സയ്യിദ് മസാഹിർ അലി

അഞ്ചു വർഷത്തിനിടെ വിദേശത്ത് കൊല്ലപ്പെട്ടത്
403 ഇന്ത്യൻ വിദ്യാർഥികൾ

യു.എസിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ ഈ വർഷം മരിക്കുന്ന അഞ്ചാമത്തെയാളാണ് സമീർ കാമത്ത്‌. നീൽ ആചാര്യ, അകുൽ ധവാൻ, വിവേക് സായ്‌നി എന്നിവരാണ് ഈ വർഷം ഇതുവരെ യു എസിൽ മരിച്ച മറ്റ് ഇന്ത്യൻ വിദ്യാർത്ഥികൾ. ആത്മഹത്യയും കൊലപാതകവുമാണിവയെല്ലാം. മരണകാരണം ഇപ്പോഴും ദുരൂഹമാണ്. യൂറോപ്പും അമേരിക്കയും കാനഡയുമെല്ലാം ഇപ്പോഴും ഉള്ളിൽപേറുന്ന വംശവെറി ഇന്ത്യാക്കാരുടെ മരണങ്ങളിലേക്ക് നയിക്കുന്നുണ്ടോ?

മേരിക്കയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ചത് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളാണ്. രണ്ടും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള മരണങ്ങൾ. ഇരുവരും വ്യത്യസ്ത സർവകലാശാലകളിലെ വിദ്യാർത്ഥികൾ. ഒരാളുടേത് ആത്മഹത്യയെങ്കിൽ മറ്റേയാൾ കൊല ചെയ്യപ്പെടുകയായിരുന്നു.
ഇന്ത്യാനയിലെ പർജു സർവകലാശാലയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പിഎച്ച് ഡി വിദ്യാർത്ഥി സമീർ കാമത്തിന്റ മരണമാണ് ഒടുവിലത്തേത്. സമീറിന്റെ മൃതദേഹം വാറൻ കൗണ്ടിയിൽ ഷിക്കാഗോയിലെ വീടിനടുത്ത് കണ്ടെത്തുകയായിരുന്നെന്നാണ് പർജു എക്‌സപോണെന്റ് എന്ന സ്വതന്ത്ര വിദ്യാർത്ഥി പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഓട്ടോപ്‌സി റിപ്പോർട്ടിലും മരണകാരണം അവ്യക്തമാണ്.

യു.എസിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ ഈ വർഷം മാത്രം മരിക്കുന്ന അഞ്ചാമത്തെ ആളെങ്കിലുമാണ് സമീർ. പുതുവർഷത്തിലെ രണ്ടാമത്തെ മാസത്തിലേക്ക് കടന്നിട്ടേ ഉള്ളൂ എന്നും ഒർക്കണം. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നോൺ ന്യൂട്ടോണിയൻ ഫ്‌ലൂയിഡ് മെക്കാനിക്‌സിൽ അണ്ടർ ഗ്രാജുവേറ്റ് റിസർച്ച് അസിസ്റ്റന്റായിരുന്ന സമീർ അതേ കോളേജിൽ നിന്ന് തന്നെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയാണ് പർജു സർവകലാശാലയിൽ പിഎച്ച് ഡിക്ക് ചേരുന്നത്.

യു.എസിൽ കൊല്ലപ്പെട്ട മെക്കാനിക്കൽ എഞ്ചിനീയറിംഗ് പിഎച്ച്.ഡി വിദ്യാർത്ഥി സമീർ കാമത്ത്

നീൽ ആചാര്യ, അകുൽ ധവാൻ, വിവേക് സായ്‌നി എന്നിവരാണ് ഈ വർഷം യു.എസിൽ മരിച്ച മറ്റ് ഇന്ത്യൻ വിദ്യാർത്ഥികൾ. പലരുടെയും മരണകാരണം അവ്യക്തമാണ്.
നീൽ ആചാര്യയെ പർജു സർവകലാശാല കാമ്പസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നീൽ ആചാര്യയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം കാമ്പസിൽ കണ്ടെത്തിയത്. പർജു സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു നീൽ. മരണകാരണം ദുരൂഹമായി തുടരുകയാണ്.
25 കാരനായ വിവേക് സെയ്‌നി ഈയിടെയാണ് യു.എസിൽ എം.ബി.എ പൂർത്തിയാക്കിയത്. പാർട് ടൈം ജോലി ചെയ്യുകയായിരുന്നു ഈ ഹരിയാനക്കാരൻ. ലിത്തോണിയയിൽ വച്ചാണ് അദ്ദേഹം അതിക്രൂരമായി കൊല്ലപ്പെട്ടത്. ജൂലിയൻ ഫോക്ക്‌നർ എന്നു പേരായ ഒരാളാണ് പ്രതി. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് പറയുന്നത്.

ഇന്ത്യൻ വിദ്യാർത്ഥികളുടേയോ കുടിയേറ്റക്കാരായി എത്തുന്ന മറ്റ് ഇന്ത്യക്കാരുടെയോ ഈ ‘കൂട്ട മരണ’ങ്ങൾക്കു പിന്നലെന്തെന്ന് കണ്ടെത്താൻ ബന്ധപ്പെട്ടവർക്കോ അന്വേഷണ സംഘങ്ങൾക്കോ ഇനിയും കഴിഞ്ഞിട്ടില്ല. യൂറോപ്പും അമേരിക്കയും കാനഡയുമെല്ലാം ഇപ്പോഴും ഉള്ളിൽ പേറുന്ന വംശവെറി ഇന്ത്യാക്കാരുടെ മരണങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകൾ. മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ കാനഡയിൽ വംശീയ വിവേചനം നേരിടാറുണ്ട്. അതുകൊണ്ടു തന്നെ വീട് അന്വേഷിച്ച് പോകുന്ന പല വിദ്യാർത്ഥികൾക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ടെന്ന് യോർക്ക് സർവകലാശാലയിലെ പ്രൊഫസറായ ടാനിയ ദാസ് ഗുപ്ത പറയുന്നു.

താൻ വംശീയത നേരിട്ടുട്ടുണ്ടെന്നും അത് വളരെ വേദനിപ്പിക്കുന്നതാണെന്നും അടുത്തിടെ പറഞ്ഞത് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകാണ്. ഹാരി രാജകുമാരനെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് പുറത്താക്കിയതിനുപോലും വംശീയത ഒരു കാരണമാണെന്ന് ഓർക്കണം. റിഷി സുനാക് തങ്ങളുടെ പ്രധാനമന്ത്രിയല്ലെന്ന് ഒരു ബ്രിട്ടീഷ് വയോധിക പറയുന്ന വീഡിയോ കുറച്ചുനാൾ മുൻപ് ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. ‘ഒരു ഇന്ത്യക്കാരന് എങ്ങനെ ഞങ്ങളെ ഭരിക്കാൻ കഴിയും’ എന്നാണ് വീഡിയോയിൽ അവർ ചോദിക്കുന്നത്.

സ്വദേശി ജനസംഖ്യയോളമോ അതിലേറെയോ വിദേശി കുടിയേറ്റ ജനസംഖ്യയുള്ള പല ഗൾഫ് രാജ്യങ്ങളിലും, സ്വദേശികൾക്കിടയിൽ പലതരം അതൃപ്തികളുണ്ടെങ്കിലും അവയൊരിക്കലും സംഘടിതമായ എതിർപ്പിന്റെ രൂപമാർജിച്ചിട്ടില്ല. എന്നാൽ, വംശീയമായ ആക്രമണത്തിന്റെ സ്വഭാവമാർജിക്കുകയാണ് യൂറോപ്പിലെയും യു.എസിലെയും പല സംഭവങ്ങളും. തുടർച്ചയായുള്ള സംഭവങ്ങളിൽ മറ്റ് ഇന്ത്യൻ വിദ്യാർത്ഥികളും ഭീതിയിലായിരിക്കുകയാണ്. ഒറ്റക്ക് പുറത്തിറങ്ങാൻ പോലും ഭയമാണെന്നാണ് അവരിൽ പലരും പറയുന്നത്. പർജു സർവകലാശാലയിലെ ഒരു വിദ്യാർത്ഥി പറഞ്ഞത് സർവകലാശാലയിലെ, ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ അവിശ്വാസവും ഭയവുമാണ് എന്നാണ്. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന ആലോചനയിലുമാണവർ.

പർജു സർവകലാശാല കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ നീൽ ആചാര്യ

2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ മരിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ലോകസഭയെ അറിയിച്ചത്. ഇതിൽഏറ്റവും കൂടുതൽ മരണം കാനഡയിലാണ്; 91 ഇന്ത്യൻ വിദ്യാർത്ഥികളാണ് 2018 മുതൽ കാനഡയിൽ കൊല്ലപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ളത് യു.കെ, 48 മരണം. 36 പേർ യു എസിലും 40 പേർ റഷ്യയിലും 35 പേർ ഓസ്‌ട്രേലിയിലും 21 പേർ ഉക്രെയിനിലും 20 പേർ ജർമനിയിലും മരിച്ചു. സൈപ്രസിൽ 14, ഫിലിപ്പീൻസിലും ഇറ്റലിയിലും 10-വീതം, ഖത്തറിലും കിർഗിസ്ഥാനിലും ഒമ്പതു പേർ വീതമാണ് മരിച്ചത്.

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഥമ പരിഗണന എന്നാണ് സംഭവത്തിൽ പ്രതികരിക്കവേ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർപറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് പർജു സർവകലാശാലയിൽ സമീർ കാമത്തിന്റെ മരണ വാർത്ത പുറത്തെത്തുന്നത്.

ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി ഉറപ്പുനൽകുന്നുണ്ട്. 'ലോകത്ത് മറ്റേതൊരു രാജ്യത്തുനിന്നുള്ളതിനേക്കാളും വിദ്യാർഥികൾ ഇന്ത്യയിൽനിന്ന് അമേരിക്കയിൽ പഠിക്കാനെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ വിഷയം ഇന്ത്യൻ സർക്കാറുമായി ചർച്ച ചെയ്ത് നടപടിയെടുക്കും'', അദ്ദേഹം പറയുന്നു.
ഇത്തരം ഉറപ്പുകൾക്കിടയിലും, വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മതിയായ സുരക്ഷ ഉണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഈ മരണങ്ങളെല്ലാം. അനിഷ്ട സംഭവങ്ങളെ നിയന്ത്രിക്കുന്നതിൽ പോലും അമേരിക്ക പോലുള്ള രാജ്യങ്ങൾ പരാജയപ്പെട്ടെന്നു വേണം കരുതാൻ.

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

അമേരിക്കയിലെ ഇന്ത്യൻ കമ്യൂണിറ്റിക്കായി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ ടീം എയ്ഡിന്റെ തലവൻ മോഹൻ നന്നപ്പനേനി യു എസിലെ ഇന്ത്യൻ വിദ്യാർത്ഥികൾ തുടർച്ചയായി മരിക്കുന്നതുസംബന്ധിച്ച ചർച്ചയിൽ പറഞ്ഞത്, തങ്ങളുടെ സംഘടന ഇത്തരം ഒരു സംഭവമെങ്കിലും ദിനംപ്രതി കൈകാര്യം ചെയ്യുന്നുണ്ടെന്നാണ്. ഇതിൽകൂടുതലും അടുത്തിടെ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടയേറിയ യുവാക്കളായ വിദ്യാർത്ഥികളുടെയോ എച്ച് വൺ ബി വിസക്കാരുടെയോ ആണെന്നും അദ്ദേഹം പറയുന്നു. (പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻഅമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന നോൺ ഇമിഗ്രന്റ് വിസയാണ് എച്ച് വൺ ബി) ഇപ്പോൾ പുറത്തുവരുന്ന കേസുകൾ ഇത്തരം ദൈനംദിന സംഭവങ്ങളുടെ ചെറിയൊരംശം മാത്രമാണെന്നാണ് 2001 മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന മോഹൻ നന്നപ്പനേനി പറയുന്നത്.

Comments