സ്​ത്രീകൾ നേതൃത്വം കൈയാളുമ്പോൾ

കുടുംബവും കുട്ടികളുടെ പരിചരണവും സ്​ത്രീകളുടെ ഉത്തരവാദിത്തമായി കാണുന്ന സാമൂഹിക വ്യവസ്​ഥിതിയാണ് സ്​ത്രീകളെ നേതൃനിരയിൽ നിന്നും പ്രധാനമായും അകറ്റുന്നത്. ഇതൊക്കെ തരണംചെയ്തു മുന്നോട്ടുപോകുന്ന സ്​ത്രീകളെ പിന്നാക്കം വലിക്കുന്നത് അവരുടെ കുടുംബാംഗങ്ങൾ തന്നെയാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. എസ്. പ്രമീളാദേവി എഴുതിയ ലേഖനം.

1946 മുതൽ 2020 വരെ ഏകദേശം 64 രാജ്യങ്ങളിൽ സ്​ത്രീകൾ ഭരണാധികാരികളായി നേതൃനിരയിൽ വന്നിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. Tuvan People's Republic എന്ന രാജ്യത്താണത്രേ ആദ്യമായി മിസ് കെർട്ടക് അൻയിമാ എന്ന വനിത, രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ‘തലൈവി’ എന്ന സ്​ഥാനം ആദ്യമായി കൈവരിച്ചത്.

പുരാതന നാഗരികത ഒരു സ്​ത്രീയെയും അധികാരം കൈയാളാൻ അനുവദിച്ചിരുന്നില്ല. സ്​ത്രീനേതൃത്വത്തിനു പിന്തുണ നൽകുന്ന ചില രാജ്യങ്ങളുമുണ്ട്. സ്വീഡൻ, സ്ലോവേരിയ, ഫിൻല്, ഡെൻമാർക്ക് എന്നിവയാണവ. ഈ രംഗത്ത് സ്​ത്രീപുരുഷ സമത്വം കൈവരിക്കുക എന്നത് ഒരു മരീചികയായിത്തന്നെ ഇന്നും തുടരുകയാണ്.

ഇന്ത്യൻ പാർലമെൻ്റിൽ സ്​ത്രീകൾക്ക് തുല്യ പ്രാധാന്യം നൽകുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടില്ല. എന്നാൽ കേരളത്തിലെ തദ്ദേശസ്വയംഭരണസ്​ഥാപനങ്ങളിൽ ഇത് ഏറെക്കുറെ വിജയകരമായി നടപ്പിലാക്കിവരുന്നു.

കൊറോണയെ പിടിച്ചുകെട്ടുന്ന കാര്യത്തിൽ സ്​ത്രീനേതൃത്വം വൻ വിജയമാണ് ലോകത്തിനു സമ്മാനിച്ചത്. നമ്മുടെ സംസ്​ഥാന ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ കൊറോണ പ്രതിരോധരംഗത്ത് ലോകത്തിലെ തന്നെ അറിയപ്പെടുന്ന വ്യക്തിയായി മാറി. അതുപോലെ ന്യൂസിലാൻഡിലെ പ്രധാനമന്ത്രി ജസീന്താ ആർഡെം ഉൾപ്പെടെ 148-ഓളം സ്​ത്രീകൾ കോവിഡ് മഹാമാരിയെ ശക്തമായി നേരിടുന്നതിൽ, പുരുഷന്മാരേക്കാൾ മുൻപന്തിയിൽ ആയിരുന്നു എന്ന് കണക്കുകളും പഠനങ്ങളും വെളിവാക്കുന്നു. സമൂഹത്തിൽ resource- ന്റെ കാര്യത്തിൽ, ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്​ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയാൽ ജി.ഡി.പി ((Gross Domestic Product) നിരക്ക് വർദ്ധിപ്പിക്കാം എന്ന് സാമൂഹിക പഠനങ്ങൾ തെളിയിക്കുന്നു.

സ്​ത്രീകളെ നേതൃത്വത്തിൽ നിന്ന് പിന്നാക്കം വലിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഏറ്റവും പ്രധാനമായത് ലിംഗവിവേചനം തന്നെയാണ്. രാഷ്ട്രീയ പ്രാതിനിധ്യമില്ലായ്മ, വിദ്യാഭ്യാസത്തിലെ തുല്യതയുടെ അഭാവം, സ്​ത്രീപീഡനം, ലൈംഗിക അതിക്രമം, അവസരനിഷേധം, ബാലവിവാഹം തുടങ്ങി മറ്റനേകം ഘടകങ്ങളുമുണ്ട്. ജനിക്കുമ്പോൾ കുട്ടി പെണ്ണാണ് എന്നറിയുമ്പോൾ തുടങ്ങി കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ, വിദ്യാഭ്യാസം നൽകുമ്പോൾ, ആഹാരം നൽകുമ്പോൾ, വിവാഹം കഴിക്കുമ്പോൾ, ജോലി തെരഞ്ഞെടുക്കുമ്പോൾ എല്ലാം ‘ബാഹ്യശകതി’കളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഔദ്യോഗിക കാര്യങ്ങളോടൊപ്പം തന്നെ കുടുംബകാര്യങ്ങളും നോക്കാനുള്ള കഴിവ് തന്നെയാണ് സ്​ത്രീകളുടെ പ്രത്യേകത. ഇത് സാമൂഹിക വ്യവസ്​ഥിതി അവരിൽ കാലാകാലങ്ങളായി ‘അടിച്ചേൽപ്പിച്ച’ കഴിവാണ്. കുടുംബവും കുട്ടികളുടെ പരിചരണവും സ്​ത്രീകളുടെ ഉത്തരവാദിത്തമായി കാണുന്ന സാമൂഹിക വ്യവസ്​ഥിതിയാണ് സ്​ത്രീകളെ നേതൃനിരയിൽ നിന്നും പ്രധാനമായും അകറ്റുന്നത്. ഇതൊക്കെ തരണംചെയ്തു മുന്നോട്ടുപോകുന്ന സ്​ത്രീകളെ പിന്നാക്കം വലിക്കുന്നത് അവരുടെ കുടുംബാംഗങ്ങൾ തന്നെയാണ്. അച്ഛൻ, അമ്മ, ഭർത്താവ്, ശ്വശുരൻ, ശ്വശുര എന്നിവരുടെ ഇടപെടലുകൾ പ്രതിരോധിക്കാനും അവഗണിക്കാനും ഭൂരിപക്ഷം പേർക്കും കഴിയാതെവരുന്നു.

READ RELATED CONTENTS

സ്​ത്രീകൾക്ക് എല്ലാ സംഘടനകളും മാന്യമായ സ്​ഥാനവും അധികാരവും നൽകുന്നുണ്ട്. നേതൃസ്​ഥാനത്ത് ഇരിക്കുന്ന സ്​ത്രീയെ നിസ്സാരമായി കാണുകയും പിന്നിൽനിന്ന് പ്രവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയും ഉണ്ടാകാം. ശരിയായ പാതയിൽനിന്നും വ്യതിചലിക്കാത്ത ഉരുക്കുനേതൃത്വമാണ് അതിനുള്ള മറുപടി. നേതൃസ്​ഥാനത്തുള്ള സ്​ത്രീകൾ, അവരുടെ ഭർത്താവിന്റെയോ അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ട മറ്റ് ചിലരുടെയോ ആശയങ്ങൾക്കും അഭിപ്രായത്തിനും അനുസരിച്ചു പ്രവർത്തിക്കാൻ നിർബന്ധിതമാകാറുണ്ട്. അല്ലാത്തപക്ഷം അവരുടെ പിന്തുണയും അംഗീകാരവും ഇല്ലാതെ പ്രവർത്തിക്കേണ്ടിവന്നേക്കും. ഇലക്ഷനിൽ സ്​ഥാനാർത്ഥിയാകുന്ന ചില വനിതകൾ സ്വന്തം പേരിലല്ല, മറിച്ചു ഭർത്താവിന്റെ പേരിലാണ് വോട്ട് അഭ്യർത്ഥിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുക. സ്​ഥാനത്ത് എത്തിക്കഴിഞ്ഞാൽ പിന്നിൽ നിന്നും ഭർത്താവുതന്നെ ഭരിക്കും എന്ന് പറയാതെതന്നെ മനസ്സിലാക്കാം. ഇത് ഒരു വലിയ സാമൂഹികപ്രശ്നമാണ്.

ഭാരതത്തിൽ പ്രസിഡൻ്റ്, ഗവർണർ പോലുള്ള ആലങ്കാരിക പദവികളാണ് സ്​ത്രീകൾക്കു കൂടുതലായി നൽകിക്കാണുന്നത്. അല്ലാതെ സ്വന്തം കഴിവിലൂടെ ഉയർന്ന സ്​ഥാനത്ത് എത്തിയ ഒരു വനിത ഇന്ദിരാഗാന്ധി മാത്രമാണ്. പാകിസ്​ഥാനിൽ ബേനസീർ ഭൂട്ടോ, ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാര നായകെ തുടങ്ങി ഓരോ രാജ്യത്തും വിരലിൽ എണ്ണാവുന്നവർ മാത്രം.

സ്വന്തം അഭിപ്രായങ്ങൾ വ്യക്തമായും ശക്തമായും ഉറക്കെയും പ്രഖ്യാപിക്കുന്ന ഒരു സ്​ത്രീയെ സംബന്ധിച്ചിടത്തോളം സംഘടനാപ്രവർത്തനം ലളിതമാണ് എന്നതാണ് സത്യം. ആത്മാർത്ഥതയും അർപ്പണമനോഭാവവും സംഘടനാപ്രവർത്തനത്തിന് അനിവാര്യമാണ്. നേതൃസ്​ഥാനത്ത് അലങ്കാരപൂർവ്വം കയറി ഇരിക്കുകയല്ല വേണ്ടത്, ഒരു നേതാവിന്റെ ലക്ഷ്യം പ്രവർത്തിക്കുക എന്നതാണ്. ഒരു ലക്ഷ്യം അഥവാ ദർശനം പ്രവർത്തനത്തിന് ഉണ്ടാകണം. സ്​ത്രീകൾ പൊതുവേ ബഹുമുഖ പ്രതിഭകളാണ്. അവരുടെ കഴിവുകൾ അവർക്കുപോലും ശരിക്കറിയില്ല. സ്​ത്രീകളെ സംഘടനാ തലത്തിൽ മുന്നോട്ടുകൊണ്ടുവരാനെന്ന വ്യാജേന സംഘടനയ്ക്കുള്ളിൽ തന്നെ മഹിളാവിഭാഗങ്ങൾ സൃഷ്ടിക്കുന്ന പ്രവണത അടുത്തകാലത്തായി കണ്ടുവരുന്നു. യഥാർത്ഥത്തിൽ സ്​ത്രീകളെ മഹിളാ സംഘടനാരംഗത്ത് മാത്രം തളച്ചിടുകയാണ് അതിന്റെ ശരിയായ ഉദ്ദേശ്യം.

പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്താതിരുന്നാൽ തന്നെ സ്​ത്രീകൾ നേതൃസ്​ഥാനങ്ങളിൽ എത്തിപ്പെടും. മാറ്റം സ്വന്തം കുടുംബത്തിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും പിന്നെ സമൂഹത്തിൽ നിന്നും തുടങ്ങട്ടെ. മദർ തെരേസ പറഞ്ഞത് ശ്രദ്ധിക്കൂ: നിങ്ങൾ നേതാക്കളെ കാത്തിരിക്കരുത്... സ്വയം പോരാടുക.

WoW - Wonder of Women

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments