അധികാരത്തിൽ തിരിച്ചെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റനയങ്ങളും കുടിയേറ്റവിരുദ്ധ നടപടികളും ലോകത്താകമാനം ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കുടിയേറ്റവിരുദ്ധ നടപടികളാണ് ട്രംപ് ഭരണകൂടം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്നും യു.എസിന്റെ തെക്കൻ അധിർത്തി അടച്ചു പൂട്ടുമെന്നും പ്രഖ്യാപിച്ചായിരുന്നു ട്രംപ് അധികാരത്തിലെത്തിയത്. ശേഷം അമേരിക്കൻ ഭരണകൂടം കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികളിലേക്ക് അതിവേഗം നീങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാർക്ക് പുറമെ 487 ഇന്ത്യക്കാരെ കൂടി നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായും വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി അഞ്ചിന് യു.എസ് സൈന്യത്തിന്റെ സി-17 വിമാനത്തിൽ അമൃതസറിലെത്തിയ ഇന്ത്യക്കാരോട് അമേരിക്ക കാണിച്ച മനുഷ്യത്വ വിരുദ്ധമായ നടപടിയിൽ ആശങ്ക അറിയിച്ചതായും മിശ്ര പറഞ്ഞിട്ടുണ്ട്. പാർലമെന്റിലടക്കം യു.എസിന്റെ ഈ നടപടി പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നെങ്കിലും യു.എസിനെ ന്യായീകരിക്കുന്ന സമീപനമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറടക്കമുള്ള ബി.ജെ.പി നേതൃത്വം സ്വീകരിച്ചത്. 2009 നു ശേഷം ഇന്ത്യക്കാരായ 15,668 അനധികൃത കുടിയേറ്റക്കാരെ യു.എസ് നാടുകടത്തിയതായും കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞിരുന്നു. എസ്. ജയശങ്കർ പാർലമെന്റിൽ പങ്കുവെച്ച കണക്കുകൾ പ്രകാരം 2019 ലാണ് യു.എസ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത്. 2019 ൽ മാത്രം 2042 ഇന്ത്യക്കാരെയാണ് യു.എസ് നാടുകടത്തിയത്. യു.എസിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന ഏജൻസികൾക്ക് വൻതുകകൾ നൽകിയാണ് ഇവിരലേറെ പേരും യു.എസിൽ എത്തിയത്.

8000 ത്തിലധികം ആളുകളാണ് ട്രംപ് അധികാരത്തിലെത്തിയ ശേഷം രേഖകളില്ലാതെ പിടിയിലായത്. ഇതിൽ 461 പേരെ വിട്ടയച്ചതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിയാവിത് അറിയിച്ചു. അറസ്റ്റിലായവരെ ലോസ് ഐയിഞ്ചലിസിലെയും മിയാമിയിലെയും അറ്റ്‌ലാന്റയിലെയും ഫെഡറൽ ജയിലുകളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ട്രംപിന്റെ ആദ്യ ടേമിലും ഇതേപോലെ 1600 ഓളം അനധികൃത കുടിയേറ്റക്കാരെ ഫെഡറൽ ജയിലുകളിലേക്ക് മാറ്റിയിരുന്നു. ഭക്ഷണമോ മതിയായ വൈദ്യസഹായങ്ങളോ നൽകാതെ തികച്ചും മനുഷ്യത്വവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ജയിലുകൾക്കെതിരെ 2018 ൽ തടവിലാക്കപ്പെട്ട ആറ് കുടിയേറ്റക്കാർ കേസ് നടത്തിയിരുന്നു.
കുടിയേറ്റക്കാരെ കുറ്റവാളികളെന്ന് വിശേഷിപ്പിച്ചാണ് ഇത്തവണയും ട്രംപ് അധികാരത്തിലെത്തിയത്. പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം ട്രംപ് ഒപ്പുവെച്ച ആദ്യത്തെ ഉത്തരവ് കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ്. അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്തത്. മെക്‌സിക്കൻ അതിർത്തിയിൽ കുടിയേറ്റം നിയന്ത്രിക്കുന്നതിന് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. കയ്യടികളോടെയാണ് ട്രംപിന്റെ പ്രഖ്യാപനം സെനറ്റേഴ്‌സ് ഏറ്റെടുത്തത്. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത് തന്റെ കാലത്തായിരിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു കഴിഞ്ഞു.
യു.എസ് സൈന്യത്തിന്റെ സി-17 വിമാനത്തിൽ കയറ്റി ഓരോ രാജ്യത്തുനിന്നുമുള്ള കുടിയേറ്റക്കാരെ അതാത് രാജ്യത്ത് തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ് ട്രംപ്. ഇന്ത്യ, ഗ്വാട്ടിമാല, പെറു, ഹൊണ്ടുറാസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയും ഈ രൂപത്തിൽ തിരിച്ച് എത്തിച്ചു. ചാർട്ടേഡ് വിമാനത്തിൽ കയറ്റി ഇതിന് മുമ്പും അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയിട്ടുണ്ട്. എന്നാൽ അതിനേക്കാൾ ചെലവേറിയതാണ് സൈനികവിമാനത്തിലുള്ള ട്രംപിന്റെ നാടുകടത്തലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

“സ്വന്തം രാജ്യത്തെ പൗരൻമാരെ മോശമായ രീതിയിൽ നാടുകടത്തിയ യു.എസിനെതിരെ പ്രതികരിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റിൽ വലിയ ബഹളമാണ് നടന്നത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. ആദ്യ പത്തിൽ പോലും വരാത്ത കൊളംബിയ അടക്കം സ്വന്തം വിമാനം അയച്ച് ആ രാജ്യത്തെ പൗരൻമാരെ അന്തസ്സോടെ തിരികെ കൊണ്ടുവരാനുള്ള നടപടിയെടുത്തു. വിമാനം അയക്കുന്നതിൽ നമ്മുടെ സർക്കാരിനു മുന്നിലുള്ള തടസ്സമെന്തായിരുന്നു.” - തൃണമൂൽ കോൺഗ്രസ് എം.പി സംഗീത് ഗോഖലെ പാർലമെന്റിൽ ചോദിച്ചു.
ഒട്ടും മനുഷ്വത്വപരമല്ലാതെ കുടിയേറ്റക്കാരെ കുറ്റവാളികളെന്ന് വിശേഷിപ്പിച്ചതിന് സമാനമായി കൈയിലും കാലിലും ചങ്ങലയിട്ടാണ് ഇന്ത്യയിലേക്കടക്കമുള്ള കുടിയേറ്റക്കാരെ തിരിച്ചയച്ചിരിക്കുന്നത്. കൊളമ്പിയ സ്വന്തം പൗരൻമാരെ കൊണ്ടുവരാൻ സ്വന്തം വിമാനമയച്ചപ്പോൾ ഇന്ത്യയിലേക്കുള്ള 104 മ മനുഷ്യരെ യു.എസ് സൈനിക വിമാനത്തിൽ കുറ്റവാളികളെയോ ഭീകരൻമാരെയോ പോലെ കൈയും കാലും ചങ്ങലയിട്ട് അമൃത്സറില്‍ ഇറക്കുന്നത് നോക്കിനിൽക്കുക മാത്രമാണ് ഇന്ത്യൻ ഭരണകൂടം ചെയ്തത്. അതിനെല്ലാം പുറമെ പാർലമെന്റിൽ ഈ നടപടിയെ ന്യായീകരിക്കുന്ന വിദേശകാര്യമന്ത്രിയേയും രാജ്യം കണ്ടു. അമേരിക്ക ഇങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്, അത് അവരുടെ നയമല്ലേ എന്നാണ് സ്വന്തം രാജ്യത്തെ പൗരൻമാരെ കുറ്റവാളികളെപോലെ സൈനികവിമാനത്തിൽ നാട് കടത്തിയിട്ടും കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞത്.

എന്നാൽ ഇതേ വിഷയത്തിൽ മെക്‌സിക്കോയിലേക്കും കൊളംബിയ യിലേക്കും അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങാൻ ആ രാജ്യങ്ങൾ സമ്മതിച്ചിരുന്നില്ല. ഇരിക്കാൻ പോലും സീറ്റ് ഇല്ലാതെ നാൽപത് മണിക്കൂറോളം കൈവിലങ്ങിട്ട് ബാത്‌റൂമിൽ പോകാനോ വെള്ളം കുടിക്കാനോ കഴിയാതെയാണ് തങ്ങളെ അമേരിക്ക തിരിച്ചയച്ചതെന്ന് അമേരിക്കയിൽ നിന്നും തിരിച്ചയക്കപ്പെട്ട മനുഷ്യർ പറയുന്നുണ്ട്. ഇന്ത്യൻ പൗരൻമാരെ ഇങ്ങനെ ഇന്ത്യയിലേക്ക് എത്തിച്ചിട്ടും അതിനെ ന്യായീകരിക്കാൻ മാത്രമാണ് എസ്.ജയശങ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തയ്യാറായത്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 12,13 തീയതികളിൽ യു.എസ് സന്ദർശിക്കുന്നുണ്ട്. തന്റെ രാജ്യത്തെ പൗരൻമാരെ കൊടുംകുറ്റവാളികളെ പോലെ തിരിച്ചയച്ച നടപടിയിൽ എന്തെങ്കിലും പ്രതിഷേധം അറിയിക്കുമോ അതോ എന്നത്തേയും പോലെ ഫോട്ടോയെടുത്ത് തിരികെ വരുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്.