‘എന്റെ മുന്നിൽ ആൺസ്ഥാനാർഥികൾ മാത്രം’

‘‘വോട്ടു ചെയ്യാതിരുന്നു ശീലമില്ലാത്തതിനാൽ ഒരിടതുപക്ഷ സഹയാത്രികയെന്നഭിമാനിക്കുന്ന ഞാൻ ഈ വോട്ടെടുപ്പു സമയത്തനുഭവിക്കുന്ന സംഘർഷവും അഭിമാനക്ഷതവും ചെറുതല്ല. പെൺമെമ്മോറിയലിൽ ഒപ്പിട്ടുകൊടുത്ത ഓരോരുത്തരും ടന്നുപോകുന്ന അവസ്ഥ ഇതുതന്നെയാകും. വോട്ടു ചെയ്യണോ വേണ്ടയോ? സ്ത്രീ പ്രാതിനിധ്യമോ വർഗ്ഗീയതക്കെതിരെ ഉള്ള പോരാട്ടമോ? ഏതിനൊപ്പം നിൽക്കണം?’’- എസ്. ശാരദക്കുട്ടി എഴുതുന്നു.

യിടെ ഒരു സാഹിത്യോത്സവത്തിൽ ‘എന്നുണ്ടാകും കേരളത്തിന് ഒരു വനിതാമുഖ്യമന്ത്രി’ എന്ന വിഷയത്തിൽ ഞാനായിരുന്നു ചർച്ച നയിച്ചത്.

മുഖ്യമന്ത്രി പെണ്ണായതുകൊണ്ടു മാത്രം പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് നിരവധി പെൺ ഭരണാധികാരികളുടെ ഉദാഹരണം നിരത്തി പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും പാർട്ടി പ്രവർത്തകരുമായി അന്നവിടെ പങ്കെടുത്തവർ സംസാരിച്ചു.

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ സ്ത്രീമുഖ്യമന്ത്രി വരുമെന്ന ഘട്ടം വരെ എത്തിയിട്ടും അത്തരം ഉദ്യമങ്ങൾ എങ്ങനെയൊക്കെയാണ് തടയപ്പെട്ടതെന്ന് അവിടെ വിശകലനം ചെയ്യപ്പെട്ടു. രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കാൻ കരുത്തുള്ള ഒരു സ്ത്രീയെ നിലവിലെ കേരള രാഷ്ട്രീയത്തിൽ ഇനിയും കണ്ടെത്തിയിട്ടുണ്ടോ എന്ന സംശയം വരെ അവരിൽ നിന്നുണ്ടായി. അവർക്കെല്ലാം മുകളിൽ നിന്നുള്ള തിട്ടൂരങ്ങളെ ഭയക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമുണ്ടായില്ല.

ഷീലാ ദീക്ഷിത്, ജയലളിത, വസുന്ധര രാജെ സിന്ധ്യ, മായാവതി, മമത ബാനർജി തുടങ്ങിയവരുടെ പേരിനൊപ്പം കൂട്ടിച്ചേർക്കാൻ കേരളത്തിൽ ഇന്നു വരെ ഒരു നമ്പർ വൺ പേരും വന്നിട്ടില്ല. ഒരു ട്രാൻസ്ജൻഡർ മുഖ്യമന്ത്രിയെന്നോ ട്രാൻസ്ജൻഡർ ജനപ്രതിനിധി എന്നോ ഒക്കെ ആദ്യം ആലോചിച്ചു തുടങ്ങേണ്ട സംസ്ഥാനവും കേരളമാണെന്നിരിക്കെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിലെ ഈ നാമമാത്രമായ പങ്കാളിത്തം നിരാശപ്പെടുത്തുന്നത്.

ഷീല ദീക്ഷിത്, ജയലളിത, വസുന്ധര രാജ, മമത ബാനര്‍ജീ
ഷീല ദീക്ഷിത്, ജയലളിത, വസുന്ധര രാജ, മമത ബാനര്‍ജീ

ഇത് വളരെ ഗൗരവമുള്ളതും വർഗ്ഗീയതക്കെതിരെ ഉറപ്പിച്ചു നിൽക്കേണ്ടതുമായ തിരഞ്ഞെടുപ്പു സമയമാണെന്നും, ഇത്തരം കച്ചറകളൊന്നും ഇപ്പോൾ പറയേണ്ടതല്ലെന്നും ചൂണ്ടുന്ന വിരലുകളെ ഞാൻ കാണുന്നുണ്ട്.

ഒന്നു വ്യക്തമായി. അധികാരത്തിൽ കൊതി തീരാത്ത ആൺപാർട്ടികൾ ചർച്ച ചെയ്ത് അവരിൽ നിന്ന് ഒരു പെൺമുഖ്യമന്ത്രി വരാനിടയില്ലെന്നു തന്നെയാണ് അന്നത്തെ ചർച്ചയിൽ തെളിഞ്ഞത്. മന്ത്രിമാരെ തീരുമാനിക്കുന്ന പാർട്ടികളുടെ ഉന്നതാധികാര സമിതികളിലും മറ്റും സ്ത്രീകൾക്ക് തുല്യപ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട് എന്നൊക്കെ എല്ലാവർക്കും അഭിപ്രായമുണ്ട്. പക്ഷേ കാര്യത്തോടടുക്കുമ്പോൾ എന്താണിപ്പോൾ സ്ത്രീ വന്നിട്ട് പ്രത്യേകിച്ച് കാര്യം എന്നൊരു സമീപനം.

കാരണങ്ങൾ പലതും സഗൗരവം ചർച്ച ചെയ്‌തെങ്കിലും, പെൺരാഷ്ട്രീയ പ്രവർത്തകർ ഊർജ്ജസ്വലരും ശക്തരുമെന്നുറപ്പുണ്ടെങ്കിലും, നിലവിലെ ആണധികാര ധാർഷ്ട്യത്തെ പൊളിച്ച് ഒരു പെൺമുഖ്യമന്ത്രി വരേണ്ടതുണ്ടെന്ന് എല്ലാവരും കരുതുന്നുണ്ടെങ്കിലും, തത്കാലം അതിനുള്ള സാധ്യതയിൽ പ്രത്യാശ കുറവാണെന്നു തന്നെയാണ് ചർച്ചയിൽ തെളിഞ്ഞത്.

പെൺ മെമ്മോറിയലിന്റെ പ്രാധാന്യത്തെ കുറിച്ചും മറ്റും ചർച്ചകൾ ധാരാളം നടന്നതിനുശേഷം നടക്കുന്ന ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിനെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. പെൺ മെമ്മോറിയലിൽ തുല്യ പ്രാതിനിധ്യത്തിനുവേണ്ടി അഭിമാനപൂർവ്വം ഒപ്പിട്ടു കൊടുത്ത ഞാൻ ഈ തിരഞ്ഞെടുപ്പിൽ എന്തു ചെയ്യണമെന്ന കൺഫ്യൂഷനിലാണ്. എന്റെ മുന്നിൽ ആൺ സ്ഥാനാർഥികളെയേ കാണാനുള്ളു. എനിക്ക് അവരെത്തന്നെ തിക്കിത്തിരക്കി അധികാരത്തിലേക്കേറ്റാൻ പ്രത്യേകിച്ച് ഒരു താത്പര്യവുമില്ല.

പെണ്‍ മെമോറിയല്‍ കാമ്പയിന്‍
പെണ്‍ മെമോറിയല്‍ കാമ്പയിന്‍

അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്ന കസേരകൾ ഒഴിഞ്ഞുകൊടുക്കാൻ പുരുഷന്മാർ തയ്യാറാവില്ല എന്നും ഇല്ലെങ്കിൽ അവരെ അവിടെ നിന്നു മാറ്റാൻ, മൂവ്‌മെന്റ് ശ്രമം നടത്തണം എന്നെല്ലാം ആഹ്വാനങ്ങളുണ്ടായി. ഒപ്പുശേഖരണവും ഒപ്പുകടലാസ് നിരത്തലും പ്രകടനവും പ്രക്ഷോഭവുമുണ്ടായി. എന്നിട്ടെന്തുണ്ടായി? സ്ഥാനാർഥി തീരുമാനങ്ങൾ വന്നപ്പോൾ പൊട്ടും പൊടിയും പോലെ ഒന്നോ രണ്ടോ പെണ്ണുങ്ങൾ.

ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലാണോ അവരെ നിർത്തിയിരിക്കുന്നത്? 'കേരളത്തിൽ പ്രസംഗിച്ചു നടന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല, ആർക്കും ഒന്നും നേടാനാവില്ല, നാറ്റമുള്ള പൂച്ചെണ്ട്, താടിയെല്ലിനു വേദന, ഇതു രണ്ടും കിട്ടുമെന്നല്ലാതെ' എന്ന് മാധവിക്കുട്ടി പറഞ്ഞതെത്ര ശരി എന്ന് തിരഞ്ഞെടുപ്പടുക്കുമ്പോൾ ഓർമ വരും.

ഇനിയിപ്പോൾ നിയമം മൂലം നിർബന്ധമായാൽ മാത്രം സ്ത്രീകൾക്ക് കൂടുതൽ സീറ്റ് നൽകേണ്ടി വന്നാലത്തെ അവസ്ഥ എന്താണെന്നാലോചിച്ചു നോക്കൂ. ഇപ്പോൾ നേതൃനിരയിൽ നിൽക്കുന്ന 33 - 35 ശതമാനം പുരുഷന്മാർ പിന്നോട്ടു മാറിനിൽക്കേണ്ടിവരും. അവരുടെ സംഘർഷവും സങ്കടവും ആരറിയാൻ. അപ്പോഴും പാർട്ടികളുടെ ഉന്നതാധികാര സമിതികളിൽ ക്ലീഷേ പ്രാതിനിധ്യത്തിൽ വനിതകൾ ഒതുങ്ങും. എത്ര കിട്ടിയാലും അധികാരം മതിയാകാത്ത ആണുങ്ങളെ ക്കൊണ്ട് നിറഞ്ഞ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇവിടെ സ്ത്രീകൾ എന്താണ് പ്രതീക്ഷിക്കേണ്ടത്?

മാധവിക്കുട്ടി
മാധവിക്കുട്ടി

തിരഞ്ഞെടുപ്പടുക്കുമ്പോൾ മറ്റു വലിയ ഗൗരവവിഷയങ്ങൾ സംസാരിക്കേണ്ടപ്പോൾ സ്ത്രീവിഷയം കൊണ്ടുനടക്കുകയല്ല വേണ്ടത്, പ്രബല ശത്രുവിനെതിരെ ഒരുമിച്ചു പൊരുതേണ്ട സമയമാണ് എന്ന ഓർമപ്പെടുത്തൽ വരും. വിധേയത്വം, അച്ചടക്കം, ബഹുമാനം എന്നീ അംഗീകൃത ഫ്യൂഡൽ മൂല്യങ്ങൾക്ക് കീഴടങ്ങിനിന്നു കൊണ്ടുള്ള ഈ കീഴാളനിലയിൽ എനിക്ക് തീരെ അഭിമാനം തോന്നുന്നില്ല.

വോട്ടു ചെയ്യാതിരുന്നു ശീലമില്ലാത്തതിനാൽ ഒരിടതുപക്ഷ സഹയാത്രികയെന്നഭിമാനിക്കുന്ന ഞാൻ ഈ വോട്ടെടുപ്പു സമയത്തനുഭവിക്കുന്ന സംഘർഷവും അഭിമാനക്ഷതവും ചെറുതല്ല. പെൺ മെമ്മോറിയലിൽ ഒപ്പിട്ടുകൊടുത്ത ഓരോരുത്തരും കടന്നുപോകുന്ന അവസ്ഥ ഇതുതന്നെയാകും. വോട്ടു ചെയ്യണോ വേണ്ടയോ? സ്ത്രീ പ്രാതിനിധ്യമോ വർഗ്ഗീയതക്കെതിരെ ഉള്ള പോരാട്ടമോ? ഏതിനൊപ്പം നിൽക്കണം?

സ്ത്രീകൾ സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവും ശാസ്ത്രപരവും ഭരണപരവും ബൗദ്ധികവും സാങ്കേതികവുമായ ഏതാണ്ടെല്ലാ മേഖലകളിലും പ്രാഗത്ഭ്യവും മികവും തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും, സ്ത്രീയവസ്ഥകളിൽ സമൂഹം ഏറെ മുന്നോട്ടുപോയിട്ടും രാഷ്ട്രീയരംഗത്ത് ആണുങ്ങളാണ് ഇപ്പോഴും തമ്പുരാക്കന്മാർ. അതിന് കക്ഷിരാഷ്ട്രീയ ഭേദമൊന്നുമില്ല.

പെണ്ണുങ്ങൾ തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴും ഈ തമ്പുരാക്കന്മാർക്ക് ജയ് വിളിക്കാനും ബാനർ പിടിക്കാനും സാംസ്‌കാരിക ജാഥകൾക്ക് പകിട്ടേകുവാനും ആൺനേതാക്കന്മാർക്കുവേണ്ടി പൊതുഇടങ്ങളിൽ പ്രസംഗിച്ച് ആളെ കൂട്ടാനും ചാനലുകളിൽ ചെന്നിരുന്ന് അവർക്കുവേണ്ടി വാദിക്കാനുമുള്ള ദാസികൾ മാത്രമാണ്. സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുന്ന നേതാക്കന്മാർക്കെതിരെ പോലും സംസാരിക്കാൻ ഇവർക്ക് അനുവാദമില്ല.

തുമ്മിയാൽ തെറിക്കുന്നതാണ് തങ്ങളുടെ സീറ്റുകൾ എന്ന് അവർക്കും നന്നായി അറിയാം. കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോവിലെ തടവുകാരനെ പോലെ, നീണ്ട കാലത്തെ കഠിന പ്രയത്‌നം കൊണ്ട് തുരന്നുണ്ടാക്കിയ തുരങ്കം വേറൊരു തടവുമുറിയിൽ ചെന്നാണ് തുറന്നത് എന്ന അവസ്ഥയാണ് രാഷ്ട്രീയരംഗത്തെ സ്ത്രീകളുടേത്.

തടവുപുള്ളിയെ തടവുപുള്ളി തന്നെയായി നിലനിർത്തുന്നതിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ പോലെ വിജയിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിനുള്ളിൽ എത്രമാത്രം സ്വേച്ഛാധിപത്യവും അസഹിഷ്ണുതയും നിലനിൽക്കുന്നുണ്ട് എന്നറിയണമെന്നുണ്ടെങ്കിൽ രാഷ്ട്രീയ ചർച്ചകൾ ശ്രദ്ധിച്ചാൽ മാത്രം മതി. നമ്മുടേത് അപ്പോൾ ഒരു ആണരശുനാടാകുന്നു. എല്ലാ കക്ഷികളുടെയും ആശീർവാദത്തോടെയാണ് ഈ ചൂഷണം നടക്കുന്നത്.

മധ്യവർഗ്ഗ വനിതകളുടെ നാമമാത്രമായ പ്രാതിനിധ്യത്തിനപ്പുറം ഭരണത്തിലോ നയരൂപീകരണത്തിലോ സ്ത്രീകളെ പങ്കാളികൾ ആക്കാൻ ഇപ്പോഴും ഇവിടെ രാഷ്ട്രീയ കക്ഷികൾ തയ്യാറാകുന്നില്ല. സ്ഥാനാർഥി നിർണ്ണയ ചർച്ച വരുമ്പോഴാണ് നമ്മുടെ രാഷ്ട്രീയ ദുഷ്പ്രഭുത്വത്തിന്റെ മേലാളഭാവം ശരിക്കും പുറത്തു വരുന്നത്. ആണുങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം മിച്ചം വല്ലതുമുണ്ടെങ്കിൽ കഴിക്കാൻ കാത്തിരിക്കുന്ന പഴയ ഫ്യൂഡൽകാലത്തെ വീട്ടമ്മയുടെ അവസ്ഥയിലാണ് രാഷ്ട്രീയ ഫ്യൂഡൽവ്യവസ്ഥയിൽ സ്ത്രീകൾ.

പലപ്പോഴും തങ്ങൾക്കു കഴിക്കാൻ തന്നെ തികയുന്നില്ലല്ലോ എന്ന ഭാവമാണ് ആണുങ്ങൾക്ക്. അധികാരത്തിനോടുള്ള തങ്ങളുടെ ആർത്തി എത്ര പരിഹസ്യമായാണ് അവർ പൊതുചർച്ചകളിൽ പോലും പ്രകടിപ്പിക്കുന്നത്. ‘ഞങ്ങൾ വളർത്താം, പക്ഷെ വളരുന്നത് ഞങ്ങൾ അനുവദിക്കുന്നിടത്തോളം മതി’ എന്നതാണ് അവരുടെ തീരുമാനം. വിധേയരല്ലാത്ത സ്ത്രീകളോട് ‘നിലക്ക് നിൽക്കെടീ' എന്ന് അവർ പറയാതെ പറയുന്നത് ഞങ്ങൾ കേൾക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, സ്ത്രീകൾ മാത്രം ഓർക്കേണ്ട ഒന്നാണോ സ്ത്രീകളുടെ ഭരണരംഗത്തെ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചിന്തകൾ? സ്ത്രീകൾ സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവും ശാസ്ത്രപരവും ഭരണപരവും ബൗദ്ധികവും സാങ്കേതികവുമായ ഏതാണ്ട് എല്ലാ മേഖലകളിലും തങ്ങളുടെ പ്രാഗത്ഭ്യവും മികവും തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.

കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും, സ്ത്രീയവസ്ഥകളിൽ സമൂഹം ഏറെ മുന്നോട്ടു പോയിട്ടും രാഷ്ട്രീയരംഗത്ത് ആണുങ്ങളാണ് ഇപ്പോഴും തമ്പുരാക്കന്മാർ. അതിന് കക്ഷിരാഷ്ട്രീയ ഭേദമൊന്നുമില്ല. പെണ്ണുങ്ങൾ തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴും ഈ തമ്പുരാക്കന്മാർക്ക് ജയ് വിളിക്കാനും ബാനർ പിടിക്കാനും സാംസ്‌കാരിക ജാഥകൾക്ക് പകിട്ടേകുവാനും ആൺനേതാക്കന്മാർക്ക് വേണ്ടി പൊതു ഇടങ്ങളിൽ പ്രസംഗിച്ച് ആളെ കൂട്ടാനും ചാനലുകളിൽ ചെന്നിരുന്നു അവർക്ക് വേണ്ടി വാദിക്കാനും ഉള്ള ദാസികൾ മാത്രമാണ്. സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുന്ന നേതാക്കന്മാർക്കെതിരെ പോലും സംസാരിക്കാൻ ഇവർക്ക് അനുവാദമില്ല. തുമ്മിയാൽ തെറിക്കുന്നതാണ് തങ്ങളുടെ സീറ്റുകൾ എന്ന് അവർക്കും നന്നായി അറിയാം.

മിക്ക സ്ത്രീ സ്ഥാനാർഥികൾക്കും വിജയിക്കാൻ സാധ്യതയില്ലാത്ത നിയോജകമണ്ഡലം നൽകി, ഒന്നുകിൽ പൊരുതി ജയിക്കുക, അല്ലെങ്കിൽ പിന്മാറുക എന്ന കടുത്ത സമ്മർദ്ദമുണ്ടാക്കുന്ന സ്ഥിതിയാണ് മുഖ്യധാരാ പാർട്ടികൾ എന്നും സ്വീകരിച്ചിട്ടുള്ളത്. 1984-ൽ ലീലാ ദാമോദരമേനോൻ ആത്മകഥയിൽ എഴുതിയതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇന്നുള്ള അവസ്ഥകളും.

19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ കേരളത്തിൽ എസ് എൻ ഡി പി യും എൻ എസ് എസ്സും യോഗക്ഷേമസഭയും ഉൾപ്പെടെയുള്ള സമുദായപരിഷ്‌കരണരണ പ്രസ്ഥാനങ്ങൾ സ്ത്രീയുടെ പദവിയെ ഉയർത്തുവാൻ എത്രമാത്രം ശ്രമിച്ചുവോ അതിന് കടകവിരുദ്ധമായാണ് അവരുടെ ഇന്നത്തെ നേതൃത്വം സ്ത്രീയെ പാരമ്പര്യത്തിന്റെ തടവിലാക്കുവാൻ പരമ്പരാഗതമൂല്യങ്ങളെ കുറിച്ച് പ്രസംഗിച്ച് ജാഥകൾ സംഘടിപ്പിക്കുന്നത്.

സ്ത്രീയുടെ രാഷ്ട്രീയജാഗ്രതയെ നശിപ്പിച്ചുകൊണ്ടുമാത്രമേ തങ്ങൾക്ക് ഇനിയൊരു മുന്നേറ്റം സാധ്യമാകൂ എന്ന് പരിഭ്രമിച്ചു പോയത് പോലെയാണ് പുരോഗമാനരഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോലും വനിതാസമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. പുരോഗമന ആശയങ്ങളാൽ ആവേശഭരിതയായ, സുചിന്തിതമായി പ്രവർത്തിച്ചു കഴിവ് തെളിയിച്ച ഒരു പ്രവർത്തക എന്നോട് ഈയിടെ പറഞ്ഞത് അവർക്ക് പ്രസംഗവേദികളിൽ ഇടം നല്കതിരിക്കുവാൻ നേതൃത്വം വിദഗ്ധമായി ഇടപെടുന്നതിനെ കുറിച്ചാണ്.

സ്ത്രീകൾ അത്രക്കങ്ങു ബോധാവത്കരിക്കപ്പെട്ടാൽ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ഔദ്യോഗിക നേതൃത്വങ്ങൾക്ക് നല്ല പരിഭ്രമമുണ്ട്. വനിതാസമ്മേളനങ്ങൾ പോലും തങ്ങളുടെ നിയന്ത്രണത്തിൽ നിർത്തുവാൻ അവർ ശ്രദ്ധിക്കാറുണ്ട്. തങ്ങൾ പരമ്പരാഗതമായി അനുഭവിച്ചു പോന്ന അധികാരങ്ങൾ വിട്ടു കൊടുക്കുവാൻ ആരും തയ്യാറാകുകയില്ല.

സമൂഹത്തിൽ സംഭവിക്കുന്ന ഓരോ സ്പന്ദനത്തെയും ഏറ്റുവാങ്ങിക്കൊണ്ട് സ്ത്രീകൾ നടത്തുന്ന ജാഗ്രതയോടെ ഉള്ള നീക്കങ്ങളെ നേതൃത്വം ഭയക്കുന്നു എന്നതാണ് സ്ത്രീകളോട് കാണിക്കുന്ന അവഗണനയുടെ പ്രധാനകാരണം. പെണ്ണുങ്ങൾ അധികാരം ഒരിക്കൽ കിട്ടിയാൽ പിന്നെ സ്ഥാനം ഒഴിയില്ല എന്നും അവരെ വീടിനു പുറത്തിറക്കിയാൽ പിന്നെ അവർ തിരിയെ അകത്തേക്ക് കയറാൻ കൂട്ടാക്കുകയില്ല എന്നും രഹസ്യമായി പരിഹസിക്കുമ്പോൾ പ്രകടമാകുന്നുണ്ട് ആ ഭീതികൾ.

ആനി തയ്യിൽ, അജിത, അന്നാ ചാണ്ടി
ആനി തയ്യിൽ, അജിത, അന്നാ ചാണ്ടി

ആനി തയ്യിലും വിപ്ലവനായികയായ അജിതയും ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി അന്നാ ചാണ്ടിയും വരെ ഇത്തരം സമീപനങ്ങളെ കുറിച്ച് തങ്ങളുടെ ആത്മകഥകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വീടിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടാതിരിക്കാൻ സമചിത്തത പാലിക്കേണ്ടവരായ സ്ത്രീകൾ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സ്വാസ്ഥ്യവും സമാധാനവും നഷ്ടപ്പെടാതിരിക്കാനായി സമചിത്തത പാലിക്കുകയാണ്. തിരഞ്ഞെടുപ്പടുക്കുന്ന സമയത്ത് ഒരു പാർട്ടിയിലും ഒരാൾ പോലും തങ്ങളുടെ ഇത്ര കാലത്തെ പ്രവർത്തനങ്ങൾക്ക് നേരെ കാണിക്കുന്ന ഈ അവഗണനയുടെ നേർക്ക് ശബ്ദമുയർത്തുകയില്ല. കാരണം സമാധാനപാലനമാണ് സ്ത്രീയുടെ ജന്മദൗത്യം. കാര്യങ്ങളെല്ലാം വളരെ സങ്കീർണ്ണമാണ്. എല്ലാവരും വല്യേട്ടന്മാരുടെ നിഴലിൽ തന്നെ നിന്നാൽ മതി.

ഇവിടുത്തെ നിലവിലുള്ള ആൺമേധാവിത്തപാർട്ടി ഓഫീസുകളെല്ലാം ഷട്ടറിടീപ്പിച്ചാലല്ലാതെ മറ്റൊരു സ്വതന്ത്ര തീരുമാനം സാധ്യമാകുമോ?


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments