‘ലൈംഗികാതിക്രമങ്ങളിലെ
ആരോപിതരെ
സ്ഥാനാർത്ഥികളാക്കരുത്’;
ZeTo അവകാശപത്രിക:

‘‘കേരളം തുടക്കം കുറിച്ച ‘സീറോ ടോളറൻസ് – കേരളം’ (ZeTo) ക്യാമ്പയിൻ അതീവ പ്രസക്തിയുള്ള ഇടപെടലാണ്. ലൈംഗികാതിക്രമങ്ങളോട് ഒരു വിട്ടുവീഴ്ചയും ഇല്ല എന്ന ശക്തമായ സാമൂഹിക സന്ദേശമാണിത്. ഇതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കക്ഷികൾക്ക് 30 നിർദ്ദേശങ്ങളോടു കൂടിയ അവകാശപത്രിക സമർപ്പിച്ചിട്ടുണ്ട്. ലൈംഗികാതിക്രമങ്ങളിൽ ആരോപണ വിധേയരായവർക്ക് സ്ഥാനാർത്ഥിത്വം നിഷേധിക്കുമോ?’’ - സോയ തോമസ് എഴുതുന്നു.

ന്താരാഷ്ട്ര വനിതാദിനം സ്ത്രീകൾക്ക് സുരക്ഷയും സമത്വവും ഉറപ്പാക്കാനുള്ള സാമൂഹിക പ്രതിബദ്ധത പുതുക്കേണ്ട ദിനമാണ്, അത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയുമാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കും സമത്വത്തിനുമുള്ള ദീർഘകാല പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആഘോഷിക്കുന്നതിനൊപ്പം, അവർ ഇന്നും നേരിടുന്ന വിവേചനങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾക്ക് അടിസ്ഥാന അവകാശങ്ങൾ പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ, ഈ പ്രത്യേക ദിനം പ്രതിരോധത്തിന്റെ ദിനമായി മാറുന്നു. സ്ത്രീകൾക്ക് സുരക്ഷിതമായ ജീവിതം, സമാന അവസരങ്ങൾ, ബഹുമാനമുള്ള സാമൂഹിക സ്ഥാനം- ഇവയെല്ലാം ഉറപ്പാക്കാനുള്ള സാമൂഹിക- രാഷ്ട്രീയ പ്രതിജ്ഞയാണ് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനം മുമ്പോട്ട് വയ്ക്കുന്ന “Give to Gain” (നൽകുന്നതിലൂടെ നേടുക) എന്നത് ലിംഗസമത്വത്തിലേക്കുള്ള യാത്രയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തങ്ങളുടെ പങ്ക് ഉത്തരവാദിത്വത്തോടെ നൽകേണ്ടതുണ്ടെന്ന സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീകളുടെ സുരക്ഷ, അവകാശങ്ങൾ, സ്വാതന്ത്ര്യം, നേതൃത്വാവകാശം എന്നിവ ഉറപ്പാക്കാൻ സർക്കാർ, സ്ഥാപനങ്ങൾ, രാഷ്ട്രീയ സംവിധാനങ്ങൾ, സമൂഹം എന്നീ എല്ലാം ചേർന്ന് പ്രതിബദ്ധമായ ഇടപെടലുകൾ നടത്തുമ്പോഴാണ് കൂടുതൽ നീതിയുള്ളതും സുരക്ഷിതവുമായ സമൂഹം രൂപപ്പെടുന്നത്.

ഈ സാഹചര്യത്തിലാണ് ലൈംഗികാതിക്രമങ്ങളോട് സീറോ ടോളറൻസ് (Zero Tolerance to Sexual Violence) എന്ന ആവശ്യം കൂടുതൽ പ്രാധാന്യമാർജ്ജിക്കുന്നത്.

ലൈംഗികാതിക്രമങ്ങളെ ചെറുക്കാൻ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ മനസ്സ്, ശക്തമായ നിയമ നടപ്പാക്കൽ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം, അതിജീവിതർക്കുള്ള നീതിയും പിന്തുണയും ഉറപ്പാക്കൽ ഇതൊക്കെയാണ് സമൂഹം “നൽകേണ്ട” നിർണായക ഇടപെടലുകൾ. അത്തരത്തിലുള്ള പ്രതിബദ്ധതകളിലൂടെയാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലിംഗന്യൂനപക്ഷങ്ങൾക്കും ഭയമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പൊതുസ്ഥലങ്ങളിൽ പങ്കാളികളാകാനും കഴിയുന്ന ഒരു സമൂഹം നമുക്ക് “നേടാൻ” കഴിയുക.

വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ആരംഭം കുറിച്ച സീറോ ടോളറൻസ് – കേരളം (ZeTo) കാമ്പയിൻ അതീവ പ്രസക്തിയുള്ള ഇടപെടലാണ്.
വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ആരംഭം കുറിച്ച സീറോ ടോളറൻസ് – കേരളം (ZeTo) കാമ്പയിൻ അതീവ പ്രസക്തിയുള്ള ഇടപെടലാണ്.

അതിനാൽ, Give to Gain എന്ന ആശയം ലൈംഗികാതിക്രമങ്ങളോട് സീറോ ടോളറൻസ് ഉറപ്പാക്കാനുള്ള സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുടെ ആവശ്യകതയെ കൂടുതൽ ശക്തമായി ഓർമ്മിപ്പിക്കുന്നു. ഒരു സുരക്ഷിതവും ലിംഗനീതിയുള്ളതുമായ സമൂഹം സ്വാഭാവികമായി ലഭിക്കുന്നതല്ല; അത് സമൂഹം ചേർന്ന് നിർമ്മിച്ചെടുക്കേണ്ട ഒരു ഉത്തരവാദിത്വമാണ്.

ഇത്തവണത്തെ സ്ത്രീദിനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ആരംഭം കുറിച്ച സീറോ ടോളറൻസ് – കേരളം (ZeTo) ക്യാമ്പയിൻ അതീവ പ്രസക്തിയുള്ള ഒരു ഇടപെടലാണ്. ലൈംഗികാതിക്രമങ്ങളോട് ഒരു വിട്ടുവീഴ്ചയും ഇല്ല എന്ന ശക്തമായ സാമൂഹിക സന്ദേശമാണ് ഈ ക്യാമ്പെയ്ൻ മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീകൾക്കും ക്വയർ വ്യക്തികൾക്കും കുട്ടികൾക്കും സുരക്ഷിതമായി, നിർഭയമായി ജീവിക്കാൻ ഉതകുന്ന സമൂഹം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഉന്നയിക്കുന്ന ഒരു ജനകീയ മുന്നേറ്റം കൂടിയാണ് ZeTo.

സ്ത്രീദിനത്തിന്റെ ചരിത്രം തന്നെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളുമായി ചേർന്നതാണ്. തൊഴിലിടങ്ങളിൽ ന്യായമായ വേതനം, സുരക്ഷിത ജോലി സാഹചര്യങ്ങൾ, വോട്ടവകാശം, രാഷ്ട്രീയ പ്രതിനിധാനം ഇവയെല്ലാം സ്ത്രീകൾക്ക് സ്വാഭാവികമായി ലഭിച്ചതല്ല; നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളാണ്.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൊഴിലാളി സ്ത്രീകൾ ഉയർത്തിയ സമരങ്ങളാണ് അന്താരാഷ്ട്ര സ്ത്രീ ദിനത്തിന്റെ ആരംഭത്തിലേക്ക് നയിച്ചത്. പിന്നീട് ലോകമെമ്പാടുമുള്ള സ്ത്രീപ്രസ്ഥാനങ്ങൾ ഈ ദിനത്തെ സമത്വത്തിനും അവകാശങ്ങൾക്കും വേണ്ടിയുള്ള ഒരു ആഗോള പ്രസ്ഥാനത്തിന്റെ ഭാഗമായി മാറ്റി.

ഇന്ന് ഇത് ആഘോഷങ്ങളും ആശംസകളും മാത്രമല്ല; അത് ഒരു ചോദ്യം ഉയർത്തുന്ന ദിനവും കൂടിയാണ്. സ്ത്രീകൾക്ക് യഥാർത്ഥ സുരക്ഷയും അവകാശവും ബഹുമാനവും ലഭിക്കുന്ന സമൂഹം നാം സൃഷ്ടിച്ചിട്ടുണ്ടോ? കേരളത്തിന്റെ പുരോഗതിയും മറഞ്ഞിരിക്കുന്ന വെല്ലുവിളികളും വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും മനുഷ്യ വികസന സൂചികകളും സംബന്ധിച്ച് ഇന്ത്യയിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ വിദ്യാഭ്യാസവും പൊതുജീവിതത്തിലെ പങ്കാളിത്തവും ഉയർന്നതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Give to Gain എന്ന ആശയം ലൈംഗികാതിക്രമങ്ങളോട് സീറോ ടോളറൻസ് ഉറപ്പാക്കാനുള്ള സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുടെ ആവശ്യകതയെ കൂടുതൽ ശക്തമായി ഓർമ്മിപ്പിക്കുന്നു.
Give to Gain എന്ന ആശയം ലൈംഗികാതിക്രമങ്ങളോട് സീറോ ടോളറൻസ് ഉറപ്പാക്കാനുള്ള സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുടെ ആവശ്യകതയെ കൂടുതൽ ശക്തമായി ഓർമ്മിപ്പിക്കുന്നു.

എന്നാൽ ഈ നേട്ടങ്ങൾക്കൊപ്പം തന്നെ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിലും നിയമ സംരക്ഷണം നല്കുന്നതിലും ഇപ്പോഴും നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നു. കുടുംബത്തിനകത്തും ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ലൈംഗികാതിക്രമങ്ങൾ പലപ്പോഴും പുറത്ത് വരാതെ തന്നെ തുടരുന്നു.

പല കേസുകളിലും ഇരകളാണ് സംശയിക്കപ്പെടുന്നത്; അവരുടെ വാക്കുകൾ ചോദ്യം ചെയ്യപ്പെടുന്നു. സാമൂഹിക അപമാനം, നീതിയിലേക്ക് എത്താനുള്ള ബുദ്ധിമുട്ടുകൾ, അധികാരബന്ധങ്ങൾ എന്നിവ കാരണം പല സ്ത്രീകളും പരാതി നൽകാൻ പോലും തയ്യാറാകുന്നില്ല. പരാതികളിൽ നടപടികൾ സ്വീകരിക്കലും മുമ്പോട്ട് പോക്കും ഏറെ സങ്കീർണ്ണമായി മാറുന്നു.

ഇത്തരം സാഹചര്യത്തിൽ ലൈംഗികാതിക്രമങ്ങളെ ചെറുക്കാൻ ശക്തമായ സാമൂഹിക ഇടപെടൽ അനിവാര്യമാണ്. അതിനുള്ള ഒരു പൊതുസമൂഹ പ്രതികരണമായാണ് സീറോ ടോളറൻസ് – കേരളം (ZeTo) ക്യാമ്പെയ്ൻ മുന്നോട്ടുവരുന്നത്.

‘സീറോ ടോളറൻസ്’ എന്ന ആശയം

ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഒരു വിധത്തിലും സഹിഷ്ണുത കാണിക്കാത്ത സാമൂഹിക-രാഷ്ട്രീയ നിലപാടാണ്. ഒരു സ്ത്രീയെ അപമാനിക്കുന്ന പരാമർശങ്ങൾ, അനാവശ്യ സ്പർശം, ജോലിസ്ഥലങ്ങളിലെ അധികാര ദുരുപയോഗം, ഓൺലൈൻ പീഡനം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ—ഇവയെല്ലാം പലപ്പോഴും “ചെറിയ കാര്യങ്ങൾ” എന്ന നിലയിൽ സമൂഹം കാണാറുണ്ട്. ഈ സമീപനമാണ് ലൈംഗികാതിക്രമങ്ങളെ സാധാരണവൽക്കരിക്കുന്നത്.

സീറോ ടോളറൻസ് എന്നത് ഇത്തരം സമീപനങ്ങളെ ശക്തമായി ചോദ്യം ചെയ്യുന്ന ഒരു നിലപാടാണ്. ശക്തരായ പുരുഷന്മാരെ സംരക്ഷിക്കുന്ന സ്ഥാപനപരമായ പ്രവണതകൾ വീണ്ടും വീണ്ടും സാധാരണവൽക്കരിക്കപ്പെട്ടിട്ടുള്ള, വൈകിപ്പിക്കപ്പെട്ടിട്ടുള്ള, അല്ലെങ്കിൽ ഭരണപരമായി ദുർബലമാക്കപ്പെട്ടിട്ടുള്ള കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഉയർത്തുന്ന ഒരു രാഷ്ട്രീയ ഇടപെടൽ കൂടിയാണിത്.

ലൈംഗികാതിക്രമങ്ങളെ നേരിട്ടവരെ ‘അതിജീവിത’ എന്ന പട്ടത്തിൽ ഒതുക്കി നിശ്ശബ്ദതയിൽ തുടരാൻ നിർബന്ധിക്കുന്ന സമീപനം ഉപേക്ഷിക്കപ്പെടേണ്ടതാണ്. ഒരാളുടെ മുഴുവൻ വ്യക്തിത്വവും ജീവിതാനുഭവവും ഇര അല്ലങ്കിൽ ‘അതിജീവിത’ എന്ന ഒറ്റ തിരിച്ചറിവിൽ പൂട്ടിക്കെട്ടുന്നത് തന്നെ ഒരു സാമൂഹിക നിയന്ത്രണത്തിന്റെ രൂപമാണ്.

ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്യുന്ന പലരും ഈ ഒറ്റ തിരിച്ചറിവിൽ കുടുങ്ങി നിൽക്കാൻ തയ്യാറാകുന്നില്ല. അവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് സഹതാപം നേടാനോ വ്യക്തിപരമായ വേദന മാത്രം പറയാനോ വേണ്ടിയല്ല; മറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അധികാരബന്ധങ്ങളും അനീതികളും ചോദ്യം ചെയ്യാനുള്ള ഒരു രാഷ്ട്രീയ ഇടപെടലായാണ് അത് മാറുന്നത്.

സ്ത്രീകൾക്കും ക്വയർ വ്യക്തികൾക്കും കുട്ടികൾക്കും സുരക്ഷിതമായി, നിർഭയമായി ജീവിക്കാൻ ഉതകുന്ന സമൂഹം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഉന്നയിക്കുന്ന ഒരു ജനകീയ മുന്നേറ്റം കൂടിയാണ് ZeTo.
സ്ത്രീകൾക്കും ക്വയർ വ്യക്തികൾക്കും കുട്ടികൾക്കും സുരക്ഷിതമായി, നിർഭയമായി ജീവിക്കാൻ ഉതകുന്ന സമൂഹം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഉന്നയിക്കുന്ന ഒരു ജനകീയ മുന്നേറ്റം കൂടിയാണ് ZeTo.

അത്തരം വെളിപ്പെടുത്തലുകൾ വ്യക്തിപരമായ അനുഭവങ്ങളെ മാത്രം പറഞ്ഞുതീർക്കുന്നതല്ല; അധികാരം, ലിംഗ അസമത്വം, തൊഴിൽസ്ഥലങ്ങളിലെ അനീതികൾ, സാംസ്കാരിക മൗനം തുടങ്ങിയ ഘടനാപരമായ പ്രശ്നങ്ങളെ സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തുന്ന ഒരു സാമൂഹിക പ്രവർത്തനമായി മാറുന്നു. അതുകൊണ്ട് തന്നെ, ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ ‘ബാധിത’യോ ‘അതിജീവിത’യോ എന്ന ഒറ്റപ്പെട്ട തിരിച്ചറിവിൽ ഒതുക്കാതെ, അവരുടെ അന്തസ്സും സ്വയം നിർവ്വചിക്കുന്ന വ്യക്തിത്വവും സാമൂഹിക-രാഷ്ട്രീയ നിലപാടുകളും അംഗീകരിക്കുന്ന സമീപനമാണ് ഒരു നീതിയുള്ള സമൂഹം സ്വീകരിക്കേണ്ടത്.

അവരോടൊപ്പം നിൽക്കുന്നത് സഹതാപം പ്രകടിപ്പിക്കുന്നതിലോ സായൂജ്യത്തിന്റെ അടയാളങ്ങൾ കാണിക്കുന്നതിലോ മാത്രം ഒതുങ്ങുന്നില്ല. അവരുടെ വാക്കുകൾ കേൾക്കപ്പെടുകയും, അവരുടെ അനുഭവങ്ങൾ സമൂഹത്തിൽ ചർച്ചയാകുകയും, കുറ്റക്കാരെ ഉത്തരവാദികളാക്കുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് യഥാർത്ഥ പിന്തുണ.

ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള മൗനം തകർക്കുകയും അനീതിയെ വെളിപ്പെടുത്തുകയും ചെയ്യുന്ന ഈ ശബ്ദങ്ങൾ ഒരു വ്യക്തിയുടെ കഥ മാത്രം അല്ല; അത് സമൂഹത്തിലെ അധികാര അസമത്വങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ജനാധിപത്യ രാഷ്ട്രീയമാണ്. ലൈംഗികാതിക്രമങ്ങൾക്കെതിരെ മൗനം പാലിക്കാതെ പ്രതികരിക്കുകയും കുറ്റക്കാരെ ഉത്തരവാദികളാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഈ ആശയം മുന്നോട്ടുവയ്ക്കുന്നു.

സീറോ ടോളറൻസ് – കേരളം (ZeTo) ക്യാമ്പെയ്ൻ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള സാമൂഹിക മൗനം തകർക്കാൻ ശ്രമിക്കുന്ന ഒരു ജനകീയ പ്രതിരോധ പ്രവർത്തനം കൂടിയാണ്. സ്ത്രീകളും ക്വയർ മനുഷ്യരും യുവജനങ്ങളും വിദ്യാർത്ഥികളും കലാകാരും സാമൂഹിക പ്രവർത്തകരും സംഘടനകളും ഉൾപ്പെടുന്ന ഒരു വലിയ കൂട്ടായ്മയാണ് ഈ ക്യാമ്പെയ്നിന് പിന്നിൽ പ്രവർത്തിക്കുന്നത്, പ്രവർത്തിക്കണ്ടത്.

പൊതുസ്ഥലങ്ങളിൽ, സ്ഥാപനങ്ങളിൽ നടക്കുന്ന പരിപാടികൾ, സംവാദങ്ങൾ, സാംസ്കാരിക ഇടപെടലുകൾ, യുവജന പങ്കാളിത്തം, പഠന പ്രവർത്തനങ്ങൾ, നയ രൂപീകരണം എന്നിവയുടെ വഴി ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയാണ് ക്യാമ്പെയ്ന്റെ പ്രധാന ലക്ഷ്യം.

ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നത് സ്ത്രീകളുടെയും ക്വയർ മനുഷ്യരുടേയും മാത്രം ഉത്തരവാദിത്വമല്ല; സമൂഹം മുഴുവൻ ഏറ്റെടുക്കേണ്ട ഒരു ഉത്തരവാദിത്വമാണെന്ന സന്ദേശമാണ് ZeTo മുന്നോട്ടുവയ്ക്കുന്നത്.

‘സീറോ ടോളറൻസ്’ – ഒരു മുദ്രാവാക്യമല്ല, ഒരു പൊതുനയം ആണ്. ഇത്തരം സാഹചര്യത്തിൽ ലൈംഗികാതിക്രമങ്ങളെ ചെറുക്കാൻ ശക്തമായ രാഷ്ട്രീയവും ഭരണപരമായ ഇടപെടലും അനിവാര്യമാണ്. അതിനാലാണ് Zero Tolerance to Sexual Violence എന്ന ആശയം ഒരു മുദ്രാവാക്യം മാത്രമായി അവസാനിക്കാതെ പൊതുനയമായി മാറേണ്ടതുണ്ടെന്ന് ZeTo മുന്നോട്ടുവയ്ക്കുന്നത്.

ലൈംഗിക പീഡനം ചെറുതായാലും വലിയതായാലും അത് ഗൗരവത്തോടെ കാണുകയും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണം എന്നതാണ് ഈ ആശയം.

രാഷ്ട്രീയ ഉത്തരവാദിത്വം ആവശ്യപ്പെടുന്ന
ZeTo അവകാശപത്രിക

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കക്ഷികൾക്ക് 30 നിർദ്ദേശങ്ങളോടു കൂടിയ ഒരു അവകാശപത്രിക സമർപ്പിച്ചിട്ടുണ്ട്. ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നതിൽ സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്ന ബോധ്യത്തിൽ നിന്നാണ് ഈ ആവശ്യം ഉയരുന്നത്.

ഈ അവകാശപത്രികയിൽ പല നയപരമായ ആവശ്യങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്.

  • സർക്കാർ സീറോ ടോളറൻസ് നയം പ്രഖ്യാപിക്കണം.
    സ്ത്രീകൾക്കും കുട്ടികൾക്കും ക്വിയർ വ്യക്തികൾക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങളോടും ലിംഗവിവേചനങ്ങളോടും യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന വ്യക്തമായ നയം സർക്കാർ പ്രഖ്യാപിക്കണം.

  • ഈ നയം തൊഴിലിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, സാംസ്കാരിക മേഖല, ഡിജിറ്റൽ ഇടങ്ങൾ എന്നിവിടങ്ങളിലൊക്കെ നടപ്പിലാക്കേണ്ടതാണ്.

  • ഇത് നടപ്പിലാക്കുന്നതിനായി വ്യക്തമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും പരിശീലനവും മേൽനോട്ട സംവിധാനവും ഉറപ്പാക്കുകയും വേണം.

  • അന്വേഷണവും നീതിയും സമയബന്ധിതവും സുതാര്യവുമാകണം. ലൈംഗികാതിക്രമകേസുകളിൽ അന്വേഷണവും വിചാരണയും നീണ്ടുനിൽക്കുന്ന സാഹചര്യം അവസാനിപ്പിക്കണം എന്നതാണ് ZeTo-യുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്.

  • ലൈംഗികാതിക്രമ ആരോപണം നേരിടുന്നവരെ അന്വേഷണം പൂർത്തിയാകുന്നതുവരെ അധികാരസ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തണം. പരാതിക്കാരിയെ സ്വാധീനിക്കാനുള്ള അവസരം ഉണ്ടാകാത്ത വിധത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

  • കേസുകളുടെ വേഗത്തിലുള്ള അന്വേഷണത്തിനും വിചാരണയ്ക്കുമായി പ്രത്യേക അന്വേഷണസംഘങ്ങളും (SIT), പ്രത്യേക പ്രോസിക്യൂഷൻ സംഘങ്ങളും രൂപവത്ക്കരിക്കണമെന്നും ആവശ്യപ്പെടുന്നു. ഹൈക്കോടതിയിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ബെഞ്ച് രൂപവത്ക്കരിക്കണമെന്നും അവകാശപത്രിക നിർദ്ദേശിക്കുന്നു.

  • സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ സ്ഥാപനങ്ങൾക്ക് വ്യക്തമായ നിയമപരമായ ഉത്തരവാദിത്വം നിർണ്ണയിക്കണം.

  • പരാതികൾ അവഗണിക്കുന്ന സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി ഉറപ്പാക്കണം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ലൈംഗികാതിക്രമ പരാതികളുമായി ബന്ധപ്പെട്ട വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതും നിർബന്ധമാക്കണം.

  • തൊഴിലിടങ്ങളിൽ സുരക്ഷ എല്ലാ തൊഴിൽസ്ഥലങ്ങളിലും ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള Internal Committee (IC) രൂപവത്ക്കരണം നിർബന്ധമാക്കണം.

  • ഈ സമിതികൾക്ക് ആവശ്യമായ പരിശീലനവും പ്രവർത്തനപരമായ മേൽനോട്ടവും ഉറപ്പാക്കണം. ICകളുടെ പ്രവർത്തനം സർക്കാർ നിരീക്ഷണ വിധേയമാക്കണമെന്നും ZeTo നിർദ്ദേശിക്കുന്നു.

  • അതിജീവിതർക്കുള്ള പിന്തുണാ സംവിധാനം: ലൈംഗികാതിക്രമങ്ങൾ നേരിടുന്നവർക്ക് നിയമനീതി മാത്രം മതിയാകില്ല; സാമൂഹികവും മാനസികവുമായ പിന്തുണയും ആവശ്യമാണ്. അതുകൊണ്ട് ഓരോ ജില്ലയിലും അതിജീവിതർക്കായി പിന്തുണാകേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും സൗജന്യ കൗൺസിലിംഗ്, നിയമസഹായം, പുനരധിവാസ സഹായം എന്നിവ ഉറപ്പാക്കണം. അതിജീവിതർക്ക് ആവശ്യമായ കൗൺസിലിംഗ് നടത്തുന്നതിനായി കൗൺസിലേഴ്സിനെ തെരഞ്ഞെടുക്കാനുള്ള അവസരവും അതിനുള്ള അവകാശവും അതിജീവിതർ ആവശ്യപ്പെടുന്ന സന്ദർഭത്തിൽ അവർക്ക് നൽകേണ്ടതാണ്.

  • ഫോറൻസിക് പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും തെളിവെടുപ്പ് നടപടിക്രമങ്ങൾ സമയബന്ധിതമാക്കുകയും വേണം.

  • പ്രതികാരവും അപകീർത്തി പ്രചരണവും തടയണം: ലൈംഗികാതിക്രമ പരാതികൾ ഉയരുമ്പോൾ പരാതിക്കാരെതിരെ പ്രതികാരനടപടികളും അപകീർത്തി പ്രചരണങ്ങളും നടക്കുന്നത് സാധാരണമാണ്. ഇത്തരം പ്രവണതകൾ തടയാൻ ശക്തമായ നിയമപരമായ സംരക്ഷണം ഉറപ്പാക്കണം.

  • വിദ്യാഭ്യാസവും സാമൂഹിക ബോധവൽക്കരണവും:ലൈംഗികാതിക്രമങ്ങളെ ചെറുക്കാൻ നിയമങ്ങൾ മാത്രം മതിയാകില്ല; സമൂഹത്തിന്റെ മനോഭാവം തന്നെ മാറണം.സ്കൂളുകളിലും കോളേജുകളിലും ലിംഗസമത്വവും പരസ്പര ബഹുമാനവും പഠിപ്പിക്കുന്ന വിദ്യാഭ്യാസ പരിപാടികൾ ഉൾപ്പെടുത്തണം.

  • യുവജനങ്ങളുമായി സംവദിക്കുന്ന സാമൂഹിക ഇടപെടലുകൾ പഞ്ചായത്തുതലത്തിൽ രൂപപ്പെടുത്തണം. ഓൺലൈൻ ഇടങ്ങളിൽ വളരുന്ന സ്ത്രീ വിരുദ്ധ പ്രവണതകളെ നേരിടാനുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തണം.

  • രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വം: പാർട്ടികളിൽ ലിംഗനീതി സംവിധാനങ്ങൾ രൂപവത്ക്കരിക്കണം. ലൈംഗികാതിക്രമ ആരോപണ വിധേയർക്ക് സ്ഥാനാർത്ഥിത്വം നിഷേധിക്കണം.

  • അക്കൗണ്ടബിലിറ്റിയും നടപ്പാക്കലും: ZeTo അവകാശപത്രികയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അക്കൗണ്ടബിലിറ്റി ഉറപ്പാക്കലാണ്. സീറോ ടോളറൻസ് നയം പ്രഖ്യാപിക്കുന്നത് മാത്രം മതിയാകില്ല; അത് നടപ്പിലാക്കുന്നതിനുള്ള വ്യക്തമായ സംവിധാനങ്ങൾ വേണം.ഓരോ വകുപ്പിനും വ്യക്തമായ ഉത്തരവാദിത്വം നിർണ്ണയിക്കുകയും പുരോഗതി സംബന്ധിച്ച വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുകയും വേണം.

  • പരാതികൾ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളുടെ പ്രവർത്തനം സ്വതന്ത്രമായി വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാകണം.

ഇത്തരത്തിൽ അതിജീവിതരുടെ ആവശ്യങ്ങളെ കേന്ദ്രമാക്കിയുള്ള പിന്തുണാ സംവിധാനങ്ങളും നയപരമായ തീരുമാനങ്ങളും ഉറപ്പാക്കുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.

ഈ  സ്ത്രീ ദിനം നമ്മോട് ചോദിക്കുന്ന പ്രധാന ചോദ്യം ഇതാണ്: സ്ത്രീകൾക്കും ക്വയർ മനുഷ്യർക്കും കുട്ടികൾക്കും യഥാർത്ഥ സുരക്ഷ ഉറപ്പാക്കാൻ നമ്മുടെ സമൂഹം തയ്യാറാണോ?
ഈ സ്ത്രീ ദിനം നമ്മോട് ചോദിക്കുന്ന പ്രധാന ചോദ്യം ഇതാണ്: സ്ത്രീകൾക്കും ക്വയർ മനുഷ്യർക്കും കുട്ടികൾക്കും യഥാർത്ഥ സുരക്ഷ ഉറപ്പാക്കാൻ നമ്മുടെ സമൂഹം തയ്യാറാണോ?

ഈ സ്ത്രീദിനം നമ്മോട് ചോദിക്കുന്ന പ്രധാന ചോദ്യം ഇതാണ്: സ്ത്രീകൾക്കും ക്വയർ മനുഷ്യർക്കും കുട്ടികൾക്കും യഥാർത്ഥ സുരക്ഷ ഉറപ്പാക്കാൻ നമ്മുടെ സമൂഹം തയ്യാറാണോ? സീറോ ടോളറൻസ് – കേരളം (ZeTo) ക്യാമ്പെയ്ൻ ഈ ചോദ്യത്തിന് വ്യക്തമായ മറുപടി ആവശ്യപ്പെടുന്നു.

ലൈംഗികാതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ല എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല; അത് ഒരു അടിസ്ഥാന ജനാധിപത്യ അവകാശമാണ്. സ്ത്രീകളും കുട്ടികളും ലൈംഗിക ന്യൂനപക്ഷങ്ങളുമടങ്ങുന്ന ഭൂരിപക്ഷം മനുഷ്യർക്കുള്ള സുരക്ഷയും ബഹുമാനവും ഉറപ്പാക്കാതെ ഒരു ജനാധിപത്യ സമൂഹവും പൂർണ്ണമാകില്ല.

സ്ത്രീകൾക്ക് ഭയമില്ലാതെ പഠിക്കാനും ജോലിചെയ്യാനും യാത്ര ചെയ്യാനും അഭിപ്രായം പ്രകടിപ്പിക്കാനും കഴിയുന്ന സമൂഹം സൃഷ്ടിക്കുമ്പോഴാണ് സ്ത്രീ ദിനത്തിന്റെ യഥാർത്ഥ അർത്ഥം നിറവേറുന്നത്. ഒരു പുതിയ സാമൂഹിക പ്രതിജ്ഞ ഇന്നിന്റെ ആവശ്യവുമാണ്.

ഈ സ്ത്രീദിനത്തിൽ കേരളം ഒരു പ്രധാന തീരുമാനത്തിന്റെ മുന്നിലാണ്. സ്ത്രീകളെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന സമൂഹമായി തുടരണമോ, അല്ലെങ്കിൽ അവയ്‌ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന സമൂഹമായി മാറണമോ എന്നതാണ് ചോദ്യം.

ലൈംഗികാതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ല - അനീതിയോട് മൗനം ഇല്ല - സീറോ ടോളറൻസ് — ഒരു മുദ്രാവാക്യമല്ല; സുരക്ഷിതവും സമത്വപരവുമായ കേരളത്തിനായുള്ള ഒരു സാമൂഹിക പ്രതിജ്ഞയാണ്.

ZeTo യുടെ പ്രതിജ്ഞ:

“ഞാൻ / ഞങ്ങൾ സാമൂഹ്യപ്രതിബദ്ധതയും ജനാധിപത്യ ബോധവുമുള്ള മനുഷ്യനാണ് / മനുഷ്യരാണ്. ലൈംഗികാക്രമണം നേരിട്ട ഓരോരുത്തരോടും ഞാൻ / ഞങ്ങൾ ശക്തമായി ഐക്യപ്പെടുന്നു. അവരെ കേൾക്കുകയും മുൻവിധികളില്ലാതെ ഒപ്പം നിൽക്കുകയും ചെയ്യുന്നു. ലൈംഗികാക്രമണം പുരുഷാധികാരത്തിന്റെ പ്രയോഗമാണെന്നും നിശ്ശബ്ദതയും ഭയവും അധികാരത്തെ ശക്തിപ്പെടുത്തുന്നതാണെന്നും ഞാൻ / ഞങ്ങൾ തിരിച്ചറിയുന്നു. ആ ദുരധികാരത്തിനെതിരെ ഞാൻ / ഞങ്ങൾ ശബ്ദമുയർത്തുകയും അനീതിക്കെതിരെ പോരാടുകയും ചെയ്യും. തൊഴിലിടത്തിലെ അന്തസ്സ് മനുഷ്യരുടെ അവകാശമാണ്. അതിലെ അധികാരം, അതിക്രമത്തിനുള്ള അവകാശമല്ല, തുല്യനീതിയുടെ ഉത്തരവാദിത്തമാണ് എന്നും ഞാൻ / ഞങ്ങൾ തിരിച്ചറിയുന്നു. തൊഴിലിടത്തിലെ ലൈംഗികാക്രമണത്തിനു മേൽ അന്വേഷണം നടക്കുമ്പോൾ, ആരോപണവിധേയർ അധികാരത്തിൽ തുടരാതിരിക്കാനും സ്ഥാപനങ്ങൾ സുതാര്യമായും സ്വതന്ത്രമായും നീതിപൂർവമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ഞാൻ / ഞങ്ങൾ ജാഗ്രത പുലർത്തും. ജാതി, മതം, വർഗം, ലൈംഗികത, ശാരീരികമായ പ്രത്യേകതകൾ, തൊഴിൽനില എന്നിവയൊന്നും നീതി നിർവ്വഹണത്തിനുള്ള മാനദണ്ഡങ്ങളാവാതിരിക്കാനും, ആക്രമണം നേരിട്ടവരുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്താനും, ഞാൻ / ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കും. ലിംഗനീതിക്കെതിരായ ഏതുതരം ആക്രമണങ്ങളേയും വീട്ടിലും ജോലിസ്ഥലത്തും സമൂഹത്തിലും ഞാൻ ചോദ്യം ചെയ്യും. ലൈംഗികാക്രമണങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുന്ന സീറോ ടോളറൻസ് ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി അന്തസ്സിനും സമത്വത്തിനും നീതിക്കുമായി, സുരക്ഷിതമായ തൊഴിലിടങ്ങൾക്കായി, ലിംഗഭേദമില്ലാതെ എല്ലാ മനുഷ്യരുടെയും ജനാധിപത്യ, രാഷ്ട്രീയ അവകാശങ്ങൾക്കായി പോരാടുമെന്ന് ഞാൻ / ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.”


Summary: The Zero Tolerance Kerala (ZeTo) campaign calls for no tolerance toward sexual violence and a safe society for all. — Soya Thomas writes


സോയ തോമസ്​

26 വർഷമായി കുടുംബശ്രീ ഉൾപ്പെടെ വിവിധ ജെന്റർ വികസന സാമൂഹ്യ ഉൾച്ചേർക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു. ഇപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉപജീവന - സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളിൽ ജന്റർ ഇഗ്രേഷൻ, കരിക്കുലം ഡവലപ്പ്മെന്റ് വിദഗ്ദയായി പ്രവർത്തിക്കുന്നു.

Comments