ചിത്രീകരണം : ജാസില ലുലു

രണ്ടുമണിപ്രേതം

ആൾപ്പെരുമാറ്റമില്ലാതെ നീണ്ടുകിടന്ന പറമ്പ് ഈ അത്ഭുതലോകത്തിന്റെ സൂചകങ്ങളുമായി. വെറും കണ്ണുകൾകൊണ്ട് കാണാനാവാത്ത അദൃശ്യശക്തികൾ എന്നോടൊപ്പം അവിടെയെല്ലാം നിലനിൽക്കുന്നുണ്ടെന്ന് ഞാനും ഭാവന ചെയ്തിരുന്നു.

രാത്രി ഇടയ്ക്ക് ഉണർന്നപ്പോൾ നന്നായി മൂത്രമൊഴിക്കാൻ തോന്നുന്നുണ്ട്.
എണീറ്റ്​ ഓവുമുറിയിലേക്ക് പോയി. അവിടെ നിന്ന് എണീക്കുമ്പോൾ ഖുബ്ബയുടെ വശം കാണാവുന്ന തുറന്ന ഭാഗത്തുകൂടി അറിയാതെ പുറത്തു നോക്കിപ്പോയി. ആരോ കിണറ്റിൽ നിന്ന് വെള്ളം കോരുകയാണ്. സംശയിച്ച് ഒന്നുകൂടി നോക്കിയപ്പോൾ ആളെ മനസ്സിലായി, ആമിന്താത്ത.
വീണ്ടും റൂമിൽ വന്ന് കിടന്നപ്പോൾ മേലകത്തെ ക്ലോക്കിൽ അറാറമടിക്കുന്ന ശബ്ദം കേട്ടു, രണ്ടുമണി. എന്തിനാണ് രാത്രി രണ്ട് മണിക്ക് ആമിന്താത്തയ്ക്ക് വെള്ളം? വല്ല കല്യാണ വീട്ടിലേക്കും ആയിരിക്കും എന്നെല്ലാം സമാധാനിച്ച് കിടന്നുറങ്ങി.

രാവിലെ എളാമ തന്ന ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആമിന്താത്താനെ കണ്ട കാര്യം എളാമാനോട് പറഞ്ഞത്. രാത്രി രണ്ട് മണിക്ക് അവർക്ക് എന്തിനാ വെള്ളം? ഇത് പറഞ്ഞപ്പോ എളാമാക്കും അത്ഭുതമായി. പക്ഷെ വെള്ളമെടുക്കുന്നതെന്തിനാന്നല്ല ആമിന്താത്താനെ തന്നെയാണോ കണ്ടത് എന്നാണ് എളാമ ചോദിച്ചത്. കാരണം ആമിന്താത്ത മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിരുന്നു. എനിക്ക് ദേഹം തളരുന്നതുപോലെ തോന്നി. അപ്പോ ഞാൻ ആരെയാണ് കണ്ടത്? ആമിന്താത്ത തന്നെയാണെന്ന് ഉറപ്പായിരുന്നു. ആരാണെന്നറിയാൻ സൂക്ഷിച്ച് നോക്കിയതോർമയുണ്ട്. വീണ്ടും എളാമാന്റടുത്തേക്ക് തന്നെ പോയി. എളാമ ആമിന്താത്ത മരിച്ച കഥ പറഞ്ഞു. തൊട്ടടുത്ത വീട്ടിലെ കല്യാണമായിരുന്നു. രാത്രിയിൽ വെള്ളം കോരാനായി പോയപ്പോൾ ഖുബ്ബയുടെ അടുത്തുള്ള മഖ്ബറ പെട്ടെന്നവർക്ക് വലിയ ഒരാന നിൽക്കുന്നതുപോലെ തോന്നലുണ്ടാക്കി. ആന തുമ്പിക്കൈ നീട്ടി തന്റടുത്തേക്ക് വരുന്നപോലെ അനുഭവപ്പെട്ട് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. കഥ പറഞവസാനിപ്പിച്ചപ്പോൾ രണ്ടുമണി പ്രേതം ഞങ്ങളുടെ കൺമുന്നിലെത്തി.

കൊണ്ടോട്ടി തങ്ങൾക്ക് അമാനുഷശക്തികളുള്ളതായി ജനങ്ങളും വിശ്വസിച്ചിരുന്നു. ഇത്തരം കഥകളെല്ലാം ഉപ്പയാണ് ഞങ്ങളുടെ മുന്നിലവതരിപ്പിക്കുക. അത് ശരിക്കും അവതരണം തന്നെയായിരുന്നു.

പക്ഷെ ഞങ്ങളുടെ സംശയം തീർന്നില്ല. ആമിന്താത്ത അവിടെ കിടന്ന് മരിച്ചെങ്കിൽ അവരുടെ അനുഭവം എങ്ങനെയാണ് മറ്റുള്ളവർ അറിഞ്ഞത്? ആമിന്താത്ത അവിടുന്ന് മരിച്ചില്ല. കുഴഞ്ഞുവീണ അവരെ വീട്ടിലെത്തിച്ചപ്പോൾ കടുത്ത പനിയായിരുന്നു. രണ്ടുദിവസം പനിച്ചുകിടന്നാണ് മരിച്ചത്. ഇത്തരം അത്ഭുത കഥകളുടെ കേന്ദ്രമായിരുന്നു ആ വീടും ഉപ്പയും. ഉപ്പാന്റെ ഉപ്പയായിരുന്നു അന്ന് സ്ഥാനത്തിരിക്കുന്ന തങ്ങൾ ഗുലാം സാഹിബ്. ഈ പേര് ഞങ്ങൾക്ക് സുപരിചിതമായതിന് മറ്റൊരു കാരണം കൂടിയുണ്ട്. ചെറുപ്പത്തിൽ അവിടെ കാണുന്ന പല വീട്ടുസാധനങ്ങളിലും "കൊ.ത.ഗു.സാ.ത.' എന്ന് എഴുതിയത് കാണാം. ‘കൊണ്ടോട്ടി തക്കിയക്കൽ ഗുലാം സാഹിബ് തങ്ങൾ’ എന്നതിന്റെ ചുരുക്കരൂപമായിരുന്നു അത്. ഈ പേരുകൊത്തിയ ഒരു പഴയ കണ്ണാടി ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. കൊണ്ടോട്ടി തങ്ങൾക്ക് അമാനുഷശക്തികളുള്ളതായി ജനങ്ങളും വിശ്വസിച്ചിരുന്നു. ഇത്തരം കഥകളെല്ലാം ഉപ്പയാണ് ഞങ്ങളുടെ മുന്നിലവതരിപ്പിക്കുക. അത് ശരിക്കും അവതരണം (performance) തന്നെയായിരുന്നു. നാടകീയത കലർത്തി ദൃശ്യങ്ങളാക്കി എപ്പിസോഡുകൾ പോലെ അവതരിപ്പിക്കും. മുഖഭാവങ്ങൾ പോലും അനുകരിച്ചായിരുന്നു അവതരണം. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ഇടയ്ക്ക് മൂത്രമൊഴിക്കാൻ എണീക്കുമ്പോഴും ഞങ്ങൾ പേടിയോടെ ഇക്കഥയെല്ലാം ഓർക്കും. ക്ലോക്കിൽ രണ്ടുമണിയടിക്കുന്നത് കേൾക്കാനിടയായാൽ അത് തന്നെ പേടിയും കൂടിച്ചേരുമ്പോഴുള്ള ആഹ്ലാദവുമെല്ലാമായി. കൊണ്ടോട്ടിയിലെത്തുമ്പോൾ ഖുബ്ബയിലേക്ക് തുറക്കുന്ന ജനലുകളെല്ലാം ഞങ്ങൾക്ക് അത്ഭുത കാഴ്ചകൾ തന്നിരുന്നു. അവിടെയുള്ള അനേകം പേരുടെ അനുഭവകഥകളാണ് ഉപ്പ അവതരിപ്പിച്ചിരുന്നത്.

കൊണ്ടോട്ടിയിലെ സംബോധന പദങ്ങളും വ്യത്യസ്തമായിരുന്നു. ഉപ്പയെ ആവ എന്നും ഉപ്പയുടെ അനുജനെ ചിച്ച എന്നുമാണ് വിളിച്ചിരുന്നത്. ചിച്ചാണി -എളാമ, പുപ്പു - അമ്മായി, ബൂവു -ചേച്ചി, ഭായി - ചേട്ടൻ എന്നിങ്ങനെ പോകുന്നു അവ. മുംബൈ വഴിയാണ് കൊണ്ടോട്ടി തങ്ങന്മാർ കേരളത്തിലെത്തിയതെന്ന് പറയപ്പെടുന്നു. അങ്ങനെയായിരിക്കും ഉറുദു ചുവയുള്ള ഈ സംബോധനകൾ കടന്നുകൂടിയത്.

എന്തായാലും ഉപ്പാന്റെ ഉപ്പയായ ഗുലാം സാഹിബായി ഞങ്ങൾക്ക് ആവ. ആവാന്റെ കാര്യസ്ഥന്റെ അനുഭവമാണ് ഉപ്പ പറഞ്ഞുകേട്ടതിൽ മറ്റൊരു പേടിക്കഥ. രാത്രി വൈകി എത്തിയ അദ്ദേഹം നടുമുറിയിലെ കട്ടിലിലാണ് കിടന്നിരുന്നത്. ഉറക്കം പിടിച്ചുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ദേഹത്ത് വലിയ ഭാരം വന്നുപതിച്ചതുപോലെ അനുഭവപ്പെട്ടു. കഴുത്തിൽ ശക്തമായി ആരോ അമർത്തുന്നുണ്ട്. ശ്വാസം തടസ്സപ്പെട്ടു നാവ് പുറത്തേക്കുവന്നു. പക്ഷെ ഈ ശക്തിയെ തള്ളിനീക്കാൻ ആവതു ശ്രമിച്ചിട്ടും കഴിഞ്ഞില്ല. മരണം അഭിമുഖം കണ്ടപ്പോൾ ‘ഖുൽഫു അള്ളാഹു’ (ഖുർ ആനിലെ ഒരു സൂറത്ത്) മൂന്നുതവണ ഓതി ഊതിയപ്പോൾ ഭാരമൊഴിഞ്ഞു. തട്ടിപ്പിടഞ്ഞെണീറ്റപ്പോൾ തുറന്ന അഴികളില്ലാത്ത ജനവാതിലിലൂടെ ഭീമാകാരമായ ഒരു പക്ഷി പറന്നുപോകുന്നു. നല്ല വെള്ള നിറത്തിലുള്ള പക്ഷി ഉയരത്തിൽ പറന്ന് ഖുബ്ബയുടെ മിനാരം വരെ എത്തുന്നതവർ കണ്ടു. ശേഷം അതിന്റെ വെണ്മയിൽ ലയിച്ചു.

രാത്രി വൈകി കേൾക്കുന്ന ചിലങ്കയുടെ കിലുംകിലും ശബ്ദം, രക്തത്തുള്ളികൾ പോലെയുള്ള ചില അടയാളങ്ങൾ എന്നിവയെല്ലാം ജിന്നുകളുടെ സാന്നിധ്യത്തിനുള്ള തെളിവായിരുന്നു.

ജിന്നോ, ശൈത്താനോ എന്തും ആവാം, പക്ഷെ ഞങ്ങൾക്ക് ഖുബ്ബയുടെ വെളുത്ത വലിയ മിനാരത്തിൽ അദൃശ്യമായി നിൽക്കുന്ന പക്ഷിയുടെ കാഴ്ചയും കിട്ടാൻ തുടങ്ങി. ജിന്നുകളുമായി സൗഹൃദം പുലർത്തിയിരുന്നവരായിരുന്നു ആവയും അവരുടെ പിതാക്കൻമാരും എന്നതുകൊണ്ട് ജിന്നുകൾ ഞങ്ങളുടെ വീട്ടിൽ എപ്പോഴും വസിക്കുന്നുണ്ടെന്ന് അവിടുത്തെ കുട്ടികളെല്ലാം വിശ്വസിച്ചിരുന്നു. എപ്പോഴെങ്കിലും നേർച്ചക്കൊക്കെ വരുന്ന എന്നെപ്പോലുള്ളവർക്ക് അവർ തെളിവുകൾ കാണിച്ചുതരും. രാത്രി വൈകി കേൾക്കുന്ന ചിലങ്കയുടെ കിലുംകിലും ശബ്ദം, രക്തത്തുള്ളികൾ പോലെയുള്ള ചില അടയാളങ്ങൾ എന്നിവയെല്ലാം ജിന്നുകളുടെ സാന്നിധ്യത്തിനുള്ള തെളിവായിരുന്നു. നേർച്ചക്കാർ കളിക്കുന്ന വലിയ മുറ്റത്തിനപ്പുറം ഭംഗിയായി പണിത ഒരു ആല നിന്നിരുന്നു. ഞാൻ കാണുമ്പോഴേക്കും അതിൽ അധികം പശുക്കളില്ലെങ്കിലും പശുക്കളുടെ അമറലിലെ ചെറിയ താളപ്പിഴ പോലും ഇതിന്റെ ലക്ഷണമായി വിവരിക്കപ്പെട്ടു. അതിനപ്പുറം ആൾപ്പെരുമാറ്റമില്ലാതെ നീണ്ടുകിടന്ന പറമ്പ് ഈ അത്ഭുതലോകത്തിന്റെ സൂചകങ്ങളുമായി. വെറും കണ്ണുകൾകൊണ്ട് കാണാനാവാത്ത അദൃശ്യശക്തികൾ എന്നോടൊപ്പം അവിടെയെല്ലാം നിലനിൽക്കുന്നുണ്ടെന്ന് ഞാനും ഭാവന ചെയ്തിരുന്നു. ജിന്നുകൾക്കും കുടുംബജീവിതമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ഞങ്ങളുടെ ലോകത്തിന് സമാന്തരമായ ഒരു ജിന്നുലോകമാണ് ഞാൻ ഭാവന ചെയ്തിരുന്നത്.

ആവാക്ക് ജിന്നുകളെല്ലാം വരുതിയിലായിരുന്നു. അതുകൊണ്ട് അവർക്ക് രോഗശാന്തി വരുത്താനുള്ള കഴിവുമുണ്ടായിരുന്നു. അവർ പറഞ്ഞാൽ എല്ലാ ശക്തികളും അനുസരിച്ച് മാറിനിൽക്കും. ബാധ കയറിയ എത്രയോ പേർ ആവ പറഞ്ഞതനുസരിച്ച് ശരീരത്തിൽ നിന്ന് ഇറങ്ങിപ്പോവാറുണ്ട്. മനുഷ്യരെയും അനുസരിപ്പിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. ഒരിക്കൽ ബ്ലേഡ് വിഴുങ്ങിപ്പോയ വ്യക്തിയെ ആവാന്റെ അടുത്ത് കൊണ്ടുവന്നു. വായ തുറക്കാനോ അടയ്ക്കാനോ പറ്റാതെ വെള്ളം കുടിക്കാൻ പോലുമാകാതെ വന്ന അദ്ദേഹത്തിന് ആവ ഒരു ഗ്ലാസ് വെള്ളം മന്ത്രിച്ച് ഊതി നൽകി. ഈ വെള്ളം കുടിച്ച് ആ മരത്തിൽ ചോട്ടിൽ പോയി ഛർദിക്ക് എന്ന് ആജ്ഞയും കൊടുത്തു. വെള്ളം കുടിച്ച അയാൾ അൽപസമയത്തിനകം തന്നെ ഛർദിക്കുകയും അയാളുടെ എല്ലാ ബുദ്ധിമുട്ടുകളും അവസാനിക്കുകയും ചെയ്തുവത്രേ. ഇത് ഉപ്പ നേരിട്ട് കണ്ട കാഴ്ചയാണ്.

ഞങ്ങൾ കാണുമ്പോഴേക്കും നേരിട്ടുള്ള കാഴ്ചകളൊക്കെ നഷ്ടമായിരുന്നു. ഉപ്പാന്റെ കഥകളിൽ മാത്രമാണ് ആവാന്റെ അത്ഭുതകൃത്യങ്ങളും ജിന്നുകളുമെല്ലാം അവശേഷിച്ചത്. മാത്രമല്ല, ഈ കഴിവുകളെ ഹിപ്‌നോട്ടിസം ചെയ്യുകയായിരുന്നു എന്ന് വിശദീകരിച്ച് അതിലെ വിസ്മയങ്ങളും പലപ്പോഴും ഉപ്പ കെടുത്തിക്കളഞ്ഞിട്ടുണ്ട്. എങ്കിലും ഖുബ്ബയിലും ഖുബ്ബയോട് ചേർന്ന കാഴ്ചകളിലും വീടിന്റെ ആളൊഴിഞ്ഞ എല്ലാ കോണുകളിലും ഞാനിവരുടെ സാന്നിധ്യം ഭാവന ചെയ്തിരുന്നു. ആ വീടും അതിന്റെ നിറമുള്ള ചില്ലുജാലകങ്ങളും അടർത്തിമാറ്റിയപ്പോൾ അതിനോടൊപ്പം ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഈ വലിയ ഭാവനാലോകം കൂടിയായിരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments