Photo: N.A. Backer

പെണ്ണിനെ എതിർലിംഗമാക്കുന്ന രാഷ്​ട്രീയാധികാരം

ചില വടക്കുകിഴക്കൻ അനുഭവങ്ങൾ

പൊതുവെ ‘കുടുംബിനികൾ’ക്ക് പറ്റിയതല്ല രാഷ്ട്രീയം എന്നൊരു ചിന്ത മണിപ്പൂരിന്റെ മനസിൽ ഉറപ്പിച്ചെടുത്തിട്ടുണ്ട്. വടക്കുകിഴക്കൻ ഗോത്രസമൂഹങ്ങളിലെല്ലാം രാഷ്ട്രീയാധികാരം സംബന്ധിച്ച് ഇങ്ങനെയൊരു വിലക്കുചിന്ത വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഇതിന്റെ തനിയാവർത്തനമായിരുന്നു.

പോരാട്ട ചരിത്രത്തിൽ, സഹനസമര മാതൃകയിലെ ഇതിഹാസനാമമാണ് ഇറോം ചാനു ശർമിളയുടേത്. സ്ത്രീശക്തിയുടെ ഏറ്റവും കരുത്തുറ്റ ബിംബമായി അവരിന്നും കൊണ്ടാടപ്പെടുന്നു. മണിപ്പൂരിൽ ഇറോം ശർമിള സമരം നയിച്ചത് സൈനികശക്തികൾക്ക് അനുവദിച്ചുനൽകിയ ഭരണഘടനാവിരുദ്ധമായ പ്രത്യേകാധികാരങ്ങൾക്ക് (The Armed Force Special Powers Act) എതിരെയായിരുന്നു. ഇത് മണിപ്പൂർ എന്ന കൊച്ചു സംസ്ഥാനത്തെ മാത്രം ബാധിക്കുന്നതായിരുന്നില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ നോർത്ത് ഈസ്റ്റിനെ മൊത്തം വരിഞ്ഞുമുറുക്കിയ സൈനികാധികാര നിയമം കൂടിയായിരുന്നു ഇത്​. ഇതിനെ ചോദ്യംചെയ്യുക വഴി ലോകത്തിലെ തന്നെ, സൈനികാധീശ ശ്രമങ്ങൾക്കെതിരായ പോരാട്ടമാതൃകയാണ് അവർ മുന്നോട്ടുവെച്ചത്.

തന്റെ യൗവനം മുഴുവൻ, 16 വർഷം, അവർ നിരാഹാരം അനുഷ്ഠിച്ചു. അത്രയും കാലം ആശുപത്രി എന്ന പേരിൽ തടവിൽ കഴിഞ്ഞു. മൂക്കിലൂടെയിട്ട കുഴൽ വഴി നിയമം അവരുടെ ജീവൻ നിലനിർത്തുന്ന ഉത്തരവാദിത്തം നിറവേറ്റി പീഡിപ്പിച്ചു. റിമാൻറ്​ കാലാവധി കഴിയുമ്പോൾ ഓരോ ആറുമാസത്തിലും മോചിപ്പിച്ചു. അടുത്ത ദിവസം വീണ്ടും അതേ കാരണം പറഞ്ഞ് തടവിലേയ്ക്ക് മാറ്റി. ആർക്കുവേണ്ടി നിലകൊണ്ടുവോ അവർ വിസ്മരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിന്റെ വേദന സമരതീക്ഷ്ണതയ്ക്കൊപ്പം കൊണ്ടുനടക്കേണ്ടിയും വന്നു. സഹനം ശരീരത്തിന്റെ മാത്രമല്ല, മനസിന്റേതുമായിരുന്നു.

സമരത്തിന്റെ പരിണതി ചരിത്രത്തിന്റെ തന്നെ നോവായി മാറിയെങ്കിലും അവർ നോർത്ത് ഈസ്റ്റിന്റെ കരുത്തിന്റെ പ്രതീകമായി തന്നെ നിലനിൽക്കുന്നു. പെൺ കരുത്തിന്റെ ലോക മാതൃകയായി ഇന്നും ജനാധിപത്യ വിശ്വാസികൾ അവരെ നെഞ്ചേറ്റുന്നു. പേരാട്ടങ്ങളുടെ മുന്നിൽ നിൽക്കുന്നവർക്ക് ഇച്ഛാശക്തി ഊതിക്കത്തിക്കാൻ ഇറോം ശർമിള എന്ന പേരുമാത്രം മതിയായിരുന്നു. സ്വന്തം പ്രണയവും ജീവിതത്തോടുള്ള ഇഷ്ടവും തുറന്നുപറഞ്ഞ്​, താൻ സാധാരണ സ്ത്രീ തന്നെയാണെന്ന് ഓർമപ്പെടുത്തിക്കൊണ്ടുതന്നെയാണ് ശർമിള സഹനസമര ജീവിതം നയിച്ചത്. അങ്ങനെ ഒരു ഗ്രാമീണ പെൺകുട്ടിയുടെ സാധാരണ ജീവിതവും സമരവും സമന്വയിപ്പിച്ച പെൺകരുത്തിന്റെ പേരായിരുന്നു ഇറോം ചാനു ശർമിള. രാഷ്ട്രീയാധികാരത്തിന്റെ എല്ലാ കോട്ടകളെയും ഭേദിച്ച പേര്.
പക്ഷെ, 2022 ഫെബ്രുവരി 28, മാർച്ച് അഞ്ച് തീയതികളിലായി നടന്ന മണിപ്പൂർ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഒരിക്കൽ പോലും ഇറോം ശർമിള എന്ന പേര് ഉയർന്നുവന്നില്ല. ഇറോം ശർമിള എന്നല്ല, വനിതകൾ നയിച്ച ജനാധിപത്യത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനായുമുള്ള ഒരു പോരാട്ടവും അനുസ്മരിക്കപ്പെട്ടില്ല. പെൺകരുത്തിന്റെ സുദീർഘ ചരിത്രമുണ്ട് രാജ്യാതിർത്തിയിലെ ഈ കൊച്ചു സംസ്ഥാനങ്ങളുടെ സപ്തരത്‌നക്കൂട്ടിൽ. അവിടെ വനിതകൾ അധികാരത്തിനു പുറത്താണ്.

ഇന്ത്യൻ ഭൂഖണ്ഡത്തിന്റെ നോർത്ത് ഈസ്റ്റിനെ മൊത്തം വരിഞ്ഞു മുറുക്കിയ സൈനികാധികാര നിയമം കൂടിയായിരുന്നു 'അഫ്‌സ്പ'. / Photo : N. A Backer

ഇറോം ശർമിള എന്നത് മണിപ്പൂരിലെ പെൺജീവിതത്തിനിടയിൽ നിന്ന്​ പെട്ടെന്ന് ഉയർന്നുവന്ന ഒരു പേരായിരുന്നില്ല. കരുത്തിന്റെ പ്രതീകമായാണ് അവിടത്തെ സ്ത്രീകൾ അറിയപ്പെടുന്നത്. ഓരോ രംഗത്തും അവർ തുല്യതയോടെ മുന്നിൽ നിൽക്കുന്നതുകാണാം. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിരിക്കെ മേരി കോം എന്ന ബോക്‌സിങ് ഇതിഹാസം ലോക സ്‌പോർട്​സിൽ എതിരാളിയുടെ മൂക്കിടിച്ചു പരത്തി. ഇപ്പോഴും ഈ പെൺപരമ്പര സജീവം തന്നെയാണ്.

പക്ഷെ, രാഷ്ട്രീയാധികാരത്തോടടുക്കുമ്പോൾ പെണ്ണ് ഒരു എതിർലിംഗമാവുന്നു. ആൺ ലിംഗം കൊടിയുയർത്തി അരിയിട്ടുവാഴാനൊരുങ്ങുമ്പോൾ താലം പിടിക്കുന്നവളാവുന്നു. സൈനികാധികാര നിയമം മാത്രമല്ല ഇത്തരം ദേശങ്ങളെ കെട്ടിയിട്ടിരിക്കുന്ന രാഷ്ട്രീയാധികാരക്രമവും പുല്ലിംഗ പ്രത്യേകാധികാര നിയമങ്ങളുടെ നിഗൂഢ ചരടുകളാൽ നിയന്ത്രിതമാണ്.

സിനോ തിബത്തൻ, ട്രാൻസ് ഹിമാലയൻ ഭാഷാഗോത്രങ്ങളിൽ ഉൾപ്പെട്ട വ്യത്യസ്​ത ഭാഷകൾ സംസാരിക്കുന്നവരാണ് നോർത്ത് ഈസ്റ്റിലെ ഗോത്രജന സമൂഹങ്ങൾ. 1948 വരെ മ്യാൻമറിലെ പക്കോക്കു ഹിൽ ഡിസ്ട്രിക്റ്റിന്റെ ഭാഗമായിരുന്നു അസമും അരുണാചലും ഒഴികെ ഈ സംസ്ഥാനങ്ങൾ. പരമ്പരാഗതമായി തന്നെ സ്ത്രീകൾ പൊതുരംഗങ്ങളിൽ സജീവമാണ്. നാഗലാൻഡിൽ കൊഹിമ ബസ്റ്റാൻഡിൽ ചരക്കു ലോറികൾക്കും ബസുകൾക്കും മുകളിൽ കയറി ലോഡിറക്കുകയും കയറ്റുകയും ചെയ്യുന്ന വനിതകളെ കാണാം. മണിപ്പൂരിലെ ഗ്രാമനിരത്തുകളിൽ കുതിരപ്പുറത്ത് സിനിമയിലെന്നപോലെ വേഗത്തിൽ ഓടിച്ചുപോകുന്ന പെൺകുട്ടികളെ കാണാം.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വനിതാ മാർക്കറ്റാണ് മണിപ്പൂരിലെ ഇമാ കെയ്ത്തൽ. ഇമ എന്നാൽ അമ്മ. അമ്മമാരുടെ മാർക്കറ്റ് എന്നർഥം. സൈനിക- പൊലീസ് ആക്രമണങ്ങളിലും പോരാട്ടങ്ങളിലും ഒറ്റപ്പെട്ട്​ ജീവിതം വഴിമുട്ടിയ സ്ത്രീകൾക്ക് ഇവിടെ തൊഴിൽ സംരക്ഷണം നൽകിയിരുന്നു. അമ്മമാരുടെ സംഘടനകൾ ശക്തമാണ്. ഒരുകാലത്ത് ഇതിനകത്ത് പുരുഷൻമാരെ പ്രവേശിപ്പിക്കുക പോലും ചെയ്തിരുന്നില്ല.

ഇറോം ശർമ്മിള. / Photo : Facebook

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാർക്കായിരുന്നു മുൻതൂക്കം. 20,48,169 വോട്ടർമാരിൽ 10,57,336 പേർ വനിതകളായിരുന്നു; 52 ശതമാനം. 1990 മുതൽ തന്നെ വോട്ടർമാരിൽ വനിതകളാണ് കൂടുതൽ. എന്നാൽ ഇത്തവണ 265 സ്ഥാനാർഥികളിൽ 17 പേർ മാത്രമായിരുന്നു വനിതകൾ. 2017-ൽ ഇത് 11 പേർ മാത്രം. മണിപ്പൂരിന്റെ ചരിത്രത്തിൽ ഇതുവരെ പത്തിൽ താഴെ വനിതാ നിയമസഭാ സാമാജികർ മാത്രമാണുണ്ടായിട്ടുള്ളത്. ഇത്തവണ ചരിത്രത്തിലാദ്യമായി അഞ്ച് സ്ത്രീകൾ വിജയിച്ചു. 1972-ൽ സംസ്ഥാനം സ്വതന്ത്രമായെങ്കിലും 1990-ൽ മാത്രമാണ് ഒരു വനിതാ എം.എൽ.എ. ഉണ്ടായത്.

നാഗാ വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള ഉക്രൂലിൽ ഹൻഗ്മില ഷയിസയായിരുന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത. അന്തരിച്ച മുഖ്യമന്ത്രി യങ്മഷ് ഷയിസയുടെ ഭാര്യ എന്ന പരിഗണനയിലായിരുന്നു അവരുടെ തെരഞ്ഞെടുപ്പ്​. അവരുടെ സഹോദരനും ഭർതൃസഹോദരനും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. 1991-ൽ രണ്ടാമതായി തെരഞ്ഞടുക്കപ്പെട്ട വനിത അപാബി ദേവിയും ഇതേ മാതൃകയിലാണ് രാഷ്ട്രീയത്തിലെത്തുന്നത്. അവരുടെ ഭർത്താവ് കോൺഗ്രസിലെ കെയിഷാം ബീര സിങ് വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.
2000-ലാണ് ഒരു വനിത ആദ്യമായി മന്ത്രിയായത്- വഹേങ് ബാം ലെയ്​മ ദേവി. മന്ത്രിയും പിന്നീട് രാജ്യസഭാംഗവുമായ വഹേങ് ബാം അങ്കോസിങ്ങിന്റെ ഭാര്യ. രണ്ടാമത് മന്ത്രി പദവിയിലെത്തിയത് ലന്ധോണി ദേവിയാണ്​, മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങിന്റെ ഭാര്യ. അവർ, മകൻ മുതിർന്നപ്പോൾ സീറ്റ് അവന് കൈമാറി. ഇവയെല്ലാം രാഷ്ട്രീയ ബന്ധുത്വത്തിലൂടെയുള്ള പരകായങ്ങളായിരുന്നു.

രാഷ്ട്രീയാധികാരത്തോടടുക്കുമ്പോൾ പെണ്ണ് ഒരു എതിർലിംഗമാവുന്നു. ആൺ ലിംഗം കൊടിയുയർത്തി അരിയിട്ടു വാഴാനൊരുങ്ങുമ്പോൾ താലം പിടിക്കുന്നവളാവുന്നു. / Photo : N. A Backer

മണിപ്പൂരിൽ രണ്ട് പാർലമെൻറ്​ മണ്ഡലങ്ങളാണുള്ളത്. ഇതിൽ ഒന്നിൽ ആദ്യമായും അവസാനമായും ഒരു വനിത പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1998-ൽ സി.പി.ഐ. സ്ഥാനാർഥിയായ കിം ഗാങ്‌തെ. മറ്റു രാഷ്ട്രീയ ബന്ധുത്വമൊന്നുമില്ലാത്ത ഒരു വനിത നിയമനിർമ്മാണ പ്രകിയയുടെ ഭാഗമായി എത്തിയ സംഭവം അതായിരുന്നു. അവർ പക്ഷെ പിന്നീട് ജനദാളിലും ബി.ജെ.പി.യിലും തൃണമൂൽ കോൺഗ്രസിലും എൻ.പി.പി.യിലും എത്തി. പിന്നീട്​, രാഷ്ട്രീയരംഗത്തുനിന്നും തെന്നിമാറി. സ്ത്രീ​സംവരണം സംസ്​ഥാനത്ത്​ കേട്ടുകേൾവി മാത്രമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നാഗാലാൻഡിൽ നിയമാനുസൃതം വനിതാ സംവരണം കൊണ്ടുവരാൻ ശ്രമിച്ചത് വൻ കലാപത്തിന് ഇടയാക്കിയിരുന്നു. പുരുഷൻമാർ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചും റോഡുകൾ ഉപരോധിച്ചും വൻ പ്രതിഷേധം അഴിച്ചുവിട്ടു. പ്രത്യേക നിയമാധികാരമുള്ളവയാണ് ഹിൽ ജില്ലകൾ. വിവിധ ചർച്ചുകൾക്ക് കീഴിലാണ് 99 ശതമാനം ജനങ്ങളും.

2017-ലെ തെരഞ്ഞെടുപ്പിലാണ് ഇറോം ശർമിള നിരാഹാര സമരം അവസാനിപ്പിച്ച് People's Resurgence and Justice Alliance (PRAJA) എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപംനൽകി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്​. സംശുദ്ധഭരണം എന്ന ‘അപകടകരമായ' മുദ്രാവാക്യമാണ് ആദ്യം മുഴക്കിയത്. സേനാ പ്രത്യേകാധികാരത്തിനെതിരെ സന്ധിയില്ലാത്ത ജനാധിപത്യസമരവും പ്രഖ്യാപിച്ചു. പുരുഷാധികാര ലോകം അത്ര വഴക്കമുള്ളതായിരുന്നില്ല.
ലിംഗ പ്രത്യേകാധികാരത്തെ ഭേദിക്കാവുന്നതായിരുന്നില്ല ഉരുക്കുവനിതയുടെ സാന്നിധ്യം. 90 വോട്ടുകളാണ് അവർക്കു ലഭിച്ചത്. മാത്രമല്ല, അവരെ തന്ത്രപൂർവം മണിപ്പൂരിലെ കരുത്തുറ്റ രാഷ്ട്രീയക്കാരൻ എന്നറിയപ്പെട്ട മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങിന്റെ മണ്ഡലത്തിൽ തന്നെ മത്സരത്തിനിറക്കിയതും തിരിച്ചടിയായി. പാർട്ടിയുടെ മറ്റൊരു സ്ഥാനാർഥി നജ്മ പുന്ത്രിമായുവിന് ലഭിച്ചത് വെറും 33 വോട്ടാണ്. മണിപ്പൂരിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്​ലിം വനിതാ സ്ഥാനാർഥിയായിരുന്നു നജ്മ. 16 വർഷത്തോളം സാമൂഹികപ്രവർത്തന രംഗത്തും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലും സജീവമാണ്. ഇറോം ശർമിള പാർട്ടി പ്രഖ്യാപിച്ചതോടെ അതിൽ പങ്കാളിയാവുകയായിരുന്നു. പക്ഷെ രാഷ്ട്രീയപ്രവേശനത്തോടെ നേരിടേണ്ടിവന്ന മതവിലക്കുകളുടെയും രാഷ്ട്രീയ ആക്രമണങ്ങളുടെയും രൂക്ഷത കൂടി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാഗാലാന്റിൽ നിയമാനുസൃതം വനിതാ സംവരണം കൊണ്ടുവരാൻ ശ്രമിച്ചത് വൻ കലാപത്തിന് ഇടയാക്കിയിരുന്നു. / Photo : N. A Backer

2007 മുതൽ 2022 വരെ വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിലുണ്ടായ വർധന ഇലക്ഷൻ കമീഷന്റെ റിപ്പോർട്ട് പ്രകാരം വെറും മൂന്ന് ശതമാനമാണ്. 12 നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിൽ എ​ട്ടെണ്ണത്തിൽ ഒരു വനിതാ എം.എൽ.എ. പോലും ഉണ്ടായിരുന്നില്ല. വിവാഹിതരായ സ്ത്രീകളെ രാഷ്ട്രീയത്തിൽ നിന്ന്​മാറ്റിനിർത്തുകയാണ് പതിവ്. കുടുംബമഹിമകളിലും സാമൂഹിക സ്ഥാനമാനങ്ങളിലും കുലവധുക്കളായി പ്രതിഷ്ഠിക്കപ്പെടുമെങ്കിലും, വാസ്​തവത്തിൽ ഇതായിരിന്നില്ല വടക്കുകിഴക്കിന്റെ വനിതകളുടെ അസ്​തിത്വം.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യ വനിതാ മുന്നേറ്റം ഇന്ത്യയിൽ രേഖപ്പെടുത്തുന്നത് മണിപ്പൂരിലാണ്. നുപി ലാൻ (Nupi Lan - Women's War) എന്നാണ് ഇതറിയപ്പെടുന്നത്. 1904-ലും 1939-ലും രണ്ട് നുപി ലാനുകൾ ഉണ്ടാവുന്നുണ്ട്. ഓരോ 30 ദിവസത്തിനുശേഷവും 10 ദിവസം നിർബന്ധിത സൗജന്യവേല ചെയ്യണമെന്ന് മണിപ്പൂരി പുരുഷൻമാർക്കെതിരെ ബ്രിട്ടീഷ് ഉത്തരവ് നിലനിന്നിരുന്നു. ഇതിനെതിരായാണ് ആദ്യ കലാപം. ബ്രിട്ടീഷുകാരുടെ ബംഗ്ലാവ് മണിപ്പൂരി വനിതകൾ കത്തിച്ചു ചാമ്പലാക്കി. നൂറുകണക്കിന് സ്ത്രീകൾ സൈനിക നടപടികൾക്ക് വിധേയമായി.

1939-ലാണ് രണ്ടാം നുപി ലാൻ പ്രക്ഷോഭം. മണിപ്പൂരിൽ ക്ഷാമം സൃഷ്ടിച്ച്​ മാർവാഡി സംഘങ്ങൾ ബ്രിട്ടീഷ് സഹായത്തോടെ അരി കടത്തുന്നതിനെതിരായായിരുന്നു സ്ത്രീകളുടെ നേതൃത്വത്തിൽ കലാപം. പതിനാറാം നൂറ്റാണ്ടുമുതൽ ചരിത്രമുള്ളതാണ് മണിപ്പൂരിലെ ഇമ മാർക്കറ്റ് എന്ന വനിതാ മാർക്കറ്റ്. രണ്ടാം നുപി ലാനിന്റെ ഭാഗമായി സ്ത്രീകൾ ഇത് ഒരുവർഷത്തോളം അടച്ചിട്ട് പ്രതിഷേധിച്ചു.

മണിപ്പൂരിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ 117 മണ്ഡലങ്ങൾ ഉളളതിൽ 13 സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. 2017-ൽ ഇത് വെറും ആറ് ആയിരുന്നു. ഉത്തർപ്രദേശിൽ ‘ഞാൻ ഒരു പെൺകുട്ടിയാണ്, എനിക്ക് പോരാടാൻ കഴിയും' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രിയങ്ക ഗാന്ധിയുടെ മുൻകൈയിൽ കോൺഗ്രസ് വനിതകളെ മത്സരത്തിനിറക്കിയത്. പ്രിയങ്ക ഗാന്ധിയുടെ സാഹസം എന്നാണ് ഫലം വന്നപ്പോൾ ഇത് പരിഹസിക്കപ്പെട്ടത്. 40 ശതമാനം വനിതകളെ ഇറക്കി 148 പേർക്ക് ടിക്കറ്റ് നൽകി. ഇതിൽ ഒരാൾ മാത്രമാണ് ജയിച്ചത്.

എന്നാൽ, ഈ സംസ്ഥാനങ്ങളെയെല്ലാം അപേക്ഷിച്ച് വനിതകൾക്ക് കൂടുതൽ ഇടമുള്ളതാണ് വടക്കുകിഴക്കൻ ജീവിതം. 1970കളിൽ രൂപപ്പെട്ട ‘മെയ്‌ര പെയിബി’ (Meira Paibi) എന്ന സംഘടന ഇപ്പോഴും സജീവമാണ്. ‘ചൂട്ടേന്തിയ വനിതകൾ’ എന്നാണ് ഇതിനർഥം. രാത്രി കൈയിൽ ചൂട്ടുമായി മാർച്ച് ചെയ്യുന്ന സമരരീതിയാണ് പേരിനുപിന്നിൽ. സേനാ പ്രത്യേകാധികാര നിയമത്തിനും മനുഷ്യാവകാശലംഘനങ്ങൾക്കും എതിരെ ശക്തമായ സാന്നിധ്യമാണ് ഈ സംഘടന. മയക്കുമരുന്ന് കടത്തുസംഘങ്ങൾക്കെതിരെ ശക്തമായ റെയ്​ഡുകൾ വരെ ഇവരുടെ നേതൃത്വത്തിൽ നടക്കുന്നു. സർക്കാർ നയങ്ങളെ വരെ സ്വാധീനിക്കാൻ കരുത്തുറ്റ സംഘടനയാണിത്​. മെരിയ പെയിബിമാർ ഒരു കാര്യം ആവശ്യപ്പെട്ടാൽ, സർക്കാർ അത്​ ചെയ്യുകയാണ്​ പതിവ്. മണിപ്പൂരിൽ മദ്യനിരോധനം കൊണ്ടുവന്നതും ഇവരുടെ സമ്മർദഫലമായാണ്​. നിശാ ബന്ദി എന്ന ഉപസംഘടനയായിരുന്നു ഇതിനായി ശക്തമായി രംഗത്തുണ്ടായിരുന്നത്.

മണിപ്പൂരിലെ ഇമാ കെയ്ത്തൽ മാർക്കറ്റിൽ തൊഴിൽ ഇടവേളകളിൽ വിശ്രമിക്കുന്ന കച്ചവടക്കാരായ സ്ത്രീകൾ. / Photo : N. A Backer ​

2004-ലാണ് തങ്ജാം മനോരമ സൈനികരാൽ കൊല്ലപ്പെട്ട സംഭവമുണ്ടായത്​. 32 വയസുകാരിയായ യുവതിയെ അസം റൈഫിൾസ് അറസ്റ്റ് ചെയ്ത് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ലൈംഗികാക്രമണത്തിനുശേഷം അതിക്രൂരമായ കൊലപാതകമാണ് നടന്നത്. ഇതിനെതിരെ ‘ഇന്ത്യൻ ആർമി റേപ് അസ്' എന്ന ബനറുകളുമായി മണിപ്പൂരിലെ അമ്മമാർ നഗ്‌നരായി തെരുവിലിറങ്ങി. ലോകം ശ്രദ്ധിച്ച പ്രതിഷേധമായിരുന്നു ഇത്. 30 സ്ത്രീകൾ ഇന്ത്യൻ മനസുകളെ ഞെട്ടിച്ച ഈ പ്രതിഷേധത്തിൽ പങ്കെടുത്തു. ഈ വനിതകൾ പിന്നീട് വിവിധ തരത്തിൽ വേട്ടയാടലുകൾക്ക് വിധേയമായി. അനന്തരഫലങ്ങളുടെ സമ്മർദങ്ങളെയും അവർ കരുത്തോടെ ചെറുത്തു. അസം റൈഫിൾസിന് മണിപ്പൂരി രാജവംശങ്ങളുടെ ആസ്ഥാനമായിരുന്ന കംഗ്ലഫോർട്ട് വിട്ട് പോവേണ്ടിവന്നു.
പക്ഷെ, ഇതിനെല്ലാം ഇടയിലും മണിപ്പൂരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഭരണം ലിംഗാധികാര കൂട്ടുകച്ചവടമായി തുടരുക തന്നെയായിരുന്നു. ഒരുവേള സ്ത്രീകളെ തന്ത്രപൂർവം എന്നോ മനഃപൂർവം എന്നോ പറയാവുന്നവിധം ജനാധിപത്യ നിയമനിർമാണ സംവിധാനങ്ങളിൽ നിന്ന്​അകറ്റിനിർത്തി. ഇന്നും അത് തുടരുന്നു. പേരിനുമാത്രം ചിലർ കടന്നുവരുന്നു. അതിൽ ഭൂരിപക്ഷവും രാഷ്ട്രീയ ബന്ധുത്വത്തിന്റെ സ്‌പോൺസേഡ് സീറ്റുകളിലുമാണ്.

അസം റൈഫിൾസ് 2004-ൽ അറസ്റ്റ് ചെയ്ത് ലെെംഗികാതിക്രമത്തിന് ശേഷം വെടിവെച്ചു കൊന്ന തങ്ജാം മനോരമ.

പത്രപ്രവർത്തകയും ഗവേഷകയുമായ ചിത്രഭാനു അഹേന്തം ഇതിനെക്കുറിച്ച് പ്രതികരിക്കുന്നത്, മണിപ്പൂരിലെ വനിതാ ശാക്തീകരണം ഒരു കാല്പനിക സംജ്ഞയാണ് എന്നാണ്. ഫ്യൂഡൽ വ്യവസ്ഥയുടെ അസ്‌കിത മാറാത്ത സമൂഹമാണിത്​. ഔദാര്യത്തിന്റെയും പുരുഷസമൂഹത്തിന്റെ കരുതലിന്റെയും ഒക്കെ ഭാഗമായാണ് ഈ ശക്തിപ്രകടനങ്ങൾ ഇപ്പോൾ തുടരുന്നത്. ഇതിനെ ഇനിയും മറികടക്കേണ്ടിയിരിക്കുന്നു എന്നവർ പറയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇറോം ശർമിളയുടെ സാന്നിധ്യം ചർച്ചയായതുപോലെ ഇത്തവണയും ഒരു സ്​ത്രീസാന്നിധ്യം ശ്രദ്ധ നേടിയിരുന്നു. പുരുഷൻമാരുടെ ബിസിനസാണ് രാഷ്ട്രീയം എന്നിടത്തേയ്ക്ക് മണിപ്പൂർ സിവിൽ സർവീസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥയായിരുന്ന യുവതി തൊഴിലുപേക്ഷിച്ച് ഇറങ്ങിവന്നു- തനോജാം ബൃന്ദ. സർവീസിലിരിക്കെ അവർ അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംസ്ഥാനത്തെ മയക്കുമരുന്നു മാഫിയകൾക്ക് നിരന്തര ഭീഷണി ഉയർത്തിയിരുന്നു. ‘കള്ളപ്പണവും മസിൽപവറും രാഷ്ട്രീയം കൈയടക്കുന്നതിനെതിരെ’ എന്ന് സ്വന്തം മത്സരത്തെ അവർ വിശേഷിപ്പിച്ചു.
യയിസിക്കൂൾ മണ്ഡലത്തിൽ നിന്ന്​ ജനതാദൾ (യു) ടിക്കറ്റിൽ മത്സരിച്ച അവർ പക്ഷെ തോറ്റ്​ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ജനതാദൾ ഒറ്റയ്ക്കായിരുന്നു മത്സരരംഗത്ത്. വലിയ പാർട്ടികൾ മുഴുവൻ അഴിമതിയാണെന്നും ചെറിയ പാർട്ടികളിലൂടെ രംഗത്തുവരുന്നത് അതിനാലാണ് എന്നുമാണ് ബൃന്ദ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ അവരുടെ ചെറിയ പാർട്ടി ആറു സീറ്റു നേടി, ബി.ജെ.പി. പക്ഷത്ത് ഭരണമുന്നണിക്കൊപ്പമായ കാഴ്​ചയാണ്​ കണ്ടത്​.

ചൂട്ടേന്തിയ വനിതകൾ. / Photo : N. A Backer

മേഖലയിലെ വിഘടനവാദി സംഘടനകളിലൊന്നായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് സ്ഥാപക നേതാവ് മേഘന്റെ മരുകളാണ് തനോജാം ബൃന്ദ. മയക്കുമരുന്നു സംഘങ്ങളെ വിറപ്പിച്ച ഈ 32 കാരിക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് ഓഫീസർക്കുള്ള മെഡൽ ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഒരു കാശും ചെലവഴിക്കാനില്ലാത്ത സ്ഥാനാർഥി എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചത്. അധികാര രാഷ്ട്രീയത്തിലെ കള്ളച്ചുഴികൾ പരിചിതമായിരുന്നിട്ടും അവർക്ക് അതിജീവിക്കാനായില്ല. എന്താണ് സംഭവിക്കുന്നത് എന്ന് ജനങ്ങളോട് തുറന്നുപറഞ്ഞിട്ടും നോട്ടയ്ക്കും പിന്നിലെ സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.

ഇറോം ശർമിളയോട് ഇത്തവണ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, അഴിമതിയാണ് അത് നിർണയിക്കുന്നത് എന്നായിരുന്നു പ്രതികരണം. തനോജാം ബൃന്ദയും അതുതന്നെ പറഞ്ഞുകൊണ്ടാണ് മണ്ഡലത്തിൽ നടന്നുചെന്നും സൈക്കിളിൽ സഞ്ചരിച്ചും വോട്ടർമാരോട് സംവദിച്ചുകൊണ്ടിരുന്നത്.

പൊതുവെ ‘കുടുംബിനികൾ’ക്ക് പറ്റിയതല്ല രാഷ്ട്രീയം എന്നൊരു ചിന്ത മണിപ്പൂരിന്റെ മനസിൽ ഉറപ്പിച്ചെടുത്തിട്ടുണ്ട്. വടക്കുകിഴക്കൻ ഗോത്രസമൂഹങ്ങളിലെല്ലാം രാഷ്ട്രീയാധികാരം സംബന്ധിച്ച് ഇങ്ങനെയൊരു വിലക്കുചിന്ത വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മണിപ്പൂരിലെ 52 ശതമാനം വരുന്ന മെയ്‌ത്തേയി വിഭാഗത്തിനിടയിൽ ഫ്യൂഡൽ ഗൃഹാതുരത പേറുന്ന പാരമ്പര്യ മഹിമാ ചിന്തകളുണ്ട്. ഇതര ഗോത്ര വിഭാഗങ്ങൾക്ക് പ്രാമുഖ്യമുള്ള അയൽ സംസ്ഥാനങ്ങളിൽ ഇത് വ്യത്യസ്തമാണ്. വിദ്യാഭ്യാസത്തിൽ മികച്ച സൗകര്യങ്ങൾ കുറവാണെങ്കിലും പിന്നാക്കമല്ല. വിവിധ ചർച്ചുകൾക്ക് മേൽക്കൈയുമുണ്ട്. ഇതൊക്കെയായിട്ടും സ്ത്രീകളെ രാഷ്ട്രീയധാരകളിൽ നിന്ന്​ പിന്നാക്കം വലിച്ചുനിർത്തുന്ന ഘടങ്ങൾ തുന്നിച്ചേർക്കപ്പെടുന്നു.
എപ്പോഴും മാറാവുന്ന, അധികാരം പിടിക്കുക എന്നതിൽ കവിഞ്ഞ് ഒന്നുമല്ലാത്ത കളിയാക്കി രാഷ്ട്രീയം മാറിയിരിക്കുകയാണ്​ ഇവിടെ. മസിൽ പവറും പണവും അതുണ്ടാക്കാനായി നടത്തുന്ന അഴിമതിയും സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഒരു കാർണിവൽ കാലമാണിന്ന്​ തിരഞ്ഞെടുപ്പുകൾ.

കംഗ്ല ഫോർട്ട്. / Photo : N. A Backer

കേന്ദ്രത്തിൽ ഏത് പാർട്ടിയാണോ അധികാരത്തിൽ, അവരാണ് ഗെയിമിനുള്ള സ്‌ക്രിപ്റ്റ് തയാറാക്കുന്നത്. ഇത്തവണ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയ എൻ. ബിരേൻ സിങ്ങ് ബി.ജെ.പി.യിലെ പുതുമുഖമാണ്. എവിടെയുമില്ലാതിരുന്ന ബി.ജെ.പി. കഴിഞ്ഞതവണയാണ് സംസ്ഥാനത്ത് ആദ്യമായി അധികാരത്തിൽ വന്നത്. ആ തെരഞ്ഞെടുപ്പിന് ആറുമാസം മുൻപ് മാത്രമാണ് കോൺഗ്രസിന്റെ ഒരു നിര നേതാക്കളുമായി ബിരേൻ സിങ് ബി.ജെ.പി.യിലെത്തിയത്.
വനിതാ സംഘടനകളെല്ലാം ‘ഫ്യൂഡൽ' ആയിരുന്നാലും ഏതെങ്കിലും തരത്തിൽ അടിയുറച്ച ആദർശശുദ്ധി പുലർത്തുന്നവയാണ്. കൃത്യമായ ചിന്തയും ആശയങ്ങളും അവർ മുന്നോട്ടുവെക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ ഇതെല്ലാം അധികാരം പിടിക്കാനുള്ള താത്കാലിക വിദ്യ മാത്രമാണ്. അവിടെ സ്വതന്ത്ര നിലപാടും കാഴ്പ്പാടുമുള്ള സ്ത്രീകൾ പുറത്തായിരിക്കും. അധികാര രാഷ്ട്രീയത്തിനും നിയമനിർമാണത്തിനും അവർക്ക് അവകാശപ്പെട്ട ഇടം ഇല്ലാതാവുന്നു.

1.8 കോടി രൂപ വിലവരുന്ന മയക്കുമരുന്നു (എൽ.എസ്.ഡി.) മായി പിടിയിലായ റിസ ബൊർഹാനിയുമായി ബിരേൻ സിങ്ങിനെ ബന്ധപ്പെടുത്തി പ്രചാരണം ഉണ്ടായിരുന്നു. മുംബൈയിൽ അറസ്റ്റിലായ ഇദ്ദേഹത്തോടൊപ്പം മുഖ്യമന്ത്രി ഇരിക്കുന്ന പടം ആണ് പ്രചരിപ്പിക്കപ്പെട്ടത്. കന്നാബിസ് ഹെൽത്ത് ആൻഡ് സയൻസ് ലിമിറ്റഡ് എന്ന കമ്പനിയടെ എം.ഡി.യാണ് ബൊർഹാനി. കഞ്ചാവിന്റെ വിത്തും ഇലകളും ഗവേഷണ പ്രവർത്തനങ്ങൾക്കായി കൊണ്ടുപോവാൻ അനുമതി തേടിയാണ് ഇദ്ദേഹം എത്തിയത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
2013-ൽ മുഖ്യമന്ത്രി ഇബോബി സിങ്ങിന്റെ കാബിനറ്റിലെ മന്ത്രിയും അദ്ദേഹത്തിന്റെ മരുകനും കൂടിയായ ഒക്രാം ഹെൻറി സിങ് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ ഇംഫാൽ വിമാനത്താവളത്തിൽ പിടിയിലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു. ഇതിനു തുടർച്ചയായാണ് തനോജാം ബൃന്ദ ഉൾപ്പെട്ട സ്‌പെഷ്യൽ അന്വേഷണ സംഘത്തെ ഈ മേഖലയിൽ പ്രത്യേക പരിശോധനകൾക്കും അന്വേഷണങ്ങൾക്കുമായി നിയോഗിക്കുന്നത്.

തനോജാം ബൃന്ദ (നടുവിൽ). / Photo : N. A Backer

2018-ൽ അവർ ഒരു വലിയ മത്സ്യത്തെ വലയിലാക്കുകയും ചെയ്തു. പക്ഷെ അത് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഏറ്റവും അടുത്തയാളും ബി.ജെ.പി. നേതാവുമായ ലെയ്​ത്​ കെസേയി സോവു ആയിരുന്നു. സോവു ചണ്ടേൽ ഓട്ടോണമസ് ഡിസ്ട്രിക്റ്റ്​ ചെയർമാനായിരുന്ന സമയത്താണ് പിടിയിലാവുന്നത്. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്ന്​ 27 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പായ്ക്കറ്റുകളാണ് ബൃന്ദയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. പക്ഷെ നാലുദിവസം കൊണ്ട് സോവ് ജാമ്യത്തിലിറങ്ങി. ജാമ്യ കാലാവധി കഴിഞ്ഞ ഇദ്ദേഹം ഒളിവിൽ പോയി. എങ്കിലും വീണ്ടും പിടിയിലായി. തന്നെ തീവ്രവാദികൾ തട്ടക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് ലെയ്​ത്​ കെസേയി സോവു കോടതിയിൽ ബോധിപ്പിച്ചത്. 2019 മേയിൽ ഇദ്ദേഹം വീണ്ടും ജാമ്യത്തിലിറങ്ങി. ആരോഗ്യപരമായ കാരണങ്ങൾ എന്നായിരുന്നു ആനുകൂല്യത്തിനുള്ള വിശേഷണം. ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ കോടതി കൈമാറിയ സംഘത്തിൽ ബൃന്ദ ഉണ്ടായിരുന്നു. സംസ്ഥാന ബി.ജെ.പി. വൈസ് പ്രസിഡൻറ്​ തന്നെ കുറ്റപത്രം സമർപ്പിക്കുന്നത് തടയാൻ പ്രേരിപ്പിച്ചതായി അവർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. മുഖ്യമന്ത്രിയെ നേരിട്ട് പരാമർശിച്ചായിരുന്നു സത്യവാങ്മൂലം. ഫലമുണ്ടായില്ല.

2019 ഡിസംബറിൽ സോവുവിനെയും സംഘത്തെയും കോടതി വെറുതെവിട്ടു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നതായിരുന്നു കാരണം. ഡ്രൈവർ ഉൾപ്പെടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരെ ശിക്ഷിച്ചു. ഔദ്യോഗിക വസതിയിൽ മയക്കുമരുന്ന് കൊണ്ടുവെച്ചു എന്നായി കേസ് മാറി. ഇബോബി സിങ്ങിന്റെ മരുമകൻ മയക്കുമരുന്ന് കേസിൽ പിടിയിലായപ്പോൾ അതിനെതിരെ ഏറ്റവും ശക്തമായി കാമ്പയിൻ ചെയ്തത് അന്ന് റിബൽ ഗ്രൂപ്പിലായിരുന്ന ബിരേൻ സിങ്ങും കൂട്ടരുമായിരുന്നു.

അയ്യായിരം മുതൽ ആറായിരം രൂപവരെയാണ് ഇത്തവണ വോട്ടർമാർക്ക് സ്ഥാനാർഥികളുടെ വകയായി കിട്ടിയത്. പണം ലഭിക്കുന്നവർ തന്നെ ഒരു സാധാരണ സംഭവമായി വെളിപ്പെടുത്തുന്നതാണ് ഇക്കാര്യം. പരമാവധി 40,000ലധികം വോട്ടർമാരുള്ള മണ്ഡലങ്ങൾ ഇല്ല. അതിർത്തി സംസ്ഥാനമായ ഇവിടേക്ക് മയക്കുമരുന്നിന്റെയും കള്ളപ്പണത്തിന്റെയും ചാനലുകൾ എളുപ്പമാണ്. വിവിധ ആദിവാസി ഗോത്ര ഫണ്ടുകളും എത്തുന്നു. കറുപ്പുചെടികളുടെ വലിയ തോട്ടങ്ങൾ തന്നെ അതിർത്തികളിലെ കാടുകൾക്കുനടുവിലുണ്ട്.
അഴിമതിയും മസ്സിൽപവറും മത്സരിക്കുന്നിടത്ത് പെൺകരുത്തിന് ജനാധിപത്യ ഇടം കണ്ടെത്തുക ദുഷ്‌കരമാവുന്നു. പ്രതിരോധിക്കാനായി വിവിധ മിത്തുകൾ വളർത്തിയെടുക്കുകയും ചെയ്യുന്നു.

ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന പത്രപ്രവർത്തകൻ രാജ്ദീപ് സർദേശായി മണിപ്പൂർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുമായി നടത്തിയ അഭിമുഖത്തിനിടെ കുട്ടികളിൽ ഭൂരിപക്ഷവും അവിശ്വാസം അറിയിക്കുകയാണ് ചെയ്തത്. ജനാധിപത്യമല്ല അഴിമതിയാണ് എന്നായിരുന്നു അവരുടെ കാഴ്ച. അവരിൽ അധികവും യുവതികളായിരുന്നു. ‘നിങ്ങൾ എല്ലാം ഇടതാണോ’ എന്ന് രാജ്ദീപ് സർദേശായി തമാശയായി അവരോട് ചോദിക്കുന്നുമുണ്ട്.

ബിരേൻ സിങ്ങ്. / Photo : N.Biren Singh, Fb Page

മണിപ്പൂരിൽ ഇടതുപക്ഷ പാർട്ടികൾക്ക് സ്വാധീനമുണ്ടായിരുന്നു. പക്ഷെ ജനങ്ങളിലേക്കെത്താൻ കൃത്യമായ നയമോ ആശയമോ രൂപീകരിക്കാൻ പറ്റാത്തവിധം ദുർബലമാണ് പ്രവർത്തനങ്ങൾ. യഥാർഥ രാഷ്ട്രീയം വീണ്ടെടുക്കാനുളള സ്‌പേസിലേയ്ക്ക് കടന്നുകയറാനുള്ള ശേഷി നഷ്ടപ്പെടുത്തിയ സാഹചര്യമാണ്. അതേസമയം, സമൂഹമനസിൽ അത്തരം ആവശ്യകതയുടെ ഒരിടം നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ടെററിസം പോർട്ടൽ റിപ്പോർട്ട് പ്രകാരം 35-ലധികം തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടിവിടെ. ഇവയിൽ പലതും രാഷ്ട്രീയ നേതാക്കൾ തന്നെ വളർത്തുന്നവയാണെന്ന് അടക്കംപറയുന്നു.
സ്ത്രീസംഘടനകൾക്ക്, പ്രത്യേകിച്ചും ‘മെരിയ പെയിബി’ പോലുള്ളവയ്ക്ക്, തീവ്രവാദ ഗ്രൂപ്പുകൾക്കുമേലും സ്വാധീനമുണ്ട്. സ്ത്രീസംഘടനകളെ മറികടന്ന് പ്രവർത്തിക്കുന്ന അണ്ടർഗ്രൗണ്ട് സംഘങ്ങൾ കുറവാണ്. അവരുടെ മുന്നറിയിപ്പുകളും വിലക്കുകളും വിലമതിക്കപ്പെടാറുണ്ട്. പക്ഷെ രാഷ്ട്രീയം വേറെ കളിയാണ്. പരമ്പരാഗത രാഷ്ട്രീയവഴികളിൽ സ്ത്രീകൾക്കെതിരെ കൃത്യമായ ദൂരം/അകലം വരച്ചുവെച്ചിട്ടുണ്ട്.

നിലനിൽക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തെ മലീമസമാക്കി നിലനിർത്തുക എന്നത് അധികാരത്തിന്റെ ശക്തികേന്ദ്രങ്ങൾ കൈയാളുന്നവരുടെയും അതിനെ വലംവെക്കുന്നവരുടെയും ആവശ്യമാണ്. കേന്ദ്രം ഭരിക്കുന്നവർ സംസ്ഥാനവും ഭരിക്കും എന്നാവുമ്പോൾ ഏതു കള്ളിയിലും ചാടിക്കളിക്കാവുന്ന അഭ്യാസമായി തെരഞ്ഞെടുപ്പുകളും മാറുന്നു. ശക്തികേന്ദ്രങ്ങളെ നിയന്ത്രിക്കുന്നവർക്ക് ആശയങ്ങളുടെ ഭാരം ഒന്നുമില്ല. ഇതോടൊപ്പം ഈ സംസ്ഥാനങ്ങൾ പലപ്പോഴും പരിഗണിക്കപ്പെടുന്നത് സൈനിക പരിശീലന കേന്ദ്രങ്ങളായുമാണ്. ഇറോം ശർമിളയംയും തനോജാം ബൃന്ദയംയും പോലുള്ളവരെ പുറത്തുനിർത്തുക എന്നത് ഈ സംവിധാനത്തിന്റെ കൊടുക്കൽ വാങ്ങലുകളിൽ അധിഷ്ഠിതമായ തുടർച്ച ഉറപ്പാക്കാൻ ആവശ്യമാണ്. ഇതിനെ പൊട്ടിക്കാനുളള ആശയപരമായ ഉള്ളുറപ്പുള്ള പാർട്ടികൾ തന്നെ ഉണ്ടെങ്കിലും അവർ സ്വന്തം ദുർബലതകളുടെ സുരക്ഷാ തോടിനുള്ളിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്.▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


എൻ.എ. ബക്കർ

മാധ്യമപ്രവർത്തകൻ. മണിപ്പൂരിൽ രണ്ടര വർഷത്തോളം മാതൃഭൂമി സ്റ്റാഫ് കറസ്പോണ്ടന്റായിരുന്നു.

Comments