ചിത്രീകരണം : ജാസില ലുലു

ഒരു റഹ്​മാൻ- രോഹിണി പ്രണയകാലം

റഹ്​മാൻ രോഹിണിയെ രണ്ട് കൈകളിൽ കുഞ്ഞിനെപ്പോലെ എടുത്തുയർത്തി നിൽക്കുന്ന പോസ്റ്റർ കണ്ട് ഈ സിനിമക്ക് നമ്മളെ മുതിർന്നവർ കൊണ്ടുപോകുമോ എന്ന് സംശയിച്ചിരുന്നു. പ്രണയത്തിന്റെ പുതിയ ആവിഷ്‌കാരങ്ങൾ കൗമാരത്തിലേക്കെത്തുന്ന ഞങ്ങളെ വല്ലാത്ത ആകാംക്ഷയുള്ളവരാക്കിയിരുന്നു.

ന്റെ ചെറുപ്പകാലത്ത് ന്യൂസ്​ പേപ്പറിൽ നന്നായി സിനിമാ പരസ്യങ്ങൾ വന്നിരുന്നതോർമയുണ്ട്. പത്രം കൈയിലെടുത്തു തന്ന് പലപ്പോഴും ഉപ്പ വായിക്കാൻ പറയാറുണ്ടായിരുന്നു. Make it a habit എന്നും പലപ്പോഴും ഉപദേശിച്ചിരുന്നു.
വലിയ തലക്കെട്ടുകൾ വായിച്ചാലായി. എന്നാലും ഉപ്പ കാണാൻ പത്രം കൈയിലെടുക്കണമല്ലോ. അതിന്​ ഞങ്ങളെ സഹായിച്ച വലിയ ഘടകം ഈ സിനിമാ പോസ്റ്ററുകളായിരുന്നു.

വെള്ളിയാഴ്ചകളിൽ വരുന്ന ചില സിനിമാ പരസ്യങ്ങൾ കാണുമ്പോൾ ഞങ്ങൾ, പ്രധാനമായും എന്റെ അമ്മായിയുടെ മകൾ ഇഷ, പ്രാർഥിക്കുന്നത് എളാമ വരണേ എന്നാണ്. മഞ്ചേരിയിൽ നിന്ന് അവരെത്തിയാൽ മിക്കവാറും സിനിമ ഉറപ്പാണ്. റഹ്​മാൻ രോഹിണിയെ രണ്ട് കൈകളിൽ കുഞ്ഞിനെപ്പോലെ എടുത്തുയർത്തി നിൽക്കുന്ന പോസ്റ്റർ കണ്ട് ഈ സിനിമക്ക് നമ്മളെ മുതിർന്നവർ കൊണ്ടുപോകുമോ എന്ന് സംശയിച്ചിരുന്നു. വലിയ കുഴപ്പമില്ലെന്ന് ഞങ്ങൾ തീരുമാനത്തിലെത്തിയപ്പോൾ പിന്നെ വല്ലാത്ത കൊതിയായിരുന്നു പടം കാണാൻ.

സിനിമ കണ്ട് കരഞ്ഞ കുട്ടി എന്നുപറഞ്ഞാണ് എന്നെ ഉപ്പയുടെ സുഹൃത്തുക്കൾ, കുമ്മാട്ടി എന്ന സിനിമ എടുത്തയാളെ പരിചയപ്പെടുത്തിയത്. അത് അരവിന്ദനായിരുന്നോ കുമ്മാട്ടിയുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമായിരുന്നുവോ എന്നിപ്പോഴും എനിക്കറിയില്ല.

പ്രണയത്തിന്റെ പുതിയ ആവിഷ്‌കാരങ്ങൾ കൗമാരത്തിലേക്കെത്തുന്ന ഞങ്ങളെ വല്ലാത്ത ആകാംക്ഷയുള്ളവരാക്കിയിരുന്നു. ആ പ്രണയഗാനങ്ങളും രംഗങ്ങളുമെല്ലാം കാണാൻ ഞങ്ങൾ ഏറെ കൊതിച്ചു. ആയിടെ ഇറങ്ങിയ ഒരു പ്രണയ സിനിമയിലെ നായകൻ ശഫീഖ് എന്നൊരു പുതുമുഖ നടനായിരുന്നു. അദ്ദേഹം ഞങ്ങളുടെ കൊണ്ടോട്ടിയിലെ എളാമയുടെ അകന്ന ബന്ധുവാണ് എന്നറിഞ്ഞത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഒരൊറ്റ സിനിമയിലേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. പക്ഷെ, അതിലെ പ്രണയഗാനങ്ങൾ ഏറെക്കാലം ഞങ്ങളെ പിന്തുടർന്നിരുന്നു.

മാനം മണ്ണിൽ വർണം പെയ്യുന്നു നീയെന്നിൽ സ്വപ്‌നം നെയ്യുന്നു...
എന്നു തുടങ്ങുന്ന പാട്ടുകളെല്ലാം റഹ്​മാനും രോഹിണിയും ചേർന്ന് അഭിനയിച്ചതാണ്. അതിന്റെ ചടുലതാളവും പല ഷോട്ടുകൾ ചേർന്നുള്ള ആവിഷ്‌കാര രീതിയുമെല്ലാം അന്ന് പുതിയ കാഴ്ചയായിരുന്നു. പക്ഷെ, അത്തരം പാട്ടുകളൊക്കെ സിനിമ പോകുന്നതോടെ അപ്രത്യക്ഷമായി. പഴയ ചില സിനിമാ ഗാനങ്ങളാണ് ഞങ്ങൾക്ക് റെക്കോഡുകളായി കിട്ടിയിരുന്നത്. ‘ചക്രവർത്തിനീ' പോലുള്ള പാട്ടകളൊക്കെ എഴുതിയെടുത്ത് കാണാപാഠം പഠിച്ചതോാർമയുണ്ട്. ഖദീജ, കുട്ടിക്കുപ്പായം പോലുള്ള സിനിമകളിലെ പാട്ടുകളും കാസറ്റുകളിൽ വീട്ടിൽ ലഭ്യമായിരുന്നു. അന്ന് ആകാശവാണിയിലും ശ്രീലങ്ക പ്രക്ഷേപണ നിലയത്തിലും വരുന്ന പാട്ടുകൾ ഉപ്പ റെക്കോർഡു ചെയ്യുമായിരുന്നു. പലപ്പോഴും അതിന് ഉപ്പാപ്പ പറഞ്ഞുതരുന്ന ഒരു ആമുഖം എന്നെക്കൊണ്ടോ അനിയത്തിയെക്കൊണ്ടോ പറയിച്ച​ശേഷമായിരിക്കും പാട്ട് കേൾക്കുക.

‘ഈശ്വരൻ വിരുന്നിനുപോയ കഥ യേശുദാസ് പറയുന്നു’ എന്ന എന്റെ ആമുഖത്തോടെയാകും ‘ഈശ്വരനൊരിക്കൽ വിരുന്നിനുപോയി, രാജകൊട്ടാരത്തിൽ വിളിക്കാതെ' എന്ന പാട്ട് വീട്ടിലെല്ലാവരും കേൾക്കുന്നത്. ഇത് പാട്ടിനോടും അതിലെ ആശയങ്ങളോടും ഞങ്ങളെ ഏറെ അടുപ്പിച്ചിരുന്നു. ചെറുപ്പത്തിൽ ഉപ്പയോടൊപ്പം ഞാൻ കോഴിക്കോട് പോയി സിനിമ കാണാറുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഒന്നിലധികം സിനിമകളും കണ്ടിരുന്നു. കുമ്മാട്ടി എന്ന സിനിമയാണ് ഉപ്പയോടൊപ്പം കണ്ടതിൽ എന്റെ ഓർമയിലെ പഴയ സിനിമ. ഇന്ന് ഓർക്കുമ്പോൾ അതൊരു പ്രിവ്യു ഷോ ആയിരിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു. കാരണം, സിനിമ കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ അതിന്റെ സംവിധായകൻ അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു. സിനിമ കണ്ട് ഞാൻ കരഞ്ഞത് അന്നവിടെ വലിയ വാർത്തയായി. സിനിമ എടുത്തയാളാണ് എന്നു പറഞ്ഞ് ഉപ്പ എനിക്കൊരാളെ കാണിച്ചുതന്നു. സിനിമ കണ്ട് കരഞ്ഞ കുട്ടി എന്നുപറഞ്ഞാണ് എന്നെ ഉപ്പയുടെ സുഹൃത്തുക്കൾ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. അത് അരവിന്ദനായിരുന്നോ കുമ്മാട്ടിയുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമായിരുന്നുവോ എന്നിപ്പോഴും എനിക്കറിയില്ല. കുമ്മാട്ടി ഇന്ന് നല്ല ക്ലാരിറ്റിയിൽ യു ട്യൂബിൽ ലഭ്യമാണ്, അതിലെ പാട്ടും.

നായയായി മാറിയ കുട്ടിയുടെ സങ്കടങ്ങളും നിസ്സഹായതയുമെല്ലാം ചെറുപ്പത്തിലെ സിനിമാ അനുഭവങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചു. നായയായി മാറിയ മകനും മകൾക്കും അമ്മ ഒരുമിച്ച് ചോറു വിളമ്പിവെക്കുന്നതായിരുന്നു അന്നെന്നെ ഏറ്റവും ആകർഷിച്ച ഭാഗം എന്നോർക്കുന്നുണ്ട്. പിന്നെ പല രൂപങ്ങളെടുത്ത് കുട്ടികൾ ചെയ്ത നൃത്തം. മയിലും ആനയും കുരങ്ങനുമെല്ലാം ആയിത്തീർന്ന കുട്ടികൾ വലിയ അൽഭുതം തന്നെയായിരുന്നു. പലപ്പോഴും ഓർക്കുന്ന അതിലെ മറ്റൊരു രംഗം, നായയെ കല്ലെറിഞ്ഞോടിച്ചിരുന്ന കുട്ടി നായയായി മാറുന്നതാണ്​. ആ നായയെ ശരിക്കുള്ള നായ ഓടിക്കുന്ന ചിത്രം നല്ലൊരു ഗുണപാഠമായി അന്ന് മനസ്സിൽ പതിഞ്ഞിരുന്നു.‘ആരംഭത്തീരംഭത്തൂരംഭത്ത്...’ എന്നു തുടങ്ങുന്ന പാട്ട് അക്ഷരം പഠിപ്പിക്കാനും കൂടി ഉള്ളതായിരുന്നു. അതുകൊണ്ടുതന്നെ വളരെ എളുപ്പം ഇത് ബാല്യത്തിന്റെ ഈണവും താളവുമായി ഇണങ്ങിപ്പോയിരുന്നു.

അതിലും ചെറുപ്പത്തിൽ തിരുനാവായയിൽ താമസിക്കുമ്പോൾ കുട്ടികളെ കാണാൻ വരുന്ന കുമ്മാട്ടിയും കോലങ്ങളും കണ്ട് പേടിച്ച അനുഭവം കൂടി ഈ ദൃശ്യങ്ങൾ കൂടുതൽ സംവേദനക്ഷമമാക്കാൻ കാരണമായിരിക്കാം. പേടിച്ചുപേടിച്ച് അന്ന് വീടിനുപുറത്തേക്ക്​ കോലം കാണാൻ വന്നപ്പോൾ അവർ എന്തോ പറഞ്ഞ് എന്റെ നേർക്കൊരു കുന്തം നീട്ടി. അത് അവർ കുട്ടികളെ അനുഗ്രഹിക്കുന്ന രീതിയാണെന്നുതോന്നുന്നു. ഞാനാകെ പേടിച്ച് വീട്ടിനകത്തേക്കോടി ആരും കാണാത്തിടത്ത് ഒളിച്ചിരുന്നു. നിറയെ ഉണങ്ങിയ വാഴയില തൂങ്ങുന്ന ദേഹമുള്ളവരും കറുത്ത ചായം മേലാകെ പൂശി കണ്ണുമാത്രം വെളുത്തിരിക്കുന്ന കോലവുമാണ് ഓർമയിലുള്ളത്. ഇതെല്ലാം ചേർത്ത്, കുമ്മാട്ടി കണ്ട എനിക്ക് അൽഭുതവും പേടിയും സ്‌നേഹവും എല്ലാം ഒരുപോലെ ആസ്വാദ്യമായി.

മറ്റൊരിക്കൽ കോഴിക്കോട് പോയപ്പോൾ കണ്ട സിനിമ ‘തകര'യായിരുന്നു. അതെനിക്ക്​ അന്ന് തീരെ ഇഷ്ടമായില്ല. അതിന്റെ ഖേദം തീർക്കാൻ ഉപ്പ ഉടൻ തന്നെ അടുത്ത സിനിമയുടെ നീണ്ട ക്യൂവിനുപിന്നിലെത്തി. അങ്ങനെയാണ് ‘ഏഴാകടലിനക്കരെ’ കണ്ടത്.

നായയായി മാറിപ്പോയ കുട്ടി കുമ്മാട്ടിയുടെ വായ്​ത്താരി കേട്ടതും തല പൊക്കി നോക്കി. ശേഷം ഓടാൻ തുടങ്ങി. അവർ കണ്ടുമുട്ടിയപ്പോഴും അവരുടെ അടുപ്പവും സ്‌നേഹവും വളരെ ഭംഗിയായി ആവിഷ്‌കരിച്ചിരുന്നു. തന്റെ എല്ലാ കഷ്ടപ്പാടിനും കാരണമായ വ്യക്തിയാണ്, അതേസമയം രക്ഷകനുമാണ്. അയാളെ കെട്ടിപ്പിടിച്ച് വീണ്ടും പഴയ രൂപത്തിലെത്തുന്ന കുട്ടിയെ കണ്ടപ്പോൾ കരഞ്ഞുപോയത് സന്തോഷം കൊണ്ടുകൂടിയായിരുന്നു.

ആ സിനിമ കണ്ട അന്ന് എനിക്കേറ്റവും വലിയ സംഘർഷം നൽകിയ നിമിഷങ്ങൾ നായയായി മാറിയ കുട്ടിയുടെ നിസ്സഹായതയായിരുന്നു. ആ വേദന ശരിക്കും ഉള്ളിലറിഞ്ഞത് ഇപ്പോഴും ഓർക്കാനാവുന്നുണ്ട്. അങ്ങനെ ഞാൻ, സിനിമ കണ്ട് കരഞ്ഞ കുട്ടിയായി. ആ സിനിമ ഇപ്പോൾ കണ്ടപ്പോൾ ഞാൻ കരഞ്ഞില്ല. പക്ഷെ, എളുപ്പത്തിൽ ഞാനൊരു കുട്ടിയായി.

മറ്റൊരിക്കൽ കോഴിക്കോട് പോയപ്പോൾ കണ്ട സിനിമ ‘തകര'യായിരുന്നു. അതെനിക്ക്​ അന്ന് തീരെ ഇഷ്ടമായില്ല. അതിന്റെ ഖേദം തീർക്കാൻ ഉപ്പ ഉടൻ തന്നെ അടുത്ത സിനിമയുടെ നീണ്ട ക്യൂവിനുപിന്നിലെത്തി. അങ്ങനെയാണ് ‘ഏഴാകടലിനക്കരെ’ കണ്ടത്. അതിലെ പാട്ടും നൃത്തച്ചുവടുകളുമെല്ലാം നന്നായി ഇഷ്ടമായി. അതുകൊണ്ടുകൂടിയാകും റഹ്​മാൻ- രോഹിണി ചിത്രങ്ങളൊക്കെ ഞങ്ങളെ ഏറെ ആകർഷിച്ചത്. ശഫീഖ് അഭിനയിച്ച ലവ് സ്‌റ്റോറി ഞങ്ങളിഷ്ടപ്പെട്ടതിന് ഒരു കാരണം ആണും പെണ്ണും ഒരുപോലെ വെച്ച നൃത്തച്ചുവടുകളായിരുന്നു. ക്ലാസിക്കലും ഡിസ്‌കോ ഡാൻസുമെല്ലാം റഹ്​മാൻ ഒരുപോലെ നിറഞ്ഞാടിയിരുന്നു. എന്നാലും അന്ന് ഡിസ്‌കോയും ബ്രേക്ക് ഡാൻസും കളിക്കുന്നവർ തന്നെയായിരുന്നു ഞങ്ങൾക്ക് താരങ്ങൾ.

ഒരു മലർതോപ്പിലെ മലരുകൾ തൂകിടും മധുകണമാകവേ നിറഞ്ഞുനിൽപ്പു എന്നിലിങ്ങനെ
എന്ന പാട്ട് അന്നത്തെ കുട്ടികളുടെ ഹരമായി മാറിയതിനുകാരണം ഇതിലെ പ്രണയം മാത്രമല്ല, ചടുലമായ നൃത്തച്ചുവടുകളും കൂടിയായിരുന്നു. ലവ് സ്‌റ്റോറി എന്ന സിനിമ വിജയിച്ചതിലും അതിലെ പാട്ടുകളും നൃത്തവും വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. പിന്നെ, എന്നത്തെയും പോലെ കടുത്ത പ്രണയും. ലജ്ജാവതിയേ' പോലുള്ള പാട്ടുകളെ അതിറങ്ങിയ കാലത്ത് എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും അത് കുറച്ചുപേർക്കെങ്കിലും സ്വീകാര്യമായതിനുകാരണം, ഇതുതന്നെയാകാം. ഞങ്ങളുടെ സിനിമാ അഭിരുചികളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചത്​ ഇത്തരം സിനിമകളും നൃത്തങ്ങളുമാവാം.

എല്ലാക്കാലത്തും ഇത്തരം ചടുലതാളങ്ങൾ സിനിമകളിൽ ആവിഷ്‌കരിക്കപ്പെട്ടിരുന്നു എന്നുകാണാം. എന്നിട്ടും ശരീരം കൂടുതൽ ആവിഷ്‌കരിക്കപ്പെടുന്ന ഗാനങ്ങളെ മോശമായി കണക്കാക്കുന്ന രീതി ചിലരെയെങ്കിലും വിട്ടുപോയിട്ടില്ല. പാട്ടുകൾ പാടാൻ വേണ്ടി മാത്രമുള്ളതല്ല, ആടാൻ കൂടിയാണ്. പ്രേം നസീർ ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്ന ഒരു പാട്ട് മൈക്കിലൂടെ പാടി അവതരിപ്പിക്കുന്ന ഗാനരംഗം ആർക്കും മറക്കാനാകില്ല.ചെട്ടിക്കുളങ്ങര ഭരണിനാളിൽ ഉത്സവം കണ്ടു മടങ്ങുമ്പോൾ
എന്ന പാട്ടിലെ വരികൾ ഇന്ന് പരിചിതമല്ലെങ്കിലും കേട്ടാൽ ഇന്നും കാമ്പസുകളിൽ ഹർഷാരവം ഉയരും. വിദ്യാർഥികൾ സീറ്റിൽ അടങ്ങിയിരുന്ന് കേൾക്കാത്ത കുറെ പാട്ടുകൾ പ്രത്യേകമായുണ്ട്. ഈ പാട്ട് ഇന്ന് കേട്ടാലും ഇതുതന്നെയാകും സംഭവിക്കുക.▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments