2006-ൽ യുദ്ധം നീണ്ടത് 34 ദിവസം; ഹിസ്ബുല്ലയെ ലക്ഷ്യം വെക്കുന്ന ഇസ്രായേൽ ചരിത്രം ആവർത്തിക്കുകയാണോ?

ചരിത്രം ആവർത്തിച്ചാലും ഇല്ലെങ്കിലും പെട്ടെന്നൊന്നും സമാധാനം തിരിച്ചുപിടിക്കാൻ സാധിക്കാത്ത തരത്തിൽ സങ്കീർണമായ ഒരു അവസ്ഥയിലേക്കാണ് പശ്ചിമേഷ്യ പോവുന്നത്. 2006-ലേതിന് സമാനമായ ഒരു യുദ്ധ സാഹചര്യം ഇപ്പോഴുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടയിൽ ലെബനൻ അതിർത്തി കടന്ന് ഇസ്രായേൽ ആക്രമണം നടത്തുന്നത് ഇത് നാലാം തവണയാണ്. 2006ന് ശേഷം ഇതാദ്യമായാണ് ലെബനനിൽ ഇസ്രായേൽ അധിനിവേശം നടത്തുന്നത്. ആ സമയത്ത് 34 ദിവസം നീണ്ടുനിന്ന യുദ്ധമാണ് നടന്നത്.

ശ്ചിമേഷ്യ വീണ്ടും ഒരു തുറന്ന യുദ്ധത്തിൻെറ വക്കിലാണ്. ലെബനനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശം അതിൻെറ പാരമ്യത്തിലാണ്. സെപ്തംബർ 17-ന് ലെബനനിലെ പലയിടങ്ങളിലായി പേജറുകൾ പൊട്ടിത്തെറിക്കുന്നതോടെയാണ് ഇപ്പോഴത്തെ സംഘർഷങ്ങളുടെ തുടക്കം. ഹിസ്ബുല്ല ആശയവിനിമയത്തിനായി കാര്യമായി ആശ്രയിക്കുന്നത് പേജറുകളെയായിരുന്നു. കൃത്യമായ പദ്ധതികളോടെ ഇസ്രായേൽ നടത്തിയ ഈ ആക്രമണത്തിൽ പത്തിലധികം പേർ കൊല്ലപ്പെടുകയും 2000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലെബനനിലേക്ക് കടന്നുകയറി ആക്രമണം നടത്തുന്നതിനുള്ള ഇസ്രയേൽ പദ്ധതിയുടെ തുടക്കമായിരുന്നു ഈ ആക്രമണം. വരും ദിവസങ്ങളിൽ തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. ഹിസ്ബുല്ലയുടെ തലവൻ ഹസൻ നസ്റുള്ളയടക്കം പ്രധാന നേതാക്കളിൽ പലരെയും കൊലപ്പെടുത്തുന്നു. ഒടുവിൽ സെപ്തംബർ 30-ന് ലെബനൻ അതിർത്തി കടന്ന് കരയുദ്ധം ആരംഭിക്കുകയാണ് ഇസ്രായേൽ ചെയ്തത്. ഇറാൻ ഇതോടെ നേരിട്ട് യുദ്ധരംഗത്തേക്ക് വരുന്നു. ഇസ്രോയേലിൻെറ തലസ്ഥാനമായ ടെൽ അവീവിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അയക്കുന്നു. അവിടെ നിന്ന് വീണ്ടും യുദ്ധത്തിൻെറ ഗതി മാറുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാൻ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേൽ സൈന്യത്തിന് എല്ലാ സഹായവും പ്രഖ്യാപിച്ച് അമേരിക്കയും ഒപ്പമുണ്ട്.

ചരിത്രം ആവർത്തിച്ചാലും ഇല്ലെങ്കിലും പെട്ടെന്നൊന്നും സമാധാനം തിരിച്ചുപിടിക്കാൻ സാധിക്കാത്ത തരത്തിൽ സങ്കീർണമായ ഒരു അവസ്ഥയിലേക്കാണ് പശ്ചിമേഷ്യ പോവുന്നത്. 2006-ലേതിന് സമാനമായ ഒരു യുദ്ധ സാഹചര്യം ഇപ്പോഴുണ്ടെ്. കഴിഞ്ഞ 50 വർഷത്തിനിടയിൽ ലെബനൻ അതിർത്തി കടന്ന് ഇസ്രായേൽ ആക്രമണം നടത്തുന്നത് ഇത് നാലാം തവണയാണ്. 2006ന് ശേഷം ഇതാദ്യമായാണ് ലെബനനിൽ ഇസ്രായേൽ അധിനിവേശം നടത്തുന്നത്. ഹസൻ നസ്റുല്ലയുടെ വധം ഹിസ്ബുല്ലയെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള മുറിവാണ്. മൂന്ന് ദശകത്തിലധികമായി സംഘത്തെ നയിച്ചത് നസ്റുല്ലയായിരുന്നു. ഇറാൻെറ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി നേരിട്ട് നിർദ്ദേശം നൽകിയത് പ്രകാരമാണ് ഇസ്രായേലിലേക്ക് വ്യോമാക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൻെറ മറുപടിയായാണ് ഇപ്പോഴുള്ള ആക്രമണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഹിസ്ബുല്ലയെ നിരായുധീകരിക്കുകയെന്നതാണ് ഇസ്രായേലിൻെറ ലക്ഷ്യം.

ഹസൻ നസ്റുല്ലയുടെ വധം ഹിസ്ബുല്ലയെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള മുറിവാണ്.
ഹസൻ നസ്റുല്ലയുടെ വധം ഹിസ്ബുല്ലയെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള മുറിവാണ്.

2006-ൽ സംഭവിച്ചത്…

“ലെബനനിൽ പ്രധാനമായും രണ്ട് യുദ്ധങ്ങളാണ് ഉണ്ടായിട്ടുള്ളത്. 1982-ൽ ലെബനീസ് സിവിൽ വാറിൻെറ പശ്ചാത്തലത്തിലാണ് ആ സംഘർഷം ഉണ്ടാവുന്നത്. ബെയ്റൂത്ത് കേന്ദ്രീകരിച്ചിരുന്ന പലസ്തീനികളുടെ രണ്ട് വലിയ അഭയാർഥി കേന്ദ്രങ്ങളിലേക്കായിരുന്നു അന്ന് ഇസ്രയേലിൻെറ ആക്രമണം ഉണ്ടായത്. തെക്കൻ ലെബനൻ പ്രധാനമായും ഷിയാ ഭൂരിപക്ഷ മേഖലയാണ്. ഏകദേശം 31 ശതമാനത്തോളം ഷിയാക്കൾ അവിടെയുണ്ട്. ഏരിയൽ ഷാരോണായിരുന്നു അന്ന് ഇസ്രയേലിൻെറ സൈനികമേധാവി. അദ്ദേഹം നേരിട്ട് നടത്തിയ ആക്രമണങ്ങളിൽ 1000-ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തെ ‘ബുച്ചർ ഓഫ് ബെയ്റൂത്ത്’ (Butcher of beirut) എന്നാണ് വിളിക്കുന്നത്. തെക്കൻ ലെബനൻ, ആ രാജ്യത്തെ തന്നെ ഏറ്റവും ദരിദ്രമായ മേഖലകളിലൊന്നാണ്. ഇറാൻെറ സഹായത്തോടെയാണ് ഹിസ്ബുല്ല സംഘടിച്ച് വരികയും പിന്നീട് അവർ ശക്തമായ ഒരു സായുധസംഘമായി മാറുകയും ചെയ്യുന്നത്” - ചരിത്രകാരനും അധ്യാപകനുമായ ഡോ. പി.ജെ. വിൻസെൻറ് ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.

ഡോ. പി.ജെ. വിൻസെൻറ്
ഡോ. പി.ജെ. വിൻസെൻറ്

“2006-ൽ ദക്ഷിണ ലെബനൻ കേന്ദ്രീകരിച്ച് ഹിസ്ബുല്ലക്കെതിരായ ഒരു ആക്രമണമായാണ് യുദ്ധം ആരംഭിക്കുന്നത്. ദക്ഷിണ ലെബനനിലൂടെ കടന്നുകയറിയ ഇസ്രായേൽ സൈന്യം അന്ന് വടക്കൻ ലെബനനിൽ വരെ ആക്രമണം നടത്തിയിരുന്നു. അത് വലിയ സംഘർഷമായിരുന്നു. നേവിയുടെ കപ്പൽ അയച്ച് അവിടെ നിന്ന് അന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിച്ചിരുന്നു. ഇസ്രായേലിന് അവരുടെ യുദ്ധലക്ഷ്യങ്ങളൊന്നും അന്ന് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. കാര്യമായി കരയുദ്ധം നടത്തിയെങ്കിലും ഹിസ്ബുല്ലയുടെ ചെറുത്തുനിൽപ്പ് ശക്തമായിരുന്നു. അതിനാൽ തന്നെ ഇസ്രായേൽ സൈന്യത്തിന് ദക്ഷിണ ലെബനനിൽ നിന്ന് പൂർണമായി പിൻമാറേണ്ടി വന്നു. തുടർച്ചയായ പ്രത്യാക്രമണത്തെ തുടർന്നാണ് സൈന്യത്തിന് പിൻമാറേണ്ടി വന്നത്. പിന്നീട് ഇപ്പോഴാണ് ഇസ്രായേലിൻെറ ഭാഗത്ത് നിന്ന് ഒരു കടന്നുകയറ്റം ഉണ്ടാവുന്നത്” - വിൻസെൻറ് കൂട്ടിച്ചേർത്തു.

2006 ജൂലൈ 12-ന് ഇസ്രായേൽ സൈന്യം ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു കടന്നുകയറ്റമാണ് ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നുണ്ടായത്. അതിർത്തിയിൽ പട്രോളിങ്ങിനുണ്ടായിരുന്നു മൂന്ന് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തുകയും രണ്ട് പേരെ ബന്ദികളാക്കുകയും ചെയ്യുന്നു. ബന്ദികളാക്കിയവരെ വിട്ടുനൽകണമെങ്കിൽ ലെബനീസ് തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു ഹിസ്ബുല്ലയുടെ ആവശ്യം. തങ്ങളുടെ സൈനികർക്ക് നേരെയുണ്ടായ ആക്രമണം യുദ്ധത്തിനുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി എഹുദ് ഒൽമെർട്ട് തിരിച്ചടിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഈ പ്രകോപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും തിരിച്ചടി താങ്ങാൻ ഹിസ്ബുല്ലയ്ക്കും ലെബനനും സാധിക്കില്ലന്നും ഒൽമെർട്ട് പ്രസ്താവിച്ചു. പശ്ചിമേഷ്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങൾക്കൊന്നിനാണ് പിന്നീടുള്ള ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. 34 ദിവസം നീണ്ടുനിന്ന യുദ്ധം.

2006-ലെ യുദ്ധത്തിൻെറ വേരുകൾ ചെന്നുനിൽക്കുന്നത് അതിനും 24 വർഷങ്ങൾക്ക് മുമ്പ് 1982-ൽ ഇസ്രായേൽ ലെബനനിൽ നടത്തിയ കടന്നുകയറ്റത്തിലേക്കാണ്. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (P.L.O) ദുർബലപ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യം. സായുധ കലാപത്തിലൂടെ പലസ്തീൻ വിമോചനം സാധ്യമാക്കുകയെന്ന പ്രതീക്ഷയോടെയാണ് പി.എൽ.ഒ പ്രവർത്തിച്ചിരുന്നത്. തെക്കൻ ലെബനൻ കേന്ദ്രീകരിച്ച് അവർ പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയമായും സൈനികപരമായും പി.എൽ.ഒയെ നേരിടുകയായിരുന്നു ഇസ്രായേൽ ചെയ്തത്. ഇസ്രായേൽ നടത്തിയ ആ അധിനിവേശമാണ് ഹിസ്ബുല്ലയുടെ രൂപീകരണത്തിലേക്ക് വരെ നയിച്ചത്. ഇറാൻെറ പിന്തുണയോടെയാണ് ലെബനനിൽ നിന്നും ഇസ്രായേൽ സൈന്യത്തെ പുറത്താക്കുകയെന്ന ലക്ഷ്യവുമായി ഹിസ്ബുല്ല രൂപീകൃതമാവുന്നത്. 2000-ത്തോടെ ഇസ്രായേൽ ലെബനൻ മേഖലകളിൽ നിന്ന് പിൻവാങ്ങുന്നുണ്ട്. ഷെബ ഫാം മേഖലയിൽ നിന്ന് ഇസ്രായേൽ പിൻമാറാതിരുന്നത് ഹിസ്ബുല്ലയെ വീണ്ടും പ്രകോപിപ്പിച്ച് കൊണ്ടേയിരുന്നു. ലെബനീസ് തടവുകാരെ മോചിപ്പിക്കണമെന്നും അവർ നിരന്തരം ഇസ്രായേലിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.

2006 ജൂലൈ 12-ന് ഹിസ്ബുല്ല നടത്തിയ ആക്രമണത്തിന് 13-ന് തന്നെ ഇസ്രായേലിൻെറ തിരിച്ചടി വന്നു. തുറന്ന യുദ്ധ പ്രഖ്യാപനം തന്നെയായിരുന്നു അത്. ഹിസ്ബുല്ല പ്രതീക്ഷിച്ചതിലും വലിയ പ്രത്യാക്രമണമാണ് ഇസ്രായേലിൻെറ ഭാഗത്ത് നിന്നുണ്ടായത്. ലെബനൻ അതിർത്തി കടന്ന് ഇസ്രായേൽ കരയുദ്ധം ആരംഭിച്ചു. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ വിമാനത്താവളം അടയ്ക്കേണ്ടി വന്നു. അന്ന് ഹിസ്ബുല്ലയെ നയിച്ചിരുന്ന ഹസൻ നസ്റുള്ളയുടെ താമസസ്ഥലത്തിന് നേരെ ബോംബ് വർഷമുണ്ടായി. ജൂലൈ 14-ന് തങ്ങളും തുറന്ന യുദ്ധം ആരംഭിക്കാൻ പോവുകയാണെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചു. ഇസ്രയേലിന് നേർക്ക് അവർ മിസൈലാക്രമണം നടത്തി. രണ്ടാം ലോക മഹായുദ്ധ കാലത്ത് സോവിയറ്റ് യൂണിയൻ ഉപയോഗിച്ച കത്യൂഷ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണം. ജൂലൈ 16-ന് ഹൈഫ റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ ഇസ്രായേലിലെ 8 റെയിൽവേ ജീവനക്കാർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല നേരിട്ട് റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു ചെയ്തത്. സഫേദ്, നസ്റേത്ത്, അഫുല തുടങ്ങി വടക്കൻ ഇസ്രായേലിലെ പ്രധാന നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി. ഇസ്രയേലിലെ 6000-ത്തിലധികം വീടുകൾക്ക് ഹിസ്ബുല്ലയുടെ ആക്രമണത്തിൽ കേടുപാടുകൾ ഉണ്ടായെന്ന് അസോസിയേറ്റ് പ്രസ് (AP) അക്കാലത്ത് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇസ്രായേലിൻെറ ഭാഗത്ത് നിന്നുള്ള തിരിച്ചടിയും മാരകമായിരുന്നു. “ഇസ്രായേലിൻെറ ആക്രമണത്തിൽ ലെബനനിൽ 15000-ത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 640 കിലോമീറ്ററോളം റോഡുകൾ തകർന്നു, 900 വ്യവസായ ശാലകളും 350ലധികം സ്കൂളുകളും തകർന്നു, രണ്ട് ആശുപത്രികൾ പൂർണമായി തകർന്നു” - എ.പി റിപ്പോർട്ട് വ്യക്തമാക്കുന്നു. “ഇസ്രയേലി യുദ്ധവിമാനങ്ങൾ 7000ത്തിലധികം ബോംബുകളും മിസൈലുകളുമാണ് ലെബനനിൽ പ്രയോഗിച്ചത്” - ഹ്യൂമൻ റൈറ്റ്സ് വാച്ചിൻെറ റിപ്പോർട്ട് പറയുന്നു. ഇസ്രയേലിൻെറ 119 സൈനികരും 43 പൗരൻമാരും യുദ്ധത്തിൽ കൊല്ലപ്പെട്ടു. 250-ലധികം ഹിസ്ബുല്ല സായുധ സൈനികരും കൊല്ലപ്പെട്ടു. യുദ്ധത്തിൻെറ കെടുതി ഏറ്റവും രൂക്ഷമായി അനുഭവിച്ചത് ലെബനനിലെ സാധാരണ പൗരൻമാരായിരുന്നു. ആയിരത്തിലധികം ലെബനീസ് പൗരൻമാരാണ് അന്ന് കൊല്ലപ്പെട്ടത്. 2006 ആഗസ്ത് 14-ന് യുഎൻ ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് 2006-ലെ ലെബനൻ യുദ്ധം അവസാനിക്കുന്നത്.

Comments