ചിത്രീകരണം : ജാസില ലുലു

നോമ്പുകാലം

വിശ്വാസത്തിനപ്പുറം നോമ്പെടുക്കാനും ഭക്ഷണം ഉപേക്ഷിക്കാനും മറ്റു പലതരം പ്രചോദനങ്ങളും അന്നുണ്ടായിരുന്നു. അതാണ് കൂടുതൽ ആവേശകരമായിരുന്നതും

ആണ്ടോടാണ്ടവനേ പന്ത്രണ്ടുമാസമേ അതിലൊരു മാസമേ റമളാൻ മാസമേ പഴഞ്ചൊറ്റിനും പുളിഞ്ചാറ്റിനും ആശവെക്കരുതേ ആണ്ടവനേ

രാന്തയിൽ ചാരുകസേരയിൽ കിടക്കുന്ന വല്ലിപ്പ.
അദ്ദേഹത്തിനുചുറ്റും നിലത്ത് വട്ടമിട്ടിരിക്കുന്ന കുട്ടികൾ.
വല്ലിപ്പ പറയുന്നത് എല്ലാവരും ഏറ്റുചൊല്ലണം.
പിറ്റേന്നും രാവിലെ പഴഞ്ചോറ് തിന്നുമെങ്കിലും നോ​മ്പ്​ എടുക്കാൻ അന്ന് വല്ലിപ്പ തന്നെ നെയ്യത്ത് ചൊല്ലിത്തരണമെന്നത് വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. ചിലപ്പോൾ അതിന് ഉമ്മ ശുപാർശയുമായി വരാറുണ്ട്.

നെയ്യത്ത് എന്നാൽ നോമ്പിന്റെ ഏറ്റവും പ്രധാന ഘടകമാണ്.
പിറ്റേന്ന് താൻ നോമ്പെടുക്കുമെന്നുള്ള തീരുമാനവും അത് ചൊല്ലി ഉറപ്പിക്കലുമാണ് നെയ്യത്ത്. പുലർച്ചെ സുബഹി ബാങ്ക് കൊടുക്കുന്നതിനുമുമ്പ് അത്താഴച്ചോറ് കഴിക്കാറുണ്ട്. അതിനുശേഷം കിടക്കുന്നതിനുമുമ്പായി നെയ്യത്ത് വെക്കും. വല്ലിപ്പായ്ക്ക് ചുറ്റുമിരുന്ന് എല്ലാവരും ഇത് ചൊല്ലി ഉറപ്പിക്കുമെങ്കിലും പകുതിയാൾക്കാരെങ്കിലും ഇത് മുഴുമിപ്പിച്ചാലായി. ബാക്കിയുള്ളവർ പഴഞ്ചാറും പുളിഞ്ചാറും ആണെങ്കിലും കുഴപ്പമില്ലെന്ന് കരുതി നോമ്പ് മുറിക്കും.

ചെറുതാവുമ്പോൾ ഉച്ചവരെ നോമ്പെടുത്താൽ മതിയെന്ന് വല്ലിപ്പ പറയാറുണ്ടായിരുന്നു. അതുകൊണ്ട് ഉച്ചവരെ ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ, തുപ്പൽ പോലും അകത്താക്കാതെ ശ്രദ്ധിച്ച് അന്ന് വലിയവരെ അനുകരിച്ചിരുന്നു. ഉച്ചവരെ കുട്ടികൾക്ക് നോമ്പ് എടുക്കാനാവുമെന്ന് അന്ന് ശരിക്കും വിശ്വസിച്ചിരുന്നു.

പഴയതെന്തെങ്കിലും കഴിച്ചാലും വൈകുന്നേരത്തെ നോമ്പുതുറയ്ക്കാണ് എല്ലാവരും കാത്തിരിക്കുക. കുട്ടികളുടെ ഒരു സംഘം അന്ന് തൊടിയിലേക്കിറങ്ങിനിൽക്കും ബാങ്ക് കൊടുക്കുന്നത് കേൾക്കാനായി. ഒരു കാരക്കയോ അതിന്റെ ചീന്തോ എല്ലാവർക്കും വിഹിതം കിട്ടിയിരിക്കും. അത് കൈയിൽ പിടിച്ച് ഒത്താൽ ചുണ്ടോടടുപ്പിച്ചാണ് ബാങ്കിനുള്ള കാത്തുനിൽപ്പ്. ഇങ്ങനെ തൊടിയിൽ കാത്തുനിൽക്കുമ്പോൾ പോലും നോമ്പുള്ളത് മറന്ന് നൊട്ടാരങ്ങ പറിച്ചുതിന്ന ഓർമയുമുണ്ട്. പക്ഷെ ഓർക്കാതെ കഴിച്ചാൽ നോമ്പ് മുറിയില്ലെന്നാണ് നിയമം. എന്നാൽ എന്തെങ്കിലും കഴിച്ച് ഓർമയില്ലാതെയാണ് എന്ന് പറയാനും പറ്റില്ല. കാരണം പടച്ചവനുവേണ്ടിയാണ് നോമ്പെടുക്കുന്നത്. അവൻ എല്ലാം കാണുന്നവനും അറിയുന്നവനുമാണല്ലോ.

ഈ വിശ്വാസത്തിനപ്പുറം നോമ്പെടുക്കാനും ഭക്ഷണം ഉപേക്ഷിക്കാനും മറ്റു പലതരം പ്രചോദനങ്ങളും അന്നുണ്ടായിരുന്നു. അതാണ് കൂടുതൽ ആവേശകരമായിരുന്നതും. സമപ്രായക്കാരുമായി നോമ്പിന്റെ കാര്യത്തിലുള്ള മത്സരമാണ്​ ഇതിൽ ഏറ്റവും ആവേശം. അതുകൊണ്ട് ഒരു നോമ്പെങ്കിലും എന്തെങ്കിലും കാരണവശാൽ ഒഴിവാക്കേണ്ടിവന്നാൽ അതിൽപ്പരം സങ്കടവും നാണക്കേടുമില്ല. വീട്ടിലുള്ള സമപ്രായക്കാരോടുള്ള മത്സരം കൂടാതെ ക്ലാസിലെ സഹപാഠികളോടും ഈ മത്സരം കടുപ്പത്തിൽ തന്നെ നടക്കും. അതുകൊണ്ട് നോമ്പില്ലെങ്കിലും ഒരു കാരണവശാലും സ്‌കൂളിൽ നിന്ന് ഒന്നും കഴിക്കാനാഗ്രഹിച്ചില്ല. നോമ്പുകാലത്തെ മറ്റൊരു ആകർഷണം, കളിക്കാൻ കൂടുതൽ അവസരങ്ങളുണ്ട് എന്നതാണ്. ഉച്ചയ്ക്ക് ചോറുണ്ണാനുള്ള ബെല്ലടിച്ചാൽ വീട്ടിൽ പോവണ്ട, ആ സമയം കൂടി കൂട്ടുകാരോടൊപ്പം കളിക്കാം. വരില്ലെന്ന കാര്യം നേരത്തെ വീട്ടിൽ പറയണമെന്നുമാത്രം. വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും തളർന്നിട്ടുണ്ടാവും. പക്ഷെ ഭക്ഷണം കഴിക്കാൻ വേണ്ടി നോമ്പ് ഉപേക്ഷിക്കുക എന്നത് ഓർക്കാൻ പോലും സാധ്യമായിരുന്നില്ല.

നോമ്പുകാലമായാൽ ചില സ്​പെഷൽ പലഹാരങ്ങളിറങ്ങും.
നോമ്പ് തുറക്കാനാവുമ്പോഴേക്കും ഓരോന്നെടുത്ത് കൈയിൽ കരുതിയിരിക്കും. എന്നാലും നോമ്പൊരു വാശിപോലെ തീർക്കുന്നതാണ് ഹരം.
അന്നെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം കോഴി അട ആയിരുന്നു.
പോത്തിറച്ചി നന്നായി ഞെരിച്ചെടുത്ത് അത് അകത്തുവെച്ച് വറുത്തെടുക്കുന്നതാണ്​ കോഴി അട. കോഴിപ്പൂവിന്റെ ആകൃതിയിലാണ് അതുണ്ടാക്കുക. അതുകൊണ്ടാവാം ആ പേര്. വളരെക്കാലം കേടുകൂടാതെ ഇരിക്കുമെങ്കിലും ഒരു വീട്ടിലും ഇതിന് അധിക ദിവസം ഇരിക്കാനാവില്ല. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഏറെ ഇഷ്ടമായിരുന്നു. ദുബായിലേക്ക് പോവുന്നവർക്കൊക്കെ കൊടുത്തുവിടുന്ന പ്രധാന പലഹാരം അന്ന് ഇതായിരുന്നു. ഇങ്ങനെ ചെറിയ പലഹാരങ്ങളും നാരങ്ങവെള്ളവും തരിക്കഞ്ഞിയും ആണ് ആദ്യത്തെ വിഭവങ്ങൾ. ശേഷം മഗ്‌രിബ് നിസ്‌കരിക്കണം. അതുകഴിഞ്ഞാൽ പത്തിരിയും കറിയുമെല്ലാമായി വീണ്ടും ഭക്ഷണം കഴിക്കും. പിന്നെ കിടക്കുന്നതിനുമുമ്പായി എന്തെങ്കിലുമൊക്കെ കഴിക്കാനുണ്ടാവും ഞങ്ങൾക്ക്. പിന്നെ അത്താഴത്തിനാണ് എണീക്കുക. അത് ഉണർത്തുന്നതുമുതൽ വലിയൊരു ചടങ്ങാണ്. ചിലർ ഉറക്കം വിട്ട് ഉണരാൻ തന്നെ സമയമെടുക്കും. ഉറക്കപ്പിച്ചും അതിന്റെ തമാശകളും കഴിഞ്ഞാൽ ചോറും താളിച്ചതും (അധികം മസാലകളില്ലാത്ത കഞ്ഞിവെള്ളത്തിൽ ഉണ്ടാക്കുന്ന കറി) ബീഫ് പൊരിച്ചതും ആവും സ്ഥിരം വിഭവം. എന്തെങ്കിലും ഉപ്പേരിയും ഉണ്ടാകും. എന്നാലും മേൽപ്പറഞ്ഞവയാണ് നിർബന്ധ വിഭവങ്ങൾ. കുറേക്കാലം ബീഫ് വറുത്തതിന്റെ മണം ഈ അത്താഴച്ചോറിനെ ഓർമിപ്പിക്കുമായിരുന്നു.

അത്താഴം കഴിഞ്ഞ് നെയ്യത്ത് വെച്ച് കഴിഞ്ഞാലും സുബഹി ബാങ്ക് വരെ എന്ത് വേണമെങ്കിലും കഴിക്കാം. പക്ഷെ അതിനുമുമ്പായി ഉറക്കം പിടിച്ചിരിക്കും. ഇതാണ് ഭക്ഷണക്രമമെങ്കിലും, ഞങ്ങൾ കുട്ടികൾക്ക് എത്രയും കഴിക്കാനുണ്ടാവുമെങ്കിലും, വലിയ വീട്ടിലെ എല്ലാ അംഗങ്ങൾക്കും വിളമ്പി ഒപ്പിക്കുമ്പോൾ പലർക്കും ആവശ്യത്തിന് കഴിക്കാൻ തികഞ്ഞിരുന്നില്ലെന്ന് കുറേക്കഴിഞ്ഞാണ് മനസ്സിലാക്കിയത്. എന്നാലും നോമ്പ് തുറപ്പിക്കലും ആഘോഷങ്ങളുമെല്ലാം അന്ന് ജോറായിരുന്നു. വീട്ടിൽ നിന്ന് കല്യാണം കഴിച്ച് പോയവരെല്ലാം ഭർത്താക്കൻമാരെയും വീട്ടുകാരെയും കൂട്ടി ‘പെറക്കാൻ’ (നോമ്പ് തുറക്കാൻ) വരവ് നിർബന്ധമായിരുന്നു. ഇതുകൂടാതെ അയൽപക്കക്കാർ, അമ്മാവൻമാരും അവരുടെ മക്കളും കുടുംബവും എല്ലാവരും നോമ്പിന് ഒരിക്കലെങ്കിലും വീടെത്തും. കല്യാണം കഴിഞ്ഞവരുടെ ആദ്യത്തെ നോമ്പുതുറയാണെങ്കിൽ വലിയ ആഘോഷമാണ്. അതിന് പുതിയാപ്പിള വന്നാൽ പുതിയാപ്പിളയ്ക്ക് പണം കൊടുക്കുന്ന ചടങ്ങും മുമ്പുണ്ടായിരുന്നു. ഇതിന് പകരമായി ആദ്യത്തെ പെരുന്നാളിന് പെണ്ണിന്റെ വീട്ടിലെല്ലാവർക്കും പുതുവസ്ത്രങ്ങൾ പുതിയാപ്പിളയുടെ ചുമതലയാണ്.

പൊന്നാനി പ്രദേശങ്ങളിലാണ് നോമ്പുതുറയുടെ ആദ്യത്തെ ഘട്ടം (കുഞ്ഞിത്തുറ) കൂടുതൽ കേമമാവുക. നിറയെ പലഹാരങ്ങൾ, പലതിന്റെയും പേരുപോലും അറിയില്ല. പൊന്നാനിയിലെ ഒരു പലഹാരത്തിന്റെ പേര് "അള്ളാഹു അഹ്‌ലം' എന്നാണ്. അതിനർഥം അള്ളാഹുവിന് അറിയാം എന്നത്രേ. അതായത് പടപ്പുകൾക്ക് (മനുഷ്യർക്ക്) അറിയില്ല എന്നുകൂടിയാണ്. ആ പേര് വരാൻ കാരണമായി ഒരു കഥയുണ്ട്. പലഹാരങ്ങൾ നിരനിരയായി കൊണ്ടുവന്ന് വെക്കുമ്പോൾ പുറത്തുനിന്നുള്ള ആരോ ഓരോന്നിന്റെയും പേര് അന്വേഷിക്കുന്നുണ്ട്. ഒരു പലഹാരത്തിന്റെ പേര് ചോദിച്ചപ്പോൾ അത് കൊണ്ടുവച്ച സ്ത്രീ മറുപടി പറഞ്ഞത് "അള്ളാഹു അഹ്‌ലം' എന്നാണ്. അത് കേട്ടയാൾ അത് പലഹാരത്തിന്റെ പേരാണെന്ന് കരുതി. അങ്ങനെ ആ പലഹാരത്തിന് ആ പേര് സ്ഥിരമായി. പൊന്നാനിയിലെ പലഹാരങ്ങളുടെ ബാഹുല്യം കാണിക്കാൻ കൂടിയാണീ കഥ പറയാറ്.
ഞങ്ങളുടെ ചില ബന്ധുവീടുകളിൽ പകലുള്ളതുപോലെ ഭക്ഷണരീതി പിന്തുടരുന്നവരുമുണ്ട്. രാത്രിയിലെ തറാവീഅ് നമസ്‌കാരം കഴിഞ്ഞുവന്നാൽ വൈകുന്നേരത്തെ ചാല പോലെ ചായയും പലഹാരങ്ങളും കഴിക്കും അവർ. പുലർച്ചെയുള്ള ചോറുകൂടി കഴിയുമ്പോൾ രാത്രിഭക്ഷണവും ആവും. ഇങ്ങനെ രാത്രി പകലത്തെ ഭക്ഷണം മുഴുവൻ കൃത്യമായി കഴിക്കുന്ന നോമ്പുകാരും കുറവല്ല.

‘ഇറച്ചി പുടി’ എന്നറിയപ്പെടുന്ന ഒരു വിഭവമാണ് നോമ്പുകാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു ഇനം. പത്തിരിയുടെ മാവ് കുഴച്ചശേഷം വെളിച്ചെണ്ണ തൊട്ട് ചെറിയ ഉണ്ടകളാക്കി കൈവെള്ളയിലിട്ട് വിരലുകൊണ്ടൊന്നു നീക്കിയാൽ നീളത്തിൽ ഉരുണ്ട് കൂർത്ത രണ്ട് അഗ്രഭാഗത്തോടുകൂടിയ ആകൃതിയിൽ മാവ് രൂപപ്പെടും. ഇത് എത്ര ചെറുതാക്കി ഉണ്ടാക്കാനാവും എന്നതാണ് ടാസ്‌ക്. രാവിലെ തന്നെ വീട്ടിലെല്ലാവരും ഈ പണി തുടങ്ങും. ഉപ്പയും ഇതുണ്ടാക്കാൻ കൂടുന്നതുകാണാം. ഉപ്പ ഉണ്ടെങ്കിൽ പല ആകൃതിയിലുള്ള ‘എറച്ചി പുടി' ഞങ്ങൾക്ക് കഴിക്കാം. കൂണ്, ഉരലും ഉലക്കയും എല്ലാം ഈ പൊടി കൊണ്ട് രൂപപ്പെടുത്തിയെടുക്കും. ഇങ്ങനെ ചെറിയ നീളൻ മുത്തുകളായി ഉരുട്ടിയെടുത്തുകഴിഞ്ഞാൽ ആവിയിൽ വേവിക്കണം. ശേഷമാണ് പോത്തിറച്ചി വേവിച്ചതും പ്രത്യേക മസാലക്കൂട്ടും തേങ്ങ വറുത്തരച്ചതുമെല്ലാം ചേർച്ച് ‘എറച്ചി പുടി' ഉണ്ടാക്കുക. മസാലയെല്ലാം പിടിച്ച് കൂടുതൽ രുചികരമാവുക പിടി ചെറുതായാലാണ്. പക്ഷെ കൂണും ഉരലും ഉലക്കയുമെല്ലാം അന്ന് തെരഞ്ഞെടുത്ത് ഞങ്ങൾ കഴിക്കും. ഉപ്പ ഞങ്ങൾക്കുവേണ്ടി ഒരു അന്വേഷണയജ്ഞം തന്നെ ഇക്കാര്യത്തിൽ നടത്തും.
നോമ്പ് തുറക്കുന്ന മുതിർന്നവർക്കിടയിൽ കുട്ടികൾ എപ്പോഴും ബഹളമാണ്. അതിനാൽ അവരെ ചെറിയതെന്തെങ്കിലും നേരത്തെ കൊടുത്ത് മാറ്റിനിർത്തുകയും പതിവുണ്ട്. നോമ്പുകാരായ കുട്ടികൾക്കാവും തുറക്കുമ്പോൾ വലിയ പരിഗണന. ഇതും നോമ്പ് കൃത്യമായി നോൽക്കുന്നതിന്റെ വലിയൊരു കാരണമാണ്.

ഭക്ഷണം ഒഴിവാക്കലാണ് നോമ്പുകാലം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും അതും ഭക്ഷണത്തിന്റെ ആഘോഷമാവും പലപ്പോഴും. മറ്റു ദിവസങ്ങളിൽ നിസ്‌കരിക്കാൻ മടികാണിച്ചാലും നോമ്പിന് കുട്ടികൾ ഇത് കൃത്യതയോടെ ചെയ്യാറുണ്ട്. വൈകുന്നേരത്തെ മഗ്‌രിബ് എല്ലാം ഭക്ഷണക്രമവുമായി കൂടി ബന്ധപ്പെട്ടതിനാൽ എല്ലാവരും നിസ്‌കാരത്തിന്റെ കൂടി ഭാഗമായിരുന്നു. രാത്രിയിലെ ഇശാ നമസ്‌കാരം കഴിഞ്ഞുള്ള ഒരു സുന്നത്ത് നമസ്‌കാരം നോമ്പുകാലത്ത് പതിവായി എടുക്കണം. ഇത് തറാവീഅ് എന്നാണ് അറിയപ്പെടുന്നത്. പക്ഷെ എടുത്താൽ കുടുങ്ങുന്ന നിസ്‌കാരം കൂടിയാണിത്. ഏറ്റവും കൂടുതൽ ഖണ്ഡങ്ങൾ (റകാഅത്ത്) പതിവായി ചെയ്യുന്ന നിസ്‌കാരത്തിൽ നാലാണെങ്കിൽ ഇത് 20 റകാഅത്ത് ആണ്. വിശ്വാസികൾ നോമ്പുകാലത്ത് ഈ നമസ്‌കാരം കൂടി ചിട്ടയോടെ ചെയ്യും.

സക്കാത്താണ് നോമ്പിന്റെ കാലത്ത് കൃത്യമായി ചെയ്യേണ്ട മറ്റൊരു ഇബാദത്ത് (ആരാധന). ഒരു വ്യക്തിക്കുള്ള എല്ലാ സമ്പാദ്യത്തിനും സക്കാത്ത് കൊടുക്കണം. സമ്പാദ്യമെന്ന നിലയ്ക്ക് സൂക്ഷിച്ചുവെക്കുന്നതിനാണ് സക്കാത്ത് നിർബന്ധം. നൂറുരൂപ സമ്പാദ്യമുണ്ടെങ്കിൽ അതിൽ രണ്ടര രൂപയാണ് സക്കാത്തായി കൊടുക്കേണ്ടതെന്നാണ് എനിക്ക് മനസ്സിലായ ഏകദേശ കണക്ക്. പണ്ട് ഇത് അയൽപക്കക്കാർക്കും വീട്ടിൽ ജോലിക്ക് വരുന്നവർക്കും തന്നെയാവും അധികവും കൊടുക്കുക. കൂടാതെ പരിചയക്കാരായ പലരും സക്കാത്ത് വാങ്ങാൻ വരുന്നതും പതിവാണ്. സക്കാത്ത് വളരെ മികച്ച സോഷ്യലിസ്റ്റ് ആശയമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ ‘ചക്കാത്ത്’ എന്നത് വെറുതെ കിട്ടുന്നത് എന്ന അർഥത്തിൽ പരിഹാസരൂപത്തിലാണ് ഉപയോഗിച്ചുവരുന്നത്. അറേബ്യൻ നാടുകളിലെവിടെയോ സക്കാത്ത് വാങ്ങാൻ ആളില്ലാതായ (ദരിദ്രരായവർ ഇല്ലാതെ) കഥയും വായിച്ചിട്ടുണ്ട്.

എന്തായാലും നോമ്പിന് എടുക്കുന്ന നെയ്യത്തിൽ (പ്രതിജ്ഞ) ഇതൊന്നുമില്ല. ചെറുപ്പത്തിൽ ആദ്യം ചൊല്ലിപ്പഠിച്ച നെയ്യത്ത് വല്ലിപ്പ വരിയും പ്രാസവുമൊപ്പിച്ച് ഉണ്ടാക്കിയെടുത്തതാണെന്നും കുറേക്കഴിഞ്ഞാണ് തിരിഞ്ഞത്.‘നവൈയ്​തു സൗമഖദിൻ, അൻ അദായ ഫറള് റമളാനി ഹാദി ഹിസ്സനത്തി ലില്ലാഹി ത അലാ’ എന്ന് അറബിയിലും ‘ഇക്കൊല്ലത്തെ അദാആയ ഫറള് നോമ്പ് നാളെ ഞാൻ അള്ളാഹു തഅലാക്ക് വേണ്ടി നോറ്റുവീട്ടുന്നു’ എന്ന് മലയാളത്തിലും ഉറപ്പിക്കാറുണ്ട്.

ശരിക്കും ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളത് ഇത് മാത്രമാണെന്ന് ഓർമിപ്പിക്കുക തന്നെയായിരുന്നു വല്ലിപ്പ ആ നെയ്യത്തിലൂടെ ചെയ്തത് എന്നിപ്പോഴെങ്കിലും തിരിച്ചറിയണമല്ലോ- പഴഞ്ചോറും പുളിഞ്ചാറും മാത്രം.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments