നോമ്പിന്റെ അവസാന പത്ത് ദിവസങ്ങൾ ഏറ്റവും പുണ്യമേറിയതാണെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. അതിനും മുമ്പെ നോമ്പിനിടയ്ക്ക് വരുന്ന പുണ്യദിനം ബദ്രീങ്ങളാണ്ട് ആണ്. ബദർ യുദ്ധത്തിൽ മരിച്ചവരെ അനുസ്മരിക്കുന്ന ദിവസമാണത്. നോമ്പിന്റെ 17-ാം ദിവസമാണ് ബദരീങ്ങളാണ്ട്. ആണ്ട് എന്നാൽ വർഷം.
ബദർ യുദ്ധത്തിൽ മരിച്ചവരെയാണ് ബദരീങ്ങൾ എന്ന് വിളിക്കുന്നത്. 313 പേരാണ് അള്ളാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തത്. അവരെ സഹായിക്കാനായി ദൈവം മാലാഖമാരെ ഇറക്കിയതായും വിശ്വസിക്കുന്നു. അതിനാൽ 17-ാം ദിനം പ്രാർഥനകൾക്ക് ഫലം ലഭിക്കുന്ന ദിവസമാണ്. ഐശ്വര്യങ്ങൾ ഭൂമിയിലെത്തുന്ന ദിനവും കൂടിയാണത്. അറബിമലയാളത്തിൽ ബദർയുദ്ധത്തെക്കുറിച്ച് അനേകം കാവ്യങ്ങളുണ്ട്. മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടാണ് ഏറെ പ്രശസ്തം. ബദർ പടപ്പാട്ടുകൾ പാടി അർഥം വിശദീകരിക്കുന്ന വേദിയും മുമ്പുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്, പ്രത്യേകിച്ചും മലബാർ കലാപകാലത്ത്. ആയിരത്തിലധികം വരുന്ന ശത്രുപക്ഷത്തെ ബദർയുദ്ധത്തിൽ 313 സഹാബികൾക്ക് തോൽപ്പിക്കാൻ കഴിഞ്ഞ വിജയഗാഥ കൂടിയാണത്. ഈ വിജയം ബ്രിട്ടന്റെ സജ്ജമായ സായുധസേനയോട് പൊരുതാനുള്ള ഊർജസ്രോതസ്സായി മാറിയതിൽ അത്ഭുതപ്പെടാനില്ല.
അങ്ങനെ ബദർ യുദ്ധം മലബാറിൽ ഒരിക്കലും പഴങ്കഥയായില്ല. അധിനിവേശഘട്ടത്തിൽ പോരാടാനുള്ള വീര്യമായും പിൽക്കാലത്ത് ബദരീങ്ങൾക്കുവേണ്ടി പ്രാർഥിക്കാനുള്ള, അതിലൂടെ വിശ്വാസവും പടച്ചവന്റെ അനുഗ്രഹങ്ങളും തേടാനുള്ള വഴിയായും അതിനെ കണ്ടു.
അവസാനത്തെ പത്തിൽ വീട് ഖുർ ആൻ വായനകൾകൊണ്ട് നിറയാറുണ്ട്. വീട്ടിൽ പലരും പലയിടങ്ങളിലായിരുന്ന് ഖുർ ആൻ ഓതാറുണ്ട്. മേലകത്തെ പടിമേലിരുന്ന്നാലുപേർക്ക് ഒരേസമയം ഖുർ ആൻ വായിക്കാം
അന്നത്തെ ദിവസം നോമ്പ് തുറക്കുമ്പോൾ മധുരപലഹാരങ്ങളുണ്ടാവും. നെയ്യപ്പം, കലത്തപ്പം, അരീരപ്പം പോലെ എന്തെങ്കിലും. പ്രാർഥിക്കാൻ (ദുആ ഇരക്കുക) പള്ളിയിൽ നിന്ന് മുസ്ല്യാരും മിക്ക അവസരങ്ങളിലും ഉണ്ടാവും. അതുകൊണ്ട് അവർക്കുള്ള വിശേഷവിഭവങ്ങളും വീട്ടിലൊരുക്കും. കുട്ടികളായിരിക്കുമ്പോൾ ഇതാണ് ഏറ്റവും വലിയ ആകർഷണം. അന്ന് എല്ലായിടത്തും ‘വയള്’ (മതപ്രഭാഷണം) ഉണ്ടാവും. ചെറുപ്പത്തിൽ ‘വയള്’ കേൾക്കാൻ വീടുകളിൽ നിന്ന് വലിയ സംഘങ്ങളായി സ്ത്രീകൾ പോകാറുണ്ടായിരുന്നു. വല്ലിമ്മ പോയ ഓർമയില്ല. ഉമ്മയോടൊപ്പമോ അമ്മായിയോടൊപ്പമോ അയൽപക്കക്കാരോടൊപ്പമോ ഒക്കെ പോയ ഓർമയുണ്ട്. ഉച്ചത്തിൽ സംസാരിച്ചാൽ വഴക്കുകേൾക്കുമെങ്കിലും പലതരം കാഴ്ചകൾ കാണാൻ ഞങ്ങൾ കുട്ടികളും പുറപ്പെടും. പക്ഷെ ഒരു ‘വയള്’ പോലും അധികനേരം കേട്ട ഓർമയില്ല. അപ്പോഴേക്കും വീണുറങ്ങിപ്പോയിട്ടുണ്ടാവും. ചിലർ പായയടക്കം എല്ലാ സന്നാഹങ്ങളോടും കൂടിയാവും വരിക. ‘വയള്’ കഴിഞ്ഞു വരുമ്പോഴേക്കും അത്താഴം തയ്യാറായി കഴിഞ്ഞിരിക്കും.
എന്റെ ആദ്യകാല നോമ്പ് ഓർമകളിൽ, രാത്രി ഞങ്ങളുറങ്ങാൻ തുടങ്ങുമ്പോൾ അടുക്കളയിൽ അത്താഴത്തിനുള്ള വിഭവങ്ങളൊരുക്കാൻ തുടങ്ങുന്നതേയുണ്ടാവൂ. രാത്രി രണ്ടുമണിയോടടുപ്പിച്ച് എണീക്കുമ്പോൾ നല്ല ചൂടുള്ള ചോറും കറികളും തയ്യാറായിരിക്കും. പിന്നെപ്പിന്നെ രാത്രിയിലുള്ള വെപ്പുജോലികളില്ലാതായി. നോമ്പുതുറ വിഭവങ്ങളോടൊപ്പം ഇവ തയ്യാറാക്കി രാത്രി ഉണർന്ന് ചൂടാക്കി കഴിക്കാൻ തുടങ്ങി, രാവിലെ സുബഹി നിസ്‌കരിച്ചായിരിക്കും എല്ലാവരും ഉറങ്ങാൻ കിടക്കുക. അതുകൊണ്ടുതന്നെ എത്ര നേരം വേണമെങ്കിലും എല്ലാവർക്കും ഉറങ്ങാം. രാവിലെ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാനില്ല. മുതിർന്നവർക്ക് അത് തയ്യാറാക്കുന്ന തിരക്കുമില്ല. മദ്രസകൾക്ക് നോമ്പിന് അവധിയായിരിക്കുമെങ്കിലും സ്‌കൂളിലേക്ക് തയ്യാറാവേണ്ടതുണ്ട്. എന്നാലും, കളിക്കാൻ കൂടുതൽ സമയം കിട്ടുക നോമ്പിനുതന്നെയായിരിക്കും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകാതെ കളിക്കാം. രാവിലെ നേരത്തെ എത്തിയും കളി തുടങ്ങാം.
അവസാനത്തെ പത്തിൽ വീട് ഖുർ ആൻ വായനകൾകൊണ്ട് നിറയാറുണ്ട്. വീട്ടിൽ പലരും പലയിടങ്ങളിലായിരുന്ന് ഖുർ ആൻ ഓതാറുണ്ട്. മേലകത്തെ പടിമേലിരുന്ന്നാലുപേർക്ക് ഒരേസമയം ഖുർ ആൻ വായിക്കാം. (വായിക്കുകയല്ല, ഖുർ ആനെക്കുറിച്ച് പറയുമ്പോൾ ഓതുക എന്നുതന്നെ പറയണമെന്ന് നിഷ്‌കർഷയുണ്ടായിരുന്നു). കസേരയുടെ ഉയരത്തിൽ ഉയർത്തിക്കെട്ടിയ ചതുരപ്പടിക്കടുത്ത് ജനവാതിലും ഉള്ളതിനാൽ നല്ല വെളിച്ചവും കിട്ടും. പടിയുടെ മുകൾഭാഗം മിനുസപ്പെടുത്തിയതും നേർരേഖയിൽ കള്ളികൾ വരച്ചുവെച്ചവയും ആയിരുന്നു. അതിന്മേൽ നിന്നാണ് ഞങ്ങളധികവും നിസ്‌കരിക്കുകയും ചെയ്തിരുന്നത്.
ഞങ്ങളുടെ കൂട്ടത്തിൽ എല്ലാവരും നോമ്പും നിസ്‌കാരവും ഗൗരവമായെടുത്തവരായിരുന്നില്ല, പ്രത്യേകിച്ചും ഇക്കാക്കമാർ. അവർ മുതിർന്നവർ കാണാതെ നിസ്‌കാരത്തിനിടയ്ക്ക് ഗോഷ്ടികൾ കാട്ടി ഞങ്ങളെ ചിരിപ്പിച്ചു. പടിമേൽ ഒരേസമയത്ത് ഒരാൾക്കേ നിസ്‌കരികാൻ കഴിയൂ. വുളു (നിസ്‌കാരത്തിനുമുമ്പ് ദേഹശുദ്ധി വരുന്നതിന് ചെയ്യുന്ന ക്രിയ) എടുത്ത് അവർ നിസ്‌കരിച്ച് കഴിയാൻ ചിലപ്പോൾ ഞങ്ങൾ ക്യൂ നിൽക്കേണ്ടിവരും. ഒരിക്കൽ സുൾഫികാക്ക നിസ്‌കരിക്കുമ്പോൾ എത്ര റകാഅത്ത് (നമസ്‌കാരത്തിന്റെ ഭാഗങ്ങൾ) ആയി എന്ന് ചോദിച്ചപ്പോൾ കൈകൊണ്ട് രണ്ട് എന്ന് ആംഗ്യം കാണിച്ചുതന്നു. വീട്ടിലെല്ലാവരും വളരെ ഗൗരവത്തോടെ അനുഷ്ഠിക്കുന്ന നിസ്‌കാരം ഇവർ കുഴപ്പത്തിലാക്കുന്നത് ഞങ്ങൾക്ക് പേടിയും അതോടൊപ്പം വലിയ തമാശയും ഉണ്ടാക്കി. മുതിർന്നവർ കാണുമോ എന്നതുമാത്രമല്ല എന്നെ സംബന്ധിച്ച്, പടച്ചവനിൽ നിന്ന് ലഭിക്കുന്ന ശിക്ഷയും പേടിക്ക് കാരണമായിരുന്നു. എന്നാലും ഞാൻ അവരെ അനുകരിക്കാൻ ശ്രമിച്ചു. നിസ്‌കാരം തീർന്നശേഷം നിസ്‌കരിക്കുന്നതായി അഭിനയിച്ച് അതിൽ അവർ കാണിച്ചപോലുള്ള തമാശകൾ കാട്ടിനോക്കിയെങ്കിലും വലിയ വിജയം കണ്ടില്ല. ഒന്നാമതായി കാഴ്ചക്കാരില്ല എന്നതുതന്നെ. മൗലൂദ് പ്രാർഥനകൾക്കും അവർ ഇതുപോലെ പാരഡികളുണ്ടാക്കി. ഞങ്ങൾ മാത്രം കേൾക്കെ അവർ പാടി.
മൗലായ സെല്ലിവ സ ല്ലിലാഇ ബൻ അബദ ആലാ ബീബിക ഹൈ ലിൽ ഹൽക്കി കുല്ലി ഇമീം
എഴുത്തുരൂപം ഇങ്ങനെയാണോ എന്നുറപ്പില്ലെങ്കിലും ഇത് വീട്ടിലെല്ലാവരുമിരുന്ന് ചൊല്ലാറുണ്ട്. ഇതിന്റെ അതേ ഈണത്തിൽ ഇക്കാക്കമാർ പാടുന്നത് പാരഡികളാവും. ഇതിൽ "തൂറുക' തുടങ്ങിയ വാക്കെല്ലാം ഉള്ളതുകൊണ്ട് അത് വലിയ തെറ്റായി തന്നെ ഞാനും കണ്ടു. എങ്കിലും അതിന്റെ ഈണത്തിലും താളത്തിലുമുള്ള പൊരുത്തം ആരും കേൾക്കാതെ ഞങ്ങളെക്കൊണ്ടും ഈ പാരഡി പാടിച്ചു.
ഇങ്ങനെ ചെറിയ കളിയും തമാശയുമൊക്കെയായിട്ടാണെങ്കിലും കുട്ടികളും ഈ അനുഷ്ഠാനങ്ങളുടെയെല്ലാം ഭാഗമായിരുന്നു. അവസാനത്തെ പത്ത് നോമ്പുകളിൽ ഏറ്റവും ശ്രേഷ്ഠം 27-ാം രാവ് ആയിരുന്നു. അതായത് 25-ാമത്തെ നോമ്പ് തുറന്നശേഷമുള്ള രാത്രി. അന്നത്തെ പ്രാർഥന ഏറ്റവും വിശേഷപ്പെട്ടതാണ്. അന്നത്തെ പുണ്യപ്രവൃത്തികളും പതിൻമടങ്ങ് ഫലം കിട്ടുന്നവയാണെന്നാണ് വിശ്വാസം. ഖുർ ആൻ അവതരിച്ച രാവായാണ് ഇത് കണക്കാക്കുന്നത്. ലൈലത്തുർ ഖദ്ർ എന്നാണീ രാവ് അറിയപ്പെടുന്നത്. അന്ന് സക്കാത്ത് വാങ്ങാൻ ധാരാളം പേർ എത്താറുണ്ട്. ചിലപ്പോൾ കുട്ടികളുടെ സംഘങ്ങളും ഇറങ്ങും അന്നത്തെ ദിവസം. കുട്ടികൾ ചെറിയ പോക്കറ്റ് മണിയൊക്കെ ശേഖരിക്കുന്നത് ഇങ്ങനെയായിരുന്നു. ചിലർ വീട്ടുകാരെ സഹായിക്കാനും ഇതുപയോഗിക്കാറുണ്ട്. 27-ാം രാവിൽ ഖുർ ആൻ സൂക്തങ്ങൾ കേൾക്കാത്ത വീടുകളുണ്ടാവാറില്ല. രണ്ട് ദിവസം കഴിഞ്ഞാൽ പെരുന്നാള് വരുമല്ലോ എന്ന സന്തോഷവും ഇത് തരുന്നുണ്ട്. 27-ാം രാവിന് എല്ലാ വീടുകളിലും മധുരപലഹാരങ്ങളുണ്ടാക്കും.
പെരുന്നാളിന്റെ തലേദിവസം എല്ലാവർക്കും നല്ല തിരക്കായിരിക്കും. മൈലാഞ്ചിക്കമ്പൊടിച്ച് ഓരോ ഇലയായി ഊരിയെടുക്കണം, എന്നാലേ അതരച്ചുതരാൻ മുതിർന്നവരോട് പറയാനാവൂ. തീരെ ചെറിയവർക്ക് ഇല ഊരാനും അനുവാദമില്ല. അവർ കമ്പടക്കം ഇടും. കമ്പിന്റെ ആരുകൾ ശരിക്ക് അരഞ്ഞ് കിട്ടാത്തതിനാൽ അത് മൈലാഞ്ചികൊണ്ട് വരയ്ക്കുന്ന ചിത്രത്തെ ബാധിക്കും. മാത്രമല്ല, ചിലയിടത്ത് പരന്ന് കേടാവുകയും ആരുകൾ കൂടിക്കഴിഞ്ഞാൽ ആ ഭാഗം ചുമക്കാതെ പോവുകയും ചെയ്യും.
പല പ്രായത്തിലുള്ളവരുടെ പല സംഘങ്ങളായാണ് മൈലാഞ്ചിയിടൽ തകർക്കുക. ഇത്താത്തമാരുടെ അടുത്ത് പോയിരിക്കാൻ പോലും അവർ അനുവദിക്കില്ല. കൈതട്ടി ചിത്രം കേടുവരുമോ എന്നാണവരുടെ പേടി.
അന്ന് വലിയ ചിത്രങ്ങൾ കുട്ടികളുടെ കൈകളിൽ വരയ്ക്കാറില്ല. ഞങ്ങൾക്കെല്ലാം മൈലാഞ്ചികൊണ്ടുള്ള പുള്ളിക്കുത്തുകളാണ് കൈകളിലിട്ടുതരിക. നഖം മൂടുന്ന തൊപ്പി വിരലിലും ഇടും. ഒരു പെരുന്നാളിന് ആമാന്റെ (ഉമ്മാന്റെ അനുജത്തി മൈമൂന) ഉള്ളം കൈയിൽ വലിയമ്മാവന്റെ മകൾ സഫിയതാത്ത വരച്ച ചിത്രം കണ്ട് ഞാൻ കുട്ടിയായിപ്പോയതിൽ വളരെ ഖേദിച്ചിട്ടുണ്ട്. ഒരു ചെടിച്ചട്ടിയിൽ നിന്ന് തണ്ടിൽ പൂത്തുനിൽക്കുന്ന പൂവുപോലെയായിരുന്നു ആ ചിത്രം. ഒറ്റ വരകളായി വരുന്ന ലളിതചിത്രങ്ങളായിരുന്നു അരച്ച മൈലാഞ്ചികൊണ്ട് അധികവും വരച്ചിരുന്നത്. അല്ലെങ്കിൽ അവ പടർന്ന് എല്ലാ ചിത്രവും മായും.
ഒരിക്കൽ പൂത്താത്ത അമ്മായി (അമ്മായിയെ വീട്ടിൽ വിളിക്കുന്ന പേര് പൂവ് എന്നായിരുന്നു. ഞങ്ങളത് താത്തയും അമ്മായിയും ചേർത്ത് വിളിച്ചു.) മൈലാഞ്ചിയിടലിൽ ഒരു വലിയ പരീക്ഷണം നടത്തി. ചക്കയുടെ വെളഞ്ഞി ഉരുക്കി കൈയിൽ പുള്ളികളും ചെറിയ വരകളും ഇടും. അതിനുശേഷം കൈ മുഴുവൻ മൈലാഞ്ചി പൊത്തും. ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് അമ്മായി ചെയ്തതെങ്കിലും ആകെ ചുവന്ന കൈയിൽ വരുന്ന വെള്ളപ്പുള്ളികൾ എനിക്കിഷ്ടമായിരുന്നു. പക്ഷെ പുള്ളികൾ വിചാരിച്ചപോലുള്ള ആകൃതികളിൽ വന്നില്ല എന്നതായിരുന്നു കുഴപ്പം. രാവിലെ വരെ അന്ന് മൈലാഞ്ചി ഊരിക്കളയാൻ പാടില്ല. താഴെ പായ വിരിച്ച് കിടക്കണം. ഉറങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കും. മൈലാഞ്ചി ഇടയ്ക്ക് നനച്ച് കൊടുക്കും. അതുകഴിഞ്ഞ് ഉണങ്ങിയാലേ കിടക്കാൻ പറ്റൂ. നനയ്ക്കുന്ന പണി ഞങ്ങൾ തന്നെ ചെയ്താൽ മിക്കവാറും അത് കുതിർന്ന് പരസ്പരം കലരും. ഉറങ്ങിപ്പോയാലും അത് കേടുവരും. അതുകൊണ്ട് അന്നത്തെ വലിയ ടാസ്‌ക്, ഇത് പുള്ളികളായി തന്നെ ചുപ്പിച്ചെടുക്കലായിരുന്നു. എനിക്ക് ഇഷയുമായാണ് മത്സരം. അവളുടേതിനേക്കാൾ/ അവളോടൊപ്പമെങ്കിലും ചുവക്കണം. പുള്ളികൾ പരക്കാതെ നോക്കണം. പക്ഷെ മിക്കവാറും അവളുടേതിനാവും അധികം ചുവപ്പ്.
പല പ്രായത്തിലുള്ളവരുടെ പല സംഘങ്ങളായാണ് മൈലാഞ്ചിയിടൽ തകർക്കുക. ഇത്താത്തമാരുടെ അടുത്ത് പോയിരിക്കാൻ പോലും അവർ അനുവദിക്കില്ല. കൈതട്ടി ചിത്രം കേടുവരുമോ എന്നാണവരുടെ പേടി. വല്ലിമ്മയടക്കം എല്ലാവരും മൈലാഞ്ചി അണിയുമായിരുന്നു. അത് സുന്നത്ത് (ചെയ്താൽ ഗുണമുള്ളതും ചെയ്തില്ലെങ്കിൽ ശിക്ഷയില്ലാത്തതുമായ മതാചാരം) ആയി കണക്കാക്കിയിരുന്നു. അതുകൊണ്ട് അടുക്കളജോലികളിൽ മുഴുകിയവർ പോലും അവ തീർന്നാൽ മൈലാഞ്ചിയിടാനെത്തും. രാവിലെ ആരുടേതാണ് ഏറ്റവും ചുവപ്പെന്ന് പരസ്പരം തട്ടിച്ചുവെച്ച് സൂക്ഷ്മമായി നോക്കും. ഏറ്റവും വലിയ ചുവപ്പുനിറം ഞാൻ കണ്ടത് കതിയക്കുട്ടി താത്താന്റെ കൈയിലായിരുന്നു. അതിനുകാരണം അവരാണ് അരച്ചുതരുന്നത് എന്നതാണ്. അന്നൊക്കെ തലേദിവസം അവരുടെ കൈകൾ എത്രയോ തവണ പിടിച്ചുനോക്കാറുണ്ട്. നിറയെ തഴമ്പുള്ള അവരുടെ കൈയും മൈലാഞ്ചിക്ക് നല്ല ചുവപ്പ് നൽകി. അവരുടെ കൈകളുടെ അത്രയും ചുവപ്പിനുവേണ്ടി ഞങ്ങൾ കൊതിയോടെ വലുതാവാൻ കാത്തിരുന്നു.
മൈലാഞ്ചി കഴിഞ്ഞാൽ പടക്കം പൊട്ടിക്കലാണ് പെരുന്നാളിന്റെ ഹരം. എല്ലാ പെരുന്നാളിനും പടക്കമൊന്നും കിട്ടാറില്ല. പൂത്തിരി കത്തിക്കാൻ പേടിയില്ലെങ്കിലും പടക്കവും ചക്രവും മേശപ്പൂവുമെല്ലാം ദുരെ നിന്ന് കാണണം. കുട്ടികൾക്ക് വിതരണം ചെയ്ത പൂത്തിരികൊണ്ട് അവർക്ക് ഒരു പടക്കം പൊട്ടിക്കാൻ അവസരം കിട്ടുമായിരുന്നു. ഞാൻ എത്ര ശ്രമിച്ചിട്ടുണ്ട്, പേടികൊണ്ട് അത് പൂർത്തിയാക്കാൻ എനിക്ക് പറ്റിയിരുന്നില്ല. ചക്രം തിരിക്കുക വരാന്തയിൽ വെച്ചാണ്. ചിലത് കറങ്ങാതെ നിന്ന് കത്തി വരാന്തയിൽ അടയാളങ്ങളുണ്ടാക്കാറുണ്ട്. അതിഥികളിരിക്കുന്ന ഭാഗത്ത്, ചിത്രങ്ങളുള്ള കളറിഷ്ടിക പതിച്ചയിടത്ത് അർധവൃത്താകൃതിയിൽ എത്രയോ കാലം ഒരു ചക്രം പതിഞ്ഞ് കറുത്ത അടയാളം കിടന്നിരുന്നു. ഇന്നാ വീടില്ല.
പെരുന്നാളും പടക്കവും കൊണ്ട് പെരുന്നാള് ചെതറും. എന്നാൽ മൈലാഞ്ചിക്ക് പഴയ ചുവപ്പില്ല. കഴിഞ്ഞ കൊല്ലം വരെ കറുക്കുന്ന മൈലാഞ്ചിയായിരുന്നെങ്കിൽ ഇന്ന് കറുത്ത മൈലാഞ്ചി തന്നെ പെൺകുട്ടികളുടെ കൈകൾ തുടുപ്പിക്കുന്നു, ചിത്രങ്ങളെക്കൊണ്ട്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.