ആഫ്രിക്കയിലെ ചൈന ആഫ്രിക്കയിലെ അമേരിക്കയ്ക്ക് ചെക്ക് വെക്കുമ്പോള്‍

ആകെയുള്ള 54 ആഫ്രിക്കൻ രാജ്യങ്ങളിൽ 53 രാജ്യങ്ങളുമായും ചൈന നയതന്ത്രബന്ധം സ്ഥാപിച്ചിട്ടുണ്ട്. സ്വഹിലൻഡ് എന്ന ചെറിയ രാജ്യം ഒഴികെ ബാക്കിയുള്ള മുഴുവൻ രാജ്യങ്ങളും ചൈനയെ അംഗീകരിച്ചിട്ടുണ്ട്. ഏറ്റവും നിർണായകമായ കാര്യം യു എന്നിൽ അടക്കം ഉന്നത ആഗോള വേദികളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ചൈനക്ക് കിട്ടുന്ന അതിവിപുലമായ നയതന്ത്ര പിന്തുണയാണ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ രണ്ടു ദശകങ്ങൾ പിന്നിടുമ്പോൾ ഒരു ആഗോള ശക്തി എന്ന നിലയിലേക്ക് ചൈന അടുത്തിരിക്കുകയാണ്. ഈ അടുത്തിടെ സമാപിച്ച ഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസ് അടുത്ത അൻപതു വർഷത്തിനുള്ളിൽ ചൈന നേടേണ്ട ലക്ഷ്യങ്ങളെ പോലും ഇഴകീറി ചർച്ചചെയ്യുകയും അത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. അന്തർദേശീയ രംഗത്ത് അതിവിപുലമായ സാമ്പത്തിക ഉത്തേജക പാക്കേജുകൾ ഉൾപ്പെടെ ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന വലിയ ഒരു സാമ്രാജ്യമായി ചൈന മാറിയിരിക്കുകയാണ്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷേറ്റീവ് (ബി. ആർ. ഐ.) കടൽ മാർഗ്ഗവും കര മാർഗ്ഗവും രണ്ടു വലിയ വ്യവസായിക ഇടനാഴികൾ സൃഷ്ടിച്ച് ലോകത്തെ ഒരൊറ്റ വൻകരയാക്കിമാറ്റുന്ന ബൃഹത് പദ്ധതിയാണ് ബി.ആർ.ഐ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്ക മുന്നോട്ടു വെച്ച മാർഷൽ പദ്ധതിക്ക് സമാനമായ ഒന്നായും നമുക്ക് ഈ പദ്ധതിയെ കാണാവുന്നതാണ്. ഇത്തരത്തിൽ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തുന്ന സാമ്പത്തിക മേധാവിത്ത ശക്തിയായി ചൈന മാറിയിരിക്കുകയാണ്. അതിൽത്തന്നെ ചൈന, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ - അതൊരു സഹകരണ മനോഭാവത്തോടു കൂടെയുള്ള ഇടപെടലാണോ അതോ ഒരു പുതിയ കൊളോണിയൽ ശക്തിയുടെ ഉയർച്ചയാണോ എന്നത്- സവിശേഷമായി പരിശോധിക്കേണ്ട ഒരു കാര്യം തന്നെയാണ്.

ബെൽറ്റ് ആൻഡ് റോഡ് ഇനിഷേറ്റീവ്

2021 ൽ ആഫ്രിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 254.3 ബില്യൺ ഡോളറായിരുന്നു. ഇത് ചൈനയ്ക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതായിരുന്നു. 2020 നെ അപേക്ഷിച്ച് 35.3% കൂടുതലായിരുന്നു 2021 ലെ ചൈന ആഫ്രിക്ക വ്യാപാരം. നിലവിൽ ചൈനയാണ് ആഫ്രിക്കയിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യം.  അമേരിക്ക രണ്ടാമതും ഫ്രാൻസ് തുർക്കി എന്നിവ മൂന്നും നാലും സ്ഥാനത്തും തുടരുന്നു.

ക്സിൻഹുവാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചൈന ഓരോ വർഷവും 18562 തൊഴിലുകൾ ആഫ്രിക്കയിൽ സൃഷ്ടിക്കുന്നു എന്നാണ്. ആഫ്രിക്കയുടെ അടിസ്ഥാന സൗകര്യ വികസനം ടെലികമ്മ്യൂണിക്കേഷൻ ഊർജ്ജം, കാർഷികരംഗം തുടങ്ങിയ ഏതാണ്ട് എല്ലാ മേഖലയിലും വലിയ രീതിയിലുള്ള നിക്ഷേപമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ആഫ്രിക്കയിൽ വളരെ സവിശേഷതയാർന്ന വിജയം കൈവരിക്കുന്നുണ്ടെന്ന് മാത്രമല്ല ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കിടയിൽ ഒരു പുതിയ വികസന മാതൃകയായി ഉയർന്നുവരാനും ചൈനക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ ചില രാജ്യങ്ങളിൽ തങ്ങളുടെ മിലിറ്ററിയുടെ സാന്നിധ്യവും അവർ ഉറപ്പാക്കുന്നുണ്ട്. ഒരു വിദേശ രാജ്യത്തുള്ള ചൈനയുടെ ആദ്യത്തെ മിലിറ്ററി ബേസ് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യൻ മഹാസമുദ്രവും റെഡ് സീയും ജിബൂട്ടിയോട് ചേർന്ന് കിടക്കുന്നതിനാൽ ഭൂരാഷ്ട്രതന്ത്രപരമായി വലിയ സാധ്യതകളുള്ള മേഖലയിലാണ് ആ മിലിറ്ററി ബേസ് സ്ഥിതി ചെയ്യുന്നത്. ആഫ്രിക്ക അതിവിപുലമായ വിഭവങ്ങളുടെ അക്ഷയഖനിയാണ്. ആ സാധ്യതയെ ഫലപ്രദമായി ഊറ്റി എടുക്കുകയും ചെയ്യുക എന്ന തരത്തിലേക്കും ചൈന ആഫ്രിക്കയിൽ ഇടപെടുന്നുണ്ട്.

ആയിരത്തി തൊള്ളയിരത്തി എഴുപതുകളിൽ തുടക്കമിട്ട 1860 കിലോമീറ്റർ നീളമുള്ള ടാൻസാനിയ - സാമ്പിയാ റെയിൽവേ നിർമാണമായിരുന്നു ചൈന, ആഫ്രിക്കയിൽ ആദ്യമായി ചെയ്ത മെഗാ പ്രൊജക്റ്റ്‌. ഇന്നിപ്പോൾ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ചൈനീസ് നിർമാണങ്ങൾ നടക്കുന്നുണ്ട്. ട്രാൻസ്നാഷണൽ ഹൈവേകൾ, എയർപോർട്ടുകൾ, മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ, തുറമുഖങ്ങൾ തുടങ്ങി വലിയ പദ്ധതികൾ ആഫ്രിക്കയിൽ എല്ലായിടത്തുമുണ്ട്. നൈജീരിയയിലെ കോസ്റ്റൽ റെയിൽവേ, അഡിസ്-അബാബ -- ജിബുട്ടി റെയിൽവേ, ടാൻസാനിയയിലെ ബഗമായോവിലെ പോർട്ടും സ്പെഷ്യൽ ഇക്കണോമിക് സോണും ഒക്കെ നിലവിലെ മെഗാ പ്രൊജക്റ്റുകളാണ്.

2022 ജനുവരിയിൽ ചൈനീസ് ഗവണ്‍മെന്റ് പുറത്തിറക്കിയ ആഫ്രിക്കൻ പോളിസി പേപ്പർ വിശദമായി ചൈന - ആഫ്രിക്ക ബന്ധത്തെപ്പറ്റി പറയുന്നുണ്ട്. ആഫ്രിക്കൻ വികസനത്തിൽ ചൈന പ്രതിജ്ഞബദ്ധമാണെന്നും പശ്ചാത്യ രാജ്യങ്ങൾ സാമ്രാജ്യത്വ താല്പര്യങ്ങൾ മുൻനിർത്തി നടത്തിയ ഇടപെടൽ പോലെ അല്ല ചൈന ആഫ്രിക്കയിൽ ഇടപെടുന്നത് എന്നും പേപ്പർ വിശദമാക്കുന്നു.

ആകെയുള്ള 54 ആഫ്രിക്കൻ രാജ്യങ്ങളിൽ 53 രാജ്യങ്ങളുമായും ചൈന നയതന്ത്രബന്ധം സ്ഥാപിച്ചിട്ടുണ്ട്. സ്വഹിലൻഡ് എന്ന ചെറിയ രാജ്യം ഒഴികെ ബാക്കിയുള്ള മുഴുവൻ രാജ്യങ്ങളും ചൈനയെ അംഗീകരിച്ചിട്ടുണ്ട്. ഏറ്റവും നിർണായകമായ കാര്യം യു എന്നിൽ അടക്കം ഉന്നത ആഗോള വേദികളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ചൈനക്ക് കിട്ടുന്ന അതിവിപുലമായ നയതന്ത്ര പിന്തുണയാണ്. ടിയാൻമെൻ സ്ക്വയർ പ്രശ്നത്തിലടക്കം ആഫ്രിക്കൻ രാജ്യങ്ങൾ ചൈനക്ക് ഒപ്പമായിരുന്നു എന്നത് ചെറിയ കാര്യമല്ല. ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളും ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ചൈനക്ക് അനുകൂലമായി വോട്ട് ചെയ്തതിനാൽ യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (UNIDO), ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ(FAO), ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ(ITU), ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) തുടങ്ങിയവയുടെ മേധാവിമാർ  ചൈനീസ് പൗരരാണ്.

അമേരിക്കൻ മേധാവിത്വത്തിനെതിരെയുള്ള ബദൽ

ചൈന - ആഫ്രിക്ക ബന്ധം അനുദിനം വളരുന്നത് അമേരിക്കൻ ചേരിയെ അസ്വസ്ഥമാക്കുന്നുണ്ടെന്നത് വസ്തുതയാണ്. ബൈഡൻ സർക്കാർ പുതിയ US - Africa Strategy നോട്ട് പുറത്തിറക്കിയത് 2022 ആഗസ്റ്റിലാണ്. അതിൽ സബ് സഹാറൻ ആഫ്രിക്കൻ സർക്കാറുകൾക്കും മറ്റ് ഏജൻസികൾക്കും ആഗോള തലത്തിൽ വലിയ ഉത്തരവാദിത്വങ്ങൾ വഹിക്കാനുണ്ടെന്നും അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവർക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, മറ്റു രാജ്യങ്ങളുടെ ആഫ്രിക്കൻ ഇടപെടലുകളെ സംബന്ധിക്കുന്ന കാര്യങ്ങൾ വിശദമാക്കുന്നിടത്ത് ചൈനയുടെ ആഫ്രിക്കൻ ഇടപെടലുകളെ വിമർശനാത്മകമായി പരിശോധിക്കുന്നുണ്ട്. 

2022 ഡിസംബറിൽ അമേരിക്കയിൽ വെച്ച് യു എസ് - ആഫ്രിക്കൻ ലീഡേർസ് സമ്മിറ്റ് ചേരുകയുണ്ടായി. 2014 നായിരുന്നു ഇത്തരമൊന്നു ഇതിനു മുൻപ് ചേർന്നിരുന്നത്. എന്നാൽ 2000 മുതൽ ഓരോ മൂന്നു വർഷവും ചൈന, ആഫ്രിക്ക-ചൈന ഉച്ചകോടി വിളിച്ചു ചേർക്കാറുണ്ട്. Forum on China-Africa Cooperation എന്ന വലിയ വേദി ഇതിനായി രൂപീകരിച്ചിട്ടുണ്ട്. അതിലൂടെയുള്ള കഴിഞ്ഞ ഇരുപത് വർഷത്തെ ചിട്ടയായ പ്രവർത്തനമാണ് ചൈനയെ ആഫ്രിക്കയിലെ വമ്പൻ സാമ്പത്തിക ശക്തിയാക്കിയത്.

2021 ൽ ചൈന ആഫ്രിക്ക വ്യാപാരം 254 ബില്യൺ യു എസ് ഡോളർ കടന്നു. ഇത് അമേരിക്കയുടെതിനേക്കാൾ നാലു മടങ്ങു വലുതാണ്. ചൈനീസ് FDI നിക്ഷേപം അമേരിക്ക നടത്തുന്നതിലും ഇരട്ടിയിലധികമായതിനാൽ തൊഴിൽ അവസരവും ഏറ്റവുമധികം സൃഷ്ടിക്കുന്നത് ചൈനയാണ്. മാത്രമല്ല, ഭൂരിപക്ഷം ആഫ്രിക്കൻ സർക്കാരുകളും ചൈനീസ് വികസന മാതൃകയെ ഒരു മികച്ച മോഡൽ എന്ന നിലയിൽ സ്വാഗതം ചെയ്യുന്നവരാണ്. ഇത് അമേരിക്കൻ താല്പര്യങ്ങൾക്ക് മേൽ നിഴൽ വീഴ്ത്തുന്നുണ്ട്. എന്നാൽ യു എസ് - ചൈന ശീതയുദ്ധക്കളമാക്കി ആഫ്രിക്കയെ മാറ്റാൻ ആഫ്രിക്കൻ നേതാക്കൾ ആഗ്രഹിക്കുന്നില്ല. അവർ ഒരു പരസ്പര സഹകരണ മനോഭാവത്തോടെയുള്ള ബന്ധമാണ് ഇരു രാജ്യങ്ങളുമായി പുലർത്താൻ ശ്രമിക്കുന്നത്.

വിമർശനങ്ങൾ വിയോജിപ്പുകൾ

ചൈന - ആഫ്രിക്ക ബന്ധത്തെ സംബന്ധിക്കുന്ന നിരവധി ചർച്ചകൾ ഉയർന്നു വരുന്നുണ്ട്. ചൈന ഒരു നിയോ കൊളോണിയൽ രാജ്യമായി ഇടപെടുന്നു എന്നുള്ളതാണ് ഒരു വാദം. ചൈന നടത്തുന്ന അതിവിപുലമായ സാമ്പത്തിക ഇടപെടലാണ് അത്തരം വാദങ്ങൾക്ക് കാരണം. ചൈനയിലേക്ക് ആകെ ഇറക്കുമതി ചെയ്യുന്ന ഓയിലിന്റെ മൂന്നിലൊന്നു ശതമാനവും ആകെ കോട്ടന്റെ 20% വും ആഫ്രിക്കയിൽ നിന്നാണ്. അങ്ങനെ നിരവധിയായ അസംസ്കൃത വസ്തുക്കളും മിനറൽസും ഒക്കെ ആഫ്രിക്കയിൽ നിന്നും ചൈനയിലേക്ക് ഒഴുകുന്നുണ്ട്. വിഭവങ്ങളുടെ അസമമായ ഒഴുക്ക് നിയോ കൊളോണിയൽ സാമ്പത്തിക ക്രമത്തെ സൃഷ്ടിക്കുന്നു എന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ ഗവേഷണ സ്ഥാപനമായ ബ്രൂക്കിങ്സ് നടത്തിയ സർവേയിൽ 60% അധികം ആഫ്രിക്കക്കാരും ചൈനയുടെ ഇടപെടലിനെ സ്വാഗതം ചെയുന്നുണ്ട്.

വളരെ അടുത്ത കാലത്ത് നമ്മൾ കേട്ട ഒരു പദമാണ് ഡെബ്റ്റ് ട്രാപ് ഡിപ്ലോമസി ( debts trap diplomacy) ചൈന അവികസിത രാജ്യങ്ങൾക്ക് നൽകുന്ന അനിയന്ത്രിതമായ ലോണുകൾ ആ രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിയിടുകയും അതുവഴി ഒരു ഇക്കണോമിക്ക് ഡിപ്പന്റൻസി ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു എന്നതാണ് ഈ ആശയത്തിന്റെ കാതൽ.

ജിബുട്ടി - അഡിസ് അബാബ റെയിൽ പ്രൊജക്റ്റ്‌ന്റെ ലോൺ  എത്യോപ്യയുടെ ബജറ്റിന്റെ പകുതിയിൽ അധികമായിട്ടുണ്ട്. നൈജീരിയയും സമാന പ്രശ്നം നേരിടുന്നുണ്ട്. മൊമ്പസാ - നൈറോബി റയിൽ പ്രൊജക്റ്റ്‌ നൈജീരിയൻ ബജറ്റിന്റെ നാല് മടങ്ങായാണ് വർധിച്ചിരിക്കുന്നത്. ഇവ തിരിച്ചടക്കാനുള്ള ശേഷി ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഇല്ല എന്നതാണ് വസ്തുത. ഏതാണ്ട് എല്ലാ രാജ്യങ്ങൾക്കും ഇതേ സ്ഥിതിയാണ്. 2022 ൽ ആഫ്രിക്കൻ രാജ്യങ്ങളിലെ ചൈനീസ് കടം 145 ബില്യൺ യു എസ് ഡോളറായി ഉയർന്നു, 2022 ൽ കടം തിരിച്ചടവ് 8 ബില്യൺ ഡോളറും.

തിരിച്ചടവ് ഭാരം വളരെ കൂടുതലായതിനാൽ പല രാജ്യങ്ങളും കടക്കെണിയിലാണ്. റിപ്പോർട്ടുകൾ പ്രകാരം 18 രാജ്യങ്ങൾ കടം തിരിച്ചടയ്ക്കാൻ ചൈനയുമായി വീണ്ടും ചർച്ച നടത്തുകയാണ്. എന്നാൽ ചൈന മാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങൾക്ക് കടം കൊടുക്കുന്നത്. മറ്റൊരു ഉദാഹരണം പറഞ്ഞാൽ, ശ്രീലങ്കയുടെ ആഗോള കടത്തിന്റെ 10% മാത്രമായിരുന്നു ചൈനയുടെത്. എന്നാൽ ശ്രീലങ്കൻ ഇക്കണോമി തകർന്നപ്പോൾ ചൈനയാണ് കൂടുതൽ പഴി കേൾക്കേണ്ടി വന്നത്. അഥവാ ഡെബ്റ്റ് ട്രാപ് ഡിപ്ലോമസിയുടെ മറുവശം കൂടെ പരിശോധിക്കേണ്ടിവരും.

ഇത്തരത്തിൽ വലിയ സാധ്യതകളും വിമർശനങ്ങളും നിലനിൽക്കുന്ന നയതന്ത്ര സാമ്പത്തിക രാഷ്ട്രീയ ബന്ധമാണ് ചൈനയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ളത്. ചൈനയുടെ സെക്കന്റ്‌ കോണ്ടിനന്റ് ആയി ഒരു പക്ഷെ ആഫ്രിക്കയെ വിശേഷിപ്പിക്കാനാവും. ഏത് മേഖല എടുത്ത് നോക്കിയാലും ചൈനക്ക് അവിടെ നിക്ഷേപം ഉള്ളതായി കാണാനാവും. ചൈന അവരുടെ ഗ്ലോബൽ ഇമേജ് ബിൽഡിങ് സ്ട്രാറ്റജിയുടെ ഭാഗമായി ഉപയോഗിക്കുന്ന സോഫ്റ്റ്‌ പവർ ടൂളുകളുടെ പരീക്ഷണ ശാലയായി ആഗോള ദക്ഷിണ (ഗ്ലോബൽ സൗത്ത്) രാജ്യങ്ങൾ മാറുന്നുണ്ട്. ആഫ്രിക്ക അടുത്ത ഗൾഫ് ആയി തീരുമെന്നതിൽ സംശയമില്ല. അവിടെ ചൈനയുടെ റോൾ മറ്റേത് രാജ്യത്തെക്കാളും സവിഷമായിരിക്കും.

ചൈനയുടെ തന്ത്രങ്ങൾ വിജയിക്കുന്നത് ക്യാപിറ്റൽ പൂർണമായും സ്റ്റേറ്റ് കൈകാര്യം ചെയ്യുന്നതുകൊണ്ടാണ്. ഈ അടുത്ത കാലത്താണ് ഷി ജിൻപിങ് ചൈനയുടെ അതിദാരിദ്ര്യം തുടച്ചു നീക്കിയതായി പ്രഖ്യാപിച്ചത്. ആയിരത്തി തൊള്ളയിരത്തി അമ്പതുകളിൽ അതീവ പട്ടിണിയുള്ള രാജ്യങ്ങളിൽ പതിമൂന്നാം സ്ഥാനത്തായിരുന്ന നിരക്ഷരതയും ആയുസും വളരെ കുറവായിരുന്ന ചൈനയാണ് ഇന്ന് ലോകത്ത് പട്ടിണിയെ തുരത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്. ഇത്തരത്തിൽ അന്തർദേശീയവും ദേശീയവുമായ ഒരുപാടു പാഠങ്ങൾ ചൈനയിൽനിന്നും ലോകത്തിനു ഉൾകൊള്ളാനുണ്ട്. മാത്രമല്ല, ബെൽറ്റ്‌ ആൻഡ് റോഡ് പദ്ധതി വിജയിച്ചാൽ ചൈന എങ്ങനെയായിരിക്കും ഇടപെടുക എന്നത് കാത്തിരുന്നു കാണേണ്ടി വരും.

Comments