ആശങ്കകളോടെ പാകിസ്ഥാനിൽ വീണ്ടുമൊരു 'ജനകീയ' പരീക്ഷണം

സൈന്യത്തെയും രാഷ്ട്രീയ- സമ്പന്ന കൂട്ടുകെട്ടിനെയും അമിതമായി ആശ്രയിക്കേണ്ടിവരുന്ന, വേണ്ടത്ര ആശയദാർഢ്യമോ നേതൃത്വശേഷിയോ ഇല്ലാത്ത, ദുർബലവും ദൂഷിതവുമായ ഒരു സർക്കാരാകും നാളെ പാക്കിസ്ഥാനിൽ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരിക എന്ന പൊതുവെയുള്ള ആശങ്കയുടെ വെളിച്ചത്തിൽ ചില നിരീക്ഷണങ്ങൾ.

പാകിസ്ഥാൻ വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 8-ന് ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പു നടക്കുമ്പോൾ രാജ്യം ഒട്ടേറെ വെല്ലുവിളികളുടെ നടുവിലാണ്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിലെ നിരവധി പ്രശ്നങ്ങൾക്കിടയിൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് താൽക്കാലിക ഭരണകൂടം ഉറപ്പാക്കുമോ എന്ന ആശങ്കയിലാണ് ജനം.

രാഷ്ട്രീയചലനങ്ങൾ നിയന്ത്രിക്കുന്നതിൽ സൈന്യം ഉൾപ്പടെയുള്ള ഏജൻസികളുടെ നിർണായക സ്വാധീനം വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്. അതുപോലെ സിവിൽ ബ്യൂറോക്രസിയും മതനേതാക്കളും ജനങ്ങളുടെ തീരുമാനങ്ങളെ മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ നടത്തിയ ചരിത്രവും പാകിസ്ഥാനുണ്ട്.

തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ചില സംഭവവികാസങ്ങൾ രാഷ്ട്രീയനീതി എല്ലാവർക്കും തുല്യമായ രീതിയിൽ ലഭ്യമാക്കുമോ എന്ന കാര്യത്തിലും സംശയമുയർത്തുന്നുണ്ട്‌. പ്രത്യേകിച്ച്, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പല കുറ്റങ്ങൾ ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സാഹചര്യവും മുമ്പ് കുറ്റമാരോപിക്കപ്പെട്ട് രാജ്യം വിടേണ്ടിവന്ന നവാസ് ഷെരിഫ് വീണ്ടും രംഗപ്രവേശം ചെയ്തതും ഇതിനകം വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്.

ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്‍

ദശലക്ഷക്കണക്കിന് യുവാക്കളായ വോട്ടർമാരെ സ്വാധീനിക്കാവുന്ന തൊഴിലില്ലായ്മയുടെയും പണപ്പെരുപ്പത്തിൻ്റെയും വെല്ലുവിളികൾക്കിടയിൽ, പാകിസ്ഥാനിൽ സങ്കീർണ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോഴാണ് രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾ പരിതാപകരമായ പ്രകടനപത്രികകളും വ്യക്ത്യാധിഷ്‌ടിത അപകീർത്തി പ്രസംഗങ്ങളുമായി ജനങ്ങളെ സമീപിക്കുന്നത്. ഇമ്രാൻ ഖാൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തെഹ്‌രീക്- ഇ- ഇൻസാഫിനെ (പി ടി ഐ) തകർത്തെറിയുന്നതിനാണ് അവർ ഇപ്പോൾ പ്രധാനമായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യുവതലമുറയ്ക്ക് ഇപ്പോഴും വൈകാരിക അടുപ്പം ഇമ്രാനോടാണെന്നത് അവരെ ആശങ്കാകുലരാക്കുന്നു.

രണ്ടുവർഷം മുമ്പാണ് പി.ടി.ഐ അവിശ്വാസവോട്ടിലൂടെ പുറത്താക്കൽ നേരിടേണ്ടിവന്നത്. അതിനുശേഷം പാർട്ടിയെ തകർക്കാൻ ബോധപൂർവ ശ്രമം പലകോണുകളിൽ നിന്നും നടന്നു. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതിൽ ഇമ്രാൻ പരാജയപ്പെട്ടിരുന്നു. പി.ടി.ഐയും അതിന്റെ നയങ്ങൾകൊണ്ട് സ്വയം ഒറ്റപ്പെട്ടു. പ്രത്യേകിച്ച്, സൈനിക സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പി.ടി.ഐയെ സൈന്യത്തിൻ്റെ ശത്രുവാക്കി. ഇപ്പോൾ പി.ടി.ഐക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല.

അഭിപ്രായ സർവേകൾ തൂക്കു സഭ പ്രവചിക്കുമ്പോൾ, തിരഞ്ഞെടുപ്പ് കൃത്രിമം നടത്തി ദുർബലമായ ഒരു സർക്കാരിൻ്റെ സാധ്യതയിലേക്ക് നിരീക്ഷകരും വിരൽചൂണ്ടുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ തിരിച്ചുവരവിന് കളമൊരുക്കാൻ സൈന്യവും ഭരണകൂട സന്നാഹങ്ങളും ഒരുങ്ങുന്നതായി അവർ ആശങ്കപ്പെടുന്നു.

 നവാസ് ഷെരീഫ്, ബിലാവല്‍ ഭൂട്ടോ
നവാസ് ഷെരീഫ്, ബിലാവല്‍ ഭൂട്ടോ

നിലവിലെ രാഷ്ട്രീയ പോരാട്ടത്തിൽ രണ്ട് പ്രധാന പാർട്ടികളാണ് ആധിപത്യം പുലർത്തുന്നത്:
- നവാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ മുസ്‍ലിം ലീഗ്- എൻ (പി എം എൽ-എൻ).
- മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി പിപി).
ഈ പാർട്ടികൾ രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുമ്പോൾ, മുൻ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ കക്ഷിയായ പി ടി ഐ വിവാദമായ സുപ്രീംകോടതി വിധിയെത്തുടർന്ന് സവിശേഷ സാഹചര്യം അഭിമുഖീകരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നം നീക്കം ചെയ്തതിനെത്തുടർന്ന് പി.ടി.ഐ അതിൻ്റെ സ്ഥാനാർത്ഥികളെ സ്വതന്ത്രരായി മത്സരിപ്പിക്കാൻ നിർബന്ധിതരായി. ഇമ്രാൻ ഖാൻ്റെ നേതൃത്വത്തിലുള്ള പി ടി ഐ, പരമ്പരാഗത പാർട്ടി ചിഹ്നമില്ലാതെ രാഷ്ട്രീയപദവി നിലനിർത്താനുള്ള വെല്ലുവിളി നേരിടുന്നതിനാൽ ഇത് പൊതു തിരഞ്ഞെടുപ്പിന്റെ ചലനാത്മകതയെ തകർത്തതായി പലരും കരുതുന്നു.

തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് ഇമ്രാൻ ഒന്നിലധികം കേസുകളിൽ ജയിൽശിക്ഷ അനുഭവിക്കുന്നതായി ലോകം കണ്ടു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മുമ്പ് തടവിലാക്കപ്പെട്ട് രാജ്യത്തുനിന്ന് ഒളിച്ചോടിയ നേതാവാണ്. അദ്ദേഹം പ്രമുഖ മത്സരാർത്ഥിയായി തിരിച്ചെത്തിയിരിക്കുന്നു. ജനകീയാടിത്തറ നഷ്ട്ടപ്പെട്ട പി.പി. പി നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിലും.

പി.ടി.ഐയുടെ തിരഞ്ഞെടുപ്പ് ചിഹ്നം / Photo: Wikimedia Commons
പി.ടി.ഐയുടെ തിരഞ്ഞെടുപ്പ് ചിഹ്നം / Photo: Wikimedia Commons

സാമ്പത്തിക വെല്ലുവിളി ഒരുഭാഗത്തു നിൽക്കുമ്പോൾ ആഭ്യന്തരരംഗത്ത് രാജ്യം നിരവധി ആക്രമണങ്ങൾ നേരിടന്നു, അയൽരാജ്യങ്ങളുമായുള്ള സംഘർഷങ്ങൾ മറുവശത്തും.

മൂന്ന് പ്രധാന പാർട്ടികൾ - പി ടി ഐ, പി എം എൽ-എൻ, പി പി പി - വ്യത്യസ്ത മാനങ്ങളും ബലഹീനതകളുമുള്ള പ്രകടനപത്രികകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. പി ടി ഐ പ്രകടനപത്രിക സമഗ്രമാണെങ്കിലും വ്യക്തമായ നയങ്ങളില്ലാതെ മതപരമായ പ്രത്യയശാസ്ത്രത്തിൽ മുങ്ങിയ ഒന്നാണ്. പി എം എൽ-എൻ പ്രകടനപത്രിക ഹ്രസ്വവും ആഴത്തിലുള്ള വിശകലനമില്ലാത്തതും ചില പ്രത്യേക മേഖലകളുടെ വാഗ്ദാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. വ്യക്തമായ തന്ത്രങ്ങളില്ലാതെ അതിമോഹ ലക്ഷ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ദുർബലമായ സാമ്പത്തിക ആശയങ്ങളുടെ പേരിൽ പി പി പിയുടെ പ്രകടനപത്രിക വിമർശിക്കപ്പെടുന്നുണ്ട്.

അരക്ഷിതാവസ്ഥ, തീവ്രവാദം, ബലൂച് പരാതികൾ എന്നിവയുടെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിൽ മൂന്ന് പാർട്ടികളും വീഴ്ച വരുത്തിയതായി പൊതുവെ വിമർശനമുണ്ട്. സിവിലിയൻ മേധാവിത്വത്തിനും ഭരണഘടനാ പരിഷ്കാരങ്ങൾക്കും പരിമിതമായ ശ്രദ്ധ മാത്രമേ ഇപ്പോൾ ഇവരെല്ലാം കൊടുക്കുന്നുള്ളൂ. ചെറുകിട ഇടതുപക്ഷ പാർട്ടികൾ സാമ്പത്തിക അസമത്വങ്ങളെക്കുറിച്ച് വിശദമായ വിശകലനങ്ങളും വാഗ്ദാനങ്ങളും നടത്തുന്നുണ്ടെങ്കിലും അവരുടെ സ്വാധീനം പരിമിതമായിരിക്കും.

അരക്ഷിതാവസ്ഥ, തീവ്രവാദം, ബലൂച് പരാതികൾ എന്നിവയുടെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിൽ മൂന്ന് പാർട്ടികളും വീഴ്ച വരുത്തിയതായി പൊതുവെ വിമർശനമുണ്ട്. / Photo: Salah Baloch, Flickr
അരക്ഷിതാവസ്ഥ, തീവ്രവാദം, ബലൂച് പരാതികൾ എന്നിവയുടെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിൽ മൂന്ന് പാർട്ടികളും വീഴ്ച വരുത്തിയതായി പൊതുവെ വിമർശനമുണ്ട്. / Photo: Salah Baloch, Flickr

സൈന്യത്തെയും രാഷ്ട്രീയ- സമ്പന്ന കൂട്ടുകെട്ടിനെയും അമിതമായി ആശ്രയിക്കേണ്ടിവരുന്ന, വേണ്ടത്ര ആശയദാർഢ്യമോ നേതൃത്വശേഷിയോ ഇല്ലാത്ത, ദുർബലവും ദൂഷിതവുമായ ഒരു സർക്കാരാകും തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരിക എന്നാണ് പൊതുവെയുള്ള ആശങ്ക.

12ാമത് പൊതുതെരഞ്ഞെടുപ്പിൽ 128.5 ദശലക്ഷം വോട്ടർമാരാണുള്ളത്. 73.2 ദശലക്ഷം വോട്ടർമാരുള്ള പഞ്ചാബിന് തെരഞ്ഞെടുപ്പുഫലം നിർണയിക്കുന്നതിൽ നിർണായക സ്വാധീനമുണ്ട്. 266 ജനറൽ സീറ്റുകളിലേക്ക് 5,113 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ദേശീയ അസംബ്ലി സീറ്റുകളിലേക്ക് 313 വനിതാ മത്സരാർത്ഥികളുണ്ട്.

നിരവധി ഘടകങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കും. വോട്ടിംഗ് ശതമാനം നിർണായക ഘടകമാണ്. 18- 35 പ്രായക്കാരായ 57 ദശലക്ഷം വോട്ടർമാരാണ് മറ്റൊരു പ്രധാന ഘടകം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ യുവ വോട്ടർമാർക്കിടയിൽ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയപ്പോൾ, സമീപകാല സർവേകളിൽ, വർധിച്ച താൽപ്പര്യം സൂചിപ്പിക്കുന്നുണ്ട്. ഈ സർവേകളിൽ 70% യുവ വോട്ടർമാർ വോട്ടുചെയ്യാനുള്ള സാദ്ധ്യതകൾ പ്രകടിപ്പിച്ചു.
2018 മുതൽ 23.5 ദശലക്ഷത്തിലധികം പുതിയ വോട്ടർമാരെ ചേർത്തത് (വോട്ടർമാരുടെ 18%), പ്രവചനങ്ങളെ സങ്കീർണമാക്കുന്നു. ഈ പുതിയ വോട്ടർമാരിൽ കൂടുതലും ചെറുപ്പക്കാരായതുകൊണ്ട്, അവസാന നിമിഷം അവർ എങ്ങനെ ക്യാൻവാസ് ചെയ്യപ്പെടുന്നു എന്നത് പ്രധാനമാണ്.

രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന കാര്യം, ചില മണ്ഡലങ്ങളിലെ നാമമാത്ര ഭൂരിപക്ഷമാണ്. 2018-ൽ 100-ലധികം നാഷണൽ അസംബ്ലി സീറ്റുകളിലെ ജയം, ചെറിയ വോട്ടുകൾക്കായിരുന്നു. ഇതിൽ 87 സീറ്റുകളിൽ 1000-ത്തിൽ താഴെ വോട്ടും 26 സീറ്റുകളിൽ 2000-ത്തിൽ താഴെ വോട്ടുമാണ് ജയം നിർണയിച്ചത്. പ്രാഥമികമായി പഞ്ചാബിലെ ഈ മണ്ഡലങ്ങൾ മൊത്തം തിരഞ്ഞെടുപ്പ് ഫലങ്ങളെ സാരമായി സ്വാധീനിച്ചേക്കാം.

90,675 പോളിംഗ് സ്‌റ്റേഷനുകളിൽ 50% സങ്കീർണമായതും സംഘർഷസാദ്ധ്യതയുള്ളതുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് സുരക്ഷാ ആശങ്ക ഉയർത്തുന്നു. ഇത് തെരഞ്ഞെടുപ്പിൻ്റെ നിയമസാധുതയും സമഗ്രതയും അപകടത്തിലാക്കിയേക്കാം, പ്രത്യേകിച്ച്, അപകടസാധ്യത കൂടുതലുള്ള ഈ മേഖലകളിൽ.

പാകിസ്ഥാനിലെ പല രാഷ്ട്രീയ നിരീക്ഷകരും തിരഞ്ഞെടുപ്പ് പ്രാതിനിധ്യത്തിൻ്റെ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിജയിക്കുന്ന പാർട്ടികൾ പലപ്പോഴും രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ഒരു ചെറിയ ശതമാനം മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ. ജനാധിപത്യ പ്രക്രിയയിൽ ജനഹിതത്തിൻ്റെ കൂടുതൽ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള മാർഗമായി നിർബന്ധിത വോട്ടിംഗ് കൊണ്ടുവന്ന്, അടിയന്തര പരിഷ്കാരം വേണമെന്ന നിർദേശമുയരുന്നുണ്ട്. കഴിഞ്ഞ 53 വർഷത്തിനിടയിൽ, 11 പൊതു തിരഞ്ഞെടുപ്പുകളിൽ ആറിലും ശരാശരി 45 ശതമാനം പോളിങാണുണ്ടായത്. യോഗ്യരായ പകുതിയിലധികം വോട്ടർമാരും അവരുടെ മുൻഗണനകൾ രേഖപ്പെടുത്തുന്നില്ല എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് വേണ്ടത്ര പ്രാതിനിധ്യമല്ലാത്ത അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്.

1947-ൽ വെസ്റ്റ്മിൻസ്റ്റർ മാതൃകയിൽ നിന്ന് രൂപം കൊണ്ട തെരഞ്ഞെടുപ്പ് സമ്പ്രദായമാണ് ഇന്ത്യയെ പോലെ പാകിസ്താനിലും പിന്തുടരുന്നത്. കുറഞ്ഞ വോട്ടിംഗ് ശതമാനത്തിലൂടെ ജയം ഉറപ്പാക്കുന്ന വിജയികൾ മുഴുവൻ വോട്ടർമാരുടെയും ചെറിയ ന്യൂനപക്ഷത്തെ മാത്രം പ്രതിനിധീകരിക്കുന്നു. 2018- ലെ തെരഞ്ഞെടുപ്പിൽ ഇതിന് നിരവധി ഉദാഹരണങ്ങൾ കാണാം. രജിസ്റ്റർ ചെയ്ത മൊത്തം വോട്ടുകളുടെ ഗണ്യമായ ചെറിയ പ​ങ്കേ പാർട്ടികൾക്ക് ലഭിച്ചിരുന്നുള്ളൂ. എന്നിട്ടും, മുഴുവൻ ജനങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്ന് അവർ അവകാശപ്പെടുന്നു.

പാക്കിസ്ഥാനിൽ നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് അനിശ്ചിതത്വങ്ങളുടെ ഇടയിലാണ്. പ്രത്യേകിച്ച് ഇമ്രാൻ ഖാൻ്റെ പാർട്ടിക്കെതിരായ നടപടികൾ പോളിങ് ശതമാനം കുറക്കുമോ, അതോ പി.ടി.ഐയുടെ ‘സ്വതന്ത്ര’ സ്ഥാനാർത്ഥികൾക്ക് അനുകൂലമായി നിശ്ശബ്ദ പ്രതിഷേധ വോട്ടിംഗുണ്ടാകുമോ? കാത്തിരുന്ന് കാണേണ്ടിവരും.

30 ശതമാനത്തോളം പണപ്പെരുപ്പവും മൂല്യത്തകർച്ചയും, ഐ എം എഫുമായുണ്ടാക്കിയ 3 ബില്യൺ ഡോളർ കരാറിന്റെ ഭാവി തുടങ്ങിയ നിരവധി സങ്കീർണ പ്രശ്നങ്ങളാണ് പുതിയ സർക്കാറിനെ തുറിച്ചുനോക്കുന്നത്.

രാഷ്ട്രീയമായും വംശീയമായും ധ്രുവീകരിക്കപ്പെട്ട സമൂഹത്തിൽ സൈന്യത്തിൻ്റെ പങ്കിനെക്കുറിച്ചുള്ള ഒരു ജനഹിതം എന്ന നിലയിലാണ് പാകിസ്ഥാനിലെ തിരഞ്ഞെടുപ്പുകൾ പൊതുവെ പലരും കാണുന്നത്. അതുകൊണ്ടുതന്നെ ഓരോ തെരഞ്ഞെടുപ്പുഫലവും രാജ്യത്തിൻ്റെ രാഷ്ട്രീയ കാലാവസ്ഥയിലും സൈനികവൃന്ദവുമായുള്ള ബന്ധങ്ങളിലും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.

ജനാധിപത്യത്തിൻ്റെ പരീക്ഷണം പൗരസമൂഹത്തിൻ്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും ഇടപെടലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പാക്കിസ്ഥാൻ്റെ കാര്യത്തിലാണെങ്കിൽ, പൗരസമൂഹത്തിനുമേൽ, പ്രവചനാതീതമായ ശക്തികൾക്ക് പിടിയുണ്ട്. ഭരണഘടനാ കാവൽക്കാർ എന്ന നിലയിൽ ജുഡീഷ്യറിയുടെ പങ്ക് അനിശ്ചിതത്വത്തിലാണ്. ജനസമ്മതി നഷ്ടപ്പെട്ടുതുടങ്ങിയ രാഷ്ട്രീയപാർട്ടികൾ കാണാമറയത്ത് സൈനിക നേതൃത്വവുമായി വിലപേശുകയാണ്, അവരുമായി സമരസപ്പെടുകയാണ് തുടങ്ങിയ ആക്ഷേപങ്ങൾ ഇന്നും ഇന്നലെയുമല്ല കേൾക്കാൻ തുടങ്ങിയത്.

എന്തായാലും ദക്ഷിണേഷ്യയിൽ പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നടക്കുന്ന / നടന്ന പൊതുതിരഞ്ഞെടുപ്പുകൾ മേഖലയുടെ രാഷ്ട്രീയഭാവി നിർണയിക്കുന്നതിൽ നിർണായമാണ്. സമാധാനവും സ്ഥിരതയും വേണോ, അതോ അനിശ്ചിതത്വവും അശാന്തിയും വേണോ എന്ന് തീരുമാനിക്കുന്നത് ആത്യന്തികമായി ജനങ്ങളാണ്. തിരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിനുമേൽ നിഴൽ വീഴാതെ നോക്കേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളുമാണ്.


Summary: "സൈന്യത്തെയും രാഷ്ട്രീയ- സമ്പന്ന കൂട്ടുകെട്ടിനെയും അമിതമായി ആശ്രയിക്കേണ്ടിവരുന്നദുർബലവും ദൂഷിതവുമായ ഒരു സർക്കാരാകും നാളെ പാക്കിസ്ഥാനിൽ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരിക"


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments