വേണം, ഇസ്രായേലിനെതിരെ
ഒരു കുറ്റവിചാരണ

ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കിയ നാസി ഭരണകൂടത്തിന്റെ നേതൃത്വത്തെ കുറ്റവിചാരണ ചെയ്ത് ശിക്ഷിച്ചപ്പോൾ അതിനെ ചരിത്രത്തിലെ നീതിനടത്തിപ്പായി കണ്ട ഇസ്രായേൽ, അതേതരത്തിലുള്ള കുറ്റങ്ങളുടെ പേരിൽ സമാനമായ കുറ്റവിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാകുന്നത് ചരിത്രത്തിലെ ഒരേയൊരു പഴുതുകൊണ്ടാണ്; ബലവാന്റെ നീതി, വിജയിയുടെ നിയമം.

ലോകത്തെ മുഴുവൻ തങ്ങളുടെ അധിനിവേശ ആക്രമണത്തിന്റെ മുനയിൽ നിർത്തി, ഇസ്രായേൽ പലസ്തീൻ ജനതക്കുമേൽ നടത്തുന്ന വംശീയ-സൈനികാധിനിവേശം ഏതാണ്ട് മുക്കാൽ നൂറ്റാണ്ട് നീണ്ടതാണ്. അറബ്- പലസ്തീൻ ജനതയെ അവരുടെ ആവാസപ്രദേശങ്ങളിൽ നിന്നും സാമൂഹ്യ, സാംസ്കാരിക ജൈവവ്യവസ്ഥയിൽ നിന്നും ഏതാണ്ട് മുഴുവനായും തുരത്തിയോടിക്കുകയും അവശേഷിക്കുന്നവരെ വംശഹത്യയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന ഇസ്രായേൽ യു. എസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയോടെ നടത്തുന്ന ആക്രമണം, ഇപ്പോൾ ഗാസയിലെ സമാനതകളില്ലാത്ത സൈനികാക്രമണത്തോടെ ലോകത്തിന്റെ അന്താരാഷ്ട്ര നിയമ, നീതി സംവിധാനത്തിന്റെ സാംഗത്യത്തെത്തന്നെ ചോദ്യം ചെയ്യുകയാണ്. അന്താരാഷ്ട്ര നിയമങ്ങളിൽ അന്താരാഷ്ര തലത്തിലുള്ള യുദ്ധങ്ങളും അതല്ലാത്ത സായുധ ഏറ്റുമുട്ടലുകളും സംബന്ധിച്ച എല്ലാവിധ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇസ്രയേലിന്റെ ഗാസ ആക്രമണം.

വാസ്തവത്തിൽ മനുഷ്യരാശിക്കുനേരെയുള്ള കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന നടപടികളാണ് ഇസ്രായേൽ പലസ്തീൻ ജനതക്കുനേരെ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിന് ഇസ്രായേൽ എന്ന രാജ്യത്തിന്റെ സൃഷ്ടികാലത്തോളം പഴക്കമുണ്ട്. കൊളോണിയൽ ലോകക്രമത്തിന്റെ സൃഷ്ടിയായ ഇസ്രായേൽ എന്ന രാജ്യം തന്നെ പലസ്തീനികളുടെ ജന്മദേശത്തിനു മുകളിൽ നടത്തിയ അനീതി മാത്രം നിറഞ്ഞ അധിനിവേശമാണെന്നതിൽത്തന്നെ തുടങ്ങുന്നു അത്. അതിനു ശേഷം ഇങ്ങോട്ട് ഇക്കാലംവരെയും ഇസ്രായേൽ പലസ്തീൻ ജനതക്കുമേൽ നടത്തുന്ന എല്ലാത്തരം ആക്രമണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നതാണ് വാസ്തവം. എന്നാൽ, യു.എസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പശ്ചിമേഷ്യയിലെ കയ്യാളായ ഇസ്രയേലിനെ എന്തെങ്കിലും തരത്തിൽ ഇതിന്റെ പേരിൽ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ചോദ്യം ചെയ്യാൻ അവർക്ക് മേൽക്കൈയുള്ള ലോകക്രമം തയ്യാറാകുന്നില്ല.

ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരെ ട്രാക്കിൽ ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുവന്ന് സംസ്കരിക്കുന്നു

ഇസ്രായേൽ സ്വയം നിർവചിക്കുന്നത് ‘ജൂത ജനതയുടെ ദേശരാഷ്ട്രം’ എന്നാണ്. അതുകൊണ്ടുതന്നെ ആ രാജ്യത്തെ 19% വരുന്ന അറബ് പലസ്തീനികളെ ആ രാജ്യത്തെ രണ്ടാംതരം പൗരന്മാരാക്കി മാറ്റിയിരിക്കുന്നു. ഇസ്രായേൽ കയ്യടക്കിവെച്ച അധിനിവേശ പലസ്തീൻ മേഖലകളിലെല്ലാം ഇതിലും ഭീകരമാണ് അറബ് പലസ്തീനികളോടുള്ള ഇസ്രായേലിന്റെ വംശീയ വിവചനം. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലെ പലസ്തീൻ ജനതയെ നേരിട്ടുള്ള സൈനികാക്രമണങ്ങളിലൂടെയും ജൂത കയ്യേറ്റ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ചും കടുത്ത അതിർത്തി നിയന്ത്രണങ്ങളിലൂടെയും വംശീയ വിവേചനത്തിന്റെ അതിരൂക്ഷമായ ഹിംസാത്മക രൂപത്തിലാണ് ഇസ്രായേൽ നേരിടുന്നത്. വെസ്റ്റ് ബാങ്കിലെ പലസ്തീൻ ജനതയെ ഒരു തടങ്കൽപ്പാളയത്തിലടയ്ക്കുന്ന തരത്തിൽ ഇസ്രായേൽ കെട്ടിപ്പൊക്കിയ 750 കിലോമീറ്റർ വരുന്ന വംശവെറിയുടെ മതിൽ ഇതിന്റെ ഏറ്റവും ഭീകരസാക്ഷ്യമാണ്. Apartheid Convention (1976), Rome Statute (2002) എന്നിവയനുസരിച്ച് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും വംശഹത്യയിലും ഉൾപ്പെടുത്താവുന്ന ഇസ്രായേലിന്റെ നടപടികളെല്ലാം യു.എസ്- യൂറോപ്യൻ- ഇസ്രായേൽ കൂട്ടുകെട്ടിന് ലോകക്രമത്തിലുള്ള രാഷ്ട്രീയ- സാമ്പത്തിക- സൈനിക സ്വാധീനം കൊണ്ട് തമസ്ക്കരിക്കപ്പെടുകയാണ്.

ഇന്ത്യയെപ്പോലെ ചരിത്രപരമായിത്തന്നെ പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനൊപ്പവും പലസ്തീൻ രാഷ്ട്രമെന്ന അവകാശത്തിനൊപ്പവും നിന്ന രാജ്യം പോലും അതിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയമാറ്റത്തിൽ ഇസ്രായേലിന്റെ അധിനിവേശപദ്ധതിയുടെ കാഴ്ച്ചക്കാരായി നിശ്ശബ്ദത പാലിക്കുകയും പലസ്തീൻ ജനതയെ ഭൂമിയിലെ നരകത്തിലേക്ക് വിധിക്കുകയും ചെയ്യുകയാണ്. ഒക്ടോബർ 7-ന്റെ ഹമാസ് ആക്രമണത്തിനുശേഷം ഇപ്പോൾ ഇസ്രായേൽ നടത്തുന്ന ഗാസാ ആക്രമണം സായുധ സംഘർങ്ങളെ സംബന്ധിച്ചും യുദ്ധങ്ങളെക്കുറിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുമ്പോഴും സമാനമായ നിശ്ശബ്ദതയും പിന്തുണയുമാണ് ഇസ്രായേലിനെ അതിന് കൂടുതൽ പ്രാപ്തമാക്കുന്നത്.

വെസ്റ്റ് ബാങ്കിൽ പലസ്തീൻ ജനതയെ തടങ്കൽപ്പാളയത്തിലടയ്ക്കുന്ന തരത്തിൽ ഇസ്രായേൽ കെട്ടിപ്പൊക്കിയ 750 കിലോമീറ്റർ വരുന്ന വംശവെറിയുടെ മതിൽ.

അന്താരാഷ്ട്ര തലത്തിൽ യുദ്ധങ്ങളിലും സായുധ സംഘർഷങ്ങളിലും ബാധകമാകുന്ന അന്താരാഷ്ട്ര നിയമങ്ങൾ പ്രധാനമായും മനുഷ്യത്വപരമായ അന്താരാഷ്ട്ര നിയമങ്ങൾ -International Humanitarian Laws (IHL) എന്ന ഗണത്തിലാണ് അറിയപ്പെടുന്നത്. ഇത് പ്രധാനമായും 1949-ലെ ജനീവ കൺവെൻഷനും (1949 ഓഗസ്റ്റ് 12) 1977-ൽ അതിനനുബന്ധമായി കൂട്ടിച്ചേർത്ത അഡീഷണൽ പ്രോട്ടോക്കോളുകളും (Additional Protocol) ചേർന്നതാണ്. ആണവായുധങ്ങൾ, ജൈവായുധങ്ങൾ, രാസായുധങ്ങൾ എന്നിവയുടെ ഉപയോഗം തടയുന്നതടക്കമുള്ള പല ഉടമ്പടികളും ഇതിന്റെ ഭാഗമായി കണക്കാക്കുന്നുണ്ട്. 19ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ നടന്നുവന്ന നിരന്തര ചർച്ചകളിലൂടെ വികസിച്ചതാണ് യുദ്ധ നിയമങ്ങൾ സംബന്ധിച്ച ജനീവ കൺവെൻഷനുകൾ. യുദ്ധനിയമങ്ങൾ സംബന്ധിച്ച വിചാരങ്ങൾ ചൈനീസ് സൈനിക ചിന്തകനായ സൺസുവിന്റെ (പൊതുവർഷത്തിനുമുമ്പ് 5, 6 നൂറ്റാണ്ടുകൾ) ‘യുദ്ധത്തിന്റെ കല’യിൽ തന്നെ കാണാനാവുമെങ്കിലും വാസ്തവത്തിൽ രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള കാലത്താണ് യുദ്ധനിയമങ്ങൾ സംബന്ധിച്ച ചർച്ചകളിൽ സാധാരണക്കാരായ മനുഷ്യരെക്കൂടി ഉൾപ്പെടുത്തുന്നതും യുദ്ധകാലത്തെ അതിഭീകരമായ ആൾനാശവും വസ്തുനാശവുമെല്ലാം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമാനതകളില്ലാത്ത കെടുതിയുടെ അനുഭവത്തിന്റെ ചൂടിൽ കാണുകയും ചെയ്തത്.

ജനീവ കൺവെൻഷൻ അനുസരിച്ച് ഒരു ജനതയെ ഒന്നാകെ ശിക്ഷിക്കുന്ന തരത്തിലുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങളുടെ കൂട്ടത്തിൽപ്പെടും.

നാല് പ്രധാന ജനീവ കൺവെൻഷനുകളാണ് 1949-ൽ രൂപപ്പെട്ടത്. ഇതിൽ ആദ്യ മൂന്നെണ്ണം യുദ്ധത്തിൽ പങ്കെടുക്കുന്ന സായുധ സൈനികരുമായി ബന്ധപ്പെട്ടതാണ്. Geneva Convention for the Amelioration of the Condition of the Wounded and Sick in Armed Forces in the Field (GCI), Geneva Convention for the Amelioration of the Condition of the Wounded, Sick, and Shipwrecked Members of Armed Forces at Sea (GCII), Geneva Convention Relative to the Treatment of Prisoners of War (GCIII) എന്നിവയാണവ. നാലാമത്തേതാണ് യുദ്ധകാലത്ത് സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ചട്ടങ്ങളടങ്ങിയത്, Geneva Convention Relative to the Protection of Civilians in Time of War (GCIV). അന്താരാഷ്‌ട്ര സായുധ സംഘർഷങ്ങളിലും അന്താരാഷ്ട്രേതര സായുധ സംഘർഷങ്ങളിലും സാധാരണക്കാരായ ജനങ്ങളുടെ സംരക്ഷണത്തിനുള്ള മാർഗങ്ങൾ കൂടുതൽ ഉറപ്പിക്കുന്ന രണ്ട് അഡീഷനൽ പ്രോട്ടോക്കോളുകൾ കൂടി ഇതിനൊപ്പം 1977-ൽ കൂട്ടിച്ചേർത്തു, Additional Protocol to the Geneva Conventions of 12th August 1949 Relating to the Protection of Victims of International Armed Conflicts (API), Additional Protocol to the Geneva Conventions of 12th August 1949 Relating to the Protection of Victims of Non-international Armed Conflicts (APII).

Geneva Convention Relative to the Protection of Civilians in Time of War (GCIV)

യുദ്ധങ്ങളും സായുധസംഘർഷങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ -IHL - ബാധകമാകുന്നത് രാഷ്ട്രങ്ങൾ തമ്മിലുള്ള സായുധ സംഘർഷങ്ങളിൽ മാത്രമല്ല. രണ്ടു തരത്തിലുള്ള സായുധ സംഘർഷങ്ങളിൽ അത് ബാധകമാണ്: ഒന്ന്, പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ. രണ്ട്, രാഷ്ട്രങ്ങളും രാഷ്ട്രേതര സായുധ സംഘങ്ങളും (non -state actors) തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ.
പരമാധികാര രാഷ്ട്രങ്ങളുടെ സായുധ സൈന്യങ്ങളിലെ സൈനികരെ കണക്കാക്കുന്ന പോലെയാണ് മറ്റ് സായുധസംഘങ്ങളേയും അതിലെ പോരാളികളെയും ഈ അന്താരാഷ്ട്ര നിയമങ്ങൾ ഇത്തരം ഏറ്റുമുട്ടലുകളുടെ സമയത്ത് കണക്കാക്കുന്നത്. ഇപ്പോൾ ഇസ്രായേൽ ഹമാസിനെതിരെ എന്നവകാശപ്പെട്ട് നടത്തുന്ന ഈ ആക്രമണത്തിലും ഇത് ബാധകമാണ്.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒരു ഭൂപ്രദേശത്താണ് 23 ദശലക്ഷം മനുഷ്യർക്കിടയിലേക്ക്, അവരിലാരും ഹമാസ് പോരാളികളാകാം എന്ന ന്യായവാദവുമായി ഇസ്രായേൽ ആക്രമണം നടത്തുന്നത്.

ഹമാസിനെപ്പോലുള്ള രാഷ്ട്രേതര സംഘങ്ങൾക്ക് ഇത്തരം അന്താരാഷ്ട്ര നിയമങ്ങൾ ബാധകമാണോ എന്നത് സംബന്ധിച്ച് യു.എസ് സുപ്രീംകോടതി Hamdan v. Rumsfeld (2006) കേസിൽ നൽകിയ വിധിയിൽ, ഇത്തരം അന്താരാഷ്ട്ര നിയമങ്ങൾക്ക് യു. എസിലുള്ള സാധുതയേയും ഇത്തരം സംഘടനകളിലെ അംഗങ്ങളെ തടവുകാരായി പിടിക്കുമ്പോൾ അവരെ ജനീവ കൺവെൻഷൻ അനുസരിച്ച് കൈകാര്യം ചെയ്യാനുള്ള യു.എസ് സർക്കാരിന്റെ ബാധ്യതയും വ്യക്തമാക്കി. അൽ-ക്വെയ്ദ, താലിബാൻ എന്നിവ നിരോധിത ഭീകര സംഘടനകളാണെന്നും അതുകൊണ്ടുതന്നെ അതിലെ പോരാളികൾ "നിയമവിരുദ്ധ പോരാളികൾ" ആണെന്നും അവർക്ക് ജനീവ കൺവെൻഷൻ ബാധകമല്ലെന്നും യു.എസ് സർക്കാർ വാദിച്ചു. എന്നാൽ സുപ്രീംകോടതി ഈ വാദം തള്ളി. യു. എസ് സർക്കാർ ഈ വാദത്തിന്റെ ബലത്തിലാണ് അഫ്‌ഗാനിസ്ഥാനിൽ നിന്നും ഇറാഖിൽ നിന്നുമൊക്കെയുള്ള തടവുകാർക്കെതിരെ അതിഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടത്തിയിരുന്നത്.

ഇറാഖ് യുദ്ധ സമയത്ത് അമേരിക്കൻ പട്ടാളം

ജനീവ കൺവെൻഷന്റെ പൊതു അനുച്ഛേദമായ ആർട്ടിക്കിൾ-3, സംഘർഷത്തിന്റെ സ്വഭാവമനുസരിച്ചല്ലാതെ വിശാലാടിസ്ഥാനത്തിലുള്ള സംരക്ഷണമാണ് നൽകുന്നത് എന്നതാണ് യു.എസ് സുപ്രിംകോടതി പറഞ്ഞത്. അതായത്, സംഘർഷം നടക്കുന്നത് ഒരു രാഷ്ട്രവും രാഷ്ട്രേതര വിമതസംഘവും തമ്മിലാണെങ്കിൽ ഇരുകൂട്ടരും ജനീവ കൺവെൻഷന്റെ പരിധിയിൽ വരും. അതുകൊണ്ടുതന്നെ ഗാസാ ആക്രമണത്തിൽ ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങളെ ‘ഭീകരവാദത്തിനെതിരായ ആക്രമണം’ എന്ന പേരിൽ എഴുതിത്തള്ളാൻ യു.എസിന്റെ നിയമസംവിധാനത്തിന്റെ വ്യാഖ്യാനങ്ങളിൽപ്പോലും കഴിയില്ല.

International Humanitarian Laws -IHL -പ്രകാരം നേരിട്ട് യുദ്ധത്തിലേർപ്പെടാത്ത മനുഷ്യർക്കും സാമൂഹ്യജീവിതത്തിനും പ്രധാനമായും മൂന്നു തരത്തിലുള്ള സംരക്ഷണമാണ് ഉറപ്പുവരുത്താൻ ശ്രമിക്കുന്നത്.
ഒന്ന്: അത് സാധാരണക്കാരായ മനുഷ്യരെ ആക്രമിക്കുന്നത് തടയുന്നു. അതായത് സായുധ സംഘർഷത്തിൽ നേരിട്ട് പങ്കെടുക്കാത്ത മനുഷ്യർ. സാധാരണക്കാരായ ജനങ്ങൾ, പരിക്കേറ്റവർ, യുദ്ധത്തടവുകാർ, കപ്പൽച്ചേതത്തിൽ പെട്ടവർ, സൈന്യത്തിലെത്തന്നെ ആരോഗ്യപ്രവർത്തകർ എന്നിവരെല്ലാം ഇതിലുൾപ്പെടുന്നു.
രണ്ട്: വസ്തുവകകൾക്കുള്ള സംരക്ഷണം. ആശുപത്രികൾ, ആംബുലൻസ് പോലുള്ള വാഹനങ്ങൾ, സാംസ്കാരിക പ്രാധാന്യമുള്ള വസ്തുക്കളും കെട്ടിടങ്ങളും- ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവ.
മൂന്ന്: സാധാരണ ജനങ്ങളുടെ നിലനിൽപ്പിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നു. ജലവിതരണ സംവിധാനം, ഭക്ഷണവിതരണം തുടങ്ങിയവ.
അതിനൊപ്പം, പല കാലങ്ങളിലായി വികസിച്ച നിയമങ്ങളും ഉടമ്പടികളും അനുസരിച്ച് ചിലതരം ആയുധങ്ങൾ പ്രയോഗിക്കുന്നതും ആക്രമണരീതികളും തടയുന്നുണ്ട്. ഇതെല്ലാം കൃത്യമായി പാലിച്ചാണ് ലോകത്ത് യുദ്ധങ്ങളും സായുധ സംഘർഷങ്ങളും നടക്കുന്നത് എന്നല്ല, അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഇത് പരമാവധി പാലിക്കാനുള്ള ശ്രമങ്ങൾ നടത്താം എന്നാണ്.

International Humanitarian Laws -IHL -

ജനീവ കൺവെൻഷൻ അനുസരിച്ച് ഒരു ജനതയെ ഒന്നാകെ ശിക്ഷിക്കുന്ന തരത്തിലുള്ള (collective punishment) ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങളുടെ കൂട്ടത്തിൽപ്പെടും. ഇസ്രായേൽ ഗാസയിൽ ചെയ്യുന്നത് അതാണെന്ന കാര്യത്തിൽ സംശയമില്ല. ഗാസക്കുമേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിരിക്കുകയാണ് ഇസ്രായേൽ. 23 ലക്ഷത്തോളം വരുന്ന ഗാസക്കാർക്കാർക്ക് വിരലിലെണ്ണാവുന്ന ട്രക്കുകൾ മാത്രമാണ് സഹായവുമായി ചെല്ലാൻ അനുവദിക്കുന്നത്. വൈദ്യുതി, വെള്ളം, ഭക്ഷണവിതരണം, അവശ്യവസ്തു വിതരണം എന്നിവയെല്ലാം തകർക്കപ്പെട്ടു. ആശുപത്രികളും അഭയാർത്ഥി കേന്ദ്രങ്ങളും ആക്രമിക്കുന്നു. കൊല്ലപ്പെട്ട 14,000 ത്തിലേറെ വരുന്ന പലസ്തീൻകാരിൽ അയ്യായിരത്തിലേറെ കുഞ്ഞുങ്ങളാണ് എന്നത് ഇസ്രായേൽ നടത്തുന്ന ആക്രമണം സാധാരണക്കാരായ പലസ്തീൻകാരെ ലക്ഷ്യമിട്ടാണ് എന്നത് വീണ്ടും തെളിയിക്കുകയാണ്. ഹമാസിനെ ഇല്ലാതാക്കാനെന്ന പേരിൽ ആശുപത്രികളിലും അഭയാർത്ഥി താവളങ്ങളിലുമാണ് ഇസ്രായേൽ സേന ആക്രമണം നടത്തുന്നത്. ഹമാസിന്റെ ഒളിത്താവളമാണ് എന്നാരോപിച്ച് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ കടന്നുകയറ്റത്തിനൊടുവിൽ തങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്ന വലിയതോതിലുള്ള ഒന്നും അവർക്ക് കണ്ടെത്താനായില്ല. ജബാലിയ അഭയാർത്ഥി താവളത്തിലേക്ക് നടത്തിയ ആക്രമണത്തിൽ അഞ്ഞൂറിലേറെ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ ഗാസ ഏതാണ്ട് പൂർണമായും തകർ​ക്കപ്പെട്ടു. ഭൂമിയിലെ നരകമായി അത് മാറി. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒരു ഭൂപ്രദേശത്താണ് 23 ദശലക്ഷം മനുഷ്യർക്കിടയിലേക്ക്, അവരിലാരും ഹമാസ് പോരാളികളാകാം എന്ന ന്യായവാദവുമായി ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഗാസയിലെ ജനതയുടെ 80%-വും ഐക്യരാഷ്ട്ര സഭ അടക്കമുള്ള സംഘടനകളുടെ ഭക്ഷണവിതരണത്തെയാണ് ആക്രമണത്തിന് മുമ്പുപോലും ആശ്രയിച്ചിരുന്നത്. അപ്പോഴാണ് അത്തരം നാമമാത്ര സഹായങ്ങൾപോലും അസാധ്യമാക്കുംവിധം ഒരു സഹായസംഘത്തിനും പ്രവർത്തിക്കാനാകാത്ത അവസ്ഥ അവിടെ ഇസ്രായേൽ സൃഷ്ടിച്ചത്.

ഹമാസിന്റെ ഒളിത്താവളമാണ് എന്നാരോപിച്ച് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ കടന്നുകയറ്റത്തിനൊടുവിൽ തങ്ങളുടെ ആരോപണം സാധൂകരിക്കുന്ന ഒന്നും അവർക്ക് കണ്ടെത്താനായില്ല

ഗാസയിലെ ആശയവിനിമയമാർഗങ്ങൾ തകർത്ത ഇസ്രായേൽ, തങ്ങളവിടെ നടത്തുന്ന മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ പുറത്തെത്താതിരിക്കാനാണ് ശ്രമിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷനലും ഹ്യുമൻ റൈറ്റ്സ് വാച്ചും അടക്കമുള്ള ആഗോള മനുഷ്യാവകാശ സംഘടനകൾ പറയുന്നത് നിരോധിത ആയുധങ്ങളുടെ പ്രയോഗങ്ങളടക്കം ഇസ്രായേൽ വലിയ തോതിലുള്ള യുദ്ധക്കുറ്റങ്ങളാണ് ഗാസയിൽ നടത്തുന്നത് എന്നാണ്. ഇസ്രായേൽ നടത്തുന്നത് അന്താരാഷ്ട്ര മനുഷ്യകാരുണ്യ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പറഞ്ഞ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട് രാജിവെച്ചുപോകാനാണ് ഇസ്രായേൽ ആവശ്യപ്പെട്ടത്. യൂറോപ്പും യു.എസും നൽകുന്ന പിന്തുണയുടെ കൂടി ബലത്തിലാണ് ഇസ്രായേൽ അന്താരാഷ്ട്രനിയമങ്ങളെ വെല്ലുവിളിക്കുന്നത്. വിയറ്റ്നാമിലും ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമൊക്കെ യുദ്ധകുറ്റകൃത്യങ്ങളും മാനവരാശിക്കെതിരായ കുറ്റങ്ങളും പരമ്പരയായി നടത്തിയ യു.എസിന് ഇസ്രായേലിനെ രക്ഷിച്ചെടുക്കുന്നത് അവരെത്തന്നെ സാധൂകരിക്കുന്നതിനു സമമാണ്.

ജനീവ കൺവെൻഷന്റെ ഒന്നും രണ്ടും പ്രോട്ടോക്കോളുകൾ ഇസ്രായേൽ അംഗീകരിച്ചിട്ടില്ല. കൂട്ടായ ശിക്ഷ (Collective punishment), ചിലതരം ആയുധങ്ങൾ പ്രയോഗിക്കാൻ എന്നിവയെല്ലാം അതിലാണുള്ളത്. എന്നാൽ അന്താരാഷ്ട്ര നിയമങ്ങളിൽ ഇവയെ സാർവ്വത്രികമായി സാധൂകരിക്കപ്പെട്ട നിയമങ്ങളായാണ് കണക്കാക്കുന്നത് എന്നതുകൊണ്ട് ഏതെങ്കിലും രാജ്യത്തിന് ജനീവ കൺവെൻഷൻ നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല.

ഗാസക്കുമുകളിൽ 56 കൊല്ലമായി അധിനിവേശവും 16 വർഷമായി ഉപരോധവും തുടരുന്ന ഇസ്രായേൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ് നിരന്തരം നടത്തുന്നത്. അധിനിവേശ പ്രദേശങ്ങളിലേക്ക് തങ്ങളുടെ പൗരരെ കൂട്ടത്തോടെ കുടിയേറ്റിപ്പാർപ്പിക്കുന്നത് ജനീവ കൺവെൻഷൻ അനുസരിച്ച് യുദ്ധക്കുറ്റമാണ്. ഏഴര ലക്ഷം ജൂത കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കിലുള്ളത് എന്നോർക്കണം. അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിന്റെ പേരിൽ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) അന്വേഷണം നടത്തിയിരുന്നു.

അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC)

ഗാസ യുദ്ധത്തിൽ (2014) നടത്തിയ കുറ്റകൃത്യങ്ങൾ, ഗാസ അതിർത്തിയിൽ നടന്ന സംഘർഷങ്ങൾ, വെസ്റ്റ് ബാങ്കിലെ ഇസ്രായേലി ജൂത കുടിയേറ്റം എന്നിവയെക്കുറിച്ചെല്ലാം അന്വേഷിക്കാൻ ICC പ്രോസിക്യൂട്ടർ ഫത്‍വോ ബെൻസൗദ തീരുമാനിച്ചു. ICC-ക്ക് ഇക്കാര്യത്തിൽ അധികാരമില്ലെന്നായിരുന്നു ഇസ്രായേലും യു.എസും വാദിച്ചത്. Rome Statute  (2002) അനുസരിച്ച് നിലവിൽ വന്ന ICC- യുടെ അധികാരപരിധി അതിൽ ഒപ്പു വെച്ച രാജ്യങ്ങളുടെ കാര്യത്തിൽ മാത്രമായാണുള്ളത്. യു.എസും ഇസ്രായേലും റഷ്യയും ചൈനയും ഇന്ത്യയും ഈജിപ്തും പോലുള്ള പല രാജ്യങ്ങളും Rome Statute -ൽ ഒപ്പുവെച്ചിട്ടില്ല. എന്നാൽ പലസ്തീൻ 2015 മുതൽ അതിൽ അംഗമാണ്. അതുകൊണ്ടുതന്നെ പലസ്തീനിലെ ഭൂപ്രദേശത്ത് നടക്കുന്ന മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താനും തുടർ നടപടികളെടുക്കാനും ICC -ക്ക് അധികാരമുണ്ട്. അതിപ്പോഴും സാധ്യമാണ്. 

ഇസ്രായേൽ ICC -യിൽ കക്ഷിയല്ല എന്നതുകൊണ്ടും പലസ്തീൻ ഒരു പരമാധികാര രാജ്യമല്ലാത്തതുകൊണ്ടും 2014-ലെ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെതിരെ അന്വേഷണം നടത്താൻ  ICC -ക്ക് അധികാരമില്ല എന്നായിരുന്നു യു.എസ് നിലപാട്.

ബെൻസൗദ നടത്തിയ അന്വേഷണത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും കിഴക്കൻ ജെറുസലേമിലും ഇസ്രായേൽ നടത്തിയ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തെളിഞ്ഞു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല. ബെൻസൗദ 2021-ൽ ICC പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഒഴിയുകയും ചെയ്തു. 

ഇസ്രായേലിനെതിരെ അന്വേഷണം നടത്താനുള്ള തീരുമാനത്തിനെതിരെ അന്നത്തെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ യു.എസ് ഭരണകൂടം അതിരൂക്ഷമായാണ് പ്രതികരിച്ചത്. ബെൻസൗദയുടെയും മറ്റൊരു പ്രോസിക്യൂട്ടറുടെയും യു.എസ് വിസ റദ്ദാക്കി. അവർക്കെതിരെ സാമ്പത്തിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇസ്രായേൽ ICC -യിൽ കക്ഷിയല്ല എന്നതുകൊണ്ടും പലസ്തീൻ ഒരു പരമാധികാര രാജ്യമല്ലാത്തതുകൊണ്ടും ഇസ്രയേലിനെതിരെ അന്വേഷണം നടത്താൻ  ICC -ക്ക് അധികാരമില്ല എന്നായിരുന്നു യു.എസ് നിലപാട്. എന്നാൽ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഇതെല്ലാം മാറ്റാൻ യു.എസ് തയ്യാറാണ്. Rome  Statute -ൽ ഒപ്പുവെക്കാത്ത റഷ്യക്കും അതിന്റെ പ്രസിഡണ്ട് വ്ലാദിമിർ പുടിനും നേരെ ഉക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടപടികളെടുക്കാൻ യു.എസ് ICC -യിൽ സമ്മർദ്ദം ചെലുത്തി. അതിനുവേണ്ട വിവരങ്ങൾ ICC -ക്ക് നൽകാൻ യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ ഭരണസംവിധാനത്തിന് നിർദ്ദേശവും നൽകി.

റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ

ICC-യുടെ നിലവിലെ പ്രോസിക്യൂട്ടർ കരീം ഖാൻ, ഹമാസിന്റെ ഒക്ടോബർ 7-ലെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കെതിരും ICC അന്വേഷിക്കുമെന്നും പറയുമ്പോൾ ഇസ്രായേലിന്റെ അതിഭീകരമായ ആക്രമണങ്ങളെക്കുറിച്ച് എന്ത് നടപടിയെടുക്കുമെന്നതിൽ മൗനം പാലിക്കുകയാണ്. രാജ്യങ്ങൾക്കകത്തുള്ള നിയമസംവിധാനത്തിന്, ആഭ്യന്തര കോടതികൾ, ഇത്തരം കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കാത്തപ്പോൾ കൂടിയാണ് ICC ഇടപെടുന്നത്. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കോടതികൾക്ക് ഇത്തരത്തിൽ "സാർവലൗകിക അധികാരപരിധി" (Universal Jurisdiction) ഉപയോഗിച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കാം. ഇസ്രായേൽ തന്നെ ഇത് ചെയ്തിട്ടുണ്ട്. നാസി യുദ്ധക്കുറ്റവാളിയായ അഡോൾഫ് ഐക്മാനെ ഇസ്രായേൽ വിചാരണ നടത്തിയത് (1961) ഇങ്ങനെയാണ്.

IHL ലംഘനങ്ങൾ വിചാരണ ചെയ്യുന്നതിന് പലതരം സംവിധാനങ്ങളും അന്താരാഷ്ട്രതലത്തിൽ ഉണ്ടായിട്ടുണ്ട്. എട്ടു ലക്ഷം ടുട്സി വംശജരെ വംശഹത്യ നടത്തിയ റുവാണ്ട വംശഹത്യ വിചാരണക്കും (മുൻ) യുഗോസ്ലാവിയയിലെ ആഭ്യന്തര യുദ്ധത്തിലെ യുദ്ധക്കുറ്റങ്ങളുടെ വിചാരണക്കും ഐക്യരാഷ്ട്രസഭ റാൻഡ് (ad hoc) ട്രൈബ്യൂനലുകൾ ഉണ്ടാക്കിയിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ ആഭ്യന്തര, അന്താരാഷ്ട്ര സംവിധാനങ്ങളുടെ ഒരു മിശ്രിതരൂപത്തിലും ഇതുണ്ടായിട്ടുണ്ട്. കമ്പോഡിയയിലെ ഖമർറൂഷ് വിചാരണക്കായുള്ള Extraordinary chambers, സിയേറ ലിയോണിലെ പ്രത്യേക കോടതി സംവിധാനം എന്നിവ ഇത്തരത്തിലുള്ളതാണ്. ഉക്രെയിൻ യുദ്ധത്തിൽ ഉക്രെയിനിലെ നൂറുകണക്കിന് കുട്ടികളെ അവരുടെ പൗരത്വം മാറ്റുന്ന തരത്തിൽ കടത്തിയെന്നാരോപിച്ച് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനും റഷ്യയിലെ ബാലാവകാശ കമീഷണർ മരിയ ലവോവ ബെലോവക്കുമെതിരെ ICC അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഇസ്രായേൽ ഗാസയിൽ കൊന്നുതള്ളുമ്പോൾ ICC മൗനം പാലിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതൃത്വത്തിനേയും യുദ്ധക്കുറ്റവാളികളായി പ്രഖ്യാപിക്കാൻ ICC തയ്യാറാവുകയാണ് വേണ്ടത്. എന്നാൽ, നിലവിലെ ആഗോള രാഷ്ട്രീയ ശാക്തികനിലയിൽ അത് ഏതാണ്ട് അസംഭവ്യമാണെന്നതാണ് വസ്തുത.

ICC-യുടെ നിലവിലെ പ്രോസിക്യൂട്ടർ കരീം ഖാൻ, ഹമാസിന്റെ ഒക്ടോബർ 7-ലെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കെതിരും ICC അന്വേഷിക്കുമെന്നും പറയുമ്പോൾ ഇസ്രായേലിന്റെ അതിഭീകരമായ ആക്രമണങ്ങളെക്കുറിച്ച് എന്ത് നടപടിയെടുക്കുമെന്നതിൽ മൗനം പാലിക്കുകയാണ്.

രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലും അതല്ലാത്ത തരം മറ്റ് സായുധ സംഘർഷങ്ങളിലും ചിലതരം ആക്രമണങ്ങളിൽ സാധാരണക്കാർക്ക് അപായമുണ്ടാവുന്നത് ഒഴിവാക്കാനാകാത്തതായി ന്യായീകരിക്കണമെങ്കിൽ അത് ആനുപാതികമായിരിക്കണം (Principle of proportionality). എന്നാൽ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാർക്കുനേരെ നടത്തുന്ന ആക്രമണം നേരിട്ട് നടത്തുന്ന ആക്രമണമാണ്. അതിന് സൈനിക ലക്ഷ്യങ്ങളുമായി ഒരു ബന്ധവും മിക്കപ്പോഴുമില്ല എന്നതാണ് വസ്തുത. ഗാസയിലെ പകുതിയിലേറെ വീടുകളും പാർപ്പിടസമുച്ചയങ്ങളും ഇസ്രായേലി ആക്രമണത്തിൽ തകർന്നു. എന്തുതരം ആനുപാതിക അപായ ന്യായമാണ് ഇസ്രായേലിന് പറയാനുള്ളത്? വടക്കൻ ഗാസയിൽ നിന്ന് ഏതാണ്ട് 14 ലക്ഷം പലസ്തീൻകാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനുപിന്നാലെ, പലായനം ചെയ്യുന്ന മനുഷ്യർക്കുനേരെയും ഇസ്രായേൽ ആക്രമണം നടത്തി.

പലായനം ചെയ്യുന്നവർക്കും ഗാസയിലെ മനുഷ്യർക്ക് സഹായമെത്തിക്കുന്നതിനും വേണ്ടി സുരക്ഷിതമായ മനുഷ്യകാരുണ്യ ഇടനാഴികൾ-ആക്രമണരഹിത പ്രദേശങ്ങൾ (humanitarian corridor)- സൃഷ്ടിക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ ഉയർന്ന വലിയ ആവശ്യത്തെപ്പോലും ഇസ്രായേൽ അവഗണിച്ചു. എന്തുതരത്തിലുള്ള സൈനികനേട്ടമാണ് ആക്രമണം വഴിയുണ്ടാകുന്നത് എന്നാണ് ഒരു ആക്രമണത്തിന് ആനുപാതികതത്വം ബാധകമാക്കാമോ എന്നതിൽ കണക്കാക്കുന്നത്. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ആയിരക്കണക്കിന് സാധാരണ ഗാസ നിവാസികളുടെ മരണം എന്തുതരം സൈനിക നേട്ടമാണ് ഇസ്രായേലിനുണ്ടാക്കുന്നത്? കൊല്ലപ്പെട്ട ആയിരക്കണക്കിന് കുട്ടികൾ എങ്ങനെയാണ് സൈനികലക്ഷ്യങ്ങളുടെ ആനുപാതിക അപകടത്തിന്റെ കണക്കിൽപ്പെടുന്നത്?

രണ്ടാംലോകമഹായുദ്ധത്തിനു ശേഷം നാസി യുദ്ധക്കുറ്റവാളികൾക്കെതിരെ നടത്തിയ ന്യൂറംബർഗ് വിചാരണ ഇസ്രായേൽ എന്ന ജൂതരാഷ്ട്രത്തിന് ഓർത്തെടുക്കാം

ഗാസയിൽ നടത്തുന്ന അതിഭീകരമായ യുദ്ധക്കുറ്റങ്ങളുടെയും പലസ്തീനികൾക്കെതിരെ നടത്തുന്ന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും പേരിൽ ഇസ്രായേലിലെ രാഷ്ട്രീയ, സൈനിക നേതൃത്വത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് കുറ്റവിചാരണ നടത്തേണ്ടതുണ്ട്. രണ്ടാംലോകമഹായുദ്ധത്തിനു ശേഷം നാസി യുദ്ധക്കുറ്റവാളികൾക്കെതിരെ നടത്തിയ ന്യൂറംബർഗ് വിചാരണ ഇസ്രായേൽ എന്ന ജൂതരാഷ്ട്രത്തിന് ഓർത്തെടുക്കാൻ എളുപ്പമാണ്. ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കിയ നാസി ഭരണകൂടത്തിന്റെ നേതൃത്വത്തെ കുറ്റവിചാരണ ചെയ്ത് ശിക്ഷിച്ചപ്പോൾ അതിനെ ചരിത്രത്തിലെ നീതിനടത്തിപ്പായി കണ്ട ഇസ്രായേൽ അതേതരത്തിലുള്ള കുറ്റങ്ങളുടെ പേരിൽ സമാനമായ കുറ്റവിചാരണ നേരിടുന്നതിൽ നിന്നും ഒഴിവാകുന്നത് ചരിത്രത്തിലെ ഒരേയൊരു പഴുതുകൊണ്ടാണ്; ബലവാന്റെ നീതി, വിജയിയുടെ നിയമം.

Comments