ബുധനാഴ്ച രാവിലെയാണ് ഞാൻ ആന്ദ്രേ കുർക്കോവിന് മെയിലയച്ചത്. ഏതു നിമിഷവും യുദ്ധം തുടങ്ങാവുന്ന സാഹചര്യം അദ്ദേഹത്തിന്റെ നാട്ടിലുണ്ടായിരുന്നു അപ്പോൾ. യുക്രൈനിലെ അവസ്ഥയെ പറ്റി കുർക്കോവിൽ നിന്ന് നേരിട്ടറിയുക എന്നതായിരുന്നു ലക്ഷ്യം.
ലോകം അറിയുന്ന യുക്രൈൻ എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം പൊതുവിൽ കാര്യങ്ങൾ വിശദീകരിക്കാൻ താൽപര്യമുള്ളയാളാണ്. വ്യാഴാഴ്ച തന്നെ വിശദമായ ഉത്തരങ്ങൾ നൽകാമെന്ന മറുപടി ഉടൻ വരികയും ചെയ്തു. എന്നാൽ വ്യാഴാഴ്ച രാവില വരെ കുർക്കോവിന്റ മറുപടി വന്നില്ല. ഞാൻ വീണ്ടും അദ്ദേഹത്തിന് മെയിലയച്ചു. അപ്പോഴേക്കും റഷ്യ യുക്രൈൻ ആക്രമിച്ചു എന്ന വാർത്ത പുറത്തുവന്നിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിന്റെ മറുപടി വന്നു. എന്നാൽ അവ പതിവുരീതിയിലുള്ള വിശദമായ ഉത്തരങ്ങളായിരുന്നില്ല. യുക്രൈൻ തലസ്ഥാനമായ കീവിലെ വീട്ടിലിരുന്നാണ് അദ്ദേഹം എനിക്ക് ഇ-മെയിൽ വഴി മറുപടി തന്നത്. വ്യാഴാഴ്ച രാവിലെ 6.30 നാണ് അദ്ദേഹം എഴുതിയത്.
ആ മനസ്സിലെ അസ്വസ്ഥത ആ വരികൾക്കിടയിൽ എനിക്കു വായിക്കാമായിരുന്നു. കാര്യങ്ങൾ വിശദീകരിക്കുന്ന ‘കുർക്കോവ് സ്‌റ്റൈൽ' അതിലില്ലായിരുന്നു. യുദ്ധത്തിലകപ്പെട്ട ഒരു രാജ്യത്തെ ചിന്തിക്കുന്ന പൗരന്റെ അസ്വസ്ഥമായ മനസ്സ് എനിക്കു കാണാമായിരുന്നു. ചോദ്യങ്ങൾക്ക് പേരിനുമാത്രം അദ്ദേഹം ഉത്തരം നൽകി.
യുദ്ധത്തിന്റെ നടുമുറ്റത്തു നിൽക്കുന്ന കുർക്കോവിനോട് "സുരക്ഷിതനായിരിക്കൂ ചങ്ങാതി' എന്ന ഒരു മറുമെയിൽ ഞാനും കുറിച്ചു.
എൻ.ഇ. സുധീർ: റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ രണ്ടും കല്പിച്ചിറങ്ങിക്കഴിഞ്ഞുവെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. താങ്കൾ കീവിലുണ്ടല്ലോ. എന്താണ് അവിടെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ആന്ദ്രേ കുർക്കോവ്: ഞാൻ കുടുംബത്തോടൊപ്പം കീവിലുണ്ട്. കീവിലും സമീപ പ്രദേശങ്ങളിലും മറ്റുചിലേടങ്ങളിലും ഇതിനകം സ്‌ഫോടനങ്ങൾ നടന്നുകഴിഞ്ഞു. യുക്രൈൻ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം എനിക്കു മുന്നിലുണ്ട്. ഡോൺബാസിന്റെ 450 കിലോമീറ്റർ പരിധിക്കുള്ളിൽ യുദ്ധം തുടങ്ങിയിട്ടുണ്ട്. അല്ലാതുള്ള ചില സൈനിക കേന്ദ്രങ്ങളിലും മിസൈലാക്രമണം നടക്കുന്നുണ്ട്. യുക്രൈൻ സൈന്യം കീഴടങ്ങുന്നതു വരെ പാശ്ചാത്യ സൈന്യം അവർക്ക് ആയുധങ്ങൾ നൽകി സഹായിക്കുമായിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്.
യുക്രൈൻ പൗരർ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങളിൽ എത്രമാത്രം ആശങ്കാകുലരാണ്? അവർ ഭയപ്പെടുന്നുണ്ടോ?
അവരെല്ലാം തീർച്ചയായും അസ്വസ്ഥരാണ്. എന്നാൽ ഭയചകിതരാണെന്നു തോന്നുന്നില്ല. കീവിൽ സ്‌ഫോടനം നടന്നിട്ടിപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും വലിയ തോതിലുള്ള പരിഭ്രാന്തിയൊന്നും പടർന്നിട്ടില്ല. സ്ട്രീറ്റിൽ ആളുകളും കാറുകളും കാണാനില്ല. അതേസമയം നഗരവാസികൾ ഓടിപ്പോകുന്നുമില്ല.
റഷ്യൻ പ്രസിഡൻറ് പുടിനെപ്പറ്റി എന്താണ് പറയുവാനുള്ളത്?
അയാളൊരു ഭ്രാന്തനാണ്. മരിക്കും മുമ്പ് അയാൾക്ക് സോവിയറ്റ് യൂണിയനെ പുനഃസ്ഥാപിക്കണം എന്നാണെന്നു തോന്നുന്നു അയാളുടെ ആഗ്രഹം. അതിനായി സ്വതന്ത്ര സ്റ്റേറ്റുകളെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലേക്ക് തിരിച്ചുപിടിക്കുവാനാണ് അയാൾ ശ്രമിക്കുന്നത്.