അമേരിക്കയിലിരുന്ന് അഫ്​ഗാൻ പിന്മാറ്റത്തെ നോക്കുമ്പോൾ

2001 ലെ ഭീകരാക്രമണത്തിനു ശേഷം നിരന്തര യുദ്ധത്തിലേർപ്പെട്ട അമേരിക്ക ഇപ്പോൾ ചില നയവ്യതിയാനങ്ങൾക്ക് തുടക്കം കുറിക്കുകയാണോ? അതോ, തലമുറകളായി സംഭവിച്ചു പോരുന്ന ഭരണപരാജയങ്ങൾ ഡോണൾഡ് ട്രംപിന്റെ വമ്പൻ തിരിച്ചുവരവിലേക്കാണോ കാര്യങ്ങളെ കൊണ്ടു പോകുന്നത്? അമേരിക്കയിൽ നിന്ന് ഒരു വിശകലനം

20 വർഷത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന്​ പിൻവലിയാനുള്ള ജോ ബൈഡന്റെ തീരുമാനം പലവിധ പ്രതികരണങ്ങളാണുണ്ടാക്കിയത്. അറ്റ്‌ലാന്റിക്കിന് അപ്പുറത്തുമിപ്പുറത്തുള്ള വിദേശനയ കാര്യസ്ഥരത്രയും എതിർപ്പ് പ്രകടിപ്പിക്കാതിരുന്നില്ല. ലിബറൽ ഡെമോക്രറ്റിക് മൂല്യങ്ങൾ വഞ്ചിക്കപ്പെട്ടതായി പൊതുവെ വിലയിരുത്തപ്പെട്ടു. വിദേശ നയതന്ത്രം എന്തു തന്നെ പറഞ്ഞാലും അമേരിക്കൻ ജനതക്കിടയിൽ ഈ യുദ്ധം വർഷങ്ങളായി അപ്രിയമായി തുടരുകയായിരുന്നു. അമേരിക്കയിലെ മുഖ്യധാരാ കോർപറേറ്റ് മാധ്യമങ്ങളുടെ കൊടും പ്രതിലോമ സമീപനം ബൈഡന്റെ അനുമതിയെ സ്വാധീനിച്ചിട്ടുണ്ടെന്നത് നേര്. പക്ഷേ, അഫ്ഗാനിലെ നടപടികൾ ഇതുപോലെ തുടരുന്നതിൽ അമേരിക്കൻ ജനതക്ക് അത്ര പഥ്യം പോരായിരുന്നു എന്നതും വസ്തുതയാണ്.

20 വർഷത്തോളം അഫ്ഗാനിസ്ഥാനിൽ , പ്രത്യേകിച്ചൊന്നും എടുത്തുകാണിക്കാനില്ലാതെ, ധൂർത്തും ദുർവ്യയവും കാണിച്ച യുദ്ധവിദഗ്ധരുടെ കടുത്ത സമ്മർദ്ദമുണ്ടായിട്ടും പിൻമാറാനുള്ള തീരുമാനമെടുത്ത ബൈഡന് അതിന്റെ ക്രെഡിറ്റ് കൊടുക്കണമെന്നാണ് എന്റെ പക്ഷം.

20 വർഷം മുമ്പത്തെ അമേരിക്കയല്ല, ഇന്നത്തെ അമേരിക്ക. നിലപാടുകൾ മാറിയിരിക്കുന്നു. ജനങ്ങൾ മാറിയിരിക്കുന്നു. ഈ യുദ്ധം തുടങ്ങുമ്പോൾ ജീവിച്ചിരുന്നവരുടെ മക്കൾ വോട്ടു ചെയ്യാൻ വണ്ണം വളർന്നിരിക്കുന്നു. ഈ പുതിയ തലമുറ യുദ്ധം തുടരുന്നതിനെതിരാണ്. എന്നാൽ യുദ്ധാനുകൂല അക്ഷൗഹിണിയുടെ മാനസാന്തരം ഈ ജനവികാരം കൊണ്ട് എളുപ്പത്തിൽ നടക്കില്ല. ബുഷിന്റെ ഇറാഖ് യുദ്ധം തന്നെ നല്ലൊരു ഉദാഹരണമാണ്. അമേരിക്ക മുഴുവൻ അരങ്ങേറിയ യുദ്ധവിരുദ്ധ പ്രക്ഷോഭവും ആക്ടിവിസയും ഭരണകൂടത്താലും മാധ്യമങ്ങളാലും പരിഹസിക്കപ്പെട്ടു. അവഗണിക്കപ്പെട്ടു. യുദ്ധം അങ്ങിനെയാണ്, ശീതയുദ്ധം പോലെ. ഗവൺമെന്റുകൾ വരും പോകും. പക്ഷേ, ‘വാർ ബ്യൂറോക്രസി’ കുലുങ്ങില്ല, മാറില്ല. ഈ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ പ്രചാരണം നടത്തിയ ഒബാമയ്ക്കു പോലും ബുഷ് ഭരണകാലത്തെ പ്രതിരോധ സെക്രട്ടറി റോബർട്ട് ഗേറ്റ്‌സിനെപ്പോലുള്ള ‘തലമുതിർന്നവരെ' നിലനിർത്തേണ്ടി വന്നു. 20 വർഷത്തോളം അഫ്ഗാനിസ്ഥാനിൽ , പ്രത്യേകിച്ചൊന്നും എടുത്തുകാണിക്കാനില്ലാതെ, ധൂർത്തും ദുർവ്യയവും കാണിച്ച യുദ്ധവിദഗ്ധരുടെ കടുത്ത സമ്മർദ്ദമുണ്ടായിട്ടും പിൻമാറാനുള്ള തീരുമാനമെടുത്ത ബൈഡന് അതിന്റെ ക്രെഡിറ്റ് കൊടുക്കണമെന്നാണ് എന്റെ പക്ഷം.

ജോ ബൈഡൻ
ജോ ബൈഡൻ

അതേസമയം, ബൈഡന്റെ ഇത്തരമൊരു തീരുമാനം ആരെയും അൽഭുതപ്പെടുത്തുന്നുമില്ല. ഒബാമാസ് വാർസ് എന്ന പുസ്തകമെഴുതിയ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് ബോബ് വുഡ് വേഡ് പറഞ്ഞ പോലെ അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തുന്ന ‘രാഷ്ട്ര നിർമാണ പ്രക്രിയ' യിൽ ബൈഡന് നേരത്തെ തന്നെ അത്രയൊന്നും വിശ്വാസം പോരായിരുന്നു. 2009 ലെ ഒരു സംഭവം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അഫ്ഗാനിൽ അമേരിക്കക്കൊപ്പം നിൽക്കുന്ന പങ്കാളികൾ അഴിമതിക്കാരായ ക്രിമിനൽ സിൻഡിക്കേറ്റ് അല്ലാതെ മറ്റൊന്നുമല്ലെന്ന് ജനറൽമാരായ മാക് ക്രിസ്റ്റലിനെയും പെട്രയസിനെയും കൊണ്ട് ബൈഡൻ സമ്മതിപ്പിക്കുന്നുണ്ട്. അപ്പോൾ കൂടുതൽ ട്രൂപ്പുകളും, കൂടുതൽ പണവും സമയവും പ്രയോഗിച്ചാൽ കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുമെന്ന് അന്നേ ബൈഡൻ സംശയിക്കുന്നുണ്ട്. ബൈഡന്റെ അന്നത്തെ സംശയങ്ങൾ ഒബാമ അവഗണിച്ചു. കരിയറിൽ മറ്റു പല കാര്യങ്ങളിലും ബൈഡന് തെറ്റുപറ്റിയിട്ടുണ്ടാവും, എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹം എപ്പോഴും ശരിയായിരുന്നു.

ഭയപ്പെട്ട ഒരു രാഷ്ട്രത്തിനു മുന്നിൽ ഒരു വമ്പൻ സിവിലൈസേഷൻ സംഘർഷത്തിന്റെ ആഖ്യാനം വിജയകരമായി അവതരിപ്പിക്കാൻ അതി തന്ത്രശാലിയായ ബുഷിലെ രാഷ്ട്രീയക്കാരന് കഴിഞ്ഞു.

ഈ ചിരകാല യുദ്ധം ഒബാമ അവസാനിപ്പിക്കും എന്നായിരുന്നു കരുതപ്പെട്ടത്. 2001 സെപ്തംബർ 11 ലെ ഭീകരാക്രമണത്തിനു ശേഷം ഇറാഖ് യുദ്ധത്തെ എതിർക്കാൻ ചങ്കൂറ്റം കാണിച്ച അപൂർവം രാഷ്ട്രീയക്കാരിലൊരാളായിരുന്ന ഒബാമ. ഭീകരാക്രമണത്തിനു ശേഷമുള്ള അമേരിക്കയിലെ രാഷ്ട്രീയ രീതികൾ വ്യാഖ്യാനിക്കുക എളുപ്പമല്ല. അമേരിക്കയിലെ ഏറ്റവും ലിബറലായ, ബഹുസ്വരമായ നഗരങ്ങളിലൊന്നിനെ ഒരു യുദ്ധക്കളമാക്കുന്നതായിരുന്നു ഭീകരരുടെ ആ വ്യോമാക്രമണം. അമേരിക്ക മുഴുവൻ ഈ ആക്രമണം ലൈവായി കണ്ടു, അപ്രതീക്ഷിതമായ ഈ നടുക്കത്തിനു ശേഷം ഇനിയെന്ത് എന്ന് ഭയപ്പെട്ടു. സ്വരാജ്യത്തെ ആശ്വസിപ്പിക്കാനും സുരക്ഷക്കുള്ള ഒരു പദ്ധതി അവതരിപ്പിക്കാനും ജോർജ് ബുഷിനു കഴിഞ്ഞു. ഞാനിങ്ങനെ പറയുമ്പോൾ പലരും അത്ഭുതപ്പെട്ടേക്കും. ബുഷ് അത്ര സ്മാർട്ടല്ലെന്ന് അമേരിക്കക്ക് പുറത്ത് പരക്കെ ഒരു വിചാരമുണ്ട്. ഭയപ്പെട്ട ഒരു രാഷ്ട്രത്തിനു മുന്നിൽ ഒരു വമ്പൻ സിവിലൈസേഷൻ സംഘർഷത്തിന്റെ ആഖ്യാനം വിജയകരമായി അവതരിപ്പിക്കാൻ അതി തന്ത്രശാലിയായ ബുഷിലെ രാഷ്ട്രീയക്കാരന് കഴിഞ്ഞു. നീണ്ട കാല യുദ്ധത്തിന്റെ ഒരേയൊരു കാരണക്കാരൻ ബുഷ് ആയിരുന്നില്ല. ബുഷിന്റെ സന്ദേശം അമേരിക്കയിലാകെ പ്രതിധ്വനിച്ചു. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കാവട്ടെ പകരം വെക്കാൻ മറ്റൊരു നറേറ്റീവ് ഉണ്ടായതുമില്ല. മീഡിയയും ശാഠ്യമൊന്നുമില്ലാതെ വഴങ്ങി നിന്നു. കാരണം അമേരിക്കൻ ജനതയുടെ ഭീതിയായിരുന്നു അവിടെ പ്രതിഫലിച്ചത്.

അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബാൽഖിൽ പട്രോളിംഗ് നടത്തുന്ന അമേരിക്കൻ സൈനികൻ. 2011-ലെ ചിത്രം. / Photo: The U.S. Army, Flickr
അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബാൽഖിൽ പട്രോളിംഗ് നടത്തുന്ന അമേരിക്കൻ സൈനികൻ. 2011-ലെ ചിത്രം. / Photo: The U.S. Army, Flickr

ബുഷ് പോയി, ഒബാമ വന്നു. യുദ്ധത്തെ ഒരു ടെക്‌നോക്രാറ്റിക് വ്യായാമമാക്കുക മാത്രമാണ് ദൗർഭാഗ്യകരമെന്നു പറയട്ടെ, ഒബാമ ചെയ്തത്. സസ്സ്‌റ്റെയ്‌നബ്ൾ വാർ, ഹ്യുമാനിറ്റേറിയൻ വാർ എന്നീ സങ്കൽപങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി. ബുഷ് കൊണ്ടുവന്ന സിവിലൈസേഷൻ സംഘർഷം എന്ന ആശയം അലിഞ്ഞില്ലാതായി. പക്ഷേ, യുദ്ധ യന്ത്രം ബുഷിന്റേതായി തുടർന്നു. ഇതിൽ ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ അലിവുള്ള സന്ദേശങ്ങൾ ചേർക്കുന്നതിൽ ഒബാമയുടെ കാശലങ്ങൾ വിജയിക്കുകയും ചെയ്തു. പക്ഷേ, അമേരിക്കൻ ജനത കൂടുതൽ സംശയാലുക്കളായിക്കൊണ്ടിരുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടതൊന്നും എവിടെയും കാണാനില്ലെന്നായി. ഇറാഖിലെയും അഫ്ഗാനിയെയും കരകയറാനാവാത്ത തുടർ പ്രതിസന്ധികൾ. ലിബിയയിലെയും സിറിയയിലെയും യെമനിലെയും അതിദയനീയമായ പരാജയങ്ങൾ. ആ മേഖലയിലെ ഏറ്റവും മോശം ഭരണകൂടങ്ങളെ പിന്തുണക്കൽ. ഇതൊക്കെയായിരുന്നു അമേരിക്കൻ ജനതയുടെ നേർക്കാഴ്ചകൾ, അതും നിരവധി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായി ഉഴലുമ്പോൾ.​

റെയ്ൻ ഓഫ് ടെറർ: ഹൗ 9/11 ഡിസ്റ്റബിലൈസ്ഡ് അമേരിക്ക എന്ന പുസ്തകത്തിൽ സ്‌പെൻസർ ആക്കെർമാൻ പറയുന്നതു പോലെ ഭരണകൂടതലമുറകളുടെ ഈ പരാജയങ്ങൾ ട്രംപിന്റെയും തീ വ്രവലതുപക്ഷത്തിന്റെയും ഉയർച്ചക്കും അതുവഴി അമേരിക്കൻ ജനാധിപത്യത്തെ കാര്യമായ അപകടപ്പെടലിനും കാരണമായതായുള്ള വാദത്തിനും പ്രസക്തിയുണ്ട്. വിദേശ നയത്തിലും സാമ്പത്തിക അവസ്ഥയിലുമുണ്ടായ വിശ്വാസത്തകർച്ചയും നിരാശയും മുതലെടുക്കുന്നതിൽ ട്രംപ്​ അതീവ കൗശലം കാണിച്ചു. ദുർബലമായ ‘ലിബറൽ എസ്റ്റാബ്ലിഷ്‌മെന്റും' അതിന്റെ ജനറൽമാരും അമേരിക്കയെ തോൽപ്പിച്ചിരിക്കുകയാണെന്നും ' റിയൽ അമേരിക്കൻസ്' നിയന്ത്രണം തിരിച്ചുപിടിക്കണമെന്നും ട്രംപ്​ വാദിച്ചു. ബുഷും ഒബാമയും ‘വാർ ഓൺ ടെററിന് ' പുറകിലൊളിപ്പിച്ച സബ് ടെക്സ്റ്റ് ട്രംപ് മനസ്സിലാക്കുകയും പുറത്തിട്ടലക്കുകയും ചെയ്തു, അതായത് അപരിഷ്‌കൃതർ നമ്മുടെ പടിവാതിൽക്കൽ എത്തിയിരിക്കുക മാത്രമല്ല, അവർ നമ്മുടെ കൂടെ ഒളിഞ്ഞു പാർക്കുന്നുമുണ്ട്. ഈ അന്യ സംസ്‌കാരങ്ങൾ അമേരിക്കയെ ദുർബലപ്പെടുത്തുകയും തകർക്കുകയും ചെയ്യുന്നു. ഇരുപതു വർഷത്തോളമായി ഭീകരതക്കെതിരായ യുദ്ധത്തിൽ കണ്ടീഷൻ ചെയ്യപ്പെട്ട ഒരു ജനതയിലേക്ക് ട്രംപിന്റെ സന്ദേശം എളുപ്പത്തിൽ എത്തി. മാത്രമല്ല, ഭീകരാക്രമണത്തിനു ശേഷം നടപ്പിലായ എല്ലാ പൊലീസിംഗ്- സർവൈലൻസ് നിയമങ്ങളും നിയന്ത്രണങ്ങളും ട്രംപിനോ ട്രംപിനെപ്പോലുള്ള അഥോറിറ്റേറിയൻ പ്രസിഡന്റുമാർക്കോ സഹായകമാവുന്നതുമായിരുന്നു.

ജോർജ്ജ് ഡബ്ല്യു. ബുഷ്, ബറാക്ക് ഒബാമ,ഡോണൾഡ് ട്രംപ്
ജോർജ്ജ് ഡബ്ല്യു. ബുഷ്, ബറാക്ക് ഒബാമ,ഡോണൾഡ് ട്രംപ്

അതുകൊണ്ടുതന്നെ, ടോണി ബ്ലയറോ ജനറൽ പെട്രയസോ പോലെ 20 വർഷ യുദ്ധത്തിലെ മുന്നണിപ്പോരാളികളോ ബൈഡനെ വിമർശിക്കുമ്പോൾ, അവരിലാർക്കെങ്കിലും ഈ തലമുറപരാജയങ്ങളെപ്പറ്റി പ്രായശ്ചിത്തമോ ഉത്തരവാദിത്തമോ ഉണ്ടോ എന്ന് ന്യായമായും ചോദിക്കാവുന്നതാണ്. ഇത്തരം കടുത്ത ചോദ്യങ്ങൾ മീഡിയയും അഭിമുഖീകരിക്കേണ്ടതുണ്ട്. അമേരിക്കയുടെ ആഭ്യന്തര മിലിറ്ററി രേഖകൾ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് നടത്തിയ ഉജ്വല ജേണലിസം അഫ്ഗാനിസ്ഥാൻ പേപ്പേഴ്‌സ്: എ സീക്രട്ട് ഹിസ്റ്ററി ഓഫ് ദ വാർ എന്ന തലക്കെട്ടിൽ പുറത്തുവന്നിട്ടുണ്ട്. അമേരിക്കൻ ജനതയോട് ഭരണാധികാരികൾ വലിയ നുണപറയുകയായിരുന്നുവെന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിലെ യുദ്ധപ്രഭുക്കളും വരേണ്യരുമുൾപ്പെട്ട ന്യൂനപക്ഷത്തെയും അമേരിക്കയിലെ ചില മിലിറ്ററി കോൺടാക്റ്റർമാരെയും തീറ്റിപ്പോററുന്ന കുംഭകോണം മാത്രമാണ് അഫ്ഗാനിലെ പുനർനിർമാണമെന്ന കാര്യം ഭരണകൂടത്തിന് അറിയാമായിരുന്നുവെന്ന് വാഷിങ്ടൺ പോസ്റ്റ് കണ്ടെത്തി. ഈ വെളിപ്പെടുത്തലിനു ശേഷം പോലും മറ്റൊരു മുഖ്യധാരാ മാധ്യമവും അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ ചോദിച്ചില്ല.

ദോഹയിൽ വെച്ച് 2020 ഫെബ്രുവരിയിൽ 'അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കുന്ന കരാറിൽ' ഒപ്പുവെക്കുന്ന അമേരിക്കൻ പ്രതിനിധി സൽമായ് കലിൽസാദും താലിബാൻ പ്രതിനിധി അബ്ദുൽ ഗാനി ബരാദറും / Photo: Wikimedia Commons
ദോഹയിൽ വെച്ച് 2020 ഫെബ്രുവരിയിൽ 'അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കുന്ന കരാറിൽ' ഒപ്പുവെക്കുന്ന അമേരിക്കൻ പ്രതിനിധി സൽമായ് കലിൽസാദും താലിബാൻ പ്രതിനിധി അബ്ദുൽ ഗാനി ബരാദറും / Photo: Wikimedia Commons

ആത്യന്തികമായി, പരാജയങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള ചെറിയ പടിയാണ് അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റം. ദൗർഭാഗ്യകരമെന്നു പറയട്ടെ, പരിഹാരം ഇവിടെ അവസാനിക്കുകയും ചെയ്യും. യുദ്ധോൻമാദികൾക്കും യുദ്ധശിൽപികൾക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നയസമിതികളിലും മാധ്യമങ്ങളിലും അവർ പുനരധിവസിപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്തിനധികം പറയുന്നു, ഡെമോക്രാറ്റിക് പാർട്ടിയെ നയിക്കുന്ന സെൻട്രിസ്റ്റ് ലിബറലുകൾ വരെ ജോർജ് ബുഷിന് ട്രംപിനേക്കാൾ മുന്തിയ സ്ഥാനം നൽകിക്കഴിഞ്ഞു. മിലിറ്റിയുടെയും ഇന്റലിജൻസിന്റെയും നോട്ടപ്പിശകുകൾ തിരുത്താനുള്ള ഉത്തരവാദിത്തം അമേരിക്കൻ കോൺഗ്രസ് കയ്യൊഴിഞ്ഞിട്ടുമുണ്ട്. ഇപ്പോൾ തന്നെ നോക്കൂ: ബൈഡന്റെ തിരഞ്ഞെടുപ്പു വിജയത്തിന്റെ അജണ്ടയായതും ബെർണീ സാൽഡേഴ്‌സ് ബജറ്റ് നിർദ്ദേശങ്ങളായി മുന്നോട്ടു വെച്ചതുമായ അതി പ്രധാന കാര്യങ്ങൾ റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളിലെ സെൻട്രിസ്റ്റുകളും ചേർന്ന് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അമേരിക്കയുടെ തകർന്നു കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്കും അസമത്വം നിറഞ്ഞ ആരോഗ്യ സംവിധാനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഊന്നൽ നൽകുന്നതായിരുന്നു സാൻഡേഴ്‌സിന്റെ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. പക്ഷേ, പ്രതിരോധ ചെലവുകളുടെ കാര്യത്തിൽ റിപ്പബ്‌ളിക്കൻസിനോ ഡെമോക്രാറുകൾക്കോ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം. യു.എസ് കോൺഗ്രസ് 2022 ൽ വീണ്ടും തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കൻമാർ. 2024 ൽ ഒരു ട്രംപ്​ തിരിച്ചു വരവും സാധ്യതയിലുണ്ട്. അമേരിക്കയിൽ രാഷ്ട്രീയ ധ്രുവീകരണം അതിദ്രുതം മാറുകയാണ്. ഇപ്പോൾ യഥാർത്ഥത്തിൽ രാഷ്ട്ര നിർമാണം ആവശ്യമായിട്ടുള്ളത് അമേരിക്കക്കാണ്. ▮

(വിവർത്തനം: കമൽറാം സജീവ്​)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അമൽ ഇക്ബാൽ

അമേരിക്കയിലെ ടെക്​സാസിൽ വയർലെസ്​ കമ്യൂണിക്കേഷൻസിൽ അഡ്വാൻസ്​ഡ്​ ആർ ആൻറ്​ ഡിയിൽ റിസർച്ച്​ എഞ്ചിനീയർ.

Comments