സാൻഫ്രാൻസിസ്‌കോയിൽ നിന്നും ഏതാണ്ട് എൺപതോളം മൈലുകൾ കിഴക്കുദിശയിലേക്ക് റോഡുമാർഗ്ഗം സഞ്ചരിച്ചാൽ പതിനായിരക്കണക്കിന് ഏക്കർ വിസ്തൃതിയിൽ നിരയായി നട്ടുപിടിപ്പിച്ചിരിക്കുന്ന ചെറിപ്പഴത്തോട്ടങ്ങളും മുന്തിരിപ്പാടങ്ങളും നിറഞ്ഞ ലോഡായ് എന്ന ചെറുപട്ടണത്തിലെത്തും. കോവിഡ് കാലമായതിനാൽ സിലിക്കൺ വാലിയുടെ പ്രാന്തനഗരങ്ങളിലൂടെ കടന്നുപോകുന്ന സ്വതവേ തിരക്കുള്ള അന്തർസംസ്ഥാന പാതകളിലൊന്നും തന്നെ വാഹനങ്ങളുടെ അമിത തിരക്ക് ഈ ദിവസങ്ങളിലില്ല. ലോഡായ് സന്ദർശകരെ ആകർഷിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് നിരവധിയായ വീഞ്ഞുനിർമ്മാണശാലകളിലെ വീഞ്ഞു രുചിച്ച് നോക്കലാണ്. ചെറിയൊരു തുകയ്ക്കുള്ള പ്രവേശന പാസ്സിനാൽ നിയന്ത്രിക്കപ്പെടുന്ന സന്ദർശകർക്ക് നിശ്ചിത അളവിൽ വിവിധയിനങ്ങളായ വീഞ്ഞുകൾ രുചിച്ച് നോക്കാവുന്നതാണ്. വേണമെങ്കിൽ ഇഷ്ടയിനം വീഞ്ഞുകൾ നിർമ്മാണശാലയിൽ നിന്ന് നേരിട്ടുവാങ്ങുകയുമാവാം. സംസ്ഥാനവ്യാപകമായി മദ്യക്കടകളൊക്കെ തുറന്നിരിക്കുകയാണെങ്കിലും ബിയർ വൈൻ പാർലറുകളും ബാറുകളും മറ്റും അടഞ്ഞുകിടക്കുന്നതിനാൽ തൽക്കാലത്തേയ്ക്ക് ഇത്തരം വീഞ്ഞു നിർമ്മാണശാലകളിലൊന്നും തന്നെ സന്ദർശകർക്ക് പ്രവേശനമില്ല. മുന്തിരിക്കുലകൾ പാകമായി വരുന്നതേയുള്ളു. എന്നാൽ, കറുപ്പ് കലർന്ന കടും തവിട്ട് നിറമുള്ള ചെറിപ്പഴങ്ങളുടെ വിളവെടുപ്പ് കാലമാണ് മെയ് ജൂൺ മാസങ്ങൾ.
തൊട്ടപ്പുറത്തുള്ള ചെറിപ്പഴങ്ങളുടെ സംസ്‌കരണ യൂണിറ്റിൽ ജോലിചെയ്യുന്ന സുഹൃത്തിനെക്കാണുകയായിരുന്നു ഇക്കഴിഞ്ഞ ദിവസം നടത്തിയ യാത്രയുടെ ലക്ഷ്യം. പോയവഴി അടുത്തുള്ള ട്രെയ്സി എന്ന ചെറുപട്ടണത്തിലെ കൊറിയർ കമ്പനിയുടെ ഓഫീസിൽ കയറേണ്ടിയിരുന്നു. കേടായ വാട്ടർ ഹീറ്റർ റിപ്പയർ ചെയ്യുന്നതിനായി ഓൺലൈനിൽ വാങ്ങിയ ഗ്യാസ് കൺട്രോൾ വാൽവ് എന്ന ചെറിയ ഉപകരണം ആവശ്യം വരാഞ്ഞതിനാൽ തിരികെ കൊടുക്കണം. ഇ-മെയിലിൽ വിതരണക്കാരൻ അയച്ചുതന്ന ഷിപ്പിംഗ് ലേബലും പ്രിന്റ് ചെയ്ത് പാർട്‌സുമായി കൊറിയർ കമ്പനിയുടെ ബ്രാഞ്ചിലേയ്ക്ക് ധൃതിയിൽ കയറിച്ചെന്ന എന്നെ മുഖാവരണമണിഞ്ഞുനിന്ന ഒന്നുരണ്ടു ജോലിക്കാർ തടഞ്ഞു നിർത്തി, മാസ്‌കില്ലാതെ അകത്തേയ്ക്ക് കടക്കാനാവില്ല എന്ന് ശഠിച്ചു. ജില്ലാധികാരികളുടെ പുതിയ ഉത്തരവ് പ്രകാരം മെയ് ആദ്യവാരം തന്നെ കടകളിലും ഓഫിസുകളിലുമെത്തുന്ന ഉപഭോക്താക്കൾ മുഖാവരണം ധരിക്കണമെന്നത് നിയമം മൂലം നിർബന്ധിതമാക്കിയിട്ടുണ്ട്. ഇത്തരം നിർദ്ദേശങ്ങളെ പൊതുജനങ്ങളും കടയുടമകളും നിർബദ്ധമായും പാലിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്. വീട്ടിൽ മടങ്ങിയെത്തി അടുത്തിടെ വാങ്ങിവെച്ച കോട്ടൺ മുഖാവരണവുമണിഞ്ഞു തിരികെയെത്തിപ്പോഴാണ് പാഴ്സൽ അയയ്ക്കാനായത്. വീണ്ടും യാത്ര തുടർന്നു. ലോഡായിയുടെ ഗ്രാമവഴികളിലേയ്ക്ക് തുറക്കുന്ന ഹൈവേ 12-ലേയ്ക്ക് തിരിഞ്ഞതു മുതൽ വഴിനീളെ നിരവധിയായ ചെറുതട്ടുകളിലടുക്കിയ കൂടുകളിൽ നിറച്ച പാകമായ ചെറിപ്പഴങ്ങൾ വിൽക്കുന്നവരുടെ പെട്ടിക്കടകൾ കാണാം. എട്ടുമുതൽ പത്ത് ഡോളറുകൾ വരെയാണ് രണ്ട് പൗണ്ടോളം തൂക്കം വരുന്ന ഈ ചെറിപ്പഴങ്ങൾ നിറച്ച പ്ലാസ്റ്റിക്ക് ബോക്‌സുകൾക്ക്. ഏതാണ്ട് ആറുമണിയോടടുക്കുന്നു, ഷിഫ്റ്റ് കഴിയാറായിരിക്കുന്നു എന്ന് മൊബൈലിൽ സുഹൃത്തിന്റെ മെസ്സേജ് ലഭിച്ചു. പഴസംസ്‌കരണയൂണിറ്റിനു മുമ്പിൽ വഴിയോരത്ത് വാഹനം പാർക്ക് ചെയ്തു. ചെറിപ്പഴങ്ങൾ നിറച്ച ചെറിയ കടലാസുപെട്ടികൾ വലിയ പലകപ്പെട്ടികളിൽ നിറച്ച് ഫോർക്ക് ലിഫ്റ്റുകളുടെ സഹായത്താൽ വലിയ ട്രക്കുകളിലേയ്ക്ക് കയറ്റുന്നത് ഫാക്ടറിക്ക് പുറത്ത് വാഹനം പാർക്കുചെയ്തിരിക്കുന്നിടത്തുനിന്നു നോക്കിയാൽ കാണാനാവും. കൈയ്യുറകളും മുഖാവരങ്ങളുമണിഞ്ഞ ഡ്രൈവർമാരാണ് കയറ്റിറക്ക് ജോലികൾ ചെയ്യുന്നത്. ഷിഫ്റ്റിനൊടുവിൽ സ്ഥിരമായി പാർക്കുചെയ്യാറുള്ള ഇടം നോക്കി സുഹൃത്തെത്തി. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ നൂറുകണക്കിന് ജോലിക്കാരാണ് ഈ പഴസംസ്‌കരണശാലയിൽ പണിയെടുക്കുന്നത്. പാർക്ക് ചെയ്തിരിക്കുന്ന തങ്ങളുടെ വാഹനങ്ങളിലേയ്ക്ക് നടക്കുന്ന വഴിയെ തന്നെ മിക്കവരും മുഖാവരണങ്ങളും കയ്യുറയുമൊക്കെ എടുത്തുമാറ്റി ആശ്വാസം കൊള്ളുന്നു. തിരക്കിനിടയിലൂടെ പതിയെ ഞങ്ങൾ സുഹൃത്തിന്റെ താമസസ്ഥലത്തേയ്ക്ക് വാഹനമോടിച്ചു.
ഐ.ടി മേഖലയിൽ തൊഴിലെടുക്കുന്ന മലയാളികളുൾപ്പെടെയുള്ള ലക്ഷക്കണക്കായ ജോലിക്കാർക്കും വീട്ടിലിരുന്നുകൊണ്ടുതന്നെ ജോലിചെയ്യാനാവുന്നു എന്നത് പുതിയൊരു ഭാവിക്രമമാവാനുള്ള സാധ്യതയാണ് കാണുന്നത്
ഇക്കഴിഞ്ഞ ആഴ്ചമുതൽ കൂടുതൽ കടകളും വ്യവസായ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഐ.ടി മേഖലയിൽ തൊഴിലെടുക്കുന്ന മലയാളികളുൾപ്പെടെയുള്ള ലക്ഷക്കണക്കായ ജോലിക്കാർക്കും വീട്ടിലിരുന്നുകൊണ്ടുതന്നെ ജോലിചെയ്യാനാവുന്നു എന്നത് പുതിയൊരു ഭാവിക്രമമാവാനുള്ള സാധ്യതയാണ് കാണുന്നത്. മനുഷ്യസംസർഗ്ഗത്താൽ ആളുകൾ തിങ്ങിനിറഞ്ഞു കഴിയുന്ന നഗരജീവിതക്രമങ്ങളിൽ പടർന്ന കോവിഡ് -19 രോഗാണുവിനെക്കുറിച്ച് കാലിഫോർണിയയുടെ ലോഡായ് ഉൾപ്പെടെയുള്ള ചില ഉൾഗ്രാമങ്ങളിലൊന്നും തന്നെ ജനങ്ങൾക്ക് വലിയ ആശങ്കകൾ തുടക്കം മുതലേ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. പ്രത്യേകിച്ച് സാമൂഹിക അകലം എന്ന ജീവിതക്രമം നഗരഗ്രാമ ഭേദമെന്യേ സകല അമേരിക്കക്കാരനും മുന്നെ അറിവുള്ളതുമാണ്. പ്രമുഖ വ്യാപാരശൃംഖലയായ വാൾമാർട്ടിന്റെ മിക്ക ശാഖകളിലും ഇയാഴ്ചമുതൽ നല്ല തിരക്കനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു. വൻനിർമ്മാണക്കമ്പനികൾ ഏറ്റെടുത്ത് നടത്തുന്ന വീട് നിർമ്മാണങ്ങളും മറ്റും പുനരാരംഭിക്കുകയും വലിയ മാളുകളൊഴിച്ചുള്ള ഇതര കച്ചവടക്കാർ തുറന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തിരിക്കുന്നു. "വീട്ടിലിരിക്കൽ' നിർദ്ദേശങ്ങൾ ഉണ്ടായിരുന്നപ്പോൾത്തന്നെ പുറത്തിറങ്ങി നടക്കുന്നതിനോ കടകളിൽ പോകുന്നതിനോ വെറുതെ ഈ കാഴ്ചകളൊക്കെ കാണാൻ ഒരു ഡ്രൈവിന് പോകുന്നതിനോ യാതൊരു വിലക്കും ഉണ്ടായിരുന്നില്ല എന്നതും ഓർമ്മിക്കുന്നു. അതായത് രോഗത്തെ ഭയപ്പെടുന്നതിലുപരി പരസംസർഗ്ഗം കുറയ്കുന്നതുവഴി വ്യാപനം തടയാനാവും എന്ന ധാരണ ജനങ്ങൾക്കും ഭരണാധികാരികൾക്കും ഉണ്ടായിരുന്നു എന്ന് ചുരുക്കം.
1939-ൽ ഇംഗ്ലണ്ടിന്റെ പാർലമെന്റിൽ വിൻസ്റ്റൺ ചർച്ചിൽ നടത്തിയ പ്രസംഗത്തിലെ ചില വരികൾക്ക് ഇന്ന് പ്രസക്തിയേറും. എഡ്വേർഡ് എട്ടാമന്റെ സ്ഥാനത്യാഗവും രണ്ടാം ലോകമഹായുദ്ധാരംഭവുമാണ് ആദ്ദേഹത്തിന്റെ ഈ വാചകങ്ങൾക്ക് ആധാരമായത്. "Danger gathers upon our path. We cannot afford - we have no right - to look back. We must look forward'. പിന്നോട്ട് നോക്കി കൊലയാളിശത്രുവിന്റെ നീക്കങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ഇരുട്ടിൽ പരതി മരണത്തിലേയ്ക്ക് വഴുതിവീഴാനാവില്ല മനുഷ്യന്. മറിച്ച്, ആവശ്യം വേണ്ടുന്ന കരുതലോടെ തികഞ്ഞ ഏകാഗ്രതയോടെ ഓരോ ചുവടും മുന്നോട്ട് വയ്കുകയാണ് അഭികാമ്യം. ചിലപ്പോൾ ആ കൊലയാളിസത്വം നാം ഭയപ്പെടുന്ന തരത്തിലൊരു കോവിഡ് വൈറസ്സാവാനിടയില്ല. മറിച്ച് തൊഴിൽ നഷ്ടപ്പെട്ടവരുടെ പട്ടിണിമരണമാവാം, ഒറ്റയാകലിനൊടുവിൽ മനസ്സാന്നിദ്ധ്യം നഷ്ടപ്പെടുന്നവരുടെ ആത്മഹത്യയാവാം, അവിചാരിതനേരത്ത് അടിതെറ്റിവീണ പ്രവാസസ്വപ്നങ്ങളാവാം. ഇന്റർനെറ്റിന്റെ അതിവിശാലതലമൊഴിച്ചാൽ ഏതാണ്ട് രണ്ടുമാസക്കാലമായി നിശ്ചലമായിരിക്കുകയാണ് ലോകക്രമം.
രോഗത്തെ ഭയപ്പെടുന്നതിലുപരി പരസംസർഗ്ഗം കുറയ്കുന്നതുവഴി വ്യാപനം തടയാനാവും എന്ന ധാരണ ജനങ്ങൾക്കും ഭരണാധികാരികൾക്കും ഉണ്ടായിരുന്നു
വിടുകളിലടയ്ക്കപ്പെട്ട ജനകോടികൾ, നിലത്തിറക്കപ്പെട്ട ജംബോജെറ്റുകൾ, കരയ്ക്കടുപ്പിക്കപ്പെട്ട ഉല്ലാസനൗകകൾ, ഉപയോഗമില്ലാതെ ശതകോടിക്കണക്കിന് ബാരലുകൾ സംഭരണ ശേഷിയുള്ള എണ്ണശേഖരണികളിൽ നിറഞ്ഞു കവിയുന്ന അറബിപ്പൊന്ന്, പണിയെടുക്കാനാവാതെ പട്ടിണിയും പരിവട്ടവുമായി ദിനരാത്രങ്ങളെണ്ണി ലേബർക്യാമ്പുകളിലുൾപ്പെടെക്കഴിയുന്ന സഹസ്രകോടി ദിവസവേതനക്കാർ. അതെ ചിന്തകൾക്കപ്പുറമാണ് ഈ രണ്ടുമാസക്കാലം കൊണ്ട് നമ്മൾ താണ്ടിയ ദൂരം. സകല അനിവാര്യതകളെയും ചില ദിവസങ്ങൾക്കുള്ളിൽ അപ്രസക്തങ്ങളാക്കി വീടുകളുടെ നാലുചുവരുകൾക്കുള്ളിലേയ്ക്ക് ലോകമൊതുങ്ങിക്കൂടിയതുപോലെ.
"അടച്ചിടൽ' കാലത്തും സൂപ്പർമാർക്കറ്റുകളും റസ്റ്റോറന്റുകളും പെട്രോൾ പമ്പുകളും നിർമ്മാണ സാമഗ്രികൾ കിട്ടുന്ന ഹാർഡ് വെയർ, ഓഫീസ് സ്റ്റേഷനറി കടകളും തുറന്നിരുന്നു. റസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം വാങ്ങിക്കൊണ്ടുപോകാം. എന്നാൽ ഇരുന്ന് കഴിക്കുന്നതിന് ഇന്നും വിലക്കുണ്ട്. കാലിഫോർണിയ സംസ്ഥാനത്തെ ആവശ്യസേവനങ്ങളുടെ പട്ടികയിൽപ്പെടുത്തിയ നിയമാനുസൃത കഞ്ചാവ് വിൽപ്പനശാലകളും മദ്യക്കടകളും ഈ ലോക്ഡൗൺ കാലത്തും തുറന്നിരുന്നു എന്നത് മലയാളികൾക്ക് വ്യത്യസ്തമായി തോന്നാം. നാളിതുവരെ ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിൽ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലായിരുന്നു. തടഞ്ഞുനിർത്തലൊ ലാത്തിയടിയൊ ഇല്ലാതെ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ ഉൾച്ചേർത്തുകൊണ്ടുവന്ന നിയന്ത്രണങ്ങളുടെ ഇക്കാലയളവിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനും ആളുകൾ കൂട്ടം ചേരുന്നതിനും തുടക്കത്തിൽ തന്നെ വിലക്കുകളുണ്ടായിരുന്നു. പൊതുപാർക്കുകളിലെയും കടൽത്തീരങ്ങളിലെയും പാർക്കിങ് സൗകര്യങ്ങൾ അടച്ചിട്ടിരുന്നു. അത്യാവശ്യസർവ്വീസുകൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഒരാഴ്ചയ്ക്കകം ജില്ലാടിസ്ഥാനത്തിൽ സ്‌കൂളുകളും ആരാധനാലയങ്ങളും അടയ്ക്കപ്പെട്ടു. എന്നാൽ പൊതുഗതാഗത സൗകര്യങ്ങളെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു. ഊബർ, ലിഫ്റ്റ് പോലുള്ള സ്വകാര്യ ടാക്‌സി സർവ്വീസുകൾക്കും നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. എന്നാൽ മിക്ക ഡ്രൈവർമാരും യാത്രക്കാരോട് മുഖാവരണം ധരിക്കാൻ തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കഴിഞ്ഞയാഴ്ചവരെ മാസ്‌ക് പോലുള്ള വ്യക്തിസംരക്ഷണാർഥമുള്ള വസ്തുക്കൾക്ക് മാർക്കറ്റിൽ നല്ല ക്ഷാമമനുഭവപ്പെട്ടിരുന്നു എന്നത് ശരിയാണ്.
എൺപതുശതമാനത്തോളം നികുതിദായകർക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് പ്രകാരം കുടുംബത്തിലെ മുതിർന്നവർക്ക് 1200 ഡോളർ, കുട്ടികൾക്ക് 500 എന്ന കണക്കിൽ ഏപ്രിൽ അവസാന പാദത്തിൽ തന്നെ ലഭിക്കുകയുണ്ടായി. ഈ പണമുപയോഗിച്ച് ജനങ്ങൾ കൂടുതൽ ഉത്പന്നങ്ങൾ വാങ്ങി മന്ദഗതിയിലായ സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് സർക്കാരിനുള്ളത്. എന്നാൽ കാലിഫോർണിയ, ടെക്സാസ്, ഫ്‌ളോറിഡ പോലുള്ള സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കായ അനധികൃത കുടിയേറ്റത്തൊഴിലാളികളെ ഇപ്രകാരമുള്ള സകല പാക്കേജുകളും കാണാതെപോകുകയെന്ന പതിവ് ഇത്തവണയുമുണ്ടായി. അസംഘടിതരായ മേൽപ്പറഞ്ഞ ഈ ദിവസവേതനക്കാരാണ് മധ്യകാലിഫോർണിയയിലെ പച്ചക്കറിപ്പാടങ്ങളുൾപ്പെടെയുള്ള തൊഴിലിടങ്ങളിൽ യാതൊരു രേഖകളുമില്ലാതെ എന്നാൽ സർക്കാരുകളുടെ മൗനാനുവാദത്തോടെ പണിയെടുക്കുന്നത്. അമേരിക്കയ്ക്കു വേണ്ടുന്ന മുക്കാൽപ്പങ്ക് പച്ചക്കറികളും വിളയുന്നത് ഇവിടങ്ങളിലെ യന്ത്രവത്കൃത കൃഷിത്തോട്ടങ്ങളിലാണ്.
എൺപതുശതമാനത്തോളം നികുതിദായകർക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് പ്രകാരം കുടുംബത്തിലെ മുതിർന്നവർക്ക് 1200 ഡോളർ കുട്ടികൾക്ക് 500 എന്ന കണക്കിൽ ഏപ്രിൽ അവസാന പാദത്തിൽ തന്നെ ലഭിക്കുകയുണ്ടായി
എന്നാൽ വിളവെടുപ്പിനെയും ചരക്ക് നീക്കങ്ങളേയും ലോക്ക്ഡൗണിൽ
നിലവിലിരുന്ന നിബന്ധനകൾ സാരമായി ബാധിച്ചിട്ടുണ്ട്. ആയതിനാൽ, പതിനായിരക്കണക്കിന് ഹെക്ടറുകളിൽ വ്യാപിച്ച് കിടക്കുന്ന പാകമായ പച്ചക്കറികൾ മറ്റ് ചീരയിനങ്ങൾ എന്നിവ ഉടമകൾക്ക് നശിപ്പിച്ചു കളയേണ്ടിവരെ വന്നിരുന്നു. ചെറുകിടവ്യവസായങ്ങളെ സഹായിക്കാൻ പാകത്തിലുള്ള നിരവധിയായ പലിശരഹിത ലോണുകളും മേൽപ്പറഞ്ഞ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമാണ്.
വ്യാപാരസ്ഥാപനങ്ങളിലും മറ്റും സാമൂഹിക അകലം പാലിക്കുക, വ്യക്തിശുചിത്വത്തിൽ ശ്രദ്ധിക്കുക, സാനിട്ടയ്സറുകളും മാസ്‌കും നിർബന്ധമായും ഉപയോഗിക്കുക, ഒന്നിലധികം പേരുള്ളപ്പോൾ ചുമയും തുമ്മലുമൊക്കെ ശ്രദ്ധിച്ച് ചെയ്യുക തുടങ്ങി ഇത്തരമൊരു രോഗാണുവിനൊപ്പം എങ്ങനെ ജീവിക്കാനാവുമെന്നത് ജനങ്ങൾ മനസ്സിലാക്കുന്നതായാണ് ഈ ദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ പൊതുവിൽ കണ്ടുവരുന്നത്. അതായത്, വരുന്ന ശൈത്യകാലത്തും ഇൻഫ്‌ളുവൻസ വൈറസ്സിന് സമാനമായി രൂപമാറ്റം സംഭവിക്കപ്പെട്ട മറ്റൊരു കൊറോണ വൈറസ്സ് ലോകത്തോടൊപ്പമുണ്ടാവും എന്ന ചിന്തയിലടിസ്ഥാനമായ ഒരു ജീവിതക്രമമായിരിക്കും അഭികാമ്യമായത്.
പൂർണ്ണവിജയമാവകാശപ്പെടാനാവുന്ന വാക്‌സിനുകൾ വികസിപ്പിച്ചെടുക്കാനുള്ള സാധ്യതതന്നെ കുറവാണ്. കാരണം കാലക്രമത്തിൽ രൂപഭേദം സംഭവിക്കപ്പെടുന്ന വൈറസുകൾക്കെതിരെ ഫലപ്രദമായ വാക്‌സിനുകൾ നിർമ്മിക്കുക ശ്രമകരമാണ്. ഇറ്റലിയിൽ മരണമടഞ്ഞവരിൽ തൊണ്ണൂറ്റിയൊൻപത് ശതമാനവും പ്രായാധിക്യത്താലും ഇതരരോഗങ്ങൾക്കൊണ്ടും വൈറസ്സിനെതിരെ പൊരുതാൻ ശേഷിയില്ലാത്തവരായിരുന്നു എന്നാണ് സർക്കാർ രേഖകൾ പറയുന്നത്.
പ്രായമായവരും അല്ലാത്തവരും വേറിട്ടുകഴിയുന്ന പാശ്ചാത്യലോകസാമുഹ്യക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായ ഇന്ത്യപോലൊരു രാജ്യത്ത് കൊറോണ വൈറസ്സിന്റെ പിടിയിൽ നിന്നും മേൽപ്പറഞ്ഞ ദുർബലവിഭാഗത്തെ സംരക്ഷിക്കുക എന്നത് തീർച്ചയായും ശ്രമകരമായ ഒരു ജോലിയാണ്
മറ്റുരാജ്യങ്ങളിലെ അവസ്ഥയും സമാനമാണ്. പ്രായമായവരും അല്ലാത്തവരും വേറിട്ടുകഴിയുന്ന പാശ്ചാത്യലോക സാമുഹ്യക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായ ഇന്ത്യപോലൊരു രാജ്യത്ത് കൊറോണ വൈറസ്സിന്റെ പിടിയിൽ നിന്നും മേൽപ്പറഞ്ഞ ദുർബലവിഭാഗത്തെ സംരക്ഷിക്കുക എന്നത് തീർച്ചയായും ശ്രമകരമായ ഒരു ജോലിയാണ്. അതിലേയ്‌ക്കെത്തിപ്പെടുന്ന കർമ്മപദ്ധതികൾ സർക്കാർ, ഇതര സന്നദ്ധസംഘടനകൾ എന്നിവരുടെ കൂട്ടായ ശ്രമഫലമായി ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള വിവിധങ്ങളായ അനുഭവപാഠങ്ങളെ ആധാരമാക്കി പുത്തനൊരു ജീവിതക്രമം രൂപപ്പെടുന്നൊരു സാഹചര്യമുണ്ടാവുകയാണ് അടിയന്തിരമായി വേണ്ടത്. ആയതിനാൽ, വൈറസ് ഭയത്തിൽ നിന്ന് കേരളവും ഇന്ത്യയുമൊക്കെ ഉടനെ പുറത്തുകടക്കുന്നതിനൊപ്പം സകലരും ചേർന്ന് വൈറസ്സിനൊപ്പം എങ്ങനെ ജിവിക്കാമെന്ന് ഒരു ജനതയെ പറഞ്ഞു പഠിപ്പിക്കുമെന്ന് പ്രതീക്ഷിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.