വാൾത്തലപ്പും കഴുത്തും തമ്മിലുള്ള ചർച്ചയാവുന്ന ട്രംപിന്റെ ഗാസ സമാധാനപദ്ധതി

“ഏകപക്ഷീയ കരാറാണ് ഗാസയിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. അസംഖ്യം സ്ത്രീകളെയും കണക്കില്ലാതെ കുട്ടികളെയും നിഷ്കരുണം തുടച്ചു നീക്കിയതിനാൽ ശേഷിച്ച ബലഹീനരെ നിരായുധരാക്കുകയാണ് ലക്ഷ്യം. പതുക്കെ അവർക്കുമേൽ സ്വതന്ത്രാധിപത്യം സ്ഥാപിക്കാമെന്നതാണ് ട്രംപിന്റെയും നെതന്യാഹുവിന്റെയും കണക്കുകൂട്ടൽ. രാജ്യാന്തര കോടതികളെയും സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയുള്ള ഈ നിലപാട് മറ്റൊരു അധിനിവേശം തന്നെയാണ്,” അനിൽകുമാർ എ.വി എഴുതുന്നു.

വേദനയ്ക്കപ്പുറം വേദന,

ദുഃഖത്തിനപ്പുറം ദുഃഖം

ദുഃഖത്തിനപ്പുറം ദുഃഖം.

‘കുഴിച്ചുമൂടാൻ കഴിയാത്ത വേദന’ എന്ന സ്വന്തം മൂന്ന് വരി കവിയതയ്ക്ക് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടർ ഡോ. മുനീർ അൽ-ബർഷ് നൽകിയ വിശദീകരണം വേദനയോടെ മാത്രമേ വായിച്ചു തീർക്കാനാവൂ. മെഡിക്കൽ സംഘങ്ങളും കുടുംബങ്ങളും തിരിച്ചറിയാത്തതിനെ തുടർന്ന് ഡസൻ കണക്കിന് രക്തസാക്ഷികളെ ഗാസയിൽ അടക്കം ചെയ്തു. നാസികൾ ചെയ്‌തതുപോലെ തടവറകളിൽ പീഡനം ആവർത്തിച്ചും തീകൊണ്ട് കത്തിച്ചും ശത്രുക്കളായി മുദ്രകുത്തപ്പെട്ടവരുടെ മുഖങ്ങൾ മായ്ച്ചു. ചങ്ങലകളിൽ ബന്ധിക്കപ്പെട്ട മുറിവേറ്റ ശരീരങ്ങൾ. ബാക്കിയായവരും കുറ്റകൃത്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. അവരുടെ വ്യക്തിത്വങ്ങൾ ഇല്ലാതാകാം, എന്നാൽ രക്തസാക്ഷിത്വം നിലനിൽക്കും. സ്വർഗപുസ്തകത്തിൽ ആ പേരുകൾ രേഖപ്പെടുത്തിയിട്ടുമുണ്ട് എന്ന വാക്കുകളിൽ പലസ്‌തീന്റെ നിസഹായതയാണ് നിറഞ്ഞത്‌. തിരിച്ചറിയാത്ത ഒട്ടേറെ പലസ്തീനികളുടെ ജഡങ്ങൾ സിവിൽ ഡിഫൻസ് ജീവനക്കാർ വെള്ള ഷീറ്റുകളിൽ പൊതിഞ്ഞ് ഗാസയിലെ ദേർ അൽ ബലാഹിലെ കൂട്ടക്കുഴിമാടത്തിൽ അടക്കം ചെയ്തു, പീഡനത്തിന്റെയും വധശിക്ഷയുടെയും ലക്ഷണങ്ങൾ ഭയാനകമായിരുന്നു. ഖാൻ യൂനിസിന്റെ മുഫ്തി ഷെയ്ഖ് ഇഹ്സാൻ അഷൂർ ശവസംസ്കാര പ്രാർഥനകൾ നടത്തി. ചിലരെ വധിക്കും മുമ്പ് കൈകാലുകൾ കെട്ടിയിയിടുകയോ ടാങ്കുകളുടെ ട്രാക്കിനടിയിൽ ചതച്ചരയ്ക്കുകയോ ചെയ്തു. പീഡനത്തിന്റെയും പൊള്ളലുകളുടെയും ഒടിവുകളുടെയും ആഴത്തിലുള്ള മുറിവുകളുടെയും ലക്ഷണങ്ങൾ ക്രൂരമായ രീതികളുടെ തെളിവാണ്‌. വളരെ അടുത്തുനിന്ന് നടത്തിയ നേരിട്ടുള്ള വെടിവെപ്പുകളാണ് ഏറെയും. അവയെല്ലാം മനഃപൂർവമായ ഫീൽഡ് വധശിക്ഷകളെ സൂചിപ്പിക്കുന്നു ‐ ‘അജ്ഞാതർക്കുള്ള വിലാപം’ എന്ന ശീർകത്തിൽ വന്ന റോയിട്ടേഴ്‌സിന്റെ അന്വേഷണാത്മക റിപ്പോർടിലെ ഒരു ഭാഗമാണിത്‌. ബന്ദികളെ കാത്തിരിക്കുന്ന ഇസ്രായേലി കുടുംബങ്ങളുടെ കഷ്ടപ്പാടുകളിലേക്കുള്ള പാശ്ചാത്യ മാധ്യമ ശ്രദ്ധ പലസ്തീനി മൃതദേഹങ്ങളുടെ അവസ്ഥയെക്കുറിച്ചാവുമ്പോൾ മൗനംപാലിക്കുന്നു. റഫ്രിജറേറ്ററിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഗാസയിലെ നാസർ ആശുപത്രിയിൽ എത്തിയത് തിരിച്ചറിയൽ രേഖയുയില്ലാതെയാണ്. ഇസ്രയേൽ വരുത്തിയ നാശനഷ്ടങ്ങൾ കാരണം ഡി.എൻ.എ പരിശോധന നടത്താൻ കഴിഞ്ഞില്ല.

വെടിനിർത്തൽ, അതേ തുണിയിൽ നിന്ന് വെട്ടിയെടുത്ത നുണകളുടെ കൂമ്പാരം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ, മരിച്ച ഓരോ ഇസ്രയേലിക്കും പകരം 15 പലസ്തീനികളുടെ മൃതദേഹങ്ങൾ കൈമാറേണ്ടതായിരുന്നു. അമേരിക്ക ‐ ഇസ്രായേൽ അച്ചുതണ്ട് തുറന്നുവിട്ട പലസ്തീൻ വംശഹത്യയെ അഭിസംബോധന ചെയ്യാൻ ട്രംപിന്റെ വഞ്ചനാപരമായ 20- ഇന സമാധാന വെടിനിർത്തൽ ഉടമ്പടി പര്യാപ്തമല്ലെന്നാണ് ഐക്യരാഷ്ട്ര സഭാ അവകാശ വിദഗ്ദ്ധ ഫ്രാൻസെസ്ക അൽബനീസ് ചൂണ്ടിക്കാണിച്ചത്. പദ്ധതി തികച്ചും അപര്യാപ്തമാണ്, അത് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നില്ല. അധിനിവേശവും പലസ്തീൻ വിഭവങ്ങളുടെ ചൂഷണവും കോളനിവൽക്കരണവും അവസാനിപ്പിക്കുന്നതിന് ആവശ്യമായത് പ്രതിബദ്ധത മാത്രം. ഇതൊരു യുദ്ധമല്ല, ഒരു ജനതയെ ഉന്മൂലനം ചെയ്യുന്ന ദൃഢനിശ്ചയമുള്ള വംശഹത്യയാണ്. വെടിനിർത്തൽ അതേ തുണിയിൽ നിന്ന് വെട്ടിയെടുത്ത നുണകളുടെ കൂമ്പാരമാണ് ട്രംപിന്റെ സമാധാന പദ്ധതി. ചരിത്രത്തിലെ ഒരു ജനതയും സ്ഥിരമായ അടിമത്തത്തിനും അടിച്ചമർത്തലിനും വഴങ്ങിയിട്ടില്ല. പലസ്തീനികൾ വ്യത്യസ്തരല്ലെന്നും ഫ്രാൻസെസ്ക അൽബനീസ് വിശദീകരിച്ചു. സ്വയം അഭിനന്ദിച്ച് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ ദുർബലമായ കെട്ടുകഥയുടെ പരിധി നിറഞ്ഞതാണ്. ഡസൻ കണക്കിനാളുകളെ കൊന്ന വ്യോമാക്രമണങ്ങളിലൂടെ ഇസ്രായേൽ അതിന്റെ നിബന്ധനകൾ ലംഘിച്ചിട്ടും വൈറ്റ് ഹൗസ് സ്വയം പ്രതിരോധം എന്ന ഭാഷയിൽ രാഷ്ട്രീയ മറ വാഗ്ദാനം ചെയ്യുന്നു. ഇത് നയതന്ത്രമല്ല, പങ്കാളിത്തമാണ്, നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെ മറയ്ക്കുന്ന സംയമനത്തിന്റെ തിയേറ്ററാണ്. വെടിനിർത്തൽ അക്രമത്തിൽ ഇടവേളയായിട്ടല്ല, മറ്റൊരു പേരിൽ തുടർച്ചയ്ക്കുള്ള സംവിധാനമായാണ് പ്രവർത്തിക്കുന്നത്.

അമേരിക്ക ‐ ഇസ്രായേൽ അച്ചുതണ്ട് തുറന്നുവിട്ട പലസ്തീൻ വംശഹത്യയെ അഭിസംബോധന ചെയ്യാൻ ട്രംപിന്റെ  വഞ്ചനാപരമായ 20- ഇന സമാധാന വെടിനിർത്തൽ ഉടമ്പടി പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്ര സഭാ   അവകാശ വിദഗ്ദ്ധ ഫ്രാൻസെസ്ക അൽബനീസ് ചൂണ്ടിക്കാണിക്കുന്നു.
അമേരിക്ക ‐ ഇസ്രായേൽ അച്ചുതണ്ട് തുറന്നുവിട്ട പലസ്തീൻ വംശഹത്യയെ അഭിസംബോധന ചെയ്യാൻ ട്രംപിന്റെ വഞ്ചനാപരമായ 20- ഇന സമാധാന വെടിനിർത്തൽ ഉടമ്പടി പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്ര സഭാ അവകാശ വിദഗ്ദ്ധ ഫ്രാൻസെസ്ക അൽബനീസ് ചൂണ്ടിക്കാണിക്കുന്നു.

“പാശ്ചാത്യ ലോകം ഒരിക്കലും പരിഷ്കൃതമായിട്ടില്ല. തുടർച്ചയായ കൊളോണിയലിസം ചൊരിഞ്ഞ രക്തം, സൃഷ്ടിച്ച കണ്ണുനീർ, വരുത്തിയ വേദനകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിർമിച്ചിരിക്കുന്നത്” ‐ ‘ഇസ്ലാം ബിറ്റ്‌വീൻ ഈസ്റ്റ് ആൻഡ് വെസ്റ്റ്’ എന്ന പ്രശസ്ത കൃതിയുടെ രചയിതാവായ ബോസ്നിയൻ ചിന്തകനും ആക്റ്റിവിസ്‌റ്റുമായ അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെയും, “നിങ്ങൾ ഖത്തർ രാജകുടുംബാംഗമാണെങ്കിൽ ട്രംപ് വ്യോമസേനാ സൗകര്യം അനുവദിക്കും. അർജന്റീനയുടെ പ്രസിഡന്റാണെങ്കിൽ 4000 കോടി ഡോളറിന്റെ ജാമ്യം നൽകും. ആരോഗ്യ സംരക്ഷണ പ്രീമിയങ്ങൾ ഇരട്ടി അടക്കാൻ പോകുന്ന അമേരിക്കക്കാരനാണെങ്കിൽ? കഠിന ഭാഗ്യം” എന്ന - ബെർണി സാൻഡേഴ്സിന്റെയും നിരീക്ഷണങ്ങൾ മറന്നുകൂടാത്തതാണ്. പോഷകാഹാരക്കുറവ് ഗാസയിലെ പതിനായിരക്കണക്കിന് കുട്ടികൾക്ക് മാനസികാഘാതത്തിന് പുറമേ ഡി.എൻ.എ മാറ്റവും വരുത്തി. അത് ഭാവി തലമുറകളിലേക്ക് പകരാൻ സാധ്യതകൾ ഏറെയാണ്. മുഴുവൻ ആരോഗ്യ മേഖലയും ശൂന്യമാകുംവരെ ആശുപത്രികൾ ഓരോന്നായി പൊളിച്ചുമാറ്റി. ഒരുകാലത്ത് 12,500-ലധികം കാൻസർ രോഗികളുടെ അഭയകേന്ദ്രമായിരുന്ന ഗാസയിലെ തുർക്കിഷ്-‐പലസ്തീൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ പൂർണമായും നശിപ്പിച്ചു. അത് വെറും ശിഷ്ടങ്ങളായി. ആക്രമണത്തിന്റെ ഇരകളായ രോഗികൾ, ഡോക്ടർമാർ, സാധാരണക്കാർ എന്നിവരുൾപ്പെടെയുള്ളവരുടെ അഴുകിയ ശവങ്ങൾ തകർന്ന മതിലുകൾക്കിടയിൽ ചിതറിക്കിടന്ന കാഴ്‌ച സങ്കടകരമായിരുന്നു.

ഗാസയിൽ ബാക്കിയായ അപൂർവം ആശുപത്രികളിൽ കുഞ്ഞുങ്ങൾക്കുള്ള ഓക്സിജൻ മാസ്ക് ഒന്നുപോലുമില്ല. ജനസംഖ്യയുടെ 90 ശതമാനം കുടിയിറക്കപ്പെട്ടു. എല്ലാ സർവകലാശാലകളും ഉൾപ്പെടെ 92 ശതമാനം റെസിഡൻഷ്യൽ കെട്ടിടങ്ങളും 90 ശതമാനം സ്കൂളുകളും നശിപ്പിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭ, ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച്, ബി’സെലം, ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രായേൽ, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ജെനോസൈഡ് സ്കോളേഴ്സ് തുടങ്ങി നിരവധി സംഘടനകൾ ഇസ്രായേൽ നടത്തിയത് വംശഹത്യയാണെന്ന് സംശയരഹിതമായി ഉറപ്പിച്ചു. ജൂത അധിനിവേശത്തിന്റെ ഏറ്റവും ഭീതിദമായ വംശഹത്യയ്‌ക്കാണ് പലസ്‌തീൻ ഇരയായത്‌. 2025 മാർച്ച് 18-ന് ഉപഗ്രഹ ഡാറ്റ, ജിയോലൊക്കേറ്റഡ് വീഡിയോകൾ, സ്വതന്ത്ര സ്രോതസുകൾ എന്നിവ ഉപയോഗിച്ചുള്ള സമഗ്ര വിശകലനത്തിലൂടെ ആ ദിവസം ഗാസയിൽ റിപ്പോർട്ട് ചെയ്‌ത 465 മരണങ്ങൾക്ക് കാരണമായ 112 ആക്രമണങ്ങൾ സ്കൈ ന്യൂസ് സ്ഥിരീകരിച്ചു. അതിൽ 85 ശതമാനത്തിലേറെ സാധാരണക്കാരെയോ സൈനിക സാന്നിധ്യമില്ലാത്ത പ്രദേശങ്ങളെയോ ബാധിച്ചു.

പോഷകാഹാരക്കുറവ് ഗാസയിലെ പതിനായിരക്കണക്കിന് കുട്ടികൾക്ക് മാനസികാഘാതത്തിന് പുറമേ ഡി.എൻ.എ മാറ്റവും വരുത്തി. അത് ഭാവി തലമുറകളിലേക്ക് പകരാൻ സാധ്യതകൾ ഏറെയാണ്
പോഷകാഹാരക്കുറവ് ഗാസയിലെ പതിനായിരക്കണക്കിന് കുട്ടികൾക്ക് മാനസികാഘാതത്തിന് പുറമേ ഡി.എൻ.എ മാറ്റവും വരുത്തി. അത് ഭാവി തലമുറകളിലേക്ക് പകരാൻ സാധ്യതകൾ ഏറെയാണ്

ഏറ്റവും മാരകമായ 11 ആക്രമണങ്ങളിൽ 207 സിവിലിയന്മാർ കൊല്ലപ്പെട്ടു - അതായത് ഇരകളിൽ 97 ശതമാനവും ഒന്നുമറിയാത്ത നിസഹായർ. പലസ്തീൻ ജനതയ്‌ക്കെതിരായ കൂട്ടായ ശിക്ഷയുടെ വ്യവസ്ഥാപിത രീതിയാണത് വെളിപ്പെടുത്തിയത്‌.

തീ ആളിപ്പടരുന്നത് നിർത്താൻ തയ്യാറല്ലാത്ത സയണിസം

ട്രംപ് വെടിനിർത്തലിന് സമ്മർദ്ദം ശക്തമാക്കിയപ്പോൾ ഇസ്രായേൽ അക്രമങ്ങൾ ശക്തമാക്കുകയും സമയപരിധി എത്തുംമുമ്പ് ഗാസ നഗരത്തിന്റെ പരമാവധി ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. രണ്ട് വർഷത്തെ അധിനിവേശത്തിനുശേഷം വെടിനിർത്തലിന്റെ നുണ ഇസ്രായേലിന്റെ വലിയ ലക്ഷ്യങ്ങൾ മറയ്ക്കുക എന്നതാണ് ഉദ്ദേശിച്ചത്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തീ ആളിപ്പടരുന്നത് നിർത്താൻ സയണിസ്‌റ്റുകൾ തയ്യാറല്ല. 2025 ജനുവരിയിൽ ട്രംപ് ചർച്ച ചെയ്ത വെടിനിർത്തൽ വേളയിൽ ഇസ്രായേൽ 170 പലസ്തീനികളെ കൊന്നു, അങ്ങനെ വംശഹത്യ പുനരുജ്ജീവിപ്പിച്ചു. അമേരിക്കയുടെയും ഫ്രാൻസിന്റെയും മേൽനോട്ടത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി കരുതപ്പെടുന്ന ലെബനണിൽ, ഇസ്രയേൽ 4,500- പ്രാവശ്യമാണ് നിബന്ധനകൾ ലംഘിച്ചത്. കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളെ വധിച്ചു, പതിനായിരക്കണക്കിന് വീടുകൾ തകർത്തു, ലെബനന്റെ അഞ്ച് പ്രദേശങ്ങൾ പിടിച്ചെടുത്തു. ദശാബ്ദങ്ങളായി ലെബനണിലെ ഐക്യരാഷ്ട്ര സഭാ സമാധാന സേനയെ ഇസ്രയേൽ തുടർച്ചയായി ആക്രമിച്ചിട്ടുണ്ട്. എന്നിട്ടും നിരന്തരം ആവർത്തിക്കുന്ന വെടിനിർത്തൽ ലംഘനങ്ങൾ തടയാൻ യുഎൻ സേന ഒന്നും ചെയ്തില്ല. ചെറിയ പ്രദേശമായ ഗാസ വെടിനിർത്തലിന് കീഴിൽ ലെബനണെക്കാൾ മികച്ചതായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലുമാവില്ല. പലസ്തീനികളുടെ മേലുള്ള ഇസ്രയേലിന്റെ വർണവിവേചന ഭരണം നിയമവിരുദ്ധമെന്ന് വിധിച്ച ലോകത്തിലെ പരമോന്നത കോടതി അത് അവസാനിപ്പിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നതും എടുത്തു പറയണം. ഗാസയുടെ മുഴുവൻ പ്രദേശവും ചാര ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ, നിരീക്ഷണ സാങ്കേതികവിദ്യ, കര നാവിക ഉപരോധങ്ങൾ എന്നിവയിലൂടെ ഇസ്രയേൽ ഇപ്പോഴും നിയന്ത്രിക്കുന്നു. ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും അഫ്ഗാനിസ്ഥാൻവൽക്കരണമാണ് നടക്കുന്നതെന്നാണ് ഒരു അന്താരാഷ്ട്ര വിദഗ്‌ദൻ അഭിപ്രായപ്പെട്ടത്‌.

അമേരിക്കയുടെയും ഫ്രാൻസിന്റെയും മേൽനോട്ടത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി കരുതപ്പെടുന്ന ലെബനണിൽ, ഇസ്രയേൽ 4,500- പ്രാവശ്യമാണ് നിബന്ധനകൾ ലംഘിച്ചത്.
അമേരിക്കയുടെയും ഫ്രാൻസിന്റെയും മേൽനോട്ടത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി കരുതപ്പെടുന്ന ലെബനണിൽ, ഇസ്രയേൽ 4,500- പ്രാവശ്യമാണ് നിബന്ധനകൾ ലംഘിച്ചത്.

പലസ്തീൻ നെൽസൺ മണ്ടേല എന്നറിയപ്പെടുന്ന ഫത്താ നേതാവും ദീർഘകാലമായി ജയിലിലടയ്ക്കപ്പെട്ടതുമായ മർവാൻ ബർഗൗട്ടിയെ മോചിപ്പിക്കാൻ ഇസ്രായേൽ ഇപ്പോഴും വിസമ്മതിക്കുന്നു. ജയിൽ ഗാർഡുകൾ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്‌തു. ഗാസ വെടിനിർത്തൽ കരാർ പ്രകാരം മോചിപ്പിക്കപ്പെടുന്നതിന്റെ അവസാന നിമിഷങ്ങൾ വരെ പലസ്തീൻ തടവുകാരെ അധിനിവേശ സേന പീഡിപ്പിച്ചതായി ഇസ്രയേലിലെ ക്റ്റ്സിയോട്ട് ജയിലിനുള്ളിൽ നിന്നുള്ള ഫോട്ടോകൾ തെളിയിക്കുന്നു. ഏറ്റവും വലിയ മരുഭൂമി ജയിലിൽ നിരവധി പേരെ കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ പാർപ്പിച്ചിട്ടുണ്ട്. കൂടാതെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വളരെക്കാലമായി കുപ്രസിദ്ധവുമാണ് ആ കാരാഗൃഹം.

————————————-

നിയമവിരുദ്ധ വധശിക്ഷകൾ നിയമവിധേയമാക്കിയ ബെൻഗ്വിർ

പലസ്തീൻ തടവുകാരെ കൊല്ലാൻ പ്രേരിപ്പിക്കുന്നത് ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻഗ്വിർ സമ്പൂർണ രാഷ്ട്രീയ പരിപാടിയായും തെരഞ്ഞെടുപ്പ് പ്രചാരണമായും മാറ്റുന്നു. പീഡനം, നിയമവിരുദ്ധ വധശിക്ഷകൾ, വൈദ്യസഹായ നിഷേധം, മനഃപൂർവമായ പട്ടിണി എന്നിവ അസാധാരണ പ്രവൃത്തികളല്ല; - അധിനിവേശ സ്ഥാപനങ്ങൾ നിയമവിധേയമാക്കിയ ഔദ്യോഗിക നയങ്ങളായി മാറിയിരിക്കുന്നു അവ. ഗാസയിലെ തടവുകാരെ വിചാരണ ചെയ്യുന്നതിന് മാത്രമായി ജുഡീഷ്യൽ ഗ്യാരണ്ടികളില്ലാതെ പ്രത്യേക കോടതി സ്ഥാപിച്ച് വധശിക്ഷ നിയമവിധേയമാക്കാൻ നെസെറ്റ് നിയമനിർമാണം പോലും നടത്തി. ഇസ്രായേലി വലതുപക്ഷ പാർടികൾ ഈ ക്രൂരതയെ തെരഞ്ഞെടുപ്പ് കറൻസിയായി ഉപയോഗിക്കുന്നു, പലസ്തീൻ ചോര പാർലമെന്റിലേക്കുള്ള ടിക്കറ്റാക്കി മാറ്റി. ബെൻ ഗ്വിർ ക്യാമറകൾക്ക് മുന്നിൽ തന്റെ ഫാസിസ്റ്റ് പ്രകടനങ്ങൾ തുടരുമ്പോൾ സത്യം അവശേഷിക്കുന്നു: വിശപ്പ്, തണുപ്പ്, പീഡനം എന്നിവ ഉണ്ടായിട്ടും പലസ്തീൻ തടവുകാരുടെ ഇച്ഛാശക്തി തകർക്കാനായിട്ടില്ല. ഓരോ അടച്ചിട്ട സെല്ലും അവബോധത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിശാലമായ ജാലകം തുറക്കുന്നു. അധിനിവേശ പരാജയത്തിന്റെ ജീവിക്കുന്ന സാക്ഷിയാണ് ബെൻഗ്വിർ. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച വംശഹത്യയിൽ 380,000 കുട്ടികളടക്കം 680,000 പലസ്തീനികൾ കൊല്ലപ്പെട്ടു. യൂണിസെഫ് ഗാസയെ കുട്ടികളുടെ ശ്മശാനം എന്നാണ് വിളിക്കുന്നത്‌. മുഴുവൻ തലമുറകളും അപ്രത്യക്ഷമാകുമ്പോൾ ലോകം അതിന്റെ വാക്കുകൾ അളക്കുന്നത് തുടരുന്നു. കാപട്യത്താൽ വിച്ഛേദിക്കപ്പെട്ട നിശബ്ദത. സിവിലിയരെ പ്രത്യേകിച്ച് കുട്ടികളെ മനഃപൂർവമോ വിവേചനരഹിതമോ ആയി ലക്ഷ്യം വെയ്ക്കുന്നത് നാലാം ജനീവ കൺവെൻഷന്റെ ഗുരുതര ലംഘനമാണ്. ഗാസയിൽ സംഭവിക്കുന്നത് സംഘർഷമല്ല, മറിച്ച് ഒരു ജനതയുടെ വ്യവസ്ഥാപിത നാശമാണ്.

പലസ്തീൻ തടവുകാരെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്  ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻഗ്വിർ സമ്പൂർണ രാഷ്ട്രീയ പരിപാടിയായും തെരഞ്ഞെടുപ്പ് പ്രചാരണമായും മാറ്റുന്നു.
പലസ്തീൻ തടവുകാരെ കൊല്ലാൻ പ്രേരിപ്പിക്കുന്നത് ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻഗ്വിർ സമ്പൂർണ രാഷ്ട്രീയ പരിപാടിയായും തെരഞ്ഞെടുപ്പ് പ്രചാരണമായും മാറ്റുന്നു.

2025 സെപ്‌തംബർ തുടക്കത്തിൽ മധ്യപൂർവ ദേശത്തുടനീളം ഒരേസമയം ഇസ്രായേൽ ആക്രമണങ്ങൾ നടത്തി. ടുണീഷ്യൻ തീരത്ത് ഗാസയിൽ നിന്ന് 75 മൈൽ അകലെ ഫ്ലോട്ടില്ല തകർത്തു. സിറിയ, ലെബനൺ, യെമൻ എന്നിവിടങ്ങളിൽ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തി. രക്ഷാധികാരികൾ നൽകുന്ന ശിക്ഷായിളവ് ഇസ്രായേലിന് പച്ചക്കൊടിയാണ്‌. രണ്ട് വർഷത്തിലേറെയായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് രാത്രിയിൽ ഉറക്കമില്ലാതായി. അവയവഛേദം ചെയ്യപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ അവരുടെ ഫോണുകളിൽ കാണുന്നു. ഗാസയിൽ നിന്ന് വന്ന ചിത്രങ്ങൾ അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയ പട്ടണത്തിന്റേതാണ്‌. അതിജീവിച്ചവർ ദിവസംതോറും കണ്ട എല്ലാ ഭീകരതയും കണ്ണുകളിൽ സൂക്ഷിക്കുന്നു. കുടിവെള്ളത്തിന് വരിനിൽക്കുന്ന കുട്ടികളെപ്പോലും വധിച്ചു.

സൈനിക ‐ സുരക്ഷാ ആവശ്യങ്ങൾക്കായി ഇസ്രായേൽ പിടിച്ചെടുത്തത് 17 ഏക്കർ ഭൂമി

ട്രംപ് അവതരിപ്പിച്ചത് സമാധാന പദ്ധതിയല്ല, മറിച്ച് വെടിനിർത്തലും തടവുകാരുടെ കൈമാറ്റവുമാണ് കൊണ്ടുവരുന്നത്. പലസ്തീനികളെ കണക്കിലെടുക്കാതെ സമാധാനം കൈവരിക്കാൻ കഴിയില്ല, അവർ രണ്ട് മെഗാ ജയിലുകളിൽ സന്തുഷ്ടരാണെന്ന പഴയ ആശയം നിലനിർത്തുന്നു. നബ്ലസ് ഗവർണറേറ്റിലെ ഖര്യട്ട്, അൽ-ലുബ്ബാൻ അൽ-ഷാർഖിയ, അൽ-സാവിയ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന് 17 ഏക്കർ (70 ഡനം) ഭൂമി സൈനിക, സുരക്ഷാ ആവശ്യങ്ങൾക്കായി ഇസ്രായേൽ സൈന്യം പിടിച്ചെടുത്തു. സെറ്റിൽമെന്റിന് ചുറ്റും ബഫർ സോൺ സ്ഥാപിക്കുകയാണ് ലക്ഷ്യം. ട്രംപ് ഗംഭീരമായ ഹാളുകളിലും ആഡംബര റിസോർട്ടുകളിലും സമാധാനമെന്ന വായ്‌ത്താരി മുഴക്കുമ്പോൾ യഥാർഥ സമാധാനം ജനങ്ങളുടെ അന്തസിലും, ഒരു പ്രസംഗത്തിനും നിശബ്ദമാക്കാൻ കഴിയാത്ത നീതിതേടലിലുമാണ്. അധിനിവേശം അവസാനിക്കുംവരെ ഗാസയിലെ ഉപരോധം പിൻവലിക്കുന്നത് വരെ വംശഹത്യയ്ക്കും വംശീയ ഉന്മൂലനത്തിനും കാരണക്കാരായവരെ ഉത്തരവാദിത്തപ്പെടുംവരെ എത്ര പദ്ധതികളോ ഉച്ചകോടികളോ പ്രഖ്യാപിച്ചാലും സമാധാനം ഉണ്ടാകില്ല. പലസ്തീനികൾ സമാധാനം തടസപ്പെടുത്തുന്നില്ല; എന്നാൽ ആ വേഷം കെട്ടിയ അടിച്ചമർത്തലിനെ നിരസിക്കുന്നു. ആ ജനത പദവികളോ ആനുകൂല്യങ്ങളോ ആഗ്രഹിക്കുന്നില്ല. അടിസ്ഥാന മനുഷ്യാവകാശങ്ങളായ സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയാണ് അവരുടെ ആവശ്യം.

 ഗാസയുടെ പുനർനിർമാണത്തിന് 8000 കോടി ഡോളർ വേണ്ടിവരുമെന്നാണ് കണക്ക്‌. നവംബറിൽ കെയ്‌റോയിൽ നടക്കാനിരിക്കുന്ന പുനർനിർമാണ സമ്മേളനം സ്വകാര്യ നിക്ഷേപം ആകർഷിക്കാനും ശ്രമമുണ്ട്‌.
ഗാസയുടെ പുനർനിർമാണത്തിന് 8000 കോടി ഡോളർ വേണ്ടിവരുമെന്നാണ് കണക്ക്‌. നവംബറിൽ കെയ്‌റോയിൽ നടക്കാനിരിക്കുന്ന പുനർനിർമാണ സമ്മേളനം സ്വകാര്യ നിക്ഷേപം ആകർഷിക്കാനും ശ്രമമുണ്ട്‌.

മാനുഷിക നിഷേധത്തിലും അനീതിയിലും കെട്ടിപ്പടുത്ത സമാധാനം ഒരിക്കലും നിലനിൽക്കില്ല. അധിനിവേശം പഴയ നഗരത്തിനുള്ളിൽ നടത്തുന്ന തുടർച്ചയായ ഖനന പ്രവർത്തനങ്ങൾ കാരണം ലോക പ്രശസ്‌തമായ അൽ-അഖ്‌സ പള്ളിയുടെ ചില ഭാഗങ്ങൾ തകരാൻ സാധ്യതയുള്ളതായി ജറുസലേം ഗവർണറേറ്റ് മുന്നറിയിപ്പ് നൽകി. തീവ്രവും നിരന്തരവുമായ പ്രവർത്തനങ്ങൾ പള്ളിയുടെയും അതിന്റെ ചരിത്രപരമായ കെട്ടിടങ്ങളുടെയും അടിത്തറയ്ക്ക് നേരിട്ടുള്ള ഘടനാപരമായ അപകടമുണ്ടാക്കുന്നു. ഹറം അൽ-ഷെരീഫിന് കീഴിലെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ യാഥാർഥ്യങ്ങൾ ശിഥിലമാക്കാൻ ലക്ഷ്യമിട്ടുള്ള സങ്കീർണമായ തുരങ്ക ശൃംഖലയിലൂടെയാണ് ഖനനങ്ങൾ വ്യാപിക്കുന്നതും. ഗാസയുടെ പുനർനിർമാണത്തിന് 8000 കോടി ഡോളർ വേണ്ടിവരുമെന്നാണ് കണക്ക്‌. നവംബറിൽ കെയ്‌റോയിൽ നടക്കാനിരിക്കുന്ന പുനർനിർമാണ സമ്മേളനം സ്വകാര്യ നിക്ഷേപം ആകർഷിക്കാനും ശ്രമമുണ്ട്‌. ഗാസയിൽ സമാധാന സേനയുടെ സാന്നിധ്യം ഉറപ്പാക്കാൻ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര പ്രമേയം പാസാക്കണമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലാറ്റി അഭിമുഖത്തിൽ ദി നാഷണലിനോട് പറഞ്ഞു. വിദേശികൾ ഗാസ ഭരിക്കുന്നത് സ്വീകാര്യമല്ല.

നശീകരണായുധങ്ങൾ മുഴുവൻ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന്

1967 ജൂൺ അഞ്ച് മുതൽ 10 വരെ നടന്ന ആറുദിന യുദ്ധ(സിക്സ് ഡേ വാർ)ത്തിൽ ഈജിപ്ത്, ജോർദ്ദാൻ, സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളെ തകർക്കാൻ ഇസ്രായേൽ പട്ടാളം ഉപയോഗിച്ച നശീകരണായുധങ്ങൾ മുഴുവൻ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുടേതായിരുന്നു. അറബ് രാജ്യങ്ങൾക്ക് കൈമാറിയത് അതേ വിദേശശക്തികളുടെ നിലവാരം കുറഞ്ഞ പടക്കോപ്പുകൾമാത്രം. ഈജിപ്തിന്റെ കരുത്തുറ്റ വ്യോമസേനയ്‌ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ ഇസ്രായേലിന് കഴിയുമായിരുന്നില്ല. എന്നാൽ യുഎസ് യുദ്ധവിമാനങ്ങൾ ആ മേൽക്കൈ തകിടംമറിച്ചു. അമേരിക്കയുടെ ഇറാഖ് അധിനിവേശവും സിറിയ, ലിബിയ, അഫ്‌ഗാൻ, ബംഗ്ളാദേശ് തുടങ്ങിയയിടങ്ങളിലെ അട്ടിമറിയും എന്തിനായിരുന്നു? അമേരിക്ക നേതൃത്വം നൽകുന്ന തിന്മയുടെ അച്ചുതണ്ടിന്റെ പശ്ചിമേഷ്യയിലെ കുന്തമുനയായ ഇസ്രായേലിനുള്ള വെല്ലുവിളികൾ ഒഴിവാക്കിക്കൊടുക്കുന്നതിനാണ് ഇറാഖിനെയും ലിബിയയെയും സിറിയയെയും തരിപ്പണമാക്കിയത്. ഒടുവിൽ ഇറാനെയും ലക്ഷ്യമാക്കി. ദക്ഷിണേഷ്യയിലെ അമേരിക്കൻ ഇസ്രായേലാണ് പാക്കിസ്ഥാനെന്ന് കാണാം.

 യൂറോപ്പിന്റെ പ്രതിരോധത്തിന് അതിനിർണായകമായ ആയുധങ്ങൾ വിതരണം ചെയ്യുന്നതിലൂടെ നെതന്യാഹു ഭരണം നയതന്ത്ര ഇൻഷുറൻസ് നേടുന്നുവെന്നാണ് ദി ഇക്കണോമിസ്റ്റ് മാഗസിൻ നിരീക്ഷിച്ചത്‌.
യൂറോപ്പിന്റെ പ്രതിരോധത്തിന് അതിനിർണായകമായ ആയുധങ്ങൾ വിതരണം ചെയ്യുന്നതിലൂടെ നെതന്യാഹു ഭരണം നയതന്ത്ര ഇൻഷുറൻസ് നേടുന്നുവെന്നാണ് ദി ഇക്കണോമിസ്റ്റ് മാഗസിൻ നിരീക്ഷിച്ചത്‌.

ഇസ്രയേൽ യുദ്ധോപകരണ വ്യവസായം എക്കാലവും ധിക്കാരത്തോടെയാണ് നിലനിന്നിട്ടുള്ളത്‌. 140 രാജ്യങ്ങൾക്ക് ആയുധങ്ങൾ, നിരീക്ഷണ സാങ്കേതികവിദ്യ, ഡ്രോണുകൾ എന്നിവ വിൽക്കുന്ന ഭരണകൂടമാണ് അവിടുത്തേത്‌. ലോകത്തിന്റെ ഏറിയകൂറും ഭാഗങ്ങൾ സയണിസ്‌റ്റ് ഭരണത്തെയാണ് ആശ്രയിക്കുന്നത്‌; ആയുധങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോഗത്തിന്റെ ഉദ്‌ഘാടനം അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലുമാണ്‌. അവയുടെ ആത്യന്തിക പരീക്ഷണശാലയായി പലസ്‌തീൻ കൂട്ടക്കൊലയെ മാറ്റി. അധിനിവേശത്തിന് താൽക്കാലിക വിരാമമാവുകയും അന്താരാഷ്ട്ര ജാഗ്രത തെന്നിമാറുകയും ചെയ്‌തതിനാൽ മറ്റൊരു കളിസ്ഥലം അനിവാര്യമായി വരും. ആയുധ കയറ്റുമതി 2027-ൽ ഇടിയുമെന്നുറപ്പായതിനാൽ ആഘാതം വലുതാവും. യൂറോപ്പിന്റെ പ്രതിരോധത്തിന് അതിനിർണായകമായ ആയുധങ്ങൾ വിതരണം ചെയ്യുന്നതിലൂടെ നെതന്യാഹു ഭരണം നയതന്ത്ര ഇൻഷുറൻസ് നേടുന്നുവെന്നാണ് ദി ഇക്കണോമിസ്റ്റ് മാഗസിൻ നിരീക്ഷിച്ചത്‌. ആയുധ വ്യവസായത്തിൽ രാഷ്ട്രീയ‐ സാമ്പത്തിക ലാഭമൊഴികെ ഒരിക്കലും ധാർമകതയില്ല. ഇസ്രായേലിനെ സാമ്പത്തികമായി പൂർണമായും ഒറ്റപ്പെടുത്താനുള്ള ആഗോളവും സുസ്ഥിരവുമായ നീക്കമില്ലാതെ അതിന് അന്ത്യം കുറിക്കാനാവില്ല. ഇസ്രയേൽ ‐ ഹമാസ് വെടിനിർത്തൽ കരാറും യുദ്ധത്തിന്റെ പ്രതീക്ഷാപൂർവമായ അവസാനവും അന്താരാഷ്ട്ര സമ്മർദ്ദവും ശ്രദ്ധയും കുറയുമെന്നതിനാൽ ഇസ്രയേലി ആയുധ വ്യാപാരം പുഷ്ടിപ്പെടുകയേയുള്ളൂ.

ലോകത്തെ വെല്ലുവിളിച്ച് നടത്തിയ വംശീയ ഉന്മൂലനവും യുദ്ധക്കുറ്റങ്ങളും

നിർദിഷ്ട സമാധാന കാരാറിൽ പലസ്തീൻെറ ശബ്ദം കേൾക്കുകയോ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ഇക്കാലമത്രയും ലോകത്തെ വെല്ലുവിളിച്ച് ഇസ്രായേൽ നടത്തിയ വംശീയ ഉന്മൂലനവും യുദ്ധക്കുറ്റങ്ങളും പരാമർശിച്ചതുപോലുമില്ല. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗൺസിലിലെ നാല് സ്ഥിരാംഗങ്ങളടക്കം 157 രാജ്യങ്ങൾ പലസ്‌തീനെ അംഗീകരിക്കുമ്പോഴും ആ രാജ്യത്തിന്റെ പരമാധികാരത്തെ പറ്റി ഫോർമുല നിശബ്ദമാണ്‌. മറിച്ച് സ്ഥിരത കൈവരുംവരെ മൂന്നാം കക്ഷി ഗാസയുടെ അധികാരം ഏറ്റെടുക്കുമത്രേ. ഫലത്തിൽ ഏകപക്ഷീയ കരാർ അടിച്ചേൽപിക്കപ്പെടുകയായിരുന്നു. അസംഖ്യം സ്ത്രീകളെയും കണക്കില്ലാതെ കുട്ടികളെയും നിഷ്കരുണം തുടച്ചു നീക്കിയതിനാൽ ശേഷിച്ച ബലഹീനരെ നിരായുധരാക്കുകയാണ് ലക്ഷ്യം. പതുക്കെ അവർക്കുമേൽ സ്വതന്ത്രാധിപത്യം സ്ഥാപിക്കാമെന്നതാണ് ട്രംപിന്റെയും നെതന്യാഹുവിന്റെയും കണക്കുകൂട്ടൽ.

 ഗാസയിലെ സയണിസ്‌റ്റ് വംശഹത്യയ്‌ക്കെതിരെ കൂറ്റൻ പ്രതിഷേധം അലയടിച്ച  യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇറ്റലി
ഗാസയിലെ സയണിസ്‌റ്റ് വംശഹത്യയ്‌ക്കെതിരെ കൂറ്റൻ പ്രതിഷേധം അലയടിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇറ്റലി

രാജ്യാന്തര കോടതികളെയും സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയുള്ള ഈ നിലപാട് മറ്റൊരു അധിനിവേശംതന്നെ. രണ്ട് വർഷത്തെ സമാനതകളില്ലാത്ത കൂട്ടക്കൊലയ്ക്കും പട്ടിണി ഉപരോധങ്ങൾക്കും ശേഷം പലസ്തീൻ അനുഭവിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി പരിഗണിക്കുമ്പോൾ ട്രംപ് നൽകിയ അന്ത്യശാസനം അംഗീകരിക്കയല്ലാതെ ഹമാസിന് മറ്റ് മാർഗമില്ലായിരിക്കാം. അതിലെ നിർദ്ദേശങ്ങൾ ഹമാസിന്റെ മാത്രമല്ല പലസ്തീൻ സ്വയം നിർണയത്തിനായുള്ള പോരാട്ടത്തിന്റെയും പൂർണ കീഴടങ്ങൽ ആഗ്രഹിക്കുന്നു. വാൾത്തലപ്പും കഴുത്തും തമ്മിലുള്ള ചർച്ചയായിരുന്നു നടന്നത്. തങ്ങളുടെ ജനങ്ങൾക്ക് ചെറിയ താൽക്കാലികാശ്വാസത്തിനുള്ള അവസരത്തോട് യോജിക്കുകയല്ലാതെ ഹമാസിന് മറ്റ് തെരഞ്ഞെടുപ്പില്ലായിരുന്നു.ആളുകൾക്ക് അവിടെ തുടരാൻ ശാരീരികമായി അസാധ്യമായ ഘട്ടത്തിൽ പിന്നെന്ത് ചെയ്യും.

സ്വർണ ഇലയിൽ പൊതിഞ്ഞ വേഷംമാറിയ മരണവാറന്റ്

ട്രംപിന്റെ ഗാസ പദ്ധതി പരാജയപ്പെടാൻ വിധിക്കപ്പെട്ട, സ്വർണ ഇലയിൽ പൊതിഞ്ഞ വേഷംമാറിയ മരണവാറന്റാണ്. ഇസ്രായേലി പ്രതിനിധികളായ ഉരുക്ക് കണ്ണുകളുള്ളവരുടെ മുന്നിൽ ഹമാസിന്റെ അവശേഷിച്ച നേതൃത്വം സ്വന്തം ആത്മഹത്യാകുറിപ്പുപോലെ വായിച്ച രേഖയിൽ ഒപ്പുചാർത്താൻ നിർബന്ധിതരായി. ഈ പ്രഹസനത്തെ പൂർണ ദുരന്തമാക്കി മാറ്റുന്ന അസ്തിത്വപരമായ കാര്യങ്ങൾ ഏറെയാണ്‌.നെതന്യാഹുവിന് ഒരു വിജയം ആവശ്യമാണ്. അപ്പോൾ ഇതൊരു കരാറാണോ? അതോ പിരമിഡ് പദ്ധതിയുടെ നയതന്ത്ര പതിപ്പോ. പലസ്തീൻ ജനതയുടെ ന്യായമായ ആവശ്യങ്ങളോടും ചരിത്രപരമായ അവകാശങ്ങളോടും ലോകം ചേർന്നുനിന്നതിന്റെ അഭൂതപൂർവമായ കാഴ്‌ചയായിരുന്നു കഴിഞ്ഞ മാസങ്ങളിൽ. വിലക്കുകൾ ലംഘിച്ചും അടിച്ചമർത്തലുകൾ നേരിട്ടും വിവിധ രാജ്യങ്ങളിൽ ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾ ഇളകിമറിഞ്ഞു. ഗാസയിലെ സയണിസ്‌റ്റ് വംശഹത്യയ്‌ക്കെതിരെ കൂറ്റൻ പ്രതിഷേധം അലയടിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. മാനുഷിക സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില കസ്റ്റഡിയിലെടുത്തതിൽ തൊഴിലാളികൾ രാജ്യവ്യാപക പണിമുടക്ക് നടത്തി. മിലാനിലെ പലസ്തീൻ ഐക്യദാർഢ്യ റാലിയെ വീടിന്റെ ബാൽക്കണിയിൽ നിന്ന് അഭിവാദ്യം ചെയ്യുന്ന വയോധികന്റെ ചിത്രങ്ങൾ ആവേശഭരിതങ്ങളായിരുന്നു. പ്രതിഷേധകരെ കണ്ടപ്പോൾ വികാരംകൊണ്ട അദ്ദേഹം കണ്ണീരൊപ്പുകയാണ്‌. കൈയിലുണ്ടായ പലസ്തീന്റെ കടലാസ് കൊടി ഉയർത്തിക്കാട്ടുകയും ചെയ്‌തു.

മാനുഷിക സഹായവുമായി പുറപ്പെട്ട  ഫ്രീഡം ഫ്ലോട്ടില കസ്റ്റഡിയിലെടുത്തതിൽ തൊഴിലാളികൾ രാജ്യവ്യാപക പണിമുടക്ക് നടത്തി. മിലാനിലെ  പലസ്തീൻ ഐക്യദാർഢ്യ റാലിയെ വീടിന്റെ  ബാൽക്കണിയിൽ നിന്ന് അഭിവാദ്യം ചെയ്യുന്ന   വയോധികന്റെ ചിത്രങ്ങൾ ആവേശഭരിതങ്ങളായിരുന്നു.
മാനുഷിക സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില കസ്റ്റഡിയിലെടുത്തതിൽ തൊഴിലാളികൾ രാജ്യവ്യാപക പണിമുടക്ക് നടത്തി. മിലാനിലെ പലസ്തീൻ ഐക്യദാർഢ്യ റാലിയെ വീടിന്റെ ബാൽക്കണിയിൽ നിന്ന് അഭിവാദ്യം ചെയ്യുന്ന വയോധികന്റെ ചിത്രങ്ങൾ ആവേശഭരിതങ്ങളായിരുന്നു.

ആംസ്റ്റർഡാമിൽ രണ്ടര ലക്ഷത്തിലേറെ ആളുകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്‌. ഇസ്രയേലിനോടുള്ള നെതർലാൻഡിന്റെ മൃദു സമീപനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ചുവന്ന വസ്ത്രം ധരിച്ച് ജനങ്ങൾ തെരുവുകളിൽ നിറഞ്ഞൊഴുകി. ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങളുടെ എല്ലാ അതിരുകളും ലംഘിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. ആറ് ശതമാനത്തിൽ കുറഞ്ഞ മുസ്ലിങ്ങളുള്ള രാജ്യമാണ് നെതർലാൻഡ്‌. പ്രധാന യൂറോപ്യൻ പട്ടണങ്ങളിലെല്ലാം കൂറ്റൻ റാലികളും പ്രതിഷേധങ്ങളും നടന്നു. മാഡ്രിഡ്, ബാഴ്സലോണ, സാന്റിയാഗോ, ഇസ്തംബൂൾ, റോം, അങ്കാറ, ലിസ്ബൺ, ലണ്ടൻ, മാഞ്ചസ്റ്റർ, ഏഥൻസ് തുടങ്ങിയയിടങ്ങളിൽ.

ബഹുരാഷ്ട്ര ബ്രാൻഡുകളെ ലക്ഷ്യമിട്ട ആഗോള ബഹിഷ്‌കരണ തരംഗം

ഗാസയ്‌ക്കെതിരായ ഇസ്രായേലി അധിനിവേശത്തിൽ ഭാഗഭാക്കായ ബഹുരാഷ്ട്ര ബ്രാൻഡുകളെ ലക്ഷ്യമിട്ട് ആഗോളതലത്തിൽ ബഹിഷ്‌കരണ തരംഗം വ്യാപിപ്പിച്ചത് ഐക്യദാർഢ്യ പ്രസ്ഥാനത്തിന്റെ വിവിധ കൈവഴികളാണ് ഓർമിപ്പിച്ചത്‌. അതേ തുടർന്ന് കൊക്കകോള, പെപ്‌സികോ, മക്‌ഡൊണാൾഡ്‌സ്, സ്റ്റാർബക്‌സ്, നൈക്കി തുടങ്ങിവയുൾപ്പെടെയുള്ള കമ്പനികളുടെ വരുമാനം ചോർന്നതായി റിപ്പോർട്ടുണ്ട്. മക്‌ഡൊണാൾഡ്സിന്റെ ആഗോള വിൽപ്പനയിൽ നാല് വർഷത്തിനിടെ ആദ്യത്തെ ഇടിവ്. സ്റ്റാർബക്‌സിന്റെ വിൽപ്പന തുടർച്ചയായി മൂന്ന് പാദങ്ങളിൽ കുറയുന്നു. 730 ദിവസങ്ങൾ വിവരണാതീതമായ പരീക്ഷണങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ആ ജനത മുട്ടുമടക്കിയില്ല. പിൻവാങ്ങില്ലെന്ന പ്രതിജ്ഞയോടെ അവർ പൊരുതി. സമാധാന കരാറിലെ വ്യവസ്ഥകൾ ഇസ്രായേലിന് അനുകൂലമായതിനാൽ എതിർപ്പുകളെ അതിജീവിക്കാൻ കഴിയുമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടൽ. ഗാസയുടെ പകുതിയിലേറെ മേഖലകൾ കൈവശം വെക്കാമെന്ന ആഗ്രഹത്തിലാണ് സയണിസ്‌റ്റ് നേതൃത്വം. എന്നാൽ യുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഗാസയിലെ ഭരണരൂപം, തകർന്നുപോയ പ്രദേശത്തിന്റെ പുനർനിർമാണം തുടങ്ങിയവ സംബന്ധിച്ച പരിഹാരം വ്യക്തമല്ല. അവയൊന്നും പൂർണമായും ചർച്ച ചെയ്തിട്ടുപോലുമില്ലെന്നതാണ് യാഥാർഥ്യം.

ഗുസ്താവോ പെട്രോയുടെ തലയിൽ ലുല ഡിസിൽവയുടെ ആദര ചുംബനം

ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഇസ്രായേലിനെ നിർത്തിപ്പൊരിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നവനാസികൾ എന്നാണ് വിളിച്ചത്‌. പ്രസംഗശേഷം ബ്രസീൽ പ്രസിഡന്റ് ലുല അദ്ദേഹത്തിന്റെ കസാരയ്‌ക്കടുത്തെത്തി ആദരസൂചകമായി തലയിൽ ചുംബിച്ചു. വംശഹത്യക്കെതിരെ തെരുവിലിറങ്ങൂ, ബാഴ്സലോണ റാലി വിജയിപ്പിക്കൂവെന്ന ആഹ്വാനവുമായി പലസ്തീനെ പിന്തുണച്ച് മുൻ സ്പാനിഷ് ഫുട്ബോൾ താരവും പരിശീലകനുമായ പെപ് ഗ്വാർഡിയോള പരസ്യമായി രംഗത്തെത്തിയത് ആവേശഭരിതമായിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റങ്ങൾ ചുമത്തപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 2025 സെപ്‌തംബർ 26-ന് ഐക്യരാഷ്ട്ര സഭാ പൊതുസഭയിൽ പ്രസംഗിക്കാൻ ഹാളിലേക്ക് പ്രവേശിച്ചപ്പോൾ നിരവധി നയതന്ത്ര പ്രതിനിധികൾ വാക്കൗട്ട് നടത്തി. അറബ്, മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള ഒട്ടുമിക്ക പ്രതിനിധികളും ഇറങ്ങിപ്പോക്കിൽ പങ്കെടുത്തു. നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലെയും ചില യൂറോപ്യൻ രാജ്യങ്ങളിലെയും നയതന്ത്രജ്ഞരും അവരോടൊപ്പം ചേർന്നു.

ഐക്യരാഷ്ട്രസഭാ  പൊതുസഭയിൽ ഇസ്രായേലിനെ നിർത്തിപ്പൊരിച്ച  കൊളംബിയൻ പ്രസിഡന്റ്   ഗുസ്താവോ പെട്രോ  നവനാസികൾ  എന്നാണ് വിളിച്ചത്‌. പ്രസംഗശേഷം ബ്രസീൽ പ്രസിഡന്റ് ലുല അദ്ദേഹത്തിന്റെ കസാരയ്‌ക്കടുത്തെത്തി    ആദരസൂചകമായി തലയിൽ ചുംബിച്ചു.
ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഇസ്രായേലിനെ നിർത്തിപ്പൊരിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നവനാസികൾ എന്നാണ് വിളിച്ചത്‌. പ്രസംഗശേഷം ബ്രസീൽ പ്രസിഡന്റ് ലുല അദ്ദേഹത്തിന്റെ കസാരയ്‌ക്കടുത്തെത്തി ആദരസൂചകമായി തലയിൽ ചുംബിച്ചു.

പലസ്‌തീനിലെ സൈനിക നടപടിയിൽ ആഗോളതലത്തിൽ ഇസ്രായേൽ ഒറ്റപ്പെട്ട സാഹചര്യത്തിലായിരുന്നു പ്രതിഷേധം. ഹമാസിനെ ഉന്മൂലനം ചെയ്യുന്ന ജോലി പൂർത്തിയാക്കുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് മറ്റ് രാജ്യങ്ങളെ വിമർശിച്ചു. പ്രസംഗത്തിന് മുമ്പ് തന്റെ പ്രസ്താവനകൾ പലസ്തീനികളെ അറിയിക്കുന്നതിന് ഗാസ മുനമ്പിൽ ചുറ്റും ഉച്ചഭാഷിണികൾ സ്ഥാപിക്കാൻ നെതന്യാഹു ഇസ്രയേൽ സൈന്യത്തോട് ഉത്തരവിട്ടതായി ആക്സിയോസ് വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം നിന്ന രാജ്യങ്ങൾ വളരെ കുറവായിരുന്നു. ട്രംപ് ഭരണകൂടം വിസ നിഷേധിച്ചതിനെത്തുടർന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയെ പ്രതീകാത്മകമായാണ് അഭിസംബോധന ചെയ്‌തത്‌. എത്ര കഷ്ടതകകൾ സഹിച്ചാലും പലസ്തീനികൾ ഒരിക്കലും ഗാസ വിട്ടുപോകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രസംഗം എവിടെയും എത്താതിരിക്കാൻ ഗാസയിലുടനീളമുള്ള ഫോണുകൾ ഇസ്രയേൽ ഇന്റലിജൻസ് പിടിച്ചെടുത്തതായി നെതന്യാഹു അറിയിച്ചു. കീഴടങ്ങാനും ആയുധങ്ങൾ താഴെയിടാനും ബന്ദികളെ മോചിപ്പിക്കാനും അദ്ദേഹം ഹമാസ് നേതാക്കളോട് ആഹ്വാനം ചെയ്തു. കാലക്രമേണ പല ലോകനേതാക്കളും വഴങ്ങി. പക്ഷപാത മാധ്യമങ്ങളുടെയും തീവ്ര ഇസ്ലാമിക മണ്ഡലങ്ങളുടെയും സെമിറ്റിക് വിരുദ്ധ ജനക്കൂട്ടങ്ങളുടെയും സമ്മർദ്ദത്തിന് അവർ കീഴടങ്ങി. കാര്യങ്ങൾ ദുഷ്‌കരമാകുമ്പോൾ പല രാജ്യങ്ങളിലും നിങ്ങൾ വഴങ്ങുകയും ചെയ്‌തു. ഞങ്ങളെ പരസ്യമായി കുറ്റപ്പെടുത്തുന്ന പല നേതാക്കളും അടച്ചിട്ട വാതിലുകൾക്ക് പിന്നിൽനിന്ന് ഞങ്ങൾക്ക് നന്ദി പറയുന്നു. അവരുടെ തലസ്ഥാനങ്ങളിൽ വീണ്ടും വീണ്ടും ഭീകരാക്രമണങ്ങൾ തടഞ്ഞ ഇസ്രായേലിന്റെ മികച്ച ഇന്റലിജൻസ് സേവനങ്ങളെ എത്രമാത്രം വിലമതിക്കുന്നുവെന്ന് തന്നോട് പറയുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ആസ്‌ത്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്തുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും അത്തരം നടപടി ആവശ്യമാണെന്ന് അവർ പറഞ്ഞു.

നെതന്യാഹുവിന്റെ പ്രസംഗത്തിലെ നുണകളും വ്യാജ ആരോപണങ്ങളും

നെതന്യാഹുവിന്റെ യുഎൻ പ്രസംഗം ബഹിഷ്‌ക്കരിച്ചതിനെ പ്രസംശിച്ച ഹമാസ് അത് ഇസ്രയേലി ഒറ്റപ്പെടലിന്റെയും പലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശത്തിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ആഗോള ഐക്യദാർഢ്യം വളരുന്നതിന്റെ തെളിവാണെന്നും പ്രസ്‌താവിച്ചു. തടവുകാരോട് കരുതലുണ്ടായിരുന്നെങ്കിൽ ഗാസയിലെ ക്രൂരമായ ബോംബാക്രമണങ്ങളും കൂട്ടക്കൊലകളും നാശവും അവസാനിപ്പിക്കുമായിരുന്നു അദ്ദേഹം. പകരം കള്ളം പറയുകയും അവരുടെ ജീവൻ അപകടത്തിലാക്കുകയുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. നെതന്യാഹുവിന്റെ പ്രസംഗത്തെ വിമർശിച്ച പലസ്തീൻ അതോറിറ്റി വിദേശകാര്യ മന്ത്രാലയം അത് നുണകളും വ്യാജ ആരോപണങ്ങളും നിറഞ്ഞതാണെന്ന് വിശദീകരിച്ചു. പരാജിതന്റെ പ്രസംഗമായിരുന്നു അത്, ഭയം വാദമായി ഉപയോഗിച്ച്, വംശഹത്യ നടത്തുന്ന രാഷ്ട്രത്തിൽനിന്ന് കൂടുതൽ അകന്നുനിൽക്കുന്ന പടിഞ്ഞാറിനെ വീണ്ടും ഒരുമിച്ചുകൂട്ടാൻ ശ്രമിച്ച നിരാശനായ നേതാവിന്റെ വായ്‌ത്താരിയെന്നാണ് മന്ത്രാലയത്തിന്റെ യൂറോപ്യൻ കാര്യവകുപ്പ് ഡയറക്ടർ അദേൽ അതിഹ് എഎഫ്‌പിയോട് പറഞ്ഞത്‌. പ്രസംഗം ചരിത്രത്തിന്റെ തെറ്റായ വശത്ത് നിൽക്കുന്നുവെന്ന് അറിയാവുന്ന ശക്തിയുടെ ഉത്കണ്ഠമാത്രമേ പ്രതിഫലിപ്പിച്ചുള്ളൂവെന്നും കൂട്ടിച്ചേർത്തു. ഗുൺ, ഹഗനാ,ലെവി തുടങ്ങിയ സയണിസ്റ്റ് ഭീകര സൈനിക കൂട്ടങ്ങൾ പലസ്‌തീനിൽ പ്രവർത്തിച്ചിരുന്നു.

 ട്രംപ് ഭരണകൂടം വിസ നിഷേധിച്ചതിനെത്തുടർന്ന്  പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയെ പ്രതീകാത്മകമായാണ്  അഭിസംബോധന ചെയ്‌തത്‌.
ട്രംപ് ഭരണകൂടം വിസ നിഷേധിച്ചതിനെത്തുടർന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയെ പ്രതീകാത്മകമായാണ് അഭിസംബോധന ചെയ്‌തത്‌.

ഒന്നാം ലോക യുദ്ധത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ സൈന്യങ്ങളിൽനിന്ന് അടിത്തൂൺപറ്റിയ സൈനികരെയാണ് അതിന് നിയോഗിച്ചിരുന്നത്. ബ്രിട്ടൺ പോലുള്ള സാമ്രാജ്യത്വ രാജ്യങ്ങൾ ആ സംഘങ്ങൾക്ക് വൻതോതിൽ ആളും അർത്ഥവും നൽകി. 1930-കളിൽ അവയെ ലക്ഷണമൊത്ത ഭീകര സംഘങ്ങളായി മാറ്റി. വേൾഡ് സയണിസ്‌റ്റ് കൗൺസിൽ തുടങ്ങിയ സംഘടനകൾ 1914 മുതൽ സംഘടിതമായി ലോകത്തിന്റെ വിവിധ മേഖലകളിൽനിന്ന് കുടിയേറ്റുന്നതിന് സാമ്പത്തികവും നയതന്ത്രപരവുമായ സഹായം നൽകി. കുടിയേറ്റക്കാർ ഓരോ പ്രദേശത്തും കൂട്ടമായി സ്ഥലം വാങ്ങി ജീവിച്ചു. തദ്ദേശീയ കർഷകരുടെ കൃഷിയിടം പിടിച്ചെടുക്കുക, ഗ്രാമങ്ങൾ ഒഴിപ്പിക്കുക, നേതാക്കളെ വധിക്കുക കൂട്ടക്കൊലകൾ നടത്തുക എന്നീ കൃത്യങ്ങൾ തടസമില്ലാതെ തുടർന്നു. ശേഷിക്കുന്ന എല്ലാ ഇസ്രായേലി ബന്ദികളെയും ഹമാസ് വിട്ടാൽ ഇസ്രായേലി ബോംബിങ് താൽക്കാലികമായി നിർത്തിവയ്‌ക്കുമെന്നാണ് ട്രംപ് പദ്ധതിയിൽ.

പലസ്തീൻ സ്വയം നിർണയാവകാശം

ഇസ്രയേൽ ഗാസ പിടിച്ചെടുക്കില്ലെന്ന് ഒഴുക്കൻ മട്ടിൽ സൂചിപ്പിക്കുപ്പോഴും പലവിധ പഴുതുകളും ഒളിച്ചുകടത്തുന്നു. വ്യവസ്ഥകൾ പലസ്തീനികൾക്കെതിരെ തുടരുന്ന ഭീകരതയിൽ നിന്ന് ഒരു സംരക്ഷണവും നൽകുന്നില്ല. പലസ്തീൻ സ്വയം നിർണയത്തിൽ പദ്ധതി ഒരു ഉറപ്പും നൽകുന്നില്ലെന്നതും പ്രധാനം. അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ ബ്ലോക്കുകളെ അംഗീകരിക്കാനും അന്താരാഷ്ട്ര നിയമപ്രകാരം അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കാനും നിർദ്ദേശിച്ചു. പലസ്തീൻ സ്വയം നിർണയവും രാഷ്ട്രത്വവും വെറും ആഗ്രഹമായി ചുരുക്കിക്കെട്ടി; അവകാശമായിട്ടല്ലെർഥം. പലസ്തീൻ രാഷ്ട്രത്വത്തെ യു.എസ് പിന്തുണയ്ക്കുന്നുണ്ടോയെന്ന് ചോദ്യത്തിന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മറുപടി, ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാവണമെങ്കിൽ ഇസ്രായേലുമായി ചർച്ച ചെയ്യണമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. ആ രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നുമാണ്.

പലസ്‌തീനിൽ ഒരു ലക്ഷം ടൺ വരെ ബോംബുകൾ വർഷിച്ചിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഹിരോഷിമയിൽ ഉപയോഗിച്ചതിനെക്കാൾ പതിന്മടങ്ങ്‌. 200,000 ടണ്ണിലധികം സ്ഫോടകവസ്തുക്കളും തീറ്റിച്ചു.
പലസ്‌തീനിൽ ഒരു ലക്ഷം ടൺ വരെ ബോംബുകൾ വർഷിച്ചിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഹിരോഷിമയിൽ ഉപയോഗിച്ചതിനെക്കാൾ പതിന്മടങ്ങ്‌. 200,000 ടണ്ണിലധികം സ്ഫോടകവസ്തുക്കളും തീറ്റിച്ചു.

യുദ്ധം അവസാനിപ്പിക്കുകയെന്ന ആശയം വെടിനിർത്തലിൽ നിലവിലില്ല. ജീവിച്ചിരിക്കുന്ന യുദ്ധത്തടവുകാരെ മോചിപ്പിക്കുകയെന്നതാണ് ആദ്യ ഘട്ടത്തിന്റെ ലക്ഷ്യം. അവസാന ചർച്ചകൾക്കിടയിലും ഗാസയെ ഉന്നമിട്ട് ഇസ്രായേൽ ആറ് വ്യോമാക്രമണങ്ങൾ നടത്തി. പത്തു നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. അവർ പൂർണമായും പിൻവാങ്ങുന്നില്ല; യുദ്ധ പ്രവർത്തനങ്ങൾക്കായി തുടരുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. പുതിയ സംഘർഷത്തിനുള്ള സാധ്യത ആസന്നമാണെന്നാണ് സൂചന. തിരശീലയ്ക്ക് പിന്നിൽ ഇസ്രായേൽ ‐ അമേരിക്കൻ തന്ത്രജ്ഞർ അടുത്ത നടപടികൾ വിലയിരുത്തുന്നു. ഇസ്രായേലി രാഷ്ട്രീയ നിഘണ്ടുവിൽ വെടി നിർത്തലെന്നാൽ ‘നിങ്ങൾ അവസാനിപ്പിക്കൂ, ഞാൻ വെടിവയ്ക്കും’ എന്നാണെന്ന യുഎൻ സ്‌പെഷ്യൽ റപ്പോട്ടെ ഫ്രാഞ്ചെസ്‌ക അൽബനീസിന്റെ മുന്നറിയിപ്പ് അവഗണിക്കാനാവില്ല. മുൻകാലങ്ങളിൽ ഒപ്പിട്ട വെടിനിർത്തൽ കരാറുകളെല്ലാം അട്ടിമറിച്ചവരാണ് ഇസ്രeയേലികൾ. 2025 ജനുവരിയിലെ ഉടമ്പടിയുടെ അവസ്ഥ നാം കണ്ടു. എല്ലാ നിയമപരമായ കരാറുകളെയും ചവിട്ടിമെതിച്ച് വെടിനിർത്തൽ ചർച്ചകളെ കൂടുതൽ രക്തച്ചൊരിച്ചിലിനുള്ള പുകമറകളാക്കി മാറ്റി. സമാധാനത്തിന്റെ ഓരോ വാഗ്ദാനവും നാശത്തിനുള്ള മറ്റൊരു ഒഴിവുകഴിവാക്കുന്നു. ലോക നേതാക്കൾ കപടമായ നിശബ്ദതയോടെ ഹമാസ് ആക്രമണങ്ങളുടെ വാചാടോപത്തിന് പിന്നിൽ ഒളിച്ച് സത്യം കുഴിച്ചുമൂടുകയാണ്‌. അടിച്ചമർത്തലിനെ പ്രതിരോധം എന്ന് വിളിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്ന പലസ്തീൻ കുട്ടികളുടെ നിലവിളി അവരാരും കേട്ടതേയില്ല.

അതിജീവിക്കാനുമുള്ള അവകാശം വിലപേശലായി മാറുന്നു

കുടിയിറക്കപ്പെട്ട പലസ്തീനികളുടെ മടക്കം അടക്കമുള്ള നിർണായക വ്യവസ്ഥകളിൽ ഇസ്രയേൽ കൃത്രിമത്വം കാണിക്കാനും ഒഴിഞ്ഞുമാറാനും ശ്രമിച്ചതായുള്ള ഹമാസിന്റെ വിലയിരുത്തൽ തള്ളിക്കളയാവുന്നതല്ല. തിന്നാനും കുടിക്കാനും അതിജീവിക്കാനുമുള്ള അവകാശം വിലപേശലായി മാറുന്നത് ലോകം മൂകമായി കണ്ടിരിക്കയാണ്. ബന്ദി മോചനത്തിന്റെ മറവിൽ സയണിസ്റ്റ് ഭീകരർ ഗാസയിൽ വർഷിച്ച ബോംബുകളുടെയും മിസൈലുകളുടെയും വ്യാപ്‌തി വൻ യുദ്ധങ്ങളെപ്പോലും പിന്നിലാക്കും. വീടുകളും ആശുപത്രികളും വിദ്യാലയങ്ങളും മസ്ജിദുകളും കച്ചവട സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളുമുൾപ്പെടെ തകർക്കപ്പെടാത്ത ഒരു കെട്ടിടവും ശേഷിക്കുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തേത് മാത്രമല്ല അധിനിവേശ ഭീകരത മുക്കാൽ നൂറ്റാണ്ടിലേറെ ചോരയൊലിപ്പിച്ച കണക്കെടുപ്പും അനിവാര്യമാണ്. നീണ്ട ഉപരോധങ്ങൾ, ലക്ഷക്കണക്കിന് മനുഷ്യരുടെ രക്തസാക്ഷിത്വം, നൂറ്റാണ്ട് കാലത്തേക്ക് ശിക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുൾപ്പെടെ ആയിരക്കണക്കിന് മനുഷ്യരുടെ തടവറ ജീവിതങ്ങൾ, ഭൂമി കൈയേറ്റങ്ങൾ, വീണ്ടെടുക്കാനാവാത്ത പരിസ്ഥിതി നാശം എന്നിങ്ങനെ ഊഹിക്കാൻ പോലുമാവാത്തതാണ് ആ ക്രൂരതകൾ. ഗാസയിൽ നടന്നത് വംശീയ ഉന്മൂലനം മാത്രമല്ല, പാരിസ്ഥിതിക ഹത്യകൂടിയാണ്. അതിനെ ‘എക്കോസൈഡ്’ എന്നാണ് ഗാർഡിയൻ പത്രം വിശേഷിപ്പിക്കുന്നത്. ആ പ്രദേശത്തെ എന്നെങ്കിലും വാസയോഗ്യമാക്കാൻ സാധിക്കുമോയെന്ന് സംശമാണ്. പലസ്‌തീനിൽ ഒരു ലക്ഷം ടൺ വരെ ബോംബുകൾ വർഷിച്ചിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഹിരോഷിമയിൽ ഉപയോഗിച്ചതിനെക്കാൾ പതിന്മടങ്ങ്‌. 200,000 ടണ്ണിലധികം സ്ഫോടകവസ്തുക്കളും തീറ്റിച്ചു.


Summary: Isreal and United states imposed a unilateral agreement on Gaza. The peace plan, which ignores international courts and institutions, is yet another invasion. Anilkumar AV writes.


അനിൽകുമാർ എ.വി.

മുതിർന്ന മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, യാത്രികൻ. ദേശാഭിമാനി പത്രത്തിൽ സീനിയർ ന്യൂസ് എഡിറ്ററായിരുന്നു. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍, കാവിനിറമുള്ള പ്ലേഗ്, ആഗോളവല്‍ക്കരണത്തിന്റെ അഭിരുചിനിര്‍മാണം, ഒറ്റുകാരുടെ ചിരി, ബുദ്ധിജീവികളുടെ പ്രതിസന്ധി, ആള്‍ദൈവങ്ങള്‍ അഥവാ അസംബന്ധ മനുഷ്യര്‍, ഗുരു എസ് എന്‍ ഡി പി യോഗം വിട്ടതെന്തേ?, ഗീബല്‍സ് ചിരിക്കുന്ന ഗുജറാത്ത് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments