ഡോണൾഡ് ട്രംപ്

യുദ്ധത്തിനും സമാധാനത്തിനുമിടയിലെ അമേരിക്ക; വാഷിങ്ടൺ മുതൽ ട്രംപ് വരെ

ലോകക്രമത്തെയാകെ ബാധിക്കുന്ന രീതിയിൽ അമേരിക്ക നിർണായക സ്വാധീനശക്തിയാവുന്നതിന് പിന്നിൽ മുൻ പ്രസിഡൻറുമാർക്ക് വലിയ പങ്കുണ്ട്. ജോർജ് വാഷിങ്ടണിൽ തുടങ്ങിയ പട്ടിക ഇന്ന് ഡോണൾഡ് ട്രംപിൽ എത്തിനിൽക്കുന്നു. നിർണായക കാലഘട്ടങ്ങളിൽ, നിർണായക തീരുമാനങ്ങളെടുത്ത ചില മുൻ അമേരിക്കൻ പ്രസിഡൻറുമാർ ഇപ്പോൾ കൂടുതൽ പ്രസക്തിയുള്ളവരാവുകയാണ്.

1789 ഏപ്രിൽ 30-ന് ന്യൂയോർക്കിലെ വാൾ സ്ട്രീറ്റിലുള്ള ഫെഡറൽ ഹാളിലാണ് ജോർജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യത്തെ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബ്രിട്ടൻെറ കോളനിയായിരുന്ന അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളിയായിരുന്നു വാഷിങ്ടൺ. ബ്രിട്ടീഷ് ഭരണത്തിൽ പൊറുതിമുട്ടിയ ജനം നേരിട്ടുള്ള പോരാട്ടത്തിന് തെരുവിലിറങ്ങി. 1775 മെയിൽ ഫിലാഡൽഫിയയിൽ ചേർന്ന രണ്ടാം കോണ്ടിനെൻറൽ കോൺഗ്രസിൽ ആർമിയുടെ കമാൻഡർ ഇൻ ചീഫായി വാഷിങ്ടൺ തെരഞ്ഞെടുക്കപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യസമരത്തിൽ എട്ട് വർഷത്തോളം അമേരിക്കൻ സൈന്യത്തെ അദ്ദേഹം നയിച്ചു.

1781-ൽ ഫ്രഞ്ച് സൈന്യത്തിൻെറ കൂടി സഹായത്തോടെ അമേരിക്ക ജനറൽ ചാൾസ് കോൺവാലിസിൻെറ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തെ അടിയറവ് പറയിക്കുന്നു. ഇതോടെ, 1783-ലെ പാരീസ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ അമേരിക്കയെ ബ്രിട്ടൺ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുന്നു. ആധുനിക മനുഷ്യരുടെ മുന്നോട്ടുള്ള പോക്കിനെ അത്രയധികം സ്വാധീനിക്കാൻ പോവുന്ന ഒരു തീരുമാനമാണ് അതെന്ന് ആരും അന്ന് കരുതിക്കാണില്ല. പുതിയ ഭരണഘടന അംഗീകരിച്ചതിന് ശേഷം ഫിലാഡൽഫിയയിൽ ചേർന്ന ഇലക്ടറൽ കോളേജ് ഐകഖണ്ഡ്യേന പ്രസിഡൻറായി തെരഞ്ഞെടുക്കുമ്പോൾ മറ്റ് ലോകരാജ്യങ്ങളുടെ പോലും ഭാഗധേയം നിർണയിക്കുന്ന ഒരു രാജ്യത്തിൻെറ പ്രഥമ പൗരനായാണ് താൻ അവരോധിതനാവുന്നതെന്ന് ജോർജ് വാഷിങ്ടണും കരുതിക്കാണില്ല. അമേരിക്കയെന്ന രാജ്യത്തിൻെറ ഭാവി എന്താവുമെന്ന കാര്യത്തിൽ ആദ്യത്തെ പ്രസിൻറിന് ചെറുതല്ലാത്ത ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഒരു സൈനികത്തലവൻെറ നിശ്ചയദാർഢ്യത്തോടെ വാഷിങ്ടൺ 1797 വരെ അമേരിക്കയെ നയിച്ചു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ വ്യവസ്ഥകളിലൊന്നിന് അടിത്തറ പാകുന്നത് അക്കാലത്താണ്. രാജ്യത്തിന് ഒരു ഫെഡറൽ നീതിന്യായ വ്യവസ്ഥ അക്കാലത്ത് തന്നെ നടപ്പിലാക്കി. പൗരരുടെ വ്യക്തിസ്വാതന്ത്ര്യം, അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബിൽ ഓഫ് റൈറ്റ്സ് ഭരണഘടനയുടെ ഭാഗമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ബ്രിട്ടണുമായുള്ള വ്യാപാരബന്ധം സാധാരണ നിലയിലാക്കാൻ പുതിയ ഉടമ്പടി ഒപ്പുവെച്ചു. യൂറോപ്യൻ രാജ്യങ്ങളുടെ സംഘർഷങ്ങളിൽ നിഷ്പക്ഷ നിലപാടെടുക്കുക തുടങ്ങീ രാജ്യത്തിൻെറ ഫെഡറൽ, ജനാധിപത്യ, നയതന്ത്ര, വ്യാപാര മേഖലകൾക്കെല്ലാം അടിത്തറ പാകിയ തീരുമാനങ്ങളാണ് എട്ട് വർഷം നീണ്ട ഭരണത്തിൽ വാഷിങ്ടണിൻെറ നേതൃത്വത്തിൽ അമേരിക്കയിൽ നടപ്പിലാക്കിയത്.

1789 ഏപ്രിൽ 30-ന് ന്യൂയോർക്കിലെ വാൾ സ്ട്രീറ്റിലുള്ള ഫെഡറൽ ഹാളിലാണ് ജോർജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യത്തെ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
1789 ഏപ്രിൽ 30-ന് ന്യൂയോർക്കിലെ വാൾ സ്ട്രീറ്റിലുള്ള ഫെഡറൽ ഹാളിലാണ് ജോർജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യത്തെ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ലോകക്രമത്തെയാകെ ബാധിക്കുന്ന രീതിയിൽ അമേരിക്ക നിർണായക സ്വാധീനശക്തിയാവുന്നതിന് പിന്നിൽ അവിടെ മാറിമാറി വന്ന പ്രസിഡൻറുമാർക്ക് വലിയ പങ്കുണ്ട്. ജോർജ് വാഷിങ്ടണിൽ തുടങ്ങിയ പ്രസിഡൻറുമാരുടെ പട്ടിക ഇന്ന് ഡോണൾഡ് ട്രംപിൽ എത്തിനിൽക്കുകയാണ്. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമതും അമേരിക്കൻ പ്രസിഡൻറാവാൻ പോവുമ്പോൾ നിർണായക കാലഘട്ടങ്ങളിൽ, നിർണായക തീരുമാനങ്ങളെടുത്ത ചില മുൻ അമേരിക്കൻ പ്രസിഡൻറുമാർ കൂടുതൽ പ്രസക്തിയുള്ളവരാവുകയാണ്.

1861 മുതൽ 1865 വരെ അമേരിക്കയുടെ പ്രസിഡൻറായ ലിങ്കണാണ് രാജ്യത്ത് അടിമസമ്പ്രദായം ഇല്ലാതാക്കുന്നതിന് അടിത്തറ പാകുന്നത്.

അടിമത്തത്തിനെതിരെ ലിങ്കൺ

റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കയിലെ ആദ്യത്തെ പ്രസിഡൻറാണ് എബ്രഹാം ലിങ്കൺ. പാർട്ടിയുടെ ആവിർഭാവം തന്നെ അടിമത്തവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായാണ് സംഭവിക്കുന്നത്. 1850-കളിൽ അമേരിക്കൻ സിവിൽ വാർ കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് ഗ്രാൻറ് ഓൾഡ് പാർട്ടിയെന്നറിയപ്പെടുന്ന വിഗ്സ് പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയുമാണ് രാജ്യത്തുണ്ടായിരുന്നത്. അമേരിക്കൻ ഐക്യനാടുകൾ അപ്പോഴും ഏകീകരിക്കപ്പെട്ടിരുന്നില്ല. അടിമ സമ്പ്രദായം തുടരണമോയെന്നതായിരുന്നു അക്കാലത്ത് അമേരിക്കയിലെ സുപ്രധാന രാഷ്ട്രീയ ചർച്ച. അക്കാലത്ത് വെളുത്ത വർഗ്ഗക്കാർ നിരുപാധികം പിന്തുണച്ചിരുന്ന ഡെമോക്രാറ്റിക് പാർട്ടിക്ക് അടിമ സമ്പ്രദായത്തിനോട് വിയോജിപ്പുണ്ടായിരുന്നില്ല. എന്നാൽ വിഗ്സ് പാർട്ടിയിൽ ചേരിതിരിവുണ്ടായി. അടിമ സമ്പ്രദായം രാജ്യത്ത് അവസാനിപ്പിക്കണമെന്ന് വാദിച്ചവർ പുറത്തിറങ്ങി റിപ്പബ്ലിക്ക് പാർട്ടിക്ക് രൂപം നൽകുന്നു. ആ പാർട്ടി പിന്നീട് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ലിങ്കണ് പിന്തുണ നൽകുന്നു. അന്ന് എബ്രഹാം ലിങ്കൻെറ പാർട്ടിയായിരുന്നുവെങ്കിൽ ഇന്ന് അത് ഡോണൾഡ് ട്രംപിൻെറ പാർട്ടിയായിരിക്കുന്നുവെന്ന വല്ലാത്ത വൈരുദ്ധ്യമുണ്ട്. 1861 മുതൽ 1865 വരെ അമേരിക്കയുടെ പ്രസിഡൻറായ ലിങ്കണാണ് രാജ്യത്ത് അടിമസമ്പ്രദായം ഇല്ലാതാക്കുന്നതിന് അടിത്തറ പാകുന്നത്. അതിൻെറ അലയൊലികൾ ലോകമെമ്പാടുമുണ്ടായി. സിവിൽ വാറിനെതിരെ അമേരിക്കൻ ഭരണകൂടത്തിന് ദിശാബോധം നൽകിയ ലിങ്കൻെറ ഗെറ്റിസ്ബർഗ് പ്രസംഗം ജനാധിപത്യത്തെയും ജനങ്ങളുടെ ഐക്യത്തെയുമെല്ലാം ഊട്ടിയുറപ്പിക്കുന്നതാണ്. ലോകം വീണ്ടും വീണ്ടും കേൾക്കുന്ന പ്രസംഗമായി അത് മാറിയത് അങ്ങനെയാണ്.

 സിവിൽ വാറിനെതിരെ അമേരിക്കൻ ഭരണകൂടത്തിന് ദിശാബോധം നൽകി, എബ്രഹാം ലിങ്കൻെറ ഗെറ്റിസ്ബർഗ് പ്രസംഗം.
സിവിൽ വാറിനെതിരെ അമേരിക്കൻ ഭരണകൂടത്തിന് ദിശാബോധം നൽകി, എബ്രഹാം ലിങ്കൻെറ ഗെറ്റിസ്ബർഗ് പ്രസംഗം.

വിദേശനയത്തിലെ മൺറോ തത്വം

അമേരിക്കയുടെ അഞ്ചാമത്തെ പ്രസിഡൻറായിരുന്ന ജെയിംസ് മൺറോയുടെ പേര് ഡോണൾഡ് ട്രപുമായി ചിലർ ചേർത്തുവെക്കുന്നുണ്ട്. അതിന് വ്യക്തമായ കാരണവുമുണ്ട്. 1823-ൽ അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്യത്തിൻെറ വിദേശനയവുമായി ബന്ധപ്പെട്ട് മൺറോ ഒരു സുപ്രധാന പ്രസംഗം നടത്തുന്നുണ്ട്. അമേരിക്കൻ ഭൂഖണ്ഡത്തിലെ യൂറോപ്യൻ അധിനിവേശം ഇല്ലാതാക്കുകയെന്ന് ഊന്നിപ്പറയുന്നതായിരുന്നു പ്രസംഗത്തിൻെറ ഉള്ളടക്കം. തെക്ക്, വടക്ക്, സെൻട്രൽ അമേരിക്കയിൽ രാജ്യത്തിൻെറ സ്വാധീനം കൂടുതൽ ശക്തമാക്കണം. അതിന് സൈന്യത്തെ ഉപയോഗിച്ചാണെങ്കിൽ അങ്ങനെ.

അമേരിക്കയുടെ അഞ്ചാമത്തെ പ്രസിഡൻറായിരുന്ന ജെയിംസ് മൺറോയുടെ പേര് ഡോണൾഡ് ട്രപുമായി ചിലർ ചേർത്തുവെക്കുന്നുണ്ട്.
അമേരിക്കയുടെ അഞ്ചാമത്തെ പ്രസിഡൻറായിരുന്ന ജെയിംസ് മൺറോയുടെ പേര് ഡോണൾഡ് ട്രപുമായി ചിലർ ചേർത്തുവെക്കുന്നുണ്ട്.

മൺറോ പറഞ്ഞ കാര്യങ്ങൾ അമേരിക്കൻ വിദേശനയത്തിൻെറ അടിസ്ഥാന ശിലയായി മാറി. 19ാം നൂറ്റാണ്ടിലെ അതേ മൺറോ തത്വത്തെ കൂടുതൽ ശക്തമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ രാജ്യങ്ങളെയടക്കം പുറത്ത് നിർത്തി പ്രാദേശിക വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. ആ ശ്രമങ്ങളുടെ ഭാഗമായാണ് ഇലോൺ മസ്കിനെ പോലൊരാളെ ക്യാബിനറ്റിലെ തന്നെ സുപ്രധാന റോളിലേക്ക് കൊണ്ടുവരുന്നത്. കാനഡയെ അമേരിക്കയിൽ ലയിപ്പിക്കണമെന്നും അത് 51ാമത് സ്റ്റേറ്റാണെന്നും ട്രംപ് ഭരണത്തിലെത്തും മുൻപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ട്രംപ് പിന്തുടരാൻ പോവുന്നത് ജെയിംസ് മൺറോയെന്ന പഴയ അമേരിക്കൻ പ്രസിഡൻറിൻെറ പാതയാണെന്നാണ്.

മൺറോ പറഞ്ഞ കാര്യങ്ങൾ അമേരിക്കൻ വിദേശനയത്തിൻെറ അടിസ്ഥാന ശിലയായി മാറി. 19ാം നൂറ്റാണ്ടിലെ അതേ മൺറോ തത്വത്തെ കൂടുതൽ ശക്തമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ഡോണൾഡ് ട്രംപ്.

അണുബോംബിൻെറ ട്രൂമാൻ

വലിയ തീരുമാനങ്ങളെടുത്ത അമേരിക്കൻ പ്രസിഡൻറെന്ന് ചരിത്രം ഹാരി ട്രൂമാനെ വിശേഷിപ്പിക്കാറുണ്ട്. ജീവജാലങ്ങൾക്ക് മേൽ അണുവായുധം പ്രയോഗിക്കുകയെന്ന അത്രമേൽ മനുഷ്യത്വവിരുദ്ധമായ ആ തീരുമാനത്തിൻെറ പേരിലാണ് ട്രൂമാൻ ഓർക്കപ്പെടേണ്ടത്. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും മനുഷ്യരെ ജീവനോടെ കൊലപ്പെടുത്താനും, കാലങ്ങളോളം വരും തലമുറകളെ പോലും രോഗികളാക്കാനും പോന്ന രാഷ്ട്രീയ, ഭരണകൂട തീരുമാനം സംഭവിക്കുന്നത് ട്രൂമാനിലൂടെയാണ്. കമ്മ്യൂണിസം ലോകത്തെ ഗ്രസിക്കാൻ പോവുന്ന വിപത്താണെന്നായിരുന്നു ട്രൂമാൻെറ വാദം. ലോകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ച ട്രൂമാൻ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി അവരെ അമേരിക്കയോടൊപ്പം നിർത്തി. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെതിരെ അമേരിക്കൻ നിലപാട് ഉയർത്തിപ്പിടിച്ച് നിന്നു.

കമ്മ്യൂണിസം ലോകത്തെ ഗ്രസിക്കാൻ പോവുന്ന വിപത്താണെന്നായിരുന്നു ട്രൂമാൻെറ വാദം
കമ്മ്യൂണിസം ലോകത്തെ ഗ്രസിക്കാൻ പോവുന്ന വിപത്താണെന്നായിരുന്നു ട്രൂമാൻെറ വാദം

സമാധാനത്തിൻെറ വിൽസൺ,
കാലാവസ്ഥയുടെ കാർട്ടർ

ജനാധിപത്യവാദിയായ അമേരിക്കൻ പ്രസിഡന്റ് എന്നാണ് ജിമ്മി കാർട്ടറെ ലോകം വിശേഷിപ്പിക്കുന്നത്. 1974-ലാണ് അമേരിക്കയുടെ 39ാം പ്രസിഡൻറായി കാർട്ടർ ചുമതലയേൽക്കുന്നത്. മധ്യേഷ്യയിൽ സംഘർഷങ്ങൾ അയവില്ലാതെ തുടരുന്ന കാലത്ത് കാർട്ടറിൻെറ മധ്യസ്ഥ ചർച്ചകളുടെ ചരിത്രം ഓർക്കേണ്ടതുണ്ട്. അദ്ദേഹത്തിൻെറ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ഡേവിഡ് സമാധാന ഉടമ്പടിയുടെ ഭാഗമായാണ് ഇസ്രായേലും ഈജിപ്തും തമ്മിലുണ്ടായിരുന്ന സംഘർഷ സാധ്യതകൾ അവസാനിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവത്തിലെടുത്ത ആദ്യത്തെ ലോകനേതാക്കളിൽ ഒരാളായിരുന്നു കാർട്ടർ. ഈ വിഷയത്തിൽ നിയുക്ത പ്രസിഡൻറ് ട്രംപിൻെറ നിലപാട് എന്തെന്ന് കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്.

ട്രംപ് ചുമതലയേറ്റെടുക്കുന്നതിന് മുമ്പായിട്ടാണ് കാലിഫോർണിയയിൽ കാട്ടുതീ പടർന്ന് പിടിച്ച് രാജ്യത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനമെന്ന യാഥാർഥ്യത്തെ ഇപ്പോഴും ഉൾക്കൊള്ളാത്ത പ്രസിഡൻറാണ് ട്രംപ്. ലോകത്തിൻെറ പാരിസ്ഥിതിക സംതുലനം അദ്ദേഹത്തിൻെറ വിഷയമേയല്ല. ഇക്കഴിഞ്ഞ COP29 ഉച്ചകോടിയിൽ അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാൻ അമേരിക്കയടക്കമുള്ള വികസിതരാജ്യങ്ങൾ തയ്യാറായിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് ജിമ്മി കാർട്ടറിനെ പോലുള്ളവർ കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങളിൽ എന്ത് നിലപാടാണ് എടുത്തതെന്ന് ഏറ്റവും കുറഞ്ഞത് നിയുക്ത അമേരിക്കൻ പ്രസിഡൻെറങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.

 കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവത്തിലെടുത്ത ആദ്യത്തെ ലോകനേതാക്കളിൽ ഒരാളായിരുന്നു ജിമ്മി കാർട്ടർ.
കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവത്തിലെടുത്ത ആദ്യത്തെ ലോകനേതാക്കളിൽ ഒരാളായിരുന്നു ജിമ്മി കാർട്ടർ.

ഒന്നാം ലോകമഹായുദ്ധ കാലത്ത് വുഡ്രോ വിൽസണായിരുന്നു അമേരിക്കയുടെ പ്രസിഡൻറ്. ലോകം ആദ്യമായി ഒരു മഹായുദ്ധത്തെ നേരിട്ട കാലം. യുദ്ധം അവസാനിച്ചപ്പോഴും കെടുതികളിൽ നിന്ന് ആരും മുക്തരായിരുന്നില്ല. അത്തരമൊരു ഘട്ടത്തിൽ ലോകരാജ്യങ്ങളുടെ ഐക്യം വളരെ പ്രാധാന്യമേറിയതാണെന്ന് വിൽസണ് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തിൻെറ ഇടപെടലുകളുടെ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൂർവരൂപമായ ലീഗ് ഓഫ് നേഷൻസ് രൂപീകരിക്കപ്പെടുന്നത്. ഈ ശ്രമങ്ങൾ നടത്തിയതിന് അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരവും ലഭിച്ചിരുന്നു. വുഡ്രോ വിൽസണെ തുടർച്ചയായി രണ്ടാം തവണയും അമേരിക്കൻ ജനത തങ്ങളുടെ പ്രസിഡൻറായി തെരഞ്ഞെടുത്തിരുന്നു. പ്രതിസന്ധിഘട്ടത്തിൽ പക്വതയോടെ തീരുമാനങ്ങളെടുക്കാനുള്ള അദ്ദേഹത്തിൻെറ കഴിവിലുള്ള വിശ്വാസമായിരുന്നു അതിന് കാരണം. 1913 മുതൽ 1921 വരെയാണ് വിൽസൺ അമേരിക്കയുടെ പ്രസിഡൻറായിരുന്നത്. രണ്ടാം ടേമിലാണ് യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം ലോകനേതാക്കളുമായി മധ്യസ്ഥ ചർച്ചകൾ നടത്തിയത്. 1918-ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷം, ഭാവിയിൽ ഇനി യുദ്ധങ്ങൾ പാടില്ലെന്ന ലക്ഷ്യവുമായാണ് ലീഗ് ഓഫ് നേഷൻസ് അദ്ദേഹത്തിൻെറ മുൻകയ്യിൽ രൂപീകരിക്കപ്പെടുന്നത്.

വുഡ്രോ വിൽസന്റെ ഇടപെടലുകളുടെ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൂർവരൂപമായ ലീഗ് ഓഫ് നേഷൻസ് രൂപീകരിക്കപ്പെടുന്നത്
വുഡ്രോ വിൽസന്റെ ഇടപെടലുകളുടെ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൂർവരൂപമായ ലീഗ് ഓഫ് നേഷൻസ് രൂപീകരിക്കപ്പെടുന്നത്

എഫ്.ഡി.ആർ - ജനങ്ങളുടെ പ്രസിഡൻറ്

1920-ൽ അമേരിക്കൻ വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടിട്ടുള്ള ഫ്രാങ്ക്ളിൻ ഡി റൂസ്-വെൽറ്റ് (FDR) 1932-ലാണ് രാജ്യത്തിൻെറ പ്രസിഡൻറായി ചുമതലയേൽക്കുന്നത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ സമയം. വിപണി ഇടിയുകയും ജനങ്ങൾ ആശങ്കയിലാവുകയും ചെയ്തുവെങ്കിലും എഫ്.ഡി.ആറിന് പ്രത്യാശയുണ്ടായിരുന്നു. ആ പ്രത്യാശയാണ് അദ്ദേഹം ജനങ്ങളിലേക്ക് പകർന്ന് നൽകിയത്. അക്കാലത്ത് എഫ്.ഡി.ആർ തുടക്കമിട്ട പല സാമ്പത്തികപരിഷ്കാരങ്ങളും ഇന്നും അമേരിക്കൻ സാമ്പത്തികനയത്തിൻെറ അടിത്തറയായി വർത്തിക്കുന്നുണ്ട്.

അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം, ഏറ്റവും കൂടുതൽ തവണ (നാല്) പ്രസിഡൻറായിട്ടുള്ളത് എഫ്.ഡി.ആറാണ്.
അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം, ഏറ്റവും കൂടുതൽ തവണ (നാല്) പ്രസിഡൻറായിട്ടുള്ളത് എഫ്.ഡി.ആറാണ്.

അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം, ഏറ്റവും കൂടുതൽ തവണ (നാല്) പ്രസിഡൻറായിട്ടുള്ളത് എഫ്.ഡി.ആറാണ്. ജനങ്ങളുമായി നേരിട്ടുള്ള അദ്ദേഹത്തിൻെറ ബന്ധമാണ് അതിന് പ്രധാന കാരണമായത്. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ഏത് പക്ഷത്ത് നിൽക്കണമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അതിന് ജനങ്ങളുടെ ആശയപരമായ പിന്തുണയും നേടിയെടുത്തു. ഫാഷിസ്റ്റ് കക്ഷികളായ ജർമ്മനിയ്ക്കും ഇറ്റലിക്കുമെതിരെ സോവിയറ്റ് യൂണിയനും ബ്രിട്ടനുമൊപ്പം നിന്ന് യുദ്ധം നയിക്കുകയെന്ന ഉത്തരവാദിത്വമാണ് റൂസ്വെൽറ്റ് ഏറ്റെടുത്തത്. നാലാം തവണ അധികാരത്തിലിരിക്കെയാണ് അസുഖബാധിതനായി അദ്ദേഹം മരിക്കുന്നത്. എഫ്.ഡി.ആറിൻെറ മൃതദേഹം വാഷിങ്ടണിലേക്ക് കൊണ്ടുപോവുമ്പോൾ അത് നോക്കി നിന്ന ഒരു പാവപ്പെട്ട മനുഷ്യനുണ്ടായിരുന്നുവത്രേ, അയാളോട് ആരോ ചോദിച്ചു. നിങ്ങൾക്ക് ആ വ്യക്തിയെ അറിയാമോ?, ‘എനിക്ക് അദ്ദേഹത്തെ അറിയില്ലായിരിക്കാം. എന്നാൽ അദ്ദേഹത്തിന് എന്നെ അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്,’ - അമേരിക്കയിൽ പറഞ്ഞുകേൾക്കുന്ന ഒരു കഥയാണിത്. കഥയോ യാഥാർഥ്യമോ ആവാം. എന്നാൽ ജനങ്ങളും അവിടുത്തെ പ്രസിഡൻറും തമ്മിൽ ഒരുകാലത്തുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചാണ് ഇവിടെ പറഞ്ഞുവെക്കുന്നത്.

അമേരിക്കയുടെ ഏറ്റവും പോപ്പുലറായ പ്രസിഡൻറുമാരിൽ ഒരാൾ ജോൺ എഫ്. കെന്നഡിയാണ്. 1961 മുതൽ 63 വരെ രണ്ട് വർഷം മാത്രമായിരുന്നു കെന്നഡിയുടെ കാലം.

കെന്നഡിയുടെ കാലം

അമേരിക്കയുടെ ഏറ്റവും പോപ്പുലറായ പ്രസിഡൻറുമാരിൽ ഒരാൾ ജോൺ എഫ്. കെന്നഡിയാണ്. 1961 മുതൽ 63 വരെ രണ്ട് വർഷം മാത്രമായിരുന്നു കെന്നഡിയുടെ കാലം. അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട കെന്നഡിയുടെ മരണത്തിലെ ദുരൂഹതകൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. എന്നാൽ എന്തിൻെറ പേരിലാണ് കെന്നഡി ഓർമ്മിക്കപ്പെടുന്നത്? വാർ ഹീറോ ആയി അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് വന്ന്, പിന്നീട് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായ അദ്ദേഹം തുടക്കകാലത്ത് തന്നെ ക്ഷേമപദ്ധതികൾ നടപ്പിലാക്കാനാണ് ശ്രമം നടത്തിയത്. ലോകത്തെ ദാരിദ്ര്യം ഇല്ലാതാക്കാൻ എന്ത് ചെയ്യാനാവുമെന്ന ചോദ്യത്തിന് കെന്നഡിയെന്ന പ്രസിഡൻറിൻെറ ആശയമായിരുന്നു AmeriCorps Vista എന്ന സന്നദ്ധ സേവന പദ്ധതിക്ക് രൂപം നൽകിയത്.

അമേരിക്കൻ ചരിത്രത്തിലെ സുപ്രധാന മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലൊന്നായി മാറിയ 1964-ലെ മനുഷ്യാവകാശ നിയമാണ് ജോൺ എഫ്. കെന്നഡിയുടെ പ്രധാന സംഭാവനകളിലൊന്ന്.
അമേരിക്കൻ ചരിത്രത്തിലെ സുപ്രധാന മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലൊന്നായി മാറിയ 1964-ലെ മനുഷ്യാവകാശ നിയമാണ് ജോൺ എഫ്. കെന്നഡിയുടെ പ്രധാന സംഭാവനകളിലൊന്ന്.

മെച്ചപ്പെട്ട ഒരു ലോകം സാധ്യമാക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അമേരിക്കൻ ചരിത്രത്തിലെ സുപ്രധാന മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലൊന്നായി മാറിയ 1964-ലെ മനുഷ്യാവകാശ നിയമാണ് കെന്നഡിയുടെ മറ്റൊരു സംഭാവന. അമേരിക്കൻ പൗരാവകാശങ്ങളിലും തൊഴിൽ നിയമങ്ങളിലും നിറത്തിൻെറയോ വർഗത്തിൻെറയോ ലിംഗത്തിൻെറയോ മതത്തിൻെറയോ പേരിൽ വിവേചനം പാടില്ലെന്നുള്ള അസന്ദിഗ്ദ പ്രഖ്യാപനമായിരുന്നു ആ നിയമം. കെന്നഡി മുന്നോട്ടുവെച്ച ആശയം അദ്ദേഹത്തിൻെറ മരണശേഷമാണ് രാജ്യത്ത് നടപ്പിലായത്. 1962-ൽ ലോകം മറ്റൊരു യുദ്ധത്തിലേക്ക് പോകുന്നുവെന്ന പ്രതീതി ജനിപ്പിച്ച ക്യൂബ മിസൈൽ പ്രതിസന്ധി രമ്യമായി പരിഹരിക്കുന്നതിലും കെന്നഡിയുടെ റോൾ നിർണായകമായിരുന്നു.

2001 മുതൽ 2009 വരെ രണ്ട് ടേമുകളിലായി നീണ്ട ജോർജ് ബുഷിൻെറ പ്രസിഡൻറ് കാലം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളുടെ കാലമാണ്.

ബുഷിൽ നിന്ന് ഒബാമയിലേക്ക്

ഡോണൾഡ് ട്രംപിന് മുൻപുള്ള റിപ്പബ്ലിക്കൻ അമേരിക്കൻ പ്രസിഡൻറാണ് ജോർജ് ഡബ്ല്യൂ ബുഷ്. ‘ഞാനൊരു യുദ്ധ പ്രസിഡൻറാണ്’ എന്നാണ് ബുഷ് ഒരിക്കൽ സ്വയം വിശേഷിപ്പിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപക്വമായ തീരുമാനങ്ങളെടുത്ത പ്രസിഡൻെറന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. എച്ച്.ഐ.വി എയ്ഡ്സിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ടാണ് ബുഷ് അമേരിക്കൻ പ്രസിഡനറാവുന്നത്. 2001 മുതൽ 2009 വരെ രണ്ട് ടേമുകളിലായി നീണ്ട ജോർജ് ബുഷിൻെറ പ്രസിഡൻറ് കാലം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളുടെ കാലമാണ്. അമേരിക്കയിലും ലോകത്തും അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. ബുഷ് പ്രസിഡൻറായി ചുമതലയേറ്റ ആദ്യവർഷം തന്നെയാണ് വേൾഡ് ട്രേഡ് സെൻററിലും പെൻറഗണിലും അൽ ഖ്വായിദയുടെ തീവ്രവാദി ആക്രമണമുണ്ടാവുന്നത്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസികളും സൈന്യവും ഒരുപോലെ പരാജയപ്പെട്ട നിമിഷം. അത് ബുഷിലേൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല. അൽ ഖ്വായിദയെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബുഷ് അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തുന്നത്. ഇറാഖിൽ കടന്നുകയറി സദ്ദാം ഹുസൈനെ കൊലപ്പെടുത്തുന്നതും ബുഷിൻെറ കാലത്താണ്. അമേരിക്കയുടെ സാമ്പത്തികശേഷിയുടെ വലിയൊരു ഭാഗം മുഴുവൻ ബുഷ് ആക്രമണങ്ങൾക്ക് വേണ്ടി ചെലവഴിച്ചു. ലോക തീവ്രവാദം പൂർണമായി ഇല്ലാതാക്കുമെന്നായിരുന്നു ബുഷിൻെറ പ്രഖ്യാപനം. നിരപരാധികളായ മനുഷ്യരെ ചോരയിൽ മുക്കിക്കൊന്ന ബുഷ്, പക്ഷേ സ്വന്തം രാജ്യത്ത് തന്നെ പിന്നീട് വലിയ തിരിച്ചടികൾ നേരിട്ടു. ഗ്രേറ്റ് ഡിപ്രഷന് ശേഷം ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോൾ ബുഷിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മനുഷ്യാവകാശ ലംഘനകൾക്കും ക്രൂരതകൾക്കുമൊപ്പം അമേരിക്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച പ്രസിഡൻറ് കൂടിയാണ് ജോർജ് ഡബ്ല്യൂ ബുഷ്.

അമേരിക്കയുടെ സാമ്പത്തികശേഷിയുടെ വലിയൊരു ഭാഗം ജോർജ് ബുഷ് ആക്രമണങ്ങൾക്ക് വേണ്ടിയാണ് ചെലവഴിച്ചത്.
അമേരിക്കയുടെ സാമ്പത്തികശേഷിയുടെ വലിയൊരു ഭാഗം ജോർജ് ബുഷ് ആക്രമണങ്ങൾക്ക് വേണ്ടിയാണ് ചെലവഴിച്ചത്.

ബുഷിന് ശേഷം അമേരിക്കയ്ക്കും ലോകരാജ്യങ്ങൾക്കും തെല്ലൊരു ആശ്വാസം വലിയ ആവശ്യമായിരുന്നു. അതിന് അമേരിക്കൻ ജനത കണ്ടെത്തിയ ഡെമോക്രാറ്റ് നേതാവ് ബാരക് ഒബാമയെയാണ്. രാജ്യത്തിൻെറ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വംശജനായ പ്രസിഡൻറ്. 2009 മുതൽ 2017 വരെയുള്ള കാലത്ത് ഒബാമ, പ്രതിസന്ധിയിലായ അമേരിക്കൻ സാമ്പത്തികമേഖലയെ തിരികെ കൊണ്ടുവന്നു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയും ലോകസമാധാനത്തിന് വേണ്ടിയും ഒരു അമേരിക്കൻ പ്രസിഡൻറ് വൈറ്റ് ഹൌസിലിരുന്ന് സംസാരിക്കുന്നത് വീണ്ടും ലോകം കണ്ടു.

ആരോഗ്യം അവകാശമാണെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള ഒബാമ കെയർ പദ്ധതിക്ക് അമേരിക്കയിൽ വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. നിരവധി പ്രസിഡൻറുമാർ ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് ഒബാമ രാജ്യത്ത് ഒരു സമഗ്ര ആരോഗ്യപദ്ധതി നടപ്പിലാക്കിയത്. സ്വവർഗവിവാഹം നിയമപരമാക്കിയും കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനായി കടുത്ത നടപടികളെടുത്തും ഇറാനുമായി അണ്വായുധ വിഷയങ്ങളിലും ക്യൂബയുമായി നയതന്ത്ര വിഷയങ്ങളിലും ചർച്ച നടത്തിയും ഒബാമ പുരോഗമനപക്ഷ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കി. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആക്രമണങ്ങൾക്കും ഒബാമയുടെ കാലത്തും കുറവില്ലായിരുന്നു. അഫ്ഗാനിസ്ഥാനിൽ തുടർന്ന സൈനികനടപടികളുടെ പേരിൽ ഒബാമ വിമർശിക്കപ്പെട്ടിട്ടുണ്ട്. പാലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് സമ്പൂർണ പിന്തുണ നൽകുകയാണ് ഒബാമയും ചെയ്തത്.

 2009 മുതൽ 2017 വരെയുള്ള കാലത്ത് ഒബാമ, പ്രതിസന്ധിയിലായ അമേരിക്കൻ സാമ്പത്തികമേഖലയെ തിരികെ കൊണ്ടുവന്നു.
2009 മുതൽ 2017 വരെയുള്ള കാലത്ത് ഒബാമ, പ്രതിസന്ധിയിലായ അമേരിക്കൻ സാമ്പത്തികമേഖലയെ തിരികെ കൊണ്ടുവന്നു.

ബൈഡനിൽ നിന്ന്
വീണ്ടും ട്രംപിലേക്ക്

ഒബാമയ്ക്ക് ശേഷം വന്ന ജോ ബൈഡനും ഇതേ നിലപാട് തന്നെയാണ് ഇസ്രായേൽ - പാലസ്തീൻ വിഷയത്തിൽ കൈക്കൊണ്ടത്. കഴിഞ്ഞ ഒന്നരവർഷത്തോളമായി ഗാസയിൽ ഇസ്രായേൽ സൈന്യം കൂട്ടക്കുരുതി തുടരുകയായിരുന്നു. അൻപതിനായിരത്തോളം പേർ മരിക്കുകയും ലക്ഷക്കണക്കിന് പേർ അഭയാർഥികളാവുകയും ചെയ്തു. ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ നൽകുകയല്ലാതെ, കൂടുതൽ ആയുധങ്ങൾ നൽകുകയല്ലാതെ ബൈഡൻ എന്താണ് ചെയ്തത്? ഒന്നാം ട്രംപ് ഭരണകൂടത്തിൻെറ കോവിഡ് നിയന്ത്രണ നടപടികളിലെ മണ്ടത്തരങ്ങൾ ഒരുപരിധി വരെ പരിഹരിച്ചാണ് ബൈഡൻ വൈറ്റ് ഹൗസിലെത്തുന്നത്. അമേരിക്ക നേരിട്ട് യുദ്ധങ്ങളോ അധിനിവേശങ്ങളോ ഒന്നും നടത്തിയില്ലെന്ന പ്രത്യേകത ഈ കാലത്തിനുണ്ട്. ബൈഡനെ കൊണ്ട് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഡെമോക്രാറ്റിക് പാർട്ടി, തെരഞ്ഞെടുപ്പിൻെറ തുടക്കത്തിൽ തന്നെ സ്ഥാനാർഥിയെ മാറ്റി കമലാ ഹാരിസിനെ ട്രംപിൻെറ എതിരാളിയായി പ്രഖ്യാപിച്ചത്. ഒരു വനിതയെ പ്രസിഡൻറാക്കുന്നതിൽ വീണ്ടും പിന്തിരിപ്പൻ നിലപാടെടുത്ത അമേരിക്കൻ ജനതയ്ക്ക് ബൈഡൻ ഭരണത്തിലുണ്ടായിരുന്ന അതൃപ്തി കൂടിയാണ് കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിൽ തെളിഞ്ഞ് കണ്ടത്.

ഒന്നാം ട്രംപ് ഭരണകൂടത്തിൻെറ കോവിഡ് നിയന്ത്രണ നടപടികളിലെ മണ്ടത്തരങ്ങൾ ഒരുപരിധി വരെ പരിഹരിച്ചാണ് ജോ ബൈഡൻ വൈറ്റ് ഹൗസിലെത്തുന്നത്.
ഒന്നാം ട്രംപ് ഭരണകൂടത്തിൻെറ കോവിഡ് നിയന്ത്രണ നടപടികളിലെ മണ്ടത്തരങ്ങൾ ഒരുപരിധി വരെ പരിഹരിച്ചാണ് ജോ ബൈഡൻ വൈറ്റ് ഹൗസിലെത്തുന്നത്.

മനുഷ്യാവകാശത്തിന് വില കൽപ്പിക്കാത്ത, കുടിയേറ്റ വിരുദ്ധനായ, ‘അമേരിക്ക ഫസ്റ്റ്’ എന്ന സങ്കുചിത നിലപാടെടുക്കുന്ന ട്രംപ് എന്തായിരുന്നുവെന്ന് ഒന്നാം ടേമിൽ തന്നെ ലോകജനത തിരിച്ചറിഞ്ഞിട്ടുള്ളതാണ്. കൂടുതൽ തീവ്രമായി തൻെറ നയങ്ങൾ നടപ്പിലാക്കാനാണ് രണ്ടാം ടേമിൽ ട്രംപ് ശ്രമിക്കുക. ചരിത്രത്തിലെ അമേരിക്കൻ പ്രസിഡൻറുമാരുടെ കൂട്ടത്തിൽ ട്രംപ് എവിടെ നിൽക്കുമെന്ന് വരുന്ന നാല് വർഷം കൂടുതൽ സുതാര്യമായി കാണിച്ച് തരും.

Comments