ഞങ്ങളുടേതല്ല,
ഈ നിയമസഭയും
പാർലമെന്റും

‘‘നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീസംവരണനിയമം അനുശാസിക്കുന്ന 33 ശതമാനം പ്രാതിനിധ്യമെങ്കിലും സ്ത്രീകൾക്ക് നൽകി, മുന്നണികൾ രാഷ്ട്രീയസത്യസന്ധത പാലിക്കണം. ഒരു ട്രാൻസ് ജെൻഡർ വ്യക്തിയെങ്കിലും അടുത്ത നിയമസഭയിലുണ്ടാകണം’’- തുല്യപ്രാതിനിധ്യപ്രസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അംഗം അഡ്വ. രമ കെ.എം എഴുതുന്നു.

നിയമസഭയും പാർലമെന്റും ഞങ്ങളുടേതല്ല എന്ന് സ്ത്രീകൾ ഉച്ചത്തിൽ പറയാൻ തുടങ്ങിയിരിക്കുന്നു. ജനസംഖ്യയിൽ ഭൂരിപക്ഷമായ സ്ത്രീകളെ ഏഴ് പതിറ്റാണ്ടു കഴിഞ്ഞിട്ടും നിയമസഭയിലും പാർലമെന്റിലും അതിന്യൂനപക്ഷമായി നിർത്തിയിരിക്കുന്നു എന്ന് അവർ കൂടുതൽ വ്യക്തമായി ഇന്ന് മനസ്സിലാക്കുന്നുണ്ട്.

കേരള ജനതയുടെയും സംസ്ഥാനത്തെ വോട്ടർമാരുടെയും 52 ശതമാനം വരുന്ന സ്ത്രീകൾക്ക് നിയമസഭയിലുള്ള പ്രാതിനിധ്യം എട്ടു ശതമാനം മാത്രം. പാർലമെന്റിലും സ്ഥിതി വ്യത്യസ്തമല്ല. ഒന്നേമുക്കാൽ കോടി വരുന്ന കേരളത്തിലെ സ്ത്രീകളെ പ്രതിനിധീകരിക്കാൻ ലോക്സഭയിലും രാജ്യസഭയിലും ഒരു സ്ത്രീ എം.പി വീതം മാത്രമാണുള്ളത്. ജനസംഖ്യാനുപാതം നോക്കിയാൽ നിയമനിർമാണസഭകളിൽ പകുതിയിലേറെയും സ്ത്രീകളാവേണ്ടതാണ്.

1957-ൽ കേരളം പിറന്നതു മുതലുള്ള കണക്കുകൾ നോക്കുക.

കേരള നിയമസഭയിലെ സ്ത്രീപ്രാതിനിധ്യ കണക്ക് (1957- 2021)

അവലംബം: https://www.niyamasabha.nic.in/index.php/content/member_search * നിലവിൽ 11 പേർ
അവലംബം: https://www.niyamasabha.nic.in/index.php/content/member_search * നിലവിൽ 11 പേർ

പല സാമൂഹ്യവികസന സൂചികകളിലും സമ്പന്ന രാജ്യങ്ങൾക്കൊപ്പമായ കേരളം സ്ത്രീകളുടെ രാഷ്ട്രീയാധികാരത്തിലെ പങ്ക് എന്ന ജനാധിപത്യത്തിന്റെ സുപ്രധാന സൂചികയിൽ ഇന്നും വളരെ പിറകിലാണ്. കേരള നിയമസഭയിലെ സ്ത്രീപ്രാതിനിധ്യം മറ്റു സംസ്ഥാന നിയമസഭകളിലേതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് പ്രബുദ്ധകേരളത്തിന്റെ യഥാർത്ഥ അവസ്ഥ വ്യക്തമാവുക. സാമൂഹ്യവികസനസൂചികകളിൽ ഏറെ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ പോലും സ്ത്രീപ്രാതിനിധ്യത്തിൽ കേരളത്തേക്കാൾ വളരെ മുന്നിലാണ് എന്ന് ലജ്ജയോടെ നാം മനസ്സിലാക്കണം.

സംസ്ഥാന നിയമസഭകളിലെ സ്ത്രീപ്രാതിനിധ്യം:

അവലംബം: https://prsindia.org/mlatrack, സംസ്ഥാന നിയസഭാ വെബ്സൈറ്റുകൾ
അവലംബം: https://prsindia.org/mlatrack, സംസ്ഥാന നിയസഭാ വെബ്സൈറ്റുകൾ

പിന്നാക്കവിഭാഗങ്ങളിലെ
സ്ത്രീപ്രാതിനിധ്യം

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നിയമനിർമാണസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി സംവരണമുണ്ടെങ്കിലും അതിന്റെ പ്രയോജനം ആ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ലഭിക്കാറില്ല. ജനസംഖ്യയിൽ 9.1% വരുന്ന പട്ടികജാതിവിഭാഗങ്ങൾക്ക് 14 സീറ്റും (10%) 1.5 ശതമാനമുള്ള പട്ടികവർഗക്കാർക്ക് 2 സീറ്റും (1.4%) സംവരണത്തിലൂടെ ഉറപ്പുവരുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾപോലും പട്ടികജാതിക്കാരായ രണ്ട് സ്ത്രീ എം.എൽ.എ മാത്രമാണ് നമുക്കുള്ളത്. പട്ടികവർഗത്തിൽനിന്ന് സ്ത്രീകളില്ല. സാമുദായിക സംവരണം ആ സമുദായത്തിലെ പുരുഷന്മാർക്ക് മാത്രമേ പ്രയോജനപ്പെടുന്നുള്ളു എന്നും ജെൻഡർ അടിസ്ഥാനത്തിലുള്ള സംവരണമില്ലാതെ സ്ത്രീകൾക്ക് പ്രാതിനിധ്യം നേടാനാകില്ല എന്നും ഇത് വ്യക്തമാക്കുന്നു.

പട്ടികജാതി- പട്ടികവർഗ സ്ത്രീപ്രാതിനിധ്യം നിയമസഭയിൽ

ജനസംഖ്യയിൽ 9.1% വരുന്ന പട്ടികജാതിവിഭാഗങ്ങൾക്ക് 14 സീറ്റും (10%) 1.5 ശതമാനമുള്ള പട്ടികവർഗക്കാർക്ക് 2 സീറ്റും (1.4%) സംവരണത്തിലൂടെ ഉറപ്പുവരുത്തിട്ടുണ്ട്. എന്നാൽ പട്ടികജാതിക്കാരായ രണ്ട് സ്ത്രീ എം.എൽ.എ മാത്രമാണ് നമുക്കുള്ളത്. പട്ടികവർഗത്തിൽനിന്ന് സ്ത്രീകളില്ല.
ജനസംഖ്യയിൽ 9.1% വരുന്ന പട്ടികജാതിവിഭാഗങ്ങൾക്ക് 14 സീറ്റും (10%) 1.5 ശതമാനമുള്ള പട്ടികവർഗക്കാർക്ക് 2 സീറ്റും (1.4%) സംവരണത്തിലൂടെ ഉറപ്പുവരുത്തിട്ടുണ്ട്. എന്നാൽ പട്ടികജാതിക്കാരായ രണ്ട് സ്ത്രീ എം.എൽ.എ മാത്രമാണ് നമുക്കുള്ളത്. പട്ടികവർഗത്തിൽനിന്ന് സ്ത്രീകളില്ല.

മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ഒ.ബി.സി വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ സംവരണമില്ലാത്തതിനാൽ നിയമനിർമാണസഭകളിൽ അവരുടെ പ്രാതിനിധ്യം ഏറെക്കുറെ ഇല്ല എന്നുതന്നെ പറയാം. സംസ്ഥാന ജനസംഖ്യയിൽ 13.5 ശതമാനത്തോളം മുസ്ലിം സ്ത്രീകളാണ്. എന്നാൽ കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലംകൊണ്ട് ആ സമുദായത്തിൽനിന്നു നമുക്ക് ലഭിച്ചത് 6 എം.എൽ.എ മാരെ മാത്രം. രാജ്യത്തെ മൊത്തം ജനസംഖ്യയെടുത്താൽ 7.1 ശതമാനമാണ് മുസ്ലിം സ്ത്രീകൾ. ഇന്നുവരെയുള്ള 18 ലോക്സഭകളിലും കൂടി 18 മുസ്ലിം സ്ത്രീ എം.പിമാരാണ് നമുക്കുണ്ടായിട്ടുള്ളത്. കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങൾ ഇതുവരെ ഒരു മുസ്ലിം സ്ത്രീ എം.പിയെപ്പോലും പാർലമെന്റിലേക്ക് അയച്ചിട്ടില്ല എന്ന യാഥാർഥ്യം എത്രപേർക്കറിയാം? മുസ്ലിം സമുദായത്തിന്റെ താല്പര്യങ്ങൾക്കുവേണ്ടി നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗ് നിയമനിർമാണസഭകളിലേക്ക് ഇന്നുവരെ ഒരു സ്ത്രീയെപ്പോലും എത്തിച്ചിട്ടില്ല എന്നതാണ് മറ്റൊരു പൊള്ളുന്ന യാഥാർഥ്യം.

കേരളത്തിലെ സ്ത്രീകൾക്ക് ജയസാധ്യതയില്ല എന്നതാണ് ഇവിടെ സ്ത്രീകളെ മൽസരിപ്പിക്കാതിരിക്കാൻ പ്രധാന കാരണമായി പറയുന്നത്. പക്ഷെ ഈ വാദം സ്ത്രീകളെ ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണെന്ന് നിസ്സംശയം പറയാൻ കഴിയും.

ട്രാൻസ്ജെൻഡർ പ്രാതിനിധ്യം

ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമാണ്. LGBTQIA+ കമ്മ്യൂണിറ്റികൾ ജാതി, മതഭേദമന്യേ കടുത്ത മർദ്ദനങ്ങളും അടിച്ചമർത്തലും അവഗണനയും നേരിടുന്നവരാണ്. അവരുടെ എണ്ണം പോലും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനമെങ്കിലും ട്രാൻസ്ജെൻഡർ വ്യക്തികൾ ഉണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. ചരിത്രത്തിൽ ഒരേയൊരു തവണ മാത്രമാണ് ഒരു ട്രാൻസ്ജെൻഡർ വ്യക്തി നിയമനിർമാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1998-ൽ ശബ്നം ബാനു മധ്യപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിനുമുമ്പോ ശേഷമോ ഒരു നിയമനിർമാണസഭയിലും അവർക്ക് പ്രവേശനം ലഭിച്ചിട്ടില്ല. 2014-ൽ പ്രത്യേക ജെൻഡറായി നിയമം അംഗീകരിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നിയമസഭകളിലും പാർലമെന്റിലും മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളിൽ പോലും സംവരണമില്ല എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ പരാജയമാണ്.

പിന്നാക്കവിഭാഗങ്ങളിലും മതന്യൂനപക്ഷങ്ങളിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തിൽ അവർക്ക് നിയമ-നയരൂപീകരണത്തിൽ എന്തുപങ്കാണ് വഹിക്കാൻ കഴിയുക?

എവിടെ സ്ത്രീമുഖ്യമന്ത്രി?

1963-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ സുചേതാ കൃപലാനിയാണ് ഇന്ത്യയിലെ ആദ്യ സ്ത്രീമുഖ്യമന്ത്രി. അന്നുമുതൽ 17 സ്ത്രീകൾ വിവിധ സംസ്ഥാനങ്ങളിലായി മുഖ്യമന്ത്രിമാരായിട്ടുണ്ട്. പിന്നാക്ക സംസ്ഥാനങ്ങളായി മുദ്ര കുത്തിയിട്ടുള്ളയിടങ്ങളിൽപ്പോലും.

എന്നാൽ പ്രബുദ്ധകേരളത്തിന് ഒരു സ്ത്രീമുഖ്യമന്ത്രി ഉണ്ടാവാൻ ഇനിയും സമയമായിട്ടില്ല. നാല് പതിറ്റാണ്ട് മുൻപ് “കേരം തിങ്ങും കേരളനാട് കെ. ആർ. ഗൗരി ഭരിച്ചീടും” എന്ന് നമ്മെ പറഞ്ഞുവിശ്വസിപ്പിച്ച് ഭരണം കിട്ടിയപ്പോൾ ഒരു വിശദീകരണം പോലുമില്ലാതെ ഇ. കെ. നായനാരെ മുഖ്യമന്ത്രിയാക്കിയത് കേരളജനത മറക്കില്ല.

1963-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ സുചേതാ കൃപലാനിയാണ് ഇന്ത്യയിലെ ആദ്യ സ്ത്രീമുഖ്യമന്ത്രി. അന്നുമുതൽ 17 സ്ത്രീകൾ വിവിധ സംസ്ഥാനങ്ങളിലായി മുഖ്യമന്ത്രിമാരായിട്ടുണ്ട്. പിന്നാക്ക സംസ്ഥാനങ്ങളായി മുദ്ര കുത്തിയിട്ടുള്ളയിടങ്ങളിൽപ്പോലും. എന്നാൽ  പ്രബുദ്ധകേരളത്തിന് ഒരു സ്ത്രീമുഖ്യമന്ത്രി ഉണ്ടാവാൻ ഇനിയും സമയമായിട്ടില്ല.
1963-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ സുചേതാ കൃപലാനിയാണ് ഇന്ത്യയിലെ ആദ്യ സ്ത്രീമുഖ്യമന്ത്രി. അന്നുമുതൽ 17 സ്ത്രീകൾ വിവിധ സംസ്ഥാനങ്ങളിലായി മുഖ്യമന്ത്രിമാരായിട്ടുണ്ട്. പിന്നാക്ക സംസ്ഥാനങ്ങളായി മുദ്ര കുത്തിയിട്ടുള്ളയിടങ്ങളിൽപ്പോലും. എന്നാൽ പ്രബുദ്ധകേരളത്തിന് ഒരു സ്ത്രീമുഖ്യമന്ത്രി ഉണ്ടാവാൻ ഇനിയും സമയമായിട്ടില്ല.

ഒഴിവാക്കാൻ മാർഗങ്ങൾ നിരവധി

കേരളത്തിലെ സ്ത്രീകൾക്ക് ജയസാധ്യതയില്ല എന്നതാണ്, സ്ത്രീകളെ മൽസരിപ്പിക്കാതിരിക്കാൻ പ്രധാന കാരണമായി പറയുന്നത്. പക്ഷെ ഈ വാദം സ്ത്രീകളെ ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണെന്ന് നിസ്സംശയം പറയാൻ കഴിയും. അഖിലേന്ത്യാതലത്തിൽ ജനപ്രതിനിധികളായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും മത്സരത്തിനെത്തുന്ന സ്ത്രീകളുടെ ജയസാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. 1957- ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 9 സ്ത്രീകളിൽ 6 പേരും വിജയിച്ചു; വിജയം 67- ഓളം. അതേ തെരഞ്ഞെടുപ്പിൽ 397 പുരുഷൻമാർ മത്സരിച്ചതിൽ ജയിച്ചത് 120 പേരായിരുന്നു (30%). സ്ത്രീകളുടെ രാഷ്ട്രീയധികാരത്തിനു പുറത്തുനിർത്തുന്നതിൽ പാർട്ടി-മുന്നണി ഭേദങ്ങളില്ല. എല്ലാവരും സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ നിരുൽസാഹപ്പെടുത്തുന്നതിലും അവരെ ഏതുവിധേനയും ഒഴിവാക്കുന്നതിലും ഒറ്റക്കെട്ടാണ്. കപ്പിനും ചുണ്ടിനുമിടയിൽ സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ട എത്രയോ കഴിവുറ്റ സ്ത്രീകൾ നമുക്കിടയിലുണ്ട്. തോൽക്കുമെന്നുറപ്പുള്ള മണ്ഡലങ്ങളിൽ നിർത്തുന്നതു മുതൽ സ്വന്തം പാർട്ടിയിലെ സ്ത്രീകൾക്കെതിരെപ്പോലും അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തുന്നതുവരെയുള്ള കുതന്ത്രങ്ങൾ സ്ത്രീസ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ആയുധമാക്കാറുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഓരോ സ്ത്രീയും പാർലമെൻറിലും നിയമസഭയിലും എത്തുന്നത്.

സംവരണം ജനാധിപത്യത്തിലേക്കുള്ള വാതിൽ

കുടുംബവും രാഷ്ട്രീയപാർട്ടികളടക്കമുള്ള എല്ലാ സാമൂഹ്യസ്ഥാപനങ്ങലും പിതൃമേധാവിത്വത്തിന്റെ വാഹകരും സംരക്ഷകരുമാണ്. തുല്യതയിലൂന്നിയ ഒരു ഭരണഘടനയുണ്ടായിട്ടും സ്ത്രീകളും മറ്റു പുരുഷേതര ജെൻഡർ വിഭാഗങ്ങൾക്കും അധികാരസ്ഥാനങ്ങളിൽ നിന്ന് ഒഴിച്ചുനിർത്തപ്പെടുന്നത് അതുകൊണ്ടുതന്നെയാണ്.

ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിലേക്കുള്ള ആദ്യചുവടായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീസംവരണനിയമം അനുശാസിക്കുന്ന 33 ശതമാനം പ്രാതിനിധ്യമെങ്കിലും സ്ത്രീകൾക്ക് നൽകി, മുന്നണികൾ രാഷ്ട്രീയസത്യസന്ധത പാലിക്കണം.

നിയമനിർമാണസഭകളിൽ മാത്രമല്ല, മന്ത്രിസഭകളിലും രാഷ്ട്രീയനേതൃത്വങ്ങളിലും സാമൂഹ്യ- സാംസ്‌കാരിക- കായിക സംഘടനകളിലുമെല്ലാം നയതീരുമാനങ്ങൾ എടുക്കുന്ന സമിതികളിൽ ജനസംഖ്യയുടെ പകുതിയോ അതിലധികമോ വരുന്ന സ്ത്രീകൾ അതിന്യൂനപക്ഷമാണ്. ഒരു വിഭാഗം ജനസംഖ്യാപരമായി ന്യൂനപക്ഷമാകുമ്പോൾ മാത്രമല്ല, മറ്റൊരു വിഭാഗം അവരുടെ അവകാശങ്ങൾ കവരുകയോ നിഷേധിക്കുകയോ ചെയ്യുമ്പോഴും രാഷ്ട്രീയമായി ആ വിഭാഗത്തെ ന്യൂനപക്ഷമായി കണക്കാക്കേണ്ടതും അവർക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം നൽകി അത് പരിഹരിക്കേണ്ടതുമുണ്ട് എന്ന ഡോ. ബി. ആർ. അംബേദ്‌കറുടെ നിരീക്ഷണം സ്ത്രീകളുടെയും മറ്റു പുരുഷേതര ജെൻഡർ വിഭാഗങ്ങളുടെയും രാഷ്ട്രീയാധികാരത്തിന്റെ കാര്യത്തിൽ വളരെ പ്രസക്തമാണ്. അത് പരിഹരിക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാർഗമാണ് സംവരണം. തദ്ദേശസ്ഥാപനങ്ങളിൽ അതിന്റെ ഗുണം നാം കണ്ടതാണ്. എന്നാൽ നിയമനിർമാണസഭകളിലേക്കുള്ള സംവരണവും കേന്ദ്ര- സംസ്ഥാന ഭരണത്തിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവും പരമാവധി നീട്ടിവെക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത്.

സ്ത്രീസംവരണത്തിലെ അട്ടിമറി

നിയമനിർമാണസഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബില്ല് പാർലമെൻ്റിൽ ആദ്യമായി അവതരിപ്പിക്കുന്നത് 1996 ലാണ്. ഒടുവിൽ 27 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം 2023- ലാണ് ബില്ല് പാസാക്കുന്നത്. സ്ത്രീകളുടെ തുല്യപ്രാതിനിധ്യത്തിലേക്കുള്ള ആദ്യ ചുവട് എന്ന നിലയിൽ സ്ത്രീസംവരണനിയമം ഏറെ പ്രാധാന്യമുള്ളതാണ്. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ 33 ശതമാനം അതാത് വിഭാഗം സ്ത്രീകൾക്ക് സംവരണം ചെയ്യാനുള്ള വ്യവസ്ഥ, സാമുദായിക സംവരണത്തിന്റെ ഗുണഫലം അതാത് സമുദായത്തിലെ സ്ത്രീകൾക്കുകൂടി ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.

ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിലേക്കുള്ള ആദ്യചുവടായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീസംവരണനിയമം അനുശാസിക്കുന്ന 33 ശതമാനം പ്രാതിനിധ്യമെങ്കിലും സ്ത്രീകൾക്ക് നൽകി, മുന്നണികൾ രാഷ്ട്രീയസത്യസന്ധത പാലിക്കണം.

എന്നാൽ, അടുത്ത സെൻസസിനും അത് കഴിഞ്ഞുള്ള മണ്ഡലപുനർനിർണയത്തിനും ശേഷമേ നിയമം നടപ്പിലാക്കൂ എന്ന വിചിത്ര നിബന്ധനയോടെയാണ് മോദിസർക്കാർ ബിൽ അവതരിപ്പിച്ചതും പാസാക്കിയെടുത്തതും. പ്രസ്തുതനിയമം 2029-നു ശേഷം മാത്രമേ നടപ്പിലാക്കൂ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിൽ എന്തിനാണ് 2023-ൽ നിയമം പാസാക്കിയത്? സ്ത്രീകൾക്ക് രാഷ്ട്രീയാധികാരത്തിൽ പങ്കാളിത്തം നൽകാൻ ഒരു രാഷ്ട്രീയകക്ഷിക്കും താല്പര്യമില്ല എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സ്ത്രീസംവരണനിയമം.

നിബന്ധനകളൊന്നും കൂടാതെ നിയമം ഉടൻ നടപ്പിലാക്കണമെന്ന് മിക്ക പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ ആവശ്യപ്പെട്ടതാണ്. എന്നാൽ തുടർന്ന് 2024-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ പതിവുപോലെ, പേരിനു മാത്രം സ്ത്രീകളെ മത്സരിപ്പിച്ചതിലൂടെ അവരുടെ നിലപാട് അവർ തന്നെ റദ്ദ് ചെയ്യുകയാണുണ്ടായത്. ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസ്സും ബിജു ജനതാദളും മാത്രമായിരുന്നു ഇതിനപവാദം.

ഇനിയും വൈകിക്കരുത്

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണ് നീതി. പുരുഷന്മാരുടെ ദുർമേദസ്സ് പേറാത്ത നിയമസഭയും പാർലമെൻ്റും ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിലേക്കുള്ള ആദ്യചുവടായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീസംവരണനിയമം അനുശാസിക്കുന്ന 33 ശതമാനം പ്രാതിനിധ്യമെങ്കിലും സ്ത്രീകൾക്ക് നൽകി, മുന്നണികൾ രാഷ്ട്രീയസത്യസന്ധത പാലിക്കണം. ഒരു ട്രാൻസ് ജെൻഡർ വ്യക്തിയെങ്കിലും അടുത്ത നിയമസഭയിലുണ്ടാകണം. സ്ത്രീകളുടെയും ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെയും അന്തസ്സും ദൃശ്യതയും അവകാശങ്ങളും ഉറപ്പിക്കാനും കേരളം മെച്ചപ്പെട്ട ഒരു ജനാധിപത്യ സമൂഹമായി മാറാനും അത് അനിവാര്യമാണ്. ജെൻഡർ പ്രാതിനിധ്യത്തിലും സാമുദായിക പ്രാതിനിധ്യത്തിലും നീതി പുലർത്തുന്നതാകണം ഇനിയുള്ള തെരഞ്ഞെടുപ്പുകൾ.

  • വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്നു സീറ്റുകളിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കുക.

  • അടുത്ത നിയമസഭയിൽ ഒരു ട്രാൻസ് ജെൻഡർ വ്യക്തിയെങ്കിലും ഉണ്ടാകണം.

  • അടുത്ത മുഖ്യമന്ത്രി സ്ത്രീ ആകണം.

  • സ്ത്രീപീഡകർക്ക് സീറ്റ് നൽകരുത്.

  • മൂന്നിലൊന്ന് മന്ത്രിസ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകണം.

Comments