ബംഗ്ലാദേശ് അട്ടിമറിക്കുപിന്നിലെ അമേരിക്കൻ താൽപര്യങ്ങൾ

ബംഗ്ലാദേശിന്റെ ഭാവി തീരുമാനിക്കാനുള്ള യോഗത്തിലേക്ക് സൈനികമേധാവി ക്ഷണിച്ചു വരുത്തിയത് ജമാഅത്തെ ഇസ്ലാമിയെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെയും ജാതിയ പാർട്ടിയെയുമാണ്. ഇടതുപക്ഷ പുരോഗമനസ്വഭാവമുള്ള ബംഗ്ലാദേശ് വർക്കേഴ്സ് പാർട്ടിയെയോ കമ്യൂണിസ്റ്റ് പാർട്ടിയെയോ വിളിച്ചില്ല എന്നതുതന്നെ ഈ അട്ടിമറിക്കു പിറകിലെ അമേരിക്കൻ അനുകൂല തീവ്ര വലതുപക്ഷ താൽപര്യങ്ങൾ വ്യക്തമാക്കുന്നതാണ്- കെ.ടി.കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച ബംഗ്ലാദേശിലെ പുതിയ സംഭവ വികാസങ്ങൾ ദക്ഷിണേഷ്യൻ മേഖലയിലെ അമേരിക്കയുടെയും അവർ സ്പോൺസർ ചെയ്യുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയ ഭീഷണിയുടെയും പശ്ചാത്തലത്തിൽ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. 'വിവേചനത്തിനെതിരായ വിദ്യാർത്ഥി' പ്രസ്ഥാനത്തിന്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ചത് ജമാഅത്തെ ഇസ്ലാമിയെ പോലുള്ള മതരാഷ്ട്രവാദ സംഘടനകളാണ്. ഈ പ്രക്ഷോഭത്തിന്റെ നേതൃത്വമായി വർത്തിച്ചവർ കിഴക്കൻ പാകിസ്ഥാനിലെ ബംഗാളി ഭാഷാസമൂഹത്തിന്റെ സ്വയം നിർണ്ണയാവകാശങ്ങളെ എതിർത്തവരും ബംഗ്ലാദേശ് രൂപീകരണത്തിനെതിരെ പാകിസ്ഥാനോടൊപ്പം ചേർന്നുനിന്നവരുമാണ്. കിഴക്കൻ പാകിസ്ഥാന്റെ വിട്ടുപോകലും ബംഗ്ലാദേശ് രാഷ്ട്ര രൂപീകരണവും ദക്ഷിണേഷ്യക്കകത്തെ തങ്ങളുടെ വിശ്വസ്ത സഖ്യ രാഷ്ട്രമായ പാകിസ്ഥാനെ ദുർബലമാക്കുമെന്ന ആവലാതിയിലായിരുന്നു അക്കാലത്തുതന്നെ അമേരിക്കയ്ക്കുണ്ടായിരുന്നത്. അവർ ബംഗ്ലാദേശ് വിമോചന പ്രസ്ഥാനത്തെ അടിച്ചമർത്താൻ പാകിസ്ഥാനോടൊപ്പം നിന്നവരാണെന്ന ചരിത്രം മറന്നുപോകരുത്.

1950-കളിൽ അഹമ്മദീയ വിശ്വാസകളായ മുസ്ലീങ്ങളെ അമുസ്ലീങ്ങളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനിൽ പ്രക്ഷോഭം നയിക്കുകയും ആയിരക്കണക്കിന് അഹമ്മദീയരുടെ വംശഹത്യക്ക് ഉത്തരവാദികളാവുകയും ചെയ്ത മൗദൂദിയുടെ അനുയായികളായ ജമാഅത്തെ ഇസ്ലാമിക്കാർ പാകിസ്ഥാനിൽ നിന്ന് കിഴക്കൻ പാകിസ്ഥാൻ വിട്ടുപോകുന്നതും ബംഗാളി ഭാഷാ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രമുണ്ടാകുന്നതും ഇസ്ലാമിക താൽപര്യങ്ങൾക്ക് ഭീഷണിയാണെന്ന നിലപാട് പുലർത്തിയവരായിരുന്നു. 1971-ൽ ഷെയ്ക്ക് മുജീബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് വിമോചന പ്രസ്ഥാനത്തെ തകർക്കാനുള്ള സായുധാക്രമണങ്ങൾ നടത്തിയത് പാക് അമേരിക്കൻ അനുകൂല തീവ്രവലതുപക്ഷശക്തികളാണ്. അവർ മുജീബുർ റഹ്മാന്റെ സോവിയറ്റ്, ചൈന, ഇന്ത്യ അനുകൂല നിലപാടുകളോട് കടുത്ത വിരോധമുള്ളവരായിരുന്നു.

1971-ൽ ഷെയ്ക്ക് മുജീബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് വിമോചന പ്രസ്ഥാനത്തെ തകർക്കാനുള്ള സായുധാക്രമണങ്ങൾ നടത്തിയത് പാക് അമേരിക്കൻ അനുകൂല തീവ്രവലതുപക്ഷശക്തികളാണ്.
1971-ൽ ഷെയ്ക്ക് മുജീബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് വിമോചന പ്രസ്ഥാനത്തെ തകർക്കാനുള്ള സായുധാക്രമണങ്ങൾ നടത്തിയത് പാക് അമേരിക്കൻ അനുകൂല തീവ്രവലതുപക്ഷശക്തികളാണ്.

ഇപ്പോൾ ഹസീനയെ പുറത്താക്കി, ബംഗ്ലാദേശിന്റെ ഭാവി തീരുമാനിക്കാനുള്ള യോഗത്തിലേക്ക് സൈനികമേധാവി ക്ഷണിച്ചു വരുത്തിയത് ജമാഅത്തെ ഇസ്ലാമിയെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെയും എച്ച്.എം എർഷാദിന്റെ നേതൃത്വത്തിലുള്ള ജാതിയ പാർട്ടിയെയുമാണ്. ഇടതുപക്ഷ പുരോഗമനസ്വഭാവമുള്ള ബംഗ്ലാദേശ് വർക്കേഴ്സ് പാർട്ടിയെയോ കമ്യൂണിസ്റ്റ് പാർട്ടിയെയോ ഈ യോഗത്തിലേക്ക് വിളിച്ചില്ല എന്നതുതന്നെ ഈ അട്ടിമറിക്കു പിറകിലെ അമേരിക്കൻ അനുകൂല തീവ്രവലതുപക്ഷ താൽപര്യങ്ങൾ വ്യക്തമാക്കുന്നതാണ്.

ഹസീന സർക്കാർ അട്ടിമറിക്കപ്പെടുകയും പട്ടാളം അധികാരമേറ്റെടുക്കുകയും ചെയ്ത സംഭവം ദക്ഷിണേഷ്യൻ സമൂഹങ്ങളിലും ബംഗ്ലാദേശിന്റെ ഭാവിയിലും എന്തൊക്കെ ആഘാതമുണ്ടാക്കാൻ പോകുന്നതെന്ന ആലോചനകളിലാണ് രാഷ്ട്രീയനിരീക്ഷകരും രാജ്യതന്ത്രജ്ഞരും.

ബംഗ്ലാദേശ് രൂപീകരണത്തിന് നേതൃത്വം നൽകിയ മുജീബുർ റഹ്മാന്റെ മകളും അവാമി ലീഗിന്റെ നേതാവുമാണ് ഷെയ്ഖ് ഹസീന. 20 വർഷം ബംഗ്ലാദേശിന്റെ ഭരണാധികാരിയായ അവർ 2024-ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരമുറപ്പിക്കുകയായിരുന്നു. ബംഗ്ലാദേശ് രൂപീകരണത്തിന് നേതൃത്വം നൽകിയ മുജീബുർ റഹ്മാനെ വധിച്ചുകൊണ്ടാണ് 1975 ആഗസ്റ്റ് 15-ന് ദക്ഷിണേഷ്യയിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ അട്ടിമറിക്ക് അമേരിക്കയും പാകിസ്ഥാനും കളമൊരുക്കിയത്. ഇപ്പോൾ അതേ പോലൊരു ആഗസ്റ്റ് അട്ടിമറിയിലൂടെ മുജീബുർ റഹ്മാന്റെ മകൾ ഹസീനയെ പാക്- അമേരിക്കൻ അനുകൂല വലതുപക്ഷശക്തികളുടെ നേതൃത്വത്തിൽ അധികാരത്തിൽനിന്ന് പുറത്താക്കുകയും അവർക്ക് രാജ്യം വിടേണ്ട അവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

എച്ച്.എം എർഷാദ്
എച്ച്.എം എർഷാദ്

1996 മുതൽ 2001 വരെ പ്രധാനമന്ത്രിയായിരുന്ന ഹസീന വീണ്ടും അധികാരത്തിലെത്തുന്നത് 2009 -ലാണ്. അതിനുശേഷം ഇക്കഴിഞ്ഞ 15 വർഷമായി അവർ തുടർച്ചയായി അധികാരത്തിൽ ഇരിക്കുകയായിരുന്നു. ബംഗ്ലാദേശിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടിയും ജമാഅത്തെ ഇസ്ലാമിയും ഉയർത്തുന്ന പ്രധാനപ്പെട്ട ആക്ഷേപം 2014 മുതൽ ബംഗ്ലാദേശ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പുകൾ നീതിപൂർവ്വമായിരുന്നില്ല എന്നാണ്. 2024-ൽ ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷകക്ഷികൾ പൂർണമായും ബഹിഷ്ക്കരിക്കുകയായിരുന്നു. തീവ്ര പാക്-അമേരിക്കൻ അനുകൂല നിലപാട് സ്വീകരിക്കുന്ന ബി.എൻ.പിയും ഇടതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടിയും തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.

പ്രതിപക്ഷ പാർട്ടികളെ പ്രവർത്തിക്കാൻ അനുവദിക്കാതെയും അതിന്റെ നേതാക്കളെ ജയിലിലടച്ചും സ്വേച്ഛാധിപത്യപരമായ ഭരണമാണ് ഹസീന സർക്കാർ നടത്തിയത്. ഈ ഏകാധിപത്യ സമാനമായ നടപടികൾക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടിയും തീവ്രവാദപരമായ നിലപാടുകളുള്ള ഇസ്ലാമിക സംഘടനകളും സമരങ്ങൾ വളർത്തിക്കൊണ്ടുവരികയായിരുന്നു. ആ സമരങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തുകയും പ്രക്ഷോഭകരോടും അവർ ഉയർത്തുന്ന ആവശ്യങ്ങളോടും അവജ്ഞയോടെ പെരുമാറുകയുമാണ് ഷെയ്ഖ് ഹസീനയുടെ സർക്കാർ തുടർച്ചയായി ചെയ്തത്. ഇപ്പോഴത്തെ പ്രക്ഷോഭം, ഹസീന സർക്കാർ 15 വർഷമായി തുടരുന്ന ഏകാധിപത്യവാഴ്ചയോടുള്ള ജനമനസ്സുകളിലെ പ്രതിഷേധത്തിന്റെ അണപൊട്ടിയൊഴുകലായി കാണാം.

ബംഗ്ലാദേശി ജനസംഖ്യ 18 കോടിയോളമാണ്. അവിടുത്തെ സർക്കാർ ജോലിയുടെ 56%വും സംവരണ ക്വാട്ടയിലാണ്. ഇതിൽ 30% 1971-ലെ ബംഗ്ലാദേശ് വിമോചനസമരങ്ങളിൽ പങ്കെടുത്തിരുന്നവരുടെ ബന്ധുക്കൾക്കായിരുന്നു. ഇതിനെ ജമാഅത്തെ ഇസ്ലാമിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും കണ്ടത്, അവാമി ലീഗിലുള്ളവർക്കും സർക്കാരിലെ ഉന്നതരുടെ ആശ്രിതർക്കുമായി ജോലി നൽകാനുള്ള വഴിയായിട്ടാണ്. 30% സംവരണത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിനിടയിലാണ് ഹസീന വീണ്ടും അധികാരത്തിലെത്തുന്നതും 2010-ൽ തൊഴിൽ സംവരണം സ്വാതന്ത്ര്യസമരസേനാനികളുടെ മൂന്നാം തലമുറയ്ക്കുകൂടി നൽകാൻ തീരുമാനിച്ചതും.

ഷെയ്ക് ഹസീന
ഷെയ്ക് ഹസീന

ഇതിനെതിരെ തുടർച്ചയായ പ്രക്ഷോഭങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഹസീന സർക്കാർ സംവരണം പൂർണമായും പിൻവലിക്കാൻ തീരുമാനിച്ചത്. സംവരണം പിൻവലിച്ചതിനെതിരെ സ്വാതന്ത്ര്യ സമരസേനാനികളുടെ അനന്തരാവകാശികൾ 2018 മുതൽ നിയമപോരാട്ടം ആരംഭിച്ചു. 2024 ജൂണിൽ തൊഴിൽ സംവരണം പിൻവലിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. അതോടെയാണ് ജോലി സംവരണത്തിനെതിരായി രൂപീകരിച്ച വിവേചനവിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനം ജൂലായ് 1 മുതൽ സമരം ആരംഭിക്കുന്നത്. ഹസീന സർക്കാരിനെ പിടിച്ചുലച്ച തൊഴിൽ സംവരണ വിരുദ്ധ പ്രക്ഷോഭം ജൂലായ് പ്രക്ഷോഭം എന്ന പേരിൽ ബംഗ്ലാദേശിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും പടർന്നു.

സമരത്തെ ജനാധിപത്യപരമായി സമീപിക്കാനും സമരക്കാരുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുമുള്ള യാതൊരു നീക്കവും ഷെയ്ഖ് ഹസീന നടത്തിയില്ല. അവർ മുൻകാലങ്ങളിലെന്നപോലെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുകയായിരുന്നു. അത് ഭീകരമായ ചോരച്ചൊരിച്ചിലിലേക്കാണ് എത്തിയത്. സൈനികർക്കൊപ്പം അവാമി ലീഗ് പ്രവർത്തകരും സമരക്കാരെ തെരുവുകളിൽ കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടായി. സമരത്തെ പാകിസ്ഥാൻ സഹായം ലഭിക്കുന്ന മതതീവ്രവാദികളുടെ പരിപാടിയാണെന്ന് ആക്ഷേപിച്ച് ഭീകരമായി അടിച്ചമർത്തുകയായിരുന്നു. ഇതിനിടയിൽ ബംഗ്ലാദേശ് സുപ്രീം കോടതി സംവരണത്തിനനുകൂലമായി പ്രഖ്യാപിച്ച വിധി റദ്ദാക്കി. അതോടെ സമരം അവസാനിക്കുമെന്നാണ് എല്ലാവരും കരുതിയത്.

വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനം, സമരത്തിന്റെ അജണ്ട ഹസീന പ്രധാനമന്ത്രി പദം രാജിവെക്കണമെന്ന ആവശ്യത്തിലേക്ക് ഉയർത്തുകയും കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുകയും ചെയ്തു. ഇവിടെയാണ് ഹസീനയുടെ സ്വേച്ഛാധിപത്യ നയങ്ങളോടുള്ള പ്രതിഷേധത്തേക്കാളേറെ അവരും അവാമി ലീഗും പ്രതിനിധാനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യത്തോടുള്ള എതിർപ്പ് മറനീക്കി പുറത്തുവരുന്നത്.

ഷെയ്ക് മുജീബ് റഹ്മാന്‍
ഷെയ്ക് മുജീബ് റഹ്മാന്‍

2024-ലെ തെരഞ്ഞെടുപ്പിലുൾപ്പെടെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും സുതാര്യമല്ലാത്തതുമായ നിലപാട് സ്വീകരിച്ച ഹസീനയുടെ തന്നെ വീഴ്ചകളെ ഉപയോഗിച്ചാണ് വലതുപക്ഷ ശക്തികൾ ജനപിന്തുണ നേടിയെടുത്തതെന്ന കാര്യം കാണാതെ പോകരുത്. എന്നാൽ ഹസീനക്കെതിരായ ഒരു അന്താരാഷ്ട്ര ഗൂഢാലോചന ജനുവരിയിലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അമേരിക്കൻ നയതന്ത്ര പ്രതിനിധികളും ജമാഅത്തെ ഇസ്ലാമി നേതാക്കളും ചേർന്ന് നടത്തിയിരുന്നുവെന്ന കാര്യം ഇപ്പോഴത്തെ സംഭവഗതികൾക്ക് പിറകിലെ നിക്ഷിപ്ത താൽപര്യങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതാണ്.

ഷെയ്ഖ് മുജീബുർ റഹ്മാനും അവാമിലീഗും അതിന്റെ രൂപീകരണ കാലംതൊട്ട് ഇന്ത്യയുമായും ചൈനയുമായും റഷ്യയുമായും ഒരുപോലെ സൗഹൃദം പുലർത്തി പോന്നിരുന്നു. ഇതുതന്നെയാണ് അമേരിക്കയെയും പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും വലതുപക്ഷ തീവ്രവാദ സംഘടനകളെയും ഒരുപോലെ ഹസീനക്കെതിരെ നീങ്ങുന്നതിന് പ്രേരിപ്പിച്ചത്. തങ്ങൾക്ക് വഴങ്ങുന്ന ഒരു സർക്കാരിനെ ബംഗ്ലാദേശിൽ പ്രതിഷ്ഠിക്കുകയെന്നതാണ് അമേരിക്കയുടെ താൽപര്യം. ആ താൽപര്യത്തിൽ നിന്നാണ് സംവരണം സുപ്രീംകോടതി റദ്ദു ചെയ്തിട്ടും പ്രക്ഷോഭം ഹസീന സർക്കാരിനെ അട്ടിമറിക്കുന്നതിലേക്ക് എത്തിക്കാനുള്ള പ്രേരണയുണ്ടായത്.

ഹസീനയുടെ രാജി ആവശ്യപ്പെട്ട് ധാക്കയിൽ ആയിരങ്ങൾ സംഘടിക്കുകയും രാജിവെക്കാതെ തങ്ങൾ പിരിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയും നേതാക്കളെ ജയിലിലടച്ചും സമരത്തെ അടിച്ചമർത്താനുള്ള ഹസീനയുടെ തീരുമാനവുമായി യോജിക്കാൻ ബംഗ്ലാദേശ് സൈന്യം തയ്യാറായില്ല. മുൻസൈനിക മേധാവി ഇഖ്ബാൽ കരീം പ്രക്ഷോഭകർക്കുനേരെ സൈന്യം നിറയൊഴിക്കരുതെന്നും ജനങ്ങൾക്കെതിരായ നീക്കങ്ങളിൽനിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ടു. ഈയൊരു സാഹചര്യത്തിലാണ് ഇപ്പോഴത്തെ സൈനികമേധാവി സമാൻ വഖാർ അധികാരമേറ്റെടുക്കുന്നതും 20 വർഷക്കാലം ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഹസീനയ്ക്ക് അവിടെനിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടേണ്ടി വന്നതും.

സമരത്തെ ജനാധിപത്യപരമായി സമീപിക്കാനും സമരക്കാരുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുമുള്ള യാതൊരു നീക്കവും ഷെയ്ഖ് ഹസീന നടത്തിയില്ല. അവർ മുൻകാലങ്ങളിലെന്നപോലെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുകയായിരുന്നു.
സമരത്തെ ജനാധിപത്യപരമായി സമീപിക്കാനും സമരക്കാരുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുമുള്ള യാതൊരു നീക്കവും ഷെയ്ഖ് ഹസീന നടത്തിയില്ല. അവർ മുൻകാലങ്ങളിലെന്നപോലെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുകയായിരുന്നു.

ഏഷ്യാമേഖലയിലെ തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താൽപര്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട താവളപ്രദേശമായിട്ടാണ് അമേരിക്കയും ബ്രിട്ടനുമെല്ലാം പാകിസ്ഥാനെ ഉപയോഗിച്ചത്. ഏഷ്യാ പസഫിക്കിലെ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും മേഖലകൾ രൂപപ്പെടുന്നതിന് കാരണം മധ്യപൂർവ്വദേശത്തെയും യൂറോപ്പിനെയും ആഫ്രിക്കയെയും ഏഷ്യയെയും അമേരിക്കയുടെ വരുതിയിലേക്ക് കൊണ്ടുവരാനുള്ള ഭൗമ രാഷ്ട്രീയ താൽപര്യങ്ങളുമായി ബന്ധപ്പെട്ടാണ്. അമേരിക്കയുടെ വിദേശനയത്തിൽ മധ്യപൂർവ്വദേശത്തെയും യൂറോപ്പിനെയും ആഫ്രിക്കയെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഒരു പാലം എന്ന നിലയിൽ ഈ ഭൂപ്രദേശങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. വിഭവങ്ങളും വാണിജ്യപാതകളും വരുതിയിലാക്കാനുള്ള സാമ്രാജ്യത്വ അധിനിവേശ മോഹങ്ങളാണ് ഈ മേഖലയിലെ എല്ലാ സംഘർഷങ്ങൾക്കും ആയുധ മത്സരങ്ങൾക്കും കാരണമായത്.

മുതലാളിത്ത ലോകത്തിലെ എണ്ണ നിക്ഷേപത്തിന്റെ 60%-ലേറെയും പ്രകൃതിവാതക നിക്ഷേപത്തിന്റെ 60%വും ഈ മേഖലയിലാണ് നിലകൊള്ളുന്നത്. ലോക സമ്പദ്ഘടനയെ സംബന്ധിച്ച് തന്ത്രപ്രധാനമായ അസംസ്കൃത പദാർത്ഥങ്ങളുടെ മുഖ്യസ്രോതസ്സുകളിലേക്ക് മദ്ധ്യധരണ്യാഴി വഴി പ്രവേശിക്കുവാനുള്ള സമുദ്രപാത കൊണ്ട് മാത്രം അമേരിക്കയ്ക്ക് തങ്ങളുടെ ലോകാധിപത്യം ഉറപ്പിക്കാനാവില്ല. ഇറാനിലും സിറിയയിലും ഇറാഖിലും ലിബിയയിലും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമെല്ലാം തങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഭരണകൂടങ്ങളെ ഉണ്ടാക്കുകയെന്നത് എക്കാലത്തും അമേരിക്കയുടെ വിദേശനയത്തിന്റെ അഭേദ്യഘടകമായിരുന്നു.

സോവിയറ്റ് യൂണിയന്റെയും ചേരിചേരാ രാഷ്ട്രങ്ങളുടെയും സാന്നിധ്യവും സ്വാധീനവും അമേരിക്കയ്ക്ക് എക്കാലത്തും വലിയ ഭീഷണിയായിരുന്നു. 1951-ൽ തന്നെ യു.എസ് സെക്യൂരിറ്റി കൗൺസിൽ ദക്ഷിണേഷ്യയെ സംബന്ധിച്ച തങ്ങളുടെ കരട് നയപ്രസ്താവന മുന്നോട്ടുവെക്കുന്നുണ്ട്. ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരും ഇന്ത്യയുടെ സോവിയറ്റ് പക്ഷപാതിത്വവും അമേരിക്കയുടെ ഈ മേഖലയിലെ താൽപര്യങ്ങൾക്കും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാകുമെന്നാണ് നാഷണൽ സെക്യൂരിറ്റി പോളിസി പേപ്പർ വിലയിരുത്തിയിട്ടുള്ളത്. ചൈനയ്ക്കും സോവിയറ്റ് യൂണിയനുമെതിരായി ഇന്ത്യയെയും പാകിസ്ഥാനെയും അക്രമോന്മുഖമായ ഒരു സൈനിക കൂട്ടുകെട്ടിലേക്ക് കൊണ്ടുവരാനും ഏഷ്യൻ മേഖലയിൽ ഏകോപിതമായ ഒരു സൈനിക രാഷ്ട്രീയ സംവിധാനം ഏർപ്പെടുത്താനും അമേരിക്ക ശ്രമിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു

ഈയൊരു ലക്ഷ്യത്തോടെയാണ് 1949 മുതൽ കാശ്മീർ ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും അമേരിക്ക ഇടപെടാൻ നോക്കിയിട്ടുള്ളത്. നെഹ്‌റുവിന്റെ സുദൃഢമായ വൻശക്തി മേധാവിത്വത്തിനെതിരായ നിലപാടും ഇന്ത്യയുടെ സ്വതന്ത്ര വിദേശനയവും അമേരിക്കൻ പക്ഷത്തേക്ക് പോകാതെ ആ നാളുകളിൽ ഇന്ത്യയെ നിലനിർത്തി. പാകിസ്ഥാനെ ദക്ഷിണേഷ്യൻ മേഖലയിലെ അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഒരു കിഴക്കൻ നങ്കൂരമാക്കി നിലനിർത്താനാണ് എല്ലാ കാലത്തും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റും സി.ഐ.എയും ശ്രമിച്ചിട്ടുള്ളത്. ഈയൊരു പശ്ചാത്തലത്തിലാണ് പാകിസ്ഥാനെ ദുർബലപ്പെടുത്തുന്ന ബംഗാളി ഭാഷാ സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള കിഴക്കൻ പാകിസ്ഥാനിലെ ദേശീയ സ്വയംനിർണയനത്തിനുവേണ്ടിയുള്ള സമരങ്ങൾ ഉയർന്നുവരുന്നത്.

1971-ൽ ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടാക്കിയ സമാധാന സൗഹൃദ സഹകരണ ഉടമ്പടിയും 1971-ലെ ബംഗ്ലാദേശ് രൂപീകരണവും ദക്ഷിണേഷ്യയിലെ അമേരിക്കൻ താൽപര്യങ്ങൾക്ക് ഗുരുതരമായ വെല്ലുവിളിയായി മാറി. ബംഗ്ലാദേശ് രൂപീകരണത്തോടെ പാകിസ്ഥാൻ ദുർബലമാവുകയും ഷെയ്ക്ക് മുജീബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാർ ഇന്ത്യയോടും ചൈനയോടും സോവിയറ്റ് യൂണിയനോടും ചേർന്നുനിൽക്കുകയും ചെയ്തു. ഇത് ഈ മേഖലയിലെ അമേരിക്കൻ താൽപര്യങ്ങളെ അലോസരപ്പെടുത്തി. ബംഗാളി ജനതയുടെ ദേശീയ സ്വയംനിർണയത്തിനു വേണ്ടിയുള്ള സമരത്തെ തങ്ങൾ എതിർക്കുന്നില്ലെന്ന് വരുത്തിത്തീർക്കാനാണ് 1971-ൽ അമേരിക്കൻ നേതാക്കളും നയതന്ത്രജ്ഞരും ശ്രമിച്ചത്. എന്നാൽ ബംഗ്ലാദേശ് രൂപീകരണത്തിനു വേണ്ടിയുള്ള കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങളുടെ സമരത്തെ ചോരയിൽ മുക്കിക്കൊല്ലുന്ന നടപടി സ്വീകരിച്ച പാകിസ്ഥാൻ പ്രസിഡണ്ട് യാഹ്യാഖാന് എല്ലാ സഹായങ്ങളും അമേരിക്ക ചെയ്തുകൊടുത്തു. വിമോചന പോരാളികളെ അടിച്ചമർത്താൻ ഇഷ്ടം പോലെ ആയുധങ്ങൾ പാകിസ്ഥാനിലേക്ക് കയറ്റിയയച്ചു.

അതിനെയെല്ലാം നേരിട്ടും തോൽപിച്ചുമാണ് ബംഗ്ലാദേശ് രൂപീകരിച്ചത്. അതിന് മുജീബുർ റഹ്മാനും ബംഗ്ലാദേശ് ദേശീയവിമോചന പ്രസ്ഥാനത്തിനും ഇന്ത്യയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ബംഗ്ലാദേശ് പ്രശ്നം ഇന്ത്യാ-പാക് യുദ്ധമായി മാറുകയും അമേരിക്ക പ്രത്യക്ഷമായി തന്നെ പാകിസ്ഥാൻ പക്ഷം പിടിക്കുകയും ചെയ്തു. ബംഗാൾ ഉൾക്കടലിലേക്ക് എന്റർപ്രൈസസ് പോലുള്ള വിമാനവാഹിനി കപ്പലുകൾ ഇന്ത്യക്കെതിരെ അമേരിക്ക സജ്ജീകരിച്ചു നിർത്തി. ഏഴാം കപ്പൽപ്പടയെ അയച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള നീക്കങ്ങൾ അമേരിക്ക തുടങ്ങിയ ഘട്ടത്തിൽ തന്നെ സോവിയറ്റ് യൂണിയൻ അമേരിക്കയെ താക്കീത് ചെയ്തു. ഇന്ത്യ- പാക് യുദ്ധത്തിൽ പാകിസ്ഥാനുവേണ്ടി അമേരിക്ക ഇടപെട്ടാൽ തങ്ങൾ നോക്കിനിൽക്കില്ലെന്ന സോവിയറ്റ് നേതാക്കളുടെ പ്രസ്താവന വന്നതോടെയാണ് ഏഴാം കപ്പൽപ്പട തിരിച്ചുപോയത്.

1971-ൽ ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടാക്കിയ സമാധാന സൗഹൃദ സഹകരണ ഉടമ്പടിയും 1971-ലെ ബംഗ്ലാദേശ് രൂപീകരണവും ദക്ഷിണേഷ്യയിലെ അമേരിക്കൻ താൽപര്യങ്ങൾക്ക് ഗുരുതരമായ വെല്ലുവിളിയായി മാറി.
1971-ൽ ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടാക്കിയ സമാധാന സൗഹൃദ സഹകരണ ഉടമ്പടിയും 1971-ലെ ബംഗ്ലാദേശ് രൂപീകരണവും ദക്ഷിണേഷ്യയിലെ അമേരിക്കൻ താൽപര്യങ്ങൾക്ക് ഗുരുതരമായ വെല്ലുവിളിയായി മാറി.

ഈയൊരു ചരിത്രവും വർത്തമാന ലോകസാഹചര്യവും ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ സംഭവഗതികളിൽ വലിയ ഉത്കണ്ഠ ഉണർത്തുന്നതാണ്. ഭരണം ഏറ്റെടുത്ത സൈനിക മേധാവി വഖാർ ഉസ്‌മാൻ, നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് രൂപീകരണത്തിന്റെയും ദേശീയ സ്വയംനിർണ്ണയത്തിനുവേണ്ടിയുള്ള സമരത്തിന്റെയും ചരിത്രത്തോട് മുഖം തിരിച്ചുനിൽക്കുന്ന പ്രമുഖരെ ഉൾപ്പെടുത്തി ഗവൺമെന്റ് ഉണ്ടാക്കാനുള്ള നീക്കമാണ് നടത്തുന്നത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയ മൂല്യങ്ങളോടും പുതിയ ബംഗ്ലാദേശ് ഗവൺമെന്റ് എത്രത്തോളം പ്രതിബദ്ധമായിരിക്കുമെന്ന ആശങ്കയാണ് ഉയർന്നുവരുന്നത്. എന്തായാലും ബംഗ്ലാദേശ് മതരാഷ്ട്രവാദികളുടെ ആധിപത്യത്തിലാകാതിരിക്കാനുള്ള കരുതലോടു കൂടിയുള്ള നീക്കങ്ങൾ നടത്താൻ ബംഗ്ലാദേശിലെ ജനങ്ങൾക്ക് കഴിയേണ്ടതുണ്ട്.

Comments