ല. അപ്പോൾ, പഠിപ്പിക്കാത്ത സംവിധാനത്തിന്റെ നടുക്കുനിന്നാണ് കൺസെൻറിനെക്കുറിച്ച് ചോദിക്കുന്നത്. മാരിറ്റൽ റേപ്പ് ഇപ്പോൾ പുറത്തുവരുന്നില്ല എന്നല്ലേയുള്ളൂ. മീറ്റൂവും മറ്റു കാര്യങ്ങളും വരുന്നതുപോലെ മാരിറ്റൽ റേപ്പും ഇതുപോലെ പുറത്തു പറയുന്ന രീതിയിൽ വന്നേക്കാം. ഓരോ റിലേഷൻഷിപ്പിലുമുള്ള വൾണറബിലിറ്റിയുണ്ടല്ലോ, അതിനെയൊക്കെ അങ്ങനെ തിരിച്ചറിയേണ്ടതുണ്ട്
മനില: വിദ്യാഭ്യാസ സമ്പ്രദായത്തിൽത്തന്നെ, പുരഷനാണ് മേലെ എന്ന് പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്.
അഡ്വ. ആതിര: ആ ഒരു പ്രിവിലേജിൽ നിന്നുകൊണ്ടാണല്ലോ മുഴുവൻ രീതിയിലുമുള്ള മോശമായ പെരുമാറ്റം ഉണ്ടാകുന്നത്.
മനില: ശരീരവുമായി ബന്ധപ്പെട്ട് ചോദിക്കുമ്പോൾ, പുരുഷൻ sexually ആക്റ്റീവും സ്ത്രീ പാസീവും ആണെന്ന കാഴ്ചപ്പാടാണ് ഇത്തരം വാദങ്ങളിൽ പ്രതിഫലിക്കുന്നത്. അത് ശരിയാണോ?
അഡ്വ. ആതിര: ‘അവൾ ആ സമയത്ത് എൻജോയ് ചെയ്യുന്നുണ്ടായിരുന്നു’ എന്ന് പറയാറുണ്ട്. ഇതൊക്കെ സെക്ഷ്വാലിറ്റിയെ കുറിച്ച് ധാരണ ഇല്ലാത്തതുകൊണ്ടാണ്. സെക്ഷ്വാലിറ്റിയെ കുറിച്ച് എവിടെയും പഠിപ്പിക്കുന്നില്ല. സെക്സ് എജ്യൂക്കേഷനെ കുറിച്ച് പറയുമ്പോൾ തന്നെ കണ്ടില്ലേ ബഹളം. ഇക്കാര്യത്തിലൊന്നും അടിസ്ഥാനപരമായ അറിവ് പോലും ഇല്ല. സെക്ഷ്വൽ താല്പര്യങ്ങളെ നിർണയിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പലപ്പോഴും ഭയമാണുണ്ടാകാറുള്ളത്. ആ അവസ്ഥയിൽ ആരാണ് എൻജോയ് ചെയ്യുന്നത്. ആക്ടീവ്- പാസീവ് എന്ന് പറയുന്നതിലെ ബയോളജിക്കലായ ചില കാര്യങ്ങൾ മാത്രം നോക്കുകയാണെങ്കിൽ, പുരുഷന്മാർക്ക് കൂടുതൽ ലൈംഗിക താൽപര്യങ്ങളുണ്ടാകാം. പക്ഷേ, മനുഷ്യൻ എന്നുപറയുന്നത് ബയോളജിക്കൽ മാത്രമല്ലല്ലോ. താല്പര്യമുണ്ടെങ്കിൽ പോലും അതെങ്ങനെ പ്രകടിപ്പിക്കാൻ പറ്റും എന്നതിൽ സാമൂഹ്യ മര്യാദ പാലിക്കണമല്ലോ. താൽപര്യം തോന്നിയാൽ ഉടൻ ചെന്ന് ഒരാളോട് പറയാൻ പറ്റുമോ. നമ്മൾ അങ്ങനെ പറയുകയും ഇല്ലല്ലോ. പറയാൻ പറ്റുന്നവരുടെ അടുത്തു മാത്രമേ പറയാറുള്ളൂ. ചെയ്യാൻ പറ്റുന്നവരുടെ അടുത്തു മാത്രമേ ചെയ്യാറുള്ളൂ. അല്ലാതെ ഉയർന്ന അധികാരത്തിലുള്ളവരോട് പോയി ഇത് പറയുകയോ ചെയ്യുകയോ ഇല്ലല്ലോ. സ്ത്രീകളുടെ കാര്യത്തിൽ, ഒരു താല്പര്യം ഉണ്ടാകണമെങ്കിൽ അതിനുള്ള സ്‌പേസ് കിട്ടണ്ടേ. ഇതിങ്ങനെ എപ്പോഴും ഒരു വസ്തുവാണ് എന്ന രീതിയിൽ പെരുമാറിക്കൊണ്ടിരിക്കുകയാണ്.
വർക്ക് പ്ലേസിൽ സെക്ഷ്വലി കളേഡ് റിമാർക്ക് പാടില്ല എന്നുപറയാനുള്ള കാരണം അതാണ്. വർക്ക് പ്ലേസിൽപോലും ഇൻറലക്ച്വലായോ വർക്ക് റിലേറ്റഡ് ആയോ അല്ല സ്ത്രീകളെ കാണുന്നത്. എല്ലായിടവും അങ്ങനെയാണ് എന്നല്ല പറയുന്നത്. മിക്കയിടത്തും കൂടെ പ്രവർത്തിക്കുന്ന പുരുഷന്മാരെല്ലാം സ്ത്രീകളെ സെക്ഷ്വലായ രീതിയിലാണ് കണ്ടുകൊണ്ടിരിക്കുന്നത്. പുരുഷന്മാർ പറയുന്ന കമന്റുകളിൽ നിന്ന് മനസിലാകുന്നത് അവർ സ്ത്രീയെ സെക്‌സിന് ഉപയോഗിക്കുന്ന ഒരു വസ്തുവായി കാണുന്നുവെന്നാണ്. അതിനിടയിൽ ഒരു അവസരം കിട്ടിയാൽ അത് പുറത്തെടുക്കും. സ്ത്രീകളുമായി ഇൻറലക്ച്വലായ ഒരു ബന്ധം പുരുഷൻമാർ ആഗ്രഹിക്കുന്നില്ല. എന്നാൽ, അത് മാറി വരുന്നുണ്ട്. തീർച്ചയായും അങ്ങനെയല്ലാത്ത തരത്തിൽ സ്ത്രീകളെ കാണുന്നവരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ആ മാറ്റമാണിപ്പോൾ കുറേ കോൺഫ്‌ളിക്റ്റുകളൊക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
മനില: ഒരു പുരുഷൻ മറ്റൊരു പുരുഷനെ ഇന്റലക്ച്വലി കാണുന്നതുപോലെ ഒരു സ്ത്രീയെ ആ രീതിയിൽ കാണുന്നില്ല എന്നത് ജോലിസ്ഥലത്തെ അനുഭവങ്ങളിലൂടെ തോന്നിയിട്ടുണ്ടോ?
അഡ്വ.ആതിര: ഒരു മർഡർ നടന്നു കഴിഞ്ഞാൽ, ഏറ്റവും നന്നായി വാദിക്കുന്ന ക്രിമിനൽ ലോയർ പുരുഷനായിരിക്കണം എന്ന് കരുതുന്ന നാടാണല്ലോ നമ്മുടേത്. അല്ലാത്ത എത്രയോ പേരുണ്ടായിട്ടുണ്ട്. ഒരു ഡന്റിസ്റ്റിന്റെ അടുത്തുപോയ അനുഭവം പറയാം. അദ്ദേഹത്തിന്റെ ഭാര്യ പി. ജി കഴിഞ്ഞ ആളാണ്, എന്നിട്ടും അവരെ കാണാതെ, ഭർത്താവ് വരുന്നതുവരെ വെയ്റ്റ് ചെയ്യുന്ന രോഗികളെ ഞാൻ കണ്ടിട്ടുണ്ട്. ഇതെന്തോ പുരുഷന്മാർക്ക് മാത്രമായുള്ള പോലെ. പുതിയ തലമുറയിൽ കുറച്ചുകൂടി കമ്യൂണിക്കേഷനും ചർച്ചകളും സൗഹൃദങ്ങളും വികസിച്ചുവരുന്നുണ്ട് എന്നാണ് എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്.
മനില: ഡോക്ടർക്ക് ഇത്തരമൊരു അനുഭവമുണ്ടോ?. മെഡിക്കൽ രംഗത്ത് അധികവും സ്ത്രീകളായ ഡോക്ടർമാർ ഗൈനക്കോളജി പോലുള്ള മേഖലകൾ മാത്രം തെരഞ്ഞെടുക്കുക, സർജറിയൊക്കെ ചെയ്യുന്നത് പുരുഷന്മാർ ചെയ്യുക. അങ്ങനൊരു പ്രവണതയുണ്ടോ?
ഡോ. ജയശ്രീ: ഇപ്പോൾ ചെറുതായി മാറിയിട്ടുണ്ട്. എന്നാൽപോലും സ്ത്രീകളായ ഡോക്ടർമാർക്ക് വീട്ടിലെ ജോലിയുമായി അഡ്ജസ്റ്റ് ചെയ്യേണ്ടിവരുന്നുണ്ടല്ലോ. അപ്പോൾ കൂടുതൽ സമയം നിൽക്കുക, രാത്രി വരേണ്ടിവരിക എന്നതൊക്കെ പ്രശ്നമാകും. എം ബി ബി എസ് കഴിയുമ്പോഴേക്കും വിവാഹം കഴിയും, കുട്ടികളുണ്ടാകും. അപ്പോൾ, പി.ജി ചെയ്യുമ്പോൾ കൂടുതൽ വർക്കുണ്ടാവും. അപ്പോൾ എളുപ്പമുള്ള പി ജി കോഴ്‌സ് എടുക്കുക എന്നതാണ്. എളുപ്പത്തിൽ എന്നല്ല, കമ്പാരിറ്റീവിലി എളുപ്പമുള്ളത്. അത് നാച്വറൽ ആണെന്നാണ് വിചാരിക്കുന്നത്. ചിലതൊക്കെ പെണ്ണുങ്ങളാണല്ലോ എടുക്കേണ്ടത് എന്ന രീതിയുമുണ്ട്. കമ്മ്യൂണിറ്റി മെഡിസിൻ കൂടുതലും എടുക്കുന്നത് സ്ത്രീകളാണ്. അവിടെ അധികം വർക്കില്ല എന്ന തെറ്റിദ്ധാരണ കൊണ്ടാണത്. പക്ഷേ അങ്ങനെയല്ല, എല്ലായിടത്തും വർക്കുണ്ട്. കഠിനമായ സ്‌പെഷ്യാലിറ്റികൾ പുരുഷന്മാർ നേച്വറലി എടുക്കുന്നതാണ്. പക്ഷേ പഠിക്കുന്ന സമയത്ത് പെൺകുട്ടികൾ പറയും, നമുക്കിതിൽ ഇന്ററസ്റ്റ് ഉണ്ടെന്ന്. എന്നാൽ, പ്രാക്ടിക്കലി, ഒന്നും ചെയ്യാൻ പറ്റുന്നില്ല. ‘ജന്റർ ഡിവിഷൻ ഓഫ് ലേബർ’ സങ്കീർണമാണ്.
ഞാൻ നേരത്തെ പറഞ്ഞ പോയിൻറ് ഇതാണ്; ഇവർ ഒരു സ്ത്രീയെ കാണുന്നയുടൻ, ആദ്യമേ അവർക്കുതോന്നുന്ന ഒരു വികാരം ഇതാണ്. പിന്നീടേ ഒരു വ്യക്തിയായി, സിറ്റിസൺ ആയി കാണുന്നുള്ളൂ. അതൊക്കെ മാറിവരുന്നുണ്ട്. കോഴിയെക്കണ്ടാൽ കോഴിക്കറി ഓർമ വരും എന്ന് പറയുന്നതുപോലെ. കോഴി ശരിക്കും പറഞ്ഞാൽ ഒരു ജീവിയാണ്. അതിന് സൗന്ദര്യമുണ്ട്, വേറെ പലതും ഉണ്ട്. പക്ഷേ, നമുക്ക് കറിയുടെ ടേസ്റ്റാണ് വായിൽ വരുന്നത്. ഇതുപോലെയാണ് ഇവർക്ക് സ്ത്രീകളെ കണ്ടാൽ. എല്ലാവരും അങ്ങനെയാണെന്നല്ല, അങ്ങനെയാണവരുടെ കൾചർ. അത് കൾചറായി മാറി.
അഡ്വ. ആതിര: മൊത്തത്തിൽ സ്ത്രീകളെ ശരീരം മാത്രമായി കാണുന്ന, മൂലധന കേന്ദ്രീകൃതമായ ചിന്ത ശക്തമായിട്ടുണ്ടല്ലോ. വ്യക്തിയായി അംഗീകരിക്കാതിരിക്കുക എന്നതും ശരീരം മാത്രമായി കാണുക എന്നതും ഈ മൂലധന അജണ്ടയുടെ ഭാഗമാണ്. അതും പാട്രിയാർക്കിയും കൂടിക്കഴിഞ്ഞാലുണ്ടാകുന്ന സ്ത്രീവിരുദ്ധത അങ്ങേയറ്റം ഭീകരമാണ്. അത് ഇത്തരം ലൈംഗികാതിക്രമങ്ങൾക്ക് വെള്ളവും വളവും കൊടുക്കും.
മനില: സിനിമാ മേഖലയിൽ മറ്റൊരു വിവാദമുണ്ടായിരുന്നു. നടൻ വിനായകൻ, വാർത്താസമ്മേളനത്തിനിടെ നടത്തിയ ചില പരാമർശങ്ങൾ. ജാതിപരമായ പ്രശ്‌നങ്ങളെല്ലാം മാറ്റിനിർത്തിക്കഴിഞ്ഞാലും അദ്ദേഹം പറഞ്ഞൊരു വിഷയം പ്രോബ്ലമാറ്റിക്കായി തോന്നി. അതായത്, ‘ഒരു സ്ത്രീയെ കാണുമ്പോൾ എനിക്ക് താൽപര്യം തോന്നിയാൽ ഞാൻ അവരോട് ചോദിക്കും, ഇല്ലെങ്കിൽ വേണ്ട’ എന്നത്. കൺസൻറ് ചോദിക്കുകയാണല്ലോ എന്ന അർത്ഥത്തിൽ, അത് പുരോഗമനപരമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പക്ഷേ, അത് ഇൻസെൻസിറ്റീവായ ചോദ്യമാണെന്ന് ആർക്കും മനസ്സിലായില്ല.
അഡ്വ ആതിര: കൺസൻറ് ചോദിക്കണമെങ്കിൽ അവിടെയൊരു കൺൺസൻറ് വേണമല്ലോ. കൺസൻറ് ഉണ്ടോ എന്നുപറഞ്ഞ് നടക്കാൻ പറ്റില്ലല്ലോ. കൺസൻറ് ചോദിക്കണമെങ്കിൽ തന്നെ വേണ്ടുന്ന ഒരു കൺസൻറ് ഉണ്ട്. അത് മനസ്സിലാക്കിയെടുക്കുന്നത്, രണ്ട് മനുഷ്യർക്കിടയിൽ സാധ്യമാകുന്ന ബോഡി ലാംഗേജിൽ നിന്നൊക്കെയാണ്. അല്ലെങ്കിൽ ഒരു സെക്‌സ് ഇൻഡസ്ട്രിയെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്, റിലേഷൻഷിപ്പിനെക്കുറിച്ചല്ല.
നമ്മൾ ത്മിൽ സെക്ഷ്വൽ റിലേഷൻഷിപ്പിൽ ഏർപ്പെട്ടു, അത് കഴിഞ്ഞപ്പോൾ ഇവൾക്കുമാത്രം എന്തിന് പരാതി എന്നാണല്ലോ ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം. എല്ലാവരും തുല്യരായ സ്ഥലത്തുനിന്ന് ചോദിക്കുേമ്പാൾ ഇത് കൃത്യമായ ചോദ്യമാണ്. ഈ തുല്യതയില്ലാതെ, വലിയ രീതിയിലുള്ള പവർ റിലേഷൻഷിപ്പും ഹൈറാർക്കിയും നിൽക്കുന്നിടത്ത് ആ ചോദ്യം ചോദിക്കുന്ന സമയത്ത്, ജസ്റ്റിസ് ഡെലിവറി സിസ്റ്റത്തിന് ഒരു പ്രശ്‌നമുണ്ട്. അധികാര ഘടനയ്ക്കകത്ത് എങ്ങനെയാണ് കൺസെൻറ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാതെ പോകുന്നത്, നീതിന്യായ സംവിധാനത്തിന്റെ തന്നെ പരിമിതയാണ്. ഒരുഭാഗത്ത് അത് മനസ്സിലാക്കാൻ കഴിയുംവിധമുള്ള നീതിബോധവും നിയമത്തിന്റെ ഭാഷയും ഡവലപ് ചെയ്ത് വരണം. മറുഭാഗത്ത് അത് മനസ്സിലാക്കാൻ കഴിയുന്ന പൊതുബോധം ഡവലപ് ചെയ്ത് വരണം.
ഡോ. ജയശ്രീ: സ്ത്രീക്ക് സെക്ഷ്വൽ ഡിസയറില്ല, സ്ത്രീ എപ്പോഴും പുരുഷന്റെ ഡിസയറിനുവേണ്ടി തയ്യാറായി ഇരിക്കുക എന്ന തരത്തിലാണ് കാണുന്നത്. സ്ത്രീക്ക് അത് ഡെവലപ് ചെയ്യണമല്ലോ. സ്വവർഗാനുരാഗമുള്ള ആളുകളുടെ കാര്യം വരുമ്പോൾ അത് കുറച്ചു കൂടി ഫ്രീ ആണ്. അത് നമുക്ക് പഠിക്കാനും മനസ്സിലാക്കാനും എളുപ്പമാണ്. അവർ വ്യക്തികളായിട്ടു തന്നെയാണ് ഈ റിലേഷൻഷിപ്പ് ഉണ്ടാക്കുന്നത്. ഹെട്രോസെക്ഷ്വലിൽ വിവാഹം, ബന്ധുക്കൾ ആലോചിച്ച് നടത്തുന്നതാണല്ലോ. ഇതങ്ങനെയല്ല. വ്യക്തികൾ തമ്മിലാണ് ആ റിലേഷൻ ഉണ്ടാകുന്നത്. അത് ഭയങ്കര ബ്യൂട്ടിഫുൾ ആണ് പലപ്പോഴും. എപ്പോഴും അങ്ങനെയല്ല. പക്ഷേ, അവർക്കത് അറിയാൻ പറ്റും. രണ്ടുപേർക്കിടയിൽ അത് സംഭവിക്കണം. രണ്ടുപേർക്കും ഡിസയറുണ്ടാകണം. ഇവിടെ ഇങ്ങനെയൊരു കാര്യമില്ല. സ്ത്രീക്ക് ഡിസയർ വേണ്ടതില്ല എന്നാണ്.
അഡ്വ. ആതിര: ഡൊമസ്റ്റിക് വയലൻസ് ആക്ടിൽ, ഡൊമസ്റ്റിക് ഇൻസിഡൻറ് റിപ്പോർട്ട് ഫിൽ ചെയ്യുന്ന സമയത്ത് വാക്കു കൊണ്ടുള്ള വൈകാരിക പീഡനം, ഫിസിക്കൽ വയലൻസ്, എക്കണോമിക് വയലൻസ്, സെക്ഷ്വൽ വയലൻസ് എന്നിവ ചോദിക്കുമ്പോൾ സ്ത്രീകൾ പറയുന്ന ഒരു കാര്യം ഇതാണ്- അത് പോട്ടെ, അത് നമ്മൾ എത്രയോ കാലമായി സഹിച്ചു, ഇനിയിപ്പോൾ അതൊരു പ്രശ്‌നമാക്കേണ്ട എന്നാണ്. പ്രശ്‌നമായി പറയുന്ന വളരെ ചെറിയ വിഭാഗമേയുള്ളൂ. ഞാൻ എട്ടു വർഷം അതിന്റെ ലീഗൽ കൗൺസിലറായി ജോലി ചെയ്തിരുന്നു. സോഷ്യൽ റിസർവ് ബോർഡിന് റിപ്പോർട്ടയക്കണം. എത്ര വെർബൽ ആൻറ് ഇമോഷണൽ വയലൻസ്, എത്ര ഫിസിക്കൽ വയലൻസ്, എത്ര ഇക്കണോമിക് വയലൻസ്, എത്ര സെക്ഷ്വൽ വയലൻസ് ഉണ്ട് എന്ന് പറയണം. സെക്ഷ്വൽ വയലൻസ് ചോദിക്കുമ്പോൾ അവർ ഇങ്ങോട്ട് ചോദിക്കും, അത് വൈഫ് തന്നെയായിരുന്നോ എന്ന്. നമ്മൾ മോട്ടിവേറ്റ് ചെയ്തിട്ടാണ് സ്ത്രീകൾ ഇതെല്ലാം പറയുന്നത്. പരിഹരിക്കാം എന്നുപറഞ്ഞ് ഉന്തിത്തള്ളിയിട്ടാണ് ഇതൊരു സെക്ഷ്വൽ വയലൻസ് ആണെന്നുതന്നെ അവർ തിരിച്ചറിയുന്നത്. അവർ അത് സഹിക്കുകയാണ്. രണ്ട് ശരീരങ്ങൾക്കിടയിൽ നടക്കുന്ന ഉത്സവമാണ് ഇത് എന്നൊന്നും ഇല്ല. ‘പണ്ടാരമടങ്ങട്ടെ’ എന്ന മട്ടിലുള്ള ഒന്നായിട്ടേ അവർ അതിനെ കാണുന്നുള്ളൂ. അതിനപ്പുറത്തേക്ക്, സ്ത്രീയുടെ ലൈംഗികതയുടെ ആഘോഷമൊന്നും കുടുംബ ജീവിതത്തിനകത്ത് സംഭവിക്കുന്നില്ല.
അക്യൂസ്ഡ് ആയിട്ടുള്ള, വലിയ ഇമേജുള്ള പുരുഷന്മാരുടെ ഇമേജിന് എന്തെങ്കിലും കോട്ടം സംഭവിച്ചിട്ടുണ്ടോ. പക്ഷേ, സ്ത്രീകളെ സമൂഹം പ്രമോട്ട് ചെയ്യുന്നില്ലല്ലോ. അങ്ങനെയുണ്ടെങ്കിൽ പോലും അതിനെ സമൂഹം ഒട്ടും അംഗീകരിക്കുന്നില്ല.
മനില: ലൈംഗികത്തൊഴിലിനെ തുടക്കത്തിൽ കണ്ടിരുന്നത് മറ്റൊരു രീതിയിലായിരുന്നു. ട്രാപ്പ് ചെയ്യപ്പെടുന്നതും നിവൃത്തികേടുകൊണ്ട് ചെയ്യുന്നതുമായ സംഗതിയായി. പക്ഷേ അതിനകത്തും സ്ത്രീകളുടെ ഡിസയർ ഫാക്ടർ ഉണ്ട് എന്നത് എനിക്ക് മനസ്സിലായത് ഡോക്ടറോട് സംസാരിച്ചപ്പോഴും വായിച്ചപ്പോഴുമാണ്. സ്ത്രീകളുടെ ഡിസയർ കുറച്ചു കൂടി എക്‌സിപ്ലിസിറ്റ് ആണോ, ഈ പറയുന്ന മേഖലയിൽ. ലൈംഗികത്തൊഴിലാളികൾക്കിടയിൽ വർക്ക് ചെയ്തിട്ടുള്ള ഒരാളെന്ന രീതിയിൽ ഡോക്ടർക്ക് എന്താണ് പറയാനുള്ളത്?
ഡോ. ജയശ്രീ: വിവാഹത്തിനകത്താണെങ്കിലും പലതരം റിലേഷൻസാണ്. സെക്‌സ് വർക്കിലുള്ള റിലേഷൻ വേറെയാണ്. ഡിസയർ എന്നുപറയുന്നത് എല്ലാവർക്കുമുണ്ട്. പക്ഷേ, അത് എക്സ്പ്രസ് ചെയ്യാനുള്ള സാധ്യത വിവാഹത്തിൽ വളരെ കുറവാണ് എന്നതാണ് സത്യം. എക്‌സ്ട്രാ മാരിറ്റൽ റിലേഷൻഷിപ്പ്‌സ് ഒക്കെ ഒരുപാടുണ്ടാകുന്നുമുണ്ട്.
സെക്‌സ് വർക്കർമാരെ വിമർശിക്കുന്ന ഒരു കാര്യം, അത് എങ്ങനെ സെക്‌സ് ആകും, അതെങ്ങനെ രണ്ടു പേർ തമ്മിലുള്ള റിലേഷൻ ആകും എന്നതാണ്. ശരിയാണ്, അത് കൊമേഴ്‌സ്യലാണ്. പക്ഷേ, അവരുടെതായ ഡിസയറും പ്രണയവും ബന്ധങ്ങളുമൊക്കെ വേറെയാണ്. അവർ അത് വേർതിരിക്കുന്നുണ്ട്. അതിൽ ഒരു പ്രശ്‌നവും ഇല്ല. ഞാൻ ആന്ധ്രയിൽ വർക്ക് ചെയ്യുമ്പോൾ കണ്ടിട്ടുണ്ട്, അവർ ലവേർസ് എന്നാണ് പറയുന്നത്. നമ്മൾ അതിനെ ‘ടെംപററി ഹസ്ബൻറ്’ എന്ന പേരൊക്കെയിടും. ലവർ എന്നുപറയുന്നത് വേറെത്തന്നെയാണ് അവർക്ക്.
അഡ്വ. ആതിര: അവർ കസ്റ്റമറായിട്ട് വരുന്നതുതന്നെയാണോ?
ഡോ. ജയശ്രീ: കസ്റ്റമറായി തുടക്കത്തിൽ വന്നിരിക്കാം. പിന്നീട് ലവർ ആയി തുടരുന്നുണ്ടാകാം. ക്ലയന്റ്സ് വേറെത്തന്നെയാണ്. ഇവരെ തമ്മിൽ കൂട്ടിക്കുഴക്കേണ്ട ആവശ്യം വരുന്നില്ല. അവർക്ക് കുറച്ചുകൂടി എക്സ്പ്രസ് ചെയ്യാൻ സ്‌പേസ് കിട്ടാറുണ്ട്. പക്ഷേ അപ്പോഴും അവർ ആഗ്രഹിക്കുന്നത് കൺസ്റ്റിസ്റ്റൻറ് ആയൊരു റിലേഷൻഷിപ്പാണ്. അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യാറുണ്ട്.
അഡ്വ. ആതിര: ബേസിക്കലി മനുഷ്യർ മോണോഗമിസ്റ്റുകളാണോ?
ഡോ. ജയശ്രീ: മോണോഗമിസ്റ്റ് എന്നൊന്നും പറയാൻ പറ്റില്ല. പലപല താൽപര്യങ്ങളും കാണാറുണ്ട്.
അഡ്വ. ആതിര: ചരിത്രവും സംസ്‌കാരവുമെല്ലാം പ്രവർത്തിച്ചിട്ടാണോ മോണോഗമിസ്റ്റ് ആണെന്ന് പറയുന്നത്?
ഡോ. ജയശ്രീ: അത് അടിച്ചേൽപ്പിക്കുന്നതാണ്. പിന്നെ കുറേപ്പേർ മിക്‌സ്ഡ് ആയിട്ടായിരിക്കും എന്നു തോന്നുന്നു. മോണോഗമി ഇഷ്ടപ്പെടുന്നവരുണ്ട്. പക്ഷേ, എപ്പോഴും അങ്ങനെ ആകണമെന്ന നിർബന്ധമില്ല. അങ്ങനെയല്ലാത്ത സ്‌പേസ് നമ്മൾ കൊടുക്കേണ്ടേ.
മനില: പൊതുവേ പുരുഷന്മാർക്ക് കുറച്ചു കൂടി ഈസിയായി, ഒരേസമയം പല സ്ത്രീകളെ മെയിൻറയ്ൻ ചെയ്തുകൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. തന്ത്രപരമായിട്ടാണെങ്കിൽപ്പോലും, അത് ചെയ്യുന്നുണ്ട്. തിരിച്ച് സ്ത്രീകൾക്ക് അത്രയും വിദഗ്ധമായി ചെയ്യാൻ പറ്റാറുണ്ടോ?
അഡ്വ. ആതിര: സ്ത്രീകൾക്കും പറ്റാറുണ്ട്. പക്ഷേ, ഇതിനകത്തെ പവറാണ് പ്രധാന ഘടകം. പുരുഷന്മാർക്ക് ഇത് എന്തോ ഒരവകാശം പോലെയാണല്ലോ. അതുമല്ല, അത് സമൂഹം സമ്മതിച്ചു കൊടുത്തിട്ടുള്ളതുമാണ്. അതിൽ ആരും തെറ്റ് കാണുന്നില്ല. ‘പല സ്ത്രീകളെ വെച്ചുകൊണ്ടിരിക്കുക’ എന്ന നാടൻ പ്രയോഗമുണ്ട്. ശരിക്കും വച്ചുകൊണ്ടിരിക്കുക തന്നെയാണ്. അവർ നമ്മുടെയാണ്, അതുകൊണ്ട് അവരുടെ മുകളിൽ അധികാരം സ്ഥാപിച്ച് വച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ അതുപോലെ ഒന്ന് സ്ത്രീക്ക് അനുവദിച്ചുകൊടുത്തിട്ടില്ലല്ലോ.
ഒരു റേപ്പ് വിക്ടിം ആയാൽ തന്നെ സ്ത്രീകളെ മോശമാക്കിക്കൊണ്ടിരിക്കുയാണ്. പിന്നെ, ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സ്ത്രീകളും ഇത് ചെയ്യുന്നുണ്ടല്ലോ, അവരും പുരുഷന്മാരെ വശീകരിക്കുന്നില്ലേ എന്നൊക്കെ. ചെയ്യുന്നുണ്ട്. പക്ഷേ അതിന് എത്ര അംഗീകാരം കിട്ടുന്നുണ്ട്? ഒരു സ്ത്രീയുടെ ഇമേജ് കൂടുമോ? പക്ഷേ, അക്യൂസ്ഡ് ആയിട്ടുള്ള, വലിയ ഇമേജുള്ള പുരുഷന്മാരുടെ ഇമേജിന് എന്തെങ്കിലും കോട്ടം സംഭവിച്ചിട്ടുണ്ടോ. പക്ഷേ, സ്ത്രീകളെ സമൂഹം പ്രമോട്ട് ചെയ്യുന്നില്ലല്ലോ. അങ്ങനെയുണ്ടെങ്കിൽ പോലും അതിനെ സമൂഹം ഒട്ടും അംഗീകരിക്കുന്നില്ല. അവരെ ഡീഗ്രേഡ് ചെയ്യും. അതുകൊണ്ട് അത് പുറത്തുവരില്ല, രഹസ്യമായിട്ടേ ചെയ്യാൻ പറ്റുന്നുള്ളൂ. പക്ഷേ അതുകൊണ്ട് അവരുടെ സാമൂഹ്യപദവി ഉയരുന്നുമില്ല.
മനില: ലൈംഗികമായി ആക്രമിക്കപ്പെടുന്ന ചെറിയ പെൺകുട്ടികൾ ഉൾപ്പെടെ ഗർഭിണികളാകുന്ന അവസ്ഥയിൽ, നിയമം ഏതു തരത്തിലാണ് അവരെ സപ്പോർട്ട് ചെയ്യുക. അങ്ങനെയൊരാക്രമണത്തിൽ ഗർഭധാരണം നടക്കുന്ന സമയത്ത് അബോർട്ട് ചെയ്യുന്നതിനുള്ള സപ്പോർട്ടീവ് സിസ്റ്റമാണോ നിലവിലുള്ളത്?
അഡ്വ. ആതിര: അത് പ്രഗ്‌നനൻസി എത്ര എത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. പെൺകുട്ടിയുടെ ആരോഗ്യത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ഘട്ടം വരെ അബോർഷനെ അനുകൂലിക്കുന്ന രീതിയിൽ തന്നെ കോടതി ഉത്തരവു വരും. അബോർഷൻ ചെയ്താൽ, കുട്ടിയുടെ ആരോഗ്യം മോശമാകുന്ന തരത്തിലാണെങ്കിൽ, ഡെലിവറി കഴിഞ്ഞ് ജനിച്ച കുട്ടിയെ ശിശുക്ഷേമസമിതിയിലേക്ക് മാറ്റും.
മനില: വിക്ടിം ആയ കുട്ടിയുടെ കുടുംബത്തിന്റെ, അവരെ സപ്പോർട്ട് ചെയ്യുന്നവരുടെയൊക്കെ നിലപാട് എന്തായിരിക്കും, അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാമോ?
അഡ്വ. ആതിര: ഇങ്ങനൊരു സംഭവം നടന്നത് അവരവരോടുതന്നെ പറയാൻ മടിയാണ് ആളുകൾക്ക്. ഇങ്ങനെയൊരു സെക്ഷ്വൽ അസോൾട്ട് തന്റെ കുടുംബത്തിൽ നടന്നു എന്നത് അംഗീകരിക്കാൻ തന്നെ ഭയങ്കര പ്രയാസമാണ്. അഡ്മിറ്റ് ചെയ്തിട്ട് ഈയൊരു സംവിധാനത്തിലുടെ, പോലീസ്, കോടതി എന്നതിലൂടെ കടന്നുപോകുക എന്നത് അതിനേക്കാൾ വലിയ ട്രോമയാണ്. എത്ര തവണയാണ് സ്റ്റേറ്റ്‌മെൻറ് കൊടുക്കേണ്ടിവരുന്നത്. സൂര്യനെല്ലി കേസിലെ പെൺകുട്ടി തന്നെ പറയുന്നുണ്ട്, ആദ്യം ഒരാളോട് അൺ ഒഫീഷ്യലായി പറയുന്നു. പിന്നീട് ഒഫീഷ്യലായി പറയുന്നു. റെക്കോർഡ് ചെയ്യുന്നു, എഫ് ഐ ആർ ആകുന്നു. പിന്നീട് 161 സ്റ്റേറ്റ്‌മെൻറ് വീണ്ടും എടുക്കുന്നു. അതിന്റെ 164 സ്റ്റേറ്റ്‌മെൻറ് എടുക്കുന്നു. അതിനു ശേഷം പ്രോസിക്യൂട്ടറുടെ അടുത്തുപോയി കേസ് പഠിക്കുന്നു. മെഡിക്കൽ എവിഡൻസിനു പോകുകയാണെങ്കിൽ അവിടെ വീണ്ടും പറയേണ്ടി വരുന്നു. പല ഘട്ടത്തിലൂടെയുള്ള ട്രോമ. ഈ പെൺകുട്ടിക്കൊപ്പമുള്ളവർ അതിനേക്കാൾ അനുഭവിക്കുന്നുണ്ട്. ഒരു മെഡിക്കൽ എക്‌സാമിനേഷന് നാലര വയസ്സുകാരിയുടെ കൂടെ നിൽക്കേണ്ടി വന്ന അനുഭവം എനിക്കുണ്ട്. എന്നെപ്പോലെ, സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന ആളുകൾപോലും വിയർക്കുകയും പ്രയാസപ്പെടുകയുമൊക്കെ ചെയ്ത അനുഭവമായിരുന്നു അത്. കേസ് പഠിപ്പിക്കുമ്പോൾ ഒരു പ്രോസിക്യൂട്ടർ എന്ന രീതിയിൽ നമുക്കുതന്നെ ഉള്ളിൽ നിന്ന് വിഷമം വരും.
ഇതൊരു കൂടിയ ക്രൈമാണെന്ന് തിരിച്ചറിഞ്ഞ് ഇരക്കൊപ്പം, അതിജീവിതയാകാനുള്ള യാത്രക്കുനടുവിൽ ജുഡീഷറിക്കും സ്റ്റേറ്റിനും വലിയ റോളുണ്ട്, സമൂഹത്തിലെ മനുഷ്യർക്കുമുണ്ട്. അവർ ഈ പാട്രിയാർക്കിയുടെ കുരുക്കിൽ നിന്ന് മാറി വികസിച്ചുവരാൻ കുറച്ചു കൂടി സമയമെടുക്കും
യഥാർത്ഥത്തിൽ കേസ്, കോടതി, കോടതിമുറി എന്നിവയെല്ലാം ഉണ്ടാക്കുന്ന പരിക്ക് ചെറുതല്ല. പെൺകുട്ടിക്ക് ചിലപ്പോൾ അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും. ഇത് പറയാതിരിക്കുകയായിരിക്കും കുറച്ചു കൂടി എളുപ്പം എന്ന് കൂടെ നിൽക്കുന്നവർക്ക് തോന്നുംവിധമുള്ള സംവിധാനങ്ങളാണ്, റേപ്പ് കേസുമായി ബന്ധപ്പെട്ട് ഇവിടെയുള്ളത്. ഇതൊരു വസ്തുതയാണ്. പരാതിക്കാരിയാകാം എന്ന സന്നദ്ധത ഒരു ബോൾഡ് ഡിസിഷനാണ്. അവർ അവരുടെ ജീവിതത്തിലെ ഏറ്റവും കയ്പേറിയ എക്‌സ്പീരിയൻസിനു നടുവിൽ നിന്ന്, തകർന്നു പോകാതെ നിയമത്തിന്റെ വഴിയിലുടെ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുകയാണ്. നിയമത്തിന്റെ വഴിയിലൂടെ തന്നെ ഞാനത് പരിഹരിക്കാൻ ശ്രമിക്കും എന്ന് തീരുമാനിക്കുന്നത് ബോൾഡാണ്, അതോടൊപ്പം വളരെ പക്വമായ ഡിസിഷനുമാണ്.
അല്ലെങ്കിൽ അവർക്ക് ആത്മഹത്യ ചെയ്യാം, നാടുവിട്ടു പോകാം, അല്ലെങ്കിൽ അവരുടെ മനോനില തകർന്നു പോകാം. ഇതോടൊപ്പം, ഒതുങ്ങിയുള്ള ഒരു ഡിപ്രസ്ഡ് ലൈഫും ഉണ്ട്. ഇതിനെയൊക്കെ തള്ളിമാറ്റിയാണ് ഒരു പെൺകുട്ടി ഈയൊരു ഡിസിഷനുമായി മുന്നോട്ടുവരുന്നത്. വളരെ സങ്കീർണമായ ഒരു സ്‌ട്രെക്ചറിലൂടെ കടന്നുപോകാൻ തയ്യാറാകുന്ന പെൺകുട്ടി അതിജീവിതയായി പുറത്തുവരിക എന്നത് സിംപിളല്ല.
ഡോ. ജയശ്രീ: അവർക്ക് കൊടുക്കേണ്ട സപ്പോർട്ട് ഭയങ്കര വലുതാണ്.
അഡ്വ. ആതിര: ആ സമയം കുടുംബത്തെയും പ്രിയപ്പെട്ടവരെയും സംബന്ധിച്ചും പെയിൻഫുൾ ആണ്. ഇതിൽ നിന്നൊക്കെ എങ്ങനെ പെട്ടെന്ന് രക്ഷപ്പെടാം എന്നതല്ലാതെ അവർക്ക് വേറെ വഴിയില്ല. അതുകൊണ്ടാണ് പൈസ വാങ്ങി കേസ് സെറ്റിൽ ചെയ്യുന്നത്. ഓഫറിന്റെ മേലെ വിറ്റ്‌നസ് കൂറുമാറുന്നത്. ഇതൊക്കെ അതി സങ്കീർണമാണ്. അത് ഭരണകൂടം മനസ്സിലാക്കണം. ഇത്രയും കോംപ്ലിക്കേറ്റഡാണ് ഒരു വിക്ടിമിനെ സംബന്ധിച്ച്, അതിജീവിതയാകാനുള്ള പ്രോസസ് എന്നുകണ്ട്അതിനകത്ത് എന്തൊക്കെ ചെയ്യാം എന്ന് പരിശോധിക്കണം. ഇപ്പേൾ കേരളത്തിൽ നിർഭയ ഹോമുകളൊക്കെയുണ്ട്. അതെല്ലാം പരിമിതമായ അർത്ഥത്തിലാണ്. ഇതൊരു കൂടിയ ക്രൈമാണെന്ന് തിരിച്ചറിഞ്ഞ് ഇരക്കൊപ്പം, അതിജീവിതയാകാനുള്ള യാത്രക്കുനടുവിൽ ജുഡീഷ്യറിക്കും സ്റ്റേറ്റിനും വലിയ റോളുണ്ട്, സമൂഹത്തിലെ മനുഷ്യർക്കുമുണ്ട്. അവർ ഈ പാട്രിയാർക്കിയുടെ കുരുക്കിൽ നിന്ന് മാറി വികസിച്ചുവരാൻ കുറച്ചു കൂടി സമയമെടുക്കും. പക്ഷേ സ്റ്റേറ്റിന്റെ ഇൻവോൾവ്‌മെൻറ് ഇനിയും എത്രയോ വർദ്ധിക്കാനുണ്ട്.
മനില: വിക്ടിം ആയ സ്ത്രീകളുടെ എയ്ജ് ഗ്രൂപ്പ് നോക്കുന്ന സമയത്ത്, യുവത്വത്തിൽ നിൽക്കുന്നവരായിട്ടാണ് നമ്മുടെ ഒരു കോൺസെപ്റ്റ്. പക്ഷേ, പ്രായമായ സ്ത്രീകളും കൊച്ചു കുട്ടികളും ഉൾപ്പെടെ വിധേയരായിട്ടുണ്ട്. അത്തരം കേസുകൾ ഒരു ഡോക്ടർ എന്ന നിലയിൽ ശ്രദ്ധിച്ചിട്ടുണ്ടോ? പ്രായവ്യത്യാസമില്ലാതെയും ക്ലാസ് വ്യത്യാസമില്ലാതെയുമാണോ ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നത്. ക്ലാസ് ചോദിക്കാൻ കാരണം, പെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയുടെ കേസ് വന്ന സമയത്ത് ഇത്തരം ക്ലാസിൽ പെടുന്നവരാണ് കൂടുതലായി വിക്ടിമൈസ് ചെയ്യപ്പെടുന്നത് എന്ന വാദം വന്നിരുന്നു. അങ്ങനെയാണോ യഥാർത്ഥത്തിൽ?
ഡോ. ജയശ്രീ: അങ്ങനെ പറയാൻ പറ്റില്ല. സേഫ് ആയ വീടില്ലാത്തവർക്കൊക്കെ ഇത്തരം അനുഭവങ്ങൾ കൂടുതലുണ്ടാകാം. യൂണിവേഴ്‌സിറ്റികളിലും മറ്റും ഇത് നടക്കുന്നുണ്ടല്ലോ. അതുകൊണ്ട് അങ്ങനെ പറയാൻ പറ്റില്ല. അറിയപ്പെടാതെ പോകുന്ന നിരവധി കേസുകളുണ്ടല്ലോ. വന്നാൽ തന്നെ മെഡിക്കൽ കേസ് ആക്കണ്ട എന്നുപറയുന്ന ഒരുപാട് കേസുണ്ട്. വളരെ കുറച്ചുപേരല്ലേ ഇപ്പോഴും ഇത് പുറത്തേക്ക് കൊണ്ടുവരുന്നുള്ളൂ. ഹോസ്പിറ്റലിൽ വരുമ്പോൾ തന്നെ എല്ലാവർക്കും തലവേദനയാണ്. മെഡിക്കോ ലീഗൽ കേസാണ്, ഇതിനു പുറകേ പോകണം, കോടതിയിൽ പോകണം. വീട്ടുകാരും പറയും, ഇത് കേസൊന്നും ആക്കണ്ട എന്ന്. ഒതുക്കിത്തീർക്കുക എന്ന തരത്തിലാണ് പോകുന്നത്. പ്രായത്തിന്റെയൊക്കെ കുറവായിരിക്കും. പക്ഷേ ഇല്ല എന്ന് പറയാൻ പറ്റില്ല. ചെറിയ കുട്ടികളിൽ ഇഷ്ടം പോലെ അബ്യൂസസ് നടക്കുന്നുണ്ടല്ലോ. കുട്ടികൾക്കിത് പറയാനും പറ്റില്ല.
അഡ്വ. ആതിര: പോക്‌സോ കോടതിയിൽ വരുന്ന വിക്ടിം ആയവർ ഒന്നുങ്കിൽ എന്തെങ്കിലും രീതിയിലുള്ള മെന്റൽ ഡിസബിലിറ്റിയുള്ളവരായിരിക്കും. അതുമല്ലെങ്കിൽ ചെറിയ കുട്ടികളാകും. അവർക്കറിയില്ലല്ലോ അതിന്റെ കോംപ്ലിക്കേഷൻസ്. പതിനഞ്ച്- പതിനാറ് വയസ് കഴിഞ്ഞവർ പേടിപ്പിച്ചിട്ടോ മറ്റോ ആക്രമിക്കപ്പെട്ടവരായിരിക്കും. അല്ലാത്ത റേപ്പുകളിൽപെടുന്നത് കുഞ്ഞുമക്കളോ മെന്റൽ ഡിസബിലിറ്റിയുള്ളവരോ ആയിരിക്കും.
മനില: ഇത്തരം കുട്ടികളെ ആക്രമിക്കുന്നവരിലേറെയും അധ്യാപകരോ വീട്ടിലെ ഏറ്റവുമടുത്ത റിലേഷൻഷിപ്പിൽ വരുന്നവരോ ആയിരിക്കും. ഇതിന് എന്തു തരത്തിലുള്ള ബോധവൽക്കരണത്തിലേക്കാണ്പോകാൻ പറ്റുക.
അഡ്വ. ആതിര: എന്താണ് ഗുഡ് ടച്ച്, ബാഡ് ടച്ച് എന്ന് പഠിപ്പിക്കുന്ന സംവിധാനം വേണം. ഇന്റിമേറ്റായ വൃത്തത്തിനകത്തുള്ള കുട്ടികളിൽ നിന്നാണ് ആക്‌സസ് കൂടുതൽ കിട്ടുന്നത്. ആ ആക്‌സസ് ആണല്ലോ ദുരുപയോഗം ചെയ്യുന്നതും സെക്ഷ്വൽ അസോൾട്ടായി മാറുകയും ചെയ്യുന്നത്. കൂടുതൽ സർവൈലൻസിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനപ്പുറത്തേക്ക് കുട്ടികൾക്ക് ഇതിനെക്കുറിച്ചുള്ള ധാരണകൾ കുടുംബത്തിനകത്തു നിന്നും ക്ലാസുമുറികളിൽനിന്നും കൊടുക്കണം.
ഡോ. ജയശ്രീ: ഇക്കാര്യത്തിൽ, ജൻറർ- സെക്ഷ്വൽ അവയർനെസിന് ഏറെ പ്രാധാന്യമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ആൺകുട്ടികളെ നല്ലവണ്ണം ഇത് പഠിപ്പിക്കണം. ഇപ്പോഴുള്ള മുതിർന്ന പുരുഷൻ കുട്ടികളായ സമയത്ത് ഇതൊന്നും പഠിപ്പിച്ചിട്ടില്ല. എന്താണ് സെക്‌സ് എന്ന് പഠിപ്പിക്കുന്നില്ല. ഒരാളോട് എങ്ങനെ സംസ്‌കാരത്തോടെ ഇടപെടണം എന്ന് പഠിപ്പിക്കുന്നില്ല. അതുകൊണ്ട് അബ്യൂസസ് കൂടുതലും നടത്തുന്നത് ഫാമിലിയിൽ തന്നെയുള്ളവരാണ്. ആൺകുട്ടികളെയും പെൺകുട്ടികളെയും സെക്‌സിനെക്കുറിച്ച് ചെറുപ്പം തൊട്ട് പഠിപ്പിക്കക. അതായത് ബാഡ് ടച്ച്- ഗുഡ് ടച്ച് എല്ലാം. ഇപ്പോൾ, സേഫ് ടച്ച്- അൺ സേഫ് ടച്ച് എന്നാണ് പറയുന്നത്. അത് അവരെ പഠിപ്പിക്കാനുള്ള സ്‌കിൽ തന്നെ മുതിർന്ന ആളുകൾക്കില്ല, പാരൻറ്സിനും അധ്യാപകർക്കും. ഇപ്പോഴും പറയുന്നത് പെൺകുട്ടികളുടെ പ്രശ്‌നമാണെന്നാണ്, അവരുടെ വസ്ത്രധാരണം. ഈ മെന്റാലിറ്റി വരുമ്പോൾ, പുരുഷന്മാർ ചെയ്യുന്നത് തെറ്റാണെന്ന ബോധ്യം അവർക്കുണ്ടാകുന്നില്ല. അത് കുട്ടിക്കാലം മുതലേ അവർക്കുണ്ടാക്കി കൊടുക്കണം. അല്ലാതെ, സ്ത്രീകളെ പ്രൊട്ടക്ട് ചെയ്ത് ശരീരം മുഴുവൻ മൂടിവെച്ചുകൊണ്ടിരുന്നാൽ അത് മാറ്റാൻ പറ്റില്ല.
മ്യൂച്ചൽ കൺസെന്റോടു കൂടി തുടങ്ങിയ ഒരു റിലേഷൻഷിപ്പിന് എങ്ങനെയാണ് അത് ബ്രേക്ക് ചെയ്യേണ്ടത് എന്നത് നമ്മുടെ ആണിനും പെണ്ണിനും അറിയുന്നില്ല. അതിന് പെണ്ണിന് ഇത്രയും മുറിവേൽക്കേണ്ടിവരുന്നത്, പുരുഷൻ പ്രിവിലേജ് വെച്ച് കാണിക്കുന്ന ഒരു തരം ക്രൈം മൂലമാണ്.
അഡ്വ. ആതിര: ക്ലാസുമുറിക്കകത്ത് ഇത്തരം ഡിബേറ്റുകളൊന്നും നടക്കുന്നില്ല. നഗ്‌നത അത്യാവശ്യം മറച്ച് കുളിക്കടവിൽ പരസ്യമായി കുളിക്കുന്ന സമയത്ത് ഇത്തരം സംഭവങ്ങളൊന്നും അധികം നടന്നിട്ടില്ല എന്നതും മുണ്ട് മാടിക്കുത്തി നടക്കുന്ന ഒരു ആണിനെയോ അല്ലെങ്കിൽ ഷർട്ടിടാതെ നടക്കുന്ന ഒരു ആണിനെയോ ഒരു പെണ്ണ് കേറിപ്പിടിക്കുന്നില്ല എന്നതും, വസ്ത്രധാരണം സ്ത്രീക്കുമാത്രം എന്നൊക്കെയുള്ള വാദത്തെ പ്രാഥമികമായി തന്നെ തട്ടിത്തെറിപ്പിക്കേണ്ട കാര്യങ്ങളാണ്. കൺസെൻറിന്റെ കാര്യം വരുന്ന സമയത്ത്, മ്യൂച്ചൽ കൺസെന്റോടു കൂടി തുടങ്ങിയ ഒരു റിലേഷൻഷിപ്പിന് എങ്ങനെയാണ് അത് ബ്രേക്ക് ചെയ്യേണ്ടത് എന്നത് നമ്മുടെ ആണിനും പെണ്ണിനും അറിയുന്നില്ല. അതിൽ പെണ്ണിന് ഇത്രയും മുറിവേൽക്കേണ്ടിവരുന്നത്, പുരുഷൻ പ്രിവിലേജ് വെച്ച് കാണിക്കുന്ന ഒരു തരം ക്രൈം മൂലമാണ്. ആ ഫീലിങ്ങിൽ നിന്നാണല്ലോ അത് വിളിച്ച് പറയുന്നത്. മീടു ആയാലും ശരി, മറ്റു ബന്ധങ്ങളായാലും ശരി, മര്യാദയ്ക്കുണ്ടായ ഒരു ബന്ധത്തിൽ നിന്ന് എങ്ങനെയാണ് ഷേക്ക് ഹാൻഡ് കൊടുത്ത് പുറത്തേക്ക് കടക്കേണ്ടത് എന്നറിയില്ല. വരുന്നവഴി നന്നായി ക്രിയേറ്റ് ചെയ്യാനറിയാം. പിരിഞ്ഞുപോകേണ്ട വഴിയാകെ വയലൻസാണ്. വയലൻസ് ഇല്ലാതെ, എനിക്കിതിൽ താൽപ്പര്യമില്ല എന്നുപറഞ്ഞിട്ട് അതിൽ നിന്ന് പിന്മടക്കം എങ്ങനെ സാധിക്കും എന്നത് പഠിപ്പിച്ചിട്ടേയില്ല. അതുകൊണ്ടാണ്, പ്രതിക്ക് ഒരു കുടുംബം ഉണ്ടല്ലോ, മാനമുണ്ടല്ലോ എന്ന് പറയുന്നത്. പാട്രിയാർക്കിയുടെ പ്രിവിലേജിൽ നിൽക്കുന്ന മനുഷ്യർക്ക് അതിൽ നടക്കുന്ന വയലൻസ് എന്താണെന്ന് ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നില്ല.
മനില: തിരിച്ചാലോചിക്കുന്ന സമയത്ത്, മാധവിക്കുട്ടി എഴുതിയ, ‘ഡെറ്റോൾ ഇട്ട് കഴുകിയാൽ തീരുന്ന...’ എന്ന വാചകം എപ്പോഴും ഉപയോഗിക്കാറുണ്ട്. അത് കൂടുതൽ സൂക്ഷ്മമായി ആലോചിക്കുമ്പോൾ ശരിയല്ല എന്ന് തോന്നാറുണ്ട്. ഇതിനെ അങ്ങനെയല്ലല്ലോ ഡീൽ ചെയ്യേണ്ടത്. അതുപോലെ, ഒരു റിലേഷൻഷിപ്പിനകത്തു നിന്ന് പുറത്തുവരുമ്പോൾ അത് വയലൻസ് ആയിരുന്നു, മാനിപുലേറ്റഡ് കൺസൻറിലൂടെ സെക്ഷ്വലി ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന തിരിച്ചറിവ് സ്ത്രീക്കുണ്ടാകുന്ന ഘട്ടമുണ്ട്. അതിനെ ഈസിയായി വിടാൻ പറ്റില്ല, ഇതിന് ഒരു വൈരുദ്ധ്യമുണ്ട്. അത് സ്ത്രീകൾക്ക് എങ്ങനെ നേരിടാൻ പറ്റും. മാനസികമായിട്ടാണ് ഞാൻ ചോദിക്കുന്നത്.
ഡോ. ജയശ്രീ: ലൈംഗികാവയവങ്ങൾ എന്നു പറയാൻ തന്നെ നമുക്ക് പാടാണ്. നമ്മുടെ ഒരു പ്രൈവറ്റ് സ്‌പേസിലേക്ക് വേറൊരാൾ കടന്നുവരുന്നതുതന്നെ ഒരു വയലൻസായി തിരിച്ചറിയണം. അല്ലാതെ ഒരു പ്രത്യേക അവയവത്തിന്റെ ഹൈമൻ പോയി, അതുകൊണ്ട് മാനം പോയി എന്നല്ല കാണേണ്ടത്. അത് ഒരു ഇൻസൾട്ടും വയലൻസും തന്നെയാണ്. അതിനെ ആ രീതിയിലാണ് തിരിച്ചറിയേണ്ടത്. ഒരു വ്യക്തിയുടെ നേർക്കുള്ള കടന്നുകയറ്റം അല്ലെങ്കിൽ ബഹുമാനമില്ലായ്മ- ആ തരത്തിൽ അതിനെ റീ ഡിഫൈൻ ചെയ്ത് മനസ്സിലാക്കണം. ആ രീതിയിലാണ് ഇപ്പോൾ സ്ത്രീകൾ മനസ്സിലാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. പഴയതൊക്കെ മനസ്സിൽ കിടക്കുന്നുണ്ടാകും. അത് കളയാൻ അത്ര എളുപ്പമല്ലായിരിക്കും. പക്ഷേ അത് നമ്മൾ മറികടക്കണം.
മനില: സ്ത്രീകളിൽ പൊതുവേ വിധേയത്വത്തിന്റെ അംശം, അല്ലെങ്കിൽ ക്ഷമിക്കാനുള്ള സംഗതി- അതായത്, സ്‌നേഹം കൊണ്ടല്ലേ അങ്ങനെയൊക്കെ സംഭവിച്ചത് എന്ന അവസ്ഥ- അത് കൂടുതലാണോ?
ഡോ. ജയശ്രീ: അത് പാരമ്പര്യമായി ശീലിച്ചുവന്ന കാര്യമാണല്ലോ. സ്ത്രീകൾ അങ്ങനെ ശീലിച്ചു പോയി. സർവീസ് എല്ലാം ചെയ്തുകൊടുത്ത്, പുരുഷന്മാരെ ആരാധിച്ച്, അതങ്ങനെ ശീലിച്ചുപോയതാണ്. അതിൽ നിന്ന് പുറത്തു കടക്കണമെങ്കിൽ അങ്ങനെയല്ലാതെയുള്ള ഒരു ബോധം ഉണ്ടാകണം. അതിപ്പോൾ സ്ത്രീകൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതുപോലെ, അതിനുള്ള സാഹചര്യവും ഉണ്ടാകണം. സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ബോധ്യം വന്നത് മറ്റ് അവസരങ്ങൾ കൂടി വന്നതോടെയാണ്. പുറത്തിറങ്ങിയുള്ള ജോലികൾ പരിമിതമായിട്ടെങ്കിലും ഉണ്ടായിത്തുടങ്ങിയപ്പോഴാണ് സ്ത്രീകൾക്ക് സ്വന്തമായ, ഇൻഡിപെൻഡൻറായ ബോധം ഉണ്ടായത്. പക്ഷേ ഇപ്പോഴും പഴയ സാഹചര്യങ്ങൾ, സാമ്പത്തികമായ സാഹചര്യങ്ങൾ നിലനിൽക്കുന്നു.
വിവാഹം തന്നെ ഉപജീവനം പോലെയാണല്ലോ നമുക്ക്. പുരുഷനെ, സാമ്പത്തികമായും മറ്റും ആശ്രയിക്കേണ്ടി വരും. അതിന്റെ ഭാഗമായി വൈകാരികമായി കൂടി ആശ്രയിക്കേണ്ടി വരുന്നു. ഇതിനുവേണ്ടത്, നമുക്ക് റിസോഴ്‌സസ് കൂടെ ഉണ്ടാകണം എന്നതാണ്. പെൺകുട്ടികളെ എങ്ങനെയെങ്കിലും കല്യാണം കഴിപ്പിക്കുക. ഇപ്പോഴും അങ്ങനെയാണല്ലോ. ‘അയ്യോ, എനിക്ക് രണ്ടു പെൺമക്കളാണ്’ എന്നാണ് പറയുക. കെ റെയിലിനെതിരെയുള്ള പെണ്ണുങ്ങളുടെ സമരത്തിൽ വായിച്ചപ്പോൾ കണ്ട ഒരു കാര്യം, എനിക്ക് രണ്ട് പെൺമക്കളാണ്, അതുകൊണ്ടാണ് സമരം ചെയ്യുന്നത് എന്ന മട്ടിലാണ്. ആൺകുട്ടികളാണെങ്കിൽ പ്രശ്‌നമില്ലേ.
സ്ത്രീകൾ സ്വന്തമായി ജോലി ചെയ്ത് സമ്പാദിക്കുമ്പോഴും അത് പെൺമക്കളെ കല്യാണം കഴിപ്പിച്ചയക്കാനാണെങ്കിൽ പിന്നെന്താണ് കാര്യം. അത് പാടെ മാറണം. പെൺകുട്ടിയാണെങ്കിലും ആൺകുട്ടിയാണെങ്കിലും ജോലി ചെയ്യാൻ ആദ്യം പഠിപ്പിക്കണം. എങ്കിൽ മാത്രമേ ആശ്രിതത്വത്തിൽ നിന്ന് മാറാൻ പറ്റൂ. അല്ലെങ്കിൽ വിധേയത്വം ഇങ്ങനെ നിൽക്കും. പ്രിവിലേജുള്ളവർ അത് നഷ്ടപ്പെടുത്താൻ നോക്കുമോ. നമുക്ക് എപ്പോഴും പണി ചെയ്തുതരാൻ ആളുകൾ കൂടെയുണ്ടെങ്കിൽ നല്ല സുഖമല്ലേ. അതുകൊണ്ടാണ് പുരുഷന്മാർക്ക് എപ്പോഴും പ്രശ്‌നം ഉണ്ടാകുന്നത്. അത് നഷ്ടപ്പെടുമ്പോൾ പ്രശ്‌നമാണ്.
അഡ്വ. ആതിര: നിയമങ്ങൾ കർശനമാക്കുമ്പോൾ തന്നെ, അതിന്റകത്തുനിന്ന് ഉയർന്നു വരുന്ന പുതിയ തരം വിവേചനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. വർക്ക് പ്ലേസ് സെക്ഷ്വൽ ഹരാസ്‌മെൻറുമായി ബന്ധപ്പെട്ട നിയമം ശക്തമായതിനെതുടർന്ന്, തൊഴിലിടത്തേക്ക് സ്ത്രീയെ എടുക്കുന്നത് ഇപ്പോൾ വളരെ കോൺഷ്യസ് ആയിട്ടാണ് ചെയ്യുന്നത്. അങ്ങനെ വിധേയപ്പെട്ടു നിൽക്കുന്ന, ചോദ്യം ചോദിക്കാത്ത, ചോദ്യം ചെയ്യാൻ സാധ്യതയുള്ള ആളുകളൊന്നും വരേണ്ടതില്ല എന്ന മട്ടിൽ. എസ്. സി- എസ്. എടി ആക്ട് വളരെ ശക്തമായതുകൊണ്ടുതന്നെ, റിസർച്ചിന് കുട്ടികളെ എടുക്കുന്ന സമയത്ത് ഗൈഡുമാരായവർ, എന്തിനാണ് വെറുതെ അവരെ എടുത്ത് ബുദ്ധിമുട്ടുന്നത്, എന്തിനാണ് അറിയാത്ത പെൺകുട്ടികളെ എടുത്ത് ബുദ്ധിമുട്ടുന്നത് എന്നൊക്കെയുള്ള ആലോചനകളിലേക്കുവരുന്നുണ്ട്. നിയമം കർശനമാകുമ്പോഴുണ്ടാകുന്ന മറ്റുതരം വിവേചനങ്ങൾ വലിയ രീതിയിൽ നമുക്കിടയിലുണ്ട്. 228 എ എന്ന വകുപ്പുണ്ടായിട്ടും, വിജയ്ബാബുവിന്, ആക്രമിക്കപ്പെട്ട സ്ത്രീയുടെ പേര് വിളിച്ചു പറയാനുള്ള ധൈര്യം ഈ നാട് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് അതിനടിയിൽ ഇത്ര വയലൻസോടു കൂടിയിട്ടുള്ള കമന്റുകൾ വരുന്നത്. എത്ര കഷ്ടപ്പെട്ടെങ്കിലും സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണം. കഷ്ടപ്പെട്ടിട്ടാണ് അഭിമാനം ഉണ്ടാകുന്നത്. എന്ത് ജോലിയാണെങ്കിലും കണ്ടുപിടിക്കണം. സ്ത്രീകൾ ഇറങ്ങിയാൽ മാത്രമേ ഈ അവസ്ഥ മാറൂ.
മനില: മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ അറിയാം, വിജയ് ബാബുവിന്റെ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് വിവാഹവാഗ്ദാനം നൽകി ആക്രമിച്ചു. എന്നാണ്. വിവാഹവാഗ്ദാനം നൽകിയാൽ റേപ്പ് ചെയ്യാൻ അധികാരമുണ്ട് എന്നു തന്നെയാണ് മാധ്യമങ്ങളുടെ ബോധവും. ഈ സെൻസിറ്റിവിറ്റി ഏതൊക്കെ തരത്തിലാണ് മാറേണ്ടത്. പ്രത്യേകിച്ചും മീഡിയക്ക് അതിനകത്ത് വലിയ പങ്കുണ്ടെന്നാണ് തോന്നുന്നത്. ചോദ്യങ്ങൾ ചോദിക്കുന്നിടത്തും, റിപ്പോർട്ട് ചെയ്യുന്നതിനകത്തും ഒക്കെ.
ഡോ. ജയശ്രീ: ഇതേ മൂല്യങ്ങൾ തന്നെയാണല്ലോ മീഡിയയിലുമുള്ളത്.
അഡ്വ. ആതിര: സുഹൃത്തുക്കൾ വിളിച്ചതുകൊണ്ട്, കഴിഞ്ഞ ദിവസം ഒരു ചർച്ചക്കു പോയി. നിയമങ്ങൾ പ്രൊ വിമെൻ ആണ്, പ്രൊമെൻ വേണമെന്നൊക്കെ വിളിച്ചുപറയുന്നയാൾ ആ ചർച്ചയിലുണ്ട്. അയാളുടെ ആക്രോശങ്ങളാണ് ആ ചാനലിന്റെ റേറ്റ് വർദ്ധിപ്പിക്കുന്നത്. അതുകൊണ്ട് ഇത് വിളിച്ചു പറയുന്നവർ എല്ലാ ചാനലുകളിലുമുണ്ടാകും. സ്ത്രീക്കെതിരെ ഒരു ക്രൈം നടന്നു കഴിഞ്ഞാൽ ആ ക്രൈമിനെതിരായ ഒരു നിലപാടിൽ നിൽക്കുക എന്നല്ലാതെ, അതിനെ അനുകൂലിക്കുന്നവരെ ചർച്ചയ്ക്കിരുത്തേണ്ട ആവശ്യമില്ല മാധ്യമങ്ങൾക്ക്. അതിനുപകരം ഇത്തരം ആളുകളെ ചർച്ചയ്ക്ക് വിളിക്കുക, അവർക്ക് കൂടുതൽ സമയം കൊടുക്കുക, അവർ പറയുന്നത് വെച്ച് ചാനലിന്റെ റേറ്റ് കൂട്ടുക- ഇത് എന്തുമാത്രം ഇൻസെൻസിബിളായ ജേർണലിസമാണ്.
ഡോ. ജയശ്രീ: അതിനൊരു മറുവശമുണ്ട്. സ്ത്രീകൾ എന്തെങ്കിലും ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഭയങ്കരമായി ഹൈലൈറ്റ് ചെയ്യും. നിയമത്തിലും അങ്ങനെയാണ്. അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചു, അപ്പോൾ അറസ്റ്റ് ആണ്.
മനില: അച്ഛന്മാർ സ്ഥിരമായി ഉപേക്ഷിക്കുന്നുണ്ട്.
ഡോ. ജയശ്രീ: എത്ര ക്രൈം നടക്കുന്നുണ്ട് ഇവിടെ. ഇത്രയും വലിയ ക്രൈം നടത്തുന്നവരെയൊക്കെ അറസ്റ്റ് ചെയ്യുന്നുണ്ടോ. അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചാലുടൻ അറസ്റ്റാണ്.
അഡ്വ. ആതിര: രാമനാട്ടുകരയിൽ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ അപ്പോൾ തന്ന അറസ്റ്റ് ചെയ്തു. വിജയ് ബാബുവിനെ ഇനിയും അറസ്റ്റ് ചെയ്തില്ല.
ഡോ ജയശ്രീ: അമ്മ ഏതു സാഹചര്യത്തിലാണ് അത് ചെയ്തത് എന്നുനോക്കണം. കൊല്ലുന്നതിന്റെ കാരണം എന്തായിരിക്കും? ആ സിറ്റുവേഷനിൽ സെൻസിറ്റീവായി പ്രതികരിക്കേണ്ട കാര്യം കൂടിയില്ലേ. അപ്പോഴൊക്കെ നിയമം ‘കറക്റ്റായി’ ഉപയോഗിക്കും.
അഡ്വ. ആതിര: കുട്ടി തനിച്ചുണ്ടായതല്ല, അച്ഛൻ കൂടിയുള്ളതുകൊണ്ടാണ് കുട്ടി ഉണ്ടാകുന്നത്. ഉപേക്ഷിക്കപ്പെടുമ്പോഴുള്ള ഉത്തരവാദിത്തം അമ്മയിൽ മാത്രമാണ്. അപ്പോൾ അച്ഛൻ എവിടെയായിരുന്നു, എത്ര അച്ഛന്മാരാണ് മക്കളെ ഉപേക്ഷിച്ചുപോയിട്ടുള്ളത്. കുടുംബക്കോടതിയിൽ മെയിന്റനൻസ് കേസ് ദിവസവും രണ്ടു മൂന്നെണ്ണം വെച്ച് ഫയൽ ചെയ്യേണ്ടിവരികയാണ്. അച്ഛന്മാരുപേക്ഷിച്ചു പോകുന്നതുകൊണ്ടാണല്ലോ കേസ് ഫയൽ ചെയ്യപ്പെടുന്നത്. അവരെ അറസ്റ്റ് ചെയ്യുന്നില്ല. മെയിന്റനൻസ് കേസ് ഫയൽ ചെയ്ത്, മെയിന്റനൻസ് ഓർഡർ ആക്കി, ഓർഡർ പ്രകാരമുള്ള തുക കുട്ടികൾക്ക് കൊടുക്കാതെ വരുന്ന ആളെ അറസ്റ്റ് ചെയ്യിപ്പിക്കണമെങ്കിൽ നമ്മൾ കേസ് കൊടുക്കണം. കോവിഡ് കാലത്ത് ഒരാളയും അറസ്റ്റ് ചെ്തിട്ടില്ല. ഒരു വാറണ്ട് ഇഷ്യൂ ചെയ്ത് അയാളെ ജയിലിടണമെങ്കിൽ ആ പണം ഈ സ്ത്രീ കെട്ടിവെക്കണം.
ഡോ. ജയശ്രീ: ഡൊമസ്റ്റിക് വയലൻസിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നുണ്ടോ? എന്നിട്ടും മാധ്യമങ്ങൾ അമ്മയെ അറസ്റ്റ് ചെയ്യുമ്പോൾ കെട്ടിഘോഷിക്കുകയാണ്.
മനില: സ്ത്രീകൾ പ്രതികളായി വരുന്ന എല്ലാ കേസുകളിലും മാധ്യമങ്ങൾക്ക് ഒരുതരം വ്യഗ്രതയുണ്ട്.
ഡോ ജയശ്രീ: പിന്നെ അവരുടെ സൗന്ദര്യത്തെക്കുറിച്ചുവരെ വർണിക്കാൻ തുടങ്ങും.
അഡ്വ. ആതിര: ഒരു എൻ. ഐ. എ ആക്ടിന്റെ ചെക്ക് ബൗൺസായ കേസിൽ, സോളാർ കേസിൽ പ്രതികളായ സ്ത്രീകൾ വരുമ്പോഴേക്കും, ഒരു മർഡർ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയേക്കാൾ മീഡിയ അറ്റൻഷൻ ലഭിക്കുകയാണ്.
മനില: ക്യാമറയുടെ ലാംഗ്വേജിൽ വരെ ഒരുതരം റേപ്പ് തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.