ലോകം പുതുവർഷത്തിലേക്ക് കടക്കുമ്പോഴാണ്, വലിയ തോതിലുള്ള സൈനികാക്രമണത്തോടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ജീവിതപങ്കാളി സിലിയ ഫ്ലോറസിനെയും യു.എസ് സൈനികർ പിടികൂടിയത്. മഡുറയുടെ നേതൃത്വത്തിൽ അമേരിക്കയിലേക്ക് മാരകമായ മയക്കുമരുന്ന് ഇറക്കുമതി ചെയ്തു എന്ന ആരോപണത്തിലാണ് സൈനികനടപടിയെന്നാണ് അമേരിക്കൻ ഭാഷ്യം.
എന്നാൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമായ വെനസ്വേലയെ കീഴടക്കേണ്ടത് അമേരിക്കയുടെ ദീർഘകാല ലക്ഷ്യമായിരുന്നു എന്നതാണ് ശരിയായ നിരീക്ഷണം. "സുരക്ഷിതവും നീതിയുക്തവുമായ ഒരു മാറ്റം സംഭവിക്കുന്നതുവരെ’’ ആ രാജ്യത്ത് ഭരണം നടത്താൻ അമേരിക്ക പദ്ധതിയിടുന്നുവെന്ന് ട്രംപ് പറയുകയുണ്ടായി. അമേരിക്ക രാജ്യത്തെ നയിക്കുമെന്നു മാത്രമല്ല, പ്രത്യേകിച്ച് അതിന്റെ എണ്ണ മേഖലയുൾപ്പെടെയുള്ളവയുടെ ഓപ്പറേഷന് ധനസഹായം നൽകുന്നതിനായി എണ്ണക്കയറ്റുമതിയിൽ നിന്നുള്ള വരുമാനം കണ്ടെത്തുമെന്നും പ്രഖ്യാപിച്ചു. എന്ത് ലക്ഷ്യത്തോടെയാണ് തങ്ങൾ പെരുമാറുകയെന്നും എത്രനാൾ വെനസ്വേലയിൽ തുടരുമെന്നും ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ആത്യന്തികമായി അമേരിക്കൻ ഭരണകൂടത്തിന്റെ സാമ്രാജ്യത്വ നിലപാടാണ് ഈ നടപടിയിലൂടെ പുറത്തുവന്നത്. ഒരു പരമാധികാര രാഷ്ട്രത്തെ ആക്രമിച്ച് പ്രസിഡന്റിനെ പിടികൂടുക എന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം തന്നെയാണ്. ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടികളെ ലോക നേതാക്കൾ അപലപിച്ചിട്ടുണ്ട്. ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ അയൽക്കാരനെതിരായ ആക്രമണത്തെ "വെനിസ്വേലയുടെ പരമാധികാരത്തിനെതിരായ ഗുരുതരമായ ആക്രമണവും മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിനുമുള്ള അങ്ങേയറ്റം അപകടകരമായ മാതൃകയും" എന്നാണ് പ്രസ്താവിച്ചത്.
ട്രംപ് ഭരണകൂടം തങ്ങൾക്ക് താൽപര്യമുണ്ടെന്ന് വിശ്വസിക്കുന്നിടത്ത് എപ്പോൾ വേണമെങ്കിലും നേരിട്ട് ഇടപെടാൻ പോകുന്നു എന്ന സൂചന കൂടി നിലവിലെ സാഹചര്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കും.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ, നിലവിലെ സാഹചര്യത്തെക്കുറിച്ചും "മേഖലയെ സംബന്ധിച്ച് ആശങ്കാജനകമായ പ്രത്യാഘാതങ്ങളെക്കുറിച്ചും" ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നു.
ഏതാനും ആഴ്ചകൾക്കുമുമ്പ്, ട്രംപ് ഭരണകൂടത്തിന്റെ ‘നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റെജി’ (എൻ.എസ്.എസ്) പുറത്തിറങ്ങിയപ്പോൾ ലാറ്റിനമേരിക്കയെ, അമേരിക്കൻ ഭൗമ രാഷ്ട്രീയ (Geopolitical) മുൻഗണനയുടെ മുഖ്യ സ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നു. ലാറ്റിനമേരിക്കയിൽ യു.എസ് സാന്നിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റെജി തയ്യാറാക്കിയിരിക്കുന്നത്. പുതുവർഷത്തിലെ നിലപാടുകൾ കാണുമ്പോൾ, ഈ സ്ട്രാറ്റെജിയുടെ രൂപരേഖകൾ കൂടുതൽ വ്യക്തമാവുകയാണ്. ട്രംപ് ഭരണകൂടം തങ്ങൾക്ക് താൽപര്യമുണ്ടെന്ന് വിശ്വസിക്കുന്നിടത്ത് എപ്പോൾ വേണമെങ്കിലും നേരിട്ട് ഇടപെടാൻ പോകുന്നു എന്ന സൂചന കൂടി നിലവിലെ സാഹചര്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കും.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡോയിൽ ശേഖരം വെനസ്വേലയിലാണ്. എന്നിരുന്നാലും ആ രാജ്യത്തെ സംബന്ധിച്ച് കാലക്രമേണ അതിനെ വേർതിരിച്ചെടുക്കാനും കയറ്റുമതി ചെയ്യാനുമുള്ള കഴിവ് കുറഞ്ഞു. കാരണം, ക്രൂഡോയിൽ വേർതിരിച്ചെടുക്കുന്നതിനും കൊണ്ടുപോകുന്നതിനും ശുദ്ധീകരിക്കുന്നതിനും വിപുലമായ കഴിവും സാങ്കേതികവിദ്യയും ആവശ്യമാണ്.
2000- ന്റെ തുടക്കത്തിൽ, അന്നത്തെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് നിരവധി യു.എസ് കമ്പനികളുടെ പിന്മാറ്റത്തിലേക്ക് നയിച്ച നടപടികൾ ആരംഭിച്ചു. ഇത്, ഒരുകാലത്ത് വെനസ്വേലയുടെ നട്ടെല്ലായിരുന്ന ഊർജ്ജ തൊഴിലാളികളുടെ മറ്റ് രാജ്യങ്ങളിലേക്കുള്ള വൻതോതിലുള്ള കുടിയേറ്റത്തിനിടയാക്കി. വർഷങ്ങൾ നീണ്ട കേസുകളും. ഊർജ്ജമേഖലയിലെ തകർന്നുകഴിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ പതിനായിരക്കണക്കിന് ഡോളർ നിക്ഷേപം ആവശ്യമാണ്. യു.എസ് ഇപ്പോഴും ചെറിയ തുക ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും - പ്രധാനമായും ഡീസൽ, അസ്ഫാൽറ്റ്, ഹെവി ഉപോൽപ്പന്നങ്ങൾ എന്നിവയ്ക്കായി - അവ അപര്യാപ്തമാണെന്ന് ഇവർ വാദിക്കുന്നു.
ഈ വാരാന്ത്യത്തിലുണ്ടായതുപോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ഊർജ്ജ വിപണികളെ ഇളക്കിമറിക്കും. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വെനസ്വേലയുടെ ഊർജ്ജ മേഖലയിലെ യു.എസ് ഇടപെടലിനെ വിപണി സ്വാഗതം ചെയ്യുമെന്നും നിലവിലുള്ള ആഗോളശേഷി വിപണികളെ തണുപ്പിക്കുമെന്നും ട്രംപ് ഭരണകൂടം അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതിനെ ചോദ്യം ചെയ്യാൻ നിരവധി കാരണങ്ങളുണ്ട്.
ചൈനയ്ക്ക് വെനസ്വേലയുടെ എണ്ണ ആവശ്യമുണ്ട്, മറിച്ച്, വെനസ്വേലയ്ക്ക് ചൈനീസ് നിക്ഷേപവും. അതുകൊണ്ടുതന്നെ, വെനസ്വേലയുമായി, പ്രത്യേകിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി, ബീജിംഗിന് എല്ലാ സാഹചര്യത്തിലും തന്ത്രപരമായ പങ്കാളിത്തമുണ്ടായിരുന്നു.
നിക്കോളാസ് മഡുറോയുടെ വിശ്വസ്തർ നയിക്കുന്നതോ, അദ്ദേഹം പോയതോടെ അധികാരം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രതിപക്ഷത്തിനോ രാഷ്ട്രീയ അസ്വസ്ഥതകൾ കൈകാര്യം ചെയ്യുന്നതിന് കാര്യമായ പദ്ധതികളില്ല. അസ്ഥിരമായ ഊർജ്ജ വിപണി വെനസ്വേലയെ സംബന്ധിച്ച് അഭികാമ്യമായ ഒന്നല്ല. വൻതോതിൽ ആഗോള നിക്ഷേപം ഒഴുകിയെത്തിയാലും വെനിസ്വേല വേഗത്തിൽ പഴയ നിലയിലേക്ക് തിരിച്ചെത്തുമോ എന്നും സംശയിക്കാം. ഇറാഖ് യുദ്ധസമയത്ത് യു.എസ് നിക്ഷേപം ഇറാഖിനെ 3 MBD (million barrels per-day) കയറ്റുമതിക്കാരാക്കി മാറ്റുമെന്നും ഒടുവിൽ 6-8 MBD ഉത്പാദിപ്പിക്കുമെന്നും നൽകിയ വാഗ്ദാനങ്ങൾ എങ്ങും എത്തിയില്ല. അവിടെ എത്താൻ 10 വർഷമെടുത്തു. ഇറാഖ് നിലവിൽ ഏകദേശം 4 MBD-യാണ് ഉത്പാദിപ്പിക്കുന്നത്.
2022 മുതൽ ഇറാൻ വെനസ്വേലയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. നവീകരണത്തിലും അറ്റകുറ്റപ്പണികളിലും സഹകരിക്കുകയും ചെയ്യുന്നു. യു.എസും പാശ്ചാത്യ കമ്പനികളും കൂടുതൽ ഇടപഴകുകയാണെങ്കിൽ ടെഹ്‌റാന് ആ പങ്ക് നഷ്ടപ്പെടും. എണ്ണവിലയിൽ വർദ്ധനവ് ആവശ്യപ്പെട്ട്, ഉക്രെയ്‌നിലെ യുദ്ധം തുടരുന്നതിനാൽ, വില കുറഞ്ഞാൽ റഷ്യയ്ക്കും ഗണ്യമായി നഷ്ടമുണ്ടാകും. എന്നിരുന്നാലും ഏറ്റവും വലിയ നഷ്ടം ചൈനക്കായിരിക്കാം.

ചൈനീസ് ആശങ്കൾ
തങ്ങളുടെ മറ്റൊരു സഖ്യകക്ഷി നേതാവും വിഭവസമൃദ്ധപങ്കാളിയും അമേരിക്കയ്ക്ക് കീഴടങ്ങുന്നത് ബീജിംഗ് ആശങ്കയോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ, വെനസ്വേലയ്‌ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ആക്രമണം, ചൈനയെ അമേരിക്കയേക്കാൾ ഉത്തരവാദിത്തമുള്ള ഒരു അന്താരാഷ്ട്ര കക്ഷിയായി ചിത്രീകരിക്കാൻ അവസരം നൽകുന്നുണ്ട്. ‘പരമാധികാര രാഷ്ട്രത്തിനെതിരെയും അതിന്റെ പ്രസിഡന്റിനെതിരെയും അമേരിക്ക നടത്തിയ നഗ്നമായ ബലപ്രയോഗത്തെ’ ചൈന ശക്തമായി അപലപിക്കുന്നു.
ചൈനയ്ക്ക് വെനസ്വേലയുടെ എണ്ണ ആവശ്യമുണ്ട്, മറിച്ച്, വെനസ്വേലയ്ക്ക് ചൈനീസ് നിക്ഷേപവും. അതുകൊണ്ടുതന്നെ, വെനസ്വേലയുമായി, പ്രത്യേകിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി, ബീജിംഗിന് എല്ലാ സാഹചര്യത്തിലും തന്ത്രപരമായ പങ്കാളിത്തമുണ്ടായിരുന്നു. വാസ്തവത്തിൽ, യു.എസ് സൈന്യം പിടികൂടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മഡുറോ ചൈനയിൽ നിന്നുള്ള ഒരു പ്രത്യേക ദൂതനെ കണ്ടിരുന്നു.
വെനസ്വേലയെ ആക്രമിക്കുന്നതിനുള്ള യു.എസിന്റെ യുക്തിയും മാർഗങ്ങളും ഉപയോഗിച്ച് തായ്‌വാനെതിരെ സമാനമായ ആക്രമണം നടത്താൻ ബീജിംഗ് ശ്രമിച്ചേക്കുമെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിന് സാധ്യതയില്ല.
ഈ സാഹചര്യത്തിൽ വെനസ്വേലയിലെ അമേരിക്കൻ അധിനിവേശത്തിനെതിരായ അന്താരാഷ്ട്ര അഭിപ്രായ രൂപീകരണത്തിൽ ചൈനയും പങ്കുചേരും. കൂടാതെ ഐക്യരാഷ്ട്രസഭയുടെ ഏതൊരു തീരുമാനത്തിലും ചൈന പ്രധാന പങ്ക് വഹിക്കാനും സാധ്യതയുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ, വികസ്വര രാജ്യങ്ങളിലും യു.എസ് സഖ്യകക്ഷികൾക്കിടയിൽ പോലും വാഷിംഗ്ടണിനെതിരെ നയതന്ത്രപരമായ സ്വാധീനവും സാധ്യതയും നേടാനുള്ള അവസരമായി നിലവിലെ സാഹചര്യത്തെ ഉപയോഗപ്പെടുത്താൻ ബീജിംഗ് ശ്രമിച്ചേക്കും.
വെനസ്വേലയെ ആക്രമിക്കുന്നതിനുള്ള യു.എസിന്റെ യുക്തിയും മാർഗങ്ങളും ഉപയോഗിച്ച് തായ്‌വാനെതിരെ സമാനമായ ആക്രമണം നടത്താൻ ബീജിംഗ് ശ്രമിച്ചേക്കുമെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിന് സാധ്യതയില്ല. കാരണം, തായ്‌വാനെ ആക്രമിച്ച്, അതിന്റെ സാമ്പത്തിക ഭാരവും രാഷ്ട്രീയ ആക്ഷേപങ്ങളും ചുമക്കാൻ ബീജിംഗ് ഇന്നത്തെ സാഹചര്യത്തിൽ മുതിരുമെന്ന് കരുതാനകില്ല.

വെനസ്വലയുടെ ഭാവി,
ലോകത്തിന്റെയും
മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് വിജയം, അല്ലെങ്കിൽ എണ്ണയുടെ നിയന്ത്രണം എന്നിവയാണ് വെനസ്വേലക്കെതിരായ യു.എസ് അധിനിവേശത്തിന് കാരണമെങ്കിൽ, 2026 ൽ ദുഷ്കരമായ ഒരു ആഗോള സാഹചര്യമാകും ഒരുങ്ങുന്നത്. 1989- ലെ പനാമ അധിനിവേശവും 1990- ൽ പനാമയുടെ സ്വേച്ഛാധിപതി മാനുവൽ നൊറിഗയെ പിടികൂടിയതും, 2003-ൽ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കിയതും, 2011-ൽ ലിബിയയിൽ നടത്തിയ ഇടപെടലും മുഅമ്മർ ഗദ്ദാഫിയുടെ സ്ഥാനഭ്രംശവും എല്ലാം, വെനസ്വേലയുമായി ചേർത്തുകാണണം.
അസാധാരണമായ അധികാരം പ്രവചനാതീതമായി പ്രയോഗിക്കുന്ന ഒരു യു.എസ് പ്രസിഡന്റിനോട് എങ്ങനെ പ്രതികരിക്കണമെന്ന് മറ്റു രാഷ്ട്രങ്ങൾ - യു.എസ് പങ്കാളികളും സഖ്യകക്ഷികളും മാത്രമല്ല, എതിരാളികളും - തീരുമാനിക്കേണ്ട രാഷ്ട്രീയ സാഹചര്യം കൂടിയാണിത്. മഡുറോയെക്കുറിച്ചുള്ള നെഗറ്റീവ് ധാർമ്മിക വിധിന്യായവും അമേരിക്കയുമായുള്ള സഖ്യത്തിന്റെ പ്രാധാന്യവും ചേർന്നുള്ള ഒരുതരം നിഷ്പക്ഷതയായിരിക്കും യൂറോപ്യൻമാർ തെരഞ്ഞെടുക്കുക.
ഒരുപക്ഷെ, ട്രംപിന്റെ തന്ത്രം തന്നെ മോസ്കോയെയും ബീജിംഗിനെയും സ്വന്തം പ്രാദേശിക അഭിലാഷങ്ങൾ കൂടുതൽ തീവ്രതയോടെ പിന്തുടരാൻ പ്രേരിപ്പിച്ചേക്കാം. ഉക്രെയ്നിനെ നിയന്ത്രിക്കാൻ മോസ്കോയെ യു.എസ് അനുവദിച്ചാൽ, വെനസ്വേലയിലെ യു.എസ് ഇടപെടലിന് പിന്തുണ നൽകാൻ തയ്യാറാണെന്ന ആശയം വർഷങ്ങളായി റഷ്യ മുന്നോട്ടുവക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും നിയന്ത്രണങ്ങളും ഇനി പ്രശ്നമല്ലെന്നും തായ്‌വാനെ പ്രതിരോധിക്കുന്നതുൾപ്പെടെയുള്ള പരമ്പരാഗത സഖ്യ പ്രതിബദ്ധതകളിൽ അമേരിക്ക മടുത്തുവെന്നും, യു.എസ് നടപടികളെ വ്യാഖ്യാനിച്ച് ചൈനയും സമാന്തര നിഗമനങ്ങളിൽ എത്തിയേക്കാം.
ആഗോള ലോകക്രമം മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ, അതിനെ പുനർനിർമ്മിക്കാൻ ശേഷിയുള്ള സ്റ്റേറ്റുകൾ സ്വീകരിക്കുന്ന നടപടികളുടെ അടിയൊഴുക്കുകൾ ശ്രദ്ധാപൂർവം വീക്ഷിക്കേണ്ടതുണ്ട് എന്നാണ് വെനസ്വേലയുടെ അനുഭവം കാണിക്കുന്നത്.
