ചിത്രീകരണം : ജാസില ലുലു

മണവാട്ടി ഇഷാമോൾക്ക്
മൈലാഞ്ചി അണിഞ്ഞോളീ...

നിക്കാഹിൽ മാറ്റിനിർത്തിയ പെണ്ണുങ്ങളുടെ ആഘോഷമായിത്തന്നെ കല്യാണരാവിലെ മൈലാഞ്ചിക്കല്യാണത്തെ പെണ്ണുങ്ങൾ മാറ്റിത്തീർക്കും. ഇതിലെ കാഴ്ചക്കാർ മാത്രമല്ല, തലേദിവസം രാത്രി കല്യാണത്തിനെത്തുന്നവരിലും അധികവും സ്ത്രീകളായിരിക്കുമെന്നതും യാദൃച്ഛികമല്ല.

ല്യാണത്തലേന്ന് സജീവമാകുന്ന വീടുകൾ അന്ന് പലപ്പോഴും ഉറങ്ങാറില്ല. പുലർച്ചെ തന്നെ പിറ്റേദിവസത്തെ ഭക്ഷണത്തിന് ഒരുക്കം തുടങ്ങും. പിറ്റേദിവസം ഉച്ചക്കുവരെയുള്ള ഭക്ഷണത്തിന്റെ ഒരുക്കം തലേന്നുതുടങ്ങാറുണ്ട്. സദ്യയുണ്ടെങ്കിൽ സാമ്പാറിനുള്ള ഒരുക്കം, തേങ്ങ വറുക്കലും പച്ചക്കറി നുറുക്കലും വരെ തുടങ്ങിയിരിക്കും. പക്ഷെ, സദ്യ മുസ്‌ലിം വീടുകളിൽ സൈഡ് ഡിഷ് പോലെ അഡീഷനലായി മാത്രം വരുന്ന കാര്യമാണ്. മുഖ്യം ബിരിയാണി തന്നെ. അതിനുള്ള ഒരുക്കങ്ങൾ, രാവിലത്തേക്കുള്ള പൊറോട്ടയുടെ മാവ് കുഴച്ച് തയാറാക്കൽ എല്ലാം തലേന്ന് തുടങ്ങേണ്ടതാണ്.

തലേദിവസം വൈകുന്നേരം തുടങ്ങുന്ന മൈലാഞ്ചിരാവിന്റെ ആഘോഷങ്ങൾ കഴിഞ്ഞാൽ മാത്രമേ പിറ്റേദിവസത്തേക്കുള്ള അടുക്കള, സ്ത്രീകൾ കൂടി വന്ന് സജീവമാകൂ. കാരണം, മൈലാഞ്ചിയിട്ടുകൊടുക്കുന്നതിൽ അടുക്കളയിലെ പലരുടെയും സാന്നിധ്യം അത്യാവശ്യമാണ്. മൈലാഞ്ചിക്കല്യാണത്തിന് പാട്ടും ഓർക്കസ്ട്രയുമെല്ലാം പുറത്തുനിന്ന് പാട്ടുസംഘങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും വീട്ടുകാരുടെ പങ്കാളിത്തം തെല്ലും കുറയാൻ പാടില്ല. അതുകൊണ്ട്, വീട്ടിലുള്ളവരുടെ പാട്ടും ഡാൻസ് ഗ്രൂപ്പുകളും പലതും ഇതോടൊപ്പം കാണും.

പിറ്റേദിവസത്തെ കല്യാണത്തിനൊരുക്കുന്നവർക്കുകൂടി പങ്കാളിത്തമുള്ളതെന്ന നിലയ്ക്ക് മൈലാഞ്ചിക്കല്യാണം പലപ്പോഴും ഒരു പ്രദേശത്തിന്റെ സംഘം ചേരലും അവരുടെ കൈകാര്യകർതൃത്വത്തിൽ നടത്തുന്ന സേവനവുമായും മാറാറുണ്ട്

മിക്കവാറും ഒരുമിച്ച് ചേർന്നുള്ള ഒപ്പനയോ ഒരു സംഘനൃത്തമോ കഴിഞ്ഞാൽ പല പ്രായക്കാരുടെ പ്രത്യേക ഗ്രൂപ്പുകളും അവരുടെ നൃത്തങ്ങളുമുണ്ടാകും. കോൽക്കളി പോലുള്ള പെൺകുട്ടികളുടെ വർണാഭനൃത്തങ്ങളും ഇതിൽ വളരെ പ്രധാന ഇനമാണ്. സാധാരണ വീടുകളിൽ ലഭ്യമായ ചെറിയ മരക്കൊമ്പ് പാകത്തിന് മുറിച്ചെടുത്ത് അത് വർണക്കടലാസുകളും റിബണുകളും പിടിപ്പിച്ച് ഉപേയാഗിക്കുകയായിരുന്നു പതിവ്. ഇന്ന് അത് വിപണിയിലും സുലഭമാണ്. ഈ കോലുകൾ ഉപയോഗിച്ച് സാമ്പ്രദായികരീതിയിലുള്ള കോൽക്കളിയല്ല കളിക്കാറ്. പലപ്പോഴും പുതിയ പാട്ടുകൾക്കനുസരിച്ച് ചെയ്യുന്ന നൃത്തത്തിലെ ഒരു ഭാഗം മാത്രമായിരിക്കും ഈ കോൽക്കളി. കോൽക്കളിയിൽ അധികം ചടുലമായ ചുവടുകൾ കാണില്ല. പലപ്പോഴും കോലുകൾ തമ്മിൽ മുട്ടിയൊഴുകി പലതരത്തിൽ നീങ്ങുന്ന ചുവടുകളായിരിക്കും. അതുകൊണ്ടുതന്നെ നോർത്തിന്ത്യൻ കോൽക്കളി നൃത്തങ്ങളോടാണ് ഇവക്കടുപ്പം. ചിലർ ഇത് പുതിയ പാട്ടുകളും പഴയ പാരമ്പര്യ ഗാനങ്ങളും ചേർത്തുവെച്ച് നമ്മുടെ രീതിയിൽ മാറ്റിയെടുക്കാറുണ്ട്. പിറ്റേദിവസത്തിനു​വേണ്ടി സ്‌റ്റേജ് അലങ്കരിച്ചിട്ടിരിക്കുന്നതിനാൽ തലേന്നത്തെ പരിപാടികൾക്ക് പ്രത്യേക അലങ്കാരങ്ങൾ വേണ്ട. ഫ്രഷ് ചുവടുകൾ മാത്രം കല്യാണദിവസത്തേക്ക് നോക്കിയാൽ മതി.

അങ്ങനെ പലതരം ഗ്രൂപ്പുകളുടെ നൃത്തങ്ങളും സിംഗിൾ ഡാൻസുകളും രണ്ടുപേർ മാത്രം ചേർന്നുള്ള നൃത്തങ്ങളുമെല്ലാം ഓരോ വീടിനനുസരിച്ചും വീട്ടിലെ കുട്ടികളുടെ ലഭ്യതക്കനുസരിച്ചുമെല്ലാം അരങ്ങേറും. നൃത്തത്തോടൊപ്പം മൈലാഞ്ചിയിടീക്കൽ ചടങ്ങും ഉണ്ടാകും. അവസാന ഇനമായിരിക്കും മൈലാഞ്ചിയിടൽ. അപ്പോഴേക്കും വീട്ടുകാർ മാത്രമായതിനാൽ അതിൽ പ്രധാനപ്പെട്ട ആളുകളുടെ പേരുകൾ വിളിച്ചുതന്നെ മൈലാഞ്ചിയിട്ടുകൊടുക്കാൻ ക്ഷണിക്കും.

മൈലാഞ്ചി വെച്ച രണ്ട് താലങ്ങളുമായി വീട്ടിലെ രണ്ടു കുട്ടികൾ ഒപ്പം നിൽക്കും. ഒരു പാത്രത്തിൽ കൽക്കണ്ടവും നിറങ്ങളുള്ള മധുരമിഠായികളും വെക്കും. കാഴ്ചക്കുമാത്രമല്ല, മൈലാഞ്ചിയിടീച്ചുകഴിഞ്ഞാൽ അൽപം മധുരവും തീറ്റിക്കണം. ഇതെല്ലാം ഓർക്കസ്ട്രാ ടീമിന്റെ ഉത്തരവാദിത്തമാണ്​. ഓരോരുത്തരെയായി വിളിക്കുമ്പോൾ അവരെ വേദിയിലെത്തിക്കുന്ന ജോലി മാത്രമേ പെണ്ണിന്റെ കൂട്ടുകാർക്കുള്ളൂ. ഓർക്കസ്ട്ര സംഘം ഇല്ലെങ്കിൽ പാട്ടുപാടുന്ന സംഘങ്ങളും അവരെ കൂട്ടി സ്‌റ്റേജിലെത്തിക്കേണ്ട സംഘങ്ങളും വേറെവേറെ രൂപപ്പെടണം.

കുട്ടീന്റെ ഒരിമ്മ മൈലാഞ്ചി അണിഞ്ഞോളീ... മണവാട്ടി ഇഷാമോൾക്ക് മൈലാഞ്ചി അണിഞ്ഞോളീ...

ഇങ്ങനെ ഉപ്പ, വല്ലിമ്മ, മൂത്താപ്പ, എളാപ്പ, എളാമ്മ, മൂത്താപ്പ തുടങ്ങി എല്ലാവരെയും സ്ഥാനപ്പേരുപറഞ്ഞ് വിളിക്കും. പേരിന്റെ താളത്തിന് ചേർന്നാകും പേര് വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. വിളിച്ചിട്ട് വേദിയിൽ വരാൻ കൂട്ടാക്കാത്തവരെ ചിലപ്പോൾ കൂട്ടുകാരികൾ കളിയാക്കാറുമുണ്ട്.

മൂത്താപ്പ ഹബീബ് മൈലാഞ്ചി അണിഞ്ഞില്ല... മണവാട്ടി ഇഷാമോൾക്ക് മൈലാഞ്ചി അണിഞ്ഞില്ല...

എന്നാവും പിന്നെ പാട്ട്. അവസാനം, ‘കൂട്ടുകുടുംബക്കാരെല്ലാവരും വന്നോളീ പുന്നാര പുതുപെണ്ണിന് മൈലാഞ്ചി അണിഞ്ഞോളീ'
എന്ന് കൂട്ടത്തോടെ വിളിയുമുണ്ട്.

പട്ടും കട്ടിയുള്ള കസവും ചേർന്ന തുണിയായിരുന്നു എന്റെ രണ്ട് വല്ലിമ്മമാരും ഉടുത്തിരുന്നത്. പഴയ വസ്തുക്കളോടുള്ള താൽപര്യം കൊണ്ട് അവ കീറിപ്പറിഞ്ഞുപോയിട്ടും ഞാൻ അത്​ സൂക്ഷിച്ചുവച്ചിട്ടുണ്ട്

കൂട്ടത്തിൽ പേരുപറഞ്ഞ് വിളിക്കേണ്ട കാരണവത്തികളും കാരണവന്മാരും കൂട്ടുകാരികളുമൊക്കെയുണ്ടെങ്കിൽ അവരുടെ പേരുവിവരങ്ങൾ പാട്ടുകാർക്ക് വീട്ടിൽനിന്ന് നേരത്തെ എഴുതിക്കൊടുത്തിരിക്കും. മൈലാഞ്ചിയിടൽ ചടങ്ങിന് പ്രത്യേക വേഷമുണ്ട്. ഇത് അധികവും സാമ്പ്രദായിക മുസ്‌ലിം വേഷമായിരിക്കും. പണ്ടുള്ള മണവാട്ടിപ്പെണ്ണുങ്ങൾ അണിഞ്ഞിരുന്നതുപോലെ മാത്താവ് എന്നറിയപ്പെടുന്ന തുണിയാണ് ഇപ്പോഴും പല വീടുകളിലും മൈലാഞ്ചിയിടൽ ചടങ്ങിന്റെ വേഷം. മാത്താവ് പണ്ട് മടക്കിയല്ല സൂക്ഷിച്ചിരുന്നത്. കുഴലുകളിലാക്കിയാണ് എന്നാണ് ഉമ്മ പറഞ്ഞുകേട്ടിട്ടുള്ളത്.

പട്ടും കട്ടിയുള്ള കസവും ചേർന്ന തുണിയായിരുന്നു എന്റെ രണ്ട് വല്ലിമ്മമാരും ഉടുത്തിരുന്നത്. പഴയ വസ്തുക്കളോടുള്ള താൽപര്യം കൊണ്ട് അവ കീറിപ്പറിഞ്ഞുപോയിട്ടും ഞാൻ അത്​ സൂക്ഷിച്ചുവച്ചിട്ടുണ്ട്. പട്ടുതുണികൾ കീറിപ്പോയിട്ടും അവയിലെ നിറംമങ്ങിയിട്ടേയില്ല. കാരണം, അവയിൽ ചിലതെല്ലാം ശരിയായ വെള്ളിനൂലുകൾ പിടിപ്പിച്ചവ തന്നെയായിരുന്നു.

ഈ മാത്താവും നീളൻ കുപ്പായവും തട്ടവുമാണ് വേഷം.
തട്ടം മറിച്ചിട്ട് വട്ടത്തിൽ തലയിൽ കെട്ടും. തട്ടം തിരിച്ചിട്ടാൽ ചെറിയ ഞൊറികൾ പിടിപ്പിച്ചപോലെ വട്ടത്തിൽ തലക്കുചുറ്റും വൃത്താകൃതിയിൽ നിൽക്കും. നീളത്തിൽ പരത്തി ഹെയർപിൻ ചെയ്ത് പഴയ രീതിയിൽ തന്നെ ഇടുന്നവരുമുണ്ട്. മലബാർ ഭാഗങ്ങളിൽ വട്ടംചുറ്റിയിടലാണ് പൊതുവേ കാണുക. ഇരുന്നുകൊണ്ട് നിർവഹിക്കുന്ന ചടങ്ങായതിനാലും കല്യാണപ്പെണ്ണിന് അധികം മൂവ്‌മെന്റുകൾ ഇല്ലാത്തതിനാലും പല വീടുകളിലും പഴയതാണെങ്കിലും ഇങ്ങനെ സൂക്ഷിച്ചുവരുന്ന മാത്താവുകൾ ഉപയോഗിക്കാറുണ്ട്. അല്ലെങ്കിൽ, പഴയ കല്യാണസാരികൾ മടക്കി തുണിയായി ഉപയോഗിക്കും. വലിയ അരഞ്ഞാണങ്ങളും ഈ വേഷത്തോടൊപ്പം കൂടുതൽ ഇണങ്ങിനിൽക്കാറുണ്ട്.

പെണ്ണിനെ കൊണ്ടുവന്ന് വേദിയിലിരുത്തിയാൽ പിന്നെ പാട്ട് നിലയ്ക്കാൻ പാടില്ല. ഒരൊറ്റ ശ്വാസത്തിൽ എല്ലാവരെയും ക്ഷണിക്കണം. ഒരിക്കൽ വളരെ നിർബന്ധിച്ച് എന്നെ സ്‌റ്റേജിലേക്ക് പറഞ്ഞുവിട്ടു. ഞാൻ കയറിയെത്തിയ സമയം തന്നെ പാട്ടുതീർന്ന്, വിളക്കുകളെല്ലാ കെട്ട് ആകെ ചമ്മിപ്പോയ അനുഭവവുമുണ്ടായിട്ടുണ്ട്. പിന്നീട് വേഗം പെണ്ണിന്റെ കൈ പിടിച്ച് അവരെ കൂട്ടിക്കൊണ്ടുപോകാൻ ചെന്നപോലെ അഭിനയിച്ച് അഡ്ജസ്റ്റ് ചെയ്തു.

എന്തായാലും കല്യാണത്തലേന്നും വലിയ ആഘോഷങ്ങളും പാർട്ടിയും ഇന്നും മലബാറിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങായി മാറിയിട്ടുണ്ട്.
വീട്ടിലെല്ലാവർക്കും സ്ഥാനമുണ്ടാകുന്നു എന്നതുകൂടാതെ, കല്യാണപ്പെണ്ണിനെ മുലയൂട്ടിയവരും നോക്കിവളർത്തിയവരുമെല്ലാം ഇതിൽ പരിഗണിക്കപ്പെടും. അയൽപക്കക്കാർക്കും ഏത് ജാതിമതവിഭാഗങ്ങൾക്കും ഈ ചടങ്ങിൽ ഒരേപോലെ സ്ഥാനമുണ്ട് എന്നതും വളരെ ആകർഷകമായ സംഗതിയാണ്. പെണ്ണിന്റെ കസിൻസും അവരുടെ സുഹൃത്തുക്കളുമെല്ലാം ചേർന്ന് നടത്തുന്ന ഈ പരിപാടിയിൽ പലപ്പോഴും പാട്ടുകാരായി എത്തുന്നത് ബന്ധുക്കളോടൊപ്പം കൂട്ടുകാരും കൂടിയാണ്. അതുകൊണ്ടുതന്നെ നിക്കാഹിൽ മാറ്റിനിർത്തിയ പെണ്ണുങ്ങളുടെ ആഘോഷമായിത്തന്നെ കല്യാണരാവിലെ ഈ മൈലാഞ്ചിക്കല്യാണത്തെ പെണ്ണുങ്ങൾ മാറ്റിത്തീർക്കും. ഇതിലെ കാഴ്ചക്കാർ മാത്രമല്ല, തലേദിവസം രാത്രി കല്യാണത്തിനെത്തുന്നവരിലും അധികവും സ്ത്രീകളായിരിക്കുമെന്നതും യാദൃച്ഛികമല്ല. പിറ്റേദിവസത്തെ കല്യാണത്തിനൊരുക്കുന്നവർക്കുകൂടി പങ്കാളിത്തമുള്ളതെന്ന നിലയ്ക്ക് മൈലാഞ്ചിക്കല്യാണം പലപ്പോഴും ഒരു പ്രദേശത്തിന്റെ സംഘം ചേരലും അവരുടെ കൈകാര്യകർതൃത്വത്തിൽ നടത്തുന്ന സേവനവുമായും മാറാറുണ്ട്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments