കുവൈത്തിൽ വൻ തീപിടുത്തം;
49 മരണം, മരിച്ച 21 ഇന്ത്യക്കാരിൽ 11 മലയാളികളും

മരിച്ച മലയാളികളില്‍ കൊല്ലം ഓയൂര്‍ സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33) ആണ് ഒരാളെന്ന് തിരിച്ചറിഞ്ഞു.

Think

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ 49 മരണം. മരിച്ച 21 ഇന്ത്യക്കാരിൽ 11 പേരും മലയാളികളാണ്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു, മൂന്ന് പേരെ കാണാതായി. മരിച്ച മലയാളികളില്‍ കൊല്ലം ഓയൂര്‍ സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33) ആണ് ഒരാളെന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹം സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു.

കുവൈത്ത് സിറ്റിയില്‍ മംഗെഫില്‍ ബ്ലോക്ക് നാലില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി ക്യാമ്പിലാണ് ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ തീപിടുത്തമുണ്ടായത്. എന്‍.ബി.ടി.സി കമ്പനിയിലെ വിവിധ രാജ്യക്കാരെ താമസിപ്പിച്ചിരുന്ന ക്യാമ്പാണിത്. അടുക്കള ഭാഗത്തുനിന്ന് തീ ആളിപ്പടര്‍ന്നതിനെതുടര്‍ന്ന് കെട്ടിടത്തില്‍നിന്ന് ചാടിയവര്‍ക്കാണ് ഗുരുതര പരിക്ക്.

കുവൈത്തിലെ വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പാണ് എന്‍.ബി.ടി.സി. കെ.ജി. അബ്രഹാമാണ് കമ്പനി മാനേജിങ് ഡയറക്ടറും പാര്‍ട്ണറും. കെട്ടിടത്തില്‍ നിരവധി തൊഴിലാളികളെയാണ് താമസിപ്പിച്ചിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരായിരുന്നു.

കുവൈത്തിന്റെ തെക്കന്‍ മേഖലയിലെ അഹമ്മദി ഗവര്‍ണറേറ്റിലുള്ള ആറു നില കെട്ടിടത്തിലെ കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരെയാണ് താമസിപ്പിച്ചിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്നാണ് കണ്ടെത്തിയിട്ടുണ്ട്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തീ ആളിപ്പടര്‍ന്നതോടെ കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയ പലരും രക്ഷപ്പെടാനായി രക്ഷപ്പെടാനായി കെട്ടിടത്തിലെ ജനല്‍ വഴി താഴേക്ക് ചാടുകയായിരുന്നു. ഇവരില്‍ പലരും മരിക്കുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അഗ്‌നിശമനസേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

കാസർകോട്, കണ്ണൂർ, കൊല്ലം സ്വദേശികളാണ് പരിക്കേറ്റവരിലേറെയും എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്നുള്ള ഷെബീർ, രജിത്ത്, അലക്സ്, ജോയൽ, അനന്ദു, ഗോപു, ഫൈസൽ തുടങ്ങിയവരാണ് ആശുപത്രിയിലുള്ള മലയാളികൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പരുക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ഫര്‍വാനിയ, അമീരി, മുബാറക്ക്, ജാബിര്‍ എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കമ്പനി ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിന് കാരണമെന്നും ഉടമയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ് നല്‍കിയെന്നും കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിടത്തില്‍നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് തെളിവ് ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ അനുശോചിച്ചു.

Comments