നോമ്പ്​ നിർബന്ധമല്ലാത്ത സമയത്തും ഭക്ഷണം രഹസ്യമായി കഴിക്കേണ്ടിവരുന്ന പെണ്ണുങ്ങൾ

‘അസുഖക്കാരായ ആണുങ്ങൾ നോമ്പ് ഒഴിവാക്കുമ്പോൾ വീട്ടിൽ പരസ്യമായി ഭക്ഷണം കഴിക്കുക തെറ്റായി കണക്കാക്കിയില്ല. അപ്പോഴും നിയമപരമായി നോമ്പ് എടുക്കേണ്ടതില്ലാത്ത സ്ത്രീകൾ രഹസ്യമായി മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിച്ചു. മറിച്ചു ചിന്തിക്കാൻ എനിക്ക് ഒരവസരം എവിടെനിന്നും കിട്ടിയതുമില്ല‘- ‘മലപ്പുറം പെണ്ണിന്റെ ആത്മകഥ’ എന്ന പരമ്പരയിൽ ഷംഷാദ്​ ഹുസൈൻ കെ.ടി. എഴുതുന്നു.

‘‘നോമ്പുകാലത്ത് കുട്ടികൾക്കിടയിൽ വലിയ ഒരു മത്സരമുണ്ട്. അത് നോമ്പുകഴിഞ്ഞാൽ മാത്രം പൂർത്തിയാവുന്നതാണ്. നമുക്ക് തോൽവി കണക്കുകൂട്ടാമെങ്കിലും ഒരിക്കലും പ്രവചിക്കാനാകില്ല.

‘‘എന്തുകാരണം കൊണ്ടാണ് കുട്ടികൾക്കിടയിൽ നോമ്പെടുക്കാനാകാതെ പോകുകയെന്ന് മുൻകൂട്ടി പറയാനാകില്ലല്ലോ. ചിലപ്പോൾ ഒരു നേരത്തെ വയറുവേദന മതി, എത്ര പിടിച്ചുനിന്നാലും എന്തെങ്കിലും മരുന്ന് കഴിക്കേണ്ടിവരും. ചില ദിവസങ്ങളിൽ, പ്രത്യേകിച്ചും നോമ്പുതുറ ഉള്ള ദിവസങ്ങളിൽ, ഭക്ഷണസാധനങ്ങളുടെ പ്രലോഭനം കൂടി വരാനുണ്ട്- അന്നത്തെ ദിവസം ഉപ്പും മധുരവുമെല്ലാം ടെയ്‌സ്റ്റ് ചെയ്യാൻ. ഉമ്മായ്‌ക്കെല്ലാം ഞങ്ങൾ നോമ്പ് ഒഴിവാക്കുന്നതിൽ പരാതിയുണ്ടാകാറില്ല.

നോമ്പുതുറയുടെ തിരക്കിൽ ഞങ്ങൾ നോമ്പ് ഒഴിവാക്കുന്നതാണ് അവർക്ക് സന്തോഷം എന്നു തോന്നിയിട്ടുണ്ട്. ഒന്ന്, സ്‌പെഷൽ കെയറിംഗ് ആവശ്യമില്ല. മാത്രമല്ല, പാത്രമെടുക്കാനും വിഭവങ്ങൾ മേശപ്പുറത്ത് കൊണ്ടുവെക്കാനുമെല്ലാം നോമ്പെടുക്കാത്തവർ എന്ന നിലയ്ക്ക് ആ പീക്ക് അവറിൽ സഹായവും കിട്ടും. അതിനാൽ ചെറിയതാണെങ്കിലും, സ്‌പെഷൽ നോമ്പ് വിഭവങ്ങളെല്ലാം വന്നാലും നമ്മൾ സ്വന്തം ഇച്ഛാശക്തികൊണ്ടുതന്നെ പിടിച്ചുനിൽക്കണം. അവസാനം നോമ്പ് എണ്ണിനോക്കുമ്പോൾ കുറഞ്ഞുപോയാൽ ആകെ നാണക്കേടാണ്. എന്തിന്റെ പേരിലായാലും ഒരിക്കൽ ഒഴിവാക്കിയ നോമ്പ് വെച്ച് എണ്ണം കൂട്ടാനാകില്ല.

ഈ കടുത്ത മത്സരത്തിൽ ആദ്യം ഇക്കാക്കാനെ തോൽപ്പിക്കണം. പിന്നെ കസിൻസ്. പെരുന്നാൾ കഴിഞ്ഞ് സ്‌കൂൾ തുറന്നാൽ കൂട്ടുകാരും എണ്ണമെടുക്കും. അതുകൊണ്ട് നോമ്പുകാലം കുട്ടികളായിരുന്ന ഞങ്ങൾക്ക് ശരിക്കും വ്രതകാലമാണ്. ഒഴിവാക്കലും ത്യജിക്കലും തന്നെയായിരുന്നു അതിന്റെ സ്വഭാവം. വൈകീട്ട് കിട്ടുന്ന മാങ്ങയോ പേരക്കയോ എല്ലാം നോമ്പ് തുറന്ന് കഴിക്കാം എന്നുകരുതി എടുത്തുവച്ചാലും പലതും കഴിക്കാനാകാതെ ഉപേക്ഷിക്കേണ്ടിവരും. അതിൽ അയനിച്ചക്കയും എലന്തപ്പഴവും ഇലഞ്ഞിക്കായയും വരെയുണ്ടാകും. ആദ്യ ദിവസങ്ങളിൽ ഇവയെല്ലാം ആദ്യം കഴിച്ച് കൊതിതീർത്താൽ പിന്നീട് ഭക്ഷണമൊന്നും കഴിക്കാനാകാതെ വരും. ഒരുപക്ഷെ, ത്യാഗത്തിന്റെ ആദ്യപാഠങ്ങൾ ഇങ്ങനെയൊക്കെയാകും കുട്ടികൾ ഉൾക്കൊള്ളുന്നത്.

പതുക്കെപ്പതുക്കെയാണ് ഒരു കാര്യം ഞങ്ങൾ, കുട്ടികൾക്ക് വ്യക്തമായത്. മുതിർന്നവർ എല്ലാ ദിവസവും നോമ്പെടുക്കുന്നില്ല. സ്‌റ്റോർ മുറിയുടെ ഇരുട്ടിലും അടുക്കളയിൽ ആളൊഴിഞ്ഞ സമയത്തും ഇങ്ങനെ ചില അത്താഴക്കള്ളത്തികളെ കണ്ടെത്താൻ തുടങ്ങി. എന്നാൽ, അടുത്ത ദിവസം അതേസമയം പോയി നോക്കിയാൽ അവരെ കണ്ടുപിടിക്കാൻ പറ്റണമെന്നില്ല.’’

‘‘ഏഴാം ക്ലാസിലെത്തിയപ്പോൾ മുതൽക്ക് ഉമ്മാനോട് എല്ലാവരും ചോദിക്കാൻ തുടങ്ങി, ഇവൾക്കൊന്നും ആയില്ലേ എന്ന്. എനിക്കാണെങ്കിൽ ആ ചോദ്യം കേൾക്കുന്നതേ ദേഷ്യം വരാൻ തുടങ്ങും. നന്നായി സൂക്ഷിക്കാനും മറ്റുമുള്ള ഉപദേശങ്ങളും അത് കഴിഞ്ഞാലുള്ള നിയന്ത്രണങ്ങളുമെല്ലാം ഓർത്തപ്പോൾ അത് എത്രയും വൈകിയാൽ മതി എന്നായി എന്റെ പ്രാർഥന.’’

‘‘സഫിയ താത്ത എന്താണ് നോമ്പെടുക്കാതിരുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എന്നേക്കാൾ മുതിർന്നവർ, വലിയ ക്ലാസിൽ പഠിക്കുന്നവൾ, പോരാത്തതിന് കല്യാണവും കഴിഞ്ഞു. അവർ നോമ്പെടുത്തിട്ടില്ല എന്ന ധൈര്യമായിരുന്നു എനിക്കാദ്യം പ്രലോഭനമായത്. പക്ഷെ, എന്റെ കൂട്ടുകാരോട് സഫിയ താത്താന്റെ കാര്യം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതാലോചിച്ചുവരുമ്പോഴേക്കും ആ നോമ്പ് പോയ്ക്കഴിഞ്ഞിരുന്നു. പിന്നെ കുറെക്കഴിഞ്ഞപ്പോൾ മുതിർന്ന പെൺകുട്ടികൾക്ക് നോമ്പിൽ ചില ഇളവുകളുണ്ടെന്ന് മനസ്സിലായി.

മെൻസസ് ആവുന്ന സന്ദർഭങ്ങളിൽ ഇത് നിർബന്ധമില്ല. അതെന്താണെന്ന് മനസ്സിലാവാതിരുന്ന കാലത്ത് അതിന്റെ നിഗൂഢതകൾ അഴിക്കാൻ പല ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞപ്പോഴും പട്ടിണി കിടക്കാൻ പാടില്ലെന്ന കർശന നിർദേശത്തിൽ രഹസ്യ സങ്കേതങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചുപോന്നു. അസുഖക്കാരായ ആണുങ്ങൾ നോമ്പ് ഒഴിവാക്കുമ്പോൾ വീട്ടിൽ പരസ്യമായി ഭക്ഷണം കഴിക്കുക തെറ്റായി കണക്കാക്കിയില്ല. അപ്പോഴും നിയമപരമായി നോമ്പ് എടുക്കേണ്ടതില്ലാത്ത സ്ത്രീകൾ രഹസ്യമായി മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിച്ചു. മറിച്ചു ചിന്തിക്കാൻ എനിക്ക് ഒരവസരം എവിടെനിന്നും കിട്ടിയതുമില്ല.

വളരെ കാലം കഴിഞ്ഞ് ഈജിപ്തിൽനിന്ന് ഒരു പെൺകുട്ടി ഗവേഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നപ്പോഴാണ് ഈ ധാരണ മാറിമറിഞ്ഞത്. ജുൽ തുൽ എന്നായിരുന്നു അവളുടെ പേര്. അവൾ പരസ്യമായി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഇതെന്താ, രഹസ്യമാക്കി വെക്കേണ്ട ആവശ്യം എന്നവൾ ചോദിച്ചതിന് ഞങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ല. മുസ്‌ലിം രാജ്യമായിരുന്നിട്ടുപോലും അവരുടെ നാട്ടിൽ സ്ത്രീകൾ ഇങ്ങനെ ഭക്ഷണം കഴിക്കാറുണ്ടെന്ന് അവൾ പറഞ്ഞു. നമുക്ക് നോമ്പ് നിർബന്ധമില്ലാത്ത സമയമല്ലേ, ഇതെല്ലാവർക്കും അറിയുന്നതുമല്ലേ, പിന്നെന്തിന് ഒളിച്ചുവക്കണം എന്നുചോദിച്ച് അവൾ പൊതുസ്ഥലങ്ങളിൽ നിന്നുതന്നെ വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. നോമ്പെടുക്കുന്ന ദിവസങ്ങളിൽ അത് കൃത്യമായി പാലിക്കുകയും ചെയ്തു. നീണ്ട യാത്രകളിലും നോമ്പെടുക്കേണ്ടതില്ലെന്നതും ആ സമയത്തും ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ലെന്നും അവർ വിശ്വസിച്ചു. ഇത് എന്നെയും വളരെയധികം മാറ്റിത്തീർത്ത കാഴ്ചപ്പാടായിരുന്നു.’’

മലപ്പുറം പെണ്ണിന്റെ ആത്മകഥ എന്ന പരമ്പരയിൽ
ഷംഷാദ്​ ഹുസൈൻ​ കെ.ടി. എഴുതുന്നു,
നോമ്പുകാലത്തെ പെണ്ണ്​

ട്രൂകോപ്പി വെബ്​സീൻ പാക്കറ്റ്​ 123ൽ
സൗജന്യമായി വായിക്കാം,​ കേൾക്കാം

Comments