രാഷ്ട്രീയത്തെ കുറിച്ചും ബദൽ സംസ്കാരങ്ങളെക്കുറിച്ചും ചിന്തിക്കുന്ന ഓരോ മനുഷ്യനും ഇക്കാലത്ത് കൂടുതൽ ഒറ്റപ്പെടുന്നു. വലിയ അസ്വാരാസ്യങ്ങളെ നേരിടേണ്ടിവരുന്നു. മാനസിക സമ്മർദ്ദത്തിനു വിധേയമാകേണ്ടി വരുന്നു. മിക്ക വ്യക്തികളുടെയും മരണത്തിൽപോലും സ്റ്റേറ്റിന് ഒരു പങ്കുണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. മനുഷ്യനെ ഒരുമിച്ചു ജീവിക്കാൻ സമ്മതിക്കാതെ വെറുപ്പും പരസ്പര വിദ്വേഷവും അഴിച്ചുവിടുകയും സ്റ്റേറ്റിന്റെ മർദ്ദനോപകരണങ്ങൾ (State Apparatus) അതിനായി ഉപയോഗിക്കുകയും ചെയ്തുവരുന്ന പ്രവണത ഇന്ത്യയിലും കൂടിവരികയാണ്.
മാത്രമല്ല ജനക്ഷേമ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന മുൻകാല രാഷ്ട്രീയത്തിൽനിന്ന് ഭിന്നമായി ക്രൂരതയും വയലൻസും കൂടുതൽ സമൂഹത്തിൽ പ്രസരിക്കുന്നു. വർത്തയാവണമെങ്കിൽ ഇങ്ങനെ എരിയും പുളിയുമൊക്കെ വേണം എന്ന മട്ടിലേക്ക് മാറിയിരിക്കുന്നു, മാധ്യമലോകം. സർക്കാരോ അവരോട് ആഭിമുഖ്യമുള്ള കോർപറേറ്റുകളോ മാധ്യമങ്ങളെ വിലക്കുവാങ്ങി സ്വന്തമാക്കുന്ന പ്രവണതയും കൂടിയിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, പരസ്പരം അവിശ്വാസത്തിലേക്കും ഭീതിയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു, പൊതുസമൂഹം. സമാധാനജീവിതവും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും പൗരർക്ക് നൽകുന്നതിൽ ഭരണകൂടങ്ങൾ അമ്പേ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാലും, പാർലമെന്ററി ജനാധിപത്യത്തേക്കുറിച്ചും സമാഗതമായിക്കൊണ്ടിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെക്കിറിച്ചുമുള്ള ഗീർവാണപ്രഭാഷണങ്ങളാണ് എങ്ങും.
ഒരുപക്ഷേ അര നൂറ്റാണ്ടിനിടയിൽ ഒരു പൗരൻ എന്നനിലയിൽ അനുഭവിച്ച ഏറ്റവും ഖേദകരമായ അവസ്ഥയാണിത്. വിടപറയുന്ന വർഷം ഞാൻ പേർത്തും പേർത്തും ആലോചിച്ച കാര്യം മറ്റൊന്നല്ല. എന്റെ ജീവിതത്തിന് ചുറ്റുപാടും ഇതുപോലെ വെറുപ്പും ഒറ്റപ്പെടലും മുമ്പുണ്ടായിട്ടില്ല, സമൂഹം ഇത്രയും കലുഷിതമായ കാലവും.
തീർത്തും അപമാനവീകൃതമായ യുദ്ധങ്ങൾ കൊണ്ട് മനുഷ്യസമൂഹത്തിന്റെ തന്ന അഭിമാനം പിച്ചിച്ചീന്തിയ ഒരു വർഷമാണിത്. തുടങ്ങിയ രണ്ടു യുദ്ധങ്ങൾക്കും ഇതുവരെ പരിഹാരമായിട്ടില്ല. യുദ്ധം എന്നല്ല ഇവയെ വിളിക്കേണ്ടത്. നവ മുതലാളിത്തകാലത്തുള്ള അധികാരശക്തികളുടെ കടന്നുകയറ്റമെന്നാണ്. ഒരു കിടമത്സരം പോലും ഈ കളിയിൽ ഇല്ല. ഇതിന്റെ ഗുണഭോക്താക്കൾ വളരെ ചെറിയൊരു വൻശക്തിസംഘമാണ്. പുതിയ മൂലധനശക്തികൾ.
യുക്രൈൻ യുദ്ധത്തിന് ഒരു വർഷം പിന്നിട്ടു. ഒന്നും രണ്ടും ലോക യുദ്ധകാലത്തെന്നപ്പോലെയുള്ള ലോകത്തിലെ വൻശക്തികൾ തമ്മിലുള്ള അധികാരവടംവലി മാത്രമല്ല ഈ യുദ്ധങ്ങൾക്ക് പിറകിലുള്ളത്. ഏകാധിപതിയെപ്പോലെ ഭരിക്കുന്ന പ്രസിഡണ്ട് പുട്ടിനെപ്പോലുള്ളവരുടെ ജൈവരാഷ്ട്രീയ വിപുലീകരണ സ്വാർത്ഥതയും അതിനുവേണ്ടിയുള്ള സ്റ്റേറ്റിന്റെ വ്യഗ്രതയുമാണ്. ചങ്ങാത്ത മുതലാളിത്തത്തെ (Crony Capital forces) കൂട്ടുപിടിച്ചുകൊണ്ടുള്ള വൻവ്യവസായം കൂടിയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്വന്തം ഭരണപരാജയം മറച്ചുവെക്കാനുള്ള നയതന്ത്രമെന്നപോലെയാണ് ലോകമെമ്പാടും ഇതുപോലുള്ള പുതിയ തീവ്ര വലതുപക്ഷ -നവഫാഷിസ്റ്റ് രീതിയിലുള്ള യുദ്ധങ്ങൾ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
അതിനേക്കാൾ മാരകമാണ് ഇസ്രായേലിന്റെ പുതിയ പാലസ്തീൻ വംശഹത്യ. യുദ്ധമെന്ന് ഒരിക്കലും വിളിക്കാവതല്ല ഏതാണ്ട് മൂന്നുമാസക്കാലമായി തുടങ്ങിയ ഗസ അധിനിവേശത്തെ. ഏകപക്ഷീയ വംശഹത്യയായി അത് മാറിയിരിക്കുന്നു. ഏകദേശം 22000 മനുഷ്യരെ നിഷകരുണം കൊലചെയ്തു കഴിഞ്ഞു. ഒരുപക്ഷേ ആരെയും ഞെട്ടിക്കുന്ന ഒരു സംഖ്യയാണിത്. രണ്ട് ലക്ഷത്തിലധികം വരുന്ന മനുഷ്യർക്ക് സ്വദേശം തന്നെ അന്യാധീനമായി.ലോകം ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണ് മനുഷ്യവംശം അനുഭവിക്കുന്നത് എന്നുണർത്തുമാറുള്ള ഒരാക്രമണമാണ് അമേരിക്കയുടെയും മറ്റു ചില യൂറോപ്യൻ വൻശക്തികളുടെയും ഒത്താശയോടെ പലസ്തീനിൽ ഇപ്പോൾ നടക്കുന്നത്. ഇസ്രായേലിന്റെ സയണിസ്റ്റ് അധിനിവേശ സ്വപ്നവും ജൈവ രാഷ്ട്രീയ അലച്ചയും ഒരുമിച്ചുചേരുന്ന ഏറ്റവും നിഷ്ഠൂരമായ വംശഹത്യയാണ് ഗസയിൽ നടക്കുന്നത്.
ഈ രണ്ടു യുദ്ധങ്ങളെയും താരതമ്യപ്പെടുത്തിയാൽ മനസ്സിലാവും, ഇന്ന് ലോകത്ത് നിലനിൽക്കുന്ന മനുഷ്യ വിവേചനവും റേസിസവും. രണ്ടു യുദ്ധങ്ങൾക്കും ഏക സമാനതയുള്ളത് ഇവ പരിഹൃതമാകുന്നില്ല എന്ന ഒറ്റയംശത്തിലാണ്. 80- കളിലും 90- കളിലും നിലനിന്ന ലോക നയതന്ത്രബന്ധങ്ങളും രാഷ്ട്രവിവേചന അധികാരവും സമൂലം മാറിയിരിക്കുന്നു എന്നതത്രേ ഇതൊക്കെ കാണിക്കുന്നത്.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകൽച്ചയുടെ തോത് പ്രത്യയശാസ്ത്രപരമല്ലാതാവുകയും കൂടുതൽ വംശീയവുമായിതീരുകയും ചെയ്തിരിക്കുന്നു. വലതുപക്ഷ ശക്തികളുടെ ഒരച്ചുതണ്ട് ലോകമാകമാനം ശക്തമായിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, അന്താരാഷ്ട്ര സമൂഹം എന്ന സങ്കല്പനം മിഥ്യയാണ് എന്ന തിരിച്ചറിവിലേക്ക് ഈ യുദ്ധത്തോടെ നാം എത്തിപ്പെട്ടു.
യു എൻ പോലുള്ള അന്താരാഷ്ട്ര സമാധാന ഏജൻസികൾക്ക് ലോകവുമായുള്ള എല്ലാ തരം നയതന്ത്രവും ഇടപെടലും ഏതാണ്ട് അവസാനിച്ച കാലം കൂടിയാണിത്. അതുകൊണ്ടാണ് കയ്യൂക്കുള്ളോർ കാര്യക്കാർ എന്ന മട്ടിൽ ലോകം ഒരുതരം അപരിഷ്കൃതവും എന്നാൽ അത്യാധുനിക സാങ്കേതിക ബദ്ധമായ ഒരു ടെക്‌നോ - ഫ്യൂഡൽ വ്യവസ്ഥയിലേക്ക് സഞ്ചരിച്ചെത്തിയിരിക്കുന്നു എന്ന ആലോചനകളുണ്ടാകുന്നത്. സിവിലിയൻ എന്ന സങ്കല്പം മെല്ലെമെല്ലെ അപ്രത്യക്ഷമായിരിക്കുന്നു. അധീശശക്തിക്ക് യഥേഷ്ടം കൈകാര്യം ചെയ്യാവുന്ന അപരവൽക്കരിക്കപ്പെട്ട പ്രജകളാണ് മുന്നിൽ. ആരും ചോദിക്കാനും പറയാനുമില്ല. യുദ്ധം തീരുമാനിക്കുന്നത് രാഷ്ട്രതലവന്മാരാണെങ്കിലും യുദ്ധം ആസൂത്രണം ചെയ്യുന്നത് വൻ ആയുധക്കമ്പനികളാണ്. അവർ ഒരു തീരുമാനത്തിലെത്തുമ്പോഴേ യുദ്ധത്തിന് അറുതിവരൂ. ഇതാണ് പുതുലോകം മുന്നോട്ടുവെക്കുന്ന മനുഷ്യ സദാചാര സങ്കല്പം.
ലോകത്ത് ഇതുവരെയുണ്ടായ മനുഷ്യനിർമിത പ്രത്യയശാസ്ത്രങ്ങളെയൊക്കെ പിന്നിലാക്കി തീർത്തും നിരാശജനകമായ ഒരു ‘നവലോകം’ ഉടലെടുത്തിരിക്കയാണ്. അസ്വസ്ഥജനകമായ സാമൂഹ്യസാഹചര്യത്തിൽ വ്യക്തിയനുഭവിക്കുന്ന അസ്വാരസ്യങ്ങൾ വലുതാണ്. അവ എല്ലാ നിത്യവ്യവഹാരങ്ങളെയും അസമാധാനമട്ടിൽ കീഴ്മേൽമറിച്ചുരുന്നു. പല ശ്രദ്ധേയമായ പുസ്തകങ്ങളെക്കുറിച്ചും കേട്ടും വായിച്ചും അറിഞ്ഞുവെങ്കിലും അവയിൽ പലതും നേരിട്ട് വായിക്കാൻ ഇക്കൊല്ലം കഴിഞ്ഞില്ല. ഈ വർഷം എണ്ണപ്പെട്ട പുസ്തകങ്ങൾ അധികമൊന്നും വായിച്ചിട്ടില്ല. ഗോവ ഫിലിം ഫെസ്റ്റിവലിൽനിന്നും ഏതാനും രാഷ്ട്രീയ സിനിമകൾ കണ്ടതൊഴിച്ചാൽ ലോകസിനിമകൾ അധികമൊന്നും കണ്ടില്ല.
കോവിഡാനന്തരകാലത്ത് മനുഷ്യബന്ധങ്ങളിൽ വലിയ വിള്ളൽ വന്നിരിക്കുന്നു. മനുഷ്യന്റെ ഭാവി മരുന്നുകമ്പനികൾ തീരുമാനിക്കും പാകത്തിൽ മൂന്നാലു വർഷക്കാലം കടന്നുപോയി. ആ തക്കം നോക്കി ലോകത്തെ സർവാധിപതികൾ ഏകാധിപത്യത്തിന്റെ പുതിയൊരു നയരസതന്ത്രം വാർത്തുണ്ടാക്കി. അത്, അരികുവൽക്കരിക്കപ്പെട്ട, അപരവൽക്കരിക്കപ്പെട്ട ഏതു സമൂഹത്തെയും നിഷ്പ്രയാസം സാമൂഹ്യ ശരീരത്തിൽനിന്നും പുറന്തള്ളാൻ കൂടുതൽ ശക്തിയുള്ള ഒന്നാണ്. ആ തിരിച്ചറിവായിരിക്കണം മറ്റുള്ളവരെയും മറ്റുള്ളവർ എഴുതിയതും വായിക്കാൻ മറന്ന് എന്നെത്തന്നെ രണ്ടുമൂന്ന് വർഷമായി ഞാൻ കൂടുതൽ വായിക്കുന്നു. പ്രിയപ്പെട്ടവരാലും സമൂഹത്താലും നിഷ്കാസിതരാവുമ്പോൾ നമുക്ക് സ്വയം ചരിത്രവൽക്കരിക്കേണ്ട ബാധ്യത /ഗതികേട് വന്നുചേരും. എന്റെ കാര്യത്തിലും കുറച്ചുകാലമായി അതുതന്നെ സംഭവിച്ചു.
മനുഷ്യന് ഒരു ഔപചാരിക മരണമുണ്ട്. അതിനേക്കാൾ മുമ്പേ പലരും മരിച്ചുപോകുന്നത് സ്വമൂഹത്തിൽനിന്നും അന്യവൽക്കപ്പെടുമ്പോഴാണ്. ഈ പ്രവണത കൂടുകയാണിപ്പോൾ. എന്നാൽ ഈ പ്രവണതക്ക് നിന്നുകൊടുക്കാതെ എന്നിലേക്ക് സ്വയം ആഴ്ന്നിറങ്ങി ഞാൻ യാത്ര ചെയ്തു. അപ്പോഴാണ്, ഓർമ്മകൾ ഒരു ചരിത്രഖനി കൂടിയാണെന്ന് തിരിച്ചറിയുന്നത്.
ഞാൻ ഇതുവരെ അനുഭവിക്കാത്ത മനുഷ്യരുടെ വേദനയും വിലാപങ്ങളുമാണ് ഇക്കൊല്ലം കേട്ടതും അറിഞ്ഞതും. സാമൂഹ്യ തത്വശാസ്ത്രങ്ങളും പേച്ചുകളും കുറെയേറെ ജനാധിപത്യരഹിതവും ഫാഷിസ്റ്റിക്കുമാണ് എന്നയറിവ് ഖേദകരമാണ്. മതത്തിന്റെയും വംശത്തിന്റെയും പേരിൽ ഇളകിമറിയുന്ന ഉന്മാദ ദേശീയതയും അവക്കുമേലുള്ള സംഘർഷങ്ങളും വെറുപ്പുമാണ് ഞാൻ കൂടുതൽ അനുഭവിച്ചത്.
കാടിളക്കി സംഹാരരുദ്രയെപ്പോലെ കുതിക്കുന്ന ഒരു യക്ഷയന്ത്രം പോലെ ഒരു പടക്കളം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ഇന്ത്യയിൽ യഥാർഥ്യമാകാനിടയുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ ഇപ്പോൾത്തന്നെ വെറുപ്പിന്റെ മാധ്യമപ്രത്യയശാസ്ത്രഗോദയായി മാറിയിരിക്കുന്നു. പ്രതീതമായ ഒരു ലോകത്തിന്റെ നടുവിൽ മാനവികമായ കാഴ്ചകൾ മുച്ചൂടും മറഞ്ഞില്ലാതാവുന്ന ഒരു ‘സമസ്തസുന്ദരലോകം’ അതിവിദൂരത്തല്ല എന്നോർമിപ്പിക്കുന്നു, ഇവയൊക്കെ. ലോകമകമാനം ഒരു നെക്രോ - പൊളിറ്റിക്‌സിന്റെ രൂപപ്പെടലിനെക്കുറിച്ച് അഷീൽ എംബെമ്പേയെപ്പോലുള്ള ചിന്തകർ നമ്മെയുണർത്തിപ്പോവുന്നുണ്ട്.
സത്യത്തെ, നമ്മുടെ കണ്മുമ്പിൽ പച്ചയ്ക്ക് കത്തിച്ച് ഭീമൻ കമ്പനികളും വൻകിട രാഷ്ട്രീയശക്തികളും സമൂഹത്തെ വലംവെച്ചുകഴിഞ്ഞു. ഈ സന്ദര്ഭത്തിൽ ‘ഹാപ്പി ന്യൂ ഇയർ’ എന്ന് ആശംസിക്കേണ്ടത് ആരെ നോക്കിയാണ്?