രാഷ്ട്രീയത്തിലെത്താൻ,
അവിടെ പൊറുക്കാൻ,
സ്ത്രീകൾ കൊടുക്കേണ്ടിവരുന്ന
വില ഇനിയും കൂടിക്കൂടാ…

‘‘ഇന്ന് കേരളത്തിൽ രാഷ്ട്രീയപ്രവർത്തകരാകാൻ ആഗ്രഹിക്കുന്ന, അധികാരം കാംക്ഷിക്കുന്ന, ഒട്ടനവധി സ്ത്രീകളുണ്ടെന്ന് നമ്മുടെ തെരെഞ്ഞെടുപ്പുകാല തർക്കങ്ങൾ സൂചിപ്പിക്കുന്നു. അധികാരപ്രവേശനത്തിന്റെ പേരിൽ സ്ത്രീകൾ തമ്മിൽ മത്സരിക്കാനും അവരെ എതിരാളികളാക്കി രസിക്കാനുമുള്ള വാസന എല്ലാ മുഖ്യധാരാ രാഷ്ട്രീയകക്ഷികളിലും കാണുന്നുണ്ട്’’- ജെ. ദേവിക എഴുതുന്നു.

ധുനിക ജനാധിപത്യരൂപീകരണ ചരിത്രത്തിലെ പിതൃമേധാവിത്വത്തെ വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിച്ച ഫെമിനിസ്റ്റ് രാഷ്ട്രീയചിന്തകർ എടുത്തുപറയുന്ന ഒരു കാര്യമുണ്ട്; പാശ്ചാത്യലോകത്ത് ആധുനിക ജനാധിപത്യത്തിന്റെ പിറവി തുല്യതാവാദ്ഗാനത്തോടെയായിരുന്നെങ്കിലും, ആ വാദ്ഗാനം സ്ത്രീകളുടെ മേലുള്ള പുരുഷന്മാധികാരത്തെ അരക്കിട്ടുറപ്പിക്കുന്ന പ്രക്രിയയുടെ മേലാണ് സ്ഥാപിക്കപ്പെട്ടത്. സ്ത്രീകൾക്ക് നിയമപരമായ വ്യക്തിത്വവും സ്വത്തവകാശങ്ങളും നിഷേധിച്ച വ്യവസ്ഥകളാണ് ആധുനിക ജനാധിപത്യങ്ങളുടെ അടിത്തറയായത്. ആധുനിക സിവിൽസമൂഹത്തിനു പുറത്തായിരുന്നു സ്ത്രീകളുടെ സ്ഥാനം – ആധുനിക പൗരസങ്കല്പം പരോക്ഷമായി പുരുഷമാതൃകയെ ആശ്രയിച്ചാണ് വികസിച്ചത്. സ്ത്രീകളുടെ താത്പര്യങ്ങളും ജീവിതവും മാത്രമല്ല, അവരുടെ ശരീരങ്ങൾ തന്നെ ഈ പൗരത്വസങ്കല്പത്തിനു പുറത്തായതുകൊണ്ടു പൗരത്വം കാംക്ഷിക്കുന്ന സ്ത്രീകൾ പുരുഷനില – ഒരുതരം ‘ഓണററി പുരുഷത്വം’ കാംക്ഷിക്കുന്നവരായി.

പൗരത്വത്തെ സ്ത്രീപക്ഷത്തുനിന്ന് തിരുത്തിയെഴുതാൻ- സ്ത്രീകളുടെ ജീവിതങ്ങളുടെ, ശാരീരികപ്രത്യേകതകളുടെ, അംശങ്ങളെ പൗരത്വത്തിന്റെ കേന്ദ്രനിർവചനത്തിപൗ ഭാഗമാക്കാൻ- ശ്രമിച്ച സ്ത്രീകൾക്ക് കേൾവി കിട്ടിയില്ലെന്നു മാത്രമല്ല, ചിലപ്പോഴെങ്കിലും സ്വന്തം ജീവൻ തന്നെ നഷ്ടമായി. ആധുനിക ജനാധിപത്യവത്ക്കരണപ്രക്രിയകൾ കഴിഞ്ഞ നൂറ്റാണ്ടിൽ ഏറെ വളർന്നെങ്കിലും പൗരത്വസങ്കല്പനം പുരുഷമാതൃകകളെത്തന്നെ ആശ്രയിക്കുന്ന രീതി കാര്യമായി മാറിയില്ല.

സ്ത്രീകൾക്ക് നിയമപരമായ വ്യക്തിത്വവും സ്വത്തവകാശങ്ങളും നിഷേധിച്ച വ്യവസ്ഥകളാണ് ആധുനിക ജനാധിപത്യങ്ങളുടെ അടിത്തറയായത്. ആധുനിക സിവിൽസമൂഹത്തിനു പുറത്തായിരുന്നു സ്ത്രീകളുടെ സ്ഥാനം –  ആധുനിക പൗരസങ്കല്പം പരോക്ഷമായി പുരുഷമാതൃകയെ ആശ്രയിച്ചാണ് വികസിച്ചത്.
സ്ത്രീകൾക്ക് നിയമപരമായ വ്യക്തിത്വവും സ്വത്തവകാശങ്ങളും നിഷേധിച്ച വ്യവസ്ഥകളാണ് ആധുനിക ജനാധിപത്യങ്ങളുടെ അടിത്തറയായത്. ആധുനിക സിവിൽസമൂഹത്തിനു പുറത്തായിരുന്നു സ്ത്രീകളുടെ സ്ഥാനം – ആധുനിക പൗരസങ്കല്പം പരോക്ഷമായി പുരുഷമാതൃകയെ ആശ്രയിച്ചാണ് വികസിച്ചത്.

ജനാധിപത്യ പൗരസങ്കല്പത്തിന്റെ ഈ പരിമിതി അധികാരസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. അധികാരസ്ഥാനങ്ങളിലെത്തുന്ന സ്ത്രീകൾ പുരുഷന്മാരുമായി പൊതുവെ ബന്ധപ്പെടുത്തിയിട്ടുള്ള താത്പര്യങ്ങൾ, ഭാവങ്ങൾ, സംസാര-ചിന്താരീതികൾ, ശരീരഭാഷ മുതലായവ കൈക്കൊള്ളണമെന്ന നിശ്ശബ്ദനിയമം ലോകത്ത് പലയിടങ്ങളിലും, ഇവിടെയും, പ്രാവർത്തികമായിട്ടുണ്ട്. കുറഞ്ഞപക്ഷം തങ്ങളുടെ ശരീരങ്ങളുടെ പ്രജനനപരമോ ലൈംഗികമോ ആയ വശങ്ങളെ പാടെ മറയ്ക്കുംവിധമുള്ള വസ്ത്രധാരണം സ്വീകരിക്കാനും, ‘പുരുഷോചിതമായ’ രീതികളിൽ പെരുമാറാനുമുള്ള പ്രേരണ അധികാരസ്ഥാനമേറിയ സ്ത്രീകൾ നേരിട്ടിട്ടുണ്ട്. പൂർണതുല്യതയ്ക്ക് സ്ത്രീകൾ കൊടുക്കുന്ന വിലയാണിത്.

പൗരത്വത്തിന്റെയും അധികാരനിർവഹണത്തിന്റെയും കാതലായി നിലനിൽക്കുന്ന പുരുഷമാതൃകയോട് അടുക്കുംതോറും അധികാരിയായി അവർ അറിയപ്പെടാനുള്ള സാധ്യത ഉയരും. ആ അംഗീകാരം നേടുമ്പോൾ ഓണററി പുരുഷത്വം അവർ കൈവരിക്കും.

പൂർണതുല്യത എന്നാൽ ശക്തമായ അധികാരപ്രയോഗത്തിനുള്ള അവസരം സിദ്ധിക്കുക എന്നു മാത്രമല്ല. പുരുഷന്മാരായ ഉന്നത രാഷ്ട്രീയക്കാരുടെയും പൊതുവെ പുരുഷാധികാരവ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന കീഴ്നില സദാ പ്രകടമാക്കാതെ തന്നെ, പൂർണമായ ആത്മാഭിമാന- സ്വാതന്ത്ര്യബോധങ്ങൾ കൈവശം വച്ചുകൊണ്ട് അധികാരസ്ഥാനത്തേയ്ക്കു പ്രവേശിക്കുക, പ്രവർത്തിക്കുക എന്നാണർത്ഥം. അധികാരിപുരുഷന്മാരുടെ തണലിൽ, അല്ലെങ്കിൽ അവരുടെ ബന്ധുക്കളെന്ന നിലയ്ക്ക്, അതുമല്ലെങ്കിൽ അവരുടെ ശുപാർശയിന്മേൽ, രാഷ്ട്രീയാധികാരത്തിലെത്തുന്ന സ്ത്രീകൾക്ക് കാര്യമായ അംഗീകാരവും ബഹുമാനവും ആധുനിക ജനാധിപത്യങ്ങളിൽ കിട്ടിയിട്ടുമുണ്ട്, പക്ഷേ പിൻഗാമിനിയുടെ സ്ഥാനത്തെ കുടഞ്ഞെറിയാൻ, സ്വന്തം നിലയിൽ അധികാരിയായി അറിയപ്പെടാൻ, പുരുഷന്മാരായ രാഷ്ട്രീയക്കാരെക്കാളധികം അവർക്ക് അദ്ധ്വാനിക്കേണ്ടിവരാറുമുണ്ട്.

പൗരത്വത്തിന്റെയും അധികാരനിർവഹണത്തിന്റെയും കാതലായി നിലനിൽക്കുന്ന പുരുഷമാതൃകയോട് അടുക്കുംതോറും അധികാരിയായി അവർ അറിയപ്പെടാനുള്ള സാധ്യത ഉയരും. ആ അംഗീകാരം നേടുമ്പോൾ ഓണററി പുരുഷത്വം അവർ കൈവരിക്കും. മാതൃത്വമാതൃകയെ മുൻനിർത്തി അധികാരത്തിലേറാനുള്ള ശ്രമങ്ങൾ നടന്നിട്ടില്ലെന്നല്ല, പക്ഷേ അവ മിക്കപ്പോഴും ഒതുക്കപ്പെടും; കെ. കെ. ശൈലജയുടെ അനുഭവം മതി അത് തിരിച്ചറിയാൻ.

കേരളത്തിൽ ഒരുപക്ഷേ പൂർണ അധികാരിയായി അംഗീകരിക്കപ്പെട്ട ഏക വനിത ഇന്നും കെ.ആർ. ഗൗരിയമ്മ തന്നെയാണ്.
കേരളത്തിൽ ഒരുപക്ഷേ പൂർണ അധികാരിയായി അംഗീകരിക്കപ്പെട്ട ഏക വനിത ഇന്നും കെ.ആർ. ഗൗരിയമ്മ തന്നെയാണ്.

കേരളത്തിന്റെ സവിശേഷ ചരിത്രപശ്ചാത്തലത്തിൽ ഇപ്പറഞ്ഞ പരിമിതികളുടെ പ്രവർത്തനം പ്രത്യക്ഷത്തിൽ തന്നെ കാണാനുണ്ടായിരുന്നു, ഇന്നും കാണുന്നു. രാഷ്ട്രീയാധികാരത്തിന്റെ പരസ്യമായ പ്രയോഗത്തിൽ നിന്ന് വൈകാരികതയുടെ സ്പർശത്തെ പാടെ മാറ്റിനിർത്തിയ, തന്റെ രാഷ്ട്രീയസാന്നിദ്ധ്യം സ്ത്രീകളുടെ സവിശേഷ താത്പര്യങ്ങളുടെ മേലല്ല ഉയർത്തിയതെന്ന് പരസ്യമായി പറഞ്ഞ, ഗൗരിയമ്മയുടെ രാഷ്ട്രീയവ്യക്തിത്വത്തിൽ, ഉദാഹരണത്തിന്. കേരളത്തിൽ ഒരുപക്ഷേ പൂർണ അധികാരിയായി അംഗീകരിക്കപ്പെട്ട ഏക വനിത ഇന്നും അവർ തന്നെയാണ്. നിയമസഭയിൽ സ്ത്രീകളുടെ പല സവിശേഷവിഷയങ്ങളും ശക്തമായി ഉന്നയിക്കാൻ ഈ സ്വയംനിർവചനമാണ് അവരെ സഹായിച്ചതെന്നതാണ് വിരോധാഭാസം. സ്ത്രൈണത എന്നു തിരിച്ചറിയപ്പെടുന്ന ശരീരഭാഷയോ പെരുമാറ്റമോ സ്വീകരിച്ച എല്ലാ സ്ത്രീകളും ഒരുപോലെ അധികാരത്തിനു പുറത്തായി എന്നല്ല. അധികാരത്തിന്റെ ഏറ്റവും താഴേത്തട്ടുകളിൽ- തദ്ദേശതലത്തിൽ- ഈ സ്ത്രൈണത സ്ത്രീകളായ മത്സരാർത്ഥികൾക്ക് അഭിലഷണീയമാണെന്ന നിശ്ശബ്ദസമ്മതം ഉണ്ടായിരുന്നുവെന്നും തീർച്ചയാണ്. പക്ഷേ സ്ത്രൈണതയെ ഊന്നിയ സ്ത്രീകളുടെ അധികാരം മിക്കപ്പോഴും പുരുഷന്മാരായ ഉന്നതാധികാരികളുടെ ഡെലിഗേറ്റഡ് അധികാരമായി എളുപ്പത്തിൽ തിരിച്ചറിയപ്പെട്ടു, തിരിച്ചറിയപ്പെടുന്നു.

പൗരത്വസങ്കല്പം ഇങ്ങനെ തുടരുന്നിടത്തോളം, അതിന്റെ കുറവുകൾ അധികാരിസങ്കല്പത്തെ ഈവിധം ബാധിക്കുന്നിടത്തോളം, അധികാരത്തിലേറുന്ന സ്ത്രീകൾ ഓണററി ആണധികാരികളായി നിറഞ്ഞാടാനല്ലേ (ഘടനാപരമായിത്തന്നെയുള്ള) സാധ്യത?

രാഷ്ട്രീയപൗരത്വത്തിന്റെ ആൺസ്വഭാവം നമ്മുടെ രാഷ്ട്രീയവ്യവസ്ഥയുടെ ദൈനംദിനതുടർച്ചയിൽ പലപ്പോഴും ഉയർന്നുവരുന്നത് എന്റെ ഗവേഷണ ഫീൽഡ് യാത്രകളിൽ കണ്ടിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തക, ആശ വർക്കർ മുതലായ പരിചരണ-അദ്ധ്വാനത്തോടു ചേർന്നുനിൽക്കുന്ന നിലകളിൽ നിന്ന് സ്ത്രീകൾ പലപ്പോഴും തദ്ദേശതലമടക്കമുള്ള രാഷ്ട്രീയ നിലകളിലേക്ക് ഉയരുമ്പോൾ അവർ പാടെ മാറിപ്പോകുന്നു, അധികാരിഭാവത്തോടെ പെരുമാറുന്നു എന്ന പരാതി അവരുടെ കൂട്ടുകാരികൾ പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. സ്ത്രീകളുടേതായ ഇടങ്ങളിൽ നിന്നും കൂട്ടുകളിൽ നിന്നും അദ്ധ്വാനരൂപങ്ങളിൽ നിന്നും മാറി പുരുഷകേന്ദ്രിതം മാത്രമല്ല, പുരുഷമാതൃകകളിൽ ഊന്നിനിൽക്കുന്നതുമായ രാഷ്ട്രീയ ഇടങ്ങളിലേൽ ഉൾച്ചേരുമ്പോൾ സ്ത്രീകൾക്ക് പലപ്പോഴും സംഭവിക്കുന്ന രൂപ-ഭാവ-മാറ്റങ്ങൾ കേവലം വ്യക്തിപ്രത്യേകതകളോ യാദൃച്ഛികതകളോ അല്ല. ജനാധിപത്യത്തിന്റെ പുരുഷമാതൃകാ ആശ്രിതത്വം അവരിൽ നിന്ന് ഈടാക്കുന്ന വിലയാണ് ആ മാറ്റങ്ങളിൽ പ്രതിഫലിക്കുന്നത്.

അതുകൊണ്ടുതന്നെ, ജനാധിപത്യപൗരത്വം ഈവിധം പരിമിതമായിരിക്കേ, സ്ത്രീശരീരമോ സ്ത്രീജീവിതമോ അതിൽ ഉൾപ്പെടാതിരിക്കേ, ജനാധിപത്യ അധികാരസ്ഥാപനങ്ങളിൽ സ്ത്രീകൾ തുല്യപ്രാതിനിധ്യം തേടുന്നത് എന്തിന് എന്ന ചോദ്യം ഫെമിനിസ്റ്റ് ചർച്ചകളിൽ തുടരെത്തുടരെ ഉയർന്നുവന്നിട്ടുണ്ട്.

പൗരത്വത്തിൻറെയും അധികാരനിർവഹണത്തിന്റെയും കാതലായി നിലനിൽക്കുന്ന പുരുഷമാതൃകയോട് അടുക്കുംതോറും അധികാരിയായി അവർ അറിയപ്പെടാനുള്ള സാധ്യത ഉയരും. ആ അംഗീകാരം നേടുമ്പോൾ ഓണററി പുരുഷത്വം അവർ കൈവരിക്കും.
പൗരത്വത്തിൻറെയും അധികാരനിർവഹണത്തിന്റെയും കാതലായി നിലനിൽക്കുന്ന പുരുഷമാതൃകയോട് അടുക്കുംതോറും അധികാരിയായി അവർ അറിയപ്പെടാനുള്ള സാധ്യത ഉയരും. ആ അംഗീകാരം നേടുമ്പോൾ ഓണററി പുരുഷത്വം അവർ കൈവരിക്കും.

ജനാധിപത്യത്തിലെ അധികാരകേന്ദ്രങ്ങളായ നിയമസഭകളിലെ സ്ത്രീകളുടെ തുല്യപ്രാതിനിധ്യത്തെപ്പറ്റിയുളള ഫെമിനിസ്റ്റ് ചർച്ചകൾ എല്ലായ്പ്പോഴും ഈ സന്ദേഹത്തിൻമേൽ തട്ടിനിന്നിട്ടുണ്ട്. വ്യത്യസ്ത ഫെമിനിസ്റ്റ് നിലപാടുകൾ തമ്മിൽ ഈ വിഷയത്തെപ്പറ്റി പല യോജിപ്പുകളും പങ്കുവച്ചിട്ടുണ്ടെന്ന് തീർച്ച തന്നെ. തുല്യപ്രാതിനിധ്യം സാമൂഹ്യനീതിയുടെ വിഷയമാണ്, അതിനാൽ തർക്കമറ്റ ലക്ഷ്യമാണ്; തുല്യപ്രാതിനിധ്യത്തെ ന്യായീകരിക്കാൻ ഉപയോഗിക്കുന്ന വാദം ഏതുതന്നെയായാലും (ഉദാഹരണത്തിന്, തുല്യപ്രാതിനിധ്യം സാമൂഹ്യനീതിയുടെ വിഷയമല്ല, മറിച്ച് ഭരണം കാര്യക്ഷമമാക്കാൻ അത് അനിവാര്യമാണെന്ന വാദമാണ് ഉന്നയിക്കപ്പെടുന്നതെങ്കിൽ), അത് ആത്യന്തികമായി സാമൂഹ്യനീതി നടപ്പാക്കാൻ ഉതകും – ഈ അവകാശവാദങ്ങളെ വ്യത്യസ്ത ഫെമിനിസ്റ്റ് വൃത്തങ്ങൾ ഒരുപോലെ അംഗീകരിക്കുന്നുണ്ട്.

എന്നാൽ തുല്യപ്രാതിനിധ്യം ഫെമിനിസം സങ്കല്പിക്കുന്ന ലിംഗപരമായ ജനാധിപത്യമെന്ന ലക്ഷ്യത്തിന് സ്വാഭാവികമായിത്തന്നെ ഉതകുമോ? അല്ലാത്തപക്ഷം എന്താണ് വേണ്ടത്?

ഇത്തരം വിചാരങ്ങളുണ്ടാകുമ്പോഴാണ് മേൽപ്പറഞ്ഞ സന്ദേഹം ഉയരുന്നത്. പൗരത്വസങ്കല്പം ഇങ്ങനെ തുടരുന്നിടത്തോളം, അതിന്റെ കുറവുകൾ അധികാരിസങ്കല്പത്തെ ഈവിധം ബാധിക്കുന്നിടത്തോളം, അധികാരത്തിലേറുന്ന സ്ത്രീകൾ ഓണററി ആണധികാരികളായി നിറഞ്ഞാടാനല്ലേ (ഘടനാപരമായിത്തന്നെയുള്ള) സാധ്യത? പി. പി. ദിവ്യയെ പോലുള്ള ഉദാഹരണങ്ങളും കേരളത്തിലെ കലാലയങ്ങളിലെ പ്രബല വിദ്യാർത്ഥിസംഘടനകളിൽ നേതൃത്വം വഹിക്കുന്ന ചില വിദ്യാർത്ഥിനികളുടെ ആണത്ത- അധികാരപ്രകടനങ്ങളെയും ഉദാഹരിച്ചുകൊണ്ട് പലരും ഉയർത്താറുള്ള ചോദ്യമാണിത്. ഈ ഓണററി പുരുഷത്വം സ്വയമേറ്റാൽ മാത്രമേ സ്ത്രീകളുടെ ആവശ്യങ്ങളെയും താത്പര്യങ്ങളെയും നിയമസഭകളിലും മറ്റും ഉന്നയിക്കാനുള്ള പൊതു അംഗീകാരം ഉണ്ടാവൂ എന്ന അവസ്ഥ വല്ലാത്ത വിരോധാഭാസമല്ലേ എന്നും സന്ദേഹികൾ ചോദിക്കുന്നു.

കെ. കെ. ശൈലജ, പി.പി. ദിവ്യ
കെ. കെ. ശൈലജ, പി.പി. ദിവ്യ

അതിലെല്ലാം ഉപരിയായി, പൗരത്വസങ്കല്പത്തെ അടിമുടി തിരുത്തിയെഴുതി, സ്ത്രീശരീരത്തെയും ആർത്തവം, ആർത്തവാവസാനം, പ്രജനനം, ശിശുപരിചരണം മുതലായ പ്രക്രിയകളെയും ഉത്തരവാദിത്വങ്ങളെയും, ഗാർഹികാദ്ധ്വാനത്തിന്റെ മൂല്യത്തെയും പ്രസക്തിയെയും ഉൾക്കൊള്ളുംവിധം അതിനെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടാതെ തുല്യപ്രാതിനിധ്യവാദമുന്നയിക്കുന്നത്, തീരെ ദുർബലമായ ലിബറൽ ഫെമിനിസം മാത്രമാണെന്നും സംശയാലുക്കൾ പറയുന്നു.

പൗരത്വത്തെ അടിയോടെ ചോദ്യംചെയ്യാതെ നേടുന്ന തുല്യതയുടെ ഗുണം അധികാരിപുരുഷന്മാരുടെ താത്പര്യങ്ങളോട് താരതമ്യേന അടുത്തുനിൽക്കുന്ന വരേണ്യസ്ത്രീകൾക്കാകാനാണിട. ഏറിപ്പോയാൽ വരേണ്യസ്ത്രീകളുടെ ആവശ്യങ്ങളെയും മറ്റും നേടാനുതകും അത് – മറ്റു സ്ത്രീകളുടെ മേൽ ഒരുതരം അനിവാര്യനേതൃത്വനില അവർക്കുണ്ടാവുകയും ചെയ്യും, കാരണം തുല്യത എന്നാൽ വരേണ്യസ്ത്രീകൾക്കു കിട്ടിയ തുല്യതാ അവസരങ്ങളായിപ്പോകും, പ്രയോഗതലത്തിൽ. മുഖ്യധാരാ ഫെമിനിസ്റ്റ് രാഷ്ട്രീയവിമർശനം അധികവും സിസ്- സ്ത്രീകളുടെ പക്ഷത്തുനിന്നാണ് ഈ സന്ദേഹം ഉന്നയിച്ചതെങ്കിലും, ട്രാൻസ് മനുഷ്യരുടെ പൗരത്വവിമർശനങ്ങളും ഇതേ പ്രശ്നങ്ങളെ ഇന്ന് കൂടുതൽ തെളിച്ചത്തോടെ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിൽ രാഷ്ട്രീയാധികാരത്തെ ലിംഗതുല്യതയ്ക്കായി ഉയർന്നുവന്നിരിക്കുന്ന പരിശ്രമങ്ങളുടെ പശ്ചാത്തലത്തിലും ഈ സന്ദേഹം നാം ചർച്ച ചെയ്യേണ്ടതുണ്ട്.

കേരളത്തിൽ ആൺ- കേന്ദ്രിത പൗരത്വ- അധികാരവ്യവസ്ഥയുടെ വേരോട്ടത്തെ ഒരുതരത്തിലും കുറച്ചുകാണരുത്, പ്രത്യേകിച്ച് മലയാളി രാഷ്ട്രീയ ഇടത്തിൽ സ്ത്രീശരീരങ്ങളുടെ അരികുനില മുമ്പൊരിക്കലുമില്ലാത്തവിധം ദൃശ്യമായിരിക്കുന്ന വർത്തമാനകാലത്തിൽ.

രണ്ട്

കേരളത്തിൽ ആൺ- കേന്ദ്രിത പൗരത്വ- അധികാരവ്യവസ്ഥയുടെ വേരോട്ടത്തെ ഒരുതരത്തിലും കുറച്ചുകാണരുത്, പ്രത്യേകിച്ച് മലയാളി രാഷ്ട്രീയ ഇടത്തിൽ സ്ത്രീശരീരങ്ങളുടെ അരികുനില മുമ്പൊരിക്കലുമില്ലാത്തവിധം ദൃശ്യമായിരിക്കുന്ന വർത്തമാനകാലത്തിൽ. മലയാളപ്രദേശങ്ങളിൽ ജനാധിപത്യം പുലരുന്നതിനു മുമ്പുണ്ടായിരുന്ന രാജഭരണ- കൊളോണിയൽ നിയമസഭകളിൽ സ്ത്രീകളെ ഒരു പ്രത്യേക പ്രജാവിഭാഗമായി കണക്കാക്കി അവരുടെ താത്പര്യങ്ങളെയും ആവശ്യങ്ങളെയും ഉയർത്താൻ പ്രത്യേകപ്രാതിനിധ്യം നാമനിർദ്ദേശം വഴി നൽകുന്ന രീതി (1940-കൾ വരെ) ഉണ്ടായിരുന്നു. എന്നാൽ ന്യൂനപക്ഷങ്ങൾക്കും സാമൂഹ്യമായ അരികുനിലയിൽ അകപ്പെട്ട വിഭാഗങ്ങൾക്കും പ്രത്യേക പ്രാതിനിധ്യം എന്ന ആശയത്തെ ദേശീയപ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തീരെ തഴയുകയും, അത് ദേശീയ താത്പര്യത്തിനും വർഗസമരത്തിനും എതിരാണെന്നു പറയുകയും ചെയ്തതോടെ, ജനാധിപത്യത്തിന്റെ ഉദയകാലത്തിൽ സ്ത്രീകളുടെ പ്രത്യേക താത്പര്യങ്ങളെയും ശരീരങ്ങളെയും മുൻനിർത്തി പൗരത്വസങ്കല്പത്തെ ഉടച്ചുവാർക്കാനുള്ള അവസരം തന്നെ ഇന്ത്യയിൽ ഇല്ലാതായി.

 എ.വി. കുട്ടിമാളു അമ്മ
എ.വി. കുട്ടിമാളു അമ്മ

മലയാളപ്രദേശങ്ങളിൽ പൗരത്വത്തിൻറെയും അധികാരസ്വഭാവങ്ങളുടെയും പരോക്ഷ പുരുഷസ്വഭാവം 1950- കളിൽത്തന്നെ സുവ്യക്തമാവുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകൾ കാര്യമായി പങ്കെടുത്തില്ലെന്നും, അതുകൊണ്ട് അവർ ജവഹർലാൽ നെഹ്റു ശുപാർശ ചെയ്ത സംവരണം അർഹിക്കുന്നില്ലെന്നും കുമ്പളത്തു ശങ്കുപ്പിള്ള അവകാശപ്പെട്ടപ്പോൾ, പൊതുവിടങ്ങളിലെ പോരാട്ടങ്ങളിൽ സ്ത്രീകളുടെ താരതമ്യേന കുറഞ്ഞ സാന്നിദ്ധ്യത്തെ, അഥവാ ഒരു ആൺ-കേന്ദ്രിത മാനദണ്ഡത്തെയാണ് സൂചിപ്പിച്ചത്; കുട്ടിമാളു അമ്മ അടക്കമുള്ളവർ ഈ പ്രസ്താവത്തെ ചോദ്യം ചെയ്തെങ്കിലും അവരുടെ മറുപടിയും ഇതേ മാനദണ്ഡത്തെത്തന്നെയാണ് ആശ്രയിച്ചത്.

ഈ പ്രസ്താവത്തെ അടിയോടെ ചോദ്യംചെയ്യാൻ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിനിടയിലും സാമൂഹ്യപുനരുത്പാദനത്തെ താങ്ങിനിർത്തിയ ഗാർഹിക ഇടങ്ങളെ തങ്ങളുടെ അദ്ധ്വാനത്താൽ നിലനിർത്തിയ സ്ത്രീകളെ വെളിച്ചത്തുകൊണ്ടുവരണമായിരുന്നു; അതല്ലായിരുന്നു ശങ്കുപ്പിള്ളയ്ക്കു ലഭിച്ച മറുപടികളിൽ. ആധുനിക രാഷ്ട്രീയമണ്ഡലത്തിൽ പുരുഷമാതൃകയാണ് പങ്കാളിത്ത മാനദണ്ഡമെന്നതിന് തെളിവ് ആ ദശകത്തിൽത്തന്നെ പിന്നെയും ഉണ്ടായി – ഉദാഹരണത്തിന് അക്കമ്മാ ചെറിയാന്റെ തെരെഞ്ഞെടുപ്പുപ്രചാരണകാലത്ത്, ഗർഭിണി തെരെഞ്ഞെടുപ്പിൽ മത്സരിച്ചതിനെപ്പറ്റി അവർ സഹിച്ച പരിഹാസത്തിൽ, അല്ലെങ്കിൽ ഇതേ ദശകത്തിൽ നടന്ന വമ്പൻ തൊഴിലാളിസമരങ്ങളുടെ മുൻനിലപ്പോരാളികളായിരുന്ന തൊഴിലാളിസ്ത്രീകളെ ‘അമ്മമാരും കുഞ്ഞുങ്ങളു’മായി ചുരുക്കിക്കളഞ്ഞ ഇടതു-വലതു മാദ്ധ്യമ ചിത്രീകരണങ്ങളിൽ.

അധികാരത്തിന്റെ തുല്യമായ പങ്ക് ആവശ്യപ്പെടുമ്പോൾ അതോടൊപ്പം ജനാധിപത്യരാഷ്ട്രീമണ്ഡലത്തിന്റെ പുരുഷകേന്ദ്രിതത്വത്തെ നിരന്തരം പ്രതിക്കൂട്ടിൽ നിർത്തിയില്ലെങ്കിൽ നമ്മുടെ പരിശ്രമങ്ങൾ വിഫലമാകാനാണിട

ഈ അരികുവത്ക്കരണത്തിന്റെ ചരിത്രം സൂക്ഷ്മമായി, വേറെ തന്നെ, പഠിക്കേണ്ടതാണ്. രാഷ്ട്രീയരംഗത്ത് പ്രവർത്തിച്ചിരുന്ന സ്ത്രീകൾ പലരും ഇത്തരം ഇകഴ്ത്തിക്കളയലിന്റെ രക്തസാക്ഷികളായിട്ടുണ്ട്. പി.ടി. ചാക്കോയ്ക്കെതിരെ ഉയർത്തപ്പെട്ട ലൈംഗിക അപവാദക്കേസിൽ ബലിയാടായ കോൺഗ്രസ് പ്രവർത്തക പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു: താൻ അടിയുറച്ച ഗാന്ധിയൻ പ്രവർത്തനപാരമ്പര്യവും രാഷ്ട്രീയമണ്ഡലത്തിൽ തുല്യനിലയും ഉള്ളവളായി സ്വയം തിരിച്ചറിഞ്ഞതുകൊണ്ട്, ആ കാറിൽ താനായിരുന്നു എന്നു പറയുമ്പോൾ ഇത്ര ഭയാനകമായ പ്രത്യാഘാതം – വെറും ലൈംഗികവസ്തുവായി തരംതാഴ്ത്തപ്പെടുന്ന അവസ്ഥ – ഉണ്ടാകുമെന്ന് സ്വപ്നേപി കരുതിയില്ല എന്ന്.

രാഷ്ട്രീയമണ്ഡലത്തിൽ എത്ര ഉയർന്നാലും ആ വിധം കുറയ്ക്കപ്പെടുമെന്ന ഭീഷണി നേരിടാത്ത വനിതാനേതാക്കൾ ഉണ്ടായിട്ടേയില്ല. സമീപകാലത്ത്, തങ്ങളുടെ സഹപ്രവർത്തകരായ സ്ത്രീകളെ കേലവം ലൈംഗികവസ്തുക്കളായി ചുരുക്കുന്ന സംഭവങ്ങൾ ഇടതുവലതുപക്ഷങ്ങളിൽ ഏതാണ്ട് സാധാരണം തന്നെയായിട്ടുണ്ട്. ജനാധിപത്യരാഷ്ട്രീയമണ്ഡലത്തിന്റെ പുരുഷകേന്ദ്രിതസ്വഭാവം വളരുക തന്നെയാണെന്നതിനു തെളിവാണിത്.

ഇങ്ങനെ ചിന്തിക്കുമ്പോൾ വ്യക്തമാകുന്ന കാര്യം ഇതാണ് – അധികാരത്തിന്റെ തുല്യമായ പങ്ക് ആവശ്യപ്പെടുമ്പോൾ അതോടൊപ്പം ജനാധിപത്യരാഷ്ട്രീമണ്ഡലത്തിന്റെ പുരുഷകേന്ദ്രിതത്വത്തെ നിരന്തരം പ്രതിക്കൂട്ടിൽ നിർത്തിയില്ലെങ്കിൽ നമ്മുടെ പരിശ്രമങ്ങൾ വിഫലമാകാനാണിട. കേരളത്തിലെ പ്രബല രാഷ്ട്രീയകക്ഷികളുടെ പ്രവർത്തകരായ സ്ത്രീകൾ തങ്ങളനുഭവിക്കുന്ന ലൈംഗികപീഡനമോ മറ്റുതരം അരികുവത്ക്കരണമോ ഉറക്കെ വിളിച്ചുപറയുമ്പോൾ സർക്കാരിന് നിവേദനങ്ങളയയ്ക്കുന്നതിലുപരിയായ പ്രചാരണപരിപാടികൾ അവരെ തുണച്ചുകൊണ്ട് ചെയ്യേണ്ട ബാധ്യത തുല്യപ്രാതിനിധ്യം ഉന്നംവയ്ക്കുന്ന മലയാളി മുഖ്യധാരാ ഫെമിനിസത്തിനുണ്ടെന്നാണ് പറഞ്ഞുവരുന്നത്.

 അക്കമ്മാ ചെറിയാന്‍
അക്കമ്മാ ചെറിയാന്‍

അതായത്, അധികാരസ്ഥാപനങ്ങളിൽ തുല്യസാന്നിദ്ധ്യത്തിനു പുറമേ, രാഷ്ട്രീയമണ്ഡലത്തിൽ പുരുഷമാതൃകയെ ഉപേക്ഷിച്ച് കൂടുതൽ ഉൾക്കൊള്ളൽശേഷിയുള്ള, സ്ത്രീശരീരങ്ങളെയും സ്ത്രീകൾ പെരുമാറുന്ന ഇടങ്ങളെയും പൗരത്വത്തിൽ ഉൾപ്പെടുത്തുന്ന, പൗരസങ്കല്പം പടുത്തുയർത്താനുള്ള സജീവപ്രവർത്തനം കൂടി ഉണ്ടായേ തീരൂ.

രാഷ്ട്രീയത്തിലെ ആൽഫാപുരുഷന്മാർ നടത്തുന്ന ലൈംഗികവേട്ടകളെ പുറത്തുകൊണ്ടുവരാൻ മലയാളി മുഖ്യധാരാഫെമിനിസം പണ്ടും ഇന്നും കാര്യമായി ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾക്കു ശേഷവും എന്തുകൊണ്ടാണ് അത്തരം പുരുഷന്മാർക്ക് – അവർ ഏതു കക്ഷിക്കാരായാലും – എളുപ്പത്തിൽ മാപ്പ് ലഭിക്കുന്നത്? അത്തരമൊരപവാദം രാഷ്ട്രീയക്കാരികളുടെ അന്ത്യമാകുമെന്ന് ഉറപ്പാണെന്നും തീർചയല്ലേ? വിവാഹേതര ലൈംഗികബന്ധങ്ങളുണ്ടാക്കി എന്ന ആരോപണം കേട്ട വനിതാനേതാക്കൾ വളരെ ചുരുങ്ങിയ നിലയിൽ, ആശ്രിതത്വനിലയിൽ -- അതായത്, പൂർണ പൗരത്വവും അധികാരസാന്നിദ്ധ്യവും ഏറെക്കുറേ ആൽഫാ പുരുഷനേതാക്കൾക്ക് അടിയറവച്ച അവസ്ഥയിൽ -- അകപ്പെട്ടുപോകുന്നതും എന്തുകൊണ്ട്?

പുതിയ നൂറ്റാണ്ടിൽ സ്ത്രീകൾ അധികാരത്തിലേറുന്നതിന്റെ നിരക്ക് ആഗോളതലത്തിൽ തന്നെ വളരെ കുറഞ്ഞാണിരിക്കുന്നത്. അധികാരരാഷ്ട്രീയത്തിന്റെ കാര്യത്തിലും മറ്റു അധികാരസ്ഥാനങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് യാഥാർത്ഥ്യം

ജനാധിപത്യപൗരത്വത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഇവയുടെ മണ്ഡലങ്ങളുടെയും നിശ്ശബ്ദ അടിത്തറ ആൺ-മാതൃകയാണെന്നെന്ന മറുപടിയാണ് ഈ ചോദ്യങ്ങൾക്ക് ഫെമിനിസ്റ്റ് ചിന്ത നൽകുന്നത്. ലൈംഗികമായ സക്രിയത്വം പുരുഷന്മാരുടെ കുത്തകയാണെന്ന് പിതൃമേധാവിത്വ സമൂഹം കരുതുന്നു. അവരുടെ ലൈംഗിക കർതൃത്വപ്രകടനം ഹിംസാപരവും സ്ത്രീകളെ വസ്തുവത്ക്കരിക്കുന്നതുമാകുന്നതിൽ അത്ഭുതമില്ലെന്നും സമൂഹം നമ്മെ ഉപദേശിക്കുന്നു. അധികാര- പൗരത്വമണ്ഡലങ്ങളിലെ ഈ ആൺകേന്ദ്രിതത്വത്തെ തുറന്നുകാട്ടുന്ന രാഷ്ട്രീയപ്രവർത്തനത്തിൽ ഊന്നിനിൽക്കാത്ത തുല്യപ്രാതിനിധ്യം തീർത്തും ഫലശൂന്യമാണെണെന്നല്ല, പക്ഷേ അതുകൊണ്ടുണ്ടാകാനിടയുള്ള സാമൂഹ്യമാറ്റം ലഘുസ്വഭാവമുള്ളതായിരിക്കാനാണിട. ആ അസമത്വത്തെ ഇല്ലാതാക്കാൻ, രാഷ്ട്രീയത്തിലേക്ക് കടക്കുന്ന സ്ത്രീകളുടെ വിഷയങ്ങളെ സജീവശ്രദ്ധയോടെ പിൻതുടരുന്ന, അവർക്കൊപ്പം നിൽക്കുന്ന, അവരെ ശാക്തീകരിക്കാൻ പരിപാടികൾ വിഭാവനം ചെയ്യുന്ന, പ്രത്യേക രാഷ്ട്രീയപാർട്ടികളുടെ ജിഹ്വകളാകാൻ വിസമ്മതിക്കുന്ന, ഫെമിനിസം കേരളത്തിലുണ്ടാകണം.

മൂന്ന്

തുല്യപ്രാതിനിധ്യനിഷേധം ഒരു ആഗോളപ്രതിഭാസമാണെന്നും, 1990-കളിലെ ജൻറർ മുഖ്യധാരാവത്ക്കരണം തദ്ദേശഭരണത്തിനുതകുന്ന നല്ലൊരു തൊഴിൽസേനാനിർമ്മാണമാണ് നിർവഹിച്ചതെന്നും നാം കാണേണ്ടിയിരിക്കുന്നു (അതു പണിതുയർത്തിയവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എന്തുതന്നെ ആയിരുന്നെങ്കിലും). പുതിയ നൂറ്റാണ്ടിൽ സ്ത്രീകൾ അധികാരത്തിലേറുന്നതിന്റെ നിരക്ക് ആഗോളതലത്തിൽ തന്നെ വളരെ കുറഞ്ഞാണിരിക്കുന്നത്. അധികാരരാഷ്ട്രീയത്തിന്റെ കാര്യത്തിലും മറ്റു അധികാരസ്ഥാനങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് യാഥാർത്ഥ്യം, 1990-കൾ വരെയുള്ള വളർച്ചയ്ക്കു ശേഷം.

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും അനേക ദശകങ്ങളെടുത്താണ് വികസിതരാജ്യങ്ങളിലെ നിയമസഭകളിൽ സ്ത്രീസാന്നിദ്ധ്യം പത്തു ശതമാനത്തിലധികം കൂടിയത്.
പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും അനേക ദശകങ്ങളെടുത്താണ് വികസിതരാജ്യങ്ങളിലെ നിയമസഭകളിൽ സ്ത്രീസാന്നിദ്ധ്യം പത്തു ശതമാനത്തിലധികം കൂടിയത്.

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും അനേക ദശകങ്ങളെടുത്താണ് വികസിതരാജ്യങ്ങളിലെ നിയമസഭകളിൽ സ്ത്രീസാന്നിദ്ധ്യം പത്തു ശതമാനത്തിലധികം കൂടിയത്. അവിടങ്ങളിലെ ഫെമിനിസ്റ്റ് പ്രചരണത്തിന്റെയും മറ്റും ഫലമായി ക്വോട്ടകൾ ഉണ്ടായപ്പോൾ പോലും അവയ്ക്ക് പലപ്പോഴും നിയമപരമായ വെല്ലുവിളികളെ നേരിടേണ്ടിവന്നു. പുതുതായി ജനാധിപത്യവ്യവസ്ഥ സ്വീകരിച്ച വികസ്വര രാജ്യങ്ങളിൽ സ്ത്രീകൾക്കായി നിയമസഭകളിൽ ക്വോട്ടകൾ സ്ഥാപിച്ചതുകൊണ്ട് അവിടങ്ങളിലെ നിയമസഭാസ്ത്രീസാന്നിദ്ധ്യം താരതമ്യേന ഉയർന്നിരിക്കുന്നു.

പക്ഷേ ലോകത്തു തന്നെ ഏറ്റവുമധികം സ്ത്രീസാന്നിദ്ധ്യം നിയമസഭകളിൽ ഉറപ്പാക്കിയ രാജ്യങ്ങൾ പലതും ജനാധിപത്യവ്യവസ്ഥയെ പൂർണമായും സ്വീകരിച്ചിട്ടില്ല. തന്നെയുമല്ല, ഏറ്റവുമധികം സ്ത്രീസാന്നിദ്ധ്യമുള്ള പല രാജ്യങ്ങളിലും മനുഷ്യാവകാശലംഘനങ്ങൾ ആവശ്യമാണെന്ന് അവിടങ്ങളിലെ ഭരണകൂടങ്ങൾ കരുതുകയും ചെയ്യുന്നു.

‘സ്ത്രീകളെ’ ഒരൊറ്റ താത്പര്യസംഘമായി രൂപീകരിച്ചെടുക്കാനുള്ള ശ്രമങ്ങൾ പലരും കരുതുന്നതുപോലെ എളുപ്പമല്ല. ചരിത്രപരമായി അരികുവത്ക്കരിക്കപ്പെട്ട സ്ത്രീകൾ പൗരത്വസങ്കല്പനത്തിനുള്ളിൽ വരണമെങ്കിൽ, ‘സ്ത്രീകൾ’ എന്ന സംവർഗത്തേയും കുടൂതൽ ഉൾക്കൊള്ളൽശേഷിയുള്ള മറ്റൊന്നായി ഉടച്ചുവാർക്കേണ്ടതുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽത്തന്നെ പലയിടങ്ങളിലെയും അമേരിക്കൻ കടന്നുകയറ്റമാണ് അവിടങ്ങളിൽ സ്ത്രീപ്രാതിനിധ്യം വികസിക്കുന്നതിന്റെ പശ്ചാത്തലമായത് – അതുകൊണ്ടുതന്നെ അവിടങ്ങളിലെ സാമ്രാജ്യത്വവിരുദ്ധപ്പോരാളികൾ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തിയ സ്ത്രീകളെയും അവർ പ്രതിനിധാനം ചെയ്ത ലിംഗതുല്യതയുടെ ലോകവീക്ഷണത്തെയും സാമ്രാജ്യത്വത്തോട് കൂട്ടിക്കെട്ടി, സംശയത്തിലാഴ്ത്തി. അതായത്, ജനാധിപത്യവത്ക്കരണ പ്രക്രിയകളും സ്ത്രീസാന്നിദ്ധ്യവർദ്ധനയും തമ്മിലൊരു നേർബന്ധം സങ്കല്പിക്കാൻ ചരിത്രം നമ്മെ അനുവദിക്കുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലൊഴിച്ചാൽ ജനാധിപത്യവ്യവസ്ഥകളിൽ മാത്രമല്ല സ്ത്രിസാന്നിദ്ധ്യം വളർന്നത്. നേരത്തെ പറഞ്ഞതുപോലെ, പൗരത്വത്തെ കൂടുതൽ ഉൾക്കൊള്ളൽശേഷിയുള്ള സങ്കല്പനമായി ഉടച്ചുവാർക്കാനുള്ള രാഷ്ട്രീയപ്രവർത്തനം കൂടാതെയുള്ള തുല്യപ്രാതിനിധ്യം ജനാധിപത്യവത്ക്കരണത്തെ തെല്ലും വളർത്തണമെന്നില്ല എന്ന സൂചനയാണ് ലോകചരിത്രം നൽകുന്നത്. ആ ഉടച്ചുവാർക്കലിനുള്ള പരിശ്രമം കൂടാതെ, തുല്യപ്രാതിനിധ്യത്തിനുള്ള ശ്രമങ്ങൾ വെറും താത്പര്യസംഘ- രാഷ്ട്രീയം (interest group politics) മാത്രമായിത്തീരുന്നു.

തുല്യപ്രാതിനിധ്യം യാഥാർത്ഥ്യമായ സമൂഹങ്ങളിൽ പലപ്പോഴും സ്ത്രീപ്രസ്ഥാനം ശക്തമായ സാന്നിദ്ധ്യവും സ്വാധീനവുമായിരുന്നുവെന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു. അവിടങ്ങളിലെ ജനാധിപത്യത്തിന്റെ പിറവിയിൽ, പിന്നീടു നിലവിൽ വന്ന സോഷ്യൽ ഡെമോക്രാറ്റിക് സംവിധാനത്തിൽ, സ്ത്രീപ്രസ്ഥാനങ്ങൾ ഗണ്യമായ പങ്കു വഹിച്ചുവെന്നർത്ഥം.
തുല്യപ്രാതിനിധ്യം യാഥാർത്ഥ്യമായ സമൂഹങ്ങളിൽ പലപ്പോഴും സ്ത്രീപ്രസ്ഥാനം ശക്തമായ സാന്നിദ്ധ്യവും സ്വാധീനവുമായിരുന്നുവെന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു. അവിടങ്ങളിലെ ജനാധിപത്യത്തിന്റെ പിറവിയിൽ, പിന്നീടു നിലവിൽ വന്ന സോഷ്യൽ ഡെമോക്രാറ്റിക് സംവിധാനത്തിൽ, സ്ത്രീപ്രസ്ഥാനങ്ങൾ ഗണ്യമായ പങ്കു വഹിച്ചുവെന്നർത്ഥം.

പൗരത്വത്തിന്റെ ഉടച്ചുവാർക്കലിനു മുന്നേ നടക്കേണ്ട മറ്റൊരു അനിവാര്യ പ്രക്രിയയാണ് ‘സ്ത്രീകൾ’ എന്ന സംവർഗത്തിന്റെ രാഷ്ട്രീയ പുനഃസൃഷ്ടി. ‘സ്ത്രീകളെ’ ഒരൊറ്റ താത്പര്യസംഘമായി രൂപീകരിച്ചെടുക്കാനുള്ള ശ്രമങ്ങൾ പലരും കരുതുന്നതുപോലെ എളുപ്പമല്ല. ചരിത്രപരമായി അരികുവത്ക്കരിക്കപ്പെട്ട സ്ത്രീകൾ പൗരത്വസങ്കല്പനത്തിനുള്ളിൽ വരണമെങ്കിൽ, ‘സ്ത്രീകൾ’ എന്ന സംവർഗത്തേയും കുടൂതൽ ഉൾക്കൊള്ളൽശേഷിയുള്ള മറ്റൊന്നായി ഉടച്ചുവാർക്കേണ്ടതുണ്ട്. കേരളത്തിന്റെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രം പരിശോധിച്ചാൽ വരേണ്യ- അവരേണ്യസ്ത്രീകൾ ആധുനിക പിതൃമേധാവിത്വത്തിനു വിധേയമായത് സവിശേഷപാതകളിലൂടെയാണെന്നു കാണാം. ഈ ചരിത്രവസ്തുതയുടെ വിവക്ഷകൾ തിരിച്ചറിഞ്ഞ്, ‘സ്ത്രീകൾ’ എന്ന സംവർഗത്തെ അവയുടെ വെളിച്ചത്തിൽ തിരുത്താതിരുന്നാൽ വരേണ്യസ്ത്രികൾക്ക് തുല്യപ്രാതിനിധ്യം എന്ന ആശാസ്യമല്ലാത്ത അവസ്ഥയായിരിക്കും ഫലം.

നാല്

തുല്യപ്രാതിനിധ്യം യാഥാർത്ഥ്യമായ സമൂഹങ്ങളിൽ പലപ്പോഴും സ്ത്രീപ്രസ്ഥാനം ശക്തമായ സാന്നിദ്ധ്യവും സ്വാധീനവുമായിരുന്നുവെന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു. അവിടങ്ങളിലെ ജനാധിപത്യത്തിന്റെ പിറവിയിൽ, പിന്നീടു നിലവിൽ വന്ന സോഷ്യൽ ഡെമോക്രാറ്റിക് സംവിധാനത്തിൽ, സ്ത്രീപ്രസ്ഥാനങ്ങൾ ഗണ്യമായ പങ്കു വഹിച്ചുവെന്നർത്ഥം. ലിംഗതുല്യത ഏറ്റവുമധികമുള്ളവയെന്ന് ജനാധിപത്യസൂചികകൾ എടുത്തുകാട്ടുന്ന സ്കാൻറിനേവ്യൻ രാജ്യങ്ങൾ ഉദാഹരണങ്ങളാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ അവിടങ്ങളിൽ ഭാഗിക വോട്ടവകാശം സ്ത്രീകൾക്കു ലഭിച്ചത് അവിടങ്ങളിലെ സ്ത്രീപ്രസ്ഥാനങ്ങളുടെ ശക്തമായ പ്രചാരണത്തിന്റെ കൂടി ഫലമായാണ്. അധികം താമസിയാതെ അത് സ്ത്രീകൾക്ക് അവിടങ്ങളിൽ പൂർണ വോട്ടവകാശം ലഭിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ പലപ്പോഴായി സ്ത്രീസൗഹൃദനയങ്ങളെ ഭരണത്തിൽ സ്ഥാപനവത്ക്കരിക്കാനുള്ള സജീവശ്രമങ്ങൾ ഈ ജനാധിപത്യങ്ങളുടെ മുഖമുദ്രയായിരുന്നു – അവിടങ്ങളിലെ പൗരത്വസങ്കല്പനത്തിലും അതിന്റെ പ്രയോഗത്തിലും സ്ത്രീകൾക്കും അവരുടെ സവിശേഷ ആവശ്യങ്ങൾക്കും കൂടുതൽ ഇടം കിട്ടിയത് അങ്ങനെയാണ്. അതായത്, അവിടങ്ങളിലെ വർദ്ധിച്ച സ്ത്രീപ്രാതിനിധ്യം, ഫെമിനിസ്റ്റ് സങ്കല്പത്തിലെ തുല്യതാപൂർണമായ ലോകത്തിന്റെ നിർമ്മിതിക്ക് വലിയൊരു പരിധിവരെ ഉതകി എന്നർത്ഥം.

പക്ഷേ തുല്യപ്രാതിനിധ്യം ഇല്ലാത്ത സാഹചര്യത്തിലും ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ തങ്ങളുടെ സ്വന്തം പരിശ്രമങ്ങളിലൂടെ പൗരത്വത്തെ വികസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രജനന അവകാശങ്ങൾ സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട അവസരങ്ങളിൽ പ്രജനനസേവനങ്ങളും അതു സംബന്ധിച്ച അറിവും വിവരങ്ങളും സർക്കാർ സംവിധാനങ്ങളുടെ പുറത്ത് സ്ത്രീകൾക്ക് ലഭ്യമാക്കാൻ അവർ തയ്യാറായിട്ടുണ്ട്. നിയമസേവനങ്ങൾ, ബാലപരിചരണം, ലൈംഗികാതിക്രമത്തിനിരകളായ സ്ത്രീകൾക്കു വേണ്ടിയുള്ള ക്രൈസിസ് കേന്ദ്രങ്ങൾ മുതലായവ മറ്റുദാഹരണങ്ങളാണ്.

പൗരസങ്കല്പവികാസ പ്രവർത്തനങ്ങളുടെ പിൻബലമില്ലാത്ത തുല്യപ്രാതിനിധ്യവാദം രാഷ്ടീയകനമില്ലാത്തതും അധികവും വരേണ്യസ്ത്രീകൾക്ക് മാത്രം പ്രയോജനം ചെയ്യുന്നതുമായ ഉപരിപ്ളവ ഫെമിനിസം മാത്രമായിരിക്കും.
പൗരസങ്കല്പവികാസ പ്രവർത്തനങ്ങളുടെ പിൻബലമില്ലാത്ത തുല്യപ്രാതിനിധ്യവാദം രാഷ്ടീയകനമില്ലാത്തതും അധികവും വരേണ്യസ്ത്രീകൾക്ക് മാത്രം പ്രയോജനം ചെയ്യുന്നതുമായ ഉപരിപ്ളവ ഫെമിനിസം മാത്രമായിരിക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ അധികാരത്തിൽ തുല്യപ്രാതിനിധ്യം കൊടുക്കാതെ തന്നെ പല ജനാധിപത്യഭരണകൂടങ്ങളും ഇത്തരം സേവനങ്ങളെ വിപുലമാക്കാനും അവ എല്ലാ സ്ത്രീകൾക്കും പ്രാപ്യമാക്കാനും മറ്റും ശ്രമിച്ചു തുടങ്ങി. ഇന്ത്യയിലും കേരളത്തിലും ഈ പ്രക്രിയ സവിശേഷരീതികളിൽ കണ്ടുതുടങ്ങി. എന്നാൽ സ്ത്രീകളുടെ പൂർണപൗരത്വത്തെ മാനിച്ചെന്ന് പ്രത്യക്ഷത്തിൽ പറഞ്ഞുകൊണ്ട്, പൗരത്വത്തെത്തന്നെ മാറ്റിത്തീർക്കാൻപോന്ന, ശക്തമായ ഇടപെടലുകളായിയല്ല ഇവ പലപ്പോഴും അവതരിപ്പിക്കപ്പെട്ടത്.

ഉദാഹരണത്തിന്, 1990-കളുടെ തുടക്കത്തിൽ ഇന്ത്യയിൽ ഒ ബി സി സംവരണത്തെപ്പറ്റിയുള്ള ചർച്ചകളിൽ ആ സമുദായങ്ങൾ സഹിച്ച ചരിത്രപരമായ അനീതികളിലാണ് ഒ ബി സി സംവരണത്തെ അതിന്റെ വക്താക്കളായ രാഷ്ട്രീയശക്തികൾ ഊന്നിയത്. എന്നാൽ തദ്ദേശതല സ്ത്രീസംവരണത്തെ ഇതേ കക്ഷികൾ ചർച്ചചെയ്തപ്പോൾ തദ്ദേശതലഭരണത്തിൽ സ്ത്രീകളുടെ ‘സഹജമായ പരിചരണവൈദഗ്ദ്ധ്യം’ പ്രയോജനപ്പെടുത്താനുള്ള നീക്കമായിയാണ് അത് ചിത്രീകരിക്കപ്പെട്ടത്. ഇവിടെ സ്ത്രീകളുടെ ഗാർഹികത യാതൊരു പ്രശ്നങ്ങളും ഉയർത്തുന്നില്ല, അത് സ്വാഭാവികവും അനായാസവുമായി തദ്ദേശതലത്തോട് ഇഴുകിച്ചേരും എന്ന വിശ്വാസമായിരുന്നു. വീടും തദ്ദേശഭരണവും തമ്മിലുള്ള അതിർവരമ്പുകളിൽ സംഭവിച്ച ആ ചെറിയ അയവുപോലും സ്ത്രീകളുടെ പൗരത്വത്തെ അല്പംകൂടി ശക്തിപ്പെടുത്തിയെന്ന് നിസ്സംശയം പറയാം. പക്ഷേ ആ വിപുലീകരണം നടന്ന് പിതൃമേധാവിത്വവ്യവസ്ഥകൾക്കുള്ളിൽ, പൗരത്വത്തിന്റെ പുരുഷകേന്ദ്രിതത്വത്തിന് തെല്ലും ഉടവുതട്ടാതെ, ആയിരുന്നു.

2000- നു ശേഷം ജൻറർ മെയിൻസ്ട്രീമിങിന്റെ ഭാഗമായി, പിന്നീട് 2013ലെ നിർഭയാ സംഭവത്തിനു ശേഷം, സ്ത്രീകളുടെ രണ്ടാംകിട പൗരത്വത്തെ തുറന്നു സൂചിപ്പിക്കുന്ന നയരേഖകൾ പലതും കേരളത്തിലുണ്ടായിട്ടുണ്ട് – ഉദാഹരണത്തിന് ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിലുണ്ടായ റിപ്പോർട്ടുകളും സർവ്വേകളും മറ്റും. അവയിൽ എടുത്തുപറഞ്ഞ പല പദ്ധതികളും ഫലപ്രദമാകാതെ പോയത്, മുൻകാലങ്ങളിലെ പിതൃമേധാവിത്വപരമായ പ്രയോഗശീലങ്ങളും വ്യാഖ്യാനങ്ങളും ഭരണ-ഇടങ്ങളിൽ അടിഞ്ഞുകൂടിക്കിടന്നതുകൊണ്ടാണ്. 2013-ലെ നിർഭയാസംഭവത്തിനു ശേഷമുള്ള പദ്ധതികളിൽ ലൈംഗികപീഡനത്തെ അതിജീവിച്ച പെൺകുട്ടികൾക്കു വേണ്ടിയുള്ള സംവിധാനങ്ങൾ ഉദാഹരണമാണ്. പഴയകാല മുൻവിധികളിൽ നിന്ന് വിമുക്തമല്ലാത്ത ഭരണസംവിധാനത്തിനുള്ളിൽ അവ പലപ്പോഴും പാഴ് വേലയായത് വെറുതേയല്ല. ഭരണകൂടത്തിന്റെ പഴയപിതൃമേധാവിത്വശീലങ്ങൾ പുതിയ പദ്ധികളിലേക്ക് പടരുന്നതിനെതിനെ തുറന്നുകാട്ടാനും കണക്കുചോദിക്കാനുമുള്ള ശേഷിയുള്ള ഫെമിനിസം കേരളത്തിൽ അധികമുണ്ടായിട്ടുമില്ല.

ഇന്ന് കേരളത്തിൽ രാഷ്ട്രീയപ്രവർത്തകരാകാൻ ആഗ്രഹിക്കുന്ന, അധികാരം കാംക്ഷിക്കുന്ന, ഒട്ടനവധി സ്ത്രീകളുണ്ടെന്ന് നമ്മുടെ തെരെഞ്ഞെടുപ്പുകാല തർക്കങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

പൗരത്വത്തെ വികസിപ്പിക്കാനുള്ള പരിശ്രമത്തിൽ ഈ കണക്കുചോദിക്കലിന്റെ പ്രാധാന്യത്തെ ഒരിക്കലും കുറച്ചുകാട്ടാനാവില്ല. സ്ത്രീകളുടെ ഉന്നമനത്തിന് എന്ന പേരിൽ സൃഷ്ടിക്കപ്പെട്ട പദ്ധതികൾ, വിതരണം ചെയ്യപ്പെടുന്ന വിഭവങ്ങൾ, മുന്നോട്ടുവയ്ക്കപ്പെടുന്ന അവസരങ്ങൾ മുതലായവ ആ ലക്ഷ്യത്തിലെത്താൻ പ്രാപ്തിയുള്ളവയാണോ, അതോ ആത്യന്തികമായി വിവിധ പിതൃമേധാവികൾക്കു തന്നെയാണോ അവ കൊണ്ടുള്ള ഗുണം എന്ന ചോദ്യം ഏതെങ്കിലും രാഷ്ട്രീയപാർട്ടിയോടോ ഭരണകക്ഷിയോടോ ഭരണകൂടത്തോടു തന്നെയോ വിധേയത്വമില്ലാത്തവിധം ചോദിക്കാൻ കഴിഞ്ഞില്ലെങ്കിൽ, പൗരത്വത്തെ നാം വികസിപ്പിക്കുകയല്ല, പിന്നെയും ചുരുക്കുകയാണ് ചെയ്യുന്നത്. ചോദ്യങ്ങൾ ചോദിക്കുന്നതു പോലും വിധേയത്വത്തിന്റെ ഭാഷയിലാകുമ്പോൾ, 1930-കളിലെ പ്രജാസഭകളിലെ പ്രത്യേക പ്രാതിനിധ്യത്തെക്കാൾ ദയനീയമായ അധികാരശൂന്യതയിലേക്കാണ് നാം സ്ത്രീകളെ എത്തിക്കുന്നത്. സ്ത്രീകൾക്കുള്ള നയങ്ങളെ മാത്രമല്ല, കുട്ടികൾക്കുള്ള നയങ്ങളെയും അവയുടെ പ്രയോഗത്തിലുള്ള പ്രശ്നങ്ങളെയും രാഷ്ട്രീയവത്ക്കരിക്കേണ്ടതുണ്ടെന്നും കൂടി പറയണം – കാരണം ഗാർഹിക ഇടത്തിലേക്ക് കടന്നുവരുന്ന ഭരണകൂടദൃഷ്ടി ഉത്തരവാദിത്വപൂർണമായിരിക്കണമെന്ന ആവശ്യം പൗരത്വത്തിൽ മറയ്ക്കപ്പെടുന്ന ജീവിതാംശങ്ങളെയും ഭാവിയിലെ പൗരർക്ക് ജനാധിപത്യത്തിൽ ലഭിക്കേണ്ട പരിഗണനയെയും വെളിച്ചത്തുകൊണ്ടുവരും.

ചുരുക്കിപ്പറഞ്ഞാൽ, അധികാരസ്ഥാനങ്ങൾക്കു പുറത്തുനിന്നുകൊണ്ട് ജനാധിപത്യഭരണം ഏർപ്പെടുത്തിയിട്ടുള്ള ലിംഗതുല്യതാസംവിധാനങ്ങളെ, സ്ത്രീകളുടെയും കുട്ടികളുടെയും സവിശേഷ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാനുള്ള സർക്കാർ ശ്രമങ്ങളെ, നിരന്തരം വിലയിരുത്തുന്നതും സർക്കാരിനെ സദാ ഉത്തരവാദപ്പെടുത്തുന്നതുമായ ഫെമിനിസ്റ്റ് പ്രവർത്തനം പൗരസങ്കല്പനത്തെ വികസിപ്പിക്കാനുള്ള പോരാട്ടമാണ്.

ഇത്രയും പറഞ്ഞത് തുല്യപ്രാതിനിധ്യപ്രസ്ഥാനത്തെ മോശമാക്കാനോ നിരുത്സാഹപ്പെടുത്താനോ അല്ല. നേരെ മറിച്ച്, മലയാളി- ഇന്ത്യൻ ഫെമിനിസത്തിന്റെ അനിവാര്യഘടകമാണത് എന്ന തിരിച്ചറിവാണ് ഈ നിരീക്ഷണങ്ങൾക്കു പിന്നിൽ; അതുകൊണ്ടുതന്നെ അതിന്റെ സ്രഷ്ടാക്കൾ അഭിനന്ദനമർഹിക്കുന്നു. എന്നാൽ ഈ പ്രസ്ഥാനത്തിന്റെ സങ്കീർണതയും അത് ദീർഘകാലമായി നടക്കുന്ന പ്രയാസമേറിയ ആഗോളപോരാട്ടമാണെന്ന കയ്പേറിയ സത്യവും ചൂണ്ടിക്കാണിച്ചേ മതിയാവൂ.

തെരെഞ്ഞെടുപ്പുകാലത്തു മാത്രമല്ല, നിരന്തരം നടക്കേണ്ട പോരാട്ടമാണത് – ‘സ്ത്രീകൾ’ എന്ന സംവർഗത്തെ കൂടുതൽ ഉൾക്കൊള്ളൽശേഷിയുള്ളതാക്കുക, രാഷ്ട്രീയകക്ഷികൾക്കുള്ളിൽ വിവേചനത്തെയും അനീതിയെയും പറ്റി പരാതിപ്പെടുന്ന സ്ത്രീകൾക്കൊപ്പം കക്ഷിഭേദം കാട്ടാതെ നിൽക്കുക, അധികാരസ്ഥാപനങ്ങൾക്കു പുറത്തുള്ള സർക്കാർ പടുത്തുയർത്തിയ ലിംഗതുല്യതാസംവിധാനത്തിൽ സ്ത്രീജീവിതത്തെയും സ്ത്രീകളുടെ സവിശേഷതാത്പര്യങ്ങളെയും ആവശ്യങ്ങളെയും നിരന്തരം ഉന്നയിക്കുക, ആരാണ് ഭരണത്തിൽ എന്നു നോക്കാതെ ഭരണകൂടത്തോട് അവയെ സംബന്ധിച്ച് നിരന്തരം കണക്കുചോദിക്കുക – ഇത്തരം പൗരസങ്കല്പവികാസ പ്രവർത്തനങ്ങളുടെ പിൻബലമില്ലാത്ത തുല്യപ്രാതിനിധ്യവാദം രാഷ്ടീയകനമില്ലാത്തതും അധികവും വരേണ്യസ്ത്രീകൾക്ക് മാത്രം പ്രയോജനം ചെയ്യുന്നതുമായ ഉപരിപ്ളവ ഫെമിനിസം മാത്രമായിരിക്കും. ഇന്ന് കേരളത്തിൽ രാഷ്ട്രീയപ്രവർത്തകരാകാൻ ആഗ്രഹിക്കുന്ന, അധികാരം കാംക്ഷിക്കുന്ന, ഒട്ടനവധി സ്ത്രീകളുണ്ടെന്ന് നമ്മുടെ തെരെഞ്ഞെടുപ്പുകാല തർക്കങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അധികാരപ്രവേശനത്തിന്റെ പേരിൽ സ്ത്രീകൾ തമ്മിൽ മത്സരിക്കാനും അവരെ എതിരാളികളാക്കി രസിക്കാനുമുള്ള വാസന എല്ലാ മുഖ്യധാരാ രാഷ്ട്രീയകക്ഷികളിലും കാണുന്നുണ്ട്. രാഷ്ട്രീയത്തിലെത്താൻ, അവിടെ പൊറുക്കാൻ, സ്ത്രീകൾ കൊടുക്കേണ്ടിവരുന്ന വില ഇനിയും കൂടിക്കൂടാ. നമ്മുടെ തുല്യപ്രാതിനിധ്യപ്രസ്ഥാനം ഈ സങ്കീർണതകൾ കാണാതിരുന്നുകൂടാ.


Summary: The struggle women to suffer to get into politics and to be accepted there cannot be increased any further, J Devika writes.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments