ലോകം സ്‌പേസ് യുദ്ധത്തിലേക്കോ? അമേരിക്ക ഉയർത്തുന്ന പുതിയ ഭീഷണികൾ

സ്‌പേസ് യുദ്ധത്തിന്റെ ഭീതിദമായ നാളുകളിലേക്ക് ലോകത്തെ കൊണ്ടുപോവുകയാണ് അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ പ്രതിരോധ വിഭാഗമായ പെന്റഗണും. 1967-ലെ അന്താരാഷ്ട്ര ബഹിരാകാശ കരാറുകളെ നഗ്നമായി ലംഘിക്കുകയാണ് ട്രംപ് ഭരണകൂടം. ഭൂമിയുടെ ഭ്രമണപഥത്തിൽ തങ്ങൾ യുദ്ധോപകരണങ്ങൾ വിന്യസിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ് എയർഫോഴ്‌സ് സെക്രട്ടറി ട്രോയ്‌ മെയ്ൻക്. ലോക സമാധാനദിനത്തിൻെറ പശ്ചാത്തലത്തിൽ അമേരിക്കയുടെ പുതിയ ഭീഷണികളെക്കുറിച്ച് എഴുതുന്നു കെ.ടി. കുഞ്ഞിക്കണ്ണൻ.

സാർവദേശീയ സമൂഹം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലാണ് യുദ്ധങ്ങൾക്കും വംശീയതക്കും ആണവായുധ, ജൈവായുധ പ്രയോഗങ്ങൾക്കുമെതിരായി സെപ്തംബർ 21-ന് സമാധാനദിനമായി പ്രഖ്യാപിച്ചത്. ഭൂമിയിൽ എല്ലാ മനുഷ്യർക്കും എല്ലാ രാഷ്ട്രങ്ങൾക്കും സ്വതന്ത്രമായും സമാധാനപരമായും ജീവിക്കാനും നിലനിൽക്കാനുമുള്ള അവകാശമുണ്ടെന്ന സന്ദേശമാണ് ലോകസമാധാനദിനം മുന്നോട്ടുവെക്കുന്നത്. 1981-ലാണ് ഐക്യരാഷ്ട്രസഭ വർദ്ധിതമാകുന്ന യുദ്ധോത്സുകതയ്ക്കും വംശീയതക്കും മനുഷ്യനാശകാരികളായ ന്യൂക്ലിയർ-രാസ ജൈവായുധ നിർമ്മിതിക്കും സംഭരണത്തിനുമെതിരെ ജാഗ്രത പുലർത്താനായിട്ട് കൂടിയാണ് അന്താരാഷ്ട്ര സമാധാനദിനം ആചരിക്കുന്നത്. പശ്ചിമേഷ്യയിലും ഉക്രൈനിലും യുദ്ധം തുടരുന്നതിനിടയിലാണ് യു.എസ് സയണിസ്റ്റ് കൂട്ടുകെട്ടിനെതിരെ ലോകമാകെയുള്ള സാമ്രാജ്യത്വവിരുദ്ധശക്തികൾ സമാധാനത്തിന്റെ സന്ദേശമുയർത്തി ലോകസമാധാനദിനം ആചരിച്ചത്.

ഹിരോഷിമയിലെ നരഹത്യയിലൂടെയാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്തിന്റെ സർവ്വാധിപതി തങ്ങളാണെന്ന് പ്രഖ്യാപിച്ചത്. ലോകജനതയ്ക്ക് അവകാശപ്പെട്ട വിഭവങ്ങളും സമ്പത്തും വാണിജ്യപാതകളും പിടിച്ചെടുക്കാനാണ് രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്ക ആണവായുധങ്ങളെ വരെ ഉപയോഗിച്ചുള്ള യുദ്ധങ്ങൾക്കും കൂട്ടക്കൊലകൾക്കും നേതൃത്വം കൊടുത്തത്. ഈയൊരു സാഹചര്യത്തിലാണ് ലോകസമാധാന പ്രസ്ഥാനവും അതിന്റെ ഭാഗമായി ഇന്ത്യയിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങൾ രൂപംകൊള്ളുന്നതും പ്രവർത്തനമാരംഭിക്കുന്നതും. 1948 ൽ കൊമിൻഫോം മുൻകൈയെടുത്ത് രൂപീകരിച്ച വേൾഡ് പീസ് കൗൺസിലാണ് ആണവയുദ്ധത്തിന് വൻശക്തി മേധാവിത്വത്തിനുവേണ്ടിയുള്ള ശീതയുദ്ധനീക്കങ്ങൾക്കുമെതിരെ സാർവദേശീയതലത്തിൽ വൻതോതിലുള്ള യുദ്ധവിരുദ്ധ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകിയത്.

ഹിരോഷിമയിലെ നരഹത്യയിലൂടെയാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്തിന്റെ സർവ്വാധിപതി തങ്ങളാണെന്ന് പ്രഖ്യാപിച്ചത്.
ഹിരോഷിമയിലെ നരഹത്യയിലൂടെയാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്തിന്റെ സർവ്വാധിപതി തങ്ങളാണെന്ന് പ്രഖ്യാപിച്ചത്.

ലോകസമാധാന കൗൺസിലിന്റെ ഇന്ത്യൻഘടകമെന്ന നിലയ്ക്കാണ് 1951-ൽ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി രൂപംകൊള്ളുന്നത്. സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായ സൈഫുദ്ദീൻ കിച്ചിലും ഗാന്ധിശിഷ്യനായ പണ്ഡിറ്റ് സുന്ദർലാൽ കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ഗോപാലൻ, അജയ്‌ഘോഷ്, ഇന്ത്യൻ മാർക്‌സിസ്റ്റ് ചരിത്രകാരനായ ഡി.ഡി. കൊസാംബി, ദേശീയ മഹാകവി വള്ളത്തോൾ തുടങ്ങിയവർ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതിയുടെ സ്ഥാപകനേതാക്കളായിരുന്നു. സാർവദേശീയതലത്തിൽ ശീതയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു അത്. കൊറിയൻ യുദ്ധവും ക്യൂബയിലെ വിപ്ലവഗവൺമെന്റിനെ അട്ടിമറിക്കാനുള്ള അമേരിക്കൻ ഇടപെടലും പലസ്തീനികളുടെ ജന്മഭൂമി അപഹരിച്ച് രൂപീകരിച്ച ഇസ്രയേലിനെതിരായ അറബ് യുദ്ധങ്ങളും കൊണ്ട് പ്രക്ഷുബ്ധമായിരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വചേരിക്കും യുദ്ധത്തിനുമെതിരായ ക്യാമ്പയിനുകൾ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി ഏറ്റെടുക്കുന്നത്.

1946-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ അമേരിക്കൻ പ്രസിഡണ്ട് ട്രൂമാന്റെ സാന്നിധ്യത്തിൽ ഫാൾട്ടണിലെ വെസ്റ്റ് മിനിസ്റ്റർ കോളേജിൽ നടത്തിയ പ്രസംഗമാണ് ശീതയുദ്ധ പ്രഖ്യാപനമായി തീർന്നത്. ഫാഷിസത്തിനെതിരായ യുദ്ധത്തിൽ ലോകജനത നേടിയ വിജയത്തിന്റെ ഒരു വർഷം തികയുന്നതിനുമുമ്പാണ് സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിക്കൊപ്പം നിലകൊള്ളുന്ന ദേശീയ വിമോചനപ്രസ്ഥാനങ്ങൾക്കും എതിരായ ശീതയുദ്ധ പ്രഖ്യാപനം നടന്നത്. ആണവബോംബിനെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ച് സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ശക്തികളെയും തകർക്കണമെന്നതായിരുന്നു ട്രൂമാന്റെയും ചർച്ചിലിന്റെയും മനസ്സിലിരിപ്പ്.

1945 ആഗസ്റ്റിൽ ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യവെ ചർച്ചിൽ ഇക്കാര്യങ്ങൾ തുറന്നുതന്നെ പറഞ്ഞിരുന്നു. ആറ്റംബോംബ് അമേരിക്കയുടെയും ബ്രിട്ടന്റെയും കുത്തകയായിരിക്കണമെന്നും യുദ്ധത്തിലെന്നപോലെ രാഷ്ട്രീയത്തിലും സ്ഥാനമുണ്ടായിരിക്കണമെന്നും ട്രൂമാൻ ചിന്തിച്ചിരുന്നു. അക്കാലത്തെ അമേരിക്കൻ പ്രതിരോധവകുപ്പ് സെക്രട്ടറി ഹെന്റി സ്റ്റിംസൺ ട്രൂമാന് വിശദീകരിച്ചുകൊടുത്തത് ഈ ആയുധം (ആറ്റംബോംബ്) ശരിയായി ഉപയോഗിക്കുന്നതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞാൽ ലോകസമാധാനവും നാഗരികതയും കാത്തുസൂക്ഷിക്കാൻ കഴിയുന്ന രീതിയിൽ ഈ ലോകത്തെ മാറ്റിത്തീർക്കാൻ നമുക്ക് അവസരം ലഭിക്കുമെന്നാണ്.

രണ്ടാം ലോകമഹായുദ്ധാനന്തരം നേരിട്ടുള്ള കോളനിവാഴ്ച അസാധ്യമായിതീർന്ന സാഹചര്യത്തിലാണ് ഐ.എം.എഫും ലോകബാങ്കും ഐ.ടി.ഒ-വും വഴി നവകൊളോണിയലിസം അമേരിക്കൻ സാമ്രാജ്യത്വവാദികൾ വികസിപ്പിച്ചത്. അമേരിക്കയുടെ ലോകമേധാവിത്വം ലോകജനതക്കുമേൽ മറ്റുചില രാഷ്ട്രങ്ങൾക്കുംമേൽ അടിച്ചേൽപ്പിക്കാൻ അമേരിക്കയ്ക്ക് ആറ്റംബോംബ് ശക്തിനൽകുമെന്നാണ് അക്കാലത്ത് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജെയിംസ് എഫ് ബൈർനസ് കരുതിയിരുന്നത്. തങ്ങളുടെ ലോകമേധാവിത്വത്തിനാവശ്യമായ രീതിയിൽ യു.എസ് വിദേശകാര്യവകുപ്പും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റും ആറ്റമിക്ക് നയതന്ത്രം ആരംഭിക്കുകയായിരുന്നു. അതിന്റെ പരീക്ഷണഭൂമികളായിരുന്നു ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലുമെല്ലാം.

1946-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ അമേരിക്കൻ പ്രസിഡണ്ട് ട്രൂമാന്റെ സാന്നിധ്യത്തിൽ ഫാൾട്ടണിലെ വെസ്റ്റ് മിനിസ്റ്റർ കോളേജിൽ നടത്തിയ പ്രസംഗമാണ് ശീതയുദ്ധ പ്രഖ്യാപനമായി തീർന്നത്.
1946-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ അമേരിക്കൻ പ്രസിഡണ്ട് ട്രൂമാന്റെ സാന്നിധ്യത്തിൽ ഫാൾട്ടണിലെ വെസ്റ്റ് മിനിസ്റ്റർ കോളേജിൽ നടത്തിയ പ്രസംഗമാണ് ശീതയുദ്ധ പ്രഖ്യാപനമായി തീർന്നത്.

മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറ്റവും ഭീകരമായ സാർവദേശീയ പാതകങ്ങളായിരുന്നു ഹിരോഷിമയും നാഗസാക്കിയും. തങ്ങളുടെ ശീതയുദ്ധപദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിലെയും ഏഷ്യയിലെയും തെക്കനമേരിക്കയിലെയും രാജ്യങ്ങളെയും ജനതകളെയും കീഴടക്കാനും അധിനിവേശം സ്ഥാപിക്കാനുമുള്ള ഉപജാപങ്ങളും അട്ടിമറികളും യുദ്ധങ്ങളും അഴിച്ചുവിടുകയായിരുന്നു അമേരിക്കയും അവരുടെ സഹകാരികളും. ഇതിനായി വംശീയതയെയും മതവർഗീയതയെയുമെല്ലാം തരാതരംപോലെ സി.ഐ.എയും അമേരിക്കൻ ചിന്താകേന്ദ്രങ്ങളും ലോകമെമ്പാടും പോഷിപ്പിച്ചെടുത്തത്.

1980-കളോടെ സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ബ്ലോക്കിനെയും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടന്നത്. മധ്യപൂർവദേശത്തെയും പശ്ചിമേഷ്യയെയും എണ്ണ താൽപര്യങ്ങളാണ് കമ്യൂണിസത്തിനെതിരായി ഇസ്ലാമിനെ പ്രത്യയശാസ്ത്രമാക്കിക്കൊണ്ടുള്ള ഭീകരവാദസംഘങ്ങളെ വളർത്തിയെടുത്തത്. കാസ്പിയൻ മേഖലയിലെ കോടിക്കണക്കിന് ബാരൽ എണ്ണ നിക്ഷേപങ്ങൾ കയ്യടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് അഫ്ഗാനിസ്ഥാനിൽ മതതീവ്രവാദത്തെ വളർത്തിയെടുത്തത്. ഡോ.നജീബുള്ള ഗവൺമെന്റിനെതിരായി മതതീവ്രവാദികളുടെ കളിക്കളമാക്കി അഫ്ഗാനിസ്ഥാനെ സി.ഐ.എ മാറ്റി. ശീതയുദ്ധകാലത്തെ സോവിയറ്റ് യൂണിയന്റെ കാസ്പിയൻമേഖലയിലുള്ള സ്വാധീനവും സാന്നിദ്ധ്യവും ഷവറോൺപോലുള്ള എണ്ണകമ്പനികളും അമേരിക്കൻ ഭരണകൂടവും അത്യന്തം അസഹിഷ്ണുതയോടെയാണ് കണ്ടിരുന്നത്.

അഫ്ഗാൻ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനും ഭൂപരിഷ്‌കരണത്തിനും ശ്രമിച്ച നജീബുള്ള സർക്കാരിനെതിരായി ഗോത്രമുഖ്യന്മാരെയും ഫ്യൂഡൽശക്തികളെയും ഉപയോഗിച്ചുകൊണ്ടുള്ള ഇസ്ലാമികവ്യവസ്ഥയ്ക്കുവേണ്ടിയുള്ള കലാപങ്ങൾ അഴിച്ചുവിടുകയായിരുന്നു സി.ഐ.എ ചെയ്തത്. പാക്കിസ്ഥാൻ മദ്രസകളിൽ പരിശീലിപ്പിക്കപ്പെട്ട മുജാഹിദ്ദീൻ മിലിട്ടറി ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാൻ സർക്കാരിനെതിരായി അട്ടിമറിയുദ്ധം ആരംഭിക്കുകയായിരുന്നു. പതിനായിരക്കണക്കിന് കോടി ഡോളറുകൾ ഒഴുക്കിക്കൊണ്ട് അഫ്ഗാൻ വിമോചനമെന്നപേരിൽ കലാപങ്ങളും കൂട്ടക്കൊലകളും അഴിച്ചുവിടുകയായിരുന്നു അമേരിക്കൻ സാമ്രാജ്യത്വവാദികൾ. ഇറാനെതിരായ ഉപരോധങ്ങളും ഇറാക്കിനെ കടന്നാക്രമിച്ച് തകർത്തതും പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന സയണിസത്തെയും ഇസ്രായേൽ ഭീകരരെയും പ്രോത്സാഹിപ്പിച്ചതും യൂഗോസ്ലോവിയയെ കല്ലോട് കല്ല് ചേരാതെ ശിഥിലീകരിച്ചതും അമേരിക്കയുടെ ലോകാധിപത്യം സ്ഥാപിക്കാനായിരുന്നു.

അതിനായി അവർ വെള്ളവും വളവും നൽകി വളർത്തിയ ഭീകരവാദസംഘങ്ങൾ അവർക്കുതന്നെ തിരിച്ചടിയാവുന്ന അവസ്ഥ വന്നതോടെ ഭീകരവിരുദ്ധയുദ്ധത്തിന്റെ പേരിൽ ഇറാഖിനെയും സിറിയയെയും ലിബിയയെയും തകർത്തതും സദ്ദാംഹുസൈനെപോലുള്ള ഭരണാധികാരികളെ വധിച്ചതും അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ മാപ്പർഹിക്കാത്ത നൃശംസതകളാണ്.

പാക്കിസ്ഥാൻ മദ്രസകളിൽ പരിശീലിപ്പിക്കപ്പെട്ട മുജാഹിദ്ദീൻ മിലിട്ടറി ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാൻ സർക്കാരിനെതിരായി അട്ടിമറിയുദ്ധം ആരംഭിക്കുകയായിരുന്നു.
പാക്കിസ്ഥാൻ മദ്രസകളിൽ പരിശീലിപ്പിക്കപ്പെട്ട മുജാഹിദ്ദീൻ മിലിട്ടറി ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാൻ സർക്കാരിനെതിരായി അട്ടിമറിയുദ്ധം ആരംഭിക്കുകയായിരുന്നു.

സോവിയറ്റ് യൂണിയന്റെ തകർച്ചയും ശീതയുദ്ധാനന്തര സാഹചര്യവും അമേരിക്കയുടെ ചോദ്യംചെയ്യപ്പെടാത്ത ലോകവ്യവസ്ഥ സൃഷ്ടിക്കാനായി ഉപയോഗിക്കാമെന്നാണ് ബുഷ് മുതൽ ബൈഡൻ വരെയുള്ളവർ വ്യാമോഹിച്ചത്. എന്നാൽ അമേരിക്കയുടെ ലോകാധിപത്യവാഞ്ഛകളെ ചോദ്യംചെയ്യുന്ന രീതിയിൽ ചൈനയും റഷ്യയും ഇറാനും ലാറ്റിനമേരിക്കൻ രാജ്യങ്ങളും വിശിഷ്യാ ബ്രസീലും എല്ലാം ചേർന്നുകൊണ്ടുള്ള സാമ്പത്തിക വാണിജ്യ കൂട്ടുകെട്ടുകൾ ബഹുധ്രുവലോകക്രമത്തിന്റെ സാധ്യതകളായി ഉയർന്നുവരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മാന്ദ്യത്തിൽ നിന്നും രക്ഷനേടാനായി സാമ്രാജ്യത്വശക്തികൾ യുദ്ധങ്ങളഴിച്ചുവിട്ട് ആയുധക്കച്ചവടങ്ങൾക്കുള്ള സാധ്യതകൾ തേടുകയാണ്.

നഗ്‌നമായ സൈനിക കടന്നാക്രമണങ്ങളും നാറ്റോവിന്റെ വ്യാപനവും വഴി അതിജീവനം നേടാനുള്ള ശ്രമങ്ങളാണ് സാമ്രാജ്യത്വശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതാണ് ഉക്രൈൻ ഉൾപ്പെടെയുള്ള യുദ്ധങ്ങളിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളെയാകെ നാറ്റോ അംഗത്വത്തിലേക്ക് കൊണ്ടുവരാനും പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ റഷ്യക്കെതിരായി തിരിച്ചുവിടാനുമുള്ള താൽപര്യങ്ങളിൽ നിന്നാണ് ഉക്രൈനിലെ യുദ്ധം ഇപ്പോഴും തുടരുന്നത്. യുദ്ധത്തിനെതിരായ സമാധാനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ യുദ്ധങ്ങൾ സൃഷ്ടിക്കുന്ന സാമ്രാജ്യത്വശക്തികൾക്കും നയങ്ങൾക്കുമെതിരായ പോരാട്ടമാണ്.

ശീതയുദ്ധകാലത്തും ശീതയുദ്ധാനന്തര കാലത്തും അമേരിക്കയുടെ അധിനിവേശ താൽപര്യങ്ങളാണ് ലോകസമാധാനത്തിന് ഭീഷണിയായിരിക്കുന്നത്. മനുഷ്യനാശകാരികളായ ന്യൂക്ലിയർ ജൈവായുധ നിർമ്മിതികളും അതിന്റെ നിഷ്ഠൂരമായ പ്രയോഗങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ് അമേരിക്ക. ഇന്നിപ്പോൾ ശൂന്യാകാശത്തുപോലും ആയുധവിന്യാസം നടത്തി സ്‌പെയ്‌സ്‌വാറിന്റെ ഭീതിദമായ നാളുകളിലേക്കാണ് മനുഷ്യരാശിയെ അമേരിക്ക തള്ളിവിട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ അംഗീകൃതമായിട്ടുള്ള ബഹിരാകാശകരാറുകളെപോലും കാറ്റിൽപ്പറത്തിക്കൊണ്ടാണ് അമേരിക്ക ഭൂമിയുടെ ഭ്രമണപഥങ്ങളിൽ മാരകായുധങ്ങൾ വിന്യസിച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. സ്‌പെയ്‌സ്‌ഫോഴ്‌സിനെ പ്രതിരോധത്തിനപ്പുറം ആക്രമണസേനയായി ഉപയോഗിക്കാനും ട്രംപ് ഭരണകൂടം എക്‌സിക്യുട്ടീവ് ഉത്തരവ് ഇറക്കിയിരിക്കുകയാണ്.

1967-ലെ അന്താരാഷ്ട്ര ബഹിരാകാശ കരാറുകളെ നഗ്നമായി ലംഘിക്കുകയാണ് ട്രംപ് ഭരണകൂടം. കരയും കടലും യുദ്ധക്കളമാക്കി മാറ്റിയവർ ബഹിരാകാശത്തും പടയൊരുക്കം നടത്തുകയാണ്. യു.എസ് എയർഫോഴ്‌സ് സെക്രട്ടറി ട്രോയ്‌മെയ്ൻ പറഞ്ഞത് ഭൂമിയുടെ ഭ്രമണപഥത്തിൽ തങ്ങൾ യുദ്ധോപകരണങ്ങൾ വിന്യസിച്ചിരുന്നുവെന്നാണ്. 'എയർ, സ്‌പെയ്‌സ് ആന്റ് സൈബർ' കോൺഫറൻസിൽ സംസാരിക്കവെയാണ് ട്രോയ്‌മെയ്ൻകാ ഇക്കാര്യം സ്ഥിരീകരിച്ചത്. ബഹിരാകാശത്തെ ഓൺഓർബിറ്റ് യുദ്ധവിന്യാസ നീക്കങ്ങൾ മനുഷ്യരാശിയുടെ നിലനിൽപിനെയും ഭാവിയെയും അപകടപ്പെടുത്തുന്നതാണ്. ഈകാര്യങ്ങൾ യു.എന്നോ ലോകരാജ്യങ്ങളോ ഗൗരവമായി കാണാൻ പോലും കൂട്ടാക്കുന്നില്ല.

റഷ്യയുടെയും ചൈനയുടെയും യുദ്ധപദ്ധതികളെ പ്രതിരോധിക്കാനെന്ന വ്യാജേന സ്‌പെയ്‌സ് യുദ്ധത്തിന്റെ വിനാശകരമായ നാളുകളിലേക്ക് മനുഷ്യരാശിയെ തള്ളുകയാണ്. ലോകത്തെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ അമേരിക്ക നടത്തുന്ന ആയുധവിന്യാസ നീക്കങ്ങൾക്കെതിരെ ശക്തമായ ലോകാഭിപ്രായങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇന്ത്യ ഇപ്പോൾ സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ച് അമേരിക്കയുടെ ലോകാധിപത്യ നീക്കങ്ങളുടെ മാപ്പുസാക്ഷിയായി കഴിഞ്ഞിരിക്കുന്നു.

യു.എസ് എയർഫോഴ്‌സ് സെക്രട്ടറി ട്രോയ്‌മെയ്ൻ, പറഞ്ഞത് ഭൂമിയുടെ ഭ്രമണപഥത്തിൽ തങ്ങൾ യുദ്ധോപകരണങ്ങൾ വിന്യസിച്ചിരുന്നുവെന്നാണ്.
യു.എസ് എയർഫോഴ്‌സ് സെക്രട്ടറി ട്രോയ്‌മെയ്ൻ, പറഞ്ഞത് ഭൂമിയുടെ ഭ്രമണപഥത്തിൽ തങ്ങൾ യുദ്ധോപകരണങ്ങൾ വിന്യസിച്ചിരുന്നുവെന്നാണ്.

ബഹിരാകാശത്ത് തങ്ങളുടെ അധീശത്വം ഉറപ്പിക്കാനും ശത്രുപട്ടികയിലുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ തകർക്കാനും അവരുടെ ആശയവിനിമയ സാധ്യതകളെ തടസ്സപ്പെടുത്തുവാനുമാണ് പെന്റഗൺ ശ്രമിക്കുന്നത്. അതിനായവർ കൈനറ്റിക് നോൺകൈനറ്റ് ആയുധങ്ങൾ വിന്യസിച്ചിരിക്കുകയാണ്. തങ്ങൾ എതിരാളികളായി കാണുന്ന രാജ്യങ്ങളുടെ ഉപഗ്രഹങ്ങളിലേക്ക് മിസൈൽ വർഷിച്ച് തകർക്കുന്നതും റേഡിയോ തരംഗങ്ങൾ ജാം ചെയ്യുന്നതുമായ സാങ്കേതികവിദ്യയാണ് അമേരിക്ക ഉപയോഗിച്ചിരിക്കുന്നത്. സ്‌പേസ് യുദ്ധത്തിന്റെ ഭീതിദമായ നാളുകളിലേക്ക് ലോകത്തെ കൊണ്ടുപോവുകയാണ് അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ പ്രതിരോധ വിഭാഗമായ പെന്റഗണും.

Comments