യമ

ഒരു ജീവിയുടെ നൃത്തം

നിങ്ങളുടെ വീടിനടുത്തുള്ളൊരു സ്ത്രീയ്ക്ക് ബാറിൽ പോയി ഡാൻസ് കളിച്ചും അല്ലെങ്കിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട് വീട്ടിലേക്ക് തിരിച്ചുവന്ന് സമാധാനമായും ഉറങ്ങാൻ പറ്റുന്നൊരവസ്ഥയുണ്ടെങ്കിൽ അവിടെയാണ് സാംസ്‌ക്കാരികമായി നമ്മൾ ഇത്തിരിയെങ്കിലും മുന്നോട്ടുപോയി എന്നുപറയാൻ സാധിക്കുന്നത്.

യമ

പ്രശ്‌നമാവുന്നത് എപ്പോഴാണ് ?

ലോകത്തിൽ ഒരുവിധം എല്ലാ ജീവിവർഗങ്ങളും- സസ്തനികളും പക്ഷികളും ഉരഗങ്ങളും അവരുടെ സെക്‌സ് സെലക്ഷനുമായി ബന്ധപ്പെട്ട്, ഇണയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയായി ബന്ധപ്പെട്ട്, പലതരം മേറ്റിങ്ങ് റിച്ച്വൽസിൽ ഏർപ്പെടാറുണ്ട്. അത് പലപ്പോഴും ഒരു തരം ഡാൻസാണ്, ഒരു നൃത്തമാണ്. ഇണയെ ആകർഷിക്കാൻ വേണ്ടിയുള്ള ചലനങ്ങൾ, ചില പ്രത്യേക ഒരുക്കൂട്ടലുകൾ ഇതൊക്കെ അതിൽ പെടും. മനുഷ്യരുടെ കണ്ണിൽ അതിനെ നൃത്തം എന്നുപറയാം. ബാക്കിയുള്ള ജന്തുക്കളെ അപേക്ഷിച്ച് മനുഷ്യരിൽ വളരെ കോംപ്ലക്‌സ് ആയ ഒരു പ്രോസസാണ് ഇണയെ തിരഞ്ഞെടുക്കൽ. മനുഷ്യർ സാമൂഹ്യ ജീവിയായതുകൊണ്ടുള്ള ഒരു പ്രത്യേകതയാണത്. അതിൽ ഇണയെ തിരഞ്ഞെടുക്കൽ മാത്രമല്ല ലൈംഗികമായി ഉണർന്നിരിക്കുക എന്നതുകൂടി പ്രജനനം പോലുള്ള കാര്യങ്ങൾക്കു പുറത്തായി മനുഷ്യർ നിർവഹിക്കുന്നുണ്ട്. അതൊരു സാമൂഹിക ഇടപെടൽ കൂടിയാണ് പലപ്പോഴും.

ഉറുമ്പുകളും സാമൂഹ്യജീവികളാണ്. പക്ഷേ അതിന്റെ ജനനത്തിൽ തന്നെ ആ ജീവികളുടെ സെക്‌സും അവ ഓരോന്നും എന്തിനൊക്കെ ജനിച്ചിരിക്കുന്നു എന്ന ക്ലാസ് ഡിഫറൻസും വളരെ ഡിഫൈൻഡാണ്. വർക്കർ ആന്റ്സ് അഥവാ പണിക്കാരൻ ഉറുമ്പുകൾക്ക് പ്രത്യുൽപ്പാദനശേഷിയുണ്ടാവില്ല. പ്രത്യുൽപ്പാദന ശേഷിയുള്ള ഒരു പെണ്ണുണ്ടെങ്കിൽ (റാണി ഉറുമ്പ്) ആ പെണ്ണുമായി ബന്ധപ്പെട്ടിട്ടാണ് അവയുടെ മൊത്തം സാമൂഹ്യവ്യവസ്ഥ തന്നെ നിലനിൽക്കുന്നത്. തലമുറകളെ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആ വർഗീകരണം ഉണ്ടായിട്ടുള്ളത്.

മനുഷ്യരുടെ കാര്യത്തിൽ ക്ലാസ് നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ് എന്നൊക്കെ പറയും. പക്ഷേ അങ്ങനെ മാത്രമല്ല, സെക്‌സ് സെലക്ഷനും പ്രജനനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി ഇതിനെ സ്വാധീനിക്കുന്നുണ്ട്. ചരിത്രപരമായി സ്ത്രീകളുടെ അധികാരം മറച്ചുപിടിക്കാനും താഴ്​ത്തിക്കെട്ടാനും ബോധപൂർവ ശ്രമം അക്കാര്യത്തിലുണ്ടായിട്ടുണ്ട്. പൊളിറ്റിക്കൽ കറക്റ്റ്നസ് പോലുള്ള ചില പ്രത്യേക കാരണങ്ങളാൽ ചിലപ്പോൾ നമുക്കത് തമസ്‌കരിച്ച് സംസാരിക്കേണ്ടി വരാറുണ്ട്. പക്ഷേ കുറച്ചുകൂടി റിഫൈൻഡായ ഒരു ജന്തുവർഗം എന്ന നിലയ്ക്ക്, മനുഷ്യർക്കിടയിലെ പരസ്പരാശ്രയത്വം പല തരത്തിലാണ് നിലനിൽക്കുന്നത്. അതുകാരണം, നമ്മൾ പലതരം ഒത്തുതീർപ്പുകൾ മുന്നോട്ട് വെയ്ക്കുകയും ചെയ്യാറുണ്ട്. ഇത്തരം ഒത്തുതീർപ്പുകളുടെയും പരസ്പര സഹകരണത്തിന്റെയും ഭാഗമായി നൈസർഗ്ഗികമായ ചില കാര്യങ്ങൾ തകിടം മറിച്ച് മനുഷ്യരുണ്ടാക്കിയിട്ടുള്ള സ്‌ട്രെക്ചറുകളുണ്ട്. അതിന്റെയൊക്കെ പരിണിത ഫലമായിട്ടാണ് മനുഷ്യരിൽ ലൈംഗിക തിരഞ്ഞെടുപ്പ്, ലൈംഗികത, കൂട്ടുകൂടൽ (പ്രത്യേകിച്ച് ജെൻഡർ ബെയ്‌സ്ഡായിട്ടുള്ള കൂട്ടുകൂടലുകൾ) എന്നിവയ്ക്കെല്ലാം സങ്കീർണമായ മാനം കൈവന്നിട്ടുള്ളത്.

നമ്മൾ ഒരുപരിധിവരെ നേച്വറിനെ നർച്ചർ ചെയ്യുന്ന ജീവിവർഗ്ഗമാണ്. പറഞ്ഞു തുടങ്ങിയത് നൃത്തം അല്ലെങ്കിൽ പെർഫോർമെൻസ് ഒരു പ്രശ്നമാകുന്നത് എപ്പോഴാണ് എന്നതിനെക്കുറിച്ചാണ്. ഈ ഒരു ചോദ്യത്തെ ഏത് നിലയിലാണ് അഭിസംബോധന ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് വല്ലാത്ത ഒരു കൺഫ്യൂഷൻ എനിക്കിപ്പോഴുണ്ടാകാറുണ്ട്.

കേരളത്തിന്റെ കൾച്ചർ വെച്ച് നോക്കിയാൽ, സമൂഹം ഒരുമിച്ച് നൃത്തം ചെയ്യുക എന്നത് വളരെ മോശം കാര്യമായിട്ടാണ് ഇപ്പോഴും കാണുന്നത്. മനുഷ്യർ ഒത്തുചേർന്ന് ഡാൻസ് കളിക്കുന്നത് കേരളത്തിൽ വളരെ കുറവാണ്. നമുക്ക് ആ സംസ്കാരം തന്നെയില്ല.

ആരാണ് ഡാൻസ് ചെയ്യുന്നത്?
പെണ്ണാണോ, ആണാണോ? അല്ലെങ്കിൽ പെണ്ണ് ആണിനു വേണ്ടിയാണോ ഡാൻസ് ചെയ്യുന്നത്. പുരുഷാധികാരത്തിന്റെ സാന്നിധ്യത്തിൽ ആണിന്റെ ഡിമാൻറ് പൂർത്തീകരിക്കാൻ പെണ്ണ് ഡാൻസ് ചെയ്യുന്നതാണോ? എങ്കിൽ അതൊരു പ്രശ്നകരമായ അവസ്ഥയാണെന്ന് ഒരു പത്ത് വർഷം മുൻപൊക്കെയാണെങ്കിൽ ഞാൻ കൃത്യമായിട്ടും പറഞ്ഞ് അവസാനിപ്പിച്ചേനേ. ഇപ്പോഴത്തെ ഒരവസ്ഥയിൽ‍‍ ഇങ്ങനെയൊരു ചോദ്യം നേരിടുമ്പോൾ ഒരു ആർട്ടിസ്റ്റ് എന്ന നിലക്കാണോ, അതോ ഒരു സ്ത്രീ എന്ന നിലക്കാണോ, അതോ സംസ്കാരത്തെ പഠിക്കുന്ന ഒരാൾ എന്ന നിലക്കാണോ അതിനെ അഭിമുഖീകരിക്കേണ്ടത് എന്ന മറുചോദ്യമാണ് മനസിലേക്ക് വരുന്നത്. അങ്ങനെയാണതെന്നെ ബാധിക്കുന്നത്. കാരണം സാംസ്കാരികമായ ഒരു പ്രശ്നമായി ഇത് ഉയർത്തിനോക്കുകയാണോ വേണ്ടത്, അതോ വളരെ കലാപരമായി ഇതിനെ കാണുകയാണോ വേണ്ടത്?.

നർത്തകൻ അമിത്ത്. 'നൃത്തം എങ്ങനെ ചെയ്യുന്നു, എന്തിന് ചെയ്യുന്നു, എന്ത് തരത്തിലാണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളുടെ പവർ നിർണയിക്കാൻ നർത്തകർക്ക് അവകാശമുണ്ടെങ്കിൽ അവരുടെ അധികാരത്തിനു കീഴിൽ നിന്നാണ് എല്ലാരുമിത് കാണുന്നത്.' / Photo: Arjun vinayan

പക്ഷേ ഇത് രണ്ടും വ്യത്യസ്തമല്ല എന്നറിയാം. സംസ്കാരവും കലാപഠനവുമെല്ലാം ഒരുമിച്ച് കിടക്കുന്ന ഒന്നാണെങ്കിൽ പോലും, സാധാരണ ഗതിയിൽ ഒരു ആർട്ടിസ്റ്റ് എന്ന നിലക്ക് അതിന്റെ എസ്തെറ്റിക് ക്വാളിറ്റി ആണ് കൂടുതലും നോക്കുന്നത്. പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ, ഞാൻ കുറച്ചുകൂടി ഹോളിസ്റ്റിക്കലി ആയാണ് അതിനെ സമീപിക്കുന്നത്. അതിന് അതിന്റേതായ പരിമിതികൾ കാണും, ഞാനങ്ങനെ കാണുമ്പോൾ. കാരണം, പൊളിറ്റിക്കലി പല സ്ഥലത്തും അത് കറക്ടായിക്കൊള്ളണം എന്നില്ല. ഇതൊരു ചിന്തയാണ്. എനിക്ക്, പുറത്ത് തേച്ചുമാച്ച്, ചില കാര്യങ്ങൾ പറയാൻ പറ്റും. പക്ഷേ, എന്റെ ഇപ്പോഴത്തെ പ്രായത്തിൽ അങ്ങനെ സംസാരിക്കാൻ തോന്നുന്നില്ല. കാരണം ചില കാര്യങ്ങൾ ഞാൻ എക്സ്പീരിയൻസ് ചെയ്യുന്നത്, സാമൂഹികമായി ആളുകളെടുക്കുന്ന പല തീരുമാനങ്ങൾക്കും എതിരായിട്ടാണ്. പ്രത്യേകിച്ച് ഗ്രൗണ്ട് ലെവലിൽ ഏറ്റവും അൺ പ്രിവിലേജ്ഡ് ആയവർക്കിടയിൽ. നമ്മളതിനെ ഹോളിസ്റ്റിക്കലി കണ്ടില്ലെങ്കിൽ ചില കാര്യങ്ങൾ അഡ്രസ് ചെയ്യാൻ പറ്റില്ല എന്നെനിക്ക് തോന്നാറുണ്ട്.

നൃത്തം എന്നത് പ്രധാനമായും സ്ഥലമനുസരിച്ചും, ആരു ചെയ്യുന്നു, എവിടെ ചെയ്യുന്നു എന്നതനുസരിച്ചും അധികാരം മാറുന്ന ഒരു പെർഫോമൻസാണ്.

ഒരു പെണ്ണോ ഒരു ആണോ അവരുടെ ഇണയെയോ അല്ലെങ്കിൽ അവർക്കിഷ്ടമുള്ള ഒരു ഗ്രൂപ്പ് ഓഫ് ആൾക്കാരെയോ സന്തോഷിപ്പിക്കാൻ ചെയ്യുന്ന നൃത്തം. വളരെ സെലക്ടീവായ ഒരു ഓഡിയൻസിനുവേണ്ടി ചെയ്യുന്നത്. ഓഡിയൻസ് ഒരാളാവാം, കൂടുതൽ പേരാകാം. ആ നൃത്തം ചെയ്യുന്ന ആളുടെ മേലാണ് അതിന്റെ അധികാരമുള്ളത്. അപ്പോൾ, ആ നൃത്തം എങ്ങനെ ചെയ്യുന്നു, എന്തിന് ചെയ്യുന്നു, എന്ത് തരത്തിലാണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളുടെ പവർ നിർണയിക്കാൻ അവർക്ക് അവകാശമുണ്ടെങ്കിൽ നൃത്തം നടത്തുന്ന ആളുടെ മേലുള്ള ആ അധികാരത്തിനുപുറത്ത്, ആ അധികാരത്തിനു കീഴിൽ നിന്നിട്ടാണ് എല്ലാരുമിത് കാണുന്നത്. കാണുന്നവർക്ക് അധികാരം ഇല്ല എന്ന അർത്ഥത്തിലല്ല ഞാൻ പറയുന്നത്. ആ മൂവ്മെൻറ് ചെയ്യുന്നയാളുടെ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കാനാണ് അധികാരത്തിന്റെ കാര്യം പറഞ്ഞത്.

അതേസമയം കെട്ടപ്പെട്ട നിലയിൽ നിൽക്കുന്ന ഒരാൾ, കുറേ പേർ ചേർന്ന് ബന്ദിയാക്കിയ ഒരാൾ നൃത്തം ചെയ്യുകയാണ്, ഷോലെ സിനിമയിലൊക്കെ കാണുന്നപോലെ. അതിനകത്ത് പവർ എന്നുപറയുന്നത്, ആട്ടം ആടിപ്പിക്കുന്ന ആൾക്കാണ്. അപ്പോൾ പവർ സ്ട്രെക്ചർ കൃത്യമായും മാറി. ഡാൻസിന്റെ ഈസ്തെറ്റിക് വാല്യുവല്ല, നൃത്തം ചെയ്യുന്ന ഒരാളുടെ അധികാരത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്. കെട്ടപ്പെട്ട നില എന്നത് വളരെ obvious ആവണം എന്നില്ല. പ്രേരണ പോലും നിയന്ത്രണം ആണ്. നൃത്തം എങ്ങനെ ചെയ്യുന്നു, എവിടെ ചെയ്യുന്നു, എന്തിന് ചെയ്യുന്നു, ഇങ്ങനെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടുകൂടിയാണ് ഈ അധികാരം പ്രവർത്തിക്കുന്നത്. ഒരാൾ നൃത്തം ചെയ്യുമ്പോൾ നമുക്കറിയാം,അയാൾ സെലക്ട് ചെയ്ത ഒരു ഇടത്തിലാണ് നൃത്തം സംഭവിക്കുന്നത്. കാണികൾ ഇല്ലാതെയുമിരിക്കാം. അതായത്, നൃത്തത്തിനൊരു സ്ഥലമുണ്ട്. സമൂഹ നൃത്തങ്ങളുണ്ട്. അവിടെ ചിലപ്പോൾ കാണികളുണ്ട്. കാണികൾ ഇല്ലാത്ത അവസ്ഥയും വരാറുണ്ട്. പാർട്ടികൾ, നിശാക്ലബ്ബുകൾ തുടങ്ങിയ സ്ഥലങ്ങളുണ്ടല്ലോ. നമ്മൾ എൻജോയ് ചെയ്യാൻ പോവുകയും അവിടെ ചെന്നിട്ട് പാർട്ണറെ സെലക്ട് ചെയ്ത്, അല്ലെങ്കിൽ പാർട്ണറെ കൊണ്ടുപോയി, അയാളുമായി, അല്ലെങ്കിൽ അവിടെയുള്ള ആളുകളുമായി എക്സ്ചേഞ്ച് ചെയ്ത് നടത്തുന്ന സമൂഹ നൃത്തവുമുണ്ട്. അവിടത്തെ അധികാര ശ്രേണി തന്നെ വ്യത്യാസമാണ്. കാരണം, അവിടെ ഷെയറിങ്ങാണ് നടക്കുന്നത്. അപ്പോൾ, നൃത്തം എന്നത് പ്രധാനമായും സ്ഥലമനുസരിച്ചും, ആരു ചെയ്യുന്നു, എവിടെ ചെയ്യുന്നു എന്നതനുസരിച്ചും അധികാരം മാറുന്ന ഒരു പെർഫോമൻസാണ്.

ഷോലയിലെ നൃത്തരംഗം

കേരളത്തിന്റെ കൾച്ചർ വെച്ച് നോക്കിയാൽ, സമൂഹം ഒരുമിച്ച് നൃത്തം ചെയ്യുക എന്നത് വളരെ മോശം കാര്യമായിട്ടാണ് ഇപ്പോഴും കാണുന്നത്. പഴയ സിനിമകളിലൊക്കെ, ആദിവാസികളുടെയോ കർഷകരുടെയോ നൃത്തമൊക്കെ ഒരു എക്​സോട്ടിക്​ ലെവലിൽ കാണിച്ചിട്ടുള്ളതല്ലാതെ മനുഷ്യർ ഒത്തുചേർന്ന് ഡാൻസ് കളിക്കുന്നത് കേരളത്തിൽ വളരെ കുറവാണ്. നമുക്ക് ആ സംസ്കാരം തന്നെയില്ല. അതെന്തുകൊണ്ടാണ്? പ്രധാനമായും ജാതിപരമായ പ്രശ്നമാണ്. നമുക്ക് ഒരാളുമായി മിംഗിൾ ചെയ്യുക എന്നുപറയുന്നത് ശരീരം തൊടുക എന്നതാണ്. എന്നുവെച്ചാൽ, ജാതിപ്രശ്നമുള്ളതുകൊണ്ട്, മനുഷ്യരുമായി ഇടപെടാനുള്ള വിമുഖത മൂലം നമ്മൾ നൃത്തം ചെയ്യില്ല. നമ്മൾ, നമ്മുടെ കൂടെയുള്ള ആളായി കണ്ടാൽ മാത്രമേ നമുക്കൊരാളുമായി ചേർന്ന് നൃത്തം ചെയ്യാൻ പറ്റൂ.
അപ്പോൾ, നൃത്തം എന്നു പറയുന്നത് നമ്മളെ സംബന്ധിച്ച് ഒരു എക്​സോട്ടിക്കായ കാര്യമാണ്. വേറെ ഏതോ നാട്ടിൽ നടക്കുന്ന ഒരു സംഗതി. ഡാൻസ് പ്രോഗ്രാമുകളൊക്കെ കണ്ട് നമ്മൾ കയ്യടിച്ചെന്നിരിക്കും. പുതിയ കാലത്ത് നമ്മൾ ആകെപ്പാടെ ഏറ്റെടുത്തിട്ടുള്ളത് സ്റ്റേജ് ഷോകളാണ്. ആദ്യം അതും മോശമായിരുന്നു, പ്രത്യേകിച്ച് പെൺകുട്ടികൾ ചെയ്യുന്നത്. ഒരു സമയം കഴിഞ്ഞപ്പോൾ അതിന് പോപ്പുലാരിറ്റി കിട്ടി. സിനിമയിൽ ആദ്യം അഭിനയിച്ചിരുന്ന നടിമാരെ ആട്ടക്കാരികൾ എന്നാണ് പറഞ്ഞിരുന്നത്. പഴയ ദേവദാസികളുമായി കണക്ട് ചെയ്തിട്ടാണ് അവരെപ്പറ്റി സംസാരിച്ചിരുന്നത്. അതൊക്കെ ഇപ്പോൾ കുറെയൊക്കെ മാറി. അതിനു കാരണമുണ്ട്. അത് ഇക്കണോമിക്സുമായി ബന്ധപ്പെട്ട സംഗതി കൂടിയാണ്.

കേരളത്തിൽ ഒരു ഡാൻസ് ബാറോ ഡിസ്‌കോത്തെക്കോ വരുന്നു എന്ന് പറയുമ്പോൾ ആദ്യം ഇവിടെയുള്ള ‘സാംസ്കാരിക മനുഷ്യർക്ക്’കൊള്ളും. ഇത് സംസ്കാരത്തിന് എതിരാണ്, സംസ്കാരം നിലംപൊത്തും എന്നൊക്കെയുള്ള നിലവിളികളിലേക്കുയരും.

ഒരു മനോഭാവം മാറുന്ന സമയത്തുപോലും, സ്റ്റേജ് ഷോകളുടെ സ്വഭാവം മാറുമ്പോൾ പോലും, സമൂഹനൃത്തം ഇപ്പോഴും നമ്മളെക്കൊണ്ട് പറ്റില്ല. എവിടെയെങ്കിലും ഒരു പാർട്ടി നടക്കുന്നു എന്നു കേട്ടാലോ ഐ.ടി പാർക്കിൽ ഡിസ്കോ തെക് വരുന്നു എന്നു കേട്ടാലോ ആദ്യം നമുക്ക് കൊള്ളും. ചെറുപ്പക്കാർ കള്ളുകുടിച്ച്​ ചെയ്യുന്ന പരിപാടിയാണ് എന്ന നിലക്കാണ് അതിനെ കാണുന്നത്.

നൃത്തം, അത് ചെയ്യുന്ന ആളുടെ തീരുമാനത്തിലാണ് ചെയ്യുന്നതെങ്കിൽ അത് നമ്മളെ ലിബറേറ്റ് ചെയ്യുന്ന സംഗതിയാണ്. ഒരു മുയൽ ഭക്ഷണം കഴിച്ചശേഷം, ചാടിയെണീറ്റ് ഒരൊറ്റ ഓട്ടവും നാലഞ്ച് ഉരുളിച്ചയുമൊക്കെയാണ് നടത്തുക. അതിന്റെ എനർജി റിലീസ് ചെയ്യുന്നതാണ്. ഭക്ഷണം കഴിച്ച ശേഷം സ്വന്തം ശരീരത്തെത്തന്നെ അത് തിരിഞ്ഞുനോക്കുന്നു. അതിൽ ഒരു നൃത്തവും കൂടിയുണ്ട്. ശരിക്കും പറഞ്ഞാൽ, അത് സ്വന്തം ശരീരത്തെ തിരിച്ചറിയുകയും ആ മൂവ്മെൻറിനെ ബഹുമാനിക്കുകയും ചെയ്യുന്ന, നാച്വറലായ ഒരു പ്രോസസാണ്. വയർ നിറഞ്ഞാൽ പിന്നെ എന്താണ് നമുക്ക് ജീവിതത്തിലുള്ളത്. ജീവിതത്തിൽ എന്താണുള്ളത് സന്തോഷത്തിന്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള എക്സ്ചേഞ്ചാണ് പ്രധാനമായുമുള്ളത്. അതൊരു സെക്ഷ്വൽ എനർജി കൂടിയാണ്. ഏതുതരത്തിലുള്ള കൊടുക്കൽ വാങ്ങലും അതിൽ അധിഷ്ഠിതമാണ്. ജീവിക്കാനുള്ള ത്വരയാണ് അതിനു പിന്നിൽ. മുന്നോട്ടു പോകാനുള്ള ആവേശം. സെക്ഷ്വൽ എനർജി എന്നുപറയുമ്പോൾ മേറ്റിങ്ങ് വരെ എത്തണം എന്നൊന്നുമില്ല. നമ്മളങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുള്ള ലിംഗത്തിലുള്ള ആൾക്കാരുമായുള്ള പ്രണയമായിരിക്കാം.വെറും സംസാരം പോലും ആയിരിക്കാം. എന്തുമാകാം അത്. അവരുമായി വൈറ്റൽ ഷെയർ ചെയ്യുന്നതിന്റെ ഒരു സ്ഥലവും കൂടിയാണത്. കേരളത്തിൽ ഒരു ഡാൻസ് ബാറോ ഡിസ്‌കോത്തെക്കോ വരുന്നു എന്ന് പറയുമ്പോൾ ആദ്യം ഇവിടെയുള്ള ‘സാംസ്കാരിക മനുഷ്യർക്ക്’കൊള്ളും. ഇത് സംസ്കാരത്തിന് എതിരാണ്, സംസ്കാരം നിലംപൊത്തും എന്നൊക്കെയുള്ള നിലവിളികളിലേക്കുയരും.

നമ്മൾ എൻജോയ് ചെയ്യാൻ പോവുകയും അവിടെ ചെന്നിട്ട് പാർട്ട്‌നറെ സെലക്ട് ചെയ്ത്, അല്ലെങ്കിൽ പാർട്ട്‌നറെ കൊണ്ടുപോയി അവിടെയുള്ള ആളുകളുമായി എക്‌സ്‌ചേഞ്ച് ചെയ്ത് നടത്തുന്ന സമൂഹ നൃത്തവുമുണ്ട്. അവിടത്തെ അധികാര ശ്രേണി തന്നെ വ്യത്യാസമാണ്. അവിടെ ഷെയറിങ്ങാണ് നടക്കുന്നത്. / Photo: scene from 'Euphoria', screengrab

ഇത് കേരളത്തിലെന്നല്ല, പൊതുവേ ഇന്ത്യയിലുള്ളതാണ്. പക്ഷേ കേരളത്തിൽ അത് കൂടുതലാണോ എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. കാരണം, നമ്മൾ വിദ്യാഭ്യാസപരമായി കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കുന്നവരാണെന്ന്പറയുമ്പോൾ പോലും, ഇവിടെയാണ് മറ്റ് പലയിടങ്ങളേക്കാളും ഡാൻസിന് പ്രശ്നം എന്നാണ് തോന്നിയിട്ടുള്ളത്. തമിഴ്നാട്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒട്ടും വികസിതമല്ലാത്ത ഇടങ്ങളിലെ സ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഡാൻസുകൾ മിക്കവാറും അമ്പലങ്ങളിലെ പരിപാടികളുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ഒരു മേറ്റിങ് റിച്വലിന്റെ എക്​സ്​പ്ലിസിറ്റായ ഒരു ഡെപിക്ഷനായാണ് പലപ്പോഴും അതിലൊക്കെ ഉണ്ടാവുന്നത്. ഭക്തി പ്രധാനമായ പെർഫോമെൻസുകളെ പറ്റി ഞാൻ മനഃപൂർവം പറയാത്തതാണ്. കാരണം അത്തരം പെർഫോമൻസുകൾ എല്ലായ്‌പ്പോഴും നമ്മൾ പ്രതീക്ഷിക്കുന്ന ഒന്ന് മാത്രമാണ്. പറഞ്ഞു വന്നത് സെക്ഷുവലി എക്​സ്​പ്ലിസിറ്റായ നൃത്തങ്ങൾ ഗ്രാമങ്ങളിലെ പൊതുവേദികളിൽ അവതരിപ്പിക്കുന്നതിനെപ്പറ്റിയാണ്. തമിഴ്‌നാട്ടിലെ ‘ആടൽ പാടൽ’ റെക്കോർഡ് ഡാൻസുകൾ ഞാൻ നേരിട്ട് കണ്ടിട്ടില്ല, വീഡിയോയിലേ കണ്ടിട്ടുള്ളൂ. ആ നാട്ടുകാരെന്താ കണ്ടുകൊണ്ടിരിക്കുന്നത് എന്നോർത്ത് ഞാൻ ഞെട്ടിപ്പോയി. വാസ്തവത്തിൽ, മേറ്റ് ചെയ്യുന്നില്ലെന്നേയുള്ളൂ. അത്രയ്ക്കും എക്​സ്​പ്ലിസിറ്റായ പെർഫോമൻസാണ് അത്.

നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ നടക്കുമോ? കേരളത്തിൽ ഇത് ഇംപോസിബിളാണ്. ഞാൻ നോക്കുമ്പോൾ അതൊക്കെ അന്നാട്ടിലെ സംസ്ക്കാരത്തിന്റെ ഭാഗമാണത്. ഭക്തിയും രതിയും എല്ലാം അവിയൽ പോലെ. ആ നൃത്തങ്ങളുടെ സൗന്ദര്യബോധത്തെക്കുറിച്ച് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ ഈസ്​തെറ്റിക്​ ക്വാളിറ്റിയൊക്കെ നോക്കാൻ പോയാൽ അതിൽ ഒന്നും തന്നെയില്ല എന്നുപറയാം. ഒരു പഴയ ബി ഗ്രേഡ് സിനിമയുടെ പാട്ടുരംഗം ചിത്രീകരിക്കുന്ന പോലെ.

കുറച്ചുകൂടി ലിബറേറ്റഡായ, ശാരീരികമായും, മാനസികമായും ഇണയെ തിരഞ്ഞെടുക്കുന്നതിൽ കുറച്ചുകൂടി സ്വാതന്ത്ര്യം കാണിക്കുന്ന സ്ത്രീകളുണ്ടായിരുന്ന നാടാണിത്.

ഞാൻ അതിനെ മോശമോ നല്ലതോ എന്ന് പറയാൻ ഉദ്ദേശിക്കുന്നതല്ല. അതും ഒരു സമൂഹപ്രവൃത്തിയാണ്. അതിനും ആ നാട്ടിൽ ഒരു സ്ഥലമുണ്ട്. അത് അവിടെ ചെയ്തിട്ട് ആ സ്ത്രീയും ആ പുരുഷനും തിരിച്ചുപോകുന്നു. അവർ കോൺഷ്യസായി വന്ന് ചെയ്യുന്ന ഒരു പ്രവൃത്തിയാണ്. അങ്ങനെ ചെയ്യുന്ന ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. തമിഴ്നാട്ടിലും ഛത്തീസ്ഗഢിലും ജാർഖണ്ഡിലുമെല്ലാം ഈ ഡാൻസുണ്ട്. സ്ത്രീ ഒരു കൂട്ടം പുരുഷൻമാർക്കുവേണ്ടി മാത്രം നൃത്തം ചെയ്യുന്ന സംഗതി കാണിക്കുമ്പോഴാണ്, അത് പ്രശ്നകരമാകുന്നത്എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, അപ്പോഴാണ് ഒരു ഫെമിനിസ്റ്റിക് ഇഷ്യു അതിലേക്ക് വരുന്നത്. അതിന്റെ പ്രധാന കാരണം, ഇവരെ ആരാണ് അവിടെ പ്ലേസ് ചെയ്യുന്നത്, എന്തുതരം സ്ഥലമാണത് എന്നതാണ്. ആദ്യമൊക്കെ സെക്സ് വർക്ക് എന്നത് ആൻറി ഫെമിനിസ്റ്റിക് ആയ ഒരു ആക്റ്റ് ആയി ആണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നുപറഞ്ഞാൽ, സ്ത്രീപക്ഷമല്ലാത്ത ഒരു ആക്റ്റിലേക്ക് സ്ത്രീകളെ തള്ളിവിടുന്നു, അവരുടെ ഗതികേടുകൊണ്ട് ചെയ്യേണ്ടി വരുന്ന ഒരു ആക്ട് ആയിട്ടാണ് സെക്സ് വർക്കിനെ സമീപകാലം വരെ കണ്ടിരുന്നത്. കഴിഞ്ഞ കുറെ ദശകങ്ങളായി അതിനെ വായിക്കുന്ന രീതി മാറിയിട്ടുണ്ട്. പല രാജ്യങ്ങളിലും അത് ലീഗലാണ്. നമ്മുടെ നാട്ടിൽ ഇപ്പോഴും അല്ല എന്നാണ് എനിക്ക് അറിയാവുന്നത്. അതിന്റെ കാരണമെന്താണ്. എങ്ങനെയാണ് ആ ആറ്റിറ്റ്യൂഡ് മാറുന്നത്. പല രാജ്യങ്ങളും അത് അവിടെ നിലനിൽക്കുന്നു എന്ന് തിരിച്ചറിയുകയും അതിനൊരു സ്ഥലമുണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു. ആ ആക്ടിൽ ഏർപ്പെടുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നു. മറ്റേതൊരു ജോലിയെയും പോലെ, വേണമെങ്കിൽ അവർക്ക് വിട്ടുപോകാനും, അല്ലെങ്കിൽ അതിൽ നിലനിൽക്കാനും ഒരു സ്ഥലം പലയിടത്തും ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഒരു കാരണവശാലും ഉണ്ടായിട്ടില്ല.

എന്നാൽ നമ്മുടെ ചരിത്രം അതല്ല പറയുന്നത്. കുറച്ചുകൂടി ലിബറേറ്റഡായ, ശാരീരികമായും, മാനസികമായും ഇണയെ തിരഞ്ഞെടുക്കുന്നതിൽ കുറച്ചുകൂടി സ്വാതന്ത്ര്യം കാണിക്കുന്ന സ്ത്രീകളുണ്ടായിരുന്ന നാടാണിത്. ബ്രിട്ടീഷുകാരുടെ വരവോടെ, വിക്ടോറിയൻ മൊറാലിറ്റി കൊണ്ടുവരാൻ വേണ്ടി സ്ത്രീകൾ ചെയ്തിരുന്ന പല പെർഫോമൻസുകളും നിർത്തലാക്കി. ദേവദാസി സമ്പ്രദായത്തെ വൾഗറായ ഒരു സംഗതിയായിട്ടാണ് അവർ കണ്ടത്. അതേസമയം മഠങ്ങളിൽ, ദൈവത്തിന്റെ ദാസികളായി, ആൾക്കാരെ ചേർക്കുന്നതിൽ അവർക്ക് കുഴപ്പം തോന്നിയിരുന്നില്ല. അതേസമയം ഇവിടെ ദൈവത്തിന്റെ ദാസികളായി ആടുന്ന സ്ത്രീകൾ പ്രശ്നമാണ്. അതിനകത്ത് ഈറോട്ടിക് എലമെൻറ് ഉണ്ടെന്ന കാരണത്താലാണ് ഇങ്ങനെ പറഞ്ഞിരുന്നത്. ഈ ടെക്​സ്​റ്റുകളൊക്കെ ഈറോട്ടിക്കാണ്, അത് സ്ത്രീകളെക്കൊണ്ട് ചെയ്യിക്കുന്നത് മോശമാണ് എന്ന നിലക്ക്. അത് വാസ്തവം ആയിരുന്നു താനും. എന്നാൽ സ്ത്രീകളുടെ ‘വില്ലിനെ’ പറ്റി അവർക്ക് ധാരണയുണ്ടായിരുന്നില്ല. സ്ത്രീകൾ ഇഷ്ടപ്പെട്ട് നൃത്തം ചെയ്യുന്നുണ്ടോ എന്നത് അന്നത്തെ അധികാരികളെ സംബന്ധിച്ച് പ്രശ്നകരമായ സംഭവമായി തോന്നിയിട്ടില്ല. അത് ബ്രിട്ടീഷുകാരുടെ മൊറാലിറ്റിയുമായി ബന്ധപ്പെട്ട സംഗതിയാണ്. ദേവദാസി സമ്പ്രദായം നിർത്തലാക്കുന്ന നിയമം നടപ്പിലാക്കിയ ശേഷം ഒരുപാട് സ്ത്രീകൾ വഴിയാധാരമായി, അവർക്ക് അവരുടെ ഉപജീവനമാർഗം നഷ്ടപ്പെട്ടു.

തമിഴ്‌നാട്ടിലെ ദേവദാസി നർത്തകർ (1920) / Photo: Wikimedia Commons

ഇന്ത്യയിലുടനീളം, സ്ത്രീകൾ മാത്രം ചെയ്യുന്ന പെർഫോമൻസുകളുണ്ട്. പുരാണ കഥകളെ ആസ്പദമാക്കി ചെയ്യുന്നവയാണ് കൂടുതലും.എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഉള്ളടക്കം ഉള്ള പെർഫോമൻസുകൾ പല കാലത്തായി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. അതിൽ കൂടുതലും നൃത്തരൂപങ്ങളാണ്. ഉള്ളടക്കം വച്ച് നോക്കിയാൽ ചിലതിലെങ്കിലും സ്ത്രീപക്ഷമുണ്ട് എന്നു പറയാൻ തന്നെ പറ്റില്ല. എന്നാൽ സ്ത്രീകളുടേതായ ക്രിയേറ്റിവിറ്റിയുടെ, സർഗാത്മകതയുടെ ഇടമുള്ള പെർഫോർമെൻസുകൾ ഒരുപാടുണ്ടായിരുന്നു. അത് ക്ലാസ് അനുസരിച്ചൊക്കെ മാറിയിട്ടുണ്ട്. ഉദാഹരണത്തിന്, ലാഉണി എന്ന മഹാരാഷ്ട്രയിലെ പെർഫോമൻസ്, ബോളിവുഡിനെപ്പോലും മാറ്റിമറിച്ച ഒന്നാണ്. മുജ്‌രകൾ പോലെ. പഞ്ചാബി ഡാൻസും ബോളിവുഡിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ബോളിവുഡിലെ സ്ത്രീകളുടെ നൃത്തങ്ങൾ, പോപ്പുലർ ഡാൻസ് നമ്പേഴ്സ്, മിക്കവാറുമൊക്കെ ബേസ് ചെയ്തിരിക്കുന്നത് ലാഉണിയിലായിരിക്കും. ലാഉണിയെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ധാരണകൾ പലതും, അത് വളരെ എക്സ്പ്ലോയിറ്റേറ്റീവായ സംഭവം ആണല്ലോ എന്നായിരുന്നു. കാരണം ആ കമ്മ്യൂണിറ്റിയിൽപ്പെട്ട നൃത്തം ചെയ്തിരുന്ന സ്ത്രീകൾ പലപ്പോഴും സെക്സ് വർക്കിലേക്കും പോയിട്ടുണ്ട്. അത് പക്ഷേ അതിന്റെയൊരു ഓഫ് ഷൂട്ടായിട്ടാണ് ഞാൻ കാണുന്നത്. വളരെ ഗ്ലാമറസായ പെർഫോമൻസാണ് അത്. അത് കാണാൻ വരുന്ന ആൾക്കാരുമായിട്ടുള്ള ഇന്ററാക്ഷന്റെ ഭാഗമാണത്.

പക്ഷേ, ലാവണിയിൽ തന്നെ ഭക്തിപ്രധാനമായതുമുണ്ട്. സോഷ്യൽ സറ്റയറും ഈ പെർഫോമൻസിന്റെ ഭാഗമാണ്. ഇതെല്ലാം സ്ത്രീകളാണ് ചെയ്യുന്നത്. അതിന്റെ തന്നെ ഒരു ഭാഗമാണ് ഇറോട്ടിക്കായിട്ടുള്ള പെർഫോമൻസുകൾ. അത്തരം പെർഫോമൻസുകൾ പ്രധാനമായും ഗ്രാമത്തിനുപുറത്തെ ഒരു സ്ഥലത്ത് പുരുഷൻമാർക്ക് മാത്രമായി, നടത്താറുള്ളവയാണ്. അതിനകത്ത് സ്ത്രീകൾക്ക് പ്രവേശനമില്ല. പുരുഷന്മാർക്ക് മാത്രം കയറാവുന്ന ബാറുകളിൽ നടത്തുന്ന പെർഫോമൻസ് പോലെയാണത്. സ്ത്രീകളും കൂടി വരുന്ന ഒരു ഓഡിയൻസിൽ വേറൊരു തരം ടെക്​സ്​റ്റാണ്​ ഉപയോഗിക്കുന്നത്. കുറേക്കഴിഞ്ഞപ്പോൾ അത് ഒരുപാട് മാറി. ഇപ്പോൾ, പ്രസ്റ്റീജ്യസ് ആയ, അറിയപ്പെടുന്ന ഫെസ്റ്റിവലുകളിലും ഇറോട്ടിക് ടെക്​സ്​റ്റുകളുള്ള അവരുടെ പെർഫോമൻസുകളുണ്ടാകാറുണ്ട്.

ഒരു നൃത്തം അത് എത്ര ഇറോട്ടിക് ആണ് എന്നത് പുറത്തു നിന്നുള്ള ഒരാൾ പറയുന്നതുപോലെയല്ല, കണ്ടുകൊണ്ടിരിക്കുന്ന ആൾക്ക് ഫീൽ ചെയ്യുന്നത്. പല മാനങ്ങളിൽ അതിന് എത്തിച്ചേരാനാകും. അതാണ് പെർഫോർമെൻസിന്റെ ഗുണം.

ലാഉണിയെപ്പറ്റി പ്രധാനമായും പറയാൻ കാരണമുണ്ട്. ബോളിവുഡ് സിനിമകളിലൊക്കെയുള്ള അതിന്റെ സ്വാധീനം കാരണം വളരെ ഇറോട്ടിക്കായ പെർഫോമൻസ് എന്നതിലുപരി അതിനുപുറകിൽ മറ്റെന്തെങ്കിലുമുണ്ടോ എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന സമയത്ത് അവിടെയൊരു ഫോക്ക് കൾച്ചറൽ ഫെസ്റ്റിവൽ നടന്നു. അതിൽ ലാവണി പെർഫോമൻസുണ്ടായിരുന്നു. ശരിക്കുപറഞ്ഞാൽ, ഇറോട്ടിക് ഡാൻസ് അല്ലെങ്കിൽ അത്തരം സജസ്റ്റീവായ പെർഫോമൻസുകൾ സ്ത്രീകൾ ചെയ്യുന്നതിനെപ്പറ്റിയുള്ള എന്റെ സങ്കൽപം മാറ്റി മറിച്ച പെർഫോമൻസായിരുന്നു അത്. ആ പെർഫോർമറുടെ പേര് ചന്ദ്രമുഖി എന്നോ മറ്റോ ആണ്. അതിസുന്ദരി. അവരുടെ കൂടെ വേറെ മൂന്നു നാല് പെർഫോമേഴ്സ് കൂടി ഉണ്ടായിരുന്നു. പ്രധാന പെർഫോമർ നല്ല ഉയരമൊക്കെയുള്ള സ്ത്രീയാണ്. സ്റ്റേജിൽ അവർ വന്ന് നിന്നപ്പോൾ തന്നെ, കാണികളുടെ ശ്വാസം നിന്നത് ഞാൻ അറിഞ്ഞു. ശരിക്കുപറഞ്ഞാൽ, കടക്കണ്ണെറിയുക എന്നുപറയുന്ന, (ആ പെർഫോമൻസിന്റെ ഭാഗമാണത്), കണ്ടുകൊണ്ടിരിക്കുന്ന ആളെ സെക്ഷ്വലി വീഴ്ത്തുക എന്നുപറയുന്ന ആക്ട് ആ പെർഫോമൻസിനകത്ത് നടക്കുന്നുണ്ട്. അത് നടത്തുന്ന സ്ഥലം, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസ്റ്റീജ്യസായ സ്റ്റേജാണെന്നുകൂടി ഓർക്കണം. അവിടെ പലതരം ആൾക്കാർ വന്നിരിക്കുന്നുണ്ട്, സമൂഹത്തിൽ പല നിലയും വിലയും ഉള്ളവർ, ജെൻഡർ വ്യത്യാസമില്ലാതെ വന്നിരിക്കുന്ന സദസ്സിനു മുന്നിലാണ് അവരത് അവതരിപ്പിക്കുന്നത്.

ലാഉണി നൃത്തം

ഞാൻ ആ പെർഫോർമറുടെ വളരെ അകലെയല്ലാതെയാണ് ഇരുന്നിരുന്നത്. ആദ്യം ശുദ്ധ നൃത്തത്തിലൂടെ സ്റ്റേജിനെ ഇളക്കിമറിക്കുകയാണ് അവർ ചെയ്തത്. അതുകഴിഞ്ഞ് വളരെ സൂക്ഷ്മമായി ഈ കലയിലേക്കിറങ്ങുകയാണ്. തന്റെ ശൃംഗാര ചേഷ്ടയിലൂടെ ഒരാളെ വീഴ്ത്തുന്നു. സത്യം പറഞ്ഞാൽ അവരുടെ പെർഫോർമെൻസ് കണ്ടിരുന്നപ്പോൾ, എന്റെ ജെൻഡർ മറന്നുപോവുന്ന അവസ്ഥയുണ്ടായി. നമ്മുടെ സെക്ഷ്വൽ ഓറിയന്റേഷൻ തന്നെ മറന്നുപോവുന്ന അവസ്ഥ. അതാണ് ആ കലയുടെ രസം. ശൃംഗാര ചേഷ്ട കാണിക്കുന്ന സമയത്ത് ഒരു സ്ത്രീപെർഫോമറുടെ ശരീരത്തിൽ നിന്ന് മാറി അവരുടെ മൊത്തം ബോഡിയും മൊത്തം എക്സിസ്റ്റൻസും, ആ ഒരു രസം മാത്രമായി മാറുന്ന അവസ്ഥ. അവരുടെ ആ ശക്തിയുടെ മുന്നിൽ നമ്മൾ പവർലെസായിപ്പോവും. അവർ ആ ചേഷ്ട കാണിക്കുന്ന സമയത്ത്, നമ്മൾ ഒന്നുമല്ലാതായിപ്പോവും.

ജീവിതത്തിൽ എന്നെ ഇത്ര ആകർഷിച്ച വേറൊരു ഫീമെയ്ൽ പെർഫോമർ വേറെയുണ്ടാവില്ല. അത് ആ പെർഫോർമറുടെ ഗുണം കൊണ്ടുകൂടിയാണ്. നൃത്തം ചെയ്യുന്ന സമയത്ത് പെർഫോർമറുടെ ക്വാളിറ്റി അനുസരിച്ച് പെർഫോർമൻസിന്റെ നിലവാരവും മാറും. അത്രയും നിലവാരമുള്ള ഒരു ആർട്ടിസ്റ്റാണ് അത് വന്ന് ചെയ്യുന്നത്. അപ്പോൾ, ഒരു നൃത്തം അത് എത്ര ഇറോട്ടിക് ആണ് എന്നത് പുറത്തു നിന്നുള്ള ഒരാൾ പറയുന്നതുപോലെയല്ല, കണ്ടുകൊണ്ടിരിക്കുന്ന ആൾക്ക് ഫീൽ ചെയ്യുന്നത്. പല മാനങ്ങളിൽ അതിന് എത്തിച്ചേരാനാകും. അതാണ് പെർഫോർമെൻസിന്റെ ഗുണം. പുറത്തിരുന്ന് ഒരു പെർഫോർമറുടെ അംഗചലനങ്ങളെ വീക്ഷിക്കുന്നതുപോലെയല്ല, ശരിക്കും അത് ആസ്വദിക്കാൻ പോകുന്ന ഒരാൾക്കു അനുഭവപ്പെടുന്നത്. കാരണം അവർ ഒരു സങ്കൽപ്പത്തെ അല്ല മറിച്ച് ഒരു യഥാർത്ഥ സ്ത്രീ പെർഫോർമറെ ആണ് അവിടെ പരിചയെപ്പെടുന്നത്. കാണി എന്താഗ്രഹിച്ചിട്ടാണ് അവിടെ പോകുന്നത് എന്നതിനെ ചിലപ്പോൾ ആ പരിചയപ്പെടൽ തകിടം മറിച്ചു എന്നുവരും, ശരിക്കും ഒരു ശരീരം മുന്നിൽ വന്നുനിൽക്കുമ്പോൾ.

റിവീലിങ്ങ് എന്നത്, അതായത്, തൊലിപ്പുറം എത്ര കാണിക്കാം എന്നത് ഓരോ സംസ്കാരത്തിലും ഓരോ സമയത്തും പലതാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ദൈനം ദിന ജീവിതത്തിലെ സ്ത്രീകളുടെ വസ്ത്രധാരണം പോലും അവരുടെ ഇച്ഛക്കനുസരിച്ച് ചെയ്യാൻ സ്ത്രീകൾക്ക് കഴിയാറില്ല

ലാഉണിയുടെ കാര്യം പറഞ്ഞത്, ഡാൻസ് ബാറുകളിൽ പെർഫോം ചെയ്യുന്ന സ്ത്രീകളുടെ കാര്യം പറയാനാണ്. അടച്ചിട്ട സ്ഥലത്ത് പലതരം ആൾക്കാരുടെ മുന്നിൽ പെർഫോം ചെയ്യാൻ വിധിക്കപ്പെടുന്ന ഒരാളെപ്പറ്റിയല്ല, തീരുമാനിക്കുന്ന ഒരാളെപ്പറ്റിയാണ് എനിക്ക് പറയാനുള്ളത്. അത് കാണികളെ പോസിറ്റിവ് ആയി ആണ് ബാധിക്കുക. അതാണ് ഏതൊരു പെർഫോർമെൻസിന്റെയും സാധ്യതയും ബലവും.

ഇറോട്ടിക് നൃത്തത്തെ കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് സ്ത്രീകളുടെ പെർഫോമൻസുകളെ പറ്റി മാത്രമായി പറയാൻ പൊതുവേ താൽപര്യമില്ല. റിവീലിങ്ങ് എന്നത്, അതായത്, തൊലിപ്പുറം എത്ര കാണിക്കാം എന്നത് ഓരോ സംസ്കാരത്തിലും ഓരോ സമയത്തും പലതാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ദൈനം ദിന ജീവിതത്തിലെ സ്ത്രീകളുടെ വസ്ത്രധാരണം പോലും അവരുടെ ഇച്ഛക്കനുസരിച്ച് ചെയ്യാൻ സ്ത്രീകൾക്ക് കഴിയാറില്ല. ചില സമയത്ത് പറയും, പാവാടക്ക് ഇത്ര നീളം വരുത്താം, അല്ലെങ്കിൽ പൊക്കിൾ കാണിക്കാം, അല്ലെങ്കിൽ കഴുത്തിറക്കം, കൈയിറക്കം ഇത്രവരെയാകാം എന്നൊക്കെ. ഇതൊക്കെ ആരാണ് തീരുമാനിക്കുന്നത്?. ഒരു തയ്യൽക്കടക്കാരന്റെ, അല്ലെങ്കിൽ തയ്യൽക്കടക്കാരിയുടെ അടുത്തുപോയി ഒരാൾ വസ്ത്രം ഡിസൈൻ ചെയ്യുന്ന സമയത്ത് ആരാണത് തീരുമാനിക്കുന്നത്? ഇപ്പോൾ ഫാഷൻ ഇൻഡസ്ട്രിയാണ് ഒരുവിധം നമ്മുടെ ഫാഷൻ സെൻസിനെയൊക്കെ തീരുമാനിക്കുന്നത്. ആരൊക്കെയോ ഡിസൈൻ ചെയ്യുന്നു കടകളിൽ പോയി നമ്മൾ വാങ്ങി ഉപയോഗിക്കുന്നു.

എന്റെ ചെറുപ്പകാലത്ത് വീട്ടിൽ ftv ചാനൽ സ്കിപ് ചെയ്തു പോകുക എന്നത് ഒരു വെപ്രാളം പിടിച്ച അനുഷ്ടാനം ആയിരുന്നു. അതിൽ അർധനഗ്നരായ സ്ത്രീകളെയാണ് കൂടുതലും കാണാറ്. അത് ഒരു പോണോഗ്രഫി സൈറ്റ് പോലെയാണ് കുടുംബ പശ്ചാത്തലത്തിലിരിക്കുന്ന ഒരുമിച്ചിരിക്കുന്ന മനുഷ്യർക്ക് അന്നൊക്കെ തോന്നിയിരിക്കുക.. ഒരുമിച്ചിരിക്കുകയാണെങ്കിൽ അവർ അത് ചാടിക്കടക്കും. അതേസമയം, ഇതേ ചാനൽ പുരുഷൻമാർ രാത്രിസ്ഥിരം കണ്ടുകൊണ്ടിരുന്നതായി ഞാൻ പിന്നീടറിഞ്ഞു. ഇക്കിളി പുസ്തകങ്ങളിൽ നിന്നുള്ള മാറ്റമായിരുന്നു അത്. അതേസമയം, ഇപ്പോൾ അങ്ങനൊരു ചാനൽ ആരും കാണും എന്നെനിക്ക് തോന്നുന്നില്ല. ഫാഷൻ ഷോ ഏത് ചാനലിലും കാണിക്കാം എന്ന അവസ്ഥയായപ്പോൾ ആ ചാനലിന്റെ പ്രചാരം തന്നെ കുറഞ്ഞുപോയി. അത്രേയുള്ളൂ ഈ സംഗതി.

ഫാഷൻ കൾച്ചർ, കൂടുതലും സ്ത്രീകളുടെ ശരീരത്തെ ഉപഭോഗ വസ്തുവായി കണ്ടാണ് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്. ഒരു മോട്ടോർ ബൈക്കോ കാറോ ഡിസൈൻ ചെയ്യുന്നതുപോലും സ്ത്രീശരീരത്തെ ഉപമിച്ചാണ്. കരുത്ത് സ്ത്രീയുമായി ബന്ധപ്പെട്ടല്ല, പുരുഷനുമായി ബന്ധപ്പെട്ടാണ് കാണിക്കുന്നത്. എഞ്ചിൻ പരസ്യമാണെങ്കിൽ ഒരിക്കലും സ്ത്രീയെയല്ല ഉപയോഗിക്കുക, പുരുഷനെ കാണിച്ചുകൊണ്ടാവും. അത്തരം ഒബ്ജക്റ്റിഫിക്കേഷൻ ഫാഷൻ ഇൻഡസ്ട്രിയിൽ രൂഢമൂലമാണ്. പോപ് കൾച്ചറിൽ അതുമായി ബന്ധപ്പെട്ടാണ് ശരീരം, സ്ത്രീയുടെ ശരീരം എങ്ങനെ കാണിക്കണം എന്നതിലെ പുരുഷ സങ്കൽപ്പം ഉരുത്തിരിഞ്ഞു വരുന്നത്. എന്നാൽ, സ്ത്രീ സ്വമേധയാ തന്റെ ശരീരത്തെ നോക്കിക്കണ്ടു ശരീരപ്രഖ്യാപനങ്ങൾ നടത്തുന്ന ഇടങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കാൻ പറ്റാത്ത വല്ലാത്ത ഒരവസ്ഥയിലാണ് നമ്മളിപ്പോൾ. ഇന്റർനെറ്റിന്റെ ഈ യുഗത്തിൽ മൊത്തത്തിൽ സ്ത്രീകൾ ശരീരം കൊണ്ട് പ്രസ്താവനകൾ നടത്തുന്ന വിർച്വൽ ഇടങ്ങൾ പലപ്പോഴും സംസ്കാരങ്ങളെ തന്നെ വെല്ലുവിളിക്കുന്നുണ്ട്.

ലൈവ് പെർഫോമൻസുകളിലെ വേഷങ്ങൾ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതിനപുറകിൽ ചരിത്രപരവും ഭൂമിശാസ്ത്രപരവും വിശ്വാസപരവുമായ ഘടകങ്ങൾ ഉണ്ട്. നമ്മുടെ പാരന്പര്യ കലകളിലെ വേഷങ്ങൾ അതിനുദാഹരണങ്ങൾ ആണ്. പല കലാരൂപങ്ങളുടെയും ആദിരൂപം ഇതൊന്നുമായിരിക്കണം എന്നില്ല. മാറ്റങ്ങളിലൂടെയാണ് ആ കലകൾ പുതിയ രൂപ, ഘടനാസമ്പ്രദായങ്ങളിലേക്കു വന്നിട്ടുള്ളത്. ക്ലാസിക്കൽ, ഫോക് കലകൾക്കല്ലാം അത് ബാധകമാണ്. എന്നാൽ ഫോക് എന്നതിന്റെ അപചയം പോപ്പ് എന്നതിലേക്കുള്ള അതിന്റെ ചുവടുമാറ്റമാണ്. പോപ്പുലർ എന്നത് ഫോക് എന്ന് തെറ്റായി നമ്മൾ ധരിച്ചു വശായിരിക്കുന്നു. അതിനു കുറച്ചെങ്കിലും അപവാദം ഉള്ളത് പോപ് മ്യൂസിക് സംസ്‍കാരം മാത്രമാണ്. സംഗീതത്തിന് മാത്രമേ അക്കാര്യത്തിൽ സ്വംശീകരണശേഷി നഷ്ടപ്പെടാതെ ഉള്ളൂ.

വളരെ റിവീലിംഗ് ആയ വസ്ത്രധാരണ രീതിഡേ ടു ഡേ ഫാഷനാവുകയും സ്ത്രീകൾ ഏറ്റെടുക്കുകയും ചെയ്യുന്ന സമയത്ത് ഇത് അവരുടെ നിത്യജീവിതത്തിൽ, കംഫർട്ടിന്റെ ഭാഗമായി ഉപയോഗിക്കുന്ന വസ്ത്രധാരണം പോലെയാകുന്ന ഒരവസ്ഥ ഉണ്ടാകുന്നുണ്ട്.

പറഞ്ഞുവരുന്നത് പോപ്പുലർ കൽച്ചറിലെ സ്ത്രീകളുടെ റെപ്രസെന്റഷനെ കുറിച്ചാണ്. നൃത്തമാണ് ഇവിടെ പ്രധാന വിഷയം എന്നതുകൊണ്ട് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പോപ്പുലർ സിനിമകളിലെ നൃത്തരംഗങ്ങളിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണം ശ്രദ്ധിക്കുക. സ്ത്രീകൾക്ക് പൊതുവേ വസ്ത്രം വളരെ കുറവായിരിക്കും, പുരുഷൻ ഫുള്ളി കവേർഡായിരിക്കും. ചിലപ്പോൾ തിരിച്ചും കാണാറുണ്ട്. എങ്കിലും കൂടുതലും സ്ത്രീകൾ റിവീലിങ്ങായ അവസ്ഥയിലാണ് കാണപ്പെടുന്നത്. അതായത്, പുരുഷന്റെ കണ്ണിന് പ്ലീസിങ്ങായ രീതിയിലാണ് പൊതുവേ വസ്ത്രധാരണം. മിക്കവാറും ഇതൊക്കെ വിപണിയാൽ നിയന്ത്രിക്കപ്പെടുന്നതാണ്. പോപ്പുലർ സിനിമകളിലും പോപ്പുലർ പെർഫോർമെൻസുകളിലും സ്ത്രീശരീരം കാണിക്കുന്നത്, മാർക്കറ്റ് പൊതുവെ പുരുഷസ്വഭാവം ഉള്ള ഒന്നാണ് എന്ന ധാരണയിലാണ് എന്ന് തോന്നുന്നു. ഇത്തരം നൃത്തരംഗങ്ങൾ കൂടുതലും കൺസ്യൂം ചെയ്യുന്നത്, അത്തരം ഓഡിയൻസാണ് എന്ന് പ്രതീക്ഷിച്ചിട്ടായിരിക്കാം.

എന്നാൽ അത്തരം വസ്ത്രധാരണ രീതികൾ റിയൽ ലൈഫിൽ പെൺകുട്ടികൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ ഇതിന്റെ ഓഡിയൻസ് എവിടെയാണ് കിടക്കുന്നതെന്ന് മനസിലാക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകാറുണ്ട്. വളരെ റിവീലിംഗ് ആയ വസ്ത്രധാരണ രീതിഡേ ടു ഡേ ഫാഷനാവുകയും സ്ത്രീകൾ ഏറ്റെടുക്കുകയും ചെയ്യുന്ന സമയത്ത് ഇത് അവരുടെ നിത്യജീവിതത്തിൽ, കംഫർട്ടിന്റെ ഭാഗമായി ഉപയോഗിക്കുന്ന വസ്ത്രധാരണം പോലെയാകുന്ന ഒരവസ്ഥ ഉണ്ടാകുന്നുണ്ട്. ഇന്ത്യയിലെ മെട്രോ സിറ്റികളിലൊക്കെ ഓൺസ്ക്രീനിൽ ഒരാർട്ടിസ്റ്റ് ധരിക്കുന്ന പോലെയുള്ള വസ്ത്രങ്ങൾ സാധാരണ ജീവിതത്തിലും ധരിക്കുന്ന ഒരുപാട് പെൺകുട്ടികളെ നമുക്ക് കാണാൻ കഴിയും. മുമ്പ് ഷോർട്സ് ഇട്ട പെൺകുട്ടിയെ ഇന്ത്യയിലെ സ്ട്രീറ്റിൽ കാണാൻ പറ്റില്ലായിരുന്നു. ഇപ്പോൾ അതൊക്കെ വളരെ സാധാരണം ആണ്. ഒരു വസ്ത്രത്തെ de sexualise ചെയ്യാനുള്ള കഴിവ് ധരിക്കുന്ന ആളിനുണ്ട്. അങ്ങനെ അത് നോർമലൈസ് ചെയ്യപ്പെടുന്ന ഒരു സ്ഥലം വരും. നോർമലൈസ് ചെയ്യപ്പെടുമ്പോഴുള്ള ഒരു ഗുണം, പിന്നെയതിനെ ഡിക്റ്റേറ്റ് ചെയ്യാൻ ആൾക്കാർക്ക് അത്ര എളുപ്പമാവില്ല എന്നതാണ്. ട്രഡീഷന്റെ കാര്യം പറഞ്ഞാണല്ലോ ആളുകൾക്കുമേൽ നിയന്ത്രണം കൊണ്ടുവരുന്നത്. ഇത് മുന്നേ പ്രാക്ടീസ് ചെയ്തിരുന്ന സംഗതിയാണെന്ന് പറഞ്ഞിട്ടാണ് പല കാര്യങ്ങളിലും ഫണ്ടമെൻറലിസ്റ്റുകളും രാഷ്ട്രീയ പാർട്ടികളും നിയന്ത്രണം കൊണ്ടുവരുന്നത്. അതേ കാര്യം തന്നെ ഇക്കാര്യത്തിലും പറയാൻ പറ്റും.

വളരെ എക്സോട്ടിക്കായ ഒരു കാര്യം ജീവിതത്തിൽ നമ്മൾ പ്രാക്ടീസ് ചെയ്യുന്ന സമയത്ത്, അത് ജീവിതത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. പോപ്പുലർ ആർട്ടിൽ വളരെ പിന്തിരിപ്പനായി ചിത്രീകരിക്കപ്പെടുന്ന ചില കാര്യങ്ങൾ ജീവിതത്തിൽ ഉപകാരപ്രദമായി വരുന്നത് അങ്ങനെയാണ്. സാധാരണ മനുഷ്യർ ആണ് അത് സാധ്യമാക്കുന്നത്. അതേസമയം, പുരോഗമനപരമായ വലിയ ആശയങ്ങൾ പറയുന്നു എന്ന് വരുത്തുന്ന ചില പോപ്പുലർ സിനിമകൾ സാധാരണ മനുഷ്യരുടെ മേൽ ഒരുതരത്തിലുമുള്ള പ്രകമ്പനവുമുണ്ടാക്കാതെ കടന്നുപോയെന്നും വരും. ഉദാഹരണത്തിന് ജാതി അഡ്രസ് ചെയ്ത സിനിമകൾ വരും, അതൊരു ട്രെൻഡ് തന്നെയാണ് ഇപ്പോൾ. പക്ഷേ നമ്മൾ ജീവിതത്തിൽ അതൊന്നും പ്രാക്ടീസ് ചെയ്യുന്നതേയില്ല. എന്തുകൊണ്ട് ആ അന്തരം നിലനിൽക്കുന്നു; ആർട്ടിലും ജീവിതത്തിലും?. അതാണ് നമ്മുടെ കള്ളത്തരം, പ്രത്യേകിച്ച് കേരളത്തിലുള്ളവരുടെ കള്ളത്തരം. പോപ്പുലർ സിനിമകളുടെ എല്ലാത്തിനും തീർപ്പു കൽപ്പിക്കുന്ന, ഉത്തരങ്ങൾ മാത്രമുള്ള ഭാഷയാണ് സംവാദങ്ങളെ അടച്ചുകളയുന്നത്. അതേഭാഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും രാഷ്ട്രീയപ്പാർട്ടികൾ തമ്മിലുള്ള മീഡിയാ അങ്കങ്ങളിലും കാണുന്ന സംവാദസ്വഭാവം. എല്ലാവർക്കും ഉത്തരങ്ങൾ ഉള്ളതുപോലെ. അവിടെ ആദ്യം തമസ്കരിക്കപ്പെടുന്നത് വ്യക്തികളാണ്, കൂടെ അവരുടെ വ്യതിരിക്തങ്ങളായ ജീവിത സാഹചര്യങ്ങളും. ഒരു ഡാൻസ് ബാർ നാട്ടിൽ വരുന്നു എന്നുപറഞ്ഞാൽ ഹാലിളകും ആൾക്കാർക്ക്. ഒരു ഡിബേറ്റിനുപോലും സാധ്യതയില്ലാത്ത വിധത്തിൽ ആൾക്കാർ വയലൻറാകും. എന്തുകൊണ്ടാണ് ആരോഗ്യകരമായ ഒരു സംവാദം പോലും നമുക്ക് സാധ്യമല്ലാത്തത് ?

Marina Abramović and ULAY. Relation in Time- എന്ന പെർഫോമൻസ് ( 1977) / Photo: The Museum of Modern Art

ലൈവ് പെർഫോമൻസുകളിൽ ഗ്യാലറി ആർട്ടിലാണ് കൂടുതലും ശരീരത്തിന്റെ സാധ്യതകളെ, അതിന്റെ ഭാഷയെ അന്വേഷിക്കുന്ന തരം പെർഫോർമെൻസുകൾ വന്നിരുന്നത്, വരുന്നത്. പെർഫോമൻസ് ആർട്ടിന്റെ മുത്തശ്ശി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സെർബിയൻ ആർട്ടിസ്റ്റ് മറീന അബ്രമോവിച്ചിന്റെ പെർഫോമൻസുകൾ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. പക്ഷേ ഇതിന്റെ പ്രശ്നമെന്ന് പറയുന്നത്, ഇത് കാണുന്ന ഓഡിയൻസ് വളരെ പരിമിതമാണ്. ബുദ്ധിയും ചിന്താശേഷിയും കാഴ്ചക്കാരിൽ ആവശ്യപ്പെടുന്ന കലകൾക്ക് പലപ്പോഴും കാണികൾ കുറവായിരിക്കും. എങ്കിലും ഇത്തരം കലകൾ പരിചയപ്പെടാനോ ആസ്വദിക്കാനോ അവസരം പോലും കിട്ടാത്ത മനുഷ്യരായിരിക്കും പലപ്പോഴും സമൂഹത്തിൽ മാറ്റങ്ങൾക്കു ശ്രമിക്കുക എന്നതും വിരോധാഭാസമാണ്. അത്തരം മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ, ഭിന്നലിംഗങ്ങളിൽ പെട്ടവർ അവരുടെ ജീവിതത്തിൽ പ്രാക്ടീസ് ചെയ്യുന്ന കാര്യങ്ങൾ, യഥാർഥത്തിൽ അവരെടുക്കുന്ന റിസ്കാണ്. അതാണ് പലപ്പോഴും നിത്യജീവിതത്തിൽ കാഴ്ചയുടെ സംസ്കാരത്തെ മാറ്റിമറിക്കുന്നത്. അവർ മിക്കവാറും പോപ്പുലർ മീഡിയയിൽ ഉള്ളവരല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.

രഹ്ന ഫാത്തിമ എന്ന സ്ത്രീ ഒരു ട്രെയിൻഡ് പെർഫോർമറല്ല. അവരുടെ പല പെർഫോർമെൻസുകളോടും എനിക്ക് അഭിപ്രായ വ്യത്യാസവുമുണ്ട്. പക്ഷേ, അവർ വളരെയധികം ക്രൂശിക്കപ്പെട്ട പെർഫോർമെൻസ് ആണ്, അവർ ചെയ്ത ഏറ്റവും ബ്യൂട്ടിഫുളായ പെർഫോർമെൻസ്. അവരുടെ ബാക്കി പെർഫോർമെൻസുകളൊക്കെ ഒരുതരം മാർക്കറ്റിങ്ങ് സ്റ്റണ്ട് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ ആ ലാസ്റ്റ് പെർഫോർമെൻസ്- പെർഫോർമെൻസുകൾ തുടർച്ചയായി ചെയ്തുകൊണ്ട് അവർ എത്തിച്ചേർന്ന ഒരു നിലയും കൂടിയായിരുന്നു അത്. അതാണതിന്റെ ബ്യൂട്ടി. ഒരാൾ തന്റെ കല പ്രാക്ടീസ് ചെയ്യുമ്പോൾ അതിനുണ്ടാവുന്ന ഒരു റിഫൈൻമെൻറാണ് അത്. അതേസമയം അതുവരെയുള്ളതെല്ലാം ആളുകൾ ഇഷ്ടത്തോടും അനിഷ്ടത്തോടും എൻജോയ് ചെയ്തു. ഒളിഞ്ഞു നോക്കുന്ന male audience നെ പ്ലീസ് ചെയുന്ന ഒരു സ്വഭാവം അതുവരെയുള്ള അവരുടെ പെർഫോമൻസുകളിൽ നമുക്ക് കാണാം.അതേസമയം, അവരുടെ അവസാന പെർഫോർമെൻസ് എല്ലാവരെയും പിടിച്ചുകുലുക്കി. നമ്മുടെ കുടുംബ സങ്കൽപ്പത്തിത്തിനെ തന്നെ പിടിച്ച് ഒരൊറ്റ കുലുക്ക്. കാഴ്ചയുടെ സാംസ്‌കാരിക ഇടങ്ങളെയും നിങ്ങൾ എക്സ്പീരിയൻസ് ചെയ്യുന്ന ഒരു സ്ഥലത്തെയും അത് ഒറ്റിക്കൊടുത്തു. ഒരു സാധാരണ സ്ത്രീയാണ് ആ പ്രവൃത്തി ചെയ്തത്. പോപ്പുലർ സിനിമകളിലെ ഒരു നായികയല്ല ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. ഒരുപാട് മാറ്റം കൊണ്ടുവന്നു എന്നു പറയാനല്ല, പക്ഷേ ഒരു സമൂഹത്തെ മൊത്തം ഒരു ഡിബേറ്റിന് അവർ വെല്ലുവിളിച്ചത് ആ പെർഫോർമെൻസിലൂടെയാണ്.

നിങ്ങൾ ഇന്ന വസ്ത്രം ധരിച്ച്, ഇത്രയേ പെർഫോർമെൻസ് ചെയ്യാവൂ എന്നത് ആരാണ് ഡിക്റ്റേറ്റ് ചെയ്യുന്നത്?. ഡാൻസ് ബാറിൽ ഒരു പെൺകുട്ടി പെർഫോം ചെയ്യുന്നു എന്ന് പറയുമ്പോൾ തന്നെ അവരുടെ വസ്ത്രധാരണ രീതിയാണ് പ്രശ്നവൽക്കരിക്കപ്പെടുന്നത്.

ആ നിലക്ക്, താഴേത്തട്ടിലുള്ള മനുഷ്യരാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നത്. ആർട്ടിൽ അത് എപ്പോഴും പരിമിതമായ ചില പോക്കറ്റുകളിൽ ചെയ്യപ്പെടുന്ന കലാസൃഷ്ടികളാണെന്ന് ഞാൻ പറയും. ഇതിനൊക്കെ അപവാദങ്ങളുണ്ട്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഇന്ത്യൻ സിനിമകൾ നോക്കിയാൽ പാരലൽ സിനിമകളിലാണ് മിക്കവാറും വളരെ വ്യതിരിക്തമായ കാഴ്ചപ്പാടുകളോടെ സമൂഹങ്ങളെയും വ്യക്തിജീവിതങ്ങളെയും സാംസ്കാരിക സങ്കല്പങ്ങളെയും അടയാളപ്പെടുത്തിയിട്ടുള്ളത്. പ്രത്യേകിച്ച് മാർജിനലൈസ്ഡ് ആയ വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ചിത്രീകരണത്തിൽ. സിനിമകളിലുമുണ്ടായിട്ടുണ്ട്, പക്ഷേ പോപ്പുലർ സിനിമയുടെയും പോപ്പുലർ ആർട്ടിന്റെയും വ്യാപ്തി വെച്ച് നോക്കിയാൽ അത് ഒന്നുമല്ല എന്നാണ് ഞാൻ പറയുന്നത്. അതേസമയം, ഇതുമായി പുലബന്ധമില്ലാത്ത സാധാരണ മനുഷ്യരാണ് മിക്കവാറും ജീവിതത്തിൽ ഇങ്ങനെയുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നത്.

പറഞ്ഞുവന്നത്, വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഒരു പെർഫോർമെൻസിനെ ഡിക്റ്റേറ്റ് ചെയ്യുന്ന സമയത്ത് അത് ആര് ഡിക്റ്റേറ്റ് ചെയ്യുന്നു എന്നത്​ വിഷയമാണ്. നിങ്ങൾ ഇന്ന വസ്ത്രം ധരിച്ച്, ഇത്രയേ പെർഫോർമെൻസ് ചെയ്യാവൂ എന്നത് ആരാണ് ഡിക്റ്റേറ്റ് ചെയ്യുന്നത്?. ഡാൻസ് ബാറിൽ ഒരു പെൺകുട്ടി പെർഫോം ചെയ്യുന്നു എന്ന് പറയുമ്പോൾ തന്നെ അവരുടെ വസ്ത്രധാരണ രീതിയാണ് പ്രശ്നവൽക്കരിക്കപ്പെടുന്നത്. പുരുഷന്മാർക്കു വേണ്ടി ശരീരം തുറന്നു വെക്കപ്പെടുന്നു എന്ന സങ്കൽപ്പത്തിന്മേലാണ് അത്. ഇത് ഒരു മിക്സഡ് ഒഡിയൻസിന് വേണ്ടിയാണ് ചെയ്യുന്നത് എങ്കിൽ ഈ ഡിബേറ്റ് എങ്ങോട്ടുപോവും?. കാരണം, നമ്മൾ പെട്ടെന്ന് ഇത് പറയുന്ന സമയത്ത് പുരുഷന്മാർ മാത്രമുള്ള ബാർ എന്ന ഇടത്തേക്കാണ് പോവുന്നത്. എന്തുകൊണ്ട് നമ്മുടെ ബാറുകളിൽ അല്ലെങ്കിൽ ഇതുപോലുള്ള ഡാൻസ് പെർഫോം ചെയ്യുന്ന സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. അവിടെയാണ് ശരിക്കും പ്രശ്നം കിടക്കുന്നത്. എന്തുകൊണ്ട് ഇതൊരു സാധാരണ സ്ഥലമാവുന്നില്ല?. എല്ലാവർക്കും കയറിച്ചെല്ലാം എന്ന അർഥത്തിലല്ല പറയുന്നത്. എന്തുകൊണ്ട് ഇത്തരം സ്ഥലങ്ങൾ, നല്ലൊരു ഫീസ് കൊടുത്ത് ആർക്കുവേണമെങ്കിലും കയറിച്ചെന്ന് ആസ്വദിക്കാൻ പറ്റുന്ന ഒരിടമാകുന്നില്ല?. അവിടെയാണ് നമ്മുടെ സമൂഹത്തിന്റെ പ്രശ്നം കിടക്കുന്നത്. ആണും പെണ്ണും ബാക്കിയുള്ള ജെൻഡറും തമ്മിലുള്ള ഇക്വാലിറ്റിയില്ലായ്മ എന്ന വിഷയം അഡ്രസ് ചെയ്യേണ്ടത് ഇവിടെയാണ്. ഒരു ഡാൻസ് ബാർ, അല്ലെങ്കിൽ അർധനഗ്നരായ സ്ത്രീയോ പുരുഷനോ പെർഫോം ചെയ്യുന്ന, അല്ലെങ്കിൽ ഒരു എക്സോട്ടിക് ഡാൻസ് പെർഫോം ചെയ്യപ്പെടുന്ന ഒരു സ്ഥലം നമ്മുടെ നാട്ടിൽ വരുന്നതല്ല, എല്ലാവർക്കും കാണാൻ പറ്റുന്ന ഒരു സ്ഥലത്ത് ഈ പെർഫോമൻസ് വരുന്നില്ല എന്നതാണ് യഥാർഥ പ്രശ്നം.

പുരാതന ഭാരതത്തിൽ രാഷ്ട്രനിർമാണ സങ്കൽപ്പത്തിൽ നർത്തകരെയും നടന്മാരെയും കള്ളന്മാരെയും നാടോടികളെയും എല്ലാം അധഃകൃതരായിട്ടാണ് പരിഗണിച്ചിരുന്നത്. നടന്മാർക്കും കലാകാരന്മാർക്കും അംഗീകാരം കിട്ടിത്തുടങ്ങിയപ്പോഴും അതേ മേഖലകളിലെ സ്ത്രീകൾ ഇക്കാലം വരെയും അധഃകൃതരും തിരസ്കരിക്കപ്പെട്ടവരും തന്നെയായിരുന്നു. പണ്ടുണ്ടായിരുന്നതിനേക്കാൾ സ്വീകാര്യത ഇപ്പോൾ നടിമാർക്ക് കിട്ടാനുള്ള പ്രധാന കാരണം, അതിൽ പണം ഇൻവോൾവ് ആവുന്നൊരു മാർക്കറ്റ് തുറക്കുന്നു എന്നതു കൊണ്ടാണ്. എടുക്കുന്ന ജോലിക്ക് കൃത്യമായി പണം കിട്ടും എന്നുവന്നാൽ അവിടെ എന്തുതരം നിയന്ത്രണങ്ങളുണ്ടായാലും ജീവനോപാധി തേടി ആ മാർക്കറ്റിലേക്ക് ആളുകൾ കടന്നുവരും. ജീവിത സാഹചര്യം മെച്ചപ്പെട്ടതാകാൻ ധനമുണ്ടായിരിക്കുക എന്നത് അനിവാര്യമാണ്. അതിന് പലരും പല മാർഗങ്ങളാണ് തേടുന്നത്, പഠിച്ച് ജോലി നേടുന്നവർ, കലാപരമായ കഴിവുകളെ മുൻനിർത്തി ജീവിക്കുന്നവർ, ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർ...അങ്ങനെ പലതരം ജോലികൾ.

എനിക്ക് ഇന്ന ജോലി ചെയ്തുകഴിഞ്ഞാൽ മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം ഇടത്തിൽ താമസിക്കാൻ പറ്റും എന്നു പറയാൻ കഴിയുന്ന ഏതൊരു ജോലിയും ഒരു സ്ത്രീയെയോ പുരുഷനെയൊ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഒരു ഡാൻസ് ബാർ എന്നത് ഏജൻസികളില്ലാത്തൊരു ഇടമാണ് എങ്കിൽ ഒരാളുടെ സ്വന്തം ഇഷ്ടപ്രകാരം വന്നു ജോലി ചെയ്തു പോകാവുന്ന ഒരിടം ആകുമത്. ഡാൻസ് ചെയ്യാൻ പറ്റുന്നൊരു ബാറിൽ പോയി ഡാൻസ് ചെയ്ത് അതിന്റെ പ്രതിഫലവും വാങ്ങി തിരിച്ചു പോരാൻ പറ്റുന്നൊരുവസ്ഥയുണ്ടെങ്കിൽ, അതൊരവസരമായി ഒരാൾ കാണുന്നുണ്ടെങ്കിൽ ആ മാർക്കറ്റിന് സ്ഥാനമുണ്ട്.

സിനിമാ വ്യവസായത്തിൽ സ്ത്രീകൾക്ക് സ്വീകാര്യത കിട്ടിയതിനുപിന്നിലെ ഘടകം സാമ്പത്തികമാണ്. മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടാകുമെങ്കിൽ ഏതൊരു തൊഴിലിനും ആളുണ്ടാകും. അതിൽ ജെൻഡർ വ്യത്യാസമില്ല. ആ സംവിധാനത്തെയോ ആ മാർക്കറ്റിനെയോ നിയന്ത്രണ വിധേയമാക്കാൻ സാധിക്കില്ല എന്നാണ് പറഞ്ഞു വന്നത്. വിശാല സാധ്യതയുള്ളൊരു വ്യവസായത്തെ, ജീവനോപാധിയെ തടയാൻ ശ്രമിച്ചിട്ടൊരു കാര്യവുമില്ല. ഇടനിലക്കാരില്ലാതെ സ്വതന്ത്രമായി ഇടപെടാൻ കഴിയുന്ന തൊഴിലിടമായി അത് മാറണം എന്നതാണ് പ്രധാനം. ജെൻഡർ വ്യത്യാസമില്ലാതെ എല്ലാവർക്കും അവസരമുള്ള തുറന്ന ഇടമാവുകയും നൃത്തം തന്നെ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറുകയും വേണം. അവിടെ ഫീസ് ഈടാക്കണം, ഫീസ് ഈടാക്കി കാണാൻ വരുന്ന കസ്റ്റമറിന് ഏറ്റവും മനോഹരമായി ആസ്വദിച്ച് തിരിച്ചു പോരാൻ പറ്റുന്ന തരത്തിൽ അതിനെ ഡിസൈൻ ചെയ്യണം.

വ്യാജ സാംസ്‌ക്കാരികബോധം പേറി നടക്കുന്നവരും രാഷ്ട്രീയ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ചിലരുമാണ് ഇത്തരം കാര്യങ്ങളെ അന്ധമായി എതിർക്കുന്നത്. സംസ്‌ക്കാരത്തെ ഇങ്ങനെ സംരക്ഷിച്ച് നിലനിർത്തേണ്ട ആവശ്യം രാഷ്ട്രീയക്കാർക്കും മതത്തിനുമാണ്. ഇവർ ഒരേസമയം അത്തരം രീതികളെ എന്ത് വിലകൊടുത്തും എതിർക്കാൻ മുന്നിൽ നിൽക്കുകയും എന്നാൽ ആരും അറിയാതെ അതിൽ പങ്കെടുക്കുകയും ചെയ്യും. ഉത്തരേന്ത്യയിലെ ബീഫ് നിരോധനത്തെ അനുകൂലിക്കുകയും കേരളത്തിലെ സാധാരണ കടയിൽ കയറി ബീഫ് കഴിക്കുയും ചെയ്യുന്ന ടിപ്പിക്കൽ ബി.ജെ.പിക്കാരന്റെ മാനസികാവസ്ഥയാണത്.

പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹം എന്ന നിലയിൽ പുതിയൊരാശയത്തെക്കുറിച്ച് ആരോഗ്യകരമായ സംവാദത്തിനും ചർച്ചയ്‌ക്കെങ്കിലുമുള്ള ഒരിടമുണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാതെ അവരെ കായികമായി നേരിടുക എന്ന അവസ്ഥ മോശമായിരിക്കും. ഒളിച്ചും പതുങ്ങിയുമിരുന്ന് സിൽക്ക് സ്മിതയുടെയും മറ്റും പെർഫോർമെൻസുകൾ കണ്ടിരുന്നവർ, അവർ മരിച്ചശേഷം ആ ആർട്ടിസ്റ്റുകൾ ദേവതകളായിരുന്നെന്നും തങ്ങളുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിരുന്നെന്നും പറഞ്ഞ് നെടുനീളൻ അനുശോചനക്കുറിപ്പെഴുതി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം അനുശോചനക്കുറിപ്പുകൾ യഥാർത്ഥത്തിൽ മരണശേഷം ആ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന അവഹേളനങ്ങളാണ്.

ഡാൻസ് ബാറുമായി ബന്ധപ്പെട്ട് ഡ്രഗ് അബ്യൂസ് ഉണ്ടാവാം, അല്ലെങ്കിൽ സെക്​സ്​ വർക്ക് തഴച്ചുവളരും എന്നൊക്കെയുള്ള നിഗമനങ്ങൾ മറ്റേത് ജോലിയായും ബന്ധപ്പെട്ട്പറയാം.

നിങ്ങളുടെ വീടിനടുത്തുള്ളൊരു സ്ത്രീയ്ക്ക് ബാറിൽ പോയി ഡാൻസ് കളിച്ചും അല്ലെങ്കിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട് വീട്ടിലേക്ക് തിരിച്ചുവന്ന് സമാധാനമായി ഉറങ്ങാൻ പറ്റുന്നൊരവസ്ഥയുണ്ടെങ്കിൽ അവിടെയാണ് സാംസ്‌ക്കാരികമായി നമ്മൾ ഇത്തിരിയെങ്കിലും മുന്നോട്ടുപോയി എന്നുപറയാൻ സാധിക്കുന്നത്. ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന ഒരാൾക്ക് മാന്യമായി സുരക്ഷയോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയുന്ന സമൂഹത്തിൽ മാത്രമാണ് എല്ലാ മനുഷ്യരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് പറയാൻ കഴിയുക.

കാഴ്ചക്കാരുടെ മുന്നിൽ വസ്ത്രമുരിയുന്നത്, അല്ലെങ്കിൽ വളരെ എക്സ്പ്ലിസിറ്റായ അംഗചേഷ്ടകൾ കാണിക്കുന്നത് ശരിയോ തെറ്റോ എന്ന ഡിബേറ്റിൽ ഞാൻ പോകാത്തതിന്റെ കാരണം, അത് വളരെ വൈയക്തികമായ ഒരു തീരുമാനമാണ് എന്നതുകൊണ്ടാണ്. പുറത്തൊക്കെ സ്ട്രിപ്പ് ക്ലബ്ബുകളുണ്ട്, അതിനെ ചുറ്റിപ്പറ്റി ഒരുപാട് ഡിബേറ്റുകൾ നടക്കുന്നുണ്ട്. ഉടയാടയഴിക്കൽ എന്നുപറയുന്നതിനെ ഫെമിനിസ്റ്റിക്ക്, ആൻറി ഫെമിനിസ്റ്റിക്ക് ആക്ട് എന്ന രണ്ടുതരത്തിലും വ്യാഖ്യാനിക്കാറുണ്ട്. അതിലേക്ക് പോവുന്നില്ല. അതിനെ ഞാനൊരു കലാരൂപമായി തന്നെ കാണുന്നു. കാരണം പല സമയത്തും കലാരൂപം ഡെവലപ്പ് ചെയ്യുന്നതും അതിന് മറ്റൊരു തരത്തിൽ സൗന്ദര്യ തലങ്ങൾ വരുന്നതും അത് പ്രാക്ടീസ് ചെയ്ത് കുറേനാൾ കഴിയുമ്പോഴാണ്. കാരണം, ഏറ്റവും നന്നായി പെർഫോം ചെയ്യുന്നവർക്കു മാത്രമേ ഏതുസ്ഥലത്തും നിലനിൽക്കാൻ പറ്റൂ. ആ ആക്ടിന്റെ ശരി- തെറ്റുകളെപ്പറ്റി ഞാൻ പറയാത്തതിന്റെ കാരണം, അതിൽ പങ്കാളികളാകുന്നവരുടെ അഭിപ്രായം പലതരത്തിലാണ് എന്നതുകൊണ്ടാണ്. കൂടുതലും പോസിറ്റീവാണ്. എംപവറിങ്ങാണ് ഈ ആക്ട് എന്നാണ് അവർ പറയുന്നത്. അവരുടെ കയ്യിലാണ് ഇതിന്റെ കടിഞ്ഞാൺ. അതുമൂലം അവർക്കത് പവർഫുള്ളായി തോന്നുന്നു എന്നാണ് കൂടുതൽ സ്ത്രീകളും പറയുന്നത്. ഞാൻ അത് ആക്ട് ചെയ്യാത്ത ഒരാളായതുകൊണ്ട് അതിനെപ്പറ്റി ഞാൻ ജഡ്ജ് ചെയ്യില്ല. കാരണം, അത് ചെയ്യുന്നവരുടെ കാര്യം തന്നെയാണ് പ്രധാനം.

പ്രധാനമായും ഇതൊരു ഇൻഡസ്ട്രിയായി, അല്ലെങ്കിൽ ഒരു തൊഴിലായി വരുന്ന സമയത്ത് ഇതിനിടക്കുള്ള ഏജൻസികളെ ഇല്ലാതാക്കി അതിനെ ലീഗൽ ആക്കുക എന്നതാണ് സാംസ്കാരികമായി ഉന്നതിയിലെത്തിയ ഒരു സമൂഹത്തിന് ചെയ്യാൻ കഴിയുക. അതിലേക്കാണ് നമ്മൾ എത്തിപ്പെടേണ്ടത്. ഡാൻസ് ബാറുകളും മറ്റും വരുന്ന സമയത്ത് അതുമായി ചുറ്റിപ്പറ്റി ഇന്നയിന്ന പ്രശ്നങ്ങളുണ്ടാവും എന്നുപറയുന്നത് വെറും ഒഴിവുകഴിവാണ്. ഡാൻസ് ബാറുമായി ബന്ധപ്പെട്ട് ഡ്രഗ് അബ്യൂസ് ഉണ്ടാവാം, അല്ലെങ്കിൽ സെക്​സ്​ വർക്ക് തഴച്ചുവളരും എന്നൊക്കെയുള്ള നിഗമനങ്ങൾ മറ്റേത് ജോലിയായും ബന്ധപ്പെട്ട്പറയാം. നമ്മൾ അംഗീകരിച്ച, എല്ലാവർക്കും ഓ.കെയാണെന്ന് തോന്നുന്ന ജോലികൾ ചെയ്യുന്നതുകൊണ്ട് അവിടെയൊന്നും ഇതൊന്നും സംഭവിക്കില്ല എന്നില്ല.

രാവന്തിയോളം പണിയെടുത്ത് ഒന്നുറങ്ങാൻപോലും കഴിയാത്ത വിധം ജീവിക്കുന്ന മനുഷ്യരുണ്ട്. ഒരു പുരുഷന് അല്ലെങ്കിൽ സ്ത്രീക്ക് നിവർന്നു നിന്ന്, ഞാനിപ്പോൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വെളിവോടെ പറയാൻ പോലും കഴിയാതിരിക്കുന്ന ജീവിത സാഹചര്യമാണ് എന്നെ സംബന്ധിച്ച് അശ്ലീലം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments