ചെറുപ്പത്തിൽ ഞാനൊരു കഥയെഴുതാൻ ആഗ്രഹിച്ചിരുന്നു.
അത് ഏകദേശം ഇങ്ങനെയാണ്: ഞങ്ങളുടെ വീട്ടിലെ ഏറ്റവും മുതിർന്ന അംഗം അന്ന് ഞങ്ങളുടെ വല്ലിമ്മ ആയിരുന്നു. ‘സാക്ഷരത' ആശയങ്ങളും പ്രവർത്തനങ്ങളും സജീവമായ അക്കാലത്ത് അതിൽ പങ്കാളിയാവാൻ തീരുമാനിച്ച ഞാൻ വല്ലിമ്മാനെ അക്ഷരം പഠിപ്പിക്കാൻ തീരുമാനിക്കുന്നു. ഒടുവിൽ അവധിക്ക് കോഴിക്കോട്ടുനിന്ന് വീട്ടിലെത്തിയപ്പോഴേക്കും വല്ലിമ്മ മരിച്ചുപോയിരുന്നു. അതിന്റെ സെൻറിമെൻസും എല്ലാം ചേർത്താണ് കഥ മെനഞ്ഞത്.
അക്ഷരം പഠിക്കാത്തവരെന്നും അടുക്കളക്കുള്ളിൽ കഴിഞ്ഞവരെന്നും മുസ്‌ലിം സ്ത്രീകളെ നമ്മൾ മാറ്റി നിർത്തിയപ്പോൾ വലിയൊരു സാംസ്കാരിക സമ്പത്തിനെ തന്നെയാണ് നാം കയ്യൊഴിച്ചത്
ഒരിക്കലും എഴുതാതെപോയ ഒരു കഥയാണത്.
അന്ന് ജീവിച്ചിരിക്കുന്ന വല്ലിമ്മ മരിച്ചുപോയതായി കഥയിൽ പറയാമോ എന്നെല്ലാമുള്ള വൈകാരിക/ധാർമിക പ്രശ്‌നങ്ങളാണ് അന്നെന്നെ അലട്ടിയതെങ്കിൽ ഇന്ന് ആ കഥമെനയലിനെക്കുറിച്ചോർക്കുമ്പോൾ അന്നെന്നെ കഥയെഴുതാൻ പ്രചോദിപ്പിക്കുന്ന തരത്തിൽ പ്രബലമായി നിന്ന ആശയധാരകൾ തന്നെയാണ് പ്രധാനമായി തോന്നുന്നത്. സാക്ഷരതയും അതുമായി ബന്ധപ്പെട്ട രാഷ്ട്രവ്യവഹാരങ്ങളും വ്യക്തികളെ എങ്ങനെയെല്ലാം സ്വാധീനിച്ചിരുന്നു എന്നിത് വ്യക്തമാക്കുന്നുണ്ട്. അതുപോലെ തന്നെ മുസ്‌ലിം സ്ത്രീ പരിഷ്‌കരണ ആശയങ്ങളും മലപ്പുറം ജില്ലയിലെ ഒരു മുസ്‌ലിം സ്ത്രീയെ അക്ഷരം പഠിപ്പിച്ച് രാഷ്ട്രപുരോഗതിയുടെ ഭാഗമാവുക എന്നത് അന്നത്തെ കാലത്ത് എന്റെ മുഖ്യ താല്പര്യമായി എന്നതിൽ അുത്ഭുപ്പെടാനൊന്നുമില്ല. അന്നത്തെ പൊതു പ്രവർത്തനത്തിന്റെ രീതിയിലും എഴുത്തിലുമെല്ലാം ഈയൊരാശയം സജീവമായിരുന്നു എന്ന് തൊണ്ണൂറുകളിലെ എഴുത്തുകളും സംഘടനാപ്രവർത്തനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അന്ന് ഞാൻ വല്ലിമ്മാനെ അക്ഷരം പഠിപ്പിക്കാനാഗ്രഹിച്ചു.
അതു കഴിഞ്ഞ് എത്രയോ കാലമെടുത്തിട്ടാണ് വല്ലിമ്മാക്കറിയാമായിരുന്ന അക്ഷരലോകത്തെക്കുറിച്ച് എനിക്ക് വെളിവുണ്ടായത്. വലിയൊരു പുസ്തക ശേഖരം തന്നെ അവർക്കുണ്ടായിരുന്നു. അതിൽ അറബി ഭാഷയിലെ ഖുർആൻ കൂടാതെ മലയാളം പാട്ടുകളുമുണ്ടായിരുന്നു. പക്ഷെ ആ പാട്ടുകൾ രേഖപ്പെടുത്തിയ ലിപി അറബി മലയാളമാണെന്നുമാത്രം. ആ പാട്ടുകൾ പലതും വല്ലിമ്മ ഈണത്തിൽ പാടാറുണ്ടായിരുന്നു. ആദ്യമായി മൊഹിയുദ്ദീൻ മാലയും നഫീസത്തുമാലയുമെല്ലാം ഞാൻ കേട്ടത് അങ്ങനെയാവാം. ഇവയിൽ പലതും അവർക്ക് മനഃപാഠവുമായിരുന്നു. ഇങ്ങനെ മലയാളപ്പാട്ടുകൾ വായിക്കുകയും പാടുകയും മനഃപാഠമാക്കുകയും ചെയ്ത വ്യകതി എങ്ങനെയാണ് ‘നിരക്ഷര'യാവുക. അക്ഷരം എന്നതുകൊണ്ടപ്പോൾ അർത്ഥമാക്കുന്നത് അതിന്റെ ലിപി മാത്രമാണോ? മതപഠനത്തിനുപയോഗിക്കുന്നത് അറബിമലയാള ലിപി ആയിരുന്നു എങ്കിലും അതിൽ വളരെ ലളിതമായ മലയാളത്തിൽ കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
ഇസ്ലാം കാര്യം അഞ്ചാണ് അവകൾ അറിയൽ ഫറളാണ് ഈമാനിസ്ലാം അറിഞ്ഞില്ലെങ്കിൽ നരകം അവരുടെ വീടാണ്
എന്നാണ് ഇസ്ലാമിക നിയമങ്ങളെ വിശദീകരിക്കുന്ന പാട്ടുകൾ ആരംഭിക്കുന്നത്. തുടർന്ന് അഞ്ച് ഇസ്ലാം കാര്യങ്ങളും ആറ് ഈമാൻ കാര്യവും പദ്യ രൂപത്തിൽ പാടും. ഇത് ഇപ്പോഴും പല സ്ഥാപനങ്ങളിലും തുടരുന്നുണ്ട്. പക്ഷെ വല്ലിമ്മ പറഞ്ഞു കേട്ട ഓർമ്മയിൽ അവർ മതപഠനത്തോടൊപ്പം മറ്റുപല പാട്ടുകളും പഠിച്ചിരുന്നു. കല്യാണപാട്ടുകൾ പോലുള്ളവ. അതിൽ കല്യാണ പെണ്ണ് വരുമ്പോൾ പാടുന്ന അരിയെറിയൽ പാട്ടുപോലുള്ളവ അവർ പാടിക്കേട്ട നേരിയ ഓർമ മാത്രം ബാക്കിയുണ്ട് ഇപ്പോൾ.
ഞങ്ങൾ സൂചികൊണ്ട് നൂലിൽ മുല്ലപ്പൂക്കൾ കോർത്തു കെട്ടുമ്പോൾ അവർ ചകിരിനാരിൽ കോർത്താണ് കാതിൽ മുല്ലമൊട്ടുകളിട്ടിരുന്നത്. ഞങ്ങൾ കോർത്ത മുല്ല മാല പെട്ടെന്ന് വാടിപ്പോകും. അവരുടേത് വാടില്ലെന്ന് മാത്രമല്ല വാസനയും നിലനിർത്തും
നിറയെ തുളകളിട്ട വലിയ ചിറ്റുകളിട്ടവയായിരുന്നു വല്ലിമ്മാെന്റെ കാതുകൾ. ഈ ചിറ്റുകൾക്കിടയിൽ ചിലപ്പോൾ അവർ മുല്ലപ്പൂക്കൾ കോർത്തിടുമായിരുന്നു. അവർ പൂ പറിക്കാൻ പോകുമ്പോൾ ഞങ്ങൾ കുട്ടികളാരെങ്കിലും മിക്കവാറും കൂടെ കാണും. ഒരിക്കൽ പൂ പറിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ മുല്ലപൂവിനെക്കുറിച്ചറിയാവുന്ന രണ്ടു വരികൾ പാടി മുല്ലപ്പൂമണം വീശും മൊഞ്ചത്തി പുതുനാരി
എന്നു തുടങ്ങുന്ന പാട്ട് തെറ്റിച്ചും എനിക്ക് കഴിയുന്ന പോലെ മറ്റ് പാട്ടുകൾ ചേർത്തും പാടി നോക്കി. അപ്പോൾ വല്ലിമ്മ മുല്ലപ്പൂവ് ചേർത്ത് മറ്റൊരു പാട്ടു മൂളി. ‘ആ പാട്ട് നല്ല രസണ്ടല്ലോ അതൊന്ന് ശരിക്ക് പാടി തര്വോ' എന്ന് ചോദിച്ചപ്പോൾ വല്ലിമ്മാെന്റ ഭാവം ഉടനെ മാറി. അത് കുട്ടികൾക്ക് കേൾക്കാൻ പറ്റിയ പാട്ടല്ല എന്നാണവർ മറുപടി പറഞ്ഞത്. അതായത് അത്രയും വൈവിധ്യം നിറഞ്ഞ പാട്ടുകൾ അവരുടെ അറിവിലുണ്ടായിരുന്നു.
പാട്ടുകൾ മാത്രമല്ല, ഇന്നോർക്കുമ്പോൾ പലതരത്തിലുള്ള അറിവുകൾ അവർക്കുണ്ടായിരുന്നു. ഞങ്ങൾ സൂചികൊണ്ട് നൂലിൽ മുല്ലപ്പൂക്കൾ കോർത്തു കെട്ടുമ്പോൾ അവർ ചകിരിനാരിൽ കോർത്താണ് കാതിൽ മുല്ലമൊട്ടുകളിട്ടിരുന്നത്. ഞങ്ങൾ കോർത്ത മുല്ല മാല പെട്ടെന്ന് വാടിപ്പോകും. അവരുടേത് വാടില്ലെന്ന് മാത്രമല്ല വാസനയും നിലനിർത്തും. എന്നാലും പഴഞ്ചനായിപ്പോകുമോ എന്ന പേടിയിൽ ഞങ്ങളെപ്പോഴും വാടിയ മുല്ലപ്പൂക്കൾ തന്നെ ചൂടി അതുകൊണ്ടാവും പിൽക്കാലത്ത് കയർ ബോർഡ് ചകിരി നാരുകൊണ്ട് നിർമ്മിച്ച വില കൂടിയ മാല കണ്ടപ്പോൾ ആദ്യം വല്ലിമ്മാനെ ഓർത്തുപോയത്.
ഇപ്പോഴും ഞങ്ങളുടെ ബന്ധുക്കളും അയൽ വീട്ടുകാരും ഉമ്മാന്റെ ഉപദേശം സ്വീകരിക്കാറുണ്ട്. പ്രത്യേകിച്ചും ചെറിയ ചെറിയ രോഗം/രോഗലക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ
വല്ലിമ്മാന്റെ മക്കളെല്ലാവരും തന്നെ സ്കൂളിൽ പോയവരായിരുന്നു.
പലരും പ്രൊഫഷണൽ വിദ്യാഭ്യാസം നേടുകയും അതാത് മേഖലയിൽ പ്രഗൽഭരാവുകയും ചെയ്തു. അവർക്കിടയിൽ ജീവിച്ചപ്പോഴും വല്ലിമ്മ അവർ പഠിച്ചു തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ സ്വന്തം പദാവലികൾ തന്നെ നിർമിച്ചു. വല്ലിമ്മാന്റെ രസകരമായ കഥാവിവരണങ്ങളിലൊന്ന് വക്കീലായ മൂത്ത മകൻ എങ്ങോട്ടാണെന്നറിയിക്കാതെ കൊണ്ടുപോയി സിനിമ കാണിച്ചതാണ്. സിനിമക്ക് വല്ലിമ്മ പറയുന്ന പേര് ‘ചോര്മ്മക്കളി' (ചുമരിലെ കളി) എന്നാണ്. ഏറ്റവും ഇളയ മകൻ മാതൃഭൂമി പ്രസിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. വീട്ടിൽ വന്ന ആരോടോ അവരൊരിക്കൽ ഇതിനെക്കുറിച്ച് പറഞ്ഞത് ‘എളേ മോനിപ്പം കടലാസും കമ്പനീലാ പണി' എന്നാണ്. ഇത് കൃത്യമായി കേൾക്കുന്നവർക്ക് മനസ്സിലായോ എന്നതിലപ്പുറം തന്റെ ആശയലോകവുമായി ബന്ധപ്പെടുത്തി പുതിയ വാക്കുകൾ രൂപപ്പെടുത്താനും അതിൽ കാര്യങ്ങളവതിരിപ്പിക്കാനും അവർ ശ്രമിച്ചു എന്നത് തന്നെയാണ് പ്രധാനം.
വല്ലിമ്മാനെ കൂടാതെ രണ്ട് ഉമ്മാമമാർകൂടി ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. പക്ഷെ അവരെ കണ്ട നേരിയ ഓർമയല്ലാതെ മറ്റൊന്നും അവരെക്കുറിച്ചറിയില്ല. പക്ഷെ അതിന്റെ ഗുണം മുഴുവൻ ലഭിച്ചത് അവരോടൊപ്പം വളർന്ന എന്റെ ഉമ്മക്കായിരുന്നു. ഇപ്പോഴും ഞങ്ങളുടെ ബന്ധുക്കളും അയൽ വീട്ടുകാരും ഉമ്മാന്റെ ഉപദേശം സ്വീകരിക്കാറുണ്ട്. പ്രത്യേകിച്ചും ചെറിയ ചെറിയ രോഗം/രോഗലക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. നീരെറക്കം വന്നാൽ, ചെവി വേദന വന്നാൽ, ചെറിയ മുറിവുകൾ പറ്റിയാൽ ഒക്കെയുള്ള ചെറിയ ചികിത്സകൾ, അതിനുപയോഗിക്കേണ്ട ചെടികൾ എല്ലാം ഉമ്മക്കറിയാം. അതുപോലെ അസുഖങ്ങൾ വരുമ്പോഴുള്ള ദിനചര്യക്ക് അവർ നിർദ്ദേശങ്ങൾ കൊടുക്കുന്നത് എപ്പോഴും അസുഖം പെട്ടെന്ന് സുഖപ്പെടാൻ കാരണമാവാറുണ്ട്. അതിന് ഉമ്മ നൽകുന്ന വിശദീകരണം ‘‘ഞാൻ രണ്ട് ഉമ്മാമമാരുടെ കൂടെ വളർന്നതാണ്'' എന്നായിരുന്നു.
ഞങ്ങളുടെ വീട്ടിൽ നിന്ന് ആദ്യമായി കോളേജിലേക്ക് എത്തിപ്പെട്ട പെൺകുട്ടി ഞാനായിരുന്നു. എനിക്ക് തൊട്ട് മുമ്പെ പഠിച്ച എളാമയും അമ്മാവന്റെ മകളുമെല്ലാം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനിടക്ക് തട്ടിത്തടഞ്ഞ് നിന്നു പോയവരാണ്. ഈ കോളേജ് വിദ്യാഭ്യാസത്തിന്റെ അഹങ്കാരം കൂടിയാവാം വല്ലിമ്മാനെ അക്ഷരം പഠിപ്പിക്കാനുള്ള പ്രേരണയായി മാറിയത് എന്നിപ്പോൾ തോന്നുന്നു.
മുസ്‌ലിം സ്ത്രീകൾക്ക് എന്ത് അറിയില്ല എന്നല്ല, പകരം അവർക്ക് എന്താണറിയുക എന്നാണ് ഞാൻ അന്വേഷിക്കേണ്ടത് എന്നവരെന്നെ പഠിപ്പിച്ചു. ഈ തിരിച്ചറിവ് നേരത്തെ ഉണ്ടായിരുന്നെങ്കിൽ വലിയൊരളവിൽ മുസ്‌ലിം സ്ത്രീകൾ എഴുതിയ/ഉണ്ടാക്കിയ മാപ്പിളപ്പാട്ടുകളും അവയുടെ ആശയലോകവും നമുക്ക് നഷ്ടമാവില്ലായിരുന്നു
അപ്പോൾ ആരാണ് നമ്മുടെ അറിവിന്റെ ചക്രവാളങ്ങളെ ഇങ്ങനെ ചുരുക്കിക്കളഞ്ഞത്? ഔപചാരിക വിദ്യാഭ്യാസം മാത്രമാണ് അറിവിലേക്കുള്ള വഴി എന്ന് നമ്മെ പഠിപ്പിച്ചതാരാണ്? പുസ്തകങ്ങളിലെഴുതിവെച്ചത് മാത്രമാണ് അറിവ് എന്ന് നമ്മളെ വിശ്വസിപ്പിച്ചതാരാണ്? കുറച്ചു കാലത്തേക്കാണെങ്കിൽ പോലും ഔപചാരിക വിദ്യാഭ്യാസം ഈയൊരു ധാരണ നമ്മിലുണ്ടാക്കുന്നുണ്ട്. നമ്മുടെ ജീവിതത്തെയും ചുറ്റുപാടുകളെയും വിസ്മരിച്ചുകൊണ്ടുള്ള അറിവ് എങ്ങനെയാണ് ജീവിതത്തിലുപകാരപ്പെടുക. എന്തായാലും കേരളത്തിലെ മുസ്‌ലിം സ്ത്രീകളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചപ്പോൾ വല്ലിമ്മയും, വല്ലിമ്മ എനിക്ക് പകർന്നു തന്ന അറിവും അതിലെനിക്ക് ഏറെ സഹായകരമായിരുന്നു. കാരണം മുസ്‌ലിം സ്ത്രീകൾക്ക് എന്ത് അറിയില്ല എന്നല്ല, പകരം അവർക്ക് എന്താണറിയുക എന്നാണ് ഞാൻ അന്വേഷിക്കേണ്ടത് എന്നവരെന്നെ പഠിപ്പിച്ചു. ഈ തിരിച്ചറിവ് നേരത്തെ ഉണ്ടായിരുന്നെങ്കിൽ വലിയൊരളവിൽ മുസ്‌ലിം സ്ത്രീകൾ എഴുതിയ/ഉണ്ടാക്കിയ മാപ്പിളപ്പാട്ടുകളും അവയുടെ ആശയലോകവും നമുക്ക് നഷ്ടമാവില്ലായിരുന്നു. വല്ലിമ്മ അന്ന് പഠിച്ചിരുന്ന പല പാട്ടുകളും മാപ്പിളപ്പാട്ടിന്റെ വാമൊഴി പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. അറബി മലയാള അക്ഷരങ്ങളിലാണെങ്കിലും എന്റെ ജീവശാസ്ത്ര പുസ്തകങ്ങളിൽ കാണാത്ത അനേകം ചെടികളെയും ജന്തുക്കളെയും അവയുടെ സ്വഭാവ സവിശേഷതകളെയും കുറിച്ച് വല്ലിമ്മാക്ക് അറിവുണ്ടായിരുന്നു. ആ അറിവാണ് പലപ്പോഴും ഞങ്ങളുടെ ജീവൻ കാത്തത്. എന്നിട്ടും സ്കൂളിൽ പഠിച്ചതുകൊണ്ടുമാത്രം ചിലർ അറിവുള്ളവരും ഇത്തരം പരമ്പരാഗത അറിവുകളുള്ള ഉമ്മമാർ അറിവില്ലാത്തവരുമായി എന്നു മാത്രമല്ല നിരക്ഷരരായി അപഹസിക്കപ്പെട്ടു.
രേഖപ്പെടുത്തപ്പെട്ട പാട്ടുകൾ കുറെയൊക്കെ നമുക്ക് ലഭ്യമായി.
പാട്ടു കെട്ടിയിരുന്ന പാട്ടുണ്ടാക്കിയിരുന്ന പാട്ടുകളവതരിപ്പിച്ചിരുന്ന വലിയ പാരമ്പര്യം ഇന്ന് ഏകദേശം ശൂന്യമായിക്കഴിഞ്ഞു. അക്ഷരം പഠിക്കാത്തവരെന്നും അടുക്കളക്കുള്ളിൽ കഴിഞ്ഞവരെന്നും മുസ്‌ലിം സ്ത്രീകളെ നമ്മൾ മാറ്റി നിർത്തിയപ്പോൾ അക്ഷരത്തിന്റെ ആധികാരികതയോ സംരക്ഷണമോ ലഭിക്കാതിരുന്ന വലിയൊരു സാംസ്കാരിക സമ്പത്തിനെ തന്നെയാണ് നാം കയ്യൊഴിച്ചത്. ▮
തുടരും
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.