സ്ത്രീകൾക്ക് ജനസംഖ്യാനുപാതികമായി രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കണം

“സ്ത്രീകൾക്ക് നിയമനിർമാണസഭകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നൽകാതെ രാഷ്ട്രീയാധികാരത്തിൽ ഒരു ന്യൂനപക്ഷമായി നിലനിർത്തിയെന്നത് ഇന്ത്യയിൽ ആരോഗ്യകരമായ ജനാധിപത്യമല്ല നിലവിലുള്ളത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ട്രാൻസ് ജെൻഡർ വ്യക്തികളെ പൗരരായി കണക്കാക്കുന്നത് പോലും സമീപകാലം മുതലാണ്,” - നിലപാടുകൾ വിശദീകരിച്ച് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം.

നിയമനിർമാണസഭകളിൽ സ്ത്രീകൾക്ക് തുല്യപ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് 2019-ൽ കേരളത്തിൽ ആരംഭിച്ചതാണ് തുല്യപ്രാതിനിധ്യപ്രസ്ഥാനം. ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന സ്ത്രീകൾക്ക്, സ്വാതന്ത്ര്യലബ്ധിയുടെ 75 വർഷങ്ങൾ പിന്നിട്ടിട്ടും, രാഷ്ട്രീയാധികാരത്തിൽ - പ്രത്യേകിച്ച് നിയമനിർമാണസഭകളായ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും അർഹമായ പ്രാതിനിധ്യമില്ല എന്ന തിരിച്ചറിവും ഈ അവസ്ഥ തുടരാൻ അനുവദിച്ചുകൂടാ എന്ന നിശ്ചയദാർഢ്യവുമാണ് തുല്യപ്രാതിനിധ്യപ്രസ്ഥാനം രൂപീകരിക്കാൻ കാരണമായത്. പിതൃമേധാവിത്വവ്യവസ്ഥയിൽ സ്ത്രീകൾ മാത്രമല്ല ട്രാൻസ് ജെൻഡർ വ്യക്തികളും അടിച്ചമർത്തൽ നേരിടുന്നത് കൊണ്ട്, തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ സമീപനം ട്രാൻസ് ജെൻഡർ വ്യക്തികളെ കൂടി ഉൾച്ചേർത്ത് വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും ജനസംഖ്യാനുപാതികമായ രാഷ്ട്രീയപ്രാതിനിധ്യം നേടിയെടുക്കുക എന്നതാണ് തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം. നിയമനിർമ്മാണസഭകളിൽ അർഹമായ പ്രാതിനിധ്യം നേടിയെടുക്കാനായി, സ്ത്രീകളുടേയും ട്രാൻസ് ജെൻഡർ വ്യക്തികളുടേയും നേതൃത്വത്തിലുള്ളതും, ദീർഘകാലാടിസ്ഥാനത്തിൽ ചിട്ടയായി പ്രവർത്തിക്കുന്നതുമായ ഒരു വിശാല സാമൂഹ്യപ്രസ്ഥാനം വളർത്തിയെടുക്കുകയാണ് ലക്ഷ്യം.

നിയമനിർമ്മാണസഭകളിലെ പ്രാതിനിധ്യം

1952ലെ ആദ്യ ലോക്സഭയിൽ 5 ശതമാനമായിരുന്ന സ്ത്രീപ്രാതിനിധ്യം ഇപ്പോഴും 13.8 ശതമാനമായി മാത്രമേ വർധിച്ചിട്ടുള്ളു. മുക്കാൽ നൂറ്റാണ്ടുകൊണ്ട് 9 ശതമാനത്തിൽ താഴെ മാത്രമാണ് വർധനവുണ്ടായത്. സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തിൽ 183 ലോകരാജ്യങ്ങളിൽ 150–ാം സ്ഥാനമാണ് ഇന്ത്യയുടേത് എന്ന് ഇന്റർ പാർലമെന്ററി യൂനിയന്റെ (I.P.U)1 2025ലെ കണക്കുകൾ കാണിക്കുന്നു. കേരള നിയമസഭയിലാകട്ടെ, വെറും 8.5 ശതമാനം മാത്രമാണ് സ്ത്രീ MLA-മാരുള്ളത്. ഇത് 9 ശതമാനമെന്ന ദേശീയ ശരാശരിയെക്കാൾ കുറവാണ്. ഇന്ത്യയിൽ ആദ്യത്തെ ട്രാൻസ് ജെൻഡർ MLA തെരഞ്ഞെടുക്കപ്പെടുന്നത് 1998-ലാണ്. ‘ആദ്യത്തെ’ ആ അവസരത്തിന് ശേഷം ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് നിയമനിർമാണ സഭകളിൽ പ്രാതിനിധ്യം ഉണ്ടായിട്ടേയില്ല. കുടുംബം അടക്കമുള്ള സാമൂഹ്യസ്ഥാപനങ്ങളിലും, രാഷ്ട്രീയ പാർട്ടികളിലും സാമൂഹ്യസംഘടനകളിലും നിലനിൽക്കുന്ന പിതൃമേധാവിത്വത്തിന്റെ ഫലമായാണ് സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും രാഷ്ട്രീയാധികാരത്തിലടക്കം അർഹമായ പങ്ക് ലഭിക്കാത്ത സ്ഥിതി തുടരുന്നത്.

പ്രാതിനിധ്യവും ജനാധിപത്യവും

ഏതൊരു ജനാധിപത്യ സമൂഹത്തിന്റെയും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് അതിലെ വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് അർഹമായ പ്രാധിനിധ്യം ഉറപ്പുവരുത്തുക എന്നത്. രാജ്യത്തെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിലും രാജ്യം എങ്ങനെ മുന്നോട്ടു പോകണം എന്നു നിശ്ചയിക്കുന്നതിലും എല്ലാ വിഭാഗങ്ങൾക്കും തുല്യമായ അവസരവും പങ്കാളിത്തവും ഉണ്ടാകേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപിന് അനിവാര്യമാണ്. സുസ്ഥിരവും സന്തുലിതവുമായ സമൂഹമായി രാഷ്ട്രത്തെ മാറ്റിത്തീർക്കാൻ അത് അത്യാവശ്യവുമാണ്.

ഇന്ത്യയിൽ ആദ്യത്തെ ട്രാൻസ് ജെൻഡർ MLA തെരഞ്ഞെടുക്കപ്പെടുന്നത് 1998-ലാണ്. ‘ആദ്യത്തെ’ ആ അവസരത്തിന് ശേഷം ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് നിയമനിർമാണ സഭകളിൽ പ്രാതിനിധ്യം ഉണ്ടായിട്ടേയില്ല.
ഇന്ത്യയിൽ ആദ്യത്തെ ട്രാൻസ് ജെൻഡർ MLA തെരഞ്ഞെടുക്കപ്പെടുന്നത് 1998-ലാണ്. ‘ആദ്യത്തെ’ ആ അവസരത്തിന് ശേഷം ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് നിയമനിർമാണ സഭകളിൽ പ്രാതിനിധ്യം ഉണ്ടായിട്ടേയില്ല.

ലിംഗപരമായ വ്യത്യാസങ്ങൾ പൗരർക്ക് തുല്യമായി അവസരങ്ങൾ ലഭിക്കുന്നതിനും നേട്ടങ്ങൾ ഉണ്ടാക്കുന്നതിനും തടസ്സമായിക്കൂടാ എന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നുണ്ട്. മതം, ജാതി, ലിംഗം, വർണം, പ്രദേശം എന്നിവ പൗരർ തമ്മിൽ യാതൊരു വിവേചനത്തിനും കാരണമാകരുത് എന്ന് കൃത്യമായി നിഷ്കർഷിക്കുകയും അത്തരം വിവേചനങ്ങൾ മൗലികാവകാശലംഘനമായി കണക്കാക്കുകയും നിരോധിക്കുകയും ചെയ്യുന്ന ഒരു ഭരണഘടനക്കു കീഴിലാണ് സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കുമെതിരെ രാഷ്ട്രീയാധികാരത്തിലടക്കം കുറ്റകരമായ വിവേചനം തുടരുന്നത്. സ്ത്രീകൾക്ക് നിയമനിർമാണസഭകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നൽകാതെ രാഷ്ട്രീയാധികാരത്തിൽ ഒരു ന്യൂനപക്ഷമായി നിലനിർത്തിയെന്നത് ഇന്ത്യയിൽ ആരോഗ്യകരമായ ജനാധിപത്യമല്ല നിലവിലുള്ളത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ട്രാൻസ് ജെൻഡർ വ്യക്തികളെ പൗരരായി കണക്കാക്കുന്നത് പോലും സമീപകാലം മുതലാണ്.

നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണെന്നും ഭരണകൂടം എല്ലാവർക്കും തുല്യമായ നിയമ പരിരക്ഷ ഉറപ്പുവരുത്തണമെന്നും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന വാഗ്ദാനം നൽകുന്ന തുല്യതയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും ലഭിക്കേണ്ടതായ തുല്യപ്രാതിനിധ്യം നിഷേധിക്കുന്നതിലൂടെ നമ്മുടെ രാഷ്ട്രീയ സംവിധാനം ‘ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുക’ എന്ന അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബോധപൂർവം ഒഴിഞ്ഞുമാറുകയും തുല്യത എന്ന മൗലികാവകാശം പോലും നിഷേധിക്കുകയുമാണ് ചെയ്യുന്നത്. യഥാർത്ഥ ജനാധിപത്യം, ലിംഗപരമായ തുല്യതയും തുല്യമായ പൗരാവകാശങ്ങളും ഉറപ്പുവരുത്തുന്നതായിരിക്കണം.

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര നിയമമായി അറിയപ്പെടുന്ന ‘സ്ത്രീകൾക്കെതിരായ എല്ലാവിധ വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഉടമ്പടി’ (Convention on the Elimination of All Forms of Discrimination Against Women — CEDAW) 1979-ൽ ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയും 1993-ൽ ഇന്ത്യ അതിൽ ഒപ്പു വെക്കുകയും ചെയ്തു. പ്രസ്തുത ഉടമ്പടിയുടെ 7ാം അനുച്ഛേദം രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സ്ത്രീകൾക്കെതിരായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കാൻ അംഗരാജ്യങ്ങളെ ഉത്തരവാദപ്പെടുത്തുകയും, തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കപ്പെടാനും രാഷ്ട്രീയാധികാരത്തിലും സർക്കാർ പോളിസി നിർമാണത്തിലുമടക്കം സ്ത്രീകൾക്ക് പുരുഷനോടൊപ്പം തുല്യാവകാശം ഉറപ്പുവരുത്താനും അംഗരാഷ്ട്രങ്ങളോട് നിഷ്കർഷിക്കുന്നു. ഇന്ത്യ 1993-ൽ ഏറ്റെടുത്ത ഈ ഉത്തരവാദിത്വം നിറവേറ്റാൻ ഇനിയും കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ല.

1952ലെ ആദ്യ ലോക്സഭയിൽ 5 ശതമാനമായിരുന്ന സ്ത്രീപ്രാതിനിധ്യം ഇപ്പോഴും 13.8 ശതമാനമായി മാത്രമേ വർധിച്ചിട്ടുള്ളു. മുക്കാൽ നൂറ്റാണ്ടുകൊണ്ട് 9 ശതമാനത്തിൽ താഴെ മാത്രമാണ് വർധനവുണ്ടായത്.
1952ലെ ആദ്യ ലോക്സഭയിൽ 5 ശതമാനമായിരുന്ന സ്ത്രീപ്രാതിനിധ്യം ഇപ്പോഴും 13.8 ശതമാനമായി മാത്രമേ വർധിച്ചിട്ടുള്ളു. മുക്കാൽ നൂറ്റാണ്ടുകൊണ്ട് 9 ശതമാനത്തിൽ താഴെ മാത്രമാണ് വർധനവുണ്ടായത്.

സ്ത്രീപ്രാതിനിധ്യവും ട്രാൻസ് ജെൻഡർ പ്രാതിനിധ്യവും ജനസംഖ്യാനുപാതികമായി വർദ്ധിപ്പിക്കാനുള്ള നടപടികൾ എടുക്കേണ്ടത് ഇന്ത്യൻ ഭരണകൂടത്തിന്റെയും അതിന് സമ്മർദ്ദം ചെലുത്തേണ്ടതും നേടിയെടുക്കേണ്ടതും ജനങ്ങളുടെയും കടമയാണ്. പ്രാതിനിധ്യം അത്തരത്തിൽ വർദ്ധിക്കുന്നത് സ്ത്രീകളുടെയും ട്രാൻസ് ജെൻഡർ വ്യക്തികളുടെയും ഉന്നമനത്തിനും മെച്ചപ്പെട്ട, നീതിപൂർണമായ ഒരു സമൂഹമായി ഇന്ത്യയെ മാറ്റിത്തീർക്കുന്നതിനും അത്യന്താപേക്ഷിതമാണ്. നിയമനിർമാണസഭകളിലും ഭരണനിർവഹണത്തിലും തുല്യപ്രാതിനിധ്യം ഉറപ്പുവരുത്തുന്നത് മെച്ചപ്പെട്ട നിയമനിർമ്മാണത്തിനും സാമൂഹ്യപുരോഗതിക്കും രാജ്യത്തിന്റെ പൊതുവായ ഉന്നമനത്തിനും സഹായകമാണെന്ന് പല രാജ്യങ്ങളിലേയും അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്.

സംവരണത്തിന്റെ ആവശ്യകത

ആധുനിക ഇന്ത്യയിൽ പൗരർക്ക് തുല്യനീതി ഉറപ്പാക്കുന്നതിന് നമ്മുടെ ഭരണഘടന അംഗീകരിച്ചിട്ടുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയാണ് സംവരണം. ‘ചരിത്രപരമായി നിലനിൽക്കുന്ന വിവേചനങ്ങളുടെ തിക്തഫലങ്ങൾ പരിഹരിക്കാനുള്ള ഫലപ്രദമായ മാർഗ’മായാണ് സംവരണത്തെ ഇന്ദ്രാ സാഹ്നി കേസിൽ സുപ്രീം കോടതി വിലയിരുത്തിയിട്ടുള്ളത്. വിദ്യാഭ്യാസത്തിലും തൊഴിലിലും തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലും വിവേചനത്തിനിരയായ വിഭാഗങ്ങൾക്ക് നീതിപൂർവ്വമായ അവസരം നിയമപരമായി നൽകിക്കൊണ്ട് പൗരർക്ക് തുല്യനീതി ഉറപ്പിക്കുന്നതിനുള്ള ഭരണഘടനാപരമായ സംവിധാനം എന്ന നിലയിൽ സംവരണത്തിന് ഒരു ആധുനികരാഷ്ട്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്. സംവരണത്തിന്റെ അഭാവത്തിൽ നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കുക ബുദ്ധിമുട്ടാണെന്നത് വ്യക്തമാണ്.

ഭരണഘടനയുടെ 15(3) അനുച്ഛേദം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക നിയമനിർമാണം നടത്താൻ അനുവദിക്കുന്നുണ്ട്. ഭരണഘടനയുടെ 15-ാം അനുച്ഛേദം ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി 2014-ലെ NALSA വിധിയിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

നിയമനിർമാണസഭകളിൽ മാത്രമല്ല, മന്ത്രിസഭകളിലും രാഷ്ട്രീയപാർട്ടികളുടെ നേതൃത്വങ്ങളിലുമടക്കം നയപരമായ തീരുമാനങ്ങൾ എടുക്കുന്ന സമിതികളിലെല്ലാം സ്ത്രീകളും ട്രാൻസ് ജെൻഡർ വ്യക്തികളും അതിന്യൂനപക്ഷമാണ്. അതിനാൽ അവർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതിന് സംവരണം അടക്കമുള്ള പ്രത്യേക പരിഗണനകളും നടപടികളും അനിവാര്യമാണ്.
നിയമനിർമാണസഭകളിൽ മാത്രമല്ല, മന്ത്രിസഭകളിലും രാഷ്ട്രീയപാർട്ടികളുടെ നേതൃത്വങ്ങളിലുമടക്കം നയപരമായ തീരുമാനങ്ങൾ എടുക്കുന്ന സമിതികളിലെല്ലാം സ്ത്രീകളും ട്രാൻസ് ജെൻഡർ വ്യക്തികളും അതിന്യൂനപക്ഷമാണ്. അതിനാൽ അവർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതിന് സംവരണം അടക്കമുള്ള പ്രത്യേക പരിഗണനകളും നടപടികളും അനിവാര്യമാണ്.

ഏതെങ്കിലും ജനവിഭാഗത്തിന് രാഷ്ട്രീയത്തിലും ഭരണവ്യവസ്ഥയിലും ആനുപാതിക പ്രാതിനിധ്യം നിഷേധിക്കപ്പെട്ടാൽ അവിടെ അവർക്ക് നയപരമായ തീരുമാനങ്ങളിൽ ഫലപ്രദമായി ഇടപെടാനാവില്ല. ഡോ. ബി. ആർ അംബേദ്കർ നിരീക്ഷിച്ചതുപോലെ, ഒരു വിഭാഗം ജനസംഖ്യാപരമായി ന്യൂനപക്ഷമാകുമ്പോൾ മാത്രമല്ല, മറ്റൊരു വിഭാഗം അവരുടെ അവകാശങ്ങൾ കവരുകയോ നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലും രാഷ്ട്രീയമായി ആ വിഭാഗത്തെ ന്യൂനപക്ഷമായി കണക്കാക്കേണ്ടതും അവർക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം നൽകി അത് പരിഹരിക്കേണ്ടതുമുണ്ട്. നിയമനിർമാണസഭകളിൽ മാത്രമല്ല, മന്ത്രിസഭകളിലും രാഷ്ട്രീയപാർട്ടികളുടെ നേതൃത്വങ്ങളിലുമടക്കം നയപരമായ തീരുമാനങ്ങൾ എടുക്കുന്ന സമിതികളിലെല്ലാം സ്ത്രീകളും ട്രാൻസ് ജെൻഡർ വ്യക്തികളും അതിന്യൂനപക്ഷമാണ്. അതിനാൽ അവർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതിന് സംവരണം അടക്കമുള്ള പ്രത്യേക പരിഗണനകളും നടപടികളും അനിവാര്യമാണ്. സംവരണം ഏർപ്പെടുത്തുന്നതിലൂടെ സ്ത്രീപ്രാതിനിധ്യം വൻതോതിൽ വർദ്ധിക്കുന്നു എന്ന വിവിധ രാജ്യങ്ങളിലെ അനുഭവവും സംവരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.

ലംബവും തിരശ്ചീനവുമായ സംവരണം

ജെൻഡർ അടിസ്ഥാനപ്പെടുത്തിയുള്ള ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തോടൊപ്പം മറ്റ് സാമൂഹ്യ പിന്നാക്കാവസ്ഥകളെ കൂടി പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ ബ്രാഹ്മണ്യവാദ പിതൃമേധാവിത്വം ജാതി, മതം, ലിംഗം (sex), ജെൻഡർ, ലൈംഗികാഭിമുഖ്യം (sexual orientation) എന്നിവയുടെ പേരിൽ ചൂഷണവും മർദ്ദനവും നടത്തുന്നു എന്ന് തുല്യപ്രാതിനിധ്യ പ്രസ്ഥാനം തിരിച്ചറിയുന്നു. തിരശ്ചീനവും ലംബവുമായ സംവരണത്തിലൂടെ മാത്രമേ ലിംഗം, ജെൻഡർ, ലൈംഗികാഭിമുഖ്യം എന്നിവയുടെ അടിസ്ഥാനത്തിലും ജാതി, മത, ഗോത്ര അടിസ്ഥാനത്തിലും ഒരേ സമയം പിന്നാക്കം നിർത്തപ്പെട്ടവർക്ക് തങ്ങളുടെ അധികാരം ഉറപ്പിക്കാൻ കഴിയൂ.

സ്ത്രീ സംവരണനിയമവും സ്ത്രീപ്രാതിനിധ്യവും

ഭരണഘടനയുടെ 106-ാം ഭേദഗതിനിയമമായി പാർലമെന്റ് 2023-ൽ പാസാക്കിയ സ്ത്രീസംവരണനിയമം തുല്യപ്രാതിനിധ്യത്തിലേക്കുള്ള ആദ്യ ചുവട് എന്ന നിലയിൽ പ്രാധാന്യമുള്ളതാണ്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൊത്തത്തിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതാണ് പ്രസ്തുത നിയമം. SC, ST വിഭാഗങ്ങളുടെ സംവരണസീറ്റുകളിൽ 33 ശതമാനം അതത് വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് സംവരണം ചെയ്യാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.

എന്നാൽ, സ്ത്രീസംവരണനിയമം അടുത്ത സെൻസസിനും അതു കഴിഞ്ഞുള്ള മണ്ഡലപുനർനിർണയത്തിനും ശേഷം നടപ്പിലാക്കിയാൽ മതി എന്ന നിബന്ധന തീർത്തും ജനാധിപത്യവിരുദ്ധമാണ്. ഭരണകക്ഷിയായ NDA ഇത്തരത്തിൽ സ്ത്രീസംവരണനിയമം പാസാക്കിയെടുത്തത് സ്ത്രീകൾക്ക് രാഷ്ട്രീയാധികാരത്തിൽ പങ്കാളിത്തം നൽകാനല്ല, മറിച്ച് അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ വേണ്ടി മാത്രമാണ്. അതിനാൽ നിബന്ധനകൾ ഒഴിവാക്കി നിയമം ഉടൻ നടപ്പാക്കാൻ നടപടിയെടുക്കണം എന്ന് തുല്യപ്രാതിനിധ്യ പ്രസ്ഥാനം ആവശ്യപ്പെടുന്നു. 2023-ൽ ബിൽ അവതരിപ്പിച്ച സമയത്ത് നിബന്ധനകളൊന്നും കൂടാതെ നിയമം ഉടൻ നടപ്പിലാക്കണമെന്ന് എല്ലാ പ്രതിപക്ഷ കക്ഷികളും പാർലമെന്റിൽ വാദിച്ചുവെങ്കിലും തുടർന്ന് 2024-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ബിജു ജനതാദളും ഒഴിച്ചുള്ള പാർട്ടികൾ വളരെ കുറഞ്ഞ സീറ്റുകളിൽ മാത്രമാണ് സ്ത്രീകളെ മത്സരിപ്പിച്ചത്. മറ്റു പാർട്ടികൾ എല്ലാം തന്നെ ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് കാണിച്ചു എന്നത് വ്യക്തമാണ്.

ഭരണഘടനയുടെ 106-ാം ഭേദഗതിനിയമമായി പാർലമെന്റ് 2023-ൽ പാസാക്കിയ സ്ത്രീസംവരണനിയമം തുല്യപ്രാതിനിധ്യത്തിലേക്കുള്ള ആദ്യ ചുവട് എന്ന നിലയിൽ പ്രാധാന്യമുള്ളതാണ്.
ഭരണഘടനയുടെ 106-ാം ഭേദഗതിനിയമമായി പാർലമെന്റ് 2023-ൽ പാസാക്കിയ സ്ത്രീസംവരണനിയമം തുല്യപ്രാതിനിധ്യത്തിലേക്കുള്ള ആദ്യ ചുവട് എന്ന നിലയിൽ പ്രാധാന്യമുള്ളതാണ്.

2023-ലെ സ്ത്രീസംവരണ നിയമത്തിൽ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മാത്രമാണ് സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. അത് രാജ്യസഭയിലേക്കും സംസ്ഥാനങ്ങളിലെ ഉപരിസഭകളിലേക്കും (അവ ഉള്ളയിടങ്ങളിൽ) വ്യാപിപ്പിക്കണം. കൂടാതെ, കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലും സ്ത്രീകൾക്ക് കുറഞ്ഞത് 33 ശതമാനമെങ്കിലും സംവരണം ഏർപ്പെടുത്തണം. ക്രമേണ സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും മുഴുവൻ അധികാരസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെടാനോ നിയമിക്കപ്പെടാനോ ഉള്ള തുല്യമായ അവസരമുണ്ടാവുകയും വേണം.

ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ പ്രാതിനിധ്യം

സാമൂഹികമായി ബഹിഷ്കൃതരായി തുടരുന്ന ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്ക് നിയമനിർമാണസഭകളിൽ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നത് പ്രത്യേകമായി കാണേണ്ടതാണ്. ട്രാൻസ് ജെൻഡർ വിഭാഗങ്ങൾ കൂടാതെ ലൈംഗികാടിസ്ഥാനത്തിൽ അടിച്ചമർത്തൽ നേരിടുന്ന മറ്റ് പല ന്യൂനപക്ഷങ്ങളും ഉൾപ്പെടുന്നതാണ് LGBTQIA+ കമ്മ്യൂണിറ്റികൾ. ഈ ലൈംഗിക ന്യൂനപക്ഷങ്ങൾ ജാതി, മത ഭേദമന്യേ കടുത്ത മർദ്ദനങ്ങളും അടിച്ചമർത്തലും നേരിടുന്നവരാണ്. മറ്റേതൊരു ജനവിഭാഗത്തേയും പോലെ തങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ രാഷ്ട്രീയാധികാരത്തിലെത്തേണ്ടത് ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടേയും ആവശ്യമാണ്.

ഇപ്പോഴത്തെ അവസ്ഥയിൽ ദൃശ്യത കുറവായത് കൊണ്ടും ID കാർഡ് ഇല്ലാത്തതിന്റെ പേരിലും സ്വന്തം വീട്ടിലോ നാട്ടിലോ താമസിക്കാൻ കഴിയാത്തതിനാലും ജീവിത സാഹചര്യങ്ങൾ മൂലവും, ട്രാൻസ് ജെൻഡർ ഐഡന്റിറ്റിയിൽ വോട്ടു ചെയ്യാൻ പോലും പറ്റാത്ത ധാരാളം പേരുണ്ട്.
ഇപ്പോഴത്തെ അവസ്ഥയിൽ ദൃശ്യത കുറവായത് കൊണ്ടും ID കാർഡ് ഇല്ലാത്തതിന്റെ പേരിലും സ്വന്തം വീട്ടിലോ നാട്ടിലോ താമസിക്കാൻ കഴിയാത്തതിനാലും ജീവിത സാഹചര്യങ്ങൾ മൂലവും, ട്രാൻസ് ജെൻഡർ ഐഡന്റിറ്റിയിൽ വോട്ടു ചെയ്യാൻ പോലും പറ്റാത്ത ധാരാളം പേരുണ്ട്.

ഇപ്പോഴത്തെ അവസ്ഥയിൽ ദൃശ്യത കുറവായത് കൊണ്ടും ID കാർഡ് ഇല്ലാത്തതിന്റെ പേരിലും സ്വന്തം വീട്ടിലോ നാട്ടിലോ താമസിക്കാൻ കഴിയാത്തതിനാലും ജീവിത സാഹചര്യങ്ങൾ മൂലവും, ട്രാൻസ് ജെൻഡർ ഐഡന്റിറ്റിയിൽ വോട്ടു ചെയ്യാൻ പോലും പറ്റാത്ത ധാരാളം പേരുണ്ട്. ഈ പ്രതികൂല സാഹചര്യത്തിലും പല ട്രാൻസ്ജെൻഡർ വ്യക്തികളും വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നുമുണ്ട്. ബാഹ്യപ്രേരണയാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അവർ നിർബന്ധിതരാകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.

രാജ്യത്തെ ജനസംഖ്യയിൽ 10 ശതമാനത്തിലധികം പേർ LGBTQIA+ കമ്മ്യൂണിറ്റികളിൽ പെട്ടവരാണെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ മാത്രമായി കണക്കുകൾ ലഭ്യമല്ല. ഇപ്പോഴത്തെ നിലയിൽ ജനസംഖ്യാപരമായും സാമൂഹികസ്ഥിതിയുടെ കാര്യത്തിലും ഒരുപോലെ ന്യൂനപക്ഷമായ ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്ക് സംവരണത്തിലൂടെയോ നോമിനേഷനിലൂടെയോ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് അടിയന്തര ആവശ്യമാണ്.

സത്വര നടപടി വേണ്ട കാര്യങ്ങൾ ഇവയാണ്:

1. ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ ജനസംഖ്യയും സാമൂഹിക-സാമ്പത്തിക സ്ഥിതിയും സംബന്ധിച്ചുള്ള വിശദമായ കണക്കെടുപ്പ് ഉടൻ നടത്തണം.

2. ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള ആദ്യപടിയായി നിയമനിർമാണ സഭകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നോമിനേഷനിലൂടെ നിശ്ചിത എണ്ണം സാമാജികരെ നിയമിക്കണം.

3. ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് നിയമനിർമാണസഭകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും അർഹമായ പ്രാതിനിധ്യം നൽകാനുള്ള നിയമവും നയവും രൂപീകരിക്കണം.

ജാതി, മതസംവരണം

സംസ്ഥാന നിയമസഭയിൽ SC, ST വിഭാഗങ്ങൾക്ക് ജനസംഖ്യാടിസ്ഥാനത്തിൽ യഥാക്രമം 14-ഉം 2-ഉം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെങ്കിലും പൊതുവിഭാഗത്തിലെ പോലെത്തന്നെ ഈ വിഭാഗങ്ങളിലും സ്ത്രീ സാമാജികർ തീരെ കുറവാണ്. നിലവിലെ കേരള നിയമസഭയിൽ SC വിഭാഗത്തിൽനിന്ന് രണ്ട് സ്ത്രീ MLA-മാർ മാത്രമാണുള്ളത്. ST വിഭാഗത്തിൽനിന്ന് ആരുമില്ല. ട്രാൻസ് ജെൻഡർ സാമാജികർ ഇന്നേവരെ ഉണ്ടായിട്ടുമില്ല.

നിലവിലെ കേരള നിയമസഭയിൽ SC വിഭാഗത്തിൽനിന്ന് രണ്ട് സ്ത്രീ MLA-മാർ മാത്രമാണുള്ളത്. ST വിഭാഗത്തിൽനിന്ന് ആരുമില്ല. ട്രാൻസ് ജെൻഡർ സാമാജികർ ഇന്നേവരെ ഉണ്ടായിട്ടുമില്ല.
നിലവിലെ കേരള നിയമസഭയിൽ SC വിഭാഗത്തിൽനിന്ന് രണ്ട് സ്ത്രീ MLA-മാർ മാത്രമാണുള്ളത്. ST വിഭാഗത്തിൽനിന്ന് ആരുമില്ല. ട്രാൻസ് ജെൻഡർ സാമാജികർ ഇന്നേവരെ ഉണ്ടായിട്ടുമില്ല.

മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള OBC വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ സംവരണമില്ലാത്തതിനാൽ പാർലമെന്റിലും നിയമസഭകളിലും മുസ്ലിം സ്ത്രീപ്രാതിനിധ്യം അവരുടെ ജനസംഖ്യയെ അപേക്ഷിച്ച് തുലോം കുറവാണ്. ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ 7 ശതമാനത്തിലധികം വരുന്ന മുസ്ലിം സ്ത്രീകളുടെ ലോക്സഭയിലെ പ്രാതിനിധ്യം 0.7 ശതമാനം മാത്രമാണ്. കേരളത്തിലാകട്ടെ, 13 ശതമാനത്തിലധികമാണ് മുസ്ലിം സ്ത്രീകളുടെ ജനസംഖ്യ. എന്നാൽ നിലവിലെ കേരളനിയമസഭയിലേക്ക് ഒരേയൊരു മുസ്ലിം സ്ത്രീസാമാജിക മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അവിടെയും 0.7 ശതമാനം മാത്രം. ലംബവും തിരശ്ചീനവുമായ സംവരണത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

രാഷ്ട്രീയ പാർട്ടികളിലെ തുല്യപ്രാതിനിധ്യം

നിയമനിർമാണസഭകളിൽ ഉയർന്ന സ്ത്രീപ്രാതിനിധ്യമുള്ള പല രാജ്യങ്ങളും അത് നേടിയെടുത്തത് രാഷ്ട്രീയ പാർട്ടികളിൽ സ്ത്രീകൾക്ക് ഉയർന്ന പ്രാതിനിധ്യം ഉറപ്പു വരുത്തിക്കൊണ്ടാണ്. മെക്സിക്കോ, അർജൻറ്റീന, ഫ്രാൻസ്, നോർവേ, സ്വീഡൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിയമം മൂലമോ രാഷ്ട്രീയ പാർട്ടികൾ സ്വമേധയാലോ സ്ത്രീകൾക്ക് ക്വോട്ട നിശ്ചയിക്കുകയും അത് ആ രാജ്യങ്ങളിൽ സ്ത്രീപ്രാതിനിധ്യം ഉയർത്താൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികൾ സ്വമേധയാ മൂന്നിലൊന്നും അതിലധികവും സ്ത്രീകൾക്ക് സീറ്റ് നൽകുകയും നിയമ നിർമാണസഭകളിൽ ശരാശരിയിലും ഉയർന്ന സ്ത്രീപ്രാതിനിധ്യം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ മറ്റു പാർട്ടികളെല്ലാം തന്നെ ഇക്കാര്യത്തിൽ വളരെ പുറകിലാണ്. പിതൃമേധാവിത്വം ശക്തമായി നിലനിൽക്കുന്ന ഇന്ത്യയിൽ സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും അധികാരസ്ഥാനങ്ങളിൽ നീതിപൂർവമായ പ്രാതിനിധ്യം ലഭിക്കാനുള്ള മാർഗ്ഗമെന്ന നിലയിൽ സംവരണത്തിന് വലിയ പ്രാധാന്യമുണ്ട് എന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ കാണിക്കുന്നത്.

നിയമ നിർമാണ സഭകളിലെ ഭൂരിഭാഗം സാമാജികരും രാഷ്ട്രീയ പാർട്ടികളുടെ ബാനറിലാണ് തെരഞ്ഞെടുക്കപ്പെടുന്നത്. അതിനാൽ നിയമനിർമാണസഭകളിലെ സംവരണത്തിനു പുറമെ രാഷ്ട്രീയ പാർട്ടികളുടെ എല്ലാ കമ്മിറ്റികളിലും സ്ത്രീകൾക്ക് 33 ശതമാനത്തിൽ കുറയാത്ത പ്രാതിനിധ്യവും ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് നോമിനേഷനിലൂടെയുള്ള പ്രാതിനിധ്യവും ഉടൻ നിയമം മൂലം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്.

തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ പൊതു രാഷ്ട്രീയ നിലപാടുകൾ

ജെൻഡർ സമീപനം

പിതൃമേധാവിത്വം ശക്തമായി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളെയും ട്രാൻസ് ജെൻഡർ വിഭാഗങ്ങളെയും രണ്ടാംലിംഗം, മൂന്നാംലിംഗം എന്നിങ്ങനെ ശ്രേണീകരിക്കുകയും പുരുഷനെ ഏറ്റവും മുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന നിലയാണുള്ളത്. ജെൻഡർ റോളുകളും കൽപ്പിച്ചു നൽകുന്ന സ്വഭാവങ്ങളുമായി ബന്ധപ്പെട്ട് ആണധികാര സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികളും വിവേചനങ്ങളും സ്ത്രീകളെയും ട്രാൻസ് ജെൻഡർ വ്യക്തികളെയും പല വിധത്തിൽ ഞെരുക്കുന്നുണ്ട്. വീട്ടുജോലികളും കുട്ടികളെ സംരക്ഷിക്കലും സ്ത്രീകളുടെ കർത്തവ്യങ്ങളായി നിഷ്കർഷിക്കുന്ന നിലവിലെ സാമൂഹ്യവ്യവസ്ഥ അവരുടെ ശാരീരിക-ബൗദ്ധിക ശേഷികൾ സ്വന്തം താത്പര്യപ്രകാരം ഉപയോഗിക്കുന്നതിനും സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ ഫലപ്രദമായി ഇടപെടുന്നതിനും തടസ്സം നിൽക്കുന്നു. നിലവിലെ കുടുംബ ഘടനയിലും ജെൻഡർ റോളുകളിലും പിതൃമേധാവിത്ത വ്യവസ്ഥയിലും വലിയ പൊളിച്ചെഴുത്തുകൾ നടത്തിക്കൊണ്ടു മാത്രമേ സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും സാമൂഹ്യമായി മുന്നേറാനും രാഷ്ട്രീയത്തിലടക്കം തുല്യമായ അവസരവും പ്രാതിനിധ്യവും നേടിയെടുക്കാനും സാധിക്കുകയുള്ളു. പിതൃമേധാവിത്വത്തിന്റെ തകർച്ചയിലൂടെ മാത്രമേ എല്ലാ ജെൻഡറിൽ പെട്ടവർക്കും തുല്യ അവസരങ്ങൾ കൈവരൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ആ ദിശയിലുള്ള എല്ലാ പോരാട്ടങ്ങളോടും തുല്യ പ്രാതിനിധ്യ പ്രസ്ഥാനം ഐക്യപ്പെടുന്നു.

സാമൂഹ്യനീതി

ജീവിക്കാൻ ആവശ്യമായ എല്ലാ വിഭവങ്ങളും അവസരങ്ങളും എല്ലാ വിഭാഗങ്ങൾക്കും സാമൂഹികമായി ഒരുപോലെ പ്രാപ്യമാകുകയും നയപരമായ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ എല്ലാവർക്കും പങ്കുണ്ടാകുകയും ചെയ്യുന്നത് സാമൂഹ്യനീതിയുടെ അടിസ്ഥാന തത്വമാണ്. ജാതി സെൻസസ് ഉടനടി നടത്തുകയും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന, സംവരണം അടക്കമുള്ള പ്രത്യേക നടപടികളും പദ്ധതികളും ഉണ്ടാവുകയും വേണം.

ഇന്ത്യയിൽ തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികൾ സ്വമേധയാ മൂന്നിലൊന്നും അതിലധികവും സ്ത്രീകൾക്ക് സീറ്റ് നൽകുകയും നിയമ നിർമാണസഭകളിൽ ശരാശരിയിലും ഉയർന്ന സ്ത്രീപ്രാതിനിധ്യം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ മറ്റു പാർട്ടികളെല്ലാം തന്നെ ഇക്കാര്യത്തിൽ വളരെ പുറകിലാണ്.
ഇന്ത്യയിൽ തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികൾ സ്വമേധയാ മൂന്നിലൊന്നും അതിലധികവും സ്ത്രീകൾക്ക് സീറ്റ് നൽകുകയും നിയമ നിർമാണസഭകളിൽ ശരാശരിയിലും ഉയർന്ന സ്ത്രീപ്രാതിനിധ്യം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ മറ്റു പാർട്ടികളെല്ലാം തന്നെ ഇക്കാര്യത്തിൽ വളരെ പുറകിലാണ്.

ജനപ്രതിനിധികളുടെ കാര്യത്തിൽ മാത്രമല്ല, എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും മറ്റെല്ലാ അധികാരസ്ഥാനങ്ങളിലും സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും തുല്യപ്രാതിനിധ്യവും അവസരവും ഉണ്ടാകേണ്ടതുണ്ട്. സ്ത്രീകളും ട്രാൻസ് ജെൻഡർ വ്യക്തികളും സാമ്പത്തികമായും തൊഴിൽപരമായും സാമൂഹ്യനിലയുടെ കാര്യത്തിലും അനുഭവിക്കുന്ന പിന്നാക്കാവസ്ഥയും വിടവും കണക്കാക്കുന്നതിനായി എല്ലാ മേഖലകളിലും ജെൻഡർ ഓഡിറ്റിംഗ് നടത്തുകയും ജെൻഡർ വിടവ് പരിഹരിക്കാൻ സമയബന്ധിതമായ നടപടികൾ സ്വീകരിക്കുകയും വേണം.

മതം, വർഗീയത എന്നിവയോടുള്ള സമീപനം

പിതൃമേധാവിത്വം ഊട്ടിയുറപ്പിക്കുന്നതിലും സ്ത്രീകളെയും ട്രാൻസ് ജെൻഡർ വ്യക്തികളെയും പിന്നാക്കക്കാരും അസ്വതന്ത്രരുമായി നിലനിർത്തുന്നതിലും അവർക്കെതിരായ വിവേചനങ്ങൾ തുടരുന്നതിലും മതങ്ങൾക്ക് വലിയ പങ്കാണുള്ളത്. സ്ത്രീകളെ കുടുംബത്തിനകത്തും നിശ്ചിതമായ ജെൻഡർ റോളുകളിലും തളച്ചിടുകയും സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന കാര്യത്തിൽ എല്ലാ മതങ്ങളും ഏതാണ്ട് ഒരുപോലെയാണ്. ട്രാൻസ് ജെൻഡർ വ്യക്തികളെ മതങ്ങൾ രണ്ടാംകിടക്കാരായാണ് കണക്കാക്കുന്നത്. ഇന്ത്യൻ പൗരരെന്ന നിലയിൽ ലഭിക്കേണ്ട തുല്യസ്വത്തവകാശവും ജീവനാംശവും പോലുള്ള അടിസ്ഥാനാവകാശങ്ങൾ പോലും മതത്തിന്റെ പേരിൽ അവർക്ക് നിഷേധിക്കപ്പെടുന്നുണ്ട്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ അയിത്തം കൽപ്പിക്കുന്ന സ്ഥിതി ഇപ്പോഴും തുടരുകയാണ്. ഇതെല്ലാം തന്നെ നമ്മുടെ ഭരണഘടന ഉറപ്പു നൽകുന്ന തുല്യത എന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്.

ഓരോ വ്യക്തിക്കും തന്റെ ഇഷ്ടാനുസരണം മതത്തിൽ വിശ്വസിക്കാനും മതം ആചരിക്കാനും പ്രചരിപ്പിക്കാനും മതവിശ്വാസമില്ലാതെ ജീവിക്കാനും അവകാശമുണ്ട്. എന്നാൽ മതം ഒരു വിഭാഗത്തിന്റെയും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കാൻ കാരണമാകരുതെന്നും മതങ്ങൾ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ അനുവദിക്കരുതെന്നും തുല്യപ്രാതിനിധ്യ പ്രസ്ഥാനം വിശ്വസിക്കുന്നു. എല്ലാത്തരം വർഗീയതയും സമാധാനപരമായ ജീവിതത്തിനും മനുഷ്യ പുരോഗതിക്കും എതിർ നിൽക്കുന്നതും, അതിനാൽ തന്നെ എതിർക്കപ്പെടേണ്ടതുമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു യഥാർത്ഥ മതേതര ജനാധിപത്യ വ്യവസ്ഥയായി ഇന്ത്യയെ മാറ്റിത്തീർക്കാനുള്ള ശ്രമങ്ങൾക്കൊപ്പം തുല്യപ്രാതിനിധ്യപ്രസ്ഥാനം നിലകൊള്ളുന്നതാണ്.

വികസനം, പരിസ്ഥിതി

എല്ലാ ജനവിഭാഗങ്ങൾക്കും പ്രകൃതി വിഭവങ്ങളിൽ തുല്യാവകാശം ഉറപ്പാക്കുന്ന, അതോടൊപ്പം മുഴുവൻ ജീവജാലങ്ങളുടെയും ക്ഷേമം പരിഗണിക്കുന്ന, അമിതമായ പ്രകൃതി ചൂഷണവും ഉപഭോഗവും ഒഴിവാക്കിക്കൊണ്ടുള്ള സുസ്ഥിര വികസനമാണ് നമുക്ക് ആവശ്യം. അത് കാലത്തിന് അനുയോജ്യമായതും മുഴുവൻ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും നിലനിൽക്കാനും സമാധാനപരമായി ജീവിക്കാനും ഉതകുന്നതുമായിരിക്കണം. പൊതുമേഖലയെ ദുർബലപ്പെടുത്തുകയും സ്വകാര്യവൽക്കരണത്തിന് അമിത പ്രോത്സാഹനം നൽകുകയും ചെയ്യുന്ന നയം സുസ്ഥിരവികസനത്തിന് എതിരാണ്. ഓരോ വികസനപദ്ധതിയും ആർക്കു വേണ്ടിയാണ് എന്നും അത് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കും സൃഷ്ടിക്കാൻ പോകുന്ന വിനാശം എത്രയാണ് എന്നും കൃത്യമായി വിലയിരുത്തുകയും വികസന പദ്ധതികളുടെ പേരിൽ പ്രകൃതി നാശവും കുടിയൊഴിപ്പിക്കലും പരമാവധി ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. അടിച്ചമർത്തപ്പെടുന്നവരുടേയും പാർശ്വവൽകൃതരുടേയും അടിസ്ഥാന വർഗത്തിന്റെയും കൂടി ജീവിതം മെച്ചപ്പെടുത്തുന്ന വിധമാകണം നമ്മുടെ വികസന പ്രവർത്തനങ്ങൾ.

രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളോടുള്ള സമീപനം

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ തുല്യത, സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവ ഉയർത്തിപ്പിടിക്കുന്ന പാർട്ടികളും സാമൂഹ്യ സംഘടനകളുമായി മാത്രമേ തുല്യപ്രാതിനിധ്യപ്രസ്ഥാനം സഹകരിക്കുകയുള്ളു. തീവ്രവാദ-ഫാസിസ്റ്റ് ശക്തികളെയും മതരാഷ്ട്രവാദികളെയും തുറന്ന് എതിർക്കുന്നതായിരിക്കും തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ സമീപനം.

സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും ജനസംഖ്യാനുപാതികമായ രാഷ്ട്രീയ പ്രാതിനിധ്യം നേടിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗ്ഗമാണ് സംവരണം. എല്ലാ ജെൻഡർ വിഭാഗങ്ങൾക്കും കൂടി അവകാശപ്പെട്ട ഇടങ്ങളാണ് കാലങ്ങളായി പുരുഷന്മാർ കൈവശപ്പെടുത്തി വെച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് രാഷ്ട്രീയപ്പാർട്ടികളും സാമൂഹ്യ സംഘടനകളും സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും നേതൃസ്ഥാനങ്ങളിലും സ്ഥാനാർത്ഥിപ്പട്ടികകളിലും ആനുപാതികമായ സ്ഥാനം കൊടുക്കണമെന്ന് തുല്യപ്രാതിനിധ്യ പ്രസ്ഥാനം ആവശ്യപ്പെടുന്നു.

പ്രസ്ഥാനത്തിലെ അംഗത്വം

തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ അടിസ്ഥാനാശയങ്ങളോട് യോജിക്കുന്ന എല്ലാ സ്ത്രീകൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും പ്രസ്ഥാനത്തിൽ അംഗങ്ങളാകാം. പ്രസ്ഥാനത്തിന്റെ ആശയങ്ങളോട് യോജിക്കുന്ന പുരുഷന്മാരുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

അനുബന്ധം

  1. https://ipu.org

  1. Indra Sawhney & Others. v. Union of India & Others (AIR 1993 SC 477)

  2. മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ രാഷ്ട്രം പൗരരോട് യാതൊരു വിവേചനവും കാണിക്കാൻ പാടില്ല.

  3. National Legal Services Authority v. Union of India (2014) 5 SCC 438

  4. ലംബവും തിരശ്ചീനവുമായ സംവരണം - സാമൂഹ്യമായി പല വിധത്തിൽ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾക്ക് അർഹമായ പരിഗണനയും പ്രാതിനിധ്യവും ലഭിക്കാൻ അവർ അനുഭവിക്കുന്ന എല്ലാത്തരം പിന്നാക്കാവസ്ഥകളും ഒരേസമയം പരിഗണിക്കുകയും അവയെ മറികടക്കാനുള്ള ഒന്നിലധികം സാധൃതകൾ ലഭൃമാക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുള്ള ഒരു സുപ്രധാന മാർഗമാണ് ലംബവും തിരശ്ചീനവുമായ സംവരണം ഏർപ്പെടുത്തുക എന്നത്. ഉദാ: തെരഞ്ഞെടുപ്പിൽ ദലിത് സ്ത്രീകൾക്ക് സ്ത്രീ എന്ന നിലയിലും ദലിത് എന്ന നിലയിലും സംവരണം നൽകുമ്പോൾ അവർക്ക് സവർണ സ്ത്രീകളെ അപേക്ഷിച്ച് തെരഞ്ഞെടുക്കപ്പടാൻ കൂടുതൽ സാധ്യത കൈവരുന്നു.

Comments