സ്ത്രീപ്രാതിനിധ്യമില്ലാതെ എന്ത് ജനാധിപത്യം? എന്ത് തെരഞ്ഞെടുപ്പ് ?

Rights. Justice. Action. For ALL Women and Girls,”

“അവകാശങ്ങൾ, നീതി, നിയമനടപടി. എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി.” അന്താരാഷ്ട്ര വനിതാദിനത്തിൻ്റെ ഈ വർഷത്തെ മുദ്രാവാക്യം ഇതാണ്.

സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പു വരുത്തേണ്ട നീതിന്യായ സംവിധാനം ആഗോള തലത്തിൽത്തന്നെ അതിൽ പരാജയപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭ ലോകത്തിന് നൽകുന്ന ഈ മുന്നറിയിപ്പിനെ കണക്കുകളിലേക്ക് മാറ്റിയാൽ, ലോകത്ത് പുരുഷന്മാർക്കുള്ള നിയമപരമായ അവകാശങ്ങളുടെയും പരിരക്ഷയുടേയും 64% മാത്രമാണ് സ്ത്രീകൾക്ക് ലഭിക്കുന്നത്. ജീവിതത്തിൻ്റെ സകല മേഖലയിലും സ്ത്രീകൾ പുറന്തള്ളപ്പെടുന്നതിൻ്റെ, വിവേചനമനുഭവിക്കുന്നതിൻ്റെ, വയലൻസ് നേരിടുന്നതിൻ്റെ കാരണം നിയമപരമായ അവകാശങ്ങൾ ലഭിക്കാതിരിക്കുന്നതു കൂടിയാണ്.

രാഷ്ട്രീയാധികാരത്തിലും ജുഡീഷ്യൽ അധികാരത്തിലും തുല്യപ്രാതിനിധ്യം ഉറപ്പാക്കാതെ സ്ത്രീകളുടെ തുല്യ നീതിയ്ക്കു വേണ്ടിയുള്ള ഒരു ആഹ്വാനവും ലക്ഷ്യത്തിലെത്തില്ല.

195 രാജ്യങ്ങളുള്ളതിൽ 27.2% ആണ് ലോകത്തെ മുഴുവൻ പാർലമെൻ്റുകളിലേയും ആകെ സ്ത്രീഅംഗങ്ങളുടെ എണ്ണം. 22.9% ശതമാനമാണ് ക്യാബിനറ്റ് മന്ത്രിമാരിൽ സ്ത്രീകളുടെ എണ്ണം. നാലു മന്ത്രിമാരെ എടുത്താൽ അതിൽ ഒരു മുഴുവൻ സ്ത്രീ പോലുമില്ലയെന്ന് ചുരുക്കം. കാൽഭാഗം പോലുമില്ല. മനുഷ്യാവകാശങ്ങൾ, ലിംഗ തുല്യത, സാമൂഹ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് സ്ത്രീകളായ ഭൂരിപക്ഷം ഭരണാധികാരികൾക്കും ചുമതലയുള്ളത്. വിദേശകാര്യം, സാമ്പത്തികം, ആഭ്യന്തരം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ ഭരണ നിർവ്വഹണം ഇപ്പോഴും പുരുഷന്മാർ തന്നെ.

നേരിട്ട് പ്രസിഡൻ്റ്ഷ്യൽ തെരഞ്ഞെടുപ്പ് നടന്ന 31 രാജ്യങ്ങളിൽ 5 രാജ്യങ്ങളിൽ മാത്രമാണ് സ്ത്രീകൾ അധികാരത്തിൽ വന്നത്.

ലോകത്ത് വെറും ആറ് രാജ്യങ്ങളിൽ മാത്രമാണ് അൻപത് ശതമാനമോ അതിൽ കൂടുതലോ സ്ത്രീകളുടെ ഭരണ പ്രാതിനിധ്യം ഉള്ളത്. 21 രാജ്യങ്ങളിൽ 40% എത്തിയിട്ടുണ്ട്. 10% പോലും സ്ത്രീകളുടെ പ്രാതിനിധ്യമില്ലാത്ത 21 രാജ്യങ്ങളും ഉണ്ട്.

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഭരണതലത്തിൽ നിലവിൽ വരണമെങ്കിൽ ഇനിയും പതിറ്റാണ്ടുകൾ കഴിയേണ്ടിവരുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇന്ത്യയിലേക്ക് വന്നാൽ ഇപ്പോഴത്തെ 18-ാം ലോക്സഭയിൽ 14% മാത്രമാണ് സ്ത്രീകളായ എം.പി. മാർ. രാജ്യസഭയിൽ 13%വും. അതിൽ ഏറ്റവും കൂടുതൽ സ്ത്രീ പ്രതിനിധികൾ ഉള്ളത് ബിജു ജനതാദളിനും തൃണമൂൽ കോൺഗ്രസിനുമാണ്. 42% വും 39% വും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭയിലുണ്ടായ 5% പ്രാതിനിധ്യത്തിൽ നിന്ന് 79 വർഷമെടുത്തിട്ടാണ് ഒൻപത് ശതമാനം വർദ്ധിപ്പിച്ച് 14% ലേക്ക് ഇന്ത്യാ മഹാരാജ്യം പുരോഗമിച്ച് എത്തിയത്.

സംസ്ഥാനങ്ങളുടെ കാര്യമെടുത്താൽ 20% സ്ത്രീ പ്രാതിനിധ്യമുള്ള ഒരു നിയമസഭകളും ഇന്ത്യയിലില്ല. 18% സ്ത്രീകളുള്ളത് ഛത്തീസ്ഗഢിലാണ്. ഹിമാചൽ പ്രദേശിൽ ആകെ ഒരു സ്ത്രീയാണ് നിയമസഭയിലുള്ളത്. മിസോറം നിയമസഭയിൽ ആരുമില്ല.

ഇനി കേരളത്തിലേക്ക് വരാം. കേരളത്തിൽ 8% സ്ത്രീകളാണ് നിയമ സഭയിൽ ഉള്ളത്. മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനത്ത്, 52% സ്ത്രീകളെ പ്രതിനിധീകരിക്കാൻ ആകെ 12 പേർ. ലോക്സഭയിൽ കേരളത്തിൽ നിന്ന് ഒരു സ്ത്രീ. രാജ്യസഭയിലും കേരളത്തിൽ നിന്ന് ഒരു സ്ത്രീ.

ലളിതവും വ്യക്തവുമാണ് കണക്കുകൾ. ഒപ്പം ഭയപ്പെടുത്തുന്നതും.

ലോകത്തിൻ്റെ പല ഭാഗങ്ങളിലും ചരിത്രപരമായ വലിയ പോരാട്ടങ്ങൾ നടത്തിയാണ് സ്ത്രീകൾ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ, തങ്ങളെ, സ്ത്രീകൾ കൂടിയുൾപ്പെട്ട ജനതയെ ആര് ഭരിക്കണം എന്ന തീരുമാനത്തിൻ്റെ ഭാഗമാവാനുള്ള അവകാശം നേടിയെടുത്തത്. വോട്ടു ചെയ്യാനുള അവകാശത്തിനു വേണ്ടി പോലും വലിയ സമരങ്ങൾ സ്ത്രീകൾ നടത്തിയിട്ടുണ്ടെന്ന് പുതിയ തലമുറയ്ക്ക് മനസ്സിലാവാൻ പോലും സാധ്യത കുറവാണ്.

വികസനത്തിൻ്റെ എല്ലാ സൂചികകളിലും യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കാൻ ശേഷിയുണ്ട് എന്നവകാശപ്പെടുന്ന കേരളത്തിൽ എന്തു കൊണ്ടായിരിക്കും സ്ത്രീപ്രാതിനിധ്യം അവകാശബോധമായി വളരാതിരുന്നതും വളർത്തികൊണ്ടുവരാൻ അനുവദിക്കാതിരുന്നതും? കേരളം രൂപീകരിക്കപ്പെട്ട കാലം മുതൽ നടന്നിട്ടുള്ള തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ കണക്കുകൾ പരിശോധിച്ചാൽ 1996-2001 കാലത്താണ് ഏറ്റവും കൂടുതലായ 14 പേർ 10% സ്ത്രീകൾ നിയമസഭയിൽ ഉണ്ടായിരുന്നതായി കാണാൻ കഴിയുക. കഴിഞ്ഞ സഭയിൽ 8 സ്ത്രീകൾ 5.6% ആണ് ഉണ്ടായിരുന്നത്. കേരളത്തേക്കാൾ ഭേദമാണ് ബംഗാളും ഝാർഖണ്ഡും ഹരിയാനയും ബീഹാറും മധ്യ പ്രദേശും പോലും. കേരളത്തിൽ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഇന്ത്യയിലാകെ പല സംസ്ഥാനങ്ങളിലായി പല കാലത്ത് 17 പേരാണ് ആകെ മുഖ്യമന്ത്രിമാരായിട്ടുള്ളത്.

ജാതീയവും സാമുദായികവുമായ പ്രാതിനിധ്യത്തിൻ്റെ രാഷ്ട്രീയം കൃത്യം സമവാക്യങ്ങൾ രൂപപ്പെടുത്തി പയറ്റുന്ന രാഷ്ട്രീയ പാർട്ടികൾ എന്തുകൊണ്ടാവും സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ജനസംഖ്യാനുപാതികമായ അജ്ഞത നടിക്കുന്നത്.? അവിടെയും മത - സാമുദായിക സംവരണത്തിനകത്തെ സ്ത്രീ പ്രാതിനിധ്യം പരിഹാസ്യമാം വിധം കുറവുമാണ്.

2023 ലാണ് പാലമെൻ്റിൻ്റെ ഇരു സഭകളും വനിതാ സംവരണ ബിൽ പാസാക്കുന്നത്. 27 വർഷം നീണ്ട ചർച്ചകൾക്കും ചർച്ചയില്ലായ്മയ്ക്കും ശേഷമാണ് 17-ാംലോക്സഭാ ഇലക്ഷന് മുൻപ് കയ്യടി നേടാനുള്ള രാഷ്ട്രീയശ്രമം കൂടിയായി വനിതാ സംവരണ ബിൽ പാസാക്കിയത്. പക്ഷേ അത് അടുത്തൊന്നും നടപ്പാക്കില്ലെന്ന് അന്നേ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സെൻസസും മണ്ഡല പുനർനിർണയവും കഴിഞ്ഞ് 2029 ൽ മാത്രമേ നിയമം നടപ്പാക്കൂ എന്നാണ് പുരുഷാധികാരികളുടെ തീരുമാനം. 33% സംവരണം പോലും ജനസംഖ്യാനുപാതികമായി പര്യാപ്തമല്ലെന്നിരിക്കെ, ജനസംഖ്യയുടെ പാതിയും സ്ത്രീകളായ ലോകത്തും രാജ്യത്തും മൂന്നിലൊന്ന് അധികാരത്തെ സ്ത്രീകൾക്ക് നൽകാൻ ഈ സംവിധാനം തയ്യാറാവുന്നില്ല എന്നത് വിചിത്രമായ യഥാർത്ഥ്യമാണ്.

ഭരണാധികാരത്തോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് നീതിന്യായ വ്യവസ്ഥയിലെ സ്ത്രീപ്രാതിനിധ്യവും

യു.എൻ. വിമെൻ എക്സിക്യുട്ടീവ് ഡയറക്ടർ സൈമ ബാഹൗസ് പറയുന്നുണ്ട്; ,

“” സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി നിഷേധിക്കപ്പെടുമ്പോൾ അത് ഒരൊറ്റ കേസിൻ്റെ വിധിയായല്ല സമൂഹം പരിഗണിക്കുക. സമൂഹത്തിന് നീതി നടപ്പാക്കേണ്ട സ്ഥാപനങ്ങളിൻ മേലുള്ള വിശ്വാസമാണ് ഒലിച്ചു പോവുക. നീതിനിഷേധം നീതിന്യായ വ്യവസ്ഥയെത്തന്നെ ദുർബലമാക്കുകയാണ് ചെയ്യുക”.

തുല്യനീതി എന്ന ആശയത്തിന് തന്നെ ലോകവ്യാപകമായി തിരിച്ചടി നേരിടുന്നത്, സ്ത്രീകളുടേയും പെൺകുട്ടികളുടേയും അവകാശങ്ങൾക്ക് എതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നത്, ശിക്ഷിക്കപ്പെടില്ല എന്ന ധൈര്യം സാംസ്കാരികാധപതനത്തിൻ്റെ സാമൂഹ്യബോധമായിത്തന്നെ ശക്തി പ്രാപിക്കുന്നത്, വയലൻസിൻ്റെ സ്വഭാവം ഡിജിറ്റൽ സ്പേസിൻ്റെ സ്വാഭാവികതയായി മാറുന്നത്, യുദ്ധവും സംഘർഷവും നടക്കുന്ന സ്ഥലങ്ങളിൽ റേപ്പ് ആയുധമായി മാറുന്നത്, ലോകത്തിലെ ഭരണസംവിധാനങ്ങളെ ആശങ്കപ്പെടുത്തണമെങ്കിൽ അതിന് ആ ഭരണ സംവിധാനങ്ങളിൽ സ്ത്രീകളുടേയും ലൈംഗിക ന്യൂനപക്ഷങ്ങളുടേയും പ്രാതിനിധ്യം ഉണ്ടാവണം. ഒരു ശാക്തിക ചേരിയായി മാറാൻ സ്ത്രീകൾക്ക് ഭരണ സംവിധാനങ്ങളിൽ ഇന്നുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടു വർഷത്തെ മാത്രം റിപ്പോർട്ടു ചെയ്യപ്പെട്ട കണക്കെടുത്താൽ 87% വർധനവാണ് യുദ്ധ - സംഘർഷ പ്രദേശങ്ങളിലെ റേപ്പിൽ ഉണ്ടായിട്ടുള്ളത്.

ഇത്തവണത്തെ വനിതാദിനം നിയമസംവിധാനത്തെ കർശനമാക്കേണ്ടതിനെക്കുറിച്ചാണ് ലോകത്തെ ഓർമിപ്പിക്കുന്നത്. പകുതിയിലേറെ രാജ്യങ്ങളിലും - 54% രാജ്യങ്ങളിലും ബലാത്സംഗത്തെ കൺസെൻ്റിൻ്റെ അടിസ്ഥാനത്തിൽ നിയമപരമായി നിർവ്വചിച്ചിട്ടില്ല എന്നോർക്കണം. അതായത് ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുമ്പോഴും അത് ഒരു കുറ്റകൃത്യമായി കണക്കാക്കാത്ത നിയമമാണ് ഈ രാജ്യങ്ങളിൽ നിലനിൽക്കുന്നത്. 44% രാജ്യങ്ങളിലും ഇന്നും തുല്യജോലിക്ക് സ്ത്രീയ്ക്കും പുരുഷനും തുല്യവേതനം എന്ന നിയമം നിലവിലില്ല.

ഇന്ത്യയിലെ ജുഡീഷ്യൻ സംവിധാനത്തിലെ പ്രാതിനിധ്യ കണക്കുകൾ ഉദാഹരണമായെടുക്കാം. 2025 ലെ കണക്കനുസരിച്ച് സുപ്രീം കോടതിയിലെ 34 ജഡ്ജിമാരിൽ സ്ത്രീപ്രാതിനിധ്യം വെറും 2.9% ആണ്.

എന്നു വെച്ചാൽ ഒരു വനിതാ ജഡ്ജി മാത്രം. 1950 മുതലുള്ള മുഴുവൻ കണക്കെടുത്താലും 11 സ്ത്രീകളേ ജഡ്ജിമാരായിട്ടുള്ളൂ എന്ന വസ്തുത പുതിയതല്ല എങ്കിലും ഭയപ്പെടുത്തുന്നതാണ്. ഒറ്റ സ്ത്രീപോലും ഇന്നുവരെ ചീഫ് ജസ്റ്റിസായിട്ടുമില്ല.

ഹൈക്കോടതികളിൽ 13.1% ആണ് സ്ത്രീ പ്രാതിനിധ്യം. അഞ്ച് ഹൈക്കോടതികളിൽ സ്ത്രീ ജഡ്ജിമാരേയില്ല. സബ് കോടതികളിൽ 35% വനിതാ ജഡ്ജിമാരാണുള്ളത്.

രാഷ്ട്രീയാധികാരത്തിലെയും നിയമസംവിധാനങ്ങളിലേയും തുല്യമായ സ്ത്രീ പ്രാതിനിധ്യം ജനാധിപത്യ വ്യവസ്ഥയുടെ സമഗ്രമായ മുന്നോട്ട് പോക്കിന് എത്രത്തോളം പ്രധാനമാണ് എന്ന് 1995 ൽ ബീജിങ്ങിൽ നടന്ന നാലാമത് അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൻ്റെ പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. നിയമനിർമാണ സഭകളിലും ഉദ്യോഗസ്ഥതലത്തിലും തീരുമാനങ്ങൾ എടുക്കപ്പെടുന്ന എല്ലാ സംവിധാനങ്ങളിലും വേണ്ടവിധത്തിൽ പ്രതിനിധീകരിക്കപ്പെടാത്ത ഒരു വിഭാഗത്തിൻ്റെ ആവശ്യങ്ങൾ ജനാധിപത്യത്തിൻ്റെ ആശയത്തിൽ കാര്യമായ ഒരു ചലനവും ഉണ്ടാക്കില്ല എന്ന് പ്രഖ്യാപനം ഓർമിപ്പിക്കുന്നുണ്ട്.

എങ്ങനെയൊതെയാണ് രാഷ്ട്രീയ നേതൃത്വങ്ങളിൽ എത്തുന്നതിൽ നിന്ന് സ്ത്രീകൾ ഒഴിവാക്കപ്പെടുന്നത് എന്നതിന് നമ്മുടെ നാട്ടിൽത്തന്നെ ഇഷ്ടം പോലെ ഉദാഹരണങ്ങളുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ 50% വും ഭരിക്കുന്നത് സ്ത്രീകളായിട്ടു പോലും നിയമസഭയിലോ പാർലമെൻ്റിലോ മത്സരിക്കാൻ സ്ത്രീകൾക്ക് അവസരം നൽകുന്നില്ല എന്നത് കേരളത്തിലെ സകല പാർട്ടികളുടേയും സ്വഭാവമാണ്. പാട്രിയാർക്കൽ ഘടനയുടെ കൂടു പൊട്ടിച്ച് കളയാൻ സ്ത്രീകളായ രാഷ്ട്രീയ പ്രവർത്തകരും ശ്രമിക്കുകയോ ആവശ്യപ്പെടുകയോ സമരം ചെയ്യുകയോ ചെയ്യുന്നില്ലാ എന്നതാണ് വിചിത്രം.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലെത്തിനിൽക്കുമ്പോൾ 33% സംവരണം ഉറപ്പാക്കുന്ന ബില്ല് പാസായ ഒരു രാജ്യത്ത് പുരോഗമനത്തിൻ്റെ സൂചികകൾ മുഴുവൻ ഏറ്റവും മുകളിൽ ആണെന്ന് അവകാശപ്പെടുന്ന കേരളത്തിൽ എത്ര രാഷ്ട്രീയ പാർട്ടികൾ 33% എങ്കിലും സ്ത്രീകളെ മത്സരിപ്പിക്കുകയെങ്കിലും ചെയ്യുമെന്ന് കണ്ടറിയണം. മത്സരിപ്പിക്കുന്ന സീറ്റുകൾ ജയസാധ്യതയുള്ളതായിരിക്കുമെന്ന് ഉറപ്പാക്കുമോ എന്നും കണ്ടറിയണം.

സാധ്യത വളരെ കുറവാണ്.

ജൻ്റർ പാർക്കുകൾ ഉണ്ടാക്കും, വനിതാ സംഘടനകൾ ശാക്തീകരണത്തെക്കുറിച്ചുള്ള പാട്ടുകൾ പാടുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും സെമിനാറുകൾ നടത്തുകയും സമരങ്ങളിൽ മുന്നിൽ ത്തന്നെ നിൽക്കുകയും ചെയ്യും. പക്ഷേ രാഷ്ട്രീയാധികാരത്തിൻ്റെ ചർച്ചകൾ വരുമ്പോൾ രാഷ്ട്രീയം തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയത്തിലേക്ക് ചുവട് വെക്കുമ്പോൾ ഈ സ്ത്രീകളും പുരുഷന്മാരും സമത്വത്തിൻ്റെ എഞ്ചുവടി പുസ്തകങ്ങൾ പോലും വായിച്ച ഓർമയില്ലാതെ പാട്രിയാർക്കൽ പുരുഷനായകരെ അംഗീകരിക്കാൻ ക്യൂനിൽക്കുന്നത് കാണാം. മെറിറ്റ് എന്നും വിജയ സാധ്യതയെന്നും ഒരു നാണവുമില്ലാതെ പറയുന്നത് കേൾക്കാം.

“Rights. Justice. Action. For ALL Women and Girls,”

“അവകാശങ്ങൾ, നീതി, നിയമനടപടി. എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി.” എന്ന മുദ്രാവാക്യം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് കാത്തിരുന്ന് കാണാം. നിയമനിർമാണ- നയ രൂപീകരണ സഭകളിൽ അധികാരം സ്ത്രീകളുമായി തുല്യമായി പങ്കു വെക്കപ്പെടാതെ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലൈംഗീക ന്യൂനപക്ഷങ്ങൾക്കും എതിരായ പരാതികളെ കേൾക്കാൻ നിയമസംവിധാനങ്ങളിൽ തുല്യമായ സ്ത്രീ പ്രാതിനിധ്യം ഇല്ലാതെ - ജനാധിപത്യത്തെക്കുറിച്ചുള്ള ഒരു ചിന്തയും ആശയവും മുന്നോട്ട് ചലിക്കില്ല.

Comments