ചിത്രങ്ങൾ : അഗസ്ത്യ സൂര്യ

എന്റെ മോഡൽ നിശ്ചയിക്കുന്നതാരാണ്? ഞാനോ നിങ്ങളോ?

കൊലപാതകികളും ഭ്രാന്തികളുമായി നമ്മുടെ പെൺകുട്ടികൾ മാറാതിരിക്കണമെങ്കിൽ അവരുടെ മോഡലുകൾ തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുക. അത് തെറ്റിപ്പോയാലോ, പുതിയ മോഡലുകൾ അവർ തന്നെ കണ്ടെത്തട്ടെ.

ന്റെ ശരീരത്തിനുവേണ്ടി ഞാൻ അളവെടുത്ത് തുന്നാനേൽപ്പിക്കുന്ന ഉടുപ്പിനെക്കുറിച്ചാണ് ചോദ്യം. എന്റെ നഗ്‌നത മറയ്‌ക്കേണ്ടതും എന്റെ ശരീരത്തിന് അലങ്കാരമാകേണ്ടതുമായ ഉടുപ്പ്. എന്റെ ഹൃദയത്തിന് ആശ്വാസം നൽകേണ്ട ഉടുപ്പ്. അതിന്റെ മാതൃക നിശ്ചയിക്കേണ്ടത് ഞാൻ തന്നെ.

ഉടുക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, സംസാരിക്കേണ്ട ഭാഷ, പ്രണയിക്കേണ്ട ഇണ, വിശ്വസിക്കേണ്ട പ്രത്യയശാസ്ത്രം, ജീവിക്കേണ്ട ജീവിതം ഇതൊക്കെ മറ്റാരോ തീരുമാനിച്ചുകൊണ്ട് മനുഷ്യന് ജീവിതം അസാധ്യമാക്കുന്ന കാലഘട്ടത്തിലാണ് പൊൻകുന്നം വർക്കി 1947 ൽ എഴുതിയ മോഡൽ എന്ന കഥ വായിക്കപ്പെടേണ്ടത്. നമുക്ക് സമാധാനമായി ജീവിക്കുവാൻ ചില സാമാന്യമര്യാദകളുടേതായ ഒരു സംസ്‌കൃതി ആവശ്യമാണെന്നും അതിന്റെ അഭാവത്തിൽ രാഷ്ട്രീയവും ഭരണപരവുമായ വൈകൃതങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലകളെയും മനുഷ്യബന്ധങ്ങളെ വരെയും ദുസ്സഹമാക്കുകയും ചെയ്യുമെന്നും തെളിയുന്ന അനുഭവകാലത്താണ് ഈ കഥ ഏറെ പ്രസക്തമാകുന്നത്.

അന്നത്തെ ദിവാൻ സർ സി.പിയുടെ ദുർഭരണത്തിനും അമേരിക്കൻ മോഡൽ പരിഷ്‌കരണ ശ്രമങ്ങൾക്കും എതിരെ അന്യാപദേശ രൂപത്തിൽ എഴുതപ്പെട്ട കഥയാണിത്. സി.പി. ഫ്രാൻസിസ് എന്ന പരിഷ്‌കൃതാശയനായ തുന്നൽക്കാരൻ കൽക്കട്ടയിലും ബോബെയിലും മദിരാശിയിലും ഒക്കെ ജീവിച്ചയാളാണ്. അയാൾ കോട്ടയത്തിനടുത്ത പാമ്പാടിയെന്ന പാവപ്പെട്ട ഗ്രാമത്തിൽ ഒരു തയ്യൽക്കട തുടങ്ങുകയാണ്.

പാമ്പാടി അന്നുവരെ കാണാത്ത തരം തയ്യൽക്കാരനാണ് സി.പി. ഫ്രാൻസിസ്. അയാൾക്ക് ലോകത്ത് ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാമെന്ന ആത്മവിശ്വാസമുണ്ട്. അമേരിക്കൻ മോഡൽ വേഷമാണ് ധരിക്കുക. അന്നത്തെ ഒരു കേരളീയ ഗ്രാമത്തിന് അയാൾ ഒരത്ഭുതരൂപമായിരിക്കുമല്ലോ. കോളർ വെച്ച മുഴുക്കയ്യൻ ഷർട്ടുണ്ട്. കൃത്യമായി ഷേവ് ചെയ്യും. ചീകി ഒതുക്കിയ മുടിയുണ്ട്. മുഖത്തു പൗഡറിടും. നടക്കുമ്പോൾ കിരുകിരാ ശബ്ദം കേൾക്കുന്ന ചെരുപ്പുമുണ്ട്. അയാൾക്ക് എല്ലാറ്റിലും ഒരു ക്രമമുണ്ട്. വലിയ ചിട്ടയാണ്. അയാൾ തീരുമാനിക്കുന്നതാണ് മറ്റുള്ളവർ അണിയേണ്ട ഉടുപ്പുകൾ.

‘പെൺകുട്ട്യോൾടെ കാര്യമൊക്കെ ഒരു ഭാഗ്യയോഗാണ്' എന്ന് സമാധാനിക്കുന്ന സ്ത്രീകൾ ഇന്നും സമൂഹത്തിലെത്രയാണ് കുട്ടികളെ വിധിക്കു കളിക്കാൻ ഇട്ടു കൊടുക്കുന്നതെന്തിനാണ്?. അവരുടെ മോഡലുകൾ അവർ തീരുമാനിക്കട്ടെ.

കൽക്കട്ടയിലെ ജീവിതത്തിനിടയിലാണ് ഈ ബ്രിട്ടീഷ് മോഡൽ വേഷം അയാൾ സ്വീകരിച്ചത്. മദിരാശിയിൽ അയാളുടെ കസ്റ്റമറായിരുന്ന ഒരു ലോ മെമ്പറുടെ വേഷമായിരുന്നു ഇത്. ഒരു കടപ്പുറത്തിരുന്നാണ് പിരിയുന്നതിനു മുൻപായി അവർ തീരുമാനിച്ചത്, ഇനി ഈ വേഷമേ ധരിക്കൂ എന്ന്, പാമ്പാടിയിലെത്തിയിട്ടും അയാൾ കോളറും ഫുൾക്കൈയ്യും ഉപേക്ഷിച്ചില്ല. വെള്ളെഴുത്തുണ്ടായിട്ടും അയാൾ കണ്ണട ഉപയോഗിച്ചില്ല. കാരണം മുന്നിൽ വന്നുനിന്നു സംസാരിക്കുന്നവരുടെ മേൽ കണ്ണുകൾക്ക് ഒരു ശക്തിയുണ്ടാകണം. കണ്ണട വെച്ചാൽ അത് നഷ്ടമാകും.
പാമ്പാടിയിലെ ഈ തയ്യൽക്കടക്ക് ഒരു വലിയ കമ്പനിയുടെ ഛായയാണത്രേ നെടിയ മേശപ്പുറത്ത് വിദേശ മോഡലിലുള്ള വിവിധ തരം കാറ്റലോഗുകളുണ്ടാകും. അയാൾ സദാ അതു പരിശോധിച്ച് മോഡലുകളെ നിർമിക്കും.

തുന്നലിലല്ല വെട്ടിലാണ് കാര്യമെന്നയാൾ വിശ്വസിച്ചു. ഡോ. സോമർവെൽ മനുഷ്യശരീരത്തിൽ കത്തി വെക്കുന്നതു പോലെ അയാൾ കസ്റ്റമറെ ഞെട്ടിച്ച് അവർ കൊണ്ടുവരുന്ന തുണിയിലൂടെ കത്രിക പായിച്ചു. വെട്ടിന്റെ കാര്യത്തിൽ ഫ്രാൻസിസിനെ തോൽപ്പിക്കാനാവില്ല. തുണി കൊണ്ടുവരുമ്പോൾ അയാൾ കസ്റ്റമറുടെ നിറം വയസ്സ് രൂപം ഒക്കെ അന്വേഷിക്കും എന്നിട്ട് മോഡൽ അയാൾ നിശ്ചയിക്കും.

അങ്ങനെയിരിക്കെയാണ് പാപ്പൻ എന്ന പാവം നാട്ടുകാരൻ ഉത്സവത്തിനിടാനുള്ള ഷർട്ടിനു തുണിയുമായി എത്തുന്നത്. റേഷൻ തുണി കിട്ടുന്ന കാലമാണ്. കാത്തുനിന്ന് തനിക്ക് ഏറ്റവും മികച്ചത് തന്നെ അയാൾ തിരഞ്ഞെടുത്തു.
ഫ്രാൻസിസ് പാപ്പന്റെ കഴുത്തളവും ഉടലിന്റെ മൊത്തം ഒരളവും എടുത്തു. ഷർട്ട് തയ്ച്ചുകിട്ടുന്ന സുദിനം എത്തി. ഉത്സവത്തിനുള്ള വീട്ടാവശ്യങ്ങൾ നിവർത്തിക്കേണ്ടതുണ്ടായിരുന്നതിനാൽ പാപ്പന് തയ്യൽക്കൂലി തരപ്പെടുത്താനായില്ല. തയ്യൽക്കൂലി രൊക്കം കിട്ടാതെ ബിസിനസ്സുകാരൻ ഉടുപ്പു നൽകില്ല. പിറ്റേന്നത്തേക്ക് പാപ്പൻ എങ്ങനെയോ പണം തയ്യാറാക്കിച്ചെന്നപ്പോൾ ഫ്രാൻസിസ് കാറ്റലോഗ് മറിച്ചു നോക്കുന്ന തിരക്കിനിടയിൽ കൃത്യമായി ഇസ്തിരിയിട്ടു വെച്ചിരുന്ന ഉടുപ്പെടുത്തു നീട്ടി.

പാപ്പന് ആകാംക്ഷ അടക്കാനായില്ല. അയാൾ തുറന്നുനോക്കിയതും ഞെട്ടിപ്പോയി. തന്റെ സ്വപ്നക്കുപ്പായത്തിന് താനാഗ്രഹിച്ചതുപോലെയുള്ള കോളറുകളില്ല. കുരുക്കുകളുള്ള കഴുത്തിലൂടെ തല കയറില്ല. കൈക്ക് വേണ്ടത്ര നീളവുമില്ല. ഉടുപ്പിടുമ്പോൾ ഹൃദയഭാഗത്ത് വല്ലാത്ത ഒരു ഞെരുക്കം. അനാവശ്യമായ എന്തൊക്കെയോ അലങ്കാരപ്പണികൾ ചെയ്തു വെച്ച ആ ഷർട്ട് പാപ്പൻ മേശപ്പുറത്തേക്കെറിഞ്ഞു.
‘ഇതെനിക്ക് വേണ്ട. ഇങ്ങനാണോ ഷർട്ട് തയ്ക്കുന്നത്'; വില കൊടുത്ത് വൃത്തികേടു വാങ്ങാൻ അയാൾ തയ്യാറായില്ല.

ഫ്രാൻസിസ് എന്ന അളവെടുപ്പുകാരന് ചില കണക്കുകളുണ്ട്. അയാൾ അളവെടുക്കുന്നതിനു മുൻപ് കുപ്പായം ധരിക്കേണ്ടയാളിന്റെ നിറം, ജാതി, രൂപം, വയസ്സ് എല്ലാം അന്വേഷിക്കും. ഉടുപ്പിടേണ്ടയാളുടെ അഭിരുചികൾ ഒഴിച്ച് ബാക്കിയെല്ലാം ഇയാൾക്കറിയണം.

പിന്നെയുമുണ്ട് ചില പ്രത്യേകതകൾ. തോളിൽ നിന്ന് കാൽ മുട്ടോളം അളവെടുക്കും. അതിന് അനുപാതത്തിലായിരിക്കും നെഞ്ചളവ് എന്നതാണയാളുടെ കണക്ക്. അയാളുടെ ശാസ്ത്രീയമായ കണക്കുകൂട്ടൽ പാപ്പന്റെ കാര്യത്തിൽ തെറ്റി. ഉടലിന്റെ വലുപ്പമനുസരിച്ചായിരുന്നു ആ കണിശക്കാരൻ ടെയ്‌ലർ ഹൃദയ വലുപ്പം അളന്നിരുന്നത്. ആകെ പ്രശ്‌നമായി. തന്റെ ചട്ടക്കൂടിലൊതുങ്ങാൻ പാപ്പന്റെ ഹൃദയം കൂട്ടാക്കുന്നില്ല.

കൊലപാതകികളും ഭ്രാന്തികളുമായി നമ്മുടെ പെൺകുട്ടികൾ മാറാതിരിക്കണമെങ്കിൽ അവരുടെ മോഡലുകൾ തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുക.

ഇതെനിക്കാവശ്യമില്ല എന്ന ഒറ്റനിൽപ്പാണ് പാപ്പൻ: ‘എനിക്ക് കഴുത്തിൽ കുരുക്കു വേണ്ട, കൈയ്​ക്ക്​ നീളം വേണം... എന്റെ ഹൃദയം ഞെരുങ്ങാൻ പാടില്ല.'; പാപ്പന്റെ ക്ഷോഭത്തിൽ സി.പി. ഫ്രാൻസിസിന്റെ തയ്യൽക്കട ഒന്നു ഞെട്ടി.
ഫ്രാൻസിസ് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു; ‘നിങ്ങൾ പറയുന്നത് ഇംഗ്ലീഷ് മോഡലാണ്, അതു നിങ്ങളുടെ ശരീരത്തിനിണങ്ങില്ല ഇതേ നിങ്ങൾക്കു പറ്റൂ.'
അപ്പോഴാണ് പാപ്പന്റെ ചോദ്യം: ‘എന്റെ മോഡൽ നിശ്ചയിക്കുന്നതു നിങ്ങളാണോ? എന്റെ ഷർട്ടിന്റെ മാതൃക ഞാൻ തീരുമാനിക്കുന്നതാണ്.'

തന്റെ ഷർട്ട് താൻ വാങ്ങിക്കുക തന്നെ ചെയ്യുമെന്ന് അയാൾ ഉറപ്പിച്ചു. അയാൾക്ക് അതിന് സിൽബന്തികളൊന്നും വേണ്ട. തന്റെ അവകാശം നേടാനുള്ള മനുഷ്യാധികാരത്തിന്റെ ബലത്തിൽ അയാൾക്കു വിശ്വാസമുണ്ടായിരുന്നു. രണ്ടാം ഉത്സവ ദിവസം ഉടുപ്പിനായി പാപ്പന്റെ വരവു കണ്ട ഫ്രാൻസിസ് ഭയന്ന് അവിടെ നിന്ന് മാറിക്കളഞ്ഞു. അവിടെ ഹാങ്ങറിൽ തൂക്കിയിട്ടിരുന്നതിൽ നിന്ന് താനാഗ്രഹിച്ച ഒരു മികച്ച മോഡൽ ഷർട്ടെടുത്തിട്ടു കൊണ്ട് പാപ്പൻ നടന്നു.

മനുഷ്യൻ കരുത്തുകാണിക്കേണ്ടത് പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോഴാണ്. സ്വന്തം സ്വത്വത്തിന് ചരിത്രപരമായ ചില ചുമതലകളുണ്ടെന്ന് അടിച്ചമർത്തപ്പെട്ടമനുഷ്യൻ തിരിച്ചറിയുന്നതവിടെ വെച്ചാണ്. പ്രക്രിയകളെ കുറിച്ചുള്ള രണ്ടുതരം അറിവുകളുടെ അന്തരമാണ് പാപ്പനും ഫ്രാൻസിസിനും ഇടയിലുളത്. പാപ്പൻ ഒരു മോഡലാണ്.

ഏഴകൾ എന്ന സമാഹാരത്തിൽ വന്ന ഈ കഥ അന്ന് സർക്കാർ നിരോധിക്കുകയും പൊൻകുന്നം വർക്കിയെ തടവിലിടുകയും ചെയ്തു. മാപ്പെഴുതിക്കൊടുത്താൽ വിട്ടയക്കാമെന്ന ഔദാര്യം വർക്കിക്കു വേണ്ട. അദ്ദേഹം പ്രതികരിച്ചതിങ്ങനെ; ‘കഥയെഴുതിയതിനല്ലേ, ഞാൻ സഹിച്ചു കൊള്ളാം.'

ഇന്ന് ഈ കഥ എത്രത്തോളം പ്രസക്തമാണെന്ന് കേരളത്തിലെ പെൺകുട്ടികളുടെ ജീവിതങ്ങളും മരണങ്ങളും പറയുന്നുണ്ട്. അവരുടെ ജീവിതത്തിന്റെ സകല വിസ്മയങ്ങളും തകർത്തു കൊണ്ടാണ് മോഡലുകൾ നിർമ്മിക്കപ്പെടുന്നത്. ഇറുക്കമുള്ള കുപ്പായത്തിൽ ശ്വാസം മുട്ടിയാൽ അതങ്ങ് ഊരിക്കളയണമെന്ന് ഉറൂബിന്റെ ഉമ്മാച്ചു പണ്ടേ പറഞ്ഞതാണ്. അത്രയും ചിന്തിക്കാൻ ഉമ്മാച്ചുവിനും പാപ്പനും ഒന്നും ആധുനിക വിദ്യാഭ്യാസത്തിന്റെ പിൻബലം പോലും ആവശ്യമുണ്ടായില്ല. മോഡൽ സ്വയം തീരുമാനിച്ചു തുടങ്ങിയാൽ അളവെടുപ്പുകാർ ഭയക്കും. അവർ പിന്മാറും. പിന്നെ തിരഞ്ഞെടുപ്പുകൾ നമ്മുടേതാകും.
ബാല്യ കൗമാരങ്ങളിൽ മകൾക്ക് സ്വർഗ്ഗങ്ങൾ അനുഭവിക്കാൻ കൊടുക്കുന്നവർ തന്നെ പിന്നീടങ്ങോട്ട് അവളുടെ അശാന്തികൾ വിധിയെന്ന് സമാധാനിപ്പിച്ച് എങ്ങനെയും അതിജീവിക്കാൻ ഉപദേശിക്കുന്നു. വിവാഹത്തോടെ താളങ്ങൾ തെറ്റുകയാണ്. താളം തെറ്റൽ അതിന്റെ സ്വാഭാവികതയായി കാണാൻ സമൂഹം താക്കീത് ചെയ്യുന്നു. ഓടം പോലെ ഒഴുകി നടന്നവൾ പെട്ടെന്നൊരു ദിവസം പ്രളയത്തിൽ പെടുകയാണ്.

ഇന്ന് മരണക്കിടക്കയിൽ കിടന്ന് പെൺകുട്ടികൾ കാണുന്നത് പേടിസ്വപ്നങ്ങളാണ്. അന്നുവരെ ഓമനിച്ച അമ്മയും അഛനും സഹോദരനും ഒന്നും അവളുടെ മനോഹരസ്വപ്നങ്ങളെ സംരക്ഷിക്കാനെത്തുന്നില്ല.

‘പെൺകുട്ട്യോൾടെ കാര്യമൊക്കെ ഒരു ഭാഗ്യയോഗാണ്' എന്ന് സമാധാനിക്കുന്ന സ്ത്രീകൾ ഇന്നും സമൂഹത്തിലെത്രയാണ് കുട്ടികളെ വിധിക്കു കളിക്കാൻ ഇട്ടു കൊടുക്കുന്നതെന്തിനാണ്? അവരുടെ മോഡലുകൾ അവർ തീരുമാനിക്കട്ടെ. ഇന്ന് മരണക്കിടക്കയിൽ കിടന്ന് അവർ കാണുന്നത് പേടിസ്വപ്നങ്ങളാണ്. അന്നുവരെ ഓമനിച്ച അമ്മയും അഛനും സഹോദരനും ഒന്നും അവളുടെ മനോഹരസ്വപ്നങ്ങളെ സംരക്ഷിക്കാനെത്തുന്നില്ല. കൊലപാതകികളും ഭ്രാന്തികളുമായി നമ്മുടെ പെൺകുട്ടികൾ മാറാതിരിക്കണമെങ്കിൽ അവരുടെ മോഡലുകൾ തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുക. അത് തെറ്റിപ്പോയാലോ പുതിയ മോഡലുകൾ അവർ തന്നെ കണ്ടെത്തട്ടെ, വീണ്ടും തെറ്റിയാലോ അവർ തങ്ങളുടെ ജീവിതത്തെ അമ്യൂസ്‌മെന്റ് പാർക്കുകൾ ആക്കാനായി കനം കുറഞ്ഞ നീല ബലൂണുകൾ അന്തരീക്ഷത്തിലേക്കു പറത്തി പരിശീലിക്കുകയാണെന്ന് ആഹ്ലാദിക്കാൻ സ്വയം സജ്ജാവുക.

ഫോട്ടോ : മുഹമ്മദ് ഹനാൻ

പീറ്റർ ഓൾട്ടെൻബെർഗ് എന്ന ഓസ്ട്രിയൻ എഴുത്തുകാരന്റെ ഒരു കുഞ്ഞു കവിത ഓർമ്മയിൽ ഉണ്ടാകുന്നത് നല്ലതാണ്.‘എനിക്ക് ഒരു നീല ബലൂൺ വേണം! ഒരു നീല ബലൂണാണ് ഞാനിഷ്ടപ്പെടുന്നത്.' ‘റോസമെൻ, ഇതാ നിനക്കായൊരു നീല ബലൂൺ.'
പുറത്തെ വായുവിനേക്കാൾ കനംകുറഞ്ഞ വാതകമാണ് ഇതിനുള്ളിലെന്നും മറ്റും അവൾക്കായി വിശദീകരിക്കപ്പെടുകയുണ്ടായി.
അവൾ പറഞ്ഞു; ‘ഇതിനെ പറത്തി വിടാൻ ഞാനാഗ്രഹിക്കുന്നു.' ‘നിനക്കിത് ആ പാവപ്പെട്ട കൊച്ചുപെൺകുട്ടിക്ക് കൊടുത്തുകൂടെ?' ‘ഇല്ല, എനിക്കിതിനെ പറക്കാനനുവദിക്കണം.'
അവൾ അതിനെ നീലാകാശത്തിലേക്ക് പറക്കാൻ വിട്ടു. അത് അനന്തതയിൽ മറയുന്നത് വരെ അവൾ നോക്കി നിന്നു.‘ആ പാവം പെൺകുട്ടിക്ക് അത് കൊടുക്കാത്തതിൽ നിനക്കിപ്പോൾ വിഷമം തോന്നുന്നില്ലേ?' ‘ശരിയാണ്...ഞാൻ അത് ആ പാവം പെൺകുട്ടിക്ക് കൊടുക്കേണ്ടതായിരുന്നു.' ‘ഇതാ മറ്റൊരു നീലബലൂൺ, ഇതവൾക്ക് കൊടുക്കൂ.' ‘ഇല്ല, എനിക്കിതിനേയും നീലാകാശത്തിലേക്ക് പറത്തി വിടണം.'
അവളങ്ങനെ തന്നെ ചെയ്യുന്നു.
മൂന്നാമതും അവൾക്കൊരു നീലബലൂൺ നൽകപ്പെട്ടു.
അവൾ സ്വയം അതുമായി ആ കൊച്ചു പെൺകുട്ടിയുടെ അടുത്തേക്കുചെന്നു. അതവൾക്ക് കൊടുത്തിട്ട് പറഞ്ഞു; ‘നീയിതിനെ നീലാകാശത്തിൽ പറക്കാൻ വിടുക.'
വിസ്മയത്തോടെ നീല ബലൂൺ നോക്കി പാവപ്പെട്ട പെൺകുട്ടി പറഞ്ഞു; ‘ഇല്ല.'
അവളുടെ മുറിയിൽ ഉത്തരത്തോളം മാത്രം പറന്ന്, മൂന്നുദിവസം അവിടെത്തന്നെ തങ്ങിനിന്ന്, ഇരുണ്ടുചുരുങ്ങി അത് നിലത്ത് ചത്തുവീണു- ഒരു ചെറിയ കറുത്ത സഞ്ചി പോലെ.

Photo : Unsplash

ആ പാവപ്പെട്ട പെൺകുട്ടി സ്വയം ആലോചിച്ചു; ‘ഞാൻ ഇതിനെ നീലാകാശത്തിലേക്ക് പറക്കാൻ അനുവദിക്കേണ്ടതായിരുന്നു... എങ്കിൽ എനിക്ക് ഇതിനെ കണ്ടു കൊണ്ടേയിരിക്കാമായിരുന്നു.. കണ്ടു കൊണ്ടേയിരിക്കാമായിരുന്നു.'

അപ്പോഴേക്കും പണക്കാരിയായ മറ്റേ പെൺകുട്ടിക്ക് പത്തു ബലൂണുകൾ കിട്ടുകയും ഒരിക്കൽ കാൾ അങ്കിൾ ഒരേ സമയം മുപ്പതു ബലൂണുകൾ വാങ്ങിക്കൊടുക്കുകയും ചെയ്തു. അവൾ അതിൽ ഇരുപതെണ്ണം ആകാശത്തേക്കു പറക്കാൻ വിട്ടു. പത്തെണ്ണം പാവപ്പെട്ട കുട്ടികൾക്ക് കൊടുത്തു. അതിനു ശേഷം അവൾക്കു ബലൂണുകളിൽ താത്പര്യമില്ലാതായി.‘വെറും ബലൂണുകൾ'; അവൾ പറഞ്ഞു.
അപ്പോഴാണ് ഇഡാ അമ്മായി മനസ്സിലാക്കിയത്, അവൾ പ്രായത്തേക്കാൾ വളർന്നുകഴിഞ്ഞുവെന്ന്.

പാവപ്പെട്ട പെൺകുട്ടി സ്വപ്നം കണ്ടുകൊണ്ടിരുന്നു; ‘ഞാനതിനെ നീലാകാശത്തിലേക്ക് പറത്തി വിടേണ്ടതായിരുന്നു..എനിക്കതിനെ കണ്ടുകണ്ടിരിക്കാമായിരുന്നു.'


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments