14000 കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രായേൽ, 28000 സ്ത്രീകൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു: യു.എൻ

14000-ത്തിലധികം പിഞ്ചുകുഞ്ഞുങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിട്ടും ഗാസയ്ക്ക് മുകളിലുള്ള ഉപരോധം പിൻവലിക്കാതെ ഇസ്രായേൽ. കൊടും ക്രൂരതയ്ക്കെതിരെ ലോകരാജ്യങ്ങളിൽ നിന്നും രാജ്യത്തിനകത്ത് നിന്നും വരെ പ്രതിഷേധങ്ങൾ ഉയരുകയാണ്.

News Desk

രുന്ന 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14000-ത്തിലധികം പിഞ്ചുകുഞ്ഞുങ്ങൾ പട്ടിണി മൂലം കൊല്ലപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടും മേഖലയിലേക്കുള്ള ഭക്ഷണവിതരണത്തിനുള്ള നിയന്ത്രണം നീക്കാതെ ക്രൂരത തുടരുകയാണ് ഇസ്രായേൽ. ഏകദേശം രണ്ടര മാസത്തിലധികമായി ഗാസ പൂർണമായി ഇസ്രായേൽ സൈന്യത്തിൻെറ നിയന്ത്രണത്തിലാണ്. ഭക്ഷണവും വെള്ളവും മരുന്നുകളുമടക്കമുള്ള സഹായങ്ങളെല്ലാം വളരെ പരിമിതമായി മാത്രമേ ഗാസയിലെത്താൻ അനുവദിക്കുന്നുള്ളൂ. പലസ്തീൻ ജനതയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രായേലിൻെറ ക്രൂരതയ്ക്കെതിരെ ലോക മനസ്സാക്ഷി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് ഐക്യരാഷ്ട്രസഭ. ലോകരാജ്യങ്ങളിൽ നിന്നും ഇസ്രായേലിനകത്ത് നിന്നും വരെ വലിയ പ്രതിഷേധം ഈ വിഷയത്തിൽ ഉയർന്ന് തുടങ്ങിയിട്ടുണ്ട്. “ ഞങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ സാധിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000-ത്തോളം പിഞ്ചുകുഞ്ഞുങ്ങൾ പട്ടിണി മൂലം മരിക്കും. എല്ലാ അപകടസാധ്യതയും അതിജീവിച്ച് ബേബിഫുഡ് എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. പോഷകാഹാരക്കുറവ് കാരണം കുഞ്ഞുങ്ങളെ മുലയൂട്ടാൻ സാധിക്കാത്ത ആയിരക്കണക്കിന് അമ്മമാരാണ് ഗാസയിലുള്ളത്. അവർക്ക് സഹായം വേണം,” കഴിഞ്ഞ ദിവസം ബി.ബി.സി റേഡിയോയിലൂടെ യു.എൻ മാനുഷികവിഭാഗം ചീഫ് ടോം ഫ്ലെച്ചർ ലോകത്തോട് അഭ്യർത്ഥിക്കുകയുണ്ടായി.

ബ്രിട്ടൺ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേൽ ചെയ്യുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് യു.എൻ ഇടപെടൽ ഉണ്ടായത്. ഗാസയിലെ ഉപരോധം നീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ട് രണ്ട് ദിവസമായിട്ടും ഭക്ഷണവുമായുള്ള ഐക്യരാഷ്ട്രസഭയുടെ മുഴുവൻ വാഹനങ്ങൾക്കും അകത്തേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്ന് സംഘടന വ്യക്തമാക്കുന്നു. ഗാസയിലേക്ക് കയറാൻ അനുമതി ലഭിച്ച ട്രക്കുകളിൽ നിന്ന് ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യാൻ ഇതുവരെ സൈന്യം അനുവദിച്ചിട്ടില്ലെന്നും യു.എൻ അറിയിച്ചു.

വിഷയത്തിൽ നെതന്യാഹു ഭരണകൂടത്തിനെതിരെ രാജ്യത്തെ തന്നെ പ്രതിപക്ഷകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. തൻെറ രാജ്യം യുദ്ധക്കുറ്റം ചെയ്യുന്നതിൻെറ തൊട്ടരികിലാണെന്ന് പറഞ്ഞിരിക്കുകയാണ് ഇസ്രായേലിലെ മുൻ പ്രധാനമന്ത്രി എഹൂദ് ഒൽമെർട്ട്. “കൊലപാതകികളായ ഹമാസിനെതിരെയാണ് പോരാട്ടം നടത്തേണ്ടത്. അല്ലാതെ, സാധാരണക്കാരായ നിഷ്കളങ്കരായ മനുഷ്യരോടല്ല,” അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളെ കൊല്ലുന്നത് ഹോബിയായി കാണുന്ന ക്രൂരതയാണ് തങ്ങളുടെ രാജ്യം ചെയ്യുന്നതെന്നാണ് ഇസ്രയേലിലെ സെൻറർ ലെഫ്റ്റ് ഡെമോക്രാറ്റ്സ് പാർട്ടി പ്രതികരിച്ചിരിക്കുന്നത്. "സമചിത്തതയുള്ള ഒരു രാജ്യം സാധാരണ പൗരർക്കെതിരെ പോരാട്ടം നടത്തില്ല, കുഞ്ഞുങ്ങളെ കൊല്ലുന്നത് ഒരു ഹോബിയായി തുടരില്ല, ഒരു ജനതയെ പുറത്താക്കുന്നത് ലക്ഷ്യംവെച്ച് മുന്നോട്ട് പോവില്ല," രാജ്യത്തെ പ്രതിപക്ഷനേതാവ് യായ്ർ ഗോലൻ പ്രതികരിച്ചു.

കൊല്ലപ്പെട്ടത് 28000 സ്ത്രീകൾ

2023 ഒക്ടോബർ 23-ന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ ആക്രമണത്തിൽ പെൺകുട്ടികളടക്കം ഇതുവരെ 28000-ത്തിലധികം സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യു.എൻ വിമൻ (UN Women) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പറയുന്നതായി ഡൗൺ ടു എർത്ത് റിപ്പോർട്ട് ചെയ്യുന്നു. ശരാശരി ഒരു മണിക്കൂറിൽ ഒരു സ്ത്രീയെങ്കിലും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നുവെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീകളിൽ നിരവധി അമ്മമാരുമുണ്ട്. ഈ വർഷം മാർച്ച് മുതലാണ് ഇസ്രായേൽ ഗാസയിൽ പൂർണമായി ഉപരോധം ഏർപ്പെടുത്തിയത്. പട്ടിണിയും പോഷകാഹാരക്കുറവും കാരണം മേഖലയിൽ ആയിരക്കണക്കിന് പെൺകുട്ടികളും സ്ത്രീകളും മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് ജീവിക്കുന്നതെന്നും യു.എൻ വിമൻ വ്യക്തമാക്കുന്നു.

Comments