‘ഇറ്റ്​ഫോക്കി’ൽ നിന്ന് ഒഴിവാക്കപ്പെട്ട സ്​ത്രീകളെക്കുറിച്ച്​, ഒരു നാടകപ്രവർത്തക എന്ന നിലയിൽ...

മലയാള നാടക രംഗത്തെ എത്ര സ്ത്രീകൾ ക്ഷണിക്കപ്പെട്ടവരായി ‘ഇറ്റ്ഫോക്കി’ലുണ്ട്?. മാറ്റപ്പെട്ടവർ സ്ത്രീകൾ മാത്രമല്ലെന്നറിയാം. എങ്കിലും ഒരു സ്ത്രീ നാടക പ്രവർത്തക എന്ന നിലയിൽ ഞാനിത് പറഞ്ഞുവെന്നേയുള്ളൂ. കേരള സംഗീത നാടക അക്കാദമിയുടെ പുതിയ നേതൃത്വത്തിന് ഈ പിഴവുകൾ മനസ്സിലാവുമെന്നും പരിഹരിക്കുമെന്നും ഞാൻ കരുതുന്നു.

‘ഇറ്റ്ഫോക്ക്’ മലയാള നാടകവേദിയെ സംബന്ധിച്ച്​ ഗൗരവകരമായ മാറ്റങ്ങൾക്ക് കാരണമായി എന്ന്​ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന കാലത്ത് വലിയ സംഘം കലാകാരന്മാരും പ്രതിനിധികളും എത്തിച്ചേരുന്ന ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നതിൽ ഭാഗമാകാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിനാൽ സംഘാടനത്തിന്റെ പ്രയാസങ്ങളും നന്നായി അറിയാം.

1990- കളുടെ തുടക്കത്തിൽ സ്ത്രീപഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന സ്ത്രീ നാടക പണിപ്പുരയുടെയും പിന്നീട് അഭിനേത്രി എന്ന സ്ത്രീ നാടകസംഘത്തിന്റെയും 1980- കളിലെ സ്ത്രീതെരുവുനാടകങ്ങളുടെയും പ്രവർത്തന ഫലമായി നാടകഭാഷയ്ക്കകത്ത് ഗൗരവകരമായി ഇടപെടേണ്ടതുണ്ടെന്ന് സ്ത്രീകൾ തിരിച്ചറിഞ്ഞപ്പോൾ, ആ ആശയത്തെ 1999- ൽ ശക്തമായി പിന്തുണച്ചത് കേരള സംഗീത നാടക അക്കാദമിയുടെ അന്നത്തെ സെക്രട്ടറി അപ്പുക്കുട്ടൻ സാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. ചെയർമാൻ തിക്കോടിയൻ മാഷും ഞങ്ങൾക്കൊപ്പം നിന്നു. ഇന്നത്തെ സെക്രട്ടറി, പ്രിയപ്പെട്ട മുരളിയേട്ടനും അന്നത്തെ കമ്മിറ്റിയുടെ അവിഭാജ്യ ഘടകമായിരുന്നു. ആ കമ്മിറ്റി ആവേശമായിരുന്നു സ്ത്രീനാടക പ്രവർത്തകർക്ക്.

ആ സ്ത്രീനാടക പണിപ്പുരയും ഫെസ്റ്റിവലുമാണ് ഇന്ന് മലയാള നാടകരംഗത്തെ ഇടപടലുകൾക്ക് ഞാനടക്കമുള്ള സ്ത്രീകൾക്ക് ധൈര്യം നൽകിയത്. ആ നാടക ചർച്ചകളിൽ, വർക്ക് ഷോപ്പുകളിൽ, നാടകാവതരണങ്ങളിൽ എല്ലാം കേരളത്തിലെ നാടക രംഗത്തെ സ്ത്രീകൾ, ഇന്ന്​ ‘ഇറ്റ്‌ഫോക്കി’ൽ പങ്കെടുക്കുന്ന അനുരാധാ കപൂറിനും നീലം മാൻസിങ്ങിനും മങ്കെയ്ക്കും കീർത്തി ജെയിനിനുമൊപ്പം നിലകൊണ്ടു. അത് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

എന്നാൽ ഇന്ന് ‘ഇറ്റ്‌ഫോക്കി’ന്റെ ഭാഗമായി രൂപപ്പെടുത്തിയ ഒരു സ്ത്രീ നാടകവർക്ക് ഷോപ്പ് സംഘടിപ്പിക്കാനും ‘ഇറ്റ്‌ഫോക്കി’ന്റെ പൊതു സംഘാടനങ്ങളിൽ പങ്കുചേരാനും കഴിവുള്ള ഒട്ടേറെ സ്ത്രീനാടക പ്രവർത്തകർ കേരളത്തിലുണ്ടെങ്കിലും ഫെസ്റ്റിവൽ കമ്മിറ്റി അനുഭവ പരിചയമുള്ള സ്ത്രീകളെ പൂർണമായും ഒഴിവാക്കി. പൊതുവായ നാടകഇടങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം സ്ത്രീകൾക്ക് ഇതിലൂടെ നഷ്ടപ്പെട്ടു.

ഗൗരവപ്പെട്ട നാടകചർച്ചകളിൽ പങ്കെടുക്കാൻ കെൽപ്പുള്ള സ്ത്രീകൾ ഇന്ന്​മലയാള നാടകരംഗത്തുണ്ട് എന്ന് എന്റെ സമകാലിക ക്യൂറേറ്റർ സുഹൃത്തുക്കൾ തിരിച്ചറിയണം. പുറത്തെ അറിയപ്പെടുന്ന നാടക സ്ത്രീകൾക്കൊപ്പം നിൽക്കാനുള്ള അക്കാദമിക്ക് പരിസരവും അവർക്കുണ്ട്, നിങ്ങൾ എത്ര താഴേക്ക് നോക്കി അവരെ കണ്ടാലും. പക്ഷെ ഒരു സെക്ഷനിൽ പോലും അവർ ക്ഷണിക്കപ്പെട്ടതായി അറിവില്ല.

നിദ്രാവത്വം എന്ന നാടകത്തിൽ നിന്ന്

ഇതുപോലെയുള്ള ഒഴിവാക്കൽ ഒരർഥത്തിലും കണ്ടില്ലെന്നു നടിക്കാൻ ഒട്ടേറെ വർഷമായി ലോകത്തിന്റെ പല ഭാഗത്തും നാടകം ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന മലയാളി സ്ത്രീ എന്ന നിലയിൽ പ്രയാസമുണ്ട്. ഇത് ദയവു ചെയ്ത് എന്നെ വ്യക്തിപരമായി ‘തഴഞ്ഞതിനോടുള്ള' നീരസമായി എന്റെ സുഹൃത്തുക്കളെങ്കിലും കരുതരുത്. ഈ സംഘാടന പരിപാടികൾ ഒരു ആവേശവും ഇന്നെനിക്ക് നൽകുന്നില്ല. സംഗീത നാടക അക്കാദമിയിലും, ചലച്ചിത്ര അക്കാദമിയിലും രാപ്പകലില്ലാതെ പണിയെടുത്ത് ശക്തിയാർജ്ജിച്ച ഒരാൾ തന്നെയാണ്​ ഞാൻ. ഈ സ്ത്രീഅനുഭവങ്ങൾ നിങ്ങളെത്ര കുറച്ചു കണ്ടാലും.

അതുപോലെ കേരളത്തിലെ സ്ത്രീകൾ ചെയ്ത നാടകങ്ങൾക്ക്, കേരളത്തിലെ സ്ത്രീ ജീവിതം പറയുന്ന നാടകങ്ങൾക്ക് ഇടം നൽകുന്നത് നാടകരംഗത്തെ സ്ത്രീകൾക്ക് വലിയ ആത്മവിശ്വാസം നൽകും. അത് ഫെസ്റ്റിവലിന്റെ മാറ്റ് കുറക്കുമെന്ന ക്യൂറേറ്റർ വാദങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

നാടകരംഗത്ത് നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയെ കുറിച്ചാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. മലയാള നാടക രംഗത്തെ എത്ര സ്ത്രീകൾ ക്ഷണിക്കപ്പെട്ടവരായി ‘ഇറ്റ്ഫോക്കി’ലുണ്ട് എന്നു മാത്രം പരിശോധിച്ചാൽ ഈ പറയുന്നതിന്റെ ഗൗരവം മനസ്സിലാവും. മാറ്റപ്പെട്ടവർ സ്ത്രീകൾ മാത്രമല്ലെന്നറിയാം. എങ്കിലും ഒരു സ്ത്രീ നാടക പ്രവർത്തക എന്ന നിലയിൽ ഞാനിത് പറഞ്ഞുവെന്നേയുള്ളൂ. കേരള സംഗീത നാടക അക്കാദമിയുടെ പുതിയ നേതൃത്വത്തിന് ഈ പിഴവുകൾ മനസ്സിലാവുമെന്നും പരിഹരിക്കുമെന്നും ഞാൻ കരുതുന്നു.
തുടർപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും.

Comments