46-ാമത് യു.എസ് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ജോ ബൈഡൻ. 232 നെതിരെ 306 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ബെെഡൻ ട്രംമ്പിനെ പരാജയപ്പെടുത്തിയത് / photo: wikimedia commons

ബൈഡൻ പ്രസിഡൻസിയുടെ ഭാവി

കാപിറ്റോൾ മന്ദിരത്തിലെ വലതുപക്ഷ ആക്രമണം; ഒറ്റപ്പെട്ട വ്യതിചലനമോ വരാനിരിക്കുന്നതിന്റെ സൂചനയോ? പോയ നാലു വർഷങ്ങളുടെ ഓർമകളിൽ നിന്ന് പിൻവാങ്ങുന്നതിന് മുമ്പ് മറന്നു കളയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ഈ വിശകലനം

നുവരി ആറിന് നടന്ന യു.എസ് കാപിറ്റോൾ ആക്രമണം പലരേയും അത്ഭുതപ്പെടുത്തി. അന്നാണ് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് ബെെഡനെ വിജയിയായി പ്രഖ്യാപിച്ചത്. കുറച്ചു വർഷങ്ങളായി വലതുപക്ഷത്ത്​കണ്ടുവരുന്ന വർധിത തീവ്രസ്വഭാവത്തിന്റെ ലക്ഷണമായിരുന്നു ആ ആക്രമണം. ഈ പ്രക്രിയ ട്രംപിനു മുൻപേ ആരംഭിച്ചതാണ്. ഡമോക്രാറ്റിക് പാർട്ടി നിയമവിരുദ്ധമാണെന്നും, ബെെഡൻ ജയിച്ചെന്ന് വിലയിരുത്തുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ തെറ്റാണെന്നും വാദിച്ച ഗൂഢാലോചന സിദ്ധാന്ത പ്രസ്ഥാനത്തിന് തന്റെ തുറന്ന പിന്തുണ നൽകിയ ട്രംപ്, എരിതീയിൽ എണ്ണയൊഴിക്കുകയായിരുന്നു. തനിക്കും ഒരുപാടുമുമ്പ്​ റിപ്പബ്ലിക്കൻ പാർട്ടി സൃഷ്ടിച്ച് പരിപോഷിപ്പിച്ച ഒന്നിനു മേൽ പണിയുക മാത്രമാണ് ട്രംപ് ചെയ്തത്. ഈ പ്രസ്ഥാനത്തോട് ആഭിമുഖ്യം കാണിച്ച പലരും ട്രംപ് ഭരണകാലത്ത് ഉദ്യോഗസ്ഥ തലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

ഈ പ്രസ്ഥാനത്തെ അംഗീകരിക്കുകയും അതിൽ നിന്ന്​ പങ്കുപറ്റുകയും ചെയ്താൽ ഭാവിയിൽ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെടാം എന്ന് ജോഷ് ഹോലിയേയും (മിസോറിയിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട യു.എസ് സെനറ്റർ), ടെഡ് ക്രൂസിനേയും (ടെക്‌സസിൽ നിന്നുള്ള യു.എസ് സെനറ്റർ) പോലുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലെ വളർന്നു വരുന്ന നേതാക്കൾ വിശ്വസിക്കുന്നതായി കാണാം. നിയന്ത്രിക്കാൻ കഴിയും എന്ന വിശ്വാസത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ജന്മം കൊടുത്ത ഒരു വിപത്ത് അതിനെ തന്നെ പുനഃസ്ഥാപിക്കുന്നതാണ് നാം കാണുന്നത്.

തെരഞ്ഞെടുപ്പ് ഫലങ്ങൾ തെറ്റാണെന്ന് വാദിച്ച ഗൂഢാലോചന സിദ്ധാന്ത പ്രസ്ഥാനത്തിന് ട്രംപ് തുറന്ന പിന്തുണ നൽകിയതിനു പിന്നാലെയാണ് ജനുവരി 6-ന് കാപിറ്റോൾ മന്ദിരം അക്രമിക്കപ്പെട്ടത് / photo: wikimedia commons
തെരഞ്ഞെടുപ്പ് ഫലങ്ങൾ തെറ്റാണെന്ന് വാദിച്ച ഗൂഢാലോചന സിദ്ധാന്ത പ്രസ്ഥാനത്തിന് ട്രംപ് തുറന്ന പിന്തുണ നൽകിയതിനു പിന്നാലെയാണ് ജനുവരി 6-ന് കാപിറ്റോൾ മന്ദിരം അക്രമിക്കപ്പെട്ടത് / photo: wikimedia commons

ഭരണപക്ഷത്തിലെ ഭൂരിഭാഗം പേരും പ്രതിപക്ഷത്തിന്റെ നിയമസാധുതയെ മാനിക്കാതിരിക്കുകയും, അതിനെ അവഗണിക്കുകയും ചെയ്താൽ ജനാധിപത്യത്തിനവിടെ നിലനിൽപ്പില്ല. കോൺഗ്രസിലെ ഡസനോളം വരുന്ന റിപ്പബ്ലിക്കൻ അംഗങ്ങളാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കാൻ തയ്യാറാവാതിരുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ചെയ്തികളെ സാമാന്യവത്കരിക്കാൻ സഹായിച്ച ""ഇരുപക്ഷവും കണക്കാണ്'' എന്ന ആഖ്യാനം ഇനിയെങ്കിലും അവർ ഉപേക്ഷിക്കുമോ അതോ, ട്രംപ് ഭരണകാലത്തെ കുറിച്ചുള്ള ഓർമകൾ എട്ടായി മടക്കി പെട്ടിയിലിട്ട് അത് സ്വാഭാവികതയിലുണ്ടായ ചെറിയൊരു വ്യതിചലനം മാത്രമായിരുന്നെന്ന് പറഞ്ഞ് അവഗണിക്കുമോ? രണ്ടാമത്തേത് തെരഞ്ഞെടുത്താൽ അത് കുറ്റവാളികൾക്ക് ആത്മവിശ്വാസം നൽകുകയും വലിയൊരു ദുരന്തത്തിൽ കലാശിക്കുകയും ചെയ്യും.

ജോർജിയൻ ഫലത്തിന്റെ പ്രതീകാത്​മകത

നവംബറിലെ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച്​ ബെെഡന് വൻ വിജയം നേടാൻ സാധിച്ചത് ആശ്വാസകരമായിരുന്നെങ്കിൽ പോലും, പുതിയ ഭരണകൂടത്തിന് എന്തൊക്കെ സാധ്യമാകും എന്നതിനെക്കുറിച്ച് സെന്റട്രിസ്റ്റുകൾക്കും ഇടതിനും കാര്യമായ ആശങ്കയുണ്ട്. യു.എസ് ജനപ്രതിനിധി സഭയിൽ (ഇന്ത്യയിലെ ലോക്‌സഭയ്ക്ക് തുല്യമായ സംവിധാനം) ഡമോക്രാറ്റുകൾ അപ്രതീക്ഷിത തിരിച്ചടി നേരിട്ട്, ഒൻപത് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ഒതുങ്ങിയതാണ് പ്രസ്തുത ആശങ്കയുടെ ഒരു കാരണം (നിലവിൽ 222- 213 എന്ന നിലയാണുള്ളത്). യു.എസ് സെനറ്റ് പിടിച്ചെടുക്കുന്നതിലും ഡമോക്രാറ്റുകൾ പരാജയപ്പെട്ടു (ഓരോ സ്റ്റേറ്റിനും സെനറ്റിൽ രണ്ട്​ സീറ്റാണുള്ളത്. നേരിട്ടുള്ള തെരഞ്ഞെടുപ്പ് പ്രതിനിധികളെ നിർണയിക്കും).

യു.എസ് വൈസ് പ്രസിഡൻറായ ആദ്യ വനിതയും, ആദ്യ ഏഷ്യൻ-അമേരിക്കൻ, ആഫ്രിക്കൻ-അമേരിക്കൻ വംശജയുമാണ് കമല ഹാരിസ്. 'ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വൈസ് പ്രസിഡന്റുമാരിൽ ഒരാളായി' കമല ഹാരിസ് മാറുമെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത് / photo: wikimedia commons
യു.എസ് വൈസ് പ്രസിഡൻറായ ആദ്യ വനിതയും, ആദ്യ ഏഷ്യൻ-അമേരിക്കൻ, ആഫ്രിക്കൻ-അമേരിക്കൻ വംശജയുമാണ് കമല ഹാരിസ്. 'ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വൈസ് പ്രസിഡന്റുമാരിൽ ഒരാളായി' കമല ഹാരിസ് മാറുമെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത് / photo: wikimedia commons

ഘടനാപരമായ കാരണങ്ങളാൽ ആസന്നഭാവിയിൽ ഡമോക്രാറ്റുകൾക്ക് സെനറ്റിൽ ഭൂരിപക്ഷം നേടുക സാധ്യമല്ലെന്നും, ബെെഡന്റെ ഏകപക്ഷീയ ജയം ഒരുപക്ഷെ സാഹചര്യം ഡമോക്രാറ്റുകൾക്ക് അനുകൂലമാക്കിയേക്കും എന്നുമായിരുന്നു വിലയിരുത്തൽ. നവംബറിലെ തെരഞ്ഞെടുപ്പിനു ശേഷം ഡമോക്രാറ്റുകൾക്ക് 48 ഉം, റിപ്പബ്ലിക്കൻസിന് 50 ഉം ആയിരുന്നു സെനറ്റിലെ പ്രാതിനിധ്യം. ജോർജിയയിലെ ശേഷിക്കുന്ന രണ്ട് സെനറ്റ് സീറ്റുകളിലേക്ക് ജനുവരി അഞ്ചിനായിരുന്നു "റൺ ഓഫ്' (ഇരുപാർട്ടികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ വീണ്ടും നടക്കുന്ന തെരഞ്ഞെടുപ്പ്) നടന്നത്. ഈ രണ്ടു സീറ്റും ഡമോക്രാറ്റുകൾ പിടിച്ചെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചതുമില്ല (50-50 എന്ന നില വന്നാൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വോട്ട് സെനറ്റിലെ ഭൂരിപക്ഷം നിർണയിക്കും). അതുകൊണ്ടു തന്നെ സെനറ്റിലെ റിപ്പബ്ലിക്കൻ മെജോരിറ്റി ലീഡറായിരുന്ന മിച്ച് മക്കോണൽ (ജനുവരി 20നുശേഷം അദ്ദേഹം മൈനോരിറ്റി ലീഡറാണ്​) മുൻകാലങ്ങളിൽ ചെയ്തതു പോലെ സെനറ്റിന്റെ അധികാരം ഉപയോഗിച്ച് പുരോഗമന നിയമനിർമാണങ്ങൾക്ക് തടസ്സം നിന്നും, ജുഡീഷ്യറിയിലേയും എക്‌സിക്യൂട്ടിവിലേയും പുരോഗമന നിയമനങ്ങൾക്ക് തടയിട്ടും ബെെഡൻ ഭരണകൂടം എല്ലാ തരത്തിലും പരാജയമാണെന്ന് ഉറപ്പു വരുത്തും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ആശ്ചര്യം എന്നു പറയട്ടെ, ജോർജിയ തെരഞ്ഞെടുത്തത് ഡമോക്രമാറ്റുകളെ ആയിരുന്നു.

ജോർജിയയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റിക് സെനറ്റർ റവറന്റ് റാഫേൽ വാർനോക്. എബെനീസർ ബാപ്റ്റിസ്റ്റ് ചർച്ചിലെ പാസ്റ്ററാണ് വാർനോക് / photo: wikimedia commons
ജോർജിയയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റിക് സെനറ്റർ റവറന്റ് റാഫേൽ വാർനോക്. എബെനീസർ ബാപ്റ്റിസ്റ്റ് ചർച്ചിലെ പാസ്റ്ററാണ് വാർനോക് / photo: wikimedia commons

ജോർജിയയിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾ റവറന്റ് റാഫേൽ വാർനോക് ആണ്. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ 1960 മുതൽ 1968ൽ കൊല്ലപ്പെടുന്നതു വരെ ഉദ്‌ബോധനം നടത്തിയ എബെനീസർ ബാപ്റ്റിസ്റ്റ് ചർച്ചിലെ പാസ്റ്ററാണ് റെവറന്റ് റാഫേൽ വാർനോക്. അടുത്തയാൾ ജോൺ ഒസ്സോഫ്. പൗരാവകാശ പ്രവർത്തകനും മാർട്ടിൻ ലൂഥർ കിങ്ങിന്റെ സുഹൃത്തുമായിരുന്ന റാബൈ ജേക്കബ് റോത്സചൈൽഡിന്റെ പക്കലുണ്ടായിരുന്ന ഹീബ്രു വേദഗ്രന്ഥം കൈയ്യിലേന്തിയാണ് ഡമോക്രാറ്റിക് പാർട്ടിയിലെ താരോദയം എന്ന് വിശേഷിപ്പക്കാവുന്ന ജോൺ സത്യപ്രതിജ്ഞ ചെയ്തത്. (റാബൈയുടെ പൗരാവകാശ പ്രവർത്തനങ്ങളിൽ രോഷം കൊണ്ട വൈറ്റ് സുപ്രമസിസ്റ്റുകൾ 1958ൽ അദ്ദേഹത്തിന്റെ ജൂത സിനഗോഗിന് ബോംബിടുകയുണ്ടായി). ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് അടിമത്തത്തിന് അനുകൂല നിലപാടെടുത്ത സ്റ്റേറ്റുകളിൽ മുൻപന്തിയിലുണ്ടായിരുന്ന ഒന്നിനെ ഇനി പ്രതിനിധീകരിക്കുന്നത് ഇവർ രണ്ടു പേരാണ്. പ്രസ്തുത തെരഞ്ഞെടുപ്പിന്റെ പ്രതീകാത്മകത ഇതിൽ കൂടുതൽ തീവ്രമാവാൻ വഴിയില്ല. സെൻട്രിസ്റ്റുകളുടെ പതിവു രീതിയായ കൺസൾട്ടന്റ് കേന്ദ്രീകൃത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വിരുദ്ധമായി, അഴിമതിക്കെതിരേയും, സാമൂഹിക നീതിക്ക് അനുകൂലമായും ശക്തമായ നിലപാടുകൾ എടുത്താണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ജോർജിയയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റിക് സെനറ്റർ ജോൺ ഒസ്സോഫ്. പാർട്ടിയിലെ താരോദയം എന്നാണ് ജോണിനെ വിശേഷിപ്പിക്കുന്നത് / photo: wikimedia commons
ജോർജിയയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റിക് സെനറ്റർ ജോൺ ഒസ്സോഫ്. പാർട്ടിയിലെ താരോദയം എന്നാണ് ജോണിനെ വിശേഷിപ്പിക്കുന്നത് / photo: wikimedia commons

""സാധാരണ ജോർജിയൻസിന്'' (യാഥാസ്ഥിതിക ഉൾനാടൻ വെള്ളക്കാർ എന്ന് വായിക്കുക) ഒട്ടും ബന്ധപ്പെടുത്താൻ സാധിക്കാത്ത കാമ്പയിൻ ആയിട്ടാണ് മാധ്യമങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയും ഇതിനെ വിലയിരുത്തിയത്. എന്നാൽ വോട്ടർമാരുടെ വിലയിരുത്തൽ നേരെ മറിച്ചായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സാക്ഷി.

എല്ലാം ശരിയാക്കാനുള്ള രണ്ടു വർഷങ്ങൾ

ഇതിന്റെ മറുവശം എന്തെന്നാൽ, യു.എസ് ഇലക്റ്ററൽ വ്യവസ്ഥയുടെ ഘടനാപരമായ ചായ്‌വ് ഇനിയും നിലനിൽക്കുന്നുണ്ട് എന്നതാണ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് സമാന്തരമായി നടന്ന സ്‌റ്റേറ്റ് തെരഞ്ഞെടുപ്പ് ഡമോക്രാറ്റുകൾക്ക് അനുകൂലമായിരുന്നില്ല. റിപ്പബ്ലിക്കൻ അധീനതയിലുള്ള സ്റ്റേറ്റുകളിൽ ഡമോക്രാറ്റ് ചായ്‌വുള്ള വോട്ടർമാരെ ലക്ഷ്യം വെച്ച് വോട്ടിങ്ങ് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. പത്തു വർഷത്തിലൊരിക്കൽ നടക്കുന്ന സ്റ്റേറ്റുകളുടേയും യു.എസ് ലെജിസ്ലേറ്റിവ് കോൺസ്റ്റിറ്റ്യുവൻസികളുടേയും പുനർവിന്യാസ പ്രക്രിയ (redistricting) നടക്കാനിരിക്കുകയാണ്. ഈ പ്രക്രിയയിൽ കാര്യമായ സ്വാധീനമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക്, യു.എസ് പ്രതിനിധി സഭയിൽ നിലവിൽ ഡമോക്രാറ്റുകൾക്കുള്ള നേരിയ മുൻതൂക്കത്തെ അപ്രസക്തമാക്കാൻ സാധിക്കും. ബെെഡനെതിരെ ഉണ്ടാകാൻ സാധ്യതയുള്ള ഭരണവിരുദ്ധ വികാരവും ഇതിന് സഹായകരമാവും. ചുരുക്കി പറഞ്ഞാൽ പുരോഗമന നിയമനിർമാണങ്ങൾ നടത്താൻ ഇതു പോലൊരു അനുകൂല സാഹചര്യത്തിന് ഇനി 12 വർഷം ഡമോക്രാറ്റുകൾ കാത്തിരിക്കേണ്ടി വരും.

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഒബാമയും ജോ ബൈഡനും (2017). യു.എസിന്റെ സമീപകാല ചരിത്രത്തിന് വിപരീതമായി ബെെഡന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന്​ ട്രംപ് വിട്ടു നിന്നു / photo: wikimedia commons
ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഒബാമയും ജോ ബൈഡനും (2017). യു.എസിന്റെ സമീപകാല ചരിത്രത്തിന് വിപരീതമായി ബെെഡന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന്​ ട്രംപ് വിട്ടു നിന്നു / photo: wikimedia commons

മുമ്പ് ഡമോക്രാറ്റുകൾക്ക് സമാനമായ ഏകീകൃത നിയന്ത്രണം ലഭിച്ചത് ഒബാമ ഭരണകൂടത്തിന്റെ ആദ്യ രണ്ടു വർഷങ്ങളിലായിരുന്നു (2008- 2010). നിർഭാഗ്യകരമെന്ന് പറയട്ടെ, അതിന്റെ ഭൂരിഭാഗം സമയവും അവർ പാഴാക്കിയത് റിപ്പബ്ലിക്കൻസുമായി സന്ധി ചെയ്തും മറ്റുമാണ്. ഈ സമീപനം 2008 ലെ സാമ്പത്തിക തകർച്ച മറികടക്കാൻ ആവശ്യമായ ഉത്തേജന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് വിലങ്ങു തടിയായെന്നും, അത് രാഷ്ട്രീയ, സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചെന്നും ഒബാമ ഭരണകൂടത്തിന്റെ ഭാഗമായ നിരവധി ഉദ്യോഗസ്ഥർ ഇപ്പോഴും വിശ്വസിക്കുന്നു. ഡമോക്രാറ്റിക് പാർട്ടിയുടെ ഏകീകൃത നിയന്ത്രണത്തെ 2010-ലെ മിഡ്‌ടേം തെരഞ്ഞെടുപ്പിൽ മറികടന്ന റിപ്പബ്ലിക്കൻ പാർട്ടി, പിന്നീടങ്ങോട്ടുള്ള ആറു വർഷം ഒബാമ ഭരണകൂടത്തിന്റെ സുപ്രധാന നയങ്ങളെ വിജയകരമായി തടഞ്ഞു. 1973 മുതൽ 2008 വരെ യു.എസ് സെനറ്റർ ആയിരുന്ന ബെെഡന് ഇരു പക്ഷത്തേയും യോജിപ്പിൽ എത്തിക്കുന്നതിലുള്ള പ്രാവീണ്യം പ്രശസ്തമാണ്. എന്നിരുന്നാലും മിച്ച് മെക്കോണലുമായുള്ള കഴിഞ്ഞ നാലു വർഷത്തെ വ്യവഹാരവും, ഒബാമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നപ്പോഴുള്ള കപട തന്ത്ര നയങ്ങളും ബൈഡന്റെ ഈ സമീപനത്തിൽ മാറ്റം വരുത്തിക്കാണും എന്നാണ് പ്രതീക്ഷ.

യു.എസ് സെനറ്റിലെ റിപ്പബ്ലിക്കൻ മൈനോരിറ്റി ലീഡർ മിച്ച് മക്കോണൽ. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിൽ മക്കോണലിന്റെ നിലപാട് നിർണായകമാണ് / photo: wikimedia
യു.എസ് സെനറ്റിലെ റിപ്പബ്ലിക്കൻ മൈനോരിറ്റി ലീഡർ മിച്ച് മക്കോണൽ. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിൽ മക്കോണലിന്റെ നിലപാട് നിർണായകമാണ് / photo: wikimedia

വരേണ്യ മാധ്യമ ഒപ്പീനിയൻ കോളമിസ്റ്റുകൾക്ക് മുൻഗണന നൽകുന്ന, തെരഞ്ഞെടുത്തയച്ച ജനങ്ങളുടെ ആഗ്രഹത്തിന് വിപരീതമായി റിപ്പബ്ലിക്കൻസുമായി സന്ധി ചെയ്യുന്ന ഡയാൻ ഫയ്ൻസ്റ്റെെനെ (കാലിഫോർണിയയിൽ നിന്നുള്ള യു.എസ് സെനറ്റർ) പോലുള്ള സാമ്പ്രദായിക ഡമോക്രാറ്റുകളുടെ താളത്തിനൊത്ത് ബൈഡൻ തുള്ളില്ലെന്നാണ് എന്റെ പ്രതീക്ഷ.

50 സെനറ്റർമാരിലെ ജോ മാഞ്ചിനിനെ (വെസ്റ്റ് വെർജീനിയയിൽ നിന്നുള്ള സെനറ്റർ) പോലുള്ള മറ്റു തീവ്ര യാഥാസ്ഥിതിക ഡമോക്രാറ്റുകളാണ് ബൈഡൻ നേരിടാൻ സാധ്യതയുള്ള മറ്റൊരു പ്രതിബന്ധം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് ഇത് വിലങ്ങു തടിയാവും ( വെസ്റ്റ് വിർജിനിയ ഒരു കൽക്കരി ഘനന സ്റ്റേറ്റ് ആണ്). എന്നിരുന്നാലും ആരോഗ്യം, തൊഴിൽ എന്നീ മേഖലകളിൽ പ്രസ്തുത സെനറ്റർമാരുടെ ഇതുവരെയുള്ള നിലപാടുകൾ സ്തുത്യർഹമാണ്. കോൺഗ്രസിന്റെ അംഗീകാരം ആവശ്യമില്ലാത്ത വ്യക്തമായ എക്‌സിക്യുട്ടിവ് അധികാരങ്ങൾ പ്രസിഡന്റിന് ഉണ്ടെന്നതും നോക്കിക്കാണണം. ഭരണനിർവഹണത്തിന്റേയും നിയമനിർമാണത്തിന്റേയും സമ്മിശ്ര നടപടികളിലൂടെ ധീരമായ ഒരു നയം ബൈഡൻ കൈക്കൊള്ളുകയാണെങ്കിൽ, ഈ രണ്ടു വർഷത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാം. ഡമോക്രാറ്റുകൾക്ക് ലഭിച്ച സാധ്യതകളുടെ വാതായനത്തെ ബൈഡൻ തിരിച്ചറിഞ്ഞ് ഗൗരവത്തിൽ എടുക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും, കുടിയേറ്റ ചട്ടങ്ങൾ നവീകരിക്കുന്നതിനും, വരുമാന സൂചികയിൽ താഴെത്തട്ടിൽ നിൽക്കുന്ന അമേരിക്കക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതുമായും ബന്ധപ്പെട്ട ശക്തമായ നിയമനിർമാണങ്ങളാണ് ബൈഡന്റെ ടീം മുന്നോട്ടു വെച്ചിരിക്കുന്നത്

മികച്ച തുടക്കം

കഴിഞ്ഞ നാലു വർഷങ്ങളെയും, അതിലുപരി ഒബാമ ഭരണകൂടത്തിന്റെ ആദ്യ വർഷങ്ങളേയും വെച്ച്​ താരത്മ്യം ചെയ്യുമ്പോൾ പ്രത്യാശക്കു വകയുള്ള കാര്യങ്ങളാണ് കാണാൻ കഴിയുന്നത്. ഓഫിസിലെ ഒന്നാം ദിവസം തന്നെ ബൈഡൻ തന്റെ എക്‌സിക്യുട്ടിവ് അധികാരം ഉപയോഗിച്ച് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്ക് നീക്കുകയും, ലോകാരോഗ്യ സംഘടനയിലും പാരിസ് കാലാവസ്ഥ ഉടമ്പടിയിലും പുനഃപ്രവേശിക്കുകയും, വിവാദമായ കീസ്റ്റോൺ ഓയിൽ പൈ്‌ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറുകയും, കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കൈക്കൊണ്ട പ്രധാനപ്പെട്ട നടപടികൾ റദ്ദു ചെയ്യുകയും, പാൻഡമികിന്റെ പശ്ചാത്തലത്തിൽ ഒഴിപ്പിക്കൽ തടയുകയും മറ്റും ചെയ്തു. വിദേശകാര്യ നയം നോക്കുകയാണെങ്കിൽ, പ്രാരംഭഘട്ട നടപടികൾ പ്രതീക്ഷക്കു വകയുള്ളതാണെന്നു കാണാം. യെമനിന് എതിരെയുള്ള യുദ്ധത്തിൽ സൗദി അറേബ്യക്ക് നൽകിയ പിന്തുണ പിൻവലിച്ചതും, ക്യൂബയോടുള്ള സമീപനത്തിലുള്ള മാറ്റവും ഉദാഹരണം.

ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞ ചടങ്ങിൽ കവിത ചൊല്ലിയത് 22 വയസ്സുകാരിയായ അമാൻഡ ഗോർമൻ ആണ്. The Hill We Climb എന്ന തന്റെ കവിതയിൽ 'എല്ലാം തികഞ്ഞ ഒരു കൂട്ടായ്മയല്ല നമ്മൾ പടുത്തുയർത്താൻ ശ്രമിക്കുന്നത് മറിച്ച്, നിശ്ചയദാർഢ്യമുള്ള ഒന്നിനെയാണ്' എന്നു പറയുന്ന അമാൻഡ ജനാധിപത്യത്തെക്കുറിച്ചുള്ള വര്യേണ പൊതുബോധത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നു / photo: wikimedia commons
ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞ ചടങ്ങിൽ കവിത ചൊല്ലിയത് 22 വയസ്സുകാരിയായ അമാൻഡ ഗോർമൻ ആണ്. The Hill We Climb എന്ന തന്റെ കവിതയിൽ 'എല്ലാം തികഞ്ഞ ഒരു കൂട്ടായ്മയല്ല നമ്മൾ പടുത്തുയർത്താൻ ശ്രമിക്കുന്നത് മറിച്ച്, നിശ്ചയദാർഢ്യമുള്ള ഒന്നിനെയാണ്' എന്നു പറയുന്ന അമാൻഡ ജനാധിപത്യത്തെക്കുറിച്ചുള്ള വര്യേണ പൊതുബോധത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നു / photo: wikimedia commons

കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും, കുടിയേറ്റ ചട്ടങ്ങൾ നവീകരിക്കുന്നതിനും, വരുമാന സൂചികയിൽ താഴെത്തട്ടിൽ നിൽക്കുന്ന അമേരിക്കക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതുമായും ബന്ധപ്പെട്ട ശക്തമായ നിയമനിർമാണങ്ങളാണ് ബൈഡന്റെ ടീം മുന്നോട്ടു വെച്ചിരിക്കുന്നത്. ബൈഡന്റെ കാലാവസ്ഥ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അപര്യാപ്തമായ നയങ്ങൾക്കെതിരെ സൺറൈസ് മൂവ്‌മെന്റ് പോലുള്ള പ്രസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഏറ്റവും പുതുതായി പുറത്തുവിട്ട വിപുലീകരിച്ച പദ്ധതി പ്രകാരം ക്ലീൻ എനർജിയിൽ രണ്ടു ട്രില്ല്യൻ ഡോളർ നിക്ഷേപിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം ഇതേ പ്രസ്ഥാനങ്ങളിൽ മതിപ്പ് സൃഷ്ടിക്കാനും കാരണമായി. എന്നാലും, നേരിയ ഭൂരിപക്ഷം മാത്രമുള്ള യു.എസ് കോൺഗ്രസിലൂടെ കടന്നു വരുമ്പോൾ പ്രസ്തുത പദ്ധതിയുടെ അന്തിമ രൂപത്തെ പ്രതികൂലമായി സ്വാധീനിക്കാൻ സാധ്യതയുള്ള അനവധി ഘടകങ്ങൾ ഉണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ.

ഭരണകൂടത്തിന്റെ മർമസ്ഥാനങ്ങളിൽ ബൈഡൻ ആരെ തെരഞ്ഞെടുക്കും എന്നതാണ് പ്രധാനം. ആരോഗ്യ സെക്രട്ടറി, സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ഉന്നത സ്ഥാനങ്ങളിലെ നിയമനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടവർ സെൻട്രിസ്റ്റുകളോ, അല്ലെങ്കിൽ ഇടതിനും സെൻട്രിസ്റ്റുകൾക്കും അനിഷ്ടം ഇല്ലാത്തവരോ ആണ്. ഒരു തരത്തിൽ പറഞ്ഞാൽ, സമ്മർദ്ദ തന്ത്രം ഉപയോഗിച്ച് മോശം സ്ഥാനാർഥികളെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പുരോഗമന പക്ഷത്തിന് സാധിച്ചിട്ടുണ്ട്.

ഒബാമ ഭരണകൂടവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയൊരു മുന്നേറ്റമാണ്. ഇടതു പക്ഷവുമായി നിരന്തരം കലഹിക്കുന്ന റാം ഇമാന്യുവൽ, ലാറി സമ്മേസ് എന്നിവർ ഒബാമ ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. സെനറ്റിന്റെ അധികാരം കൂടെ ഡമോക്രാറ്റുകൾക്ക് ലഭിച്ചതോടെ ബൈഡൻ ഭരണകൂടത്തിന് പുരോഗമനപക്ഷ നിയമനങ്ങൾ ജുഡീഷ്യൽ തലത്തിലും, എക്‌സിക്യുട്ടിവ് തലത്തിലും നടത്താനുള്ള സാധുത ഉണ്ട്. അതോടൊപ്പം, താഴെ തട്ടിലുള്ള നിയമനങ്ങളും പ്രധാനപ്പെട്ടതു തന്നെ. ഡമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന യുവജനങ്ങൾക്ക് അവസരങ്ങൾ ലഭിച്ചേക്കുമോ? നിയമനിർമാണം ശരിയായ ദിശയിലാവാനും, ഇടത് പുരോഗമന പക്ഷത്തിന് ഭരണനിർഹണ പരിചയം ലഭിക്കാനും ഇത് നിർണായകമാവും.

ബൈഡൻ കാലത്തെ ആക്ടിവിസത്തിന്റെ പ്രാധാന്യം

തീർച്ചയായും ഇത് ബെർണി സാന്റേഴ്‌സിന്റേയോ എലിസബത്ത് വാരന്റേയോ ഭരണകൂടം അല്ലെന്നതു കൊണ്ടു തന്നെ ആ പ്രകൃതത്തിലുള്ള നയങ്ങളും പ്രതീക്ഷിക്കാൻ കഴിയില്ല. ട്രംപ് ഭരണകാലത്ത് കാണിച്ച സമർപ്പണ ബോധത്തോടെ ബൈഡൻ ഭരണകാലത്തും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ പ്രവർത്തിക്കണം. തന്റെ എക്‌സിക്യൂട്ടിവ് അധികാരം ഉപയോഗിച്ച് വിദ്യാർഥികളുടെ വായ്​പ എഴുതി തള്ളുന്നതിനും, കുടിയേറ്റം, കാലാവസ്ഥ, തുടങ്ങിയ മേഖലകളിൽ അനുകൂല നിയമനിർമാണം നടത്തുന്നതിന് ബൈഡനു മേലും, സുപ്രധാന അജണ്ടകളിൽ നിയമനിർമാണ വേളയിൽ വെള്ളം ചേർക്കാതെ നോക്കാൻ ഡമോക്രാറ്റിക് നേതൃത്തിനു മേലും സമ്മർദ്ദം ചെലുത്തേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്. ▮


അമൽ ഇക്ബാൽ

അമേരിക്കയിലെ ടെക്​സാസിൽ വയർലെസ്​ കമ്യൂണിക്കേഷൻസിൽ അഡ്വാൻസ്​ഡ്​ ആർ ആൻറ്​ ഡിയിൽ റിസർച്ച്​ എഞ്ചിനീയർ.

Comments