കിങ്​ ചാൾസിനുമുന്നിൽ വിളറിയ ചിരിയോടെ ഒരു ഇന്ത്യക്കാരി, ഒരു ദക്ഷിണാഫ്രിക്കക്കാരി

കഴിഞ്ഞ മെയ്‌ ആറിന് ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിൽ ചാൾസ് മൂന്നാമൻ കിരീടമണിയുമ്പോൾ ലണ്ടൻ മഹാനഗരത്തിൽ അപാരമായൊരു നിർവികാരതയോടെയുള്ള നിൽപ്പിലായിരുന്നു ഞാൻ. എന്റെ അതേ വിളർത്ത ചിരി കണ്ണാടിയിലെന്ന പോലെ പ്രതിഫലിച്ച മറ്റൊരു മുഖം സൗത്ത് ആഫ്രിക്കക്കാരി നൊകുമ്പോയുടേതായിരുന്നു.

200 വർഷങ്ങൾക്കുമുൻപ് പരുഷമായ നിലയിൽ ബന്ധിക്കപ്പെട്ട രണ്ട് രാജ്യങ്ങളുടെ പ്രാകൃതരൂപത്തെ ചരിത്രതാളുകളിൽ നിന്ന് മാത്രമറിഞ്ഞ ഇന്നിന്റെ മനുഷ്യർ ചരിത്രം മുഴച്ചുനിൽക്കുന്നൊരു സവിശേഷദിനത്തിൽ ഇടകലരുക എത്ര വിചിത്രമായ ഒന്നാണ്. 200 വർഷം നേർപ്പിച്ച ചരിത്രത്തിന്റെ പൊളിഞ്ഞ കോട്ടമതിലുകൾക്കപ്പുറവുമിപ്പുറവും നിന്ന് ആ രണ്ടു കൂട്ടം ജനത സമ്മിശ്രവികാരങ്ങളോടെ ആ കാഴ്ച്ച കണ്ടു. കഴിഞ്ഞ മെയ്‌ ആറിന് ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിൽ ചാൾസ് മൂന്നാമൻ കിരീടമണിയുമ്പോൾ ലണ്ടൻ മഹാനഗരത്തിൽ അപാരമായൊരു നിർവികാരതയോടെയുള്ള നിൽപ്പിലായിരുന്നു ഞാൻ.

കേംബ്രിഡ്ജിലെ ഫിലോസഫി പഠനവും എൻ.എച്ച്.എസിനു കീഴിലെ സേവനവും യൂറോപ്യൻ യാത്രകളും വല്ലാത്തൊരു അടുപ്പം ഇംഗ്ലണ്ടിനോട്‌ തോന്നിപ്പിച്ചിട്ടുണ്ട്. ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡിമെൻഷ്യാ വാർഡിൽ, സ്മൃതിഭ്രംശം സംഭവിച്ചൊരു വൃദ്ധ അരിശത്തോടെ ‘തവിട്ട് തൊലിയുള്ള പെൺകുട്ടി’ എന്ന് വിളിച്ചതൊഴിച്ചാൽ സൗഹൃദങ്ങളും സ്നേഹവും മാത്രമേ ഓർക്കാനുള്ളു. ആഴ്ച്ചകൾക്കുമുൻപ് തന്നെ എന്റെ അയൽപക്കത്തെ വൃദ്ധദമ്പതികൾ ചാൾസ് മൂന്നാമന്റെ ചിത്രമുള്ള ബാനർ വീടിനു മുന്നിൽ കെട്ടുകയും യു.കെയുടെ പതാകകൾ കൊണ്ട് വീട് അലങ്കരിക്കയും ചെയ്തു. നിരത്തുകൾ മുഴുവൻ കൊടി തോരണങ്ങളും കൊറോണേഷൻ പാർട്ടികളുടെ പരസ്യങ്ങളും നിറഞ്ഞു.

ഐശ്വര്യ കമല

കിരീടധാരണചടങ്ങുകൾ രോഗികൾക്ക് കാണാനായി വാർഡിന്റെ അങ്ങിങ്ങ് ടി.വികളും ലാപ്ടോപ്പുകളും മെയ്‌ ആറിന് നിരന്നു. കിങ് ചാൾസ് കിരീടമണിയുന്ന സന്തോഷത്തിൽ മുറിക്കാൻ വലിയൊരു കേക്ക് വാർഡിന് നടുവിലൊരുങ്ങി. തൊണ്ണൂറ് കടന്നൊരു വൃദ്ധ ചാൾസ് രാജാവിന്റെ അമ്മ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങുകളുടെ ഓർമ്മകൾ പങ്കുവച്ചു. രാജകുടുംബത്തിന്റെ ഒടുങ്ങാത്ത കഥകൾ കൊണ്ട് അവിടം നിറഞ്ഞു. ബെക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് ആഘോഷമായി യാത്ര തുടങ്ങിയ രാജകുടുംബത്തെ കണ്ട് വൃദ്ധർ പലരും കണ്ണ് തുടച്ചു. മഴ തോരാത്ത വെസ്റ്റ്മിനിസ്റ്റര്‍ ആബി കണ്ട് ഡയാനയുടെ കണ്ണീർ എന്ന് പറഞ്ഞു മുഖം തിരിച്ച മറ്റു ചിലർ.

ചടങ്ങുകൾ തുടങ്ങിയതും സ്വർഗ്ഗീയ മാധുര്യത്തിൽ കൊറോണേഷൻ ഓർക്കസ്ട്രാ മുഴങ്ങി. അതിമനോഹരമായ എംബ്രോയ്​ഡറി വർക്കുകളിൽ പവിഴക്കല്ലുകൾ നിരന്ന ആ ചുവന്ന വെൽവെറ്റ് ഇരിപ്പിടത്തിലേക്ക് ഞങ്ങളേവരും കണ്ണുനട്ട് നിന്നു. ‘sovereign throne’എന്ന് വിളിക്കപ്പെടുന്ന മൊണാർക്ക് എന്ന പരമാധികാരിയുടെ സുവർണ്ണ സിംഹാസനം. ടൗൺ ഓഫ് ലണ്ടനിൽ പ്രദർശനത്തിനു നിരത്തിയ നിലയിൽ മാത്രം കണ്ടു ശീലിച്ച, കൊറോണേഷൻ റിഗാലിയ എന്ന് വിളിക്കപ്പെടുന്ന ആ അപൂർവവസ്തുക്കൾ ഞാനും ഒപ്പമുള്ള സൗത്ത് ആഫ്രിക്കക്കാരി നൊകുമ്പോയും ആർത്തിയോടെ നോക്കി. പ്രാവിന്റെയും കുരിശിന്റെയും അടയാളങ്ങൾ പേറുന്ന രണ്ട് അധികാര ദണ്ഡുകൾ, രത്നങ്ങൾ പതിച്ച ഉടവാളുകൾ, ജെറുസലേമിൽ നിന്നു കൊണ്ടുവന്ന അഭിഷേകത്തൈലം സൂക്ഷിക്കുന്ന പരുന്തിന്റെ ആകൃതിയിലുള്ള സുവർണ്ണകുംഭം,തൈലം പകരാനുള്ള വെള്ളിക്കരണ്ടി, ഇന്ദ്രനീലത്തിനു കുറുകെ ചുവന്നമാണിക്യം കൊണ്ട് കുരിശടയാളം തീർത്ത രാജമോതിരം, 2868 ഡയമണ്ടുകൾ പതിച്ച ‘Imperial state crown’ എന്നു വിളിക്കുന്ന സർവ്വാധികാര രാജകിരീടം.

കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി വെള്ളികരണ്ടി ഉയർത്തിയതും ‘വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച പോലെയാ നടപ്പ്’ എന്ന അമ്മയുടെ സ്ഥിരം ശകാരം ഓർമ വന്നു. ആ വെള്ളിക്കരണ്ടി ഞാനിതാ കണ്ടിരിക്കുന്നു.

ഓർക്കെസ്ട്രാ മുറുകിയതും ചാൾസ് മൂന്നാമന്റെ നെറുകയിൽ രത്നകിരീടം അമർന്നു. ബ്രിട്ടന്റെ കടും ചായങ്ങൾ പുരണ്ട പ്രൗഢഗരിമയിൽ സ്മൃതിഭ്രംശം സംഭവിച്ചു തുടങ്ങിയ വൃദ്ധരുടെ പോലും നീലകണ്ണുകൾ ഡാൻഡീലയോൺ പൂക്കളെ പോലെ വിടർന്നു. ആരൊക്കെയോ കണ്ണീർ തുടച്ചു. ചിലർ പ്രാർത്ഥിച്ചു. ഞാൻ ഈ കൊടും വൈകാരികതയ്ക്കിടയിൽ നിന്ന്​ നിർവികാരതയോടെ തിരിഞ്ഞതും എന്റെ അതേ വിളർത്ത ചിരി കണ്ണാടിയിലെന്ന പോലെ പ്രതിഫലിച്ച മറ്റൊരു മുഖം. സൗത്ത് ആഫ്രിക്കക്കാരി നൊകുമ്പോയുടെ കണ്ണുകൾ മുഴുവൻ റാണി കമീലയുടെ കിരീടത്തിൽ തിളങ്ങുന്ന രത്നനുറുങ്ങുകളിലായിരുന്നു. സൗത്ത് ആഫ്രിക്കയിൽ കണ്ടെടുത്ത മൂവായിരം ക്യാരറ്റ് വരുന്ന ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിന്റെ അടരുകൾ. അമ്മ മാത്രം തുണയുള്ളൊരു പത്തു വയസ്സുകാരൻ കുട്ടിരാജാവിൽനിന്ന് ഭയപ്പെടുത്തി വാങ്ങിയ കോഹിനൂർ രത്നം എന്റെയുള്ളിലും തിളങ്ങി. ചരിത്രത്തിന്റെ വിചിത്രമായൊരു കൊടും തുരുത്തിൽ അജ്ഞാതമായ ഏതോ വികാരങ്ങളുടെ ഐക്യപ്പെടലുമായി നിൽക്കുന്ന ഞാനും നൊകുമ്പോയും. ചരിത്രം തലമുറകളിലൂടെ സഞ്ചരിച്ചു കാലത്തിനു കുറുകെ സവിശേഷമായ തിരുശേഷിപ്പ് അവശേഷിപ്പിക്കുക ചിലപ്പോൾ ഇങ്ങനെയൊക്കെയാവും.

ചാള്‍സ് മൂന്നാമനും കാമീലയും

‘Hail,king Charles’ എന്ന ശബ്ദങ്ങൾ എവിടെ നിന്നോ കേട്ടു. കേക്കുകൾ മുറിക്കപ്പെട്ടു. ആഘോഷങ്ങൾ തുടർന്നു. നൂറും ഇരുന്നുറും വർഷങ്ങളുടെ അടിമത്വത്തിന്റെ പൈതൃകം പേറുന്ന എന്നെയും നൊകുമ്പോയെയും പോലുള്ള അനേകായിരം മനുഷ്യർക്ക് ഒരുപക്ഷെ ഒരു വിളറിയ ചിരിയോടെയെ ഈ കെട്ടുകാഴ്ചകൾ കണ്ടു നിൽക്കാനാവുകയുള്ളൂ. അവരുടെ മനസ്സ് എനിക്കൊപ്പം ഒരു പക്ഷെ ഇങ്ങനെ പറയുന്നുണ്ടാകും: എന്റെ പ്രിയപ്പെട്ട ബ്രിട്ടീഷ് സുഹൃത്തുക്കളെ,നിങ്ങളുടെ ആഹ്ലാദത്തിൽ എനിക്ക് നിർമമത നിറഞ്ഞ, തീർത്തും ഔപചാരികത മാത്രം നിറഞ്ഞൊരു സ്നേഹമേയുള്ളൂ. ‘നിങ്ങളുടെ’ പുതിയ രാജാവിന് എല്ലാ ആശംസകളും. നിങ്ങൾ തന്ന കേക്ക് എന്റെ തവിട്ട് കൈകൾ കൊണ്ട് ഔപചാരികതയുടെ പേരിൽ വാങ്ങുമ്പോഴും അൽപം വിളറി അല്ലാതെ എനിക്ക് ചിരിക്കാനാകാത്തതിന് കാരണം, എന്റെ സ്കൂളിലെ ചരിത്രാധ്യാപിക ഒരു ഗംഭീരപ്രതിഭയായിരുന്നു. മാത്രമല്ല, ഞങ്ങളുടെ നാട്ടിൽ വളരെ ഗാഢമായി തന്നെ ‘ഞങ്ങളുടെ’ ചരിത്രം പഠിപ്പിക്കുന്നുണ്ട്. നിങ്ങളുടെ രത്നകിരീടത്തിനും സുവർണസിംഹാസനത്തിനും അധികാരദണ്ഡിനും പിന്നിലെ കൂട്ടക്കുരുതികളുടെയും ലഹളകളുടെയും ചരിത്രം ഞങ്ങൾക്ക് എളുപ്പം മറക്കാവുന്ന ഒന്നല്ല. ചരിത്രപരമായ ഓർമക്കുറവ് നിങ്ങൾക്ക് വന്നേക്കാം, പക്ഷെ ഞങ്ങൾക്ക് വരില്ല. റോഡുകളുടെ പേരുകൾ മുതൽ ഭാഷകളിലെ അവശിഷ്ടങ്ങൾ വരെയുള്ള എല്ലാ കൊളോണിയൽ മാലിന്യങ്ങളും സാവധാനം ഞങ്ങൾ തുടച്ചുനീക്കി വരുന്നുണ്ട്. നിങ്ങളുടെ മാർക്കറ്റിൽ ‘coir’ എന്നും ‘cashew’ എന്നുമൊക്കെ എഴുതിവച്ചിരിക്കുന്നതു കാണുമ്പോൾ ചരിത്രത്തിന്റെ ക്രൂരമായ ആ ചേർത്തുവെയ്പ്പിന്റെ തിരുമുറിവുകൾ ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞുവരും. മയൂരസിംഹാസനത്തിലെ സുവർണ്ണമയിലിന്റെ നെറുകയിൽ തിളങ്ങിയിരുന്ന കോഹിനൂർ 85 കാരറ്റോളം ചെത്തിക്കളഞ്ഞ്​ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിന്റെ പാകത്തിലാക്കയും വർഷങ്ങൾക്കിപ്പുറം ഇന്ന് അത് കാണാൻ ടിക്കറ്റെടുത്ത് ഞങ്ങളെ വരി നിർത്തയും ചെയ്യുമ്പോൾ സാമ്രാജ്യത്വചൂഷണങ്ങളുടെ ഗണിതതന്ത്രങ്ങൾ നേരിൽ അനുഭവിച്ചറിയാനാകുന്നുണ്ട്.

ഒന്നുമാത്രം പറഞ്ഞു നിർത്തട്ടെ: സ്വതന്ത്ര റിപ്പബ്ലിക്കിൽ വിശ്വസിക്കുന്ന ഞങ്ങൾക്ക് ബ്രിട്ടന്റെ സംസ്കാരവും പഴയ പ്രതാപവും തുളുമ്പുന്ന കെട്ടിടങ്ങളും എടുപ്പുകളും ഇപ്പോൾ സുന്ദരമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രമാണ്. ഇംഗ്ലീഷിൽ എനിക്ക് പ്രിയപ്പെട്ടൊരു വാക്കുണ്ട്: Atonement; പാപപരിഹാരം.

ഒപ്പം തന്നെ, ഞാൻ എന്നും ഓർക്കുന്ന മദർ തെരേസയുടെ ഒരു വാചകവും ചേർത്തുവെക്കുന്നു: Our hours of adoration will be special hours of reparation for sins, and intercession for the needs of the whole world, exposing the sin-sick and suffering humanity to the healing, sustaining and transforming rays of Jesus, radiating from the Eucharist.

ദൈവസ്നേഹത്തിന്റെ ഓരോ നിമിഷങ്ങളും നമ്മുടെ പാപപരിഹാരത്തിനും തീവ്രവേദന അനുഭവിക്കുന്ന മനുഷ്യർക്ക് ആശ്വാസമാകാനുമുള്ള ദിവ്യകാരുണ്യം ലഭിക്കാനുള്ള നിമിഷങ്ങളാണ്. ദൈവനാമത്തിൽ സ്ഥാനമേറ്റ കിങ് ചാൾസ് മൂന്നാമനും ഈ ദിവ്യകാരുണ്യം ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. കാരണം, സഹാറക്കപ്പുറം വർഷങ്ങളോളം കൊള്ളയടിക്കപ്പെട്ട ജനതകളുണ്ട്. കൊറോണക്കാലം വാക്‌സിനും ഭക്ഷണത്തിനും അലഞ്ഞ മനുഷ്യർ. കിരീടങ്ങളുടെയും രത്നങ്ങളുടെയും തിളക്കം അജ്ഞമായ, ഭക്ഷണമെന്ന സ്വപ്നം മാത്രം നിറഞ്ഞ ജനവാസയിടങ്ങൾ. ആഘോഷങ്ങളൊക്കെ കഴിയുമ്പോൾ ആ മുഖങ്ങൾ കൂടി ‘രാജാവിന്’ ഓർമ വരട്ടെ.

Comments