ചൈനയിലെ ഏറ്റവും സ്ഥായിയായ സംഗതി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാണ് (The Chinese Communist Party- CCP). സമസ്ത മേഖലയിലും പാർട്ടിയുടെ സാന്നിധ്യം പ്രകടമാണ്. ദേശീയതാ സങ്കല്പത്തെ മറ്റൊരു തരത്തിലായിരിക്കും കമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന രാജ്യം നോക്കിക്കാണുക എന്നും അമേരിക്കയിലേതുപോലെ ദേശീയതാ ബോധം കാണില്ല എന്നുമൊക്കെയാണ് കരുതിയത്. എന്നാൽ ആദ്യ കാഴ്ച്ചയിൽ തന്നെ ചൈനീസ് ജനത അവരുടെ രാജ്യത്തോട് കാണിക്കുന്ന കൂറ് പ്രകടമാക്കുന്ന തെളിവുകളായിരുന്നു ചുറ്റും.
9/11-നുശേഷം അമേരിക്കൻ നിരത്തുകളിൽ കൂടുതലായി പ്രത്യക്ഷമായ ദേശീയ പതാകകളെപ്പറ്റി രസകരമായ എഴുത്ത് വായിച്ചതോർക്കുന്നു. സമാനമായി ചൈനീസ് നിരത്തുകളിലും തെരുവുകളിലും കടകൾക്കും ഹോട്ടലുകൾക്കും സ്കൂളുകൾക്കും മുന്നിലും പാറിക്കളിക്കുന്ന ചൈനീസ് ദേശീയ പതാക ഒരു ചിഹ്നവ്യവസ്ഥ എന്ന നിലയിൽ ദേശീയതാസങ്കല്പത്തെ കൂടി വെളിവാക്കുന്നതായിരുന്നു. സമാനമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിയും എങ്ങും കാണാം. കേരളത്തിലെ ഏത് ഗ്രാമത്തിലൂടെ സഞ്ചരിച്ചാലും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു കൊടിമരം കാണാമല്ലോ. അതുപോലെ, ചൈനയുടെ മുക്കിലും മൂലയിലും കാണുന്ന ഒന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. ഒരു കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന രാജ്യത്തെ കാര്യങ്ങൾ എന്ന നിലയിൽ ഇവയെ നോക്കിക്കാണുക കൗതുകരം കൂടിയാണ്.

ഞാൻ താമസിച്ച നിങ്ഷിയാ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്നയാൾ ക്യാമ്പസിലെ കമ്യൂണിസ്റ്റ് പാർട്ടി കമ്മിറ്റി തലവനായിരുന്നു. അഥവാ പാർട്ടി സെക്രട്ടറിയാണ് സർവകലാശാലയിലെ ഏറ്റവും ഉയർന്ന പദവിയിൽ. പ്രസിഡന്റ് (വൈസ് ചാൻസലർ), വൈസ് പ്രസിഡന്റ്, പാർട്ടി സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാർ തുടങ്ങി വിവിധ പദവികളിലിരിക്കുന്നവരാണ് യൂണിവേഴ്സിറ്റിയെ നയിക്കുന്നത്. പ്രസിഡന്റും പാർട്ടി സെക്രട്ടറിയുമടങ്ങിയ ഒരു ബാലൻസിങ് മെക്കാനിസമുണ്ടെങ്കിലും ആത്യന്തികമായി പാർട്ടി സെക്രട്ടറിയാണ് സർവ്വാധികാരി. എല്ലാവരും അവരുടെ മേഖലകളിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയവരാണ്.
എന്റെ യൂണിവേഴ്സിറ്റിയിലെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പ്രൊഫ. സൈമൺ ലാവോഷി ആണ് (ലാവോഷി എന്നാൽ ടീച്ചർ). അദ്ദേഹത്തിന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി നല്ല ധാരണയുണ്ട്.
ഉദാഹരണത്തിന്, ഇവിടുത്തെ പ്രിൻസിപ്പലും പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയുമായ ജിയാങ് യിടെങ് ചൈനയിലെ ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞനാണ്. ഇരുപതിലധികം നാഷണൽ സയൻസ് പ്രൊജക്റ്റുകളുടെ തലവനാണ്. ഇരുന്നൂറിലധികം ഗവേഷണ ലേഖനങ്ങളുടെയും പതിനൊന്നോളം പുസ്തകങ്ങളുടെയും രചയിതാവ് എന്ന നിലയിൽ വലിയ സംഭാവന നൽകിയ ആളാണ്. ഏഴു തവണ നാഷണൽ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രസ് അവാർഡ് നേടിയ സ്കോളറാണ്. ഇത്തരത്തിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രൊഫൈലുള്ളവരാണ് യൂണിവേഴ്സിറ്റി പാർട്ടി കമ്മിറ്റിയുടെയും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെയും തലപ്പത്ത്. ഒരു ബ്രാഞ്ചിൽ തന്നെ സംഘടനാ ചുമതലയുള്ള സെക്രട്ടറി, ഐഡിയോളജി ആൻഡ് പാർട്ടി എഡ്യുക്കേഷൻ ചുമതലയുള്ള സെക്രട്ടറി എന്നിങ്ങനെ വിവിധ ചുമതലകളിൽ ആളുകളെ തിരിച്ചിട്ടുണ്ട്.
എന്റെ യൂണിവേഴ്സിറ്റിയിലെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പ്രൊഫ. സൈമൺ ലാവോഷി ആണ് (ലാവോഷി എന്നാൽ ടീച്ചർ). അദ്ദേഹത്തിന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി നല്ല ധാരണയുണ്ട്. പാത വ്യത്യാസമെങ്കിലും മനുഷ്യരുടെ പുരോഗതിയാണ് നമ്മൾ ലക്ഷ്യം വെക്കുന്നത് എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് നിരവധി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.
ചൈന മാതൃക അവികസിത രാജ്യങ്ങളിൽ അനുവർത്തിക്കുകവഴി, ശാസ്ത്ര- സാങ്കേതിക മേഖലകളിലടക്കം മനുഷ്യവംശത്തിന്റെ സമഗ്ര വികാസമാണ് ചൈനീസ് പാർട്ടിയുടെ കാഴ്ചപ്പാട് എന്നാണ് അദ്ദേഹം പറഞ്ഞത്.

മുൻപ് മറ്റാർക്കും ലഭിക്കാത്ത ഒരവസരം എനിക്ക് ലഭിച്ചു. നിങ്ഷിയാ യൂണിവേഴ്സിറ്റിയിലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കമ്മിറ്റിയുടെ മൂന്നാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട, യൂണിവേഴ്സിറ്റി വികസനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള കമ്മിറ്റിയിൽ പങ്കെടുക്കാനുള്ള അവസരമായിരുന്നു അത്. ഞാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (CPI-M) അംഗമാണെന്നതും ചൈനീസ് സ്റ്റഡീസിൽ ഗവേഷണം ചെയ്യുന്ന ആളാണെന്നും അറിയാവുന്ന യൂണിവേഴ്സിറ്റി പാർട്ടി കമ്മിറ്റിയുടെ അംഗമായ അധ്യാപകനാണ് പ്രസീഡിങ്‌സ് നേരിട്ട് കാണുന്നതിനുള്ള അനുമതി വാങ്ങിത്തന്നത്. യൂണിവേഴ്സിറ്റിയിലെ രണ്ടാം നിരയിലുള്ള നേതാക്കളാണ് മീറ്റിംഗിലുണ്ടായിരുന്നത്. ഓരോ വകുപ്പിലേയും പാർട്ടി ചുമതലയുള്ള അധ്യാപകരാണ് പങ്കെടുത്തത്. 13 പേർ മാത്രം പങ്കെടുത്ത കമ്മിറ്റിയായിരുന്നു അത്. ക്ഷണിതാക്കളായി ചൈനീസ് പൗരരായ രണ്ട് വിദ്യാർഥികൾ കൂടിയുണ്ടായിരുന്നു.
ഒരു ‘ചെക്സ് ആൻഡ് ബാലൻസസ്’ സംവിധാനമുള്ളതിനാൽ രാഷ്ട്രീയ നേതൃത്വം ഡോമിനേറ്റിംഗ് ആകുന്നില്ല എന്നതാണ് കാര്യം. നിലവിലെ ചൈനീസ് പ്രസിഡന്റ് ഏറ്റവും ശക്തനാവാൻ കാരണം, അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റ് ആയതുകൊണ്ടല്ല, CCP ജനറൽ സെക്രട്ടറിയായതുകൊണ്ടാണ്.
അടുത്ത അഞ്ചു വർഷത്തേക്ക് യൂണിവേഴ്സിറ്റിയിൽ കൊണ്ടുവരേണ്ട മാറ്റം ഉൾപ്പടെ, നിലവിൽ മികച്ച റാങ്കിങ് നേടിയ യൂണിവേഴ്സിറ്റികളുടെ നല്ല മാതൃകകൾ അക്കമിട്ടു നിരത്തിയ കരടു റിപ്പോർട്ടിന്മേലുള്ള ചർച്ചയാണ് നടന്നത്. തിരുത്തലിനും ഉൾപ്പെടുത്തലുകൾക്കും ശേഷം റിപ്പോർട്ട് മേൽകമ്മിറ്റിക്ക് വെച്ചിട്ടാണ് പിരിഞ്ഞത്. ഓരോരുത്തരോടും അഭിപ്രായം ചോദിക്കുന്ന ഘട്ടത്തിൽ എന്നോടും എന്തെങ്കിലും നിർദേശം വെക്കാനുണ്ടോ എന്നു ചോദിച്ചു. സർവകലാശാലയിലെ വിദേശ വിദ്യാർഥികൾ നേരിടുന്ന ചില വിഷയങ്ങൾ എനിക്ക് അവതരിപ്പിക്കാനായി.
യൂണിവേഴ്സിറ്റി അക്കാദമിക കാര്യങ്ങളുടെ തലവൻ പ്രസിഡന്റ് ആണെങ്കിലും പരമാധികാരി പാർട്ടി സെക്രട്ടറിയാണ്. സമാനമാണ് ചൈനയുടെ സമസ്ത സാമൂഹ്യ മേഖലയുടെയും കിടപ്പ്. അടിത്തട്ടു മുതൽ ദേശീയ ഗവണ്മെന്റ് വരെ അങ്ങനെയാണ്. പ്രൊവിൻഷ്യൽ ഗവർണറും പാർട്ടി സെക്രട്ടറിയും തുല്യമെന്ന് പറയുമെങ്കിലും പൊളിറ്റിക്കൽ ലീഡർഷിപ്പിനെക്കാൾ അധികാരം പാർട്ടി സെക്രട്ടറിക്കുതന്നെയാണ്.
എന്തുകൊണ്ട് ചൈന
അതിജീവിക്കുന്നു?
ഒരു ‘ചെക്സ് ആൻഡ് ബാലൻസസ്’ സംവിധാനമുള്ളതിനാൽ രാഷ്ട്രീയ നേതൃത്വം ഡോമിനേറ്റിംഗ് ആകുന്നില്ല എന്നതാണ് കാര്യം. നിലവിലെ ചൈനീസ് പ്രസിഡന്റ് ഏറ്റവും ശക്തനാവാൻ കാരണം, അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റ് ആയതുകൊണ്ടല്ല, CCP ജനറൽ സെക്രട്ടറിയായതുകൊണ്ടാണ്; ഒപ്പം സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനും അദ്ദേഹം തന്നെയാണ്. പ്രസിഡന്റ് പദവി ആലങ്കരികമാവുകയും എന്നാൽ പാർട്ടി സെക്രട്ടറി, സെൻട്രൽ മിലിറ്ററി കമ്മീഷൻ ചെയർമാൻ എന്നിവക്ക് കൂടുതൽ അധികാരം നൽകുകയും വഴി രാഷ്ട്രീയ ഘടനയുടെ തലപ്പത്ത് പാർട്ടി സ്വാധീനം പ്രബലമാണ്.

മറ്റൊരു ഉദാഹരണം: ജിയാങ് സെമിൻ പ്രസിഡന്റായ ഘട്ടത്തിൽ സെൻട്രൽ മിലിറ്ററി കമീഷൻ അധ്യക്ഷൻ ഡെങ് സിയാവോ പിംഗ് ആയിരുന്നു. ജിയാങ് സെമിനെക്കാളും സ്വാധീനമുള്ള അധികാരകേന്ദ്രമായി അന്ന് ഡെങിന്റെ ഓഫീസ് മാറി. മിലിറ്ററി കമീഷൻ പൂർണമായും സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യം കൂടുതലുള്ളതാണെന്ന് തോന്നുമെങ്കിലും അതിന്റെ അധ്യക്ഷൻ സിവിലിയൻ അഥവാ രാഷ്ട്രീയക്കാരനാണ്.
സമൂഹത്തിലെ ഏറ്റവും അടിസ്ഥാനഘടകമായ ബ്രാഞ്ചുകൾ കൃത്യമായി സമൂഹത്തിലെ ചലനങ്ങളെ മനസിലാക്കുന്നു. മാത്രമല്ല ബ്രാഞ്ചുകളുടെ പ്രവർത്തനത്തെ പ്രൊവിൻഷ്യൽ / നാഷണൽ കമ്മിറ്റികളിൽ നിന്നുള്ള ഡലിഗേറ്റുകൾ കൃത്യമായ ഇടവേളകളിൽ മോണിറ്റർ ചെയ്യുന്നു, അടിത്തട്ടിലെ പ്രവർത്തകരും ജനങ്ങളുമായി ആശയസംവാദം നടത്തുന്നു. ഇത് പ്രാദേശിക തലത്തിലെ പോരായ്മകൾ പരിഹരിക്കാനും നവീകരിക്കാനും ഉതകുന്നു.
പാർട്ടിയിൽ ഏറ്റവും വ്യത്യസ്തമായ രീതിയിൽ പാലിക്കപ്പെടുന്ന ഒരു ശൈലി സ്വപരിശോധന (self-criticism) സെഷനുകളാണ്. ഉയർന്ന തലത്തിൽ നിന്ന് താഴത്തേക്ക് എല്ലാ അംഗങ്ങളും അവരുടെ വ്യക്തിഗത പെരുമാറ്റവും കൂട്ടായ്മയുടെ ഉത്തരവാദിത്വങ്ങളും നിരന്തരം പരിശോധിക്കുന്നു.
ഇതുവരെ ചൈനീസ് സിസ്റ്റം അതിജീവിച്ചത് എങ്ങനെയെന്ന് എനിക്ക് കൗതുകമുണ്ടായിരുന്നു. ഏറ്റവും അടിത്തട്ടിലെ ഫീഡ്ബാക് / വിമർശനം അവർ കാര്യമായി എടുക്കുന്നതുകൊണ്ടാണ് എന്നാണുത്തരം. മറ്റൊന്ന്, അവർ പിന്തുടരുന്ന രഹസ്യത്മകതയും കർക്കശമായ പ്രവർത്തന രീതികളുമാണ്.
142 കോടിയാണ് ചൈനയുടെ ജനസംഖ്യ. അതിൽ 10 കോടി CCP അംഗങ്ങളാണ്. CCP-യെ കൂടാതെ എട്ടിലധികം പൊളിറ്റിക്കൽ / നോൺ- ഓപ്പോസിഷൻ പാർട്ടികൾ ചൈനയിലുണ്ട്. അവരുടെ പ്രതിനിധികൾ ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾ കോൺഗ്രസിലുണ്ട്. അല്ലാതെ പലരും പറയുംപോലെ ‘കമ്യൂണിസ്റ്റുകാർ മാത്രമുള്ള കിനാശേരി’ അല്ല ചൈന. എന്നിരുന്നാലും കമ്യൂണിസ്റ്റ് പാർട്ടി പറയുന്നതാണ് ചൈനയിലെ അവസാന വാക്ക്. ഒരു ഉദാഹരണം പറഞ്ഞാൽ സാംസ്‌കാരിക വിപ്ലവത്തിനെപ്പറ്റി ചോദിച്ചാൽ ഏതാണ്ട് ഒരേ ഉത്തരമായിരിക്കും അവിടുത്തെ സിവിലിയൻസ് നൽകുക. അതായത്, ഇത്തരം വിഷയങ്ങളിൽ എങ്ങനെ പറയണമെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായമായിരിക്കും ഭൂരിഭാഗം ആളുകളിൽ നിന്നും നമുക്ക് കിട്ടുക.

ചൈന ഇന്നോളം ആർജിച്ച സകല വികസനങ്ങൾക്കും പിന്നിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ കയ്യൊപ്പുണ്ട്. ആളോഹരി വരുമാനം പരിശോധിച്ചാൽ 1940- കളിൽ ആഫ്രിക്കയിലെ പല രാജ്യങ്ങളെക്കാളും മറ്റു പല ഏഷ്യൻ രാജ്യങ്ങളെക്കാളും പിന്നിലായിരുന്നു ചൈന. എന്നാൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. ആളുകളുടെ വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ കഴിഞ്ഞ 20 വർഷം മുൻപേ ചൈന ഒന്നാം നമ്പർ സാമ്പത്തിക ശേഷിയുള്ള രാജ്യം എന്ന ഖ്യാതി നേടിയിരുന്നു.
1921 ജൂലൈയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപനം നടന്നപ്പോൾ, ചൈന ദരിദ്ര- പിന്നാക്ക രാജ്യമായിരുന്നു, ‘ഏഷ്യയുടെ രോഗി’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന്, CCP-യുടെ നേതൃത്വത്തിൽ, ചൈന വീണ്ടും ആഗോള നേതൃസ്ഥാനത്തെത്തിയിരിക്കുന്നു. പാർട്ടിശക്തിയുടെ ഒരു പ്രധാന ഉറവിടവും പ്രചോദനവും കാൾ മാർക്സും ഫ്രെഡ്രിക് എംഗൽസും പോലുള്ള തത്വചിന്തകർ മാത്രമല്ല, രാജ്യത്തിന്റെ 5,000 വർഷത്തെ ചരിത്രം കൂടിയാണ്.
ഉദാഹരണത്തിന്, 2000 വർഷം പഴക്കമുള്ള ‘ഹാൻ രാജവംശത്തിന്റെ പുസ്തകം’ പോലെയുള്ള ചൈനീസ് ക്ലാസിക്കുകളിൽ നിന്നാണ് പാർട്ടി പഠനം നടത്തുന്നത്. ‘വസ്തുതകളിൽ നിന്ന് സത്യം തേടൽ’, 'രാജ്യത്തിന്റെ കടമ ജനങ്ങളെ സേവിക്കുക’ തുടങ്ങിയ പാഠങ്ങളാണ് അതിൽനിന്ന് പഠിക്കുന്നത്. ചൈനയിൽ രാജവംശങ്ങൾ ഉയരുകയും തകരുകയും ചെയ്ത ചരിത്രം പരിശോധിച്ചപ്പോൾ നൈതിക തകർച്ചയും അഴിമതിയുമാണ് കാരണം എന്നുകൂടി പാർട്ടി മനസ്സിലാക്കി, അതിനെ ശക്തമായി നേരിടാനാവശ്യമായ മെക്കാനിസം അവർ ആന്തരികമായി നിർമിച്ചെടുത്തു.

ചൈനീസ് ഭരണസംവിധാനത്തിലെ മുഖ്യ ഘടകങ്ങളിലൊന്നാണ് സോവിയറ്റ് യൂണിയനിൽ നിന്ന് കടംകൊണ്ട പഞ്ചവത്സര പദ്ധതി. ദേശീയതലത്തിൽ നിന്ന് ഗ്രാമങ്ങൾ അടക്കമുള്ള എല്ലാ തലങ്ങളിലും പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതികൾ രൂപപ്പെടുത്തുന്നത്. അവലോകനങ്ങൾ കൃത്യമായി നടത്തി അതിനനുസരിച്ച കാര്യങ്ങളാണ് അടുത്ത ഘട്ടത്തിലേക്ക് കൈമാറുന്നത്. ഇപ്പോൾ, 2026- 30 കാലയളവിലേക്കുള്ള 15-ാമത് പഞ്ചവത്സര പദ്ധതിയ്ക്ക് തയ്യാറെടുക്കുകയാണ്. ഓസ്ട്രിയൻ മാനേജ്‌മെന്റ് വിദഗ്ധനായ പീറ്റർ ഡ്രക്കർ പറഞ്ഞതുപോലെ, ‘ഭാവി പ്രവചിക്കാനുള്ള ഏറ്റവും മികച്ച മാർഗം അതിനെ സൃഷ്ടിക്കലാണ്’. ചൈന തന്റെ ഭാവിയെ ദിനേന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
മറ്റൊരു പ്രത്യേകതയാണ്, സർക്കാർ ഉദ്യോഗസ്ഥരും പബ്ലിക് സെക്ടറിലെ ഉദ്യോഗസ്ഥരും അവരവരുടെ പ്രകടനത്തനുസരിച്ചു മാത്രമേ ഉയർന്ന സ്ഥാനങ്ങളിലെത്തൂ എന്നത്. പാർട്ടി അംഗങ്ങൾ ജനങ്ങളെ എങ്ങനെ സേവിക്കുന്നു എന്നതനുസരിച്ചാണ് സ്ഥാനക്കയറ്റം. അതിനാൽ കഴിവുള്ളവർ ഉയരുന്നു. മറുവശത്ത്, അമേരിക്കയിൽ ഉന്നത സ്ഥാനങ്ങളിലെത്താൻ ധനസഹായം അത്യന്താപേക്ഷിതമാണ്. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ, അഴിമതിയെ രാജ്യവിരുദ്ധമായി കണക്കാക്കി വ്യാപക അഴിമതിവിരുദ്ധ പ്രചാരണം തുടങ്ങി. വിവിധ തലങ്ങളിലുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഈ പോരാട്ടം; കുറ്റം തെളിയിച്ചാൽ ആരായാലും ശിക്ഷിക്കപ്പെടും.
പാർട്ടിയുടെ ‘ഇരുമ്പുമറ’ സ്വഭാവം എക്കാലത്തും വിമർശനവിധേയമാണ്. കേന്ദ്രീകൃത സംവിധാനമായതിനാൽ വിമർശനങ്ങൾക്കിടമില്ലെന്നാണ് മറ്റൊരു വാദം. അവസാനമായി ഷി ജിങ്പിങ് സ്വയം പ്രഖ്യാപിത ഏകാധിപതിയായി മാറുന്നു എന്ന വിമർശനവുമുണ്ട്.
പാർട്ടിയിൽ ഏറ്റവും വ്യത്യസ്തമായ രീതിയിൽ പാലിക്കപ്പെടുന്ന ഒരു ശൈലി സ്വപരിശോധന (self-criticism) സെഷനുകളാണ്. ഉയർന്ന തലത്തിൽ നിന്ന് താഴത്തേക്ക് എല്ലാ അംഗങ്ങളും അവരുടെ വ്യക്തിഗത പെരുമാറ്റവും കൂട്ടായ്മയുടെ ഉത്തരവാദിത്വങ്ങളും നിരന്തരം പരിശോധിക്കുന്നു.
പാർട്ടിയുടെ കർശനമായ സ്വയംഭരണമാതൃക വിജയകരമാണെന്ന് കൂടുതലും അഭിപ്രായപ്പെടുന്നത് അവരുടെ ജനങ്ങൾ തന്നെയാണെന്ന് സർവെകൾ പറയുന്നു. ഉദാഹരണമായി, ഡാനിഷ് മുൻ പ്രധാനമന്ത്രിയും മുൻ നാറ്റോ സെക്രട്ടറിയുമായ Anders Fogh Rasmussen നയിക്കുന്ന Alliance of Democracies Foundation- ന്റെ ‘Democracy Perception Index’ (DPI) ഇത്തരത്തിൽ പ്രധാനപ്പെട്ട ജനാഭിപ്രായ സർവെയാണ്. 2024-ലെ DPI പ്രകാരം, ചൈനയിലെ പൗരർ, അവരുടെ ഭരണം തങ്ങൾക്ക് നന്മ ചെയ്യുന്നതാണ് എന്നു വിശ്വസിക്കുന്നു. 91% പേർ അവരുടെ സർക്കാർ ‘ഏറ്റവും കൂടുതൽ പേരുടെ താൽപ്പര്യങ്ങൾക്കായി’ പ്രവർത്തിക്കുന്നു എന്ന് പറയുന്നു. 85% പേർ, ‘സമസ്തർക്കും നിയമത്തിനു മുമ്പിൽ തുല്യാവകാശമുണ്ട്’ എന്നും പറയുന്നു. ഈ കാര്യങ്ങളിൽ ചൈനയിലെ പൗരർ അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും പൗരരെക്കാളും കൂടുതൽ പോസിറ്റീവാണ്. ഇതൊക്കെ വച്ച് നോക്കുമ്പോൾ, CCP- യുടെ കർശനമായ സ്വയംഭരണരീതി വിജകരമായി മുന്നോട്ട് പോവുകയാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി 104-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, 10 കോടി ആളുകളുടെ അടിത്തറയാണ് പാർട്ടിക്കുള്ളത്. വിമർശനങ്ങൾ ഇല്ലെന്നല്ല, എന്നാലും മനുഷ്യരുടെ ജീവിത നിലവരത്തിലും സാമൂഹ്യ സാഹചര്യങ്ങളിലും നിരന്തരം മാറ്റം വരുത്തുന്നതിനുള്ള ഇടപെടലുകൾ പാർട്ടി ചെയ്യുന്നുണ്ട്.
പാർട്ടിയുടെ ‘ഇരുമ്പുമറ’ സ്വഭാവം എക്കാലത്തും വിമർശനവിധേയമാണ്. കേന്ദ്രീകൃത സംവിധാനമായതിനാൽ വിമർശനങ്ങൾക്കിടമില്ലെന്നാണ് മറ്റൊരു വാദം. അവസാനമായി ഷി ജിങ്പിങ് സ്വയം പ്രഖ്യാപിത ഏകാധിപതിയായി മാറുന്നു എന്ന വിമർശനവുമുണ്ട്. ചില വിമർശനങ്ങളിൽ കഴമ്പുണ്ട്. കാരണം, ഒരു കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ ഇടപെട്ടതുപോലൊരു രീതിയിലേക്ക് ചൈന എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. കാരണം ആഫ്രിക്ക അടക്കമുള്ള മേഖലകളിലെ അവരുടെ പ്രവർത്തനങ്ങൾ ഒരു നിയോ- കൊളോണിയൽ രീതിയിലാണോ എന്ന ആക്ഷേപം പാശ്ചാത്യ പണ്ഡിതർ ഉന്നയിക്കുന്നുണ്ട്. എന്നിരുന്നാലും ഈ വിമർശനങ്ങളെ ചൈന മുഖവിലക്കെടുക്കുന്നില്ല. അവർ കൂടുതൽ കരുത്തോടെ അവരുടെ കാര്യങ്ങളിൽ വ്യാപൃതരായി മുന്നോട്ടു പോവുകയാണ്. ചൈന മറ്റേതുരാജ്യത്തേക്കാളും മുന്നിലേയ്ക്ക് പോകുന്നതിനുപിന്നിൽ അവർ പിൻതുടരുന്ന രാഷ്ട്രീയ സംവിധാനം ഉപകരിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.