വലിയൊരു സാംസ്കാരിക വൃത്തത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ടതിനാൽ പുറംലോകം അറിയാതെ പോയ അനവധി അറിവുകളുടെയും പദാവലികളുടെയും ഉടമകളാണ് മലപ്പുറത്തെ മുസ്ലിം സ്ത്രീകൾ. ജീവിതത്തിന്റെ സകല മേഖലകളിലും ആധികാരികമായ ഇടപെടലുകൾ നടത്തിയ ഉമ്മമാരുടെ ഒരു ഭൂതകാലത്തിൽനിന്ന് ബൗദ്ധികമായും രാഷ്ട്രീയമായും അതിനെ വികസിപ്പിച്ചെടുക്കുന്ന പുതുതലമുറ വരെയുള്ളവരിലേക്ക് സ്വന്തം അനുഭവങ്ങളിലൂടെ ഒരു സഞ്ചാരം നടത്തുകയാണ് ഷംഷാദ് ഹുസൈൻ കെ.ടി
ആരാണ് നമ്മുടെ അറിവിന്റെ ചക്രവാളങ്ങളെ ഇങ്ങനെ ചുരുക്കിക്കളഞ്ഞത്? ഔപചാരിക വിദ്യാഭ്യാസം മാത്രമാണ് അറിവിലേക്കുള്ള വഴി എന്ന് നമ്മെ പഠിപ്പിച്ചതാരാണ്? പുസ്തകങ്ങളിലെഴുതിവെച്ചത് മാത്രമാണ് അറിവ് എന്ന് നമ്മളെ വിശ്വസിപ്പിച്ചതാരാണ്? കുറച്ചു കാലത്തേക്കാണെങ്കിൽ പോലും ഔപചാരിക വിദ്യാഭ്യാസം ഈയൊരു ധാരണ നമ്മിലുണ്ടാക്കുന്നുണ്ട്. നമ്മുടെ ജീവിതത്തെയും ചുറ്റുപാടുകളെയും വിസ്മരിച്ചുകൊണ്ടുള്ള അറിവ് എങ്ങനെയാണ് ജീവിതത്തിലുപകാരപ്പെടുക? - കേരളത്തിലെ മുസ്ലിം സ്ത്രീകളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചപ്പോൾ അവർക്ക് എന്തറിയില്ല എന്നല്ല, പകരം അവർക്ക് എന്താണറിയുക എന്നാണ് താൻ അന്വേഷിക്കേണ്ടത് എന്ന തിരിച്ചറിവ് ലേഖികയ്ക്ക് കൂടുതൽ ആഴത്തിൽ വിഷയത്തെ സമീപിക്കാൻ പ്രചോദനമായി.
അക്ഷരം പഠിക്കാത്തവരെന്നും അടുക്കളയ്ക്കുള്ളിൽ കഴിഞ്ഞവരെന്നും മുസ്ലിം സ്ത്രീകളെ നമ്മൾ മാറ്റി നിർത്തിയപ്പോൾ അക്ഷരത്തിന്റെ ആധികാരികതയോ സംരക്ഷണമോ ലഭിക്കാതിരുന്ന വലിയൊരു സാംസ്കാരിക സമ്പത്തിനെ തന്നെയാണ് നാം കയ്യൊഴിച്ചത്.
ഷംഷാദ് ഹുസ്സൈന്റെ മലപ്പുറത്തെ മുസ്ലിം സ്ത്രീജീവിതത്തിന്റെ എഴുതപ്പെടാത്ത ആത്മകഥാ പരമ്പരയുടെ ആദ്യഭാഗം ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 47 ൽ വായിക്കാം.