സ്ത്രീസംവരണ ബിൽ; ചോദ്യങ്ങൾ ബാക്കിയാണ്…

‘സവർണ സംവരണമൊക്കെ, അതിലെന്താണിത്ര നീതികേട്’ എന്ന നിഷ്പക്ഷമായ ചോദ്യങ്ങൾ കൊണ്ട് വരവേൽക്കപ്പെടുന്ന ‘പ്രബുദ്ധ’ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ യൂണിയനായ ഈ രാജ്യത്ത് സംവരണത്തെ വെറും സംവരണം എന്നു പറഞ്ഞുപോയാലുമുണ്ട് അപകടം. എസ്.സി / എസ്.ടി, ആംഗ്ലോ ഇന്ത്യൻ സബ് ഡിവിഷനുകളെ ഉൾക്കൊള്ളാൻ സന്നദ്ധത കാണിച്ച സർക്കാറിന് അതിൽ ഒ.ബി.സി വേണം എന്ന് തോന്നുന്നില്ല. റിസർവേഷനില്ലാത്തതിനാൽ ഒരു മുസ്ലിം എം.പി പോലുമില്ലാത്ത ബി.ജെ.പിക്ക് അങ്ങനെയൊരു ചിന്ത വരാത്തത് സ്വഭാവികം.’’- ലോക്സഭ പാസാക്കിയ സ്ത്രീസംവരണ ബില്ലിനെക്കുറിച്ച് അഡ്വ. നജ്മ തബ്ഷീറ എഴുതുന്നു.

മൂന്നു ദശാബ്ദത്തോളം പാർലമെന്റിന്റെ ഇരു സഭകളിലും കയറിയിറങ്ങിത്തളർന്നും ചർച്ചയിലുറങ്ങിയുമുണർന്നും കീറിയെറിയലിനും തീരാത്ത ആശങ്കൾക്കും സാക്ഷ്യം വഹിച്ചും ചുവന്ന നാടയിൽ കിടന്ന സ്ത്രീസംവരണബിൽ ഒടുവിൽ പാസായി. നിയമമെന്ന കണക്കേ പൂർണതയിലെത്തിയില്ലെങ്കിലും കാര്യമൊരു അംഗീകൃത ബില്ലായിക്കഴിഞ്ഞു.

അങ്ങനെ എഴുപതു തികഞ്ഞ ഇന്ത്യ മുത്തശ്ശിനിക്കിനിയെങ്കിലും സഭകളിൽ കുറച്ച് നീതിയൊച്ച കേൾക്കാമെന്നാശ്വസിക്കാം. സംവരണം എന്ന ആനുകൂല്യമില്ലാതെ സ്ത്രീകളെ ആനുപാതികമായി സഭകളിലെത്തിക്കുന്ന മധുരമനോഹര ജനസഞ്ചയം നമ്മുടെ ജനാധിപത്യത്തിൽ ഇനിയൊരു മുപ്പതു ശതകം കഴിഞ്ഞാലും വരുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ, ഇന്ത്യൻ സ്ത്രീകൾക്ക് ഈ സംവരണ ബിൽ ഒരു സംരക്ഷണ ബിൽ തന്നെയാണ്.

തുറന്ന മനസ്സോടെ, സർവാത്മനാ സ്വാഗതം ചെയ്യുമ്പോഴും ഉള്ളിൽ അലയടിക്കുന്ന കുറച്ച് ചോദ്യങ്ങൾക്കുകൂടി ഉത്തരം ആവശ്യമാണ്.
എന്ന് നടപ്പിൽ വരും?
നിയമം പാസായാലും, സാങ്കേതികത്വത്തിൽ കുടുങ്ങി എത്രനാൾ കളയേണ്ടിവരും?

ഇനിയൊരു സെൻസസും സെൻസസ് അടിസ്ഥാനപ്പെടുത്തിയുള്ള മണ്ഡല പുനർ രൂപീകരണവുമൊക്കെ കഴിഞ്ഞിനി എപ്പോഴാണ് പ്രാതിനിധ്യത്തിനൊരു നേരം തെളിയുക? നിയമക്കുരുക്കളാവാം, പക്ഷേ, അത് അനാവശ്യ കുരുക്കളാണെങ്കിൽ അതിന് സമയം കളയണോ എന്നാണ് ചോദ്യം.

ബി.ജെ.പിയുടെ സ്ത്രീനയം, നാരീശക്തി എന്നൊക്കെ കൊട്ടിഘോഷിക്കപ്പെടുന്നുണ്ടല്ലോ. അതിഗംഭീര ഭൂരിപക്ഷമുള്ള ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സർക്കാറിന്റെ സ്ത്രീനയം തലയിൽ തെളിയാൻ എന്തേ ഇത്ര കാലം വേണ്ടിവന്നു എന്ന ചോദ്യമുണ്ട്. നയമൊന്നുണ്ടായിരുന്നുവെങ്കിൽ 2014 മുതൽ സമയമൊരുപാടുണ്ടായിട്ടുണ്ട്. നയം നടപ്പിൽ വരുത്താനും അത് പ്രാവർത്തികമാക്കാനും. അന്നൊന്നും തോന്നാത്ത ‘നയ- സത്യസന്ധത’ ഇപ്പോൾ കടന്നുവരുമ്പോഴാണ് സാധാരണക്കാരിൽ സംശയമുദിക്കുന്നത്. പുതിയ കാലത്ത്, കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന സ്ത്രീകളാണ് രാഷ്ട്രീയപാർട്ടികളുടെ ആദ്യ ടാർഗറ്റുകളിലൊന്ന്. അവരെ കൈയിലെടുക്കുക എന്നത് തെരഞ്ഞടുപ്പുതന്ത്രത്തിന്റെ ഒന്നാം പാഠങ്ങളിലുണ്ട്. വറുതിക്കാലത്ത് അവകാശം എന്ന കണക്കേ കൊടുത്ത ‘കിറ്റ്’, കേരളത്തിലൊരു ‘കിറ്റ് പൊളിറ്റിക്‌സും’ അരിദൈവവുമൊക്കെയായി രൂപാന്തരപ്പെട്ടതും ഈ തന്ത്രത്തിന്റെ നമ്മുടെ മുന്നിലെ ഉദാഹരണങ്ങളാണ്. അങ്ങനെയൊന്നായി മാത്രമാണോ അധികാരപാർട്ടി ബില്ലുകൊണ്ട് ലക്ഷ്യം വക്കുന്നത് എന്ന ചോദ്യം ന്യായമാവുന്നത്, നടപ്പിൽ വരാൻ ഇനിയും കൊല്ലങ്ങളേറെയെടുക്കും എന്ന് പറയുന്നതുകൊണ്ടാണ്.

ചോദ്യങ്ങളിനിയുമുണ്ടേ: സവർണ സംവരണമൊക്കെ, ‘അതിലെന്താണിത്ര നീതികേട്’ എന്ന നിഷ്പക്ഷമായ ചോദ്യങ്ങൾ കൊണ്ട് വരവേൽക്കപ്പെടുന്ന ‘പ്രബുദ്ധ’ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ യൂണിയനായ ഈ രാജ്യത്ത് സംവരണത്തെ വെറും സംവരണം എന്നു പറഞ്ഞുപോയാലുമുണ്ട് അപകടം. എസ്.സി / എസ്.ടി, ആംഗ്ലോ ഇന്ത്യൻ സബ് ഡിവിഷനുകളെ ഉൾക്കൊള്ളാൻ സന്നദ്ധത കാണിച്ച സർക്കാറിന് അതിൽ ഒ.ബി.സി വേണം എന്ന് തോന്നുന്നില്ല. റിസർവേഷനില്ലാത്തതിനാൽ ഒരു മുസ്‌ലിം എം.പി പോലുമില്ലാത്ത ബി.ജെ.പിക്ക് അങ്ങനെയൊരു ചിന്ത വരാത്തത് സ്വഭാവികം. പക്ഷെ, നിയമം ബി.ജെ.പിയുടേതല്ലല്ലോ, ഇന്ത്യൻ ‘ഗവൺമെന്റിന്റേതല്ലേ’, അനീതിയുണ്ട്.
അങ്ങനെ, ചോദ്യങ്ങളും സംശയങ്ങളും ആശങ്കകളും ഒരുപാടുണ്ട്. പരിഹരിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കാം. പരിഹരിക്കപ്പെട്ട ഒരു സുതാര്യ നിയമത്തിനായി പോരാടാം.

ഇതൊക്കെ നിലനിൽക്കുമ്പോൾ തന്നെ, മേൽസൂചിപ്പിച്ചതുപോലെ 76-ാം സ്വാതന്ത്ര്യം ആഘോഷിച്ചുകഴിഞ്ഞതിനുശേഷമെങ്കിലും സ്ത്രീകളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടുന്നതിനുള്ള ഒരു ചുവടുവെപ്പ് ഉണ്ടായല്ലേ എന്നത് നൽകുന്ന സന്തോഷം ചില്ലറയല്ല. കാരണം, ഒരു ജനാധിപത്യ രാജ്യത്ത് നിയമനിർമാണത്തിനുള്ള പങ്ക് എന്നത് ചെറിയ കാര്യമല്ല. ‘ജനങ്ങൾക്കുവേണ്ടി ജനങ്ങൾ’എന്നു പറയുമ്പോൾ ഏതു ജനങ്ങൾക്കുവേണ്ടി, ഏതു ജനങ്ങൾ പ്രതിനിധീകരിക്കപ്പെടുന്നു എന്നതും കാര്യമാണല്ലോ.

ഇന്ത്യൻ പാർലമെന്റിലെ സ്ത്രീപ്രാതിനിധ്യം 14 ശതമാനം മാത്രമാണ് എന്ന് കൗതുകം കൊള്ളുമ്പോൾ, കേരള നിയമസഭ നിങ്ങളെ ലജ്ജിപ്പിക്കും, വെറും 8.5 ശതമാനം. യോഗ്യതയുള്ള സ്ത്രീകളില്ല, മുഴുവൻ സമയ പൊതുപ്രവർത്തകരായ സ്ത്രീകൾ കുറവാണ് എന്നൊക്കെയാണ് പല രാഷ്ട്രീയകക്ഷികളുടെയും മുൻകൂർ ജാമ്യം.

ഇന്ത്യന് പാർലമെന്റിലെ സ്ത്രീപ്രാതിനിധ്യം 14% മാത്രമാണെന്ന് കൗതുകം കൊള്ളുമ്പോൾ കേരള നിയമസഭ നിങ്ങളെ ലജ്ജിപ്പിക്കും. വെറും 8.5%. യോഗ്യതയുള്ള സ്ത്രീകളില്ല, മുഴുവൻ സമയ പൊതുപ്രവർത്തകരായ സ്ത്രീകൾ കുറവാണ് എന്നൊക്കെയാണ് പലരുടെയും മുൻകൂർ ജാമ്യം. പറയുന്നത് അബദ്ധമാണെങ്കിലും കേൾക്കാനും വലിയ ചേലില്ല. അവസരം കൊടുത്തയിടത്തെല്ലാം ഏറ്റവും നന്നായി ഇടപെടുകയും അടയാളപ്പെടുത്തുകയും ചെയ്തവരാണ് ഇതേ സ്ത്രീകൾ. കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ കെ.ഒ. ആയിഷ ഭായി ഒന്നാം ഡെപ്യൂട്ടി സ്പീക്കറായും നഫീസത്ത് ബീവി രണ്ടാം ഡെപ്യൂട്ടി സ്പീക്കറായും തുടങ്ങുന്ന ഒരു പാരമ്പര്യം നമുക്കുണ്ട്. ആ പാരമ്പര്യം അവരോടുകൂടി അവസാനിച്ചു എന്നിടത്താണ് മുന്നോട്ട് പോകുംതോറും പിന്നോട്ട് നടന്ന മലയാളനാടിന്റെ പ്രൗഢി കാണാനാവുന്നത്.

കെ.ഒ. ആയിഷ ഭായി

ആ പിന്നോട്ടുനടപ്പ് പാട്രിയാർക്കിയിൽ പൊതിഞ്ഞ പൊതുബോധത്തിനും പൊതുഇടത്തിനും മാത്രമെ ബാധിച്ചിട്ടുള്ളൂ, ഇവിടെയുള്ള സ്ത്രീകളെ ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പഞ്ചായത്തും ബ്ലോക്കും ജില്ലാ കോർപറേഷനും മുനിസിപ്പാലിറ്റിയും നയിച്ചുകൊണ്ടിരിക്കുന്ന അസംഖ്യം സ്ത്രീകൾ. പരാതികൾക്കിട നൽകാതെ നാടിനെ മുന്നോട്ട് കൊണ്ടുപോകുന്ന, കോഴിയേയും ആടിനെയും വിതരണം ചെയ്യുന്ന, വഴിയിൽ വെളിച്ചം നൽകാൻ പരിശ്രമിക്കുന്ന, ഒട്ടും മാറാത്ത കുടുംബമെന്ന ഇൻസ്റ്റിസ്റ്റ്യൂഷനെയും അതിനുള്ളിലെ മനുഷ്യരെയും ഒപ്പം സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനങ്ങളെയും കൈമയക്കത്തോടെ കൈകാര്യം ചെയ്യുന്ന ജനപ്രതിനിധികൾ. അവരൊരു ലെയറാണ്. കോളജിനകത്തും പുറത്തും നിന്ന് 'സ്വയംപര്യാപ്തം' എന്നാണ് എന്റെ ആദ്യ രാഷ്ട്രീയ മുദ്രാവാക്യമെന്ന് വിളിച്ചുപറഞ്ഞ്, അവകാശങ്ങൾക്കുവേണ്ടി പൊരുതിയും പറഞ്ഞും ഉത്തരവാദിത്തത്തോടെ അറിഞ്ഞും, ബോൾഡായി മുന്നോട്ടുപോകുന്ന യുവ- കൗമാര തലമുറ, അവർ മറ്റൊരു ലെയറാണ്.

നഫീസത്ത് ബീവി

അനുഭവസാക്ഷ്യത്തിൽ നിന്ന് മുസ്‍ലിം സ്ത്രീകളുടെ കാര്യം ഒന്നുകൂടി ഊന്നിപ്പറയാം. അവാർഡുകൾ ഒരുപാട് വാങ്ങുന്ന സ്ത്രീജനപ്രതിനിധികൾ എന്റെ സർക്കിളിൽ, മുസ്‍ലിം ലീഗിൽ തന്നെ, ഞാനേറെ കണ്ടിട്ടുണ്ട്. സുഹറ മമ്പാട്, എം. റഫീഖ ജമീല എന്നിങ്ങനെ. അവരാരും അവാർഡിനത്തെ സബ് കാറ്റഗറി-വനിത എന്ന നിലയിൽ അർഹത നേടിയവരല്ല. മികച്ച ജനപ്രതിനിധി എന്ന നിലയിൽ നിന്ന് തന്നെ മികച്ച പഞ്ചായത്ത്- ജില്ലാ ഭരണങ്ങൾക്ക് അവാർഡ് നേടിയവരാണ്. അവരെല്ലാം ഇവിടെയുണ്ട്.

ചുറ്റും അർഹരായ സ്ത്രീകൾ ഒരുപാടുണ്ട്. കാലങ്ങളായി 'പൊതു'ജീവിതം നിർണയിച്ച ഇടങ്ങളിൽ തെളിയാത്തവർ. അവസരം കിട്ടുമ്പോൾ മികച്ചതെന്ന് അതിശയിപ്പിക്കുന്നവർ. അങ്ങനെയുള്ള എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് പതിറ്റാണ്ടുകൾ നീണ്ട ഓട്ടത്തിനൊടുവിൽ സംവരണ ബില്ല് 2023-ൽ കിതച്ചെത്തി നിൽക്കുന്നത്. ആശങ്കകൾ പരിഹരിക്കപ്പെട്ട് നിയമം പൂർണമാവട്ടെ. സ്ത്രീ അവൾ അർഹിച്ചിടങ്ങളിൽ തിളങ്ങട്ടെ.

Comments