ഡോണൾഡ് ട്രംപ് ഭരണകൂടം അധികാരമേൽക്കുന്നതിനുമുന്നോടിയായി യു.എസ്. ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (The US Immigration and Customs Enforcement -ICE) തയാറാക്കിയ, നാടുകടത്തൽ പട്ടികയിൽ 17,940 ഇന്ത്യക്കാർ. ഇന്ത്യ, പാക്കിസ്ഥാൻ, ഭൂട്ടാൻ, ചൈന, റഷ്യ, ഇറാൻ തുടങ്ങി 208 രാജ്യങ്ങളിലെ 14,45,549 അനധികൃത കുടിയേറ്റക്കാരുടെ പട്ടികയാണ് ICE തയാറാക്കിയത്.
പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് നവംബറിൽ പ്രസിദ്ധീകരിച്ച നാടുകടത്തൽ ലിസ്റ്റിലെ ഇന്ത്യക്കാരിലേറെയും. ഈ പട്ടിക പുറത്തുവിടുന്നതിനുമുമ്പ്, ഒക്‌ടോബറിൽ, രേഖകളില്ലാതെ കഴിയുന്ന 400-ഓളം ഇന്ത്യക്കാരെ ചാർട്ടേഡ് വിമാനത്തിൽ തിരിച്ചയച്ചിരുന്നു.
അമേരിക്കയിൽ 7.25 ലക്ഷം നിയമവിരുദ്ധ ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് Pew Research Centre-ന്റെ കണക്ക്. നിയമാനുസൃത രേഖകളില്ലാതെ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇപ്പോൾ രേഖകൾക്കായി ഐ.സി.ഇയുടെ ക്ലിയറൻസ് കാത്തിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ യു.എസ് അതിർത്തി കടക്കാൻ ശ്രമിച്ച രേഖകളില്ലാത്ത 90,000 ഇന്ത്യക്കാരെ പിടികൂടിയിരുന്നതായി ഐ.സി.ഇ പറയുന്നു.
ഹോണ്ടുറാസ്, ഗ്വാട്ടിമാല, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പട്ടികയിൽ മുന്നിൽ. ICE തയാറാക്കിയ 208 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 13-ാം സ്ഥാനത്താണ്. 2,61,000 അനധികൃത കുടിയേറ്റക്കാരുമായി ഹോണ്ടുറസ് ആണ് മുന്നിൽ. ഗ്വാട്ടിമാല (2,53,000) യാണ് രണ്ടാം സ്ഥാനത്ത്.
ഏഷ്യൻ രാജ്യങ്ങളിൽ ചൈനയാണ് മുന്നിൽ. 37,908 അനധികൃത ചൈനക്കാരാണ് ഇപ്പോൾ യു.എസിലുള്ളത്. ചൈനീസ് കുടിയേറ്റക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ അതിവേഗ വർധനയാണുണ്ടായത്. 2022-2024 നിടയിൽ അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിച്ച രേഖകളില്ലാത്ത ചൈനക്കാരുടെ എണ്ണം 27,000-ൽ നിന്ന് 78,000 ആയി ഉയർന്നു. അതുകൊണ്ടുതന്നെ, നാടുകടത്തപ്പെടുന്നവരിൽ ആദ്യം ചൈനക്കാരായിരിക്കുമെന്നാണ് സൂചന.
താമസം നിയമവിധേയമാക്കാനുള്ള ICE-യുടെ നടപടികളുമായി നിസ്സഹരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. അധികൃതരുമായുള്ള കൂടിക്കാഴ്ച, യാത്രാരേഖകൾ അനുവദിക്കുക എന്നിവ യഥാസമയം നടത്തിയശേഷമാകും ഓരോ രാജ്യത്തെയും നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുകയെന്ന് അധികൃതർ പറയുന്നു. ചൈന, പാക്കിസ്ഥാൻ, ഇറാൻ, വെനിസ്വല എന്നീ രാജ്യങ്ങളും നാടുകടത്തൽ നടപടികളുമായി സഹകരിക്കുന്നില്ലെന്ന് ICE കുറ്റപ്പെടുത്തുന്നു.
നാടുകടത്തുന്നവരെ സ്വീകരിക്കാനുള്ള ധാരണയിലേർപ്പെടാത്ത രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം നിർത്തിവെക്കുമെന്ന് നിയുക്ത പ്രസിഡന്റ് ട്രംപ് ഇലക്ഷൻ കാമ്പയിൻ കാലത്തുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ആവശ്യമെങ്കിൽ, നാടുകടത്തലിന് സൈനികശക്തി ഉപയോഗിക്കാനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റക്കാരെ പിടികൂടാൻ തൊഴിലിടങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്ന് അധികൃതർ പറയുന്നു. പിടികൂടിയവരെ നാടുകടത്തുന്നതിനുമുമ്പ് താമസിപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്.
നാടുകടത്തൽ നടപടി തുടങ്ങുന്നതിനുമുമ്പ് സർവകലാശാലകളിലെ ജീവനക്കാരോടും വിദേശ വിദ്യാർഥികളോടും അവരുടെ കാമ്പസുകളിലേക്ക് തിരിച്ചുപോകാൻ അധികൃതർ ആവശ്യപ്പെടുന്നുണ്ട്. ഹയർ എഡ്യൂക്കേഷൻ ഇമിഗ്രേഷൻ പോർട്ടലിലെ കണക്കനുസരിച്ച് രാജ്യത്ത് നിയമപ്രകാരം രേഖകളില്ലാത്ത നാലു ലക്ഷത്തിലേറെ വിദ്യാർഥികൾ എന്റോൾ ചെയ്തിട്ടുണ്ടത്രേ. നിരവധി സർവകലാശലാകൾ വിദ്യാർഥികൾക്ക്, കുടിയേറ്റ നയത്തിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ഇ മെയിൽ സന്ദേശങ്ങൾ അയക്കുന്നുണ്ട്. ഇതേതുടർന്ന് സർവകലാശാലകളിലെ വിദേശ വിദ്യാർഥികൾ ആശങ്കയിലാണെന്ന്, ഫാക്കൽറ്റികളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ടു ചെയ്യുന്നു.
ജനുവരി 20ന് അധികാരമേറ്റാലുടൻ ട്രംപിന്റെ ഏറ്റവും മുൻഗണനയിലുള്ള നടപടി കൂടിയായിരിക്കും ഈ നാടുകടത്തൽ.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്കലിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
വിവിധ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവരിൽ നിയമാനുസൃത രേഖകളില്ലാത്ത വിദേശ തൊഴിലാളികളുടെ ഗണ്യമായ ശതമാനവുമുണ്ട്. അവരുടെ ശതമാനക്കണക്ക് ഇപ്രകാരമാണ്:
നിർമാണ മേഖല- 17.7, ഹോസ്പിറ്റാലിറ്റി- 16.8, പ്രൊഫഷനൽ സർവീസസ്- 14, മാനുഫാക്ചറിങ്- 12.6, ട്രേഡ്- 11.4, വിദ്യാഭ്യാസം- ആരോഗ്യസുരക്ഷ- 7.3, പ്രകൃതിവിഭവം- 4.5.
ഫാമുകൾ, ഭക്ഷ്യസംസ്‌കരണ മേഖല, സൂപ്പർമാർക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട ഭക്ഷ്യവിതരണ ശൃംഘലയിൽ രേഖകളില്ലാത്ത 17 ലക്ഷം വിദേശ കുടിയേറ്റക്കാരാണ് പണിയെടുക്കുന്നതെന്ന് സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസിന്റെ പഠനം പറയുന്നു. കാർഷികവൃത്തി ചെയ്യുന്ന തൊഴിലാളികളിൽ 73 ശതമാനവും കുടിയേറ്റക്കാരാണ്. ഇവരിൽ 48 ശതമാനം പേർ രേഖകളില്ലാത്തവരാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് അർകൻസാസിന്റെ പഠനം പറയുന്നു. കാലിഫോർണിയയിൽ പത്തിൽ ഒമ്പത് കൃഷിപ്പണിക്കാരും വിദേശികളാണ്.
യു.എസ് തൊഴിൽ സേനയിലെ നല്ലൊരു ഭാഗം കുടിയേറ്റക്കാരാണ്. നിർമാണ- ഭവനനിർമാണ മേഖലയിലെ തൊഴിൽ സേനയുടെ 25 ശതമാനവും കുടിയേറ്റക്കാരാണ്. ഇവരിൽ രേഖകളുള്ളവരും ഇല്ലാത്തവരുമുണ്ട്. കുടിയേറ്റക്കാർ ഏറെയുള്ള ടെക്‌സാസ്, കാലിഫോർണിയ സ്‌റ്റേറ്റുകളിൽ നിർമാണമേഖലയിലെ തൊഴിലാളികളിൽ പകുതിയോളം വിദേശികളാണ്. നാടുകടത്തൽ ഈ മേഖലകളിൽ തിരിച്ചടിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.എസ് ലേബർ ഡിപ്പാർട്ടുമെന്റിന്റെ 2020-ലെ കണക്കനുസരിച്ച്, തദ്ദേശവാസികളായ തൊഴിലാളികളേക്കാൾ 36 ശതമാനം കുറവാണ് വിദേശികളായ തൊഴിലാളികളുടെ പ്രതിഫലം.
ഇത്ര വിപുലമായ നാടുകടത്തൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്ന് ഡെമോക്രാറ്റിക് സെനറ്റർമാർ പറയുന്നു. വൻ തുക ചെലവുവരുന്ന പ്രക്രിയ കൂടിയാണിത്. ഉദ്യോഗസ്ഥ സംവിധാനം, ഇമിഗ്രേഷൻ കോടതികൾ, അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കൽ തുടങ്ങിയവയുടെ ചെലവ് ഭീമമായിരിക്കും.
Congressional Joint Economic Committee- യിലെ ഡെമോക്രാറ്റ് പക്ഷക്കാരുടെ റിപ്പോർട്ട് അനുസരിച്ച്, 8.3 ലക്ഷം അനധികൃത കുടിയേറ്റക്കാരെയാണ് തിരിച്ചയക്കുക. ഇത്, രാജ്യത്തിന്റെ ജി.ഡി.പിയിൽ 7.4 ശതമാനത്തിന്റെ നഷ്ടമുണ്ടാക്കുമെന്ന് അവർ പറയുന്നു. നിർമാണ, കാർഷിക, സേവന മേഖലകളിലെ തൊഴിൽസേനയിലും കാര്യമായ കുറവുണ്ടാകും. ഇത്, അടിസ്ഥാന തൊഴിൽ മേഖലകളിൽ കടുത്ത തൊഴിലാളിക്ഷാമത്തിനിടയാക്കും. ഇത് ജീവിതച്ചെലവ് കുത്തനെ ഉയർത്തും. നാടുകടത്തൽ 1.7 ട്രില്യൻ ഡോളർ നഷ്ടമുണ്ടാക്കുമെന്ന് The American Immigration Council -ലും മുന്നറിയിപ്പുനൽകുന്നു.
കുടിയേറ്റത്തിനുള്ള രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളെ പരിഗണിക്കാതെ, തീർത്തും തീവ്രദേശീയതയുടെ സങ്കുചിത താൽപര്യങ്ങളെ തൃപ്തിപ്പെടുത്തുംവിധമുള്ള നിയന്ത്രണ സംവിധാനങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തുണ്ട്. നാടുകടത്തൽ, നിരവധി കുടുംബങ്ങളെ തമ്മിൽ പിരിക്കുമെന്നും സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ നീക്കത്തിനെതിരെ വൻ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.
നാടുകടത്തൽ നടപടി നിയമപരമായി ചോദ്യം ചെയ്യാനുള്ള നീക്കവും ശക്തമാണ്. ആറ് സ്‌റ്റേറ്റ് അറ്റോർണി ജനറൽമാർ, നീതീന്യായ സംവിധാനത്തിന്റെ സഹായത്തോടെ ഈ നടപടിയെ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശക്തമായ വേദിയായി കോടതി മുറികളെ മാറ്റുമെന്നും അവർ പ്രഖ്യാപിക്കുന്നു.
എന്നാൽ, അനധികൃത തൊഴിലാളികളുടെ കുടിയിറക്ക്, തദ്ദേശ തൊഴിലാളികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുമെന്നാണ് ട്രംപ് പക്ഷത്തിന്റെ വാദം.
യു.എസിൽ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിലും കുടിയേറ്റം അതി സങ്കീർണമായ രാഷ്ട്രീയപ്രശ്‌നമാണിന്ന്.