ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം: പൊരുതുന്ന സ്​ത്രീകളുടെ എണ്ണം കൂടുന്നു

അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കുക എന്ന മൗലികാവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾ പരാതിയുമായി രംഗത്ത് വരുന്നുണ്ട്​. ദേശീയ വനിതാ കമീഷനിൽ 2022 ൽ ലഭിച്ച 30,957 പരാതികളിൽ 31 ശതമാനവും അന്തസ്സോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശലംഘനവുമായി ബന്ധപ്പെട്ടതായിരുന്നു. കേരളത്തിലും കഴിഞ്ഞ ഏഴ് വർഷങ്ങളിലും ഈ വിഭാഗത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരാതി. അവകാശനിഷേധത്തിനെതിരെ പൊരുതുന്ന സ്​ത്രീകളും ആക്​റ്റിവിസ്​റ്റുകളും സ്​ത്രീപക്ഷ പ്രവർത്തകരും സംസാരിക്കുന്നു.

ദേശീയ വനിതാ കമീഷനിൽ 2022 ൽ ലഭിച്ച 30,957 പരാതികളിൽ 31 ശതമാനവും അന്തസ്സോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശലംഘനവുമായി ബന്ധപ്പെട്ടതായിരുന്നു. കഴിഞ്ഞ വർഷം രാജ്യത്താകമാനം 9,736 കേസുകളാണ് ഈ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദേശീയ വനിതാ കമീഷന്റെ പ്രതിവർഷ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനങ്ങളിൽ നിന്ന്​ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ്.

കേരളത്തിലും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നൽകപ്പെടുന്ന പരാതികളിലേറെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന വിഭാഗത്തിലാണ്. കഴിഞ്ഞ ഏഴ് വർഷങ്ങളിലും ഈ വിഭാഗത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരാതി.

മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകൾ, അവർ നേരിടുന്ന അതിക്രമങ്ങളെയും അവകാശ നിഷേധങ്ങളെയും സംബന്ധിച്ച് കൂടുതൽ ജാഗ്രത കൈവരിച്ചിട്ടുണ്ട്. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കുക എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വിചിന്തനങ്ങൾ സ്ത്രീകൾക്കിടയിൽ ശക്തിപ്പെട്ടുവരുന്നു എന്നതിന്റെ സൂചനയാണ്, വിവിധ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾ അവർ നേരിടുന്ന വിവേചനങ്ങൾക്കെതിരെ പരാതിയുമായി രംഗത്ത് വരുന്നു എന്ന വസ്തുത. കുടുംബത്തിൽ, തൊഴിലിടങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, രാഷ്ട്രീയപാർട്ടികളിൽ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ സ്ത്രീകൾ അവരുടെ കർതൃത്വവും അവകാശങ്ങളുമായി ബന്ധപ്പെട്ട ഗൗരവമായ ചോദ്യങ്ങളുയർത്തുന്നതിന് നാം സാക്ഷിയാകുന്നുണ്ട്. വിവിധ സാമൂഹിക മണ്ഡലങ്ങളിൽ സ്ത്രീമുന്നേറ്റങ്ങൾ ശക്തിപ്പെട്ടുവരുന്നുമുണ്ട്.

സ്ത്രീ അവകാശങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന കൂട്ടായ്മകൾ, സംഘടനകൾ, സ്ഥാപനങ്ങൾ, സർക്കാർ / സർക്കാർ ഇതര പദ്ധതികൾ, കാമ്പയിനുകൾ, സംരംഭങ്ങൾ എന്നിവയുടെയെല്ലാം പ്രവർത്തനങ്ങൾ എങ്ങനെയാണ് പൊതുസമൂഹത്തിൽ പ്രതിഫലിച്ചത്, വിവിധ പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീകൾ അവരുടെ സാമൂഹിക അന്തസ്സുമായി ബന്ധപ്പെട്ട ചോദ്യത്തെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്, മുഖ്യധാരാ സ്ത്രീമുന്നേറ്റങ്ങൾക്ക് പുറത്തുനിർത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായി, സ്ത്രീകളുടെ സാമൂഹിക പദവിയുമായി ബന്ധപ്പെട്ട സംവാദങ്ങൾ ഏതെല്ലാം വിധത്തിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഈ വിഷയത്തോട് ചേർത്ത് പറയേണ്ടതുണ്ട്.

സമൂഹവും സ്വന്തവും തമ്മിലുള്ള ഇടർച്ചകൾ

കാലഹരണപ്പെട്ട സദാചാര ബോധങ്ങളിൽ ഇരയാക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ്, നിയമപോരാട്ടങ്ങളിലൂടെ ആത്മാഭിമാനത്തിനായി കലഹിക്കേണ്ടി വരുന്ന സ്ത്രീകൾ നമുക്കുചുറ്റിലുമുണ്ട്. ജനിച്ച്, ജീവിച്ച്, മരിക്കുക എന്നതിനപ്പുറം അന്തസ്സോടെ ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് സ്ത്രീകളെത്തുന്നത്. കുടുംബത്തിന്റെയും ചുറ്റുമുള്ളവരുടെയും ശരികളിൽ ഒതുക്കപ്പെടാതെ ‘എനിക്ക് ഞാനായി തന്നെ അന്തസ്സോടെ ജീവിക്കാനായി ഒറ്റയ്ക്ക് പോരാടുക’ എന്നത് അത്ര എളുപ്പമല്ല. വീടുകളിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസമൂഹത്തിലും അവർ ആത്മാഭിമാനത്തിനും അവകാശ ലംഘനങ്ങൾക്കുമെതിരെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിർവചനങ്ങളിലും കാലാനുസൃതമായി വലിയ മാറ്റം വരുന്നുണ്ട്. ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾക്ക് അവധി നൽകണമെന്ന ‘കുസാറ്റി’ന്റെയും ​കേരള സാ​ങ്കേതിക സർവകലാശാലയുടെയും തീരുമാനവും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റൽ വിദ്യാർഥികൾ സമയ നിയന്ത്രണത്തിനെതിരെ നടത്തിയ നിയമപോരാട്ടവുമെല്ലാം സ്ത്രീകൾക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഊന്നിപ്പറയുന്നതായിരുന്നു. പരമ്പരാഗത കുടുംബവ്യവസ്​ഥയിൽനിന്ന് പുറത്തുവന്നിട്ടില്ലാത്ത സമൂഹത്തിനെയും വ്യക്തിസ്വാതന്ത്രവും ലിംഗ സമത്വവും ആഗ്രഹിക്കുന്ന സ്വന്തത്തെയും ഒരുപോലെ ഉൾച്ചേർത്ത് മുന്നോട്ടുപോവുകയെന്ന വെല്ലുവിളിയാണ് ഇന്ന് ഓരോ സ്ത്രീയും അഭിമുഖീകരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റൽ വിദ്യാർഥിനികൾ സമയ നിയന്ത്രണത്തിനെതിരെ നടത്തിയ പ്രതിഷേധം

ഭരണഘടനയുടെ 21-ാം അനുഛേദത്തിലാണ് പൗരൻമാർക്ക്​ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം (right to live with dignity) ഉറപ്പുനൽകുന്നത്. ജാതി, ലിംഗഭേദങ്ങളില്ലാതെ എല്ലാവർക്കും ജീവനും വ്യക്തിസ്വാതന്ത്രത്തിനും അവകാശമുണ്ടെന്ന് അനുശാസിക്കുന്ന ഈ നിയമപരിരക്ഷ ഭരണഘടനാ മൂല്യങ്ങളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഭരണഘടന അനുശാസിക്കുന്ന ഏതു തരം അവകാശ ലംഘനങ്ങളെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘനങ്ങളിൽ ഉൾപ്പെടുത്താം. ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുന്നതിൽ നിന്നോ, ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യുന്നതിൽ നിന്നോ, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിൽ നിന്നോ തുടങ്ങി വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന എല്ലാത്തിനെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശലംഘന വിഭാഗത്തിൽ ഉൾപ്പെടുത്താം. ചൂഷണങ്ങളും അതിക്രമങ്ങളുമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കാനും തൊഴിലിടത്തിൽ തുല്യമായി ബഹുമാനിക്കപ്പെടാനുമുള്ള അവകാശം ഈ നിയമപരിരക്ഷയിലൂടെ ലഭിക്കുന്നു. സ്വകാര്യത, ശരിയായ ആരോഗ്യ പരിരക്ഷ, തുല്യമായി ബഹുമാനിക്കപ്പെടാനുള്ള അവകാശം തുടങ്ങിയവ മാനദണ്ഡമാക്കിയാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന വിഭാഗത്തിൽ ദേശീയ വനിതാ കമീഷൻ കേസ് ഫയൽ ചെയ്യുന്നത്. ജോലിസ്ഥലങ്ങളിലെ അതിക്രമങ്ങളെയും ലിംഗവിവേചനങ്ങളെയും സംബന്ധിച്ച പരാതികളാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന വിഭാഗത്തിൽ കേരളത്തിലെ വനിതാ കമീഷനിൽ റിപ്പോർട്ട് ചെയ്യുന്ന മിക്ക കേസുകളും.

മാനസിയുടെ പോരാട്ടം

നഗരപ്രദേശങ്ങളിൽ നിന്നാണ്, അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന വിഭാഗത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വനിതാ കമ്മീഷനിൽ നിന്ന് അറിയാനായത്. അന്തസ്സോടെ ജീവിക്കാൻ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഘടനപരമായി ചരിത്രാതീത കാലം മുതലേ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങളെയും വിവേചനങ്ങളെയും തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടാൻ വളരെ കുറച്ചു പേർക്ക് മാത്രമേ സാധിക്കുന്നുള്ളൂ. അത്തരത്തിൽ സാമൂഹിക-സാഹചര്യങ്ങളോടെല്ലാം ഒറ്റയ്ക്ക് പോരാടി, പരിശ്രമങ്ങളിലൂടെ സംരംഭക മേഖലയിൽ വിജയം കൈവരിച്ച സ്ത്രീയാണ് മാനസി.

സാമ്പത്തികമായി സ്വതന്ത്രയല്ലാത്തതിന്റെ പേരിൽ സ്ത്രീകൾ വീടുകളിൽ അനുഭവിക്കുന്ന വിവേചനങ്ങളെയും അരക്ഷിതാവസ്ഥകളെയും തിരിച്ചറിഞ്ഞാണ് മാനസി വളർന്നത്. സ്ത്രീയെന്ന നിലയിൽ പരമ്പരാഗത കുടുംബവ്യവസ്ഥിതികളിൽ അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളെല്ലാം വിവാഹത്തിലൂടെ മറികടക്കാമെന്നാഗ്രഹിച്ചിരുന്നു. പക്ഷേ വിവാഹത്തിനു ശേഷവും ഇടങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുകയാണെന്ന തിരിച്ചറിവിലാണ് വീട്ടിൽ നിന്ന് മാറി താമസിക്കാൻ മാനസി തീരുമാനിക്കുന്നത്. ആത്മാഭിമാനത്തോടെ ജീവിക്കാൻ ആരുടെയും ആശ്രയത്തിന് കാത്തിരിക്കേണ്ടതില്ലെന്ന് ജീവിതത്തെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളും അന്വേഷണങ്ങളുമാണ് ഇന്ന് ബൊട്ടിക്ക് മേഖലയിൽ സ്വന്തമായ മേൽവിലാസം നേടിയെടുക്കാൻ മാനസിയെ പ്രാപ്തയാക്കിയത്. സമർദ്ദങ്ങളിൽ വഴങ്ങാതെ കൈക്കുഞ്ഞുമായി ആത്മാഭിമാനത്തിനായി നടത്തിയ പോരാട്ടങ്ങളൊന്നും മാനസി എളുപ്പത്തിലല്ല മറികടന്നത്. കഷ്ടപ്പെട്ടാണെങ്കിലും സ്വന്തം തീരുമാനങ്ങൾ ശരിയാണെന്ന് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനാകുമെന്നാണ് ജീവിതത്തിലൂടെ ബോധ്യപ്പെട്ടതെന്ന് മാനസി പറയുന്നു:

മാനസി

""ആത്മാഭിമാനത്തിന് വില നൽകാത്ത ഒരിടത്തും നിന്ന് സമയം കളയരുതെന്നാണ് ജീവിതത്തിലൂടെ പഠിച്ചത്. നമുക്ക് അർഹിച്ച ബഹുമാനം കിട്ടാത്ത ഇടങ്ങളിൽ നിന്നെല്ലാം ഇറങ്ങിപ്പോരാൻ കഴിയണം. ബാല്യത്തിലെ അരക്ഷിതാവസ്ഥകൾ, വിവാഹത്തിലൂടെ രക്ഷപ്പെടാനാകുമെന്ന സാധ്യതയാണ് തന്നത്. പക്ഷേ ഒരു രക്ഷകനെ പ്രതീക്ഷിച്ചിരിക്കുന്നതിനെക്കാൾ സ്വയം പര്യാപ്തതയിലേക്ക് എത്തുന്നതാണ് വഴിയെന്ന് മനസ്സിലായി. ഒറ്റയ്ക്ക് മുന്നോട്ടുപോവുക എന്നതിനെ വെല്ലുവിളിയായി തിരിച്ചറിഞ്ഞ് പൊരുതണം. പോരാടുന്ന സ്ത്രീകളെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പുതിയ മനുഷ്യർ തന്നെയാണ് എനിക്കെന്നും ധൈര്യം നൽകിയത്. ''

അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘനം ആഴത്തിലുള്ള പ്രശ്‌നമാണന്ന്​ തിരിച്ചറിഞ്ഞ് സ്ത്രീകൾ നിയമപരമായി പോരാടുന്നതിനെ പോസിറ്റീവായി കാണണമെന്നാണ്, സ്​ത്രീപ്രശ്​നങ്ങളിൽ ഇടപെടുന്ന അഡ്വ. മായ കൃഷ്ണനും അഡ്വ. പി.എം. ആതിരയും പറയുന്നത്. സ്ത്രീപ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനും നിയമപരമായി മുന്നോട്ടുപോകാനും തയ്യാറാകുമ്പോഴാണ് പരാതികൾ കൂടുന്നത്. ഇമോഷണലും ഇക്കണോമിക്കലും ഫിസിക്കലും സെക്ഷ്വലുമായ അതിക്രമങ്ങൾക്കെതിരെ നിരവധി സ്ത്രീകൾ നിയമപരമായി പോരാടാൻ മുന്നോട്ടുവരുന്നുണ്ട്. തങ്ങൾ നേരിടുന്ന ചൂഷണങ്ങളും അവകാശ നിഷേധങ്ങളും അവർ തന്നെ തിരിച്ചറിയുകയെന്നത് പ്രധാനമാണന്നും അവർ കൂട്ടിച്ചേർത്തു.

അനുപമയുടെ കുടുംബപോരാട്ടങ്ങൾ

അന്തസ്സോടെ ജീവിക്കാനുള്ള സ്ത്രീ​കളുടെ അവകാശങ്ങളെക്കുറിച്ച് അടിസ്ഥാനപരമായി കുടുംബങ്ങളിൽ നിന്നാണ് സംസാരിച്ച് തുടങ്ങേണ്ടത്.
നിയമപരിരക്ഷകൾക്കുപോലും പരിഹരിക്കാനാകാത്ത വിധം സൂക്ഷമാർത്ഥത്തിലാണ് കുടുംബങ്ങളിൽ ലിംഗവിവേചനം നിലനിൽക്കുന്നത്. എന്തു കാര്യം ചെയ്യണമെങ്കിലും എങ്ങോട്ട് പോകണമെങ്കിലും അനുവാദങ്ങൾക്ക് കാത്തിരിക്കേണ്ട സ്ത്രീ​കളാണ്​ ഓരോ വീടുകളിലുമുള്ളത്​ഇത്തരത്തിൽ വീട്ടിൽ പോലും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ബന്ധുക്കളുടെ അനുവാദ സർട്ടിഫിക്കറ്റ് കിട്ടേണ്ട അവസ്ഥയ്ക്കെതിരെയായിരുന്നു അനുപമയുടെ നിയമപോരാട്ടം. വീട്ടിൽ ഷോർട്സ് ധരിക്കുന്നതിനെതിരെ ഒരു ബന്ധു വീട്ടിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഇയാളുടെ ഭീഷണികളും തെറിവിളികളും പേഴ്‌സണൽ സ്‌പേസിലേക്കുള്ള നിരന്തരം ഇടപെടലുകളും തുടർന്നതോടെ പോലീസിലും വനിതാ കമ്മീഷനിലും പരാതിപ്പെടുകയായിരുന്നു. പരാതി നൽകിയതോടെ ആരുടെയും പിന്തുണയില്ലാത്ത വിധം അനുപമ കുടുംബത്തിൽ ഒറ്റപ്പെട്ടു. സ്വന്തം താൽപര്യമനുസരിച്ച് പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം കുടുംബത്തിന്റെ സകല ഇടങ്ങളിൽ പുറത്താക്കപ്പെടുകയും അവരെ സദാചാരം പഠിപ്പിക്കാൻ ഇറങ്ങുന്നവരെല്ലാം സ്വീകരിക്കപ്പെടുകയും ചെയ്യുന്ന വിരോധാഭാസമാണ് നമ്മുടെ കുടുംബങ്ങളെ ഇന്നും നിയന്ത്രിക്കുന്നതെന്ന് അനുപമ പറയുന്നു:

അനുപമ

‘‘ആത്മാഭിമാനമുള്ള, സ്വതന്ത്ര്യബോധമുള്ള സ്ത്രീകൾ എന്നും കുടുംബത്തിനകത്ത് പാകമാവാത്ത ഉടലുകളാണെന്ന് ഞാൻ മനസ്സിലാക്കി. എന്റെ ദേഹത്തെ കുറിച്ച് ചുറ്റുമുള്ളവർ ജാഗരൂഗരാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് പാകമായ ഉടുപ്പുകൾ അവരുടെ സദാചാരബോധത്തെ തൃപ്തിപ്പെടുത്തിയില്ലെങ്കിൽ ‘വേശ്യ’ എന്ന പേരിട്ടുവിളിക്കാൻ അവർ എല്ലാ സമയവും തയ്യാറായിരുന്നു. സ്വന്തം താത്പര്യമനുസരിച്ച് ഉടുത്തൊരുങ്ങുന്ന, ആൺസുഹൃത്തുക്കളുള്ള സ്ത്രീകളെ അവർക്കെളുപ്പം ‘വേശ്യ’ എന്നു വിളിക്കാൻ പറ്റുന്നുണ്ടെങ്കിൽ അതിന്​ കുടുംബത്തിനകത്തുനിന്ന്​ ലഭിക്കുന്ന പിന്തുണ വലുതായിരിക്കും. സുരക്ഷിതമായി, സ്വതന്ത്രമായി ജീവിക്കാൻ പറ്റുന്ന ഇടം വീടും കുടുംബവുമാണെന്ന് പറയുന്ന സ്ത്രീകൾ വളരെ കുറവായിരിക്കും. നിരന്തരം അപമാനിക്കപ്പെടാൻ പാകത്തിലാണ് അവർ പലരും വീടുകളിൽ കഴിയുന്നത്.''

കപടസദാചാരബോധങ്ങളിൽ നിന്ന് പുറത്തുവരേണ്ടതുണ്ട്

സ്ത്രീയുടെ ആത്മാഭിമാനത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത കുടുംബങ്ങളിലെ അധികാര ഘടനകളെക്കുറിച്ച് സ്ത്രീകൾ തിരിച്ചറിയണം. സമൂഹത്തിന്റെയും കുടുംബത്തിന്റെയും തീരുമാനങ്ങളെ പിന്തുടർന്ന് ജീവിക്കാൻ ഇന്നും നിരവധി സ്ത്രീകൾ നിർബന്ധിതരാകുന്നുണ്ട്. സമൂഹം വരച്ചുവെച്ചിരിക്കുന്ന കുലസ്ത്രീ മാതൃകകളിൽനിന്ന് പുറത്തുവരാനാണ് സ്ത്രീകൾ ആദ്യം ശ്രമിക്കേണ്ടതെന്നാണ് ആദ്യകാല സ്വതന്ത്ര സ്ത്രീവിമോചനപ്രസ്ഥാനങ്ങളിൽ ഒന്നായ പ്രചോദനയിൽ തുടങ്ങി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഡോ.എ.കെ. ജയശ്രീ പറയുന്നത്.

ഉള്ളിൽ വേരാഴ്ന്നു നിൽക്കുന്ന കപട സദാചാരബോധങ്ങളിൽനിന്ന് പുറത്തുവന്നാൽ മാത്രമേ അന്തസ്സിനെക്കുറിച്ച് സ്ത്രീകൾക്ക് ചിന്തിച്ച് തുടങ്ങാനാവൂകയുള്ളു. കൺവെൻഷലായ കാര്യങ്ങളിൽ നിന്ന്വ്യതിചലിക്കുമ്പോൾ നിരവധി ചോദ്യങ്ങൾ സമൂഹത്തിൽനിന്ന് നേരിടേണ്ടി വരാം. പക്ഷേ അതിനോടൊക്കെ എതിർത്തുനിൽക്കാനുള്ള ധൈര്യം സ്ത്രീകൾ ആർജ്ജിക്കേണ്ടതുണ്ട്. സ്ത്രീകൾ സ്വയം സംഘടിച്ച് തന്റെ അവകാശ നിഷേധങ്ങൾക്കെതിരെ പോരാടുമ്പോഴാണ് ശാക്തീകരണം സാധ്യമാകുന്നതെന്നും ജയശ്രീ കൂട്ടിച്ചേർത്തു.

വർഗപ്രശ്​നം കൂടിയാണ്​, സ്​ത്രീപ്രശ്​നം

തന്റെ ജീവിതത്തിനുമേലുള്ള സമഗ്രാധികാരം തനിക്കുമാത്രമാണെന്ന തിരിച്ചറിവിൽ നിന്നാണ് സ്ത്രീകൾ ശാക്തീകരിക്കപ്പെടുന്നത്. സ്ത്രീകൾ സ്വാഭിമാനികളായി ഉയർന്നുവരണമെന്നുതന്നെയാണ് ശാക്തീകരണ പ്രക്രിയയുടെ പ്രധാന ഉദ്ദേശ്യം. സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ- മത മേഖലകളിൽ നവീകരണം സാധ്യമായാൽ മാത്രമേ ശാക്തീകരണത്തിലേക്ക് സ്ത്രീകൾക്ക് എത്താനാവുകയുള്ളൂ. അതിന് സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ലിംഗനീതി ഉറപ്പുവരുത്തി, പൊതുജീവിതം നയിക്കാനുള്ള അവസരം സ്ത്രീ​കൾക്ക് ലഭിക്കേണ്ടതുണ്ട്. സ്വന്തമായി തീരുമാനങ്ങളെടുക്കാനും അധികാര പങ്കാളിത്തത്തിനും ശാക്തീകരണം വഴി സ്ത്രീകൾ പ്രാപ്തരാകുന്നുണ്ട്. സ്ത്രീകൾ തങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത്, സംഘടിച്ച് ഉയർന്നുവന്നതിന്റെ ഒരു വലിയ പങ്ക് സ്ത്രീവിമോചന പ്രസ്ഥാനങ്ങൾക്കും കൂട്ടായ്മകൾക്കുമുണ്ട്. ഇരുപതാം നുറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ സ്ത്രീകളുടെ പത്രാധിപത്യത്തിൽ ആരംഭിച്ചിരുന്ന സ്ത്രീമാസികകളിലൂടെയാണ് കേരളത്തിൽ സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്രങ്ങളെയും സംബന്ധിച്ച ബൗദ്ധികമായ ചർച്ചകൾക്ക് തുടക്കമിടുന്നത്. 1930കളോടെ രൂപീകരിച്ച അന്തർജ്ജന സമാജങ്ങളും മഹിളാ സമാജവും മുസ്​ലിം മഹിളാ സമാജവും പോലുള്ള നവോത്​ഥാന ആശയങ്ങൾ ഉൾക്കൊണ്ട്​ വിവിധ സമുദായങ്ങളിൽ രൂപപ്പെട്ട സ്​ത്രീമുന്നേറ്റ പ്രസ്​ഥാനങ്ങൾ യാഥാസ്​ഥിതികതയെ പൊളിച്ചെഴുതാൻ സഹായിച്ചു. ഇതിന്​ തുടർച്ചയായി ആധുനിക കാലത്ത്​ രൂപം കൊണ്ട​ ഫെമിനിസ്​റ്റ്​ മൂവ്​മെൻറുകൾ സ്​ത്രീജീവിതത്തിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്കുള്ള വഴി തുറന്നു. 1980കളിലെ അന്താരാഷ്ട്ര വനിതാ ദശകത്തിന്റെ ഭാഗമായുണ്ടായിരുന്ന പ്രചരണപരിപാടികൾക്ക് കേരളത്തിലും പിൻതുടർച്ചകളുണ്ടായി. എൺപതുകളിലും തൊണ്ണൂറുകളിലും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ നടത്തിയും സമരം ചെയ്തും കേരളത്തിലെ ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ അവകാശ സംരക്ഷണത്തിന് വേണ്ടി പോരാടിയിരുന്നു. ലൈംഗികതൊഴിൽവിഭാഗങ്ങളിലേതുപോലെ അരികുവൽക്കരിക്കപ്പെട്ട സ്​ത്രീകളുടെ ആത്മാഭിമാന പോരാട്ടങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടി.

1985ൽ എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തിൽ അദ്ധ്യാപികന്മാരും വിദ്യാർഥിനികളും രൂപം നൽകിയ മാനുഷി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും എതിരെ ശബ്ദമുയർത്തിയ വനിതാ സംഘടനയായിരുന്നു. തൃശൂരിലെ മായന്നൂരിൽ സ്വത്തുതർക്കത്തിന്റെ പേരിൽ ഊരുവിലക്ക് കൽപ്പിക്കപ്പെട്ട ബാലാമണിക്കുവേണ്ടിയുള്ള സംഘടനയുടെ ഇടപെടൽ പൊതുശ്രദ്ധ നേടി. 1986 ൽ മേഴ്‌സി അലക്‌സാണ്ടർ, ഏലിയാമ്മ വിജയൻ, ജയശ്രീ, ഗംഗ, ജെ.ഗീത തുടങ്ങിയവർ നേതൃത്വം നൽകിയ സ്വാതന്ത്ര സ്ത്രീവിമോചന സംഘടനയായ പ്രചോദന, സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾക്കും സ്ത്രീധനം പോലുള്ള സാമൂഹിക അനാചാരങ്ങൾക്കുമെതിരെ ശക്തമായി പോരാടിയ സംഘടനയായിരുന്നു. 1987ൽ രൂപം കൊണ്ട ബോധന, മലപ്പുറംകാരി കുഞ്ഞീബിയുടെ ലോക്കപ്പ് കൊലപാതകത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ശ്രദ്ധേയമാകുന്നത്. മലബാറിലെ സ്ത്രീകൾ നേരിട്ട പ്രധാന പ്രശ്‌നങ്ങളിലെല്ലാം ഇവർ ഇടപെട്ടിരുന്നു.

ചർച്ചാവിഷയമായ സൂര്യനെല്ലി, വിതുര ലൈംഗികപീഡന കേസുകളിൽ നിർണായക ഇടപെടൽ നടത്തിയ പ്രസ്ഥാനമായിരുന്നു അന്വേഷിയും കേരളസ്ത്രീവേദി പോലുള്ള സംഘടനളും. സാധാരണ കൂടുംബങ്ങളിൽ നിന്നു വരുന്ന സ്ത്രീകൾക്കും സംസാരിക്കാൻ ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ അജിത, വിജി, ലളിത, സാവിത്രി, അംബുജം തുടങ്ങിയവരാണ് അന്വേഷി ആരംഭിക്കുന്നത്. വ്യക്തിനിയമങ്ങളിൽ ജനാധിപത്യപരമായ മാറ്റം ആവശ്യപ്പെട്ട് മുസ്​ലിം സമുദായത്തിലെ സ്ത്രീകളുടെ സ്വാതന്ത്രത്തിനും സാമൂഹികമായ ഉന്നമനത്തിനുമായി 1997ൽ ഉയർന്നുവന്ന സംഘടനയാണ് നിസ.

2002- ൽ അട്ടപ്പാടിയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക, കുട്ടികൾക്കെതിരായ പീഡനം തടയുക, ലഹരി വിമുക്തമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ ആരംഭിച്ച അട്ടപ്പാടിയിലെ ആദിവാസി പെൺകൂട്ടായ്മയാണ് തായ്ത്തല സംഘം. ദീപ വാസുദേവന്റെ നേതൃത്വത്തിൽ സ്ത്രീകളിലെ ലൈംഗിക സ്വത്വങ്ങളെയും ,സാമൂഹിക സാഹചര്യങ്ങളെയും തിരിച്ചറിഞ്ഞ് മനുഷ്യാവകാശ ഇടപെടൽ നടത്തുന്ന സംഘടനയാണ് സഹയാത്രിക. ഇതുകൂടാതെ തിരുവല്ലയിലെ ദലിത് വുമൺ സൊസൈറ്റി, ജ്വാലാമുഖി, ഗ്രാമീണ വനിതാ സംഘം തുടങ്ങിയ ചെറുതും വലുതുമായ നിരവധി കൂട്ടായ്മകളും ഇതിൽ ഉൾപ്പെടുന്നുണ്ട്

ഈ കൂട്ടായ്മകളെ കൂടാതെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും ലഘൂകരിക്കാൻ കേന്ദ്ര- സംസ്ഥാന തലങ്ങളിൽ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ സവിശേഷമായി പഠിച്ച് ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനുതകുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിച്ചാൽ മാത്രമേ വിജയിക്കുകയുള്ളു. വനിതാ സെല്ലുകളും സ്ത്രീസുരക്ഷക്കായി നയങ്ങളും രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം അടിത്തട്ടിലെ മനുഷ്യരെ കൂടി പരിഗണിക്കുന്ന വിധത്തിൽ ഉയർന്നിട്ടുണ്ടോയെന്നത് സംശയമാണ്.

കേരളത്തിലെ ആദ്യകാല സ്ത്രീപോരാട്ടങ്ങളായി അവകാശപ്പെടാവുന്ന മാറുമറയ്ക്കൽ സമരവും മേൽമുണ്ട് സമരവും രൂപംകൊണ്ടത് കീഴാളവിഭാഗങ്ങളിൽ നിന്നായിരുന്നെങ്കിലും പിന്നീട് പ്രബലമായ സ്ത്രീവിമോചന പ്രസ്ഥാനങ്ങൾക്ക് പാർശ്വവത്കൃത വിഭാഗക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ കഴിഞ്ഞില്ലെന്നത് പോരായ്മയായിരുന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് മധ്യവർഗ വിഭാഗങ്ങളിലെ സ്ത്രീകളാണ് കടന്നുവരുന്നത് എന്നതുകൊണ്ടു തന്നെ സംഘടനകളും ശാക്തീകരണ പ്രവർത്തനങ്ങളും പലപ്പോഴും മധ്യവർഗ സ്ത്രീകളുടെ ഉന്നമനത്തിനും പ്രശ്നപരിഹാരങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. സ്ത്രീ​ശാക്തീകരണത്തിന്​ ഇത്ര പദ്ധതികളും പരിപാടികളുമുണ്ടായിട്ടും എന്തുകൊണ്ട് കേരളത്തിൽ ആത്മാഭിമാനത്തിനു വേണ്ടി സ്ത്രീകൾക്ക് പോരാടേണ്ടി വരുന്നു എന്നതിനെ, വിവിധ വർഗ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി തിരിച്ചറിയേണ്ടതുണ്ട്.

മുക്കുവ, ആദിവാസി സ്ത്രീകളെ മാറ്റിനിർത്തുന്ന സമൂഹം

അസമത്വവും സമ്പത്തിന്റെ വിവേചനപൂർണമായ വിതരണവും ലിംഗ- വർഗ വിവേചനം രൂക്ഷമാക്കുന്നു. പാട്രിയാർക്കി സിസ്റ്റത്തിനകത്ത് സ്ത്രീകൾ രണ്ടാംകിടക്കാരായി മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ. അതുകൊണ്ടുതന്നെ, വർഗപരായ അസമത്വത്തിലൂടെ വീണ്ടും ബഹിഷ്​കൃതരാക്കപ്പെടുന്ന പാർശവത്കൃത വിഭാഗങ്ങളെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്. വീടുകളിൽ ലിംഗസമത്വമുള്ളവർക്കും പൊതുസമൂഹത്തിൽ വ്യക്തിയെന്ന നിലയിൽ അന്തസ്സോടെ ജീവിക്കാനും തുല്യരായി ബഹുമാനിക്കപ്പെടാനുമുള്ള അവകാശത്തിനായി നിരന്തരം പോരാടേണ്ടിവരുന്നുണ്ട്. അത്തരമൊരു വിഭാഗമാണ് മത്സ്യത്തൊഴിലാളി സ്ത്രീകൾ. മുക്കുവ സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്നതിനും അവരുമായി ഇടപഴകുന്നതിനും പൊതുസമൂഹം എന്നും വിമുഖത കാണിച്ചിരുന്നു. വ്യാപാര ആവശ്യങ്ങൾക്കായി ആത്മാഭിമാനത്തോടെ സഞ്ചരിക്കാൻ ബസും ലോക്കൽ ട്രെയിൻ ബോഗികളും നിയമപരമായി നേടിയെടുത്തിന്റെ ചരിത്രവും അവർക്ക് മുന്നിലുണ്ട്. ഐ.ടി സെക്റ്റർ ജോലികളിൽപ്പെടാത്തവരെല്ലാം രണ്ടാംകിടക്കാരാണെന്ന പൊതുബോധം, മത്സ്യത്തൊഴിലാളികളെ രണ്ടാം വിഭാഗക്കാരായി മുദ്ര കുത്തുന്നുവെന്ന്​ മത്സ്യത്തൊഴിലാളി അവകാശപ്രവർത്തക മാഗ്ലീൻ പീറ്റർ പറയുന്നു:

മാഗ്ലീൻ പീറ്റർ

‘‘മുക്കുവ സ്ത്രീകളാണെന്ന് പറഞ്ഞ് ഇന്നും പല ഇടങ്ങളിൽ നിന്നും ഞങ്ങളെ മാറ്റിനിർത്താറുണ്ട്. പുരോഗമനക്കരാണെന്ന് സ്വയം പറയുന്നവർ പോലും നമ്മളെ തുല്യരായി അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഞങ്ങളുടെ വിയർപ്പിന്റെ ഗന്ധമാണ് അവർക്ക് പ്രശ്‌നമാകുന്നത്. എന്നാൽ ഞങ്ങൾ വിൽക്കുന്ന മീൻ കഴിക്കുന്നതിന് അവർക്ക് ഒരു പ്രശ്‌നവുമില്ല. ഇനിയും സമൂഹത്തിന്റെ അവഗണനകളിൽ ഉൾവലിഞ്ഞ് ജീവിക്കാൻ ഞങ്ങൾ ഒരുക്കമല്ല. പൊതുഇടങ്ങളെല്ലാം ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണല്ലോ. ''സ്ത്രീ​കളെന്നും മുക്കുവത്തികളെന്നുമുള്ള സമൂഹത്തിന്റെ ഇരട്ട പിന്തള്ളലിനെക്കുറിച്ച് ഉറക്കെ സംസാരിച്ചുകൊണ്ടുതന്നെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇതേ വർഗപരമായ പ്രശ്‌നമാണ് ആദിവാസി വിഭാഗങ്ങളിലെ സ്ത്രീകളും അനുഭവിക്കുന്നത്. അന്തസ്സോടെ ജീവിക്കാൻ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും ആദിവാസികൾക്ക് ലഭിക്കുന്നില്ല. സാമുഹിക- സാമ്പത്തിക- ആരോഗ്യ പ്രശ്‌നങ്ങളൊടൊപ്പം ആദിവാസിയെന്ന പിന്തള്ളലുകളും പൊതുസമൂഹത്തിൽനിന്ന് നേരിടേണ്ടി വരുന്നുണ്ട്. ആദിവാസി സ്ത്രീകളുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അംഗീകരിക്കാൻ പോലും പൊതുസമൂഹവും സർക്കാരും തയ്യാറായിട്ടില്ലെന്നാണ് ആദിവാസി ആക്ടിവിസ്റ്റായ ചിത്ര പറയുന്നത്:

ചിത്ര

""കേരളത്തിലെ നിയമവും സർക്കാരുമൊന്നും ആദിവാസി സ്ത്രീകളുടെ ആത്മാഭിമാനത്തിന് യാതൊരു പരിഗണനയും നൽകാറില്ല. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന് നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അത് പരിഗണിക്കാൻ പോലും പൊലീസുകാർ തയ്യാറാകാറില്ല. സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്ന ആദിവാസി സ്ത്രീകളെ പോലും പരപുരുഷ ബന്ധം ആരോപിച്ച് പരിഹസിക്കാനാണ് പൊതുസമൂഹം ശ്രമിക്കുന്നത്. അനുഭവങ്ങളിൽ നിന്നാണ് സംസാരിക്കുന്നത്. ആദിവാസി അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന എല്ലാ സ്ത്രീകളും ഇത്തരം നിരവധി പരിഹാസങ്ങൾ നേരിട്ടുതന്നെയാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ ആത്മാഭിമാനത്തിനൊന്നും ആരും ഒരു വിലയും തരാറില്ലെന്നതാണ് യാഥാർത്ഥ്യം.’’

ഒരു പൊളിറ്റിക്കൽ പാർട്ടിയുടെ പാവസ്ഥാപനമായി പ്രവർത്തിക്കുന്ന വനിതാകമീഷനുകൾക്കും വനിതാ സെല്ലുകൾക്കും ആദിവാസി സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ സാധിക്കില്ലെന്നാണ് ചിത്ര പറയുന്നത്. ഇതേ അഭിപ്രായം തന്നെയാണ് ആദിവാസി ആക്ടിവിസ്​റ്റ്​ അമ്മിണി വയനാടും പങ്കുവെക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള നിയമപരിരക്ഷ ആദിവാസി വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾ നേരിടുന്ന മാനസികവും ശാരീരികവുമായ ചൂഷണങ്ങൾക്കെതിരെ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ സർക്കാറിന് മേൽ സമർദ്ധം ചെലുത്തിയിരുന്നു. ഈ ആവശ്യങ്ങളുടെ ഫലമായാണ് കേരളത്തിൽ വനിതാ നയങ്ങളും വനിതാ കമ്മീഷനുകളും സ്‌പെഷ്യൽ കോടതികളും രൂപീകരിക്കുന്നതെന്നും എല്ലാം വർഗവിഭാഗങ്ങളിലെയും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളിൽ ഇടപെടാനും നീതി നടപ്പാക്കാനും സർക്കാർ സ്ഥാപനങ്ങളാണ് മുൻകൈയ്യെടുക്കേണ്ടതെന്നുമാണ് സ്ത്രീവിമോചന പ്രവർത്തകയും എഴുത്തുകാരിയുമായ സി.എസ് ചന്ദ്രിക പറയുന്നത്:

സി.എസ് ചന്ദ്രിക

""വനിത കമീഷനിലും മറ്റും ലഭിക്കുന്ന പരാതികൾ പരിശോധിച്ചാൽ, പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ പ്രശ്നങ്ങളിലുള്ള പരാതികൾ കുറവാണെന്ന് കാണാം. പരാതികളുമായി മുന്നോട്ടു പോകാനുള്ള സപ്പോർട്ട് സിസ്​റ്റം ഇവരെ അപേക്ഷിച്ച് മധ്യവർഗ- ഉന്നത വിഭാഗങ്ങളിലെ സ്ത്രീകൾക്കാണ് കൂടുതലായും ലഭിക്കുന്നത്. ഫെമിനിസ്റ്റ് ഗ്രൂപ്പുകളിലെ ജാതി വിഭാഗീയത യാഥാർത്ഥ്യമാണ്. സിവിക്ക് ചന്ദ്രനെതിരെ മീറ്റു ആരോപണം വന്നപ്പോൾ പോലും ഫെമിനിസ്റ്റ് ഗ്രൂപ്പുകളിൽ ഈ ധ്രൂവീകരണം വ്യക്തമായിരുന്നു. സ്തീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഇതിനെ മറികടക്കാൻ ശ്രമിക്കണം. നിയോലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും കമ്പോളത്തിന്റെ അക്രമാസക്തമായ ഇടപെടലുകളുടെയും ഭാഗമായി ഇന്ന് സ്ത്രീകൾ ഒരു സംഘടിത പ്രസ്ഥാനങ്ങളിൽ നിന്ന് വ്യതിചലിച്ച് സ്വതന്ത്രചിന്തകളുള്ള വ്യക്തികളായി മാറികൊണ്ടിരിക്കുകയാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്കിന്ന് ഒരു രൂപമില്ല. പ്രസ്ഥാനങ്ങളെക്കാൾ ഫെമിനിസ്റ്റ് ഇൻഡിവിജ്വലുകളാണുള്ളത്. സാമൂഹിക മാധ്യമങ്ങൾക്ക് അതിൽ വലിയൊരു പങ്കുണ്ട്. പക്ഷേ ഇതിന് ഒരു പോലെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഉദാഹരണത്തിന് ആർത്തവ അവധിയെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടുതരം വാദങ്ങൾ ഉയർന്നുവരുന്നുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നങ്ങളിലും ഇത്തരത്തിൽ സ്ത്രീകളിൽ നിന്ന് തന്നെ രണ്ട് വിഭാഗങ്ങളുണ്ടാകുന്നത് ഫെമിനിസ്റ്റ് കളക്റ്റീവ് വോയ്​സിനെ ചിലപ്പോബാധിക്കാറുണ്ട്.''

നവോത്ഥാനമുന്നേറ്റങ്ങളിലൂടെ കേരളത്തിലെ സ്ത്രീകൾ തുടങ്ങിവെച്ച പരിഷ്കരണ പ്രവർത്തനങ്ങളാണ് ഇന്നത്തെ സ്വാതന്ത്ര- അവകാശ ബോധങ്ങളുള്ള ആധുനിക സ്ത്രീയിലേക്ക് എത്തി നിൽക്കുന്നതെന്നും സി.എസ്. ചന്ദ്രിക കൂട്ടിച്ചേർത്തു. ഇന്ന് കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂഹത്തിലും സ്ത്രീകൾ നിരന്തരം സംഘർഷം നേരിടുന്നുണ്ട്. തന്റെ ജീവിതം തന്റെ ജീവിതം മാത്രമാണെന്ന് എത്ര ഉറച്ച ശബ്ദത്തോടെ പറയാൻ സാധിക്കുമെന്ന് സ്ത്രീകൾ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്. സ്വതന്ത്രയാണെന്ന് വിശ്വസിക്കുമ്പോഴും ചില കരുതലുകളിൽ, സ്‌നേഹങ്ങളിൽ, ശാസനകളിലേക്ക് തഴയപ്പെടുന്ന ഒന്നിനെയും ഈ ഗണത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന വലിയ യാഥാർത്ഥ്യവും അവർ തിരിച്ചറിയുകയാണ്. സമൂഹം കൽപിച്ചുവെച്ച രൂപങ്ങളിൽ ജീവിക്കാതെ തനിക്ക് ഞാനായി തന്നെ ജീവിക്കണമെന്നും ഇത്​ തന്റെ ജീവിതമാണെന്നും അടിവരയിട്ട് പറയുന്ന സ്ത്രീകളുടെ പോരാട്ടത്തെ ചെറുതായി കാണാനാവില്ല.

ഇത്ര പുരോഗമിച്ചിട്ടും സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ കഴിയാത്ത ഇടങ്ങളായി ഇന്നും രാജ്യവും സംസ്ഥാനവും തുടരുന്നതിനെക്കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്. കാലങ്ങളായി തുടരുന്ന നിയമപരിരക്ഷകൾക്ക് ഈ വിവേചനങ്ങളിൽ കുറവുവരുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് തുടർച്ചയായ ഏഴു വർഷങ്ങളിലും അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന വിഭാഗത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികൾ വ്യക്തമാക്കുന്നത്.

കാലാനുസൃതമായി സമൂഹത്തിലെ എല്ലാം വിഭാഗക്കാരെയും ഉൾക്കൊള്ളുന്ന രീതിയിൽ, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ, സാമൂഹിക വ്യവസ്ഥിതിയിൽ ഒരു രാഷ്​ട്രീയ മാറ്റം നടക്കേണ്ടതുണ്ട്. വീടുകളിലും തൊഴിലിടങ്ങളിലും സാമൂഹികമായും നേരിടേണ്ടിവരുന്ന വിവേചനങ്ങളെ തിരിച്ചറിഞ്ഞ്​ സ്ത്രീകൾ മുന്നോട്ടുവരുന്ന സന്ദർഭത്തിൽ, അവരെ മാതൃകകളായി തിരച്ചറിഞ്ഞുകൊണ്ടുതന്നെ പ്രവർത്തിക്കാൻ എല്ലാ സ്ത്രീകൾക്കും സാധിക്കേണ്ടതുണ്ട്. വർഗപരമായ വേർതിരിവുകളില്ലാതെ എല്ലാ സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന തരത്തിലേക്ക് കൂട്ടായ്മകളും പദ്ധതികളും സർക്കാർ സ്ഥാപനങ്ങളും എത്തേണ്ടതുണ്ട്. സ്വാതന്ത്ര്യം ആരും അനുവദിച്ച് തരേണ്ടതല്ലെന്നും സ്ത്രീകൾ തിരിച്ചറിയണം. ജോലി ചെയ്യുന്ന സ്ത്രീ​കൾക്ക് തങ്ങൾ സമ്പാദിക്കുന്ന പണം ഇഷ്ടാനുസരണം ചെലവഴിക്കാനുള്ള അവസരം ലഭിക്കുമ്പോൾ മാത്രമേ സ്വാതന്ത്ര്യം പൂർണമാകുന്നുള്ളൂ എന്ന തിരിച്ചറിവ് നേടേണ്ടതുണ്ട്. ദൈനംദിന ജീവിതത്തിൽ അനുഭവിക്കേണ്ട വരുന്ന വിവേചനങ്ങൾ തിരിച്ചറിയാനും അവയെ വിചാരണ ചെയ്യാനും സ്ത്രീകൾ തയ്യാറാകേണ്ടതുണ്ട്. അവകാശങ്ങളെക്കുറിച്ച്​ ബോധ്യമുളളവർക്കേ അതിനെതിരെ പ്രതികരിക്കാൻ കഴിയുകയുള്ളൂ.

Comments